മാപ്പർഹിക്കാത്ത വൈദിക പാപങ്ങൾ

November 23, 2014


ഇന്ന് പള്ളികളിൽ നടമാടുന്ന ഓരോ വികൃത നടപടികളെയും ഓരോന്നായി എടുത്ത് അതിലെ കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കാൻ നമ്മുടെ പപ്പാ കാണിക്കുന്ന ശുഷ്ക്കാന്തി എത്ര ശ്ലാഘനീയമാണ്! ഇവയിൽ പലതും നീണ്ട കാലത്തേയ്ക്ക് ചോദ്യം ചെയ്യപ്പെടാതെ വച്ചുപുലർത്തപ്പെടുന്ന അനീതികളാണ്. എന്നാൽ അവ ദൈവജനത്തോടുള്ള അവജ്ഞയും അനീതിയുമാണെന്ന് തിരിച്ചറിയാനാകാത്തത്ര സാധാരണമായി തീർന്നിരിക്കുന്നു. മാർപാപ്പാ ഇങ്ങനെയോരോന്ന് എടുത്തു കാണിക്കുമ്പോഴാണ് അവയൊക്കെ എത്ര പൈശാചികവും സുവിശേഷത്തിന് നേരേ വിപരീതവുമാണെന്ന് വിശ്വാസികൾ പോലും വീണ്ടുവിചാരപ്പെടുന്നത്‌: ചിന്തയുടെയും ജീവിതത്തിന്റെയും ലാളിത്യത്തിൽ നിന്ന് പുരോഹിതരുടെ സഭാസങ്കല്പം വിശ്വാസികളെ എത്രമാത്രം അകറ്റിയിരിക്കുന്നു, ഈ മഹാന്റെ വിശുദ്ധി ആ ലാളിത്യത്തെ വീണ്ടെടുക്കാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് താഴെ കാണുന്ന പോപ്പിന്റെ വാക്കുകൾ. അത് വിശ്വാസികൾക്ക് അമൃത് പോലെ മധുരവും പുരോഹിതർക്ക് കാരസ്കരം പോലെ കയ്പുനിറഞ്ഞതുമായിരിക്കും. (zn)



"മാമ്മോദീസ, മറ്റ് കൂദാശകൾ, ഓരോ നിയോഗങ്ങൾക്കായുള്ള കുർബാന, തുടങ്ങി വിശ്വാസികളുടെ ഓരോ ആവശ്യത്തിനും പണം ഈടാക്കുക എന്നത് മഹാപാതകമാണ്. ഇത്തരം പാതകങ്ങൾക്ക് മാപ്പില്ല." പോപ്‌ ഫ്രാൻസിസ് വൈദികരെ കുറ്റപ്പെടുത്തുന്നു.

"വൈകികരുടെ ബലഹീനതകളെ നമുക്ക് ക്ഷമിക്കാം. എന്നാൽ പണത്തോടുള്ള അവരുടെ ആർത്തിയും വിശ്വാസികളോട് അവർ അപമര്യാദയായി പെരുമാറുന്നതും പൊറുക്കാനാവുന്ന പാപങ്ങളല്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
(21 NOV 2014: Vatican City, Nov 21, 2014 / CNA/EWTN News)

വത്തിക്കാനിലുള്ള വി. മാര്ത്തായുടെ ചാപ്പലിൽ ഈ നവ. 21 ന് കുര്ബാനയുടെ സമയത്ത് യേശു ദേവാലയത്തിൽ കച്ചവടം നടത്തിയവരെ അടിച്ചോടിച്ച കഥ (ലൂക്കായുടെ സുവിശേഷത്തിൽ) വിശകലനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തെ തിരഞ്ഞ് ദേവാലയത്തിൽ ചെന്നവരിൽ നിന്ന് കാഴ്ചവയ്പ്പിന്റെ പേരിൽ പണം ചോദിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും അത് ദൈവജനത്തിനെതിരെയുള്ള അക്രമമാണെന്നും നാം മനസ്സിലാക്കണം. സാമുവേലിന്റെ അമ്മയായ അന്നയുടെ കഥ ബൈബിളിലുണ്ട്. നിശബ്ദയായി ദൈവത്തോട് അവൾ പ്രാർഥിച്ചുകൊണ്ടിരിക്കേ പുരോഹിതന്റെ അഴിമതിക്കാരായ രണ്ടു മക്കൾ ദേവാലയ സന്ദർശകരിൽ നിന്ന് പണം വാങ്ങുകയായിരുന്നു. അവരെപ്പോലെ നമ്മുടെ വൈദികർ വിശുദ്ധ കർമങ്ങൾക്ക് വിലയിടുന്നതും കാശ് വാങ്ങുന്നതും ഇന്ന് എല്ലായിടത്തും നടക്കുന്നു. അത് കച്ചവടമാണ്. അത് നിങ്ങൾ വിശ്വാസികൾ ചെറുത്തു തോല്പിക്കണം.

ഇതുമായി ബന്ധിപ്പിച്ച് തന്റെ ചെറുപ്പകാലത്തെ ഒരനുഭവം അദ്ദേഹം വിവരിച്ചു. നവവൈദികനായിരിക്കെ, രണ്ടു വധൂവരന്മാർ അവരുടെ വിവാഹകർമത്തോടനുബന്ധിച്ച് കുര്ബാന വേണമെന്ന് ആഗ്രഹിച്ച് വികാരിയെ സമീപിച്ചു. എന്നാൽ രണ്ടിനും അതാതിനുള്ള സമയം കണക്കാക്കി വെവ്വേറെ തുക ഈടാക്കുകയാണ് വികാരി ചെയ്തത്. തന്നെ അത് രോഷാകുലനാക്കി.

പള്ളിക്കാര്യങ്ങൾ നിയന്ത്രിക്കുന്നവർ ഇത്തരം കച്ചവടരീതികൾ അവലംബിക്കുമ്പോൾ ദൈവജനം യേശുവിനെപ്പോലെ പ്രതികരിക്കണം എന്നാണ് മാര്പാപ്പാ പറഞ്ഞത്. യേശു അന്ന് ദേവാലയ പരിസരത്ത് ചാട്ടവാർ ഉപയോഗിച്ചത് വെറുതേ തൻറെ കോപം തീർക്കാനല്ലായിരുന്നു, മറിച്ച്, ദൈവത്തിന്റെ ആലയത്തോടുള്ള സ്നേഹത്താൽ പ്രചോദിതനായിട്ടായിരുന്നു. നമ്മുടെ ദേവായത്തിന്റെ സൂക്ഷിപ്പുകാർ, വൈദികരായാലും അല്മായരായാലും, അതിന്റെ പരിശുദ്ധിയെ കാത്തു സൂക്ഷിക്കണം. ദൈവശുശ്രൂഷ വിശ്വാസികളുടെ അവകാശമാണ്. അതിന് പണം വാങ്ങുന്നത് തെറ്റാണ്, കൊടും പാതകമാണ്, അതനുവദിച്ചുകൊടുക്കരുത്. കൂദാശകൾ പോലുള്ള വിശുദ്ധ കർമങ്ങൾക്ക് ഫീ ഈടാക്കുന്നത് വലിയ ഉതപ്പായി കാണേണ്ടതുണ്ട്. ഇത്തരക്കാരെപ്പറ്റിയാണ് കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ എറിഞ്ഞ് കൊല്ലപ്പെടേണ്ടവർ എന്ന് യേശു പറഞ്ഞത്. രക്ഷ ദൈവത്തിന്റെ ദാനമാണ്. അത് നമുക്ക് നേടിത്തന്ന യേശു പണത്തിനും സമ്പത്തിനും എതിരായിട്ടാണ് എപ്പോഴും നിലകൊണ്ടത്. അതായിരിക്കണം നമ്മുടെ ഇടവകകളുടെയും നിലപാട്. അത് സാധ്യമാക്കാൻ വിശ്വാസികള്ക്ക് കടമയും അവകാശവുമുണ്ട്.

അന്ന്, നവ. 21, കന്യാമാതാവിന്റെ ദേവാലയത്തിലുള്ള സമർപ്പണത്തിന്റെ ഒർമയായിരുന്നു. അന്നയെപ്പോലെ വിശുദ്ധവും നിഷ്ക്കളങ്കവുമായ മനസ്സോടെയാണ് കന്യാമറിയവും ദേവാലയത്തിൽ പ്രവേശിച്ചത്‌. പുരോഹിതരുടെ കച്ചവടമനസ്ഥിതി ഈ പരിശുദ്ധിക്ക് എതിരാണ്. പള്ളിയിൽ എത്തുന്ന ഓരോ സന്ദർശകനെയും സന്ദർശകയെയും കന്യാമറിയത്തെ എന്നപോലെ വേണം പുരോഹിതർ കാണേണ്ടത്. നമ്മുടെ അമ്മയെപ്പോലെ പരിശുദ്ധമായ ദേവാലയാന്തരീക്ഷത്തിനായി എല്ലാ വിശ്വാസികളും ജാഗ്രത പുലർത്തണമെന്നയിരുന്നു പോപ്‌ ഫ്രാൻസിസിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം .

0 comments: