ശുദ്ധമാന തട്ടിപ്പ്!

വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവും ആവശ്യമില്ല എന്നാണു കത്തോലിക്കാ സഭ എല്ലായിടത്തും വെളിപ്പെടുത്തുന്നത്. ഇന്ന് ഞാൻ അരുവിത്തുറ പള്ളിയുടെ ചുറ്റുമൊന്നു നടന്നു. കണ്ടതെല്ലാം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കന്നവ മാത്രം. കുരിശിന്റെ മുകളിൽ എണ്ണയൊഴിക്കൽ, പള്ളിയുടെ തന്നെ കടയിൽനിന്ന് ഓരോ കൂട് മെഴുകുതിരി വാങ്ങി ദഹിപ്പിക്കൽ തുടങ്ങിയവ. മെഴുകുതിരികൾ നാട്ടി നിറുത്താൻ സ്ഥലമില്ലാത്തതിനാൽ കെട്ടോടെ അവ ആളിക്കത്തുന്ന തിരികളുടെ മുകളിൽ ഇടുകയാണ് എല്ലാവരും തന്നെ ചെയ്യുക. ഇതെന്തിന്റെ പ്രതീകമാണ്, ആ! ഒരഴിക്കുള്ളിൽ ഒരു കന്യാസ്ത്രീ കുര്ബാനക്കും നേര്ച്ചകൾക്കും മറ്റുമുള്ള കാശ് വാങ്ങാൻ ഇരിക്കുന്നു. പുറത്ത്, വിവിധ തരം കുര്ബാനകളുടെ വില എഴുതിയ ബോര്ഡ് ഉണ്ട്. സാധാരണ കുര്ബാനക്ക് 75 രൂപാ, പാട്ട് കുര്ബാനയ്ക്ക് 150. നടതുറന്ന് പന്ത്രണ്ടു തിരികത്തിച്ചുള്ള കുര്ബാനക്ക് 250. ആദ്യത്തേതും മൂന്നാമത്തേതും തമ്മിൽ ഫലത്തിൽ എത്ര വ്യത്യാസം വരും എന്ന് ഞാൻ കന്യാസ്ത്രീയോടു ചോദിച്ചു. അതെനിക്കറിയില്ല, അച്ഛനോട് ചോദിക്കാനാണ് എന്ന് തുറിച്ചു നോക്കി അവർ പറഞ്ഞത്. 

ഓരോ കുര്ബാനക്കും അതിരില്ലാത്ത വിലയാണെന്ന് വേദപാഠം. അപ്പോൾ ഈ പല കുർബാനതന്നെ ഓരോരുത്തരും കാശുകൊടുത്ത് ചൊല്ലിക്കുന്നത് എന്തിനാണ്? കാശ് മേടിക്കുന്നതല്ലാതെ ഇതിന്മാത്രം കുർബാനകൾ ഇവർ ചൊല്ലുന്നുണ്ടോ എന്ന് ആരറിഞ്ഞു? അതോ നൂറു പേർ ആവശ്യപ്പെട്ടാലും ഒറ്റ ഒരെണ്ണം ചൊല്ലിയിട്ട്‌ എല്ലാവരുടെയും പേരില് എന്നങ്ങ് കാച്ചുകയാണോ ഇവരുടെ സൂത്രം? പോപ്‌ ഈയിടെയാണ് പറഞ്ഞത്, കൂദാശകൾക്കൊന്നും കാശ് വാങ്ങരുത്, അത് വൈദികപാപമാണ്, വിശ്വാസികൾ പരമ്പരാഗതമായ ഈ തട്ടിപ്പിനെ എതിർത്ത് തോൽപ്പിക്കണമെന്ന്. ഒരു വിശ്വാസിക്കും അതിനുള്ള വെളിവോ ധൈര്യമോ ഇല്ല. എന്നുവച്ച്, പോപ്പിന്റെ പോലും അനുശാസനങ്ങളെ അവഗണിച്ച്, രാപകലില്ലാതെ മനുഷ്യരെ വഞ്ചിച്ച് ഇങ്ങനെ കാശുണ്ടാക്കുന്നവർ ഏതു സുവിശേഷത്തെ അല്ലെങ്കിൽ ഏതു യേശുവിനെയാണ് അരുവിത്തുറ പള്ളിയിലെയും മറ്റും വികാരിമാർ വിലമതിക്കുന്നത്? ഇതൊക്കെ പകല്ക്കൊള്ളയും മറയില്ലാത്ത കവര്ച്ചയുമല്ലേ? ക്രിസ്ത്യാനികൾ ഇത്ര വലിയ ഉമ്മാക്കികളാണോ. ഇതൊക്കെ ചെയ്യാൻ പുരോഹിതരുടെ പുറകിൽ ക്യൂ നില്ക്കുന്ന മനുഷ്യർക്ക്‌ ചിന്താശാക്തി ഒട്ടുമില്ലേ? ക്രിസ്ത്യാനികൾ ചെയ്യുന്ന ഏതെങ്കിലും കർമ്മങ്ങളിൽ എവിടെയാണ് വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധം? ശുദ്ധമാന തട്ടിപ്പ് നടക്കുന്ന ഒരു പ്രസ്ഥാനം എന്നല്ലാതെ കത്തോലിക്കാ സഭയെപ്പറ്റി എന്ത് പറയാൻ! 

0 comments: