ബ്രഹ്മചര്യം ഗാര്ഹസ്ഥ്യത്തിന്റെ നിരാകരണമാകുമ്പോൾ

സക്കറിയാസ് നെടുങ്കനാല്‍ 
ഒരു വ്യക്തിയുടെ നൈസർഗികമായ ആഗ്രഹങ്ങളെ കുടുംബത്തിന്റെയും മതത്തിന്റെയും 
സംസ്കാരത്തിന്റെയും ശാഠ്യങ്ങൾക്കടിമപ്പെടുത്തുന്നതിൽനിന്നാണോ പണ്ടൊക്കെ ദൈവവിളി എന്ന തിരഞ്ഞെടുപ്പ് നടന്നിരുന്നത് എന്നൊരാൾ സംശയിച്ചാൽ അത്ര തെറ്റെന്നു പറയാമോ? തികച്ചും ആത്മാന്വേഷണത്തിനും ദൈവശുശ്രൂഷക്കുമായി മാറ്റിവച്ച ജീവിതം മറ്റൊരു വഴിത്താരയിലേയ്ക്ക് തിരിച്ചുവിടേണ്ടിവരുന്നവരുടെ പുനരധിവാസമെന്ന ലക്ഷ്യത്തോടെ ഈ മാസം (ഫെബ്രുവരി, 2015) 28ന് KCRM എർണാകുളത്തു വിഭാവനം ചെയ്യുന്ന അഖിലേന്ത്യാ സംഗമം ദൈവവിളിയെപ്പറ്റിയും അതിന്റെ അപനിർമിതിയെപ്പറ്റിയും ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്. മുമ്പത്തേക്കാൾ കൂടുതലായി വൈദികരും സന്യാസി-സന്യാസിനികളും തങ്ങൾ ഒരിക്കൽ സ്വമനസ്സാലെ സ്വീകരിക്കുകയും, പിന്നീട് ഏതാനും വർഷത്തെ പരീക്ഷണത്തിനു ശേഷം അത് തങ്ങൾ വിശ്വസിച്ചിരുന്ന അത്രയും ദൈവികമോ മാനുഷികമോ ആയിരുന്നില്ലെന്ന കണ്ടെത്തലിൽ ആകുലരാകുകയും ചെയ്യുന്ന പ്രതിസന്ധികളുടെ ഒരു ഒരു കാലമാണിത്. അങ്ങനെ, ആത്മവിശുദ്ധിക്കും പരസേവനത്തിനുമായി ഇറങ്ങിത്തിരിച്ചവരുടെ മനസ്സ് മാറാനുള്ള കാരണങ്ങൾ ഏതെല്ലാമെന്ന് അവരിൽ ചിലർതന്നെ തുറന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് നമുക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവരിലാരുംതന്നെ എല്ലാം പറയാൻ ശ്രമിക്കുകയോ അതിനു തക്കതായ ചുറ്റുപാടുകളിൽ എത്തുകയോ ചെയ്തിട്ടില്ലെന്ന് വേണം കരുതാൻ. അപക്വമായ ഒരു പ്രായത്തിൽ സന്യാസ- വൈദികാർഥികൾ ഏറ്റെടുക്കുന്ന വ്രതങ്ങളുടെ കാഠിന്യം കൂടുതൽ പക്വമായ പ്രായത്തിൽ താങ്ങാനാവാതെ വരുന്നതും, ബുദ്ധിഹീനരും സ്വാർത്ഥമതികളുമായ തീവ്ര കാർക്കശ്യക്കാരുടെ മനുഷ്യത്വമില്ലായ്മയും അധികാരതാണ്ഡവങ്ങളും ദൈവവിളിയെപ്പറ്റി പലർക്കും പുനർചിന്തനം നടത്താനിടയാക്കുന്ന കാരണങ്ങളിൽ പെടുത്താം. എന്നാൽ കപടബോധങ്ങളുടെ പ്രേരണയാൽ അവരും നമ്മളും വെളിപ്പെടുത്താനും നേരിടാനും മടിക്കുന്ന ചില സത്യങ്ങളും ഈ വിഷയത്തിൽ ഒളിഞ്ഞിരിപ്പില്ലേ എന്ന ചോദ്യം അസ്ഥാനത്തല്ല.

ആത്മാവ് നഷ്ടപ്പെട്ട ഒരു ചടങ്ങ് മാത്രമായി സ്വന്തം വീട്ടിൽ കണ്ടറിഞ്ഞ ദാമ്പത്യത്തിന്റെ വെല്ലുവിളികൾക്കു മുന്നിൽ തോറ്റുപോയ ജീവിതങ്ങളുടെ മുരടിപ്പുകളായിരുന്നില്ലേ ഒരു കാലത്ത് പല ദൈവവിളികളുടെയും സ്രോതസ്സ്? അങ്ങനെ വീടും നാടും വിട്ട് ഇറങ്ങി പുറപ്പെട്ടവരിൽ പലരും സത്യസന്ധമായ ആത്മനിരീക്ഷണത്തിലൂടെയും അഗാധമായ പഠനത്തിലൂടെയും തങ്ങളുടെ ശരീരം ക്ഷേത്രമാണെന്നും അതിൽ ദൈവികമായ ആനന്ദം കുടിയിരിക്കുന്നെന്നും കണ്ടെത്തുകയും ആ ആനന്ദം പ്രണയാനുഭവങ്ങളിലൂടെയേ സാക്ഷാത്ക്കരിക്കാനാവൂ എന്നുള്ള തിരിച്ചറിവ് നേടുകയും ചെയ്തപ്പോൾ തങ്ങളുടെ ദൈവവിളിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടിട്ടുണ്ടാവണം. അതൊരു തെറ്റല്ലെന്നു മാത്രമല്ല, ശ്രേഷ്ഠതരമായ ആത്മാവബോധത്തിൽനിന്ന് ഉരുത്തിരിഞ്ഞ കരുത്തിന്റെ പ്രകടനവുമാകാം. ആ തിരിച്ചറിവ് അന്തേവാസികൾക്ക് ഉണ്ടാകാതെ സൂക്ഷിക്കാൻ സന്യാസാശ്രമങ്ങൾ എല്ലാ നടപടികളും ഇന്നും കൈക്കൊള്ളുന്നുവന്നതും ബാഹ്യലോകത്ത് കുടുംബവും സമൂഹവും അതിനു വളമിടുന്നുവെന്നതും ഒരു കപടസമൂഹത്തിന്റെ ഇരുവശങ്ങളെ വെളിപ്പെടുത്തുന്നു എന്ന് കരുതിയാൽ മതി. എന്നിട്ടും, ശരീരവും മനസ്സും പ്രണയിക്കുമ്പോഴാണ് യഥാർഥ ആദ്ധ്യാത്മികാനുഭവം ഉണ്ടാവുക എന്ന് മനസ്സിലാക്കാൻ ധാരാളം വൈദികർക്കും സന്യസ്തർക്കും സാധിക്കുന്നു, അതിനവർ സ്വന്തം വഴികൾ തേടുന്നു എന്നത് സുസ്ത്യർഹമാണ്. ആശ്രമ- വൈദിക ജീവിതത്തിലെ തീരെ അയവില്ലാത്ത നിയമങ്ങളിൽ കുരുങ്ങി ആത്മാവ് നുറുങ്ങിപ്പോയ ദയനീയാവസ്ഥയിൽനിന്നുള്ള മോചനം മോഹിച്ചുകഴിയുന്നവർ ഈ നാട്ടിൽ ഇനിയും ധാരാളമുണ്ടെന്നുതന്നെ വേണം അനുമാനിക്കാൻ. ഒരു വിമോചനപ്രസ്ഥാനവും വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ഒരു വിഷയമാണിത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളോളം എന്നല്ല, അതിൽ കൂടുതൽ പ്രാധാന്യം വ്യക്തികളുടെ വൈകാരികമായ വിഷയങ്ങൾക്ക് നല്കേണ്ടതുണ്ട് എന്നത് മഠങ്ങളുടെയും ആശ്രമങ്ങളുടെയും അകത്തളങ്ങളിൽ തിരിച്ചറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് അവിടങ്ങൾ അരാജകത്വത്തിന്റെയും മനോരോഗങ്ങളുടെയും വിളഭൂമിയായി മാറിയത് എന്ന സത്യം അപ്രതീക്ഷിതമായാണ് സമകാലിക സമൂഹത്തിനുമേൽ ഇടിത്തീയ് പോലെ വന്നുവീണത്‌. ഈ കണ്ടെത്തൽ ഇന്നത്തെ കേരളസമൂഹത്തെ സംബന്ധിച്ച് വിശേഷാൽ സാര്ഥകമാണ് എന്നത് സമീപകാലത്ത് ഇവിടെ ഏറിവരുന്ന ഭക്ത്യാഭാസങ്ങളും രത്യാഭാസങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. ജന്മവാസനകളെ ബലപ്രയോഗത്തിലൂടെ തടയുമ്പോഴാണ് അവ വൈകൃതവും രോഗഗ്രസ്തവുമാകുന്നത്. വൈദികരുടെയും സന്യസ്തരുടെയുമിടയിൽ മാത്രമല്ല, സാധാരണ ജനത്തിനുള്ളിലും ഇങ്ങനെയുണ്ടാകുന്ന മനോരോഗികൾ കുറവല്ല എന്നത് അനുദിനം വർദ്ധിച്ചുവരുന്ന ദാരുണ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. വ്യക്തിബന്ധങ്ങളിലെന്നപോലെ സാമൂഹിക പെരുമാറ്റത്തിലും കാപട്യം നിറഞ്ഞുകവിയുന്ന ഒരു സമൂഹമാണ് നമ്മുടേത്‌ എന്ന് ലജ്ജാപൂർവം ഏറ്റുപറയേണ്ടിവരുന്നു. അടുത്തകാലത്തെ ചുംബനസമരത്തിനെതിരേ പ്രകടമായ എതിർപ്പ് ഇതിനൊരുദാഹരണം മാത്രം.


സ്ത്രീ-പുരുഷ ബന്ധങ്ങളെപ്പറ്റി ആഴമായി ചിന്തിക്കുന്ന എഴുത്തുകാരി എസ്. ശാരദക്കുട്ടിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഒരാൾ സ്വന്തം ഇഷ്ടപ്രകാരം അകലം പാലിക്കുന്നതിനെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ശരീരങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ പ്രാധാന്യം നമ്മുടെ സമൂഹം ഇനിയും പഠിച്ചിട്ടില്ല. ശരീരങ്ങൾ തമ്മിലുള്ള അകലം ഒരു മൂല്യവ്യവസ്ഥയായി മാറ്റിയെടുത്ത സംസ്കാരങ്ങൾ തടഞ്ഞു നിർത്തിയത് മനുഷ്യന്റെ നൈസർഗികമായ ജീവിതതത്ത്വങ്ങളെയാണ്. ഏറ്റവും ഗാഢവും ആസ്വാദ്യവുമായ വിനിമയ മാർഗങ്ങളിലൊന്നായി സ്പർശത്തെ തിരിച്ചറിയാൻ നമ്മുടെ നവോഥാന- പുരോഗമന- വിപ്ലവ പ്രസ്ഥാനങ്ങൾക്കൊന്നിനും കഴിഞ്ഞിട്ടില്ല. സ്വന്തമായി ഒരു ശരീരമുണ്ടെന്നു തിരിച്ചറിയാതെ 'ജീവിച്ചുപോകുന്ന' ഒരു സാധാരണ സ്ത്രീയുടെയുള്ളിൽ പോലും മറ്റൊരു ശരീരത്തിന്റെ സാമീപ്യത്തിനും സ്പർശത്തിനും സാന്ത്വനത്തിനും വേണ്ടിയുള്ള അടങ്ങാത്ത മോഹമുണ്ടാകാം. ബോധമനസ്സ് തിരിച്ചറിയാത്തതിനെ പലതരം അസഹിഷ്ണുതകളായി അബോധമനസ്സ് പുറത്തേയ്ക്ക് കൊണ്ടുവരും." 

എഴുപതുകളിൽ മുംബൈയിലെ ചർച്ഗെയ്റ്റിലുള്ള സെന്റ്‌ സേവ്യേഴ്സ് കോളേജിൽ വച്ച് പരിചയപ്പെട്ട ഒരു വൈദികൻ സംസാരത്തിനിടെ പലപ്പോഴും സൂചിപ്പിക്കുമായിരുന്ന ഒരു കാര്യം ഇപ്പോഴും ഓർക്കുന്നു. 'വൈദികനായിരിക്കുക ഞാൻ സസന്തോഷം സ്വീകരിച്ച അവസ്ഥയാണ്. എന്നാൽ ഒരു സ്ത്രീക്ക് മാത്രം സ്വീകരിക്കാനാവുന്ന അളവറ്റ സ്നേഹവാത്സല്യങ്ങൾ എന്നിൽ നിറഞ്ഞുകവിയുന്നത് ഈ ജീവിതരീതിയിലുള്ള എന്റെ എല്ലാ സന്തോഷത്തേയും കെടുത്തിക്കളയുന്നു. എന്റെ ദൈവവിളിപോലെതന്നെ ഇതും ദൈവദത്തമാണെന്ന വിശ്വാസം എന്നെ രണ്ടായി പിളർത്തുന്നു'. അദ്ദേഹം വൈദികവൃത്തിയിൽ ഏറെനാൾ തുടർന്നുവെന്നു കരുതാൻ എനിക്കാവുന്നില്ല. ബ്രഹ്മചര്യം ഒരു വിധേയത്വത്തിന്റെ ഭാഗമായി അനുഭവപ്പെടുമ്പോൾ അത് അസഹനീയമായി തോന്നും. മനുഷ്യന്റെ മാനസ്സിക ദാഹങ്ങൾ ഭക്ത്യാചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ട് ശാന്തമാക്കപ്പെടുന്നവയല്ല. അവ ലൈംഗികം മാത്രമായിരിക്കണമെന്നില്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള അടുപ്പം, ആശയവിനിമയങ്ങൾ, സ്പർശം, സാന്ത്വനം തുടങ്ങിയവക്കെല്ലാം ലൈംഗികമാത്രമായ അർഥങ്ങളല്ല ഉള്ളത്. ചിലപ്പോൾ അവ ലൈംഗികവും ആയേക്കാം എന്നുമാത്രം. ആ പരിഗണനയുടെ ശക്തിമൂലം മഠങ്ങളിലും സെമിനാരികളിലും ഏതു വിധ പ്രത്യേക സൗഹൃദവും (particular friendship) മുമ്പൊക്കെ കർശനമായി നിഷിദ്ധമായിരുന്നു.ഇപ്പോഴത്തെ കാര്യം അറിയില്ല. എല്ലാ വ്യക്തിപരബന്ധങ്ങളും അശുദ്ധിയിലേയ്ക്ക് നയിക്കുമെന്നത് ഒരു വികലചിന്തയാണ്.

എത്ര പരമ്പരാഗതമെന്നഭിമാനിച്ചാലും ശരീരത്തെയും അതിന്റെ സ്വകാര്യാവശ്യങ്ങളെയും മറന്നുപോകുന്ന ഒരു പ്രസ്ഥാനത്തിനും ആരോഗ്യപ്രദവും കെട്ടുറപ്പുളളതുമായ ഒരു സാമൂഹികാവസ്ഥയെ നിർമിക്കാനാവില്ല. നീണ്ടുപോകുന്തോറും അതിൽ പുഴുക്കുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കും. പൌരോഹിത്യാവസ്ഥയും ഇന്നത്തെ രീതിയിലുള്ള സന്യാസ സമൂഹങ്ങളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ മതസംവിധാനങ്ങൾ പോലും അടിമുടി പൊളിച്ച്ചുപണിയേണ്ടിവരും. നിലവിലുള്ള യാന്ത്രികമായ കുടുംബബന്ധങ്ങളും വളരെയധികം മാറ്റങ്ങൾക്ക് വിധേയമാകാനുള്ള ഒരുക്കത്തിലാണ്. കൂടുതൽ സ്നേഹാധിഷ്ഠിതവും ശരീരാധിഷ്ഠിതവുമായ അവബോധം അവയെ പുന:സൃഷ്ടിക്കേണ്ടതുണ്ട്. മനുഷ്യസ്വഭാവത്തെ കൂടുതൽ സമാധാനപൂർണമാക്കാനും സംതൃപ്തമാക്കാനും സ്ത്രീപുരുഷ പ്രണയത്തെ ഒരാവശ്യമായിക്കാണുന്ന ഗാർഹസ്ഥ്യമെന്ന ഒരു ജീവിതഘട്ടം ഭൂരിഭാഗം മനുഷ്യർക്കും അനിവാര്യമാണ്. അതിലൂടെ ശാരീരികാടുപ്പത്തിനും ബന്ധങ്ങൾക്കും അവയുടെ അർഹമായ അംഗീകാരം ലഭിക്കുന്ന ഒരു സാമൂഹികക്രമം വികസിച്ചുവരേണ്ടതുണ്ട്. 

ഒരു പുരുഷന്റെ സ്നേഹസ്പർശത്തിനുവേണ്ടി ഇരുപതു വർഷത്തോളം താൻ കാത്തിരിക്കുകയായിരുന്നുവെന്ന് വാൻഗോഗിനെ സമീപിച്ചു് തളർന്നുവീണ മാർഗോ എന്ന സ്ത്രീ ഭ്രാന്തമായി വിലപിച്ചു. വിറയ്ക്കുന്ന ചുണ്ടുകളുമായി ഒരു ചുംബനത്തിനായി അവൾ യാചിച്ചു. വാൻഗോഗിന്റെ നിഷേധം അവളെ ആത്മഹത്യയിലേയ്ക്ക് നയിച്ചു. ശരീരത്തെ കപടവസ്ത്രങ്ങളിൽ പൊതിഞ്ഞു ശ്വാസംമുട്ടിക്കാതെ, ആത്മാവിന്റെ നഗ്നതയെ ഭയക്കാതെ, പരസ്പരം പൂർത്തീകരിക്കാൻമാത്രം ആത്മപ്രകാശമുള്ള മനുഷ്യർ ഉണ്ടാവട്ടെ. ആവൃതിക്കുള്ളിൽ അത് സാദ്ധ്യമാകാതെ വരുമ്പോൾ, അതിനു പുറത്തു കടക്കുക എന്നത് മാത്രമാണ് അഭികാമ്യമായിട്ടുള്ളത്‌. ഭാരതദർശനത്തിൽ ബ്രഹ്മചര്യം ഗാർഹസ്ഥ്യത്തിന്റെ മുന്നോടി മാത്രമാണ്, അതിന്റെ നിരാകരണമല്ല.

0 comments: