Left Right Left

 ഭയത്തിന്റെ സർവ്വാധിപത്യം




കേരളത്തില് ഇടതുപക്ഷത്തിന്റെ പരാജയം സംഭവിച്ചത് 2014 മെയ് 16ന് അല്ല, അതു വെറും തിരഞ്ഞെടുപ്പ് പരാജയം മാത്രമായിരുന്നു; അത് സംഭവിച്ചത് ടി. പി. ചന്ദ്രശേഖരന് വധം പുറംലോകമറിഞ്ഞ 2012 മെയ് 4 നായിരുന്നു എന്ന് അന്നും ഇന്നും വിശ്വസിക്കുന്ന ഒരു സാധാരണ കേരളീയനാണ് ഞാന്. അഞ്ച് വര്ഷം മുന്പുവരെ ഇന്ഡ്യന് ദേശീയ രാഷ്ട്രീയത്തിന്റെ നടുനിരയില് നിന്ന, 34 വര്ഷം ബംഗാളില് സമ്പൂര്ണ്ണ ജനാധിപത്യപിന്തുണയോടെ ഭരിച്ച ഇടതുപാര്ട്ടി, ഒരു വലിയ തീന്മേശയ്ക്ക് ചുറ്റുമിരിക്കാന്പോലും ജനപ്രതിനിധികളുടെ അംഗബലമില്ലാതായപ്പോഴെങ്കിലും ''ഇങ്ങനെ പോയാല് പാര്ട്ടി ഉണ്ടാവും, പക്ഷേ ജനം കൂടെ ഉണ്ടാവില്ല'' എന്ന് വിജയന് മാഷ് പറഞ്ഞതിന്റെ പൊരുള് തിരിച്ചറിയേണ്ടതായിരുന്നു.
ഒരിടവേളയ്ക്കുശേഷം കണ്ണൂരിന്റെ തെരുവുകള്  രാഷ്ട്രീയ പകപോക്കലിന്റെ ചോരക്കളമാവുകയാണ്. ടി. പി. ചന്ദ്രശേഖര് വധത്തെയും 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയുടെ കഥാധാരയെയും ഒരിക്കല്കൂടി ഓര്മ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞ സെപ്റ്റംബര് ഒന്നാം തീയതി രാവിലെ ആര്.എസ്.എസ്. പ്രവര്ത്തകന് മനോജ് നടുറോഡില് വെട്ടിക്കൊലചെയ്യപ്പെട്ടു. 1999-ല് സി.പി.എം. നേതാവ് പി. ജയരാജനെതിരെ നടന്ന വധശ്രമത്തിലെ അഞ്ചാം പ്രതിയാണ് മനോജ്.
മലബാര് മേഖലയില് തീയേറ്ററുകളില്നിന്നും പൂര്ണ്ണമായി പുറംതള്ളപ്പെട്ട 2013-ലെ ഒരു മലയാള ക്ലാസിക് സിനിമയാണ് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. തലശ്ശേരിയില് പ്രദര്ശനാനുമതി പോലും നിഷേധിക്കപ്പെട്ടു. വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള ഒരു സിനിമയായതുകൊണ്ട് ചോരതിളക്കുന്ന കമ്മ്യൂണിസ്റ്റുകളെ കലാസൃഷ്ടി അസഹിഷ്ണുക്കളാക്കി. കഥ, പശ്ചാത്തലം, ശരീരഭാഷ അങ്ങനെ എല്ലാറ്റിലും തന്നെ കമ്മ്യൂണിസ്റ്റ് പാര്ട്ടിയും അതിന്റെ നേതൃത്വവും ഇടതുപക്ഷത്തുനിന്ന് വലതുപക്ഷത്തേക്കു മാറിയതിന്റെ വ്യക്തമായ സൂചനകള് സിനിമ കൊടുക്കുന്നുണ്ട്.
ആദര് കമ്മ്യൂണിസവും അക്രമ കമ്മ്യൂണിസവും തമ്മിലുള്ള സംഘട്ടനമാണ് സിനിമയുടെ കഥാതന്തു. മാടമ്പിത്തരത്തിന്റെ ഇരയായവരെ രക്ഷിക്കണമെങ്കില് സ്വയം മാടമ്പിയാകണമെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസത്തിന്റെ മൂടുപടമണിഞ്ഞ ഒരു സ്റ്റാലിനിസ്റ്റാണ് പാര്ട്ടി സെക്രട്ടറിയായ കൈതേരി സഹദേവന്. കമ്മ്യൂണിസ്റ്റ് ആദര്ശത്തിന്റെ ഇരുത്തം വന്ന ഹൃദയാലുവായ നേതാവാണ് റോയി ജോസഫ്. കേരളത്തില് അന്തസ്സായി ജീവിക്കണമെങ്കില് പണം വേണം; അതിന് അത്യാവശ്യം ഉള്ളവന്റെ കയ്യില്നിന്നും തട്ടിച്ചും വെട്ടിച്ചും എടുക്കുന്നതില് തെറ്റില്ലെന്ന് വിശ്വസിക്കുന്ന കേരളാപോലീസിന്റെ വാര്പ്പുമാതൃകയാണ് വട്ട്ജയന് എന്ന പോലീസ് ജയന്. ഇവര്ക്കിടയിലാണ് കഥ പുരോഗമിക്കുന്നത്. പാര്ട്ടിസെക്രട്ടറിക്കെതിരെയുള്ള അഴിമതിക്കഥ (ലാവ്ലിന് കേസ് എന്ന് സൂചകം) ചില ആദര് കമ്മ്യൂണിസ്റ്റുകള് പത്രത്തിലൂടെ പുറത്തുകൊണ്ടുവരുന്നിടത്ത് കഥ വഴിത്തിരിവിലെത്തുന്നു. സത്യം വിളിച്ച് പറഞ്ഞവര്ക്ക് ജീവന് നഷ്ടപ്പെടുന്നു. ഒപ്പം റോയിയുടെയും ജയന്റെയും കൂടെ നില്ക്കുന്നവരുടെ ജീവിതം മനുഷ്യത്വരഹിതനായ പാര്ട്ടിസെക്രട്ടറിയുടെ നിഗൂഢനീക്കത്തില് ദുരിതക്കയത്തിലാകുന്നു. അതിനിടയില് നിലപാടുകള്ക്ക് വേണ്ടി വിലകൊടുക്കാതെ നാട്യത്തിലൂടെ സ്വന്തം ആദര്ശമുഖം കാത്തുസൂക്ഷിക്കാന് ശ്രമിക്കുന്ന ഒരു പ്രതിപക്ഷനേതാവുമുണ്ട് (അച്യുതാനന്ദനെന്ന് സൂചന). ആദര്ശത്തില് വിശ്വസിക്കുന്നവര് പാര്ട്ടിക്ക് പുറത്താക്കപ്പെടുകയും കുലംകുത്തികളായി വ്യാഖ്യാനിച്ച് കുലപതി (പാര്ട്ടിസെക്രട്ടറി) ശിക്ഷ വിധിക്കുകയും ചെയ്യുന്ന ഒരു അധോലോകപ്രവര്ത്തനമായി കമ്മ്യൂണിസം അധപ്പതിക്കുന്നു.
''കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലത്തോട്ട് ചാഞ്ഞ് അതല്ലാതാകുമ്പോള് നഷ്ടം സംഭവിക്കുന്നത് കമ്മ്യൂണിസ്റ്റുകള്ക്കു മാത്രമല്ല, മാനവരാശിക്കു കൂടിയാണ്'' എന്ന് എം. എന്. വിജയന് മാഷ് പറഞ്ഞത് ഒരിക്കല്ക്കൂടി ഓര്മ്മിപ്പിക്കാന് മാത്രമേ ചലച്ചിത്രം ശ്രമിച്ചിട്ടുള്ളൂ. എന്നാല് നിസ്സാരം ഒരു കലാസൃഷ്ടിയോടും അതിദാരുണമായ ഒരു വധത്തോടും (ടി. പി. ചന്ദ്രശേഖര് വധം) ക്രിയാത്മകവും ഹൃദയാത്മകവുമായി പ്രതികരിക്കേണ്ട പാര്ട്ടി നേതൃത്വവും അണികളും സിനിമ പറഞ്ഞത് തന്നെ സത്യം എന്ന് അടിവരയിട്ട് പറയുംവിധം സാധാരണ കേരളീയനില് ഭീതി ജനിപ്പിച്ചുകൊണ്ട് സെനോഫോബിക്കായ ഒരു ചിത്തഭ്രമക്കാരനെപ്പോലെയാണ് പ്രതികരിച്ചത്.
മനോജിന്റെ കൊലപാതക വാര്ത്ത പുറംലോകം അറിഞ്ഞ് നിമിഷങ്ങള്ക്കകം പി. ജയരാജിന്റെ മകന് തന്റെ ഫെയ്സ് ബുക്ക് പേജില് ഇങ്ങനെ എഴുതി: ''  സന്തോഷവാര്ത്തയ്ക്കായി എത്ര കാലമായി കാത്തുനിന്നു. അഭിവാദ്യങ്ങള് പ്രിയ സഖാക്കളെ... ഒന്നോര്ക്കണം ഞാനുമൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില് മുക്കിയവര്, അച്ഛനെ ശാരീരികമായി തളര്ത്തിയവന്, ഞങ്ങളുടെ സുന്ദരേട്ടനെ വെട്ടിനുറുക്കിയവന് തെരുവില് കിടപ്പുണ്ടെന്നു കേട്ടാല് എന്നിലെ മകന്  സന്തോഷിക്കുകതന്നെ ചെയ്യും.'' രാഷ്ട്രീയ പ്രവര്ത്തനം ഒരു അധോലോക സംസ്കാരം പേറിനടക്കുന്ന കാലത്തോളം പാര്ട്ടികള് ഗുണ്ടകളെപ്പോലെ തെരുവിലടിക്കും, മനുഷ്യത്വരഹിതമായി വിജയാഹ്ളാദം പ്രകടിപ്പിക്കും, പോര്വിളികളും വെല്ലുവിളികളും കൊണ്ട് അന്തരീക്ഷം മുഖരിതമാക്കും.
''ചോരയ്ക്കു ചോരകൊണ്ടുതന്നെ മറുപടി കൊടുക്കക്കാന് കെല്പ്പുള്ളവനാണ് കമ്മ്യൂണിസ്റ്റ്.''
''ഞങ്ങളുടെ സഖാക്കളെ വെട്ടിവീഴ്ത്തിയ നീ, നിന്റെ മരണം അന്നേതന്നെ കുറിച്ചുവെച്ചിരുന്നു.''
''ചുവന്ന കോട്ട ചുവന്നുതന്നെ നില്ക്കട്ടെ.''
''ഒന്നു കിട്ടിയാല് ഒന്പതായി മടക്കിക്കൊടുക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാരന്റെ പാരമ്പര്യം.''
''കണ്ണൂരിലെ ചുണക്കുട്ടികള്ക്ക് ഹൃദയത്തില്നിന്ന് ലാല്സലാം.''- എന്നിങ്ങനെ പുകയുന്ന വെറുപ്പിന്റെ വിഷം വമിക്കുന്ന നൂറുകണക്കിന് അഭിപ്രായപ്രകടനങ്ങള് പ്രതികാരക്കുറിപ്പിന് ചുവടെ സഖാക്കള് എഴുതിച്ചേര്ക്കുമ്പോള് പൊതുജനം പിന്നെ പാര്ട്ടിയെക്കുറിച്ച് എന്ത് വിചാരിക്കണം?
1932-ല് സ്റ്റാലിന്റെ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ കാരണം ഒന്നുമാത്രമായിരുന്നു - സ്റ്റാലിന് എന്ന വ്യക്തിയോടും അയാള് സൃഷ്ടിച്ചെടുത്ത നീഗൂഢരാഷ്ട്രീയനീക്കങ്ങളോടും തോന്നിയ അനിയന്ത്രിതമായ ഭീതി. ഹിറ്റ്ലറുടെ ഭരണവും ഇന്ദിരയുടെ അടിയന്തിരാവസ്ഥയും സൃഷ്ടിച്ച മൗനം വല്ലാത്തൊരു ഭയത്താലുള്ള ഉള്വലിയല് മാത്രമായിരുന്നു. മാര്ക്സിയന് കമ്മ്യൂണിസ്റ്റ് ആശയങ്ങളില് പ്രതീക്ഷയര്പ്പിക്കുന്ന പാര്ട്ടിയിലുള്പ്പെടാത്ത സാധാരണ മലയാളിയെ പിണറായി എന്ന പാര്ട്ടി സെക്രട്ടറിയുടെ ശരീരഭാഷയും അര്ത്ഥംവെച്ചുള്ള വാക്പ്രയോഗങ്ങളും ഭയപ്പെടുത്തുന്നു. പാര്ട്ടിഗ്രാമങ്ങളുടെ നിഗൂഢത ആശങ്കപ്പെടുത്തുന്നു. ഇന്നോളം പൊതുജനത്തിന് കാണാന് ഒരു ചിത്രംപോലും കിട്ടാത്ത പാര്ട്ടിസെക്രട്ടറിയുടെ വീട് ഒരു പ്രേതാലയംപോലെ വേട്ടയാടുന്നു. ഭയമാണ് ചലച്ചിത്രത്തില് സുരേഷിന്റെ ഭാര്യ വിറയാര്ന്ന ചുണ്ടുകളോടെ റോയി സഖാവിനോട് പങ്കുവയ്ക്കുന്നത്: ''പാര്ട്ടി വിട്ടേപ്പിന്നെ എനിക്കു പേടിയാ.'' ഭയം സാവകാശം സുരേഷിനെയും പിടികൂടുന്നു. ആശയപരമായ എതിര്പ്പുകളാല് പാര്ട്ടിയില്നിന്ന് വഴിമാറിയ സുരേഷും കുടുംബവും അടിയന്തരാവസ്ഥകാലത്തിലെന്നപോലെ പാര്ട്ടിയെ ഒളിച്ച് പാര്ക്കുന്നു. ഒളിസങ്കേതത്തില് കുഞ്ഞിന്റെ കരച്ചില്പ്പോലും അയാളെ ഭയചകിതനാക്കുന്നു. അവസാനം ഭയപ്പെട്ടതെന്തോ അതുതന്നെ സംഭവിച്ചു- പാര്ട്ടിയുടെ വെട്ടുവാളിനാല് ദാരുണമായ അന്ത്യം.
വിപ്ലവത്തില് വിശ്വസിക്കുന്ന ഒരു പാര്ട്ടി ജനാധിപത്യതിരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി ഭരണത്തില് വന്ന നാടാണ് നമ്മുടെ  കേരളം. അതാണ് വിപ്ലവത്തിലെ ഏറ്റവും വലിയ ഫലിതം. ഒത്തുതീര്പ്പുകളുടെ ചരിത്രവും അന്നു തുടങ്ങിയതാണ്. അല്ല, ഇപ്പോഴും ഞങ്ങള് ലക്ഷ്യം കൈവിട്ടിട്ടില്ല എന്ന് അണികളെ ബോധ്യപ്പെടുത്താന് രഹസ്യപാര്ട്ടിയോഗങ്ങളും ഇടക്കൊക്കെ ഇങ്ങനെയൊരു അറുംകൊലയും ആവശ്യമായിരിക്കുന്നു.
'' പാര്ട്ടിയെക്കുറിച്ച് നിങ്ങള്ക്കൊരു ചുക്കുമറിയില്ലെന്ന്'' പാര്ട്ടി സെക്രട്ടറി പറയുമ്പോള്, ''കൂടെ നിന്നാല് എന്തും നേടാം, വിട്ടുപോയാല് എന്തും നഷ്ടപ്പെടാം, ജീവനടക്കം,'' എന്ന് നേതാക്കള് അണികള്ക്ക് മുന്നറിയിപ്പ് കൊടുക്കുമ്പോള് ഞങ്ങള് സാധാരണക്കാര്ക്ക് പേടിയാവുന്നു. മതം കറുപ്പാണെന്ന് പറഞ്ഞ തത്ത്വശാസ്ത്രം പാശ്ചാത്യമതത്തിന്റെ എല്ലാ രൂപങ്ങളും ചട്ടക്കൂടുകളും സ്വീകരിച്ച് കഴിഞ്ഞു. ഇനി 'പാര്ട്ടിക്കു പുറമേ രക്ഷയില്ല'. ഇവിടെ ചോദ്യം ചെയ്യപ്പെടാന് പാടില്ലാത്ത അപ്രമാദിത്വങ്ങളുണ്ട്. ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും സ്വീകരിക്കേണ്ട വിശ്വാസപ്രമാണങ്ങളുണ്ട്. ചട്ടക്കൂടുകള്ക്ക് വിധേയപ്പെടാന് വൈമുഖ്യം കാണിക്കുന്നവരെ മഹറോന് ചൊല്ലാന് കെല്പ്പുള്ള അച്ചടക്ക നടപടികളുണ്ട്. ഞങ്ങള്ക്ക് ഭയമാകുന്നു. ഇപ്പോഴത്തെ പാര്ട്ടിയെയോര്ത്ത്, ഞങ്ങള്ക്ക് ഭയമാകുന്നു ഹൃദയപക്ഷം എന്ന ഒരു ഇടതുപക്ഷം ഇല്ലാതാകുന്നതിനെയോര്ത്ത്
Watch the movie:
https://www.youtube.com/results?search_query=left+right+left+malayalam+full+movie
  

0 comments: