എന്തുകൊണ്ടാണ് യേശുവിനെ സമഗ്രമായ മാനവീകതയുടെ ജിഹ്വയായി കാണേണ്ടത്, ഗിരിപ്രഭാഷണത്തിന്റെ അവസാനിക്കാത്ത അർഥവ്യാപ്തിയിൽനിന്ന്
സഭാപ്രസ്ഥാനങ്ങൾ എങ്ങനെയാണ് വഴിതെറ്റിയത്, അന്തസുറ്റ ധാര്മികജീവിതമെന്നാൽ
എന്താണ് എന്നെല്ലാം ലളിതമായി പ്രസ്താവിക്കുന്ന ഒരു പുസ്തകം കൈയിലെത്തി.
ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് മുഴങ്ങിക്കേട്ട ലിയോ റ്റോൾസ്റ്റൊയിയുടെ പ്രവാചകശബ്ദമാണത്. ദൈവരാജ്യം നിനക്കുള്ളിലാണ് എന്ന് അത്
സംഗ്രഹിച്ചു പറയാം. നീട്ടാനോ കുറുക്കാനോ വയ്യാത്തവിധം
കാര്യമാത്രപ്രസക്തമാണ് അതിലെ ഓരോ അദ്ധ്യായവും. ഒരേ ജീവന്റെ ഭാഗമായ മനുഷ്യർ
എന്തുകൊണ്ട് അന്യോന്യം ദ്രോഹിക്കുന്നു, സത്യം കണ്ടെത്തിയെന്നു വാദിക്കുന്ന
മതങ്ങൾ എന്തുകൊണ്ട് എവിടെയും അസത്യമാർഗ്ഗങ്ങളെ പിന്തുടരുന്നു എന്ന രണ്ടു
ചോദ്യങ്ങൾക്കാണ് അദ്ദേഹം ഉത്തരമന്വേഷിക്കുന്നത്.
നമ്മളിൽ
പലരും ആവർത്തിച്ചെഴുതിയിട്ടുള്ളതുപോലെ, അദ്ദേഹവും എത്രയോകാലം മുമ്പ്
പറഞ്ഞു: ഞാൻ ക്രിസ്തുവിന്റെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നു. എന്നാൽ
ക്രിസ്തുവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സഭാപ്രസ്ഥാനങ്ങൾ എന്ത്
പഠിപ്പിക്കുന്നുവോ, അതിൽ ഞാൻ വിശ്വസിക്കുന്നില്ല എന്ന്. അതിനർഥം
മറ്റൊന്നുമല്ല - ബോധ്യങ്ങളും സഭയുടെ ആഹ്വാനങ്ങളും വ്യത്യസ്തമാണ്. സഭയുടെ
ആഹ്വാനങ്ങൾ ചെവിക്കൊണ്ടു നടക്കുന്ന വിശ്വാസി ജീവിതകാലം മുഴുവൻ പേറിക്കൊണ്ടു
നടക്കുന്നത് യേശുവിരുദ്ധമായ ഒരു വിശ്വാസസംഹിതയാണു് എന്നത് ദാരുണമല്ലേ?
എന്നാൽ ഈ തെറ്റ് ആർക്കുംതന്നെ തിരുത്താനാവുന്നില്ല. കാരണം, സഭകൾ അവയുടെ
നിലപാടുകളെ കൂടുതൽ കർക്കശമാക്കി വിശ്വാസികളെ എന്നേയ്ക്കുമായി അവയിൽ
കുരുക്കുകയാണ്. സഭാപ്രസ്ഥാനങ്ങൾ പൊതുവേ, യേശു തെളിച്ചുതന്ന വഴിയിൽനിന്ന്
വ്യതിചലിച്ച്, സ്വയം വെട്ടിത്തെളിച്ച പാതകളിലൂടെ ചരിച്ചുകൊണ്ടിരിക്കുന്നു.
യേശു തിരസ്ക്കരിക്കപ്പെട്ടിരിക്കുന്നു.
സഭാധികൃതർ
അവകാശപ്പെടുന്ന രീതിയിൽ ക്രിസ്തു ഏതെങ്കിലുമൊരു സഭയെ സ്ഥാപിച്ചതായി
സുവിശേഷങ്ങളിൽ പരാമർശമേയില്ല. മറിച്ച്, എല്ലാ സഭാസ്ഥാപനങ്ങൾക്കും
എതിരെയുള്ള മുന്നറിയിപ്പാണ് അവിടുന്ന് നടത്തിയിട്ടുള്ളത്. ബാഹ്യമായ യാതൊരു
അധികാരശക്തിയെയും അധികാരസ്ഥാനത്തെയും ക്രിസ്തു അംഗീകരിച്ചിരുന്നില്ല.
"യാതൊരു മനുഷ്യനെയും നിങ്ങൾ അധികാരിയോ ഗുരുവോ ആയി കാണരുത്" എന്ന വാക്യം
എന്നെ എന്നും ഹഠാദാകർഷിച്ചിരുന്നു. ദേവാലയം എന്ന സങ്കല്പത്തിന്റെ ഇന്നത്തെ
അന്തരാർഥം തെറ്റാണ്. യേശുവിന്റെ പാത പിന്തുടരുന്നവർ, തങ്ങൾക്കിടയിൽ
തർക്കങ്ങളുണ്ടാകുമ്പോൾ, ഒന്നിച്ചുകൂടി ചർച്ചനടത്തി പരിഹാരം
കണ്ടെത്താൻവേണ്ടിയുള്ള പൊതുവേദി എന്നാണ് അതിനെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ
കൂദാശകളും വിഗ്രഹാരാധനയും നടത്താനും, താത്ക്കാലിക അദ്ഭുതരോഗശാന്തിയുടെ
മറവിൽ, ബൈബിളിന്റെയും അധികാരികളുടെയും തെറ്റാവരങ്ങൾ പ്രഘോഷിക്കാനുമുള്ള
വേദിയായി ഇന്നത് മാറിയിരിക്കുന്നു!
0 comments:
Post a Comment