സമയമെത്ര ബലഹീനം!

"ഒരു ജന്മം മുഴുവന്‍ ശ്രമിച്ചാലും തിരിച്ചുനല്കാനാവാത്തത്ര  പ്രേമവാത്സല്യത്തോടെ എന്റെയുച്ചിയിലവള്‍ ഉമ്മവച്ചു" എന്നയോര്‍മ്മയുടെ മധുരിമയില്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ സമയം നോക്കി. ആറരയാകാന്‍ പോകുന്നേയുള്ളൂ. പെട്ടെന്നൊരു ചായയുണ്ടാക്കി പതുക്കെപ്പതുക്കെ രുചിച്ചിറക്കി. 'ജലസ്രോതസിലെ ആത്മഹര്‍ഷങ്ങള്‍' എന്ന് ശീര്‍ഷകം കൊടുത്ത് പത്ത്പന്ത്രണ്ട് വര്‍ഷം മുമ്പ് ഞാനുണ്ടാക്കിയ കൊച്ചു കൈയെഴുത്തുപുസ്തകത്തിലെ വാക്യമായിരുന്നു ഓര്‍മ്മയില്‍ പൊന്തിവന്നത്. ആ കൃതിയെടുത്തു മറിച്ചുനോക്കി. പാലസ്തീന്‍ പെണ്‍കിടാങ്ങള്‍ സ്തനങ്ങള്‍ക്കിടയില്‍ സൂക്ഷിക്കുന്ന മീറപ്പൊതിപോലെ അവളെന്നെ താലോലിച്ചു എന്ന വരികള്‍ എന്റെയാത്മാവിനെ വീണ്ടും മത്തുപിടിപ്പിച്ചു. അപ്പോളതാ, ചിത്രഭംഗി തുന്നിപ്പിടിപ്പിച്ച വെളുത്ത വിശറികള്‍ പോലുള്ള ചിറകുകളടിച്ചുകൊണ്ട് ഒരു നിശാശലഭം മേശപ്പുറത്തു കിടന്ന ഒരു പഴയ സ്വാച്ചില്‍* വന്നിരുന്നു. അറിയാതെ ഞാനതിലേയ്ക്ക് നോക്കിയപ്പോള്‍ സൂചികള്‍ പന്ത്രണ്ടിനോടും രണ്ടിനോടും തൊട്ടിരിക്കുന്നു. പാതിരാത്രി കഴിഞ്ഞിട്ടേയുള്ളൂ! നേരേ തിരിച്ചുപിടിച്ചായിരുന്നു നേരത്തേ നോക്കിയത്. ഒരിളിഭ്യതയും തോന്നിയില്ല. "സമയം ബലഹീനവും യുക്തിഹീനവുമാണെന്ന്‌ ഞാനെന്നേ അറിഞ്ഞിട്ടുണ്ട്, ഓരോ തവണയും സ്ത്രീയവളുടെ സ്നേഹസാന്നിദ്ധ്യം പ്രകടിതമാക്കുമ്പോള്‍" എന്ന് അതില്‍ കുറിച്ചിരുന്നത്‌ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു, അത്ര തന്നെ.

ഉറങ്ങാനല്ല, തുടര്‍ന്ന് വായിക്കാനാണെനിക്ക്‌ താല്പര്യം തോന്നിയത്. "ഒരുദ്യാനധാര, ജീവജലമുള്ള കിണര്‍, മലയിടുക്കുകളിലൂടെയൊഴുകുന്നയരുവി" - ഇവയുടെ ഹൃദയഹാരിത ഒരിക്കല്‍കൂടി എന്റെയനുഭവമായി. ഞാന്‍ തുടര്‍ന്ന് വായിച്ചു: "അവളുടെ കവിള്‍ത്തടങ്ങള്‍ സ്വര്‍ണപ്രഭയേറ്റപോലെ മനോജ്ഞമായിരുന്നു. അവളുടെ മിഴികള്‍ അരിപ്രാവുകളെപ്പോലെ നിഷ്ക്കളങ്കമായി സ്ഫുരിച്ചിരുന്നു. തന്റെ തൂമന്ദഹാസത്താല്‍ എന്റെ സര്‍വമാനങ്ങളെയും വലയംചെയ്ത്, നിറഞ്ഞുതുളുമ്പി, പ്രകാശപൂരിതയായി അവള്‍ അടുത്തുനിന്നു." ആ അനുഭൂതികളിലേയ്ക്ക് ഞാന്‍ ഒരു നിമിഷം തിരിച്ചുപോയി.

ഒരു മൂങ്ങാ പലവട്ടം മൂളി. ഇണയെ വിളിക്കുകയാവാം. ആരുടെയോ വളര്‍ത്തുനായ എന്തോ ഗൌരവമായത് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഒരു ഗൌളി നാല് തവണ തന്റെ കുഞ്ഞുങ്ങളുടെ പേരുവിളിച്ചു. അടുത്ത വരിയില്‍ എന്റെ കണ്ണുകള്‍ തടഞ്ഞു.  - "സമുദ്രങ്ങളുടെ ആഴങ്ങളെ വെല്ലുന്നു വിഹായസിന്റേത്. അതിനെയും ചെറുതാക്കുന്നു മനുഷ്യഹൃദയങ്ങളുടെ പാരസ്പര്യം." - സമയം ബലഹീനമാണെന്ന്‌ എന്റെയുള്ളില്‍ വീണ്ടും മന്ത്രണമുണ്ടായി. ഞാനൊന്നുകൂടി ഉറങ്ങാന്‍ കിടന്നു.

മടക്കിവച്ച കൊച്ചു പുസ്തകത്തിന്റെ താളുകള്‍ അര്‍ദ്ധബോധത്തില്‍ വീണ്ടും മറിഞ്ഞുകൊണ്ടിരുന്നു. ആരോ അതില്‍നിന്നു വായിക്കുന്നതുപോലെ എനിക്ക് തോന്നി. "പൂവിതളുകള്‍ പോലെ മൃദുലമായ അവളുടെ കവിളില്‍ എന്റെ കരതലം സ്പര്ശിച്ചതേ, ജലപ്പരപ്പില്‍ വീണ കടലാസ് കുതിര്‍ന്നലിഞ്ഞു താഴുന്ന ശാന്തതയോടെ, എന്റെ തോളിലേയ്ക്കമര്‍ന്നു, അവളുടെ ശിരസ്സ്‌. 'മരണത്തിനു മുമ്പുള്ള ഒരു വെപ്രാളം, അത് മാത്രമല്ലേ ഈ ജീവിതം?' അനവധി ദൈന്യവിനാഴികകളെ അര്‍ത്ഥശൂന്യമാക്കിയതെല്ലാം മറന്ന്, ഈ ചോദ്യത്തിലേയ്ക്കവള്‍ മയങ്ങിപ്പോയി." 

ഉറങ്ങൂ, കുട്ടീ, നീ ഉണരുമ്പോള്‍, തീര്‍ച്ചയായും, ഉദയസൂര്യനും നിന്റെയീ ഞാനും ഇവിടെത്തന്നെയുണ്ടാവും, നിന്നെക്കാത്ത്!

* Swatch - a cheap sort of Swiss wrist-watch

0 comments: