സമയത്തെപ്പറ്റി ആരെഴുതിയാലും വായിക്കുക എന്നുമെന്റെ താല്പര്യമായിരുന്നു. ഭാരതത്തിന്റെയഭിമാനമായ കവി ഠാക്കൂര്‍ (ഇംഗ്ലണ്ട്കാര്‍ അദ്ദേഹത്തെ Tagore - റ്റാഗോര്‍ - ആക്കി.) എഴുതി. "ചിത്രശലഭമെണ്ണുന്നത് മാസങ്ങളെയല്ല, നിമിഷങ്ങളെയാണ്; എന്നാലുമതിന് ആവശ്യത്തിനു സമയമുണ്ട്, അതിലധികം സൌന്ദര്യവും." ഏതാണ്ട് അഞ്ചുകൊല്ലംമുമ്പ് അതോടുചേര്‍ത്ത്, ഇങ്ങനെയൊരു കുറിപ്പ് ഞാനെഴുതിവച്ചിരുന്നു. "നിര്‍വചി'ക്കേണ്ടതിനേ വിലയുള്ളൂ. ബാക്കിയുള്ളവയ്ക്ക് വ്യാഖ്യാതാവ് കല്പിക്കുന്ന വിലയേയുള്ളൂ. മൌലികമായതൊന്നും വ്യാഖ്യേതമല്ല."
'നിര്‍വചിക്കുക' എന്നു പറയുന്നതുതന്നെ വചനത്തെ ഒഴിവാക്കുക എന്നാണ്. 'നിര്‍' എന്നയുപസര്‍ഗം ചേര്‍ക്കുമ്പോള്‍ ഇല്ലായ്മയാണ് ശബ്ദത്തില്‍ ആദേശിക്കപ്പെടുന്നത്. അപ്പോള്‍ 'നിര്‍'വചനം എന്നാല്‍ മൌനം ചെലുത്തുകയെന്നാണ്. അതായത്, വചിക്കാതിരിക്കല്‍. എന്നാല്‍, സാമാന്യ പ്രയോഗത്തില്‍, നന്നായി വിചാരിച്ച് പറയുക, അര്‍ത്ഥം വ്യക്തമാക്കാന്‍ ശ്രമിക്കുക, എന്നൊക്കെയാണ് ആ വക്കുകൊണ്ടുദ്ദേശിക്കുന്നത്. ആ അര്‍ത്ഥത്തില്‍, എത്ര ശ്രമിച്ചാലും നിര്‍വചിക്കാനാവാത്ത സമസ്യകളാണ് ജനനവും മരണവും, സ്നേഹവും ക്രൂരതയുമൊക്കെ. ഇവയെപ്പറ്റി പറയുന്നതൊക്കെയും നിരുക്തിയിലേയ്ക്കാണ് നയിക്കുക. കവിയെഴുതിയത് തന്നെ ഇതിനു തെളിവാണ്. ഏതാനും നിമിഷങ്ങള്‍കൊണ്ട് എണ്ണാവുന്ന ചിത്രശലഭത്തിന്റെയും മണിക്കൂറുകള്‍കൊണ്ട് എണ്ണാവുന്ന പൂവിന്റെയും ജീവനു ലഭ്യമായ അതേയര്‍ത്ഥംതന്നെയല്ലേയുള്ളൂ ഒരു മനുഷ്യനും നൂറ്റാണ്ടുകള്‍ക്കുശേഷം മണ്ണായിത്തീരുന്ന ഒരു മരത്തിനും? പക്ഷേ, എന്താണ് ഈയര്‍ത്ഥം? ലഭ്യമായ സമയം മുഴുവന്‍ ജീവിക്കുക, അത്രതന്നെ. അതിനപ്പുറത്തുള്ളതെല്ലാം വെറും 'നിര്‍'വചനങ്ങളല്ലേ? ജീവിതത്തിനു വെറും ഒരു നിമിഷത്തിന്റെ വിലയേയുള്ളൂ; ആ ഓരോ നിമിഷത്തിനുമെന്നാല്‍, ഒരു മുഴുവന്‍ ജീവന്റെതന്നെ വിലയുണ്ട് താനും!
വാക്കുകളും ആശയങ്ങളും ഒന്നില്‍നിന്ന് മറ്റൊന്ന് ഉരുത്തിരിഞ്ഞു വരുന്നതിനെപ്പറ്റിയുള്ള അന്വേഷണം എപ്പോഴും രസാവഹമാണ്. ഉദാഹരണത്തിന്, 'ആപേക്ഷികം'. ഒന്നിനെ അപേക്ഷിച്ച്, അല്ലെങ്കില്‍ ആശ്രയിച്ച്, മാത്രം മറ്റൊന്നിന് അസ്തിത്വം കല്പിക്കുന്നതിനെയാണ് ആപേക്ഷികം എന്നു പറയുന്നത്. പ്രപഞ്ചമെന്നത് തന്നെ മനുഷ്യമനസ്സിന്റെ ആപേക്ഷികതകൊണ്ടാണ് നിര്‍ണ്ണയിക്കപ്പെടുന്നത് എന്നു തെളിയിക്കാനുംകൂടിയാണ് Einstein തന്റെ Relativity Theory ഉണ്ടാക്കിയത്. അതനുസരിച്ച്, സമയം, ഇടം (space) എന്നീ മാനങ്ങള്‍ക്ക് ആപേക്ഷികമായിട്ടല്ലാതെ ഭൌതികതലത്തില്‍ ഒന്നിനും ഒരര്‍ത്ഥവുമില്ല. അതായത്, ദ്രവ്യമില്ലെങ്കില്‍ ഇടത്തിനോ, ചലനമില്ലെങ്കില്‍ സമയത്തിനോ പൊരുളൊന്നുമില്ല. എവിടെയെങ്കിലും സ്ഥിരമായും വ്യത്യസ്തമായും നിലകൊള്ളുന്ന എന്തെങ്കിലുമായി തട്ടിക്കാനാവുന്നില്ലെങ്കില്‍, വേഗംപോലും അനുഭവപ്പെടുകയില്ലെന്നു വിമാനയാത്രയില്‍ നിന്ന് ഏവര്‍ക്കുമറിയാം. സമയവും ഇടവുമില്ലെങ്കില്‍ വേഗവുമില്ല. ആത്യന്തികമായ വിലയിരുത്തലില്‍ ഇവ മൂന്നും, യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍വേണ്ടി മനസ്സുണ്ടാക്കുന്ന സങ്കല്‍പ്പങ്ങള്‍ മാത്രമാണ്. മനസ്സില്ലാതായാല്‍, ഇവ മൂന്നും പിന്നെയില്ല. ഇവ മൂന്നുമില്ലെങ്കില്‍, പിന്നെ നമുക്ക് പ്രപഞ്ചമെവിടെ? അനുദിനജീവിതത്തില്‍ അധികമാരും ഇതൊന്നും ചിന്തിക്കുന്നില്ലെങ്കിലും, സംഗതി വളരെ ഗൌരവമാണ്; ഗഹനീയവുമാണ്. കാരണം, നമ്മുടെ തന്നെ ഉണ്മയെയും ഇല്ലായ്മയെയും നിശ്ചയിക്കുന്ന വിവക്ഷകളാണിവ! ഞാനില്ലെങ്കില്‍ പിന്നെയാരുടേതാണ് ഈ വിവക്ഷകള്‍? ആകെ കുഴഞ്ഞില്ലേ കാര്യങ്ങള്‍? കുഴഞ്ഞുമറിഞ്ഞ ഈ ആശയക്കുഴമ്പിനാണ് 'മായ' എന്നു പേരിട്ടിരിക്കുന്നത് എന്നു വേണമെങ്കില്‍ പറയാം.
തത്ത്വചിന്തയുടെ ഉത്ഭവംതന്നെ 'ഞാന്‍' ആണ്. പടിഞ്ഞാറ്, ദെകാര്‍ത്തിന്റെ (René Descartes) 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' - Cogito, ergo sum. - എന്ന ലത്തീന്‍ സമവാക്യത്തിലാണ് അതിന്റെ തുടക്കം. ഒന്നുകൂടി കടത്തിച്ചിന്തിച്ചാല്‍, എന്റെയെന്നല്ല, എല്ലാ അസ്തിത്വവും 'ഞാന്‍' എന്ന ചിന്തയിലാണ് ഉറപ്പിച്ചിരിക്കുന്നത്. എനിക്ക് വെളിയില്‍, തനതായി ('സ്വന്തം കാലില്‍' നില്‍ക്കുന്ന) അസ്തിത്വങ്ങളുണ്ടെങ്കില്‍തന്നെ, അവയും എന്റെ ബോധത്തില്‍ സ്ഥലംപിടിക്കുന്നത്, എന്റെ സൃഷ്ടിയായിട്ടാണ്. അല്ലാതെ പറ്റില്ലതന്നെ. ഇതിനു വേറൊരു തെളിവും വേണ്ടാ. - ഞാനെന്ന ബോധം നഷ്ടമാകുന്നതോടെ, എല്ലാ അസ്തിത്വവും എന്നെ സംബന്ധിച്ചിടത്തോളം ഇല്ലായ്മയായിത്തീരുകയാണല്ലൊ.
അപ്പോള്‍, ഞാനെന്ന ചിന്തയാണ് സ്വന്തം അസ്തിത്വമായി എനിക്കനുഭവപ്പെടുന്നത്. ബാക്കിയെല്ലാം എനിക്ക് ആപേക്ഷികമായും. ഓരോ 'ഞാനും' മറ്റൊന്നുപോലെയല്ലാത്തതുകൊണ്ട്, ഓരോ 'ഞാനും' മറ്റെല്ലാം കാണുന്നത് വ്യത്യസ്തമായിട്ടയിരിക്കും. ഓരോരുത്തര്‍ക്കും അവരുടെ സ്വന്തം ലോകമുണ്ടെന്നര്‍ത്ഥം. അങ്ങനെ, എന്തിലെങ്കിലും രണ്ടുപേര്‍ ഒരേയര്‍ത്ഥം കാണുക വിരളമായതിനാല്‍ അടിപിടി ധാരാളമാകുന്നു എന്നതും നിത്യാനുഭവം. ചിന്തയല്പംകൂടി വികസിപ്പിച്ചാലോ? അനന്തവും സ്ഥിരവുമായ മറ്റൊന്നിന് ആപേക്ഷികമായിട്ടല്ലാതെ, ഞാന്‍ എന്ന എന്റെ ബോധപ്രക്രിയപോലും നിലനില്‍ക്കുകയില്ല. അല്പാസ്തിത്വമായ എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് വസ്തുത. പക്ഷേ, കാതലുള്ള (ആപേക്ഷികമല്ലാത്ത) അസ്തിത്വം (അനന്തബോധം) സ്വാശ്രിതവും മങ്ങലില്ലാത്തതുമായിരിക്കണം എന്നത് നഗ്നമായ യുക്തി. എന്നുവച്ചാല്‍, അത് (തത്) തനിക്ക് ഉപോദ്ബലനമാകേണ്ട മറ്റൊന്നിന്റെയും ആസ്തിത്വം അനുവദിക്കുന്നില്ല.
കാരണം, ആപേക്ഷികത അല്പാസ്തിത്വങ്ങളുടെ മാത്രം നിയമമാണ്; അനന്തബോധത്തില്‍ അലിയുക എന്നൊന്ന് സാദ്ധ്യമാണെങ്കില്‍, അതിനര്‍ത്ഥം ആപേക്ഷികതയെ മറികടക്കുക എന്നാണ്. അതാകട്ടെ സ്വത്വത്തിന്റെ തന്നെ നിരാകരണമല്ലാതെ വേറൊന്നുമല്ല താനും. അതുകൊണ്ടാണ് പരമസത്തക്ക് വെളിയില്‍ ഒന്നുമില്ലായെന്ന വേദാന്തസത്യം ഭാരതീയചിന്ത പ്രഘോഷിച്ചത്.
കാരണം, ആപേക്ഷികത അല്പാസ്തിത്വങ്ങളുടെ മാത്രം നിയമമാണ്; അനന്തബോധത്തില്‍ അലിയുക എന്നൊന്ന് സാദ്ധ്യമാണെങ്കില്‍, അതിനര്‍ത്ഥം ആപേക്ഷികതയെ മറികടക്കുക എന്നാണ്. അതാകട്ടെ സ്വത്വത്തിന്റെ തന്നെ നിരാകരണമല്ലാതെ വേറൊന്നുമല്ല താനും. അതുകൊണ്ടാണ് പരമസത്തക്ക് വെളിയില്‍ ഒന്നുമില്ലായെന്ന വേദാന്തസത്യം ഭാരതീയചിന്ത പ്രഘോഷിച്ചത്.
ഈ ചിന്ത ഒരു തരത്തില്‍ മഹത്തരമാണെങ്കിലും, അതില്‍ നമുക്ക് സായൂജ്യത്തിന് വകയൊന്നുമില്ല. കാരണം, അനന്തമായത് ഉണ്ടെങ്കില്‍ അതു സംപൂര്‍ണ്ണവുമാണ്. എല്ലാ വിധത്തിലും സമ്പൂര്‍ണ്ണമായതിലേയ്ക്ക് അപൂര്‍ണ്ണമായ ജീവാത്മാവിന് ലയിക്കാനാവില്ല എന്നു മാത്രമല്ല, യുക്ത്യാനുസരണം, അപൂര്‍ണ്ണമായ മറ്റൊരസ്തിത്വവും പരമമായ സംപൂര്‍ണ്ണതക്കു വെളിയില്‍ അനുവദിക്കാനേ ആവില്ല. അതുകൊണ്ട്, ഈ വിഷയത്തോട് ചേര്‍ത്ത് പരക്കെ പറയാറുള്ള, 'നദി സമുദ്രത്തില്‍ ലയിക്കുന്നതുപോലെ' എന്നത് കാതലില്ലാത്ത ഒരുപമയാണ്. രണ്ടിലൊന്നേ ബുദ്ധിക്കു മുമ്പിലുള്ളൂ: ഒന്നുകില്‍ ഇപ്പോള്‍തന്നെ നാം (ഞാന്‍) അനന്തസത്തയുടെ ഭാഗമാണ്. അല്ലെങ്കില്‍ നമ്മുടെ അസ്തിത്വം വെറും ശൂന്യതയാണ്. 'ഞാന്‍' ഉണ്മയുടെ നിരാകാരമായ ഒരു കുളിര്‍മ മാത്രമാണ്. അനാദിയും അനന്തവുമായ സംശുദ്ധബോധത്തിന്റെ വെറും സ്വപ്നമാണ് നാം (നമ്മുടെ ബോധതലത്തിലുള്ളതെല്ലാം ഉള്‍പ്പെടെ). മുമ്പ് സൂചിപ്പിച്ചയര്‍ത്ഥത്തില്‍ നിര്‍വചിക്കാന്‍ നമ്മുടെ കൈയില്‍ മറ്റൊന്നുമില്ലാത്തതുകൊണ്ട് മാത്രം പ്രയോഗിക്കുന്ന ഒരുപമയാണ് സ്വപ്നമെന്ന വാക്ക്. സ്വപ്നത്തെ നിയന്ത്രിക്കാനാവാത്തതുപോലെ, നമ്മുടെ ഈ ജീവിതത്തിനും ഒരൊറ്റ സാദ്ധ്യതയേ ഉള്ളൂ, ശൂന്യമായി ഇരിക്കുക, ശൂന്യമായി അവസാനിക്കുക!
പ്രത്യക്ഷത്തില്‍ ഒരു കഴമ്പുമില്ലാത്ത ഇത്തരം മുന്‍വിധികളും ആപേക്ഷികമായ അഭ്യൂഹങ്ങളും അടിസ്ഥാനമാക്കിയുള്ള തത്ത്വചിന്തക്കും മന:ശാസ്ത്രത്തിനും എതിരായിട്ടെന്നോണം ഉയിര്‍കൊണ്ട ദാര്‍ശനികവിചാരമാണ് അസ്തിത്വവാദം (Existentialism). സന്മാര്‍ഗചിന്തകള്‍ക്കെന്നല്ല, യാതൊരാപേക്ഷീയതക്കും ഇടംനല്‍കാതെ, ചേതനയില്‍ അങ്കുരിക്കുന്നതെല്ലാം പ്രതിഭയുടെ അര്‍ത്ഥശൂന്യമായ പ്രകാശനമെന്നു വകവച്ചുകൊടുക്കുന്ന രീതിയാണ് അതിന്റേത്. ഭാവിഭൂതങ്ങള്‍ക്ക് അതില്‍ പ്രാധാന്യമില്ല. ഇപ്പോള്‍ ഇവിടെയുള്ളതും അനുഭവേദ്യമാകുന്നതുമെന്തോ, അതു മാത്രമാണ് ശ്രദ്ധേയം. അതായത്, ഈ നിമിഷം മാത്രമാണ് വിലയുള്ളത്. പക്ഷേ, ഈ നിമിഷമെന്നത് പോയതിന്റെയും വരാനുള്ളതിന്റെയുമിടയിലെ ഇല്ലായ്മയായതിനാല്‍ , ജീവിതം ശൂന്യതയിലേയ്ക്കുള്ള ഒരാക്കം, ചലനമില്ലാത്ത പ്രയാണം മാത്രമാണ്.
എല്ലാറ്റിന്റെയും തന്നെ നിരാകരണമെന്നതിനേക്കാള്‍, മനുഷ്യബുദ്ധിയിലുള്ള വിശ്വാസമാണ് ഈ ചിന്താരീതിയെ താങ്ങിനിറുത്തിയത്. അതേ സമയം, യാഥാര്‍ത്ഥ്യത്തെ പിടിച്ചുവച്ചു വിശകലനം ചെയ്യാനും നിത്യസത്യങ്ങളില്‍ അവയെ ഒതുക്കാനും മനുഷ്യനാവില്ല എന്നയെളിമയും അസ്തിത്വവാദികള്‍ക്കുണ്ട്. അവര്‍ക്ക് മതത്തിന്റെ പിടിവാശികള്‍ തുലോം തരാംതാഴ്ന്ന ജല്പനങ്ങളാണ്. മനുഷ്യന് പ്രപഞ്ചത്തില്‍ സവിശേഷമായ ഒരു സ്ഥാനവും പദവിയുമില്ല. ഇവ്വിധ പിടിവാശികളെല്ലാം പൊള്ളയായ അഹന്തയും മിഥ്യയുമാണ്. ശാശ്വതമെന്ന പരിവേഷത്തിന് അര്‍ഹതയൊന്നിനുമില്ല എന്നാണതിന്റെ പൊരുള്‍.
തേന്‍ നുകരുന്നതിനിടക്ക്, മനോഹരിയായ ഓരോ പൂവും അല്പപ്രാണനായ പൂമ്പാറ്റയും തമ്മില്‍ ഈ സന്ദേശം കൈമാറുന്നുണ്ടാവാം. എന്തുകൊണ്ട് നമുക്കുമാതായിക്കൂടാ?
0 comments:
Post a Comment