ആത്മപ്രകാശത്തിന്റെ നിമിഷം

1969ല്‍ ഇംഗ്ലണ്ടില്‍ സസ്സെക്സ് കൌണ്ടിയിലുള്ള ക്രോളി എന്ന സ്ഥലത്ത്, ഒരിരുട്ടുമുറിയിലിരുന്നു ഞായറാഴ്ചകള്‍ തോറും BBC Radio പ്രക്ഷേപിച്ചിരുന്ന വിശ്വവിഖ്യാതമായ War and Peace ന്റെ നാടകാവിഷ്ക്കാരം ഞാനാസ്വദിച്ചിരുന്നു. അതില്‍നിന്ന് ഒരു ഭാഗം മനസ്സിലേയ്ക്ക് കടന്നുവരുന്നു. മുഖ്യ കഥാപാത്രമായ ആന്ദ്രെ ഫ്രഞ്ച് സൈന്യത്തോടുള്ള ഏറ്റുമുട്ടലില്‍ മുറിപ്പെട്ട് മരണത്തോടടുക്കുന്നു. രക്തംവാര്‍ന്ന് ക്ഷീണിതനായ അയാള്‍ അര്‍ദ്ധബോധവാനായി, മുകളിലേയ്ക്ക് നോക്കി നിലത്തു കിടക്കുകയാണ്. രഹസ്യമായി താന്‍ ഉള്ളില്‍ ആരാധിച്ചിരുന്ന നെപ്പോളിയന്‍ പട്ടാളസമേതം അയാളുടെ അടുത്തെത്തി നില്ക്കുന്നുവെന്നറിഞ്ഞിട്ടും, അയാളുടെ മനസ്സില്‍ ഒരു മാറ്റവും വരുന്നില്ല. അനന്തമായ ആകാശവുമായി താരതമ്യപ്പെടുത്തി, ഇയാള്‍ എത്ര നിസ്സാരന്‍ എന്ന് മാത്രമേ അയാള്‍ക്ക്‌ ചിന്തിക്കാനാകുന്നുള്ളൂ. ഇത്ര വലിയ ഒരു പടനായകനും അയാളുടെ ജയോന്മാദങ്ങളും അനന്തമായ ആകാശത്തിന്റെ മഹത്വത്തിനുമുമ്പില്‍ ഒന്നുമല്ലെന്നയറിവ് - മനുഷ്യന്റെ ഭ്രാന്തമായ ഔദ്ധത്യത്തിന്റെ പൊള്ളത്തരവും, ജീവിതമെന്ന മിഥ്യയും, മരണത്തിന്റെ അനിവാര്യഅഹത്തിനു നല്‍കുന്ന ശൂന്യതാബോധവുമെല്ലാം - ഒറ്റയടിയ്ക്ക് മിന്നിത്തെളിയുന്ന ഒരു നിമിഷമായിരുന്നു അത്. ആരുടെയും മനസ്സിനെ ഉലയ്ക്കുന്ന റ്റോള്‍സ്റ്റോയിയുടെ ഈ ചിത്രീകരണം അന്ന് മനസ്സില്‍ തറച്ചത്, ഇന്നും മായാതെ നില്‍ക്കുന്നു.

ആന്ദ്രെയുടേതുപോലുള്ള, അനന്തതയെ സ്പര്ശിക്കാനാകുന്ന, അത്തരം അനര്‍ഘനിമിഷങ്ങള്‍ ഒരിക്കലെങ്കിലും മരണത്തിനു മുമ്പുതന്നെ, ജീവിക്കാന്‍ ഒരു പക്ഷേ ഇനിയും സമയമുള്ളപ്പോള്‍, അനുഭവിക്കാനാവുക എല്ലാ അനുഗ്രഹങ്ങളിലും വലിയ അനുഗ്രഹമാണ്. സ്വന്തം ശൂന്യതയെ കണ്ടെത്തുന്നതോടേ, സ്നേഹവും ദുഖവും നന്മയും തിന്മയുമെല്ലാം ഒന്നുതന്നെയെന്നുള്ള ഒരു തിരിച്ചറിവ് നമ്മിലേയ്ക്ക് കടന്നുവരുന്നു. 

കാര്യകാരണങ്ങളുടെ പിടിയില്‍ നിന്ന്, സ്വാര്‍ത്ഥമോഹങ്ങളില്‍ നിന്ന്, മനുഷ്യാസ്തിത്വം മോചിക്കപ്പെടുന്ന നിമിഷമാണത്. 
ആ നിമിഷമാണ് ജോര്‍ദാനില്‍ യോഹന്നാനെ കണ്ടുമുട്ടിയപ്പോള്‍ യേശുവിനു ലഭ്യമായത്, ബോധിവൃക്ഷത്തിന് കീഴില്‍ സിദ്ധാര്‍ത്ഥനു കൈവന്നത്; ശ്രീരാമകൃഷ്ണനും നാരായണഗുരുവിനുമെന്നപോലെ മറ്റ് പലര്‍ക്കും, വെറും കാണികളായി നില്‍ക്കുന്നവര്‍ക്ക് നിരര്ത്ഥകമെന്നു തോന്നുന്നവയുടെ ദൃശ്യവേളയില്‍, സംഭവിച്ചത്. ഇക്കാണുന്നതിലൊന്നും മനസ്സുറച്ചുപോകരുത് എന്ന ഉള്‍വെളിച്ചം അല്ലെങ്കില്‍ ആത്മപ്രകാശം, ആര്‍ക്കും എവിടെയും ഏത്‌ നിമിഷത്തിലും കൈവരാം. സെന്‍ബുദ്ധരുടെയിടയില്‍ ഇത്തരമവസരങ്ങളുടെ എണ്ണമില്ലാത്ത കഥകളുണ്ട്. ശിഷ്യരെ ഈ അവബോധത്തിലേയ്ക്ക് കൊണ്ടുവരാന്‍, ചില ഗുരുക്കന്മാര്‍ വിചിത്രമായ രീതികള്‍ പ്രയോഗിച്ചിട്ടുണ്ട്. ഒരു ഗുരുവിന്റെയും സഹായമില്ലാതെയും ഒരാള്‍ക്ക്‌ ആത്മപ്രകാശം ലഭിച്ചെന്നിരിക്കും, അതിലേയ്ക്കുള്ള തുറവ് ഉള്ളില്‍ എപ്പോഴും കാത്തുസൂക്ഷിക്കുമെങ്കില്‍. ഏത്‌ വിധമായാലും, ഒരിക്കലവിടെ എത്തിയവര്‍ എവിടെയും സ്വതന്ത്രരായി, നിര്‍ഭയരായി ഇടപെടുന്നു. ആരുടേയും പ്രബോധനങ്ങളോ തിരുവചനങ്ങളോ പിന്നെവരെ നിയന്ത്രിക്കുന്നില്ല. തന്റെ കടമയെന്നു ബോദ്ധ്യമുള്ളിടത്ത്, ലാഭനഷ്ടങ്ങളെപ്പറ്റി അയാള്‍ ആകുലനാകുന്നേയില്ല. ബോധോദയം എന്നാല്‍, ഓരോ ദിവസവും നമ്മള്‍ പഠിച്ചെടുക്കുന്ന, ഏറിയ കൂറും അനാവശ്യമായ, വിലയിരുത്തലുകളില്‍ നിന്ന്, അറിവിന്റെ കൂമ്പാരങ്ങളില്‍ നിന്ന്, വിമുക്തരായി, അങ്ങേയറ്റത്തെ ലാളിത്യത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. 

"മുപ്പതു വര്‍ഷത്തെ എന്റെ സെന്‍ (Zen) പഠനത്തിനു മുമ്പ്, പര്‍വ്വതങ്ങളെ പര്‍വ്വതങ്ങളായും, ജലാശയങ്ങളെ ജലാശയങ്ങളായും ഞാന്‍ കണ്ടിരുന്നു. കൂടുതല്‍ അറിവുണ്ടായതോടെ, പര്‍വ്വതങ്ങള്‍ വെറും പര്‍വ്വതങ്ങളല്ലെന്നും, ജലാശയങ്ങള്‍ വെറും ജലാശയങ്ങളല്ലെന്നും ഞാന്‍ മനസ്സിലാക്കി. പക്ഷേ, ഇപ്പോള്‍ ഞാന്‍ കാര്യത്തിന്റെ ഉള്ളിലേയ്ക്ക് കടന്നുചെന്നിരിക്കുന്നു, എന്റെ മനസ്സ് സ്വസ്ഥമാണ്. എന്തെന്നാല്‍, ഇപ്പോള്‍ എനിക്ക് പര്‍വ്വതങ്ങളെ വീണ്ടും പര്‍വ്വതങ്ങളായും, ജലാശയങ്ങളെ വീണ്ടും ജലാശയങ്ങളായും കാണാനാവുന്നു." (Zen master Ch'ing-yuan. Exploring Zen - Asian Thought and Culture - Hsueh-li-Cheng, Peter Lang Publi. N.Y.1991) 

മൂന്നുവര്‍ഷം മുമ്പ്, പാലായിലെ ഒരു ജൈവകൃഷിക്കടയില്‍ നിന്ന് മസനോബു ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവം കൈയില്‍ കിട്ടി. അമാനുഷികമായ ചിന്തകള്‍. എന്തെല്ലാം 'കിറുക്കുകളാണ്' അദ്ദേഹം പറഞ്ഞത്! അവയെല്ലാം സത്യമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഉദാഹരണത്തിന് അദ്ദേഹം പറയുന്നു:
"പരിഷ്കൃത കൃഷിമുറകള്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്നു. കൃഷിക്ക് പ്രകൃതിസംരക്ഷണം നഷ്ടപ്പെടുന്നു, അങ്ങനെ കൃത്രിമസംരക്ഷണം ആവശ്യമായിത്തീരുന്നു. മനുഷ്യജീവിതത്തിന്റെ മറ്റ് മേഖലകളിലും ഇതുതന്നെ സംഭവിക്കുന്നു. ഉദാ. ഔപചാരിക വിദ്യാഭ്യാസം. അതിന് തനതു മൂല്യമൊന്നുമില്ല. സ്കൂള്‍പഠിപ്പ് ആവശ്യമാകുന്ന സ്ഥിതിവിശേഷം കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണ്. സമൂഹഗതി പ്രകൃതിവിരുദ്ധമാകുമ്പോഴാണ് സ്കൂള്‍പഠിപ്പ് ആവശ്യമായി വരുന്നത്."

ഇന്ന് വിദ്യാഭ്യാസമെന്നാല്‍, സമുദായത്തിന് പറ്റിയ തരത്തില്‍ യുവതലമുറയെ മെരുക്കിയെടുക്കുകയാണ്. പള്ളി-സ്കൂളുകള്‍, അനിഷ്ടകരമായ ചരിത്രസത്യങ്ങളെ മറച്ചുപിടിച്ചു പോലും, മതത്തിന് ചേരുംപടി അതു ചെയ്യുന്നു. മദ്രസകള്‍ അവര്‍ക്ക് വേണ്ടുംവണ്ണം. അവരൊക്കെ ഉദ്ദേശിക്കുന്ന സ്നേഹം, സംരക്ഷണം തുടങ്ങിയവ മത്സരം ക്രൌര്യം എന്നിവയിലൂടെയാണ് പരിശീലിപ്പിക്കപ്പെടുന്നത്. അവര്‍ക്ക്, പൈതൃകമെന്നത് അന്ധമായ അനുസരണയും അനുകരണവും ചിന്തിക്കാനുള്ള കഴിവുകേടുമാണ്. നമ്മെപ്പറ്റി പഠിക്കുന്നത് മാത്രമേ ജീവിതത്തിനുതകുകയുള്ളൂ. എന്നാല്‍ നമ്മുടെ സ്കൂളുകളില്‍ നടക്കുന്നത് ഇതൊഴിച്ചുള്ളതെല്ലാമാണ്. തെറ്റായ ഒരാശയം ഉള്ളിലുറച്ചുകഴിഞ്ഞാല്‍ അതു തിരുത്താന്‍ ഒരു ജീവിതം മുഴുവന്‍ മതിയാകില്ല എന്ന് ഇതിനകം കിഴക്കും പടിഞ്ഞാറുമുള്ള എത്രയോ തീവ്രവാദികള്‍ തെളിയിച്ചുകഴിഞ്ഞു! 

ഫുക്കുവോക്ക വിശ്വസിച്ച ഏറ്റം വലിയ കിറുക്കും റ്റോള്‍സ്റ്റോയ് വളരെ മുമ്പേ സ്ഥാപിച്ചതും അതേ സത്യമാണ്. ഒന്നുമറിയാന്‍ മനുഷ്യനെക്കൊണ്ടാവില്ല. തനതു മൂല്യം ഒന്നിനുമില്ല. മനുഷ്യന്റെ പ്രവൃത്തികള്‍ നിരര്‍ത്ഥകവും നിഷ്ഫലവുമായ യത്നമാകുന്നു. ഇത് അത്രയൊന്നും അസംബന്ധമല്ലെന്ന് അനുദിനജീവിതം നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും. തന്നെപ്പറ്റി ആരും ഒന്നും പഠിക്കുന്നില്ല എന്നതാണത്.

0 comments: