അതിസമൃദ്ധമായ ഈ ഭൂമിയില്‍ എന്തുകൊണ്ടാണ് ദരിദ്രരുണ്ടാകുന്നത്? എന്തുകൊണ്ട് ചുരുക്കം ചിലരുടെ കൈയില്‍ ലോകത്തിലെ സമ്പത്തെല്ലാം ചെന്നുചേരുന്നു? ഏവര്‍ക്കും സുഭിക്ഷമായി കഴിയാന്‍ വകയുള്ള ഭൂതലത്തില്‍, ആവശ്യത്തിനുള്ളത് മാത്രമേ ഓരോരുത്തരും വച്ചുകൊണ്ടിരിക്കാവൂ എന്ന ക്രമീകരണം നടപ്പാക്കണം. അങ്ങനെയൊന്നായിരുന്നു ആദിമ ക്രിസ്ത്യാനികള്‍ ശീലിച്ചുപോന്ന ജീവിതശൈലി. അത് നഷ്ടപ്പെട്ടതോടെ ഒരു വശത്ത് ദാരിദ്ര്യവും മറുവശത്ത് അമിതസമ്പത്തും മനുഷ്യചേതനയെ ഞെരുക്കിത്തുടങ്ങി. ക്രമം തെറ്റിക്കുന്നതാണല്ലോ അക്രമം. എല്ലാവര്‍ക്കും ഗുണകരമായ ഒരു ക്രമം തെറ്റിക്കുന്നത് ശിക്ഷാര്‍ഹമായി പൊതുവേ അംഗീകരിക്കപ്പെടണം. ഒരുവന്റെ സമ്പാദ്യങ്ങള്‍ മറ്റൊരുവന്റെ ഇല്ലായ്മയാകുമ്പോള്‍ അത് അക്രമമായി. പ്രകൃതിയുടെ സ്വാഭാവിക ക്രമം തെറ്റിക്കലാണത്. ഏത് കൂട്ടിവയ്പും അന്യന്റെ അദ്ധ്വാനത്തിന്റെ കൊള്ളയാണ്. കുടുംബസ്വത്ത് എന്ന ഏര്‍പ്പാട് നിറുത്തലാക്കണം. അദ്ധ്വാനമായിരിക്കണം ജീവിക്കാനുള്ള അര്‍ഹതക്ക് നിദാനം, ജനനമോ സ്ഥാനമോകൊണ്ട് കൈപ്പറ്റുന്ന ആസ്തികള്‍ ആയിരിക്കരുത്. ധാര്‍മ്മികശിക്ഷണത്തിലൂടെ, അതിധനം പുശ്ചമായിതോന്നിപ്പിക്കുന്ന ഒരു മാനസികനില വളര്‍ത്തിയെടുക്കണം. ആവശ്യപൂര്‍ത്തീകരണങ്ങളെല്ലാം പ്രകൃതിയുടെ ദാനമാണെങ്കില്‍, ധനം വഞ്ചനയുടെ ഫലമാണ് എന്ന ധാര്‍മ്മിക ചിന്തയിലേയ്ക്ക് മനുഷ്യമനസ്സാക്ഷി തിരിച്ചു വരേണ്ടിയിരിക്കുന്നു.
എന്റെയുള്ളില്‍ പണ്ടേ കിടന്നിരുന്ന ഒരാശയം, ഈ വര്‍ഷത്തെ (2010) സ്വാതന്ത്ര്യദിനത്തില്‍, ആലുവ ജനസേവ ശിശുഭവന്‍ പ്രസിദ്ധീകരിച്ചത് (ആധാരം, puzha.com) കണ്ടപ്പോള്‍ കുറച്ചൊന്നുമല്ല സന്തോഷം തോന്നിയത്. അതിങ്ങനെയായിരുന്നു. സമൂഹത്തിനുപകാരമില്ലാതെ പണം സമ്പാദിച്ചു കുന്നുകൂട്ടുന്ന സമ്പന്നരുടെ സ്വത്തിനു പരിധി നിര്‍ണ്ണയിച്ചാല്‍ മാത്രമേ, പട്ടിണിയില്ലാത്ത ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ. ഒരു വ്യക്തിക്കു സൂക്ഷിക്കാവുന്ന പരമാവധി സ്വത്തിന്റെ പരിധി നിശ്ചയിക്കണം. ഇന്‍കംടാക്സ് അടച്ചാല്‍ മാത്രം മതി, എത്രമാത്രം സ്വത്ത് വേണമെങ്കിലും സമ്പാദിച്ചുകൂട്ടാം എന്ന സമ്പദ്‌വ്യവസ്ഥിതി മാറണം. അത് മനുഷ്യത്വത്തിന് നിരക്കാത്തതാണ്. ഇത്തരമൊരു പരിധിക്കപ്പുറമുള്ള സ്വത്തുക്കള്‍ അധ:സ്ഥിതരുടെ ഉന്നമനത്തിനായി ഉപയോഗിക്കണം. അതിനുള്ള വിശാലവീക്ഷണവും തന്റേടവുമുള്ളയാളുകള്‍ ഭരണത്തിലെത്തിച്ചേരണം.
മനുഷ്യക്കുഞ്ഞുങ്ങളില്‍ പയ്യെപ്പയ്യെ വ്യക്തിബോധം ഉരുത്തിരിഞ്ഞുവരുന്നത് രസകരമായ ഒരു പ്രതിഭാസമാണ്. ഒരിക്കല്‍ സ്വത്വബോധം കൈവരിച്ചുകഴിഞ്ഞാല്‍, തുടര്‍ന്ന് മരണംവരെ വ്യക്തിപരമായ വികസനത്തെയും പ്രഫുല്ലതയെയും ലക്‌ഷ്യംവച്ചാണ് മനുഷ്യന്റെ മുന്നേറ്റം. സമഷ്ടിഭാവം (സമൂഹബോധം) വ്യക്തിഭാവത്തിന്റെ പരിരക്ഷക്കെന്നോണം ഒരു പുറംതാളുപോലെ അംഗീകരിക്കപ്പെടുക എന്നതില്‍കവിഞ്ഞ് മിക്ക മനുഷ്യര്‍ക്കും അത്ര പ്രാധാന്യമുള്ളതായിത്തീരുന്നില്ല. എന്നാല്‍ ആദിവാസിസമൂഹങ്ങളില്‍ ഇത് നേരേ തിരിച്ചാണ്. വ്യക്തിസ്വാര്‍ത്ഥത, സ്വകാര്യസ്വത്ത് തുങ്ങിയവ അവര്‍ക്കന്യമാണ്. എല്ലാറ്റിലും കൂട്ടായ്മയാണവരെ നയിക്കുന്ന പ്രേരകത്വം. ജീവിതലക്‌ഷ്യം വെറും വ്യക്തിത്വവികസനം മാത്രമാകുമ്പോള്‍ ഒരുവന്‍ തേടിപ്പോകുന്ന അറിവിന്റെ വ്യാപ്തിയും ചുരുങ്ങിപ്പോകുന്നു. അറിവെന്നത് അനന്തമായ ഒരു പ്രകാശധാരയാണെന്നും അതിലേയ്ക്ക് നയിക്കപ്പെടുകയെന്നാല്‍ ബോധപ്രകാശനത്തിന്റെ അത്യുദാത്തഭാവത്തെയെന്നപോലെ എല്ലാറ്റിനെയും എകീകരിക്കുന്ന സരളതയെയും അനുഭവിച്ചറിയുകയാണെന്നും മിക്കവാറും ആള്‍ക്കാര്‍ ഒരിക്കലും കണ്ടെത്തുന്നേയില്ല.
നാം സമാഹരിക്കുന്ന അറിവിന്റെയും മറ്റു സമ്പത്തുകളുടെയും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പരിമിതികള്‍ അല്ലെങ്കില്‍ പോരായ്‌മകള്‍ ആണ് വ്യക്തികള്‍ തമ്മിലുള്ള വ്യത്യസ്തതകളുടെ ഉറവിടം. അഹം എത്ര ശക്തമാകുന്നുവോ, അത്രയും അരക്ഷിതനാകുകയാണ് ഓരോ വ്യക്തിയും. പണം, സുഖം, അധികാരം എന്നിവ കൂടുതല്‍ നേടുന്നതിലുടെയാണ് "ഞാന്‍" വളരുന്നത്. എന്നാല്‍ കൂടുതല്‍ കിട്ടുന്നത് കൂടുതല്‍ നഷ്ടപ്പെടുമെന്നുള്ള ഭയമുണ്ടാക്കുന്നു. മാത്രമല്ല, മറ്റുള്ളവര്‍ക്കുംകൂടി കിട്ടേണ്ടത് ഒരാള്‍ നേടുകയും അവയൊക്കെ സ്വന്തമായി അവകാശപ്പെട്ടതുപോലെ കൂട്ടിവയ്ക്കുകയും ചെയ്യുമ്പോള്‍ അത് ഒറ്റപ്പെടലിന് കാരണമാകുന്നു. ആന്തരികമായ ശൂന്യത വര്‍ദ്ധിക്കുന്നു. ഏറ്റം അഗാധമായ തലത്തില്‍ സാമ്പത്തികഭദ്രത അല്ലെങ്കില്‍ -സുഖം ദൈവത്തിലേയ്ക്കോ പ്രശാന്തിയിലേയ്ക്കോ ഉള്ള വഴിയാകുന്നില്ല. കാരണം, എല്ലാവിധ നേട്ടങ്ങളും ദ്വൈതത്തെ പരിപോഷിപ്പിക്കുന്നു. ദൈവം, ശാന്തി എന്നിവ എല്ലാ ദ്വൈതങ്ങള്‍ക്കും അപ്പുറത്തു മാത്രം കൈവരുന്ന ആന്തരികപ്രകാശമാണ്.
ഏതു ജോലിക്കും വ്യവഹാരത്തിനും ക്രയവിക്രയത്തിനും അതാതിന്റെ മൂല്യനിര്‍ണ്ണയം അനുവദിക്കുന്ന പ്രതിഫലം ആഗ്രഹിക്കാവുന്നതാണ്. എന്നാലത് ലാഭക്കൊതിയാവുമ്പോള്‍ അതിനതിരില്ലാതാകുന്നു. പിന്നെ അതില്‍നീതിന്യായങ്ങളില്ല. സ്വിസ്ബാങ്കുകളാണ് ഒന്നാന്തരം ഉദാഹരണങ്ങള്‍. ഓരോ വര്‍ഷത്തെയും അധിക മിച്ചലാഭത്തെ ഇരട്ടിപ്പിക്കുകയാണ് അടുത്ത വര്‍ഷത്തെ ലക്‌ഷ്യം. നിക്ഷേപകര്‍ വിഡ്ഢികളായി എന്നും മൂലധനദാതാക്കളായി കഴിയുന്നു. ഇതൊരു മുതലാളിത്തരോഗമാണ്. എല്ലാ കൊള്ളപ്പണവും കൈ നീട്ടി വാങ്ങുന്ന ഈ ബാങ്കുകള്‍ക്ക് അതിന്റെ രക്തത്തില്‍ പങ്കില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? അതിവിദൂരത്തുള്ള രാജ്യങ്ങളുടെ പോലും സമ്പദ്‌വ്യവസ്ഥിതിയെ താറുമാറാക്കുന്ന ഈ മൂല്യച്യുതി അമേരിക്ക, യുറോപ് എന്നിവടങ്ങളില്‍ നിന്ന് ഏഷ്യന്‍ രാജ്യങ്ങളിലേക്കും പരന്നുകഴിഞ്ഞു. ഒരിക്കലും കരകയറാനാവാത്ത ദാരിദ്ര്യത്തിലേക്ക് ജനകോടികളെ ചവുട്ടി താഴ്ത്തുന്ന ചൂഷണമാണിത്.
സംസ്കൃതത്തില്‍ പണത്തിനുള്ള വാക്ക് 'ദ്രവിണം' എന്നാണ്. അതായത്, പണം പണമാകുന്നത് അതിന് ദ്രവസ്വഭാവം ഉള്ളപ്പോള്‍, ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍, മാത്രമാണ്. അല്ലെങ്കില്‍ അത് വെറും പിണ്‍ഡമാണ്, പിണമാണ്. അതുപോലെ, "ലഭ്" എന്നാല്‍ ലഭിക്കുക എന്നും "ലുഭ്" എന്നാല്‍ അത്യാഗ്രഹം തോന്നുക എന്നുമാണ് അര്‍ത്ഥം. ആദ്യത്തേത് രണ്ടാമത്തേതായി മാറാന്‍ ഒരു ചെറിയ കുനുപ്പു മതി. അന്യന്റെ തൊലിയില്‍ കുത്തി വലിക്കുന്ന ആ കൂര്‍ത്ത കുനുപ്പാണ് ലാഭക്കൊതി. ലാഭത്തിന്‍റെ രുചിയറിഞ്ഞാല്‍ നീതിബോധമതോടെ മറയുന്നു. ബ്ലെയ്ടുമാഫിയകള്‍ തൊട്ട് ആയുധക്കമ്പോളങ്ങളും യുദ്ധക്കൊതിയന്മാരും നിക്ഷേപകമ്പനികളും പനപോലെ വളരുന്നത് ഈ സംസ്കാരശോഷണത്തിന്റെ ഫലമായാണ്. അതോടേ, കൊല്ലും കൊലയും സമൂല നശീകരണങ്ങളും ചിലരുടെ മാത്രം ലാഭനഷ്ടങ്ങളുടെയും കൂട്ടിവയ്പ്പിന്റെയും പേരില്‍ നിത്യസംഭവങ്ങളായിത്തീര്‍ന്നിരിക്കുന്നു. അമേരിക്ക നടത്തിയിട്ടുള്ള, ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന, യുദ്ധങ്ങളെല്ലാം അമേരിക്കന്‍ കമ്പനികളുടെ ലാഭകൊതികൊണ്ട് മാത്രമാണെന്നത് ആര്‍ക്കാണറിയില്ലാത്തത്?
ജീവിത സൌഭാഗ്യത്തിലേയ്ക്ക് തന്റെ നിര്‍ദ്ദേശം യാചിച്ചു വന്ന ബുദ്ധിമാനായ ചെറുപ്പക്കാരനോട് യേശു പറഞ്ഞതിതാണ്: "നിന്റെയേക പോരായ്മ നിനക്കുള്ള അളവറ്റ ധനമാണ്. അത് ദരിദ്രര്‍ക്ക് കൊടുക്കുക, നീ രക്ഷപ്രാപിക്കും."ദരിദ്രര്‍ എന്നിവിടെ ഉദ്ദേശിച്ചത് മറ്റാരുമല്ല. അയാള്‍ പണം കൂട്ടിവച്ചപ്പോള്‍, അര്‍ഹതപ്പെട്ട ആര്‍ക്കെല്ലാം അതുപകരിക്കാതെ പോയോ, അവരാണ്, അയാളെ സംബന്ധിച്ചിടത്തോളം ദരിദ്രര്‍. അതുകേട്ട് അയാള്‍, പക്ഷേ, സ്ഥലംവിടുകയാണ് ചെയ്തത്. അയാളുടെ പിന്‍ഗാമികളാണ് ലോകത്തുള്ള ഇന്നത്തെ അനീതികള്‍ക്കെല്ലാം കാരണക്കാര്‍.
0 comments:
Post a Comment