മലയാളിയും പ്രാര്‍ത്ഥനയും

ഒരു സാധാരണ മലയാളി വായ്‌ തുറന്നാല്‍ പുറത്തുവരുന്നത് ഒന്നുകില്‍ അഹന്തയുടെ ഒരു ഗര്‍ജ്ജനം, അല്ലെങ്കില്‍ ഒരു പ്രാര്‍ത്ഥന. ഒരേ പുണ്ണ്യവാളനോടുള്ള ഒരേ പ്രാര്‍ത്ഥന തന്നെ ഒരേ താളില്‍ ഇരുപതു തവണ നാട്ടിലെ ചില പത്രങ്ങളില്‍ കാണാം. ദിവസം മുഴുവന്‍ പ്രാര്‍ത്ഥനക്കായി മാത്രമുള്ള ചാനലുകളും കേരളത്തിലുണ്ട്. മലയാളികളുടെ പ്രയത്നങ്ങളിലൂടെ, പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കാന്‍ കൂട്ടായ്മകളും ആസ്ഥാനങ്ങളും യുറോപ്പിലും അമേരിക്കയിലും അരിക്കൂണുപോലെ മുളച്ചുകൊണ്ടിരിക്കുന്നു. 

ഈ പറഞ്ഞിടത്തെല്ലാം പ്രാര്‍ത്ഥനയെന്ന പ്രവൃത്തി, ഒരു വിശ്വാസി, അവന്‍ ആരാധിക്കുന്ന ദൈവവുമായി, അല്ലെങ്കില്‍, ഒരു മദ്ധ്യസ്ഥനോടോ  മദ്ധ്യസ്ഥയോടോ പുലര്‍ത്തുന്ന ഒരനുഗ്രഹംതേടലാണ്. സമ്മതിച്ചു, ഇത്തരം പ്രാര്‍ത്ഥന പലരുടെ ജീവിതത്തിലും ഒരു മാനസ്സിക ഔഷധമായി പ്രവര്‍ത്തിക്കാം. അത് യഹൂദ- ഇസ്ലാമികമതങ്ങളുടെ കണ്ടുപിടുത്തമാണ്. ക്രിസ്തുമതവും ഈ രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നേയുള്ളൂ. അവര്‍ക്കത് കാശുവച്ചുള്ള കളിയുമാണ്. പക്ഷേ, തത്ത്വത്തില്‍ മറ്റൊരര്‍ത്ഥവുമില്ലാത്ത വ്യായാമാമാണിത്. കാരണം, ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കുക എന്നത് ഒരു മനുഷ്യഭാവന മാത്രമാണ്. എന്തുകൊണ്ടാണ് ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കക അസാധ്യമാകുന്നത്? 

ദൈവമൊരു വ്യക്തിയല്ലായെന്നതാണ് അതിന്റെ ലളിതമായ കാരണം. എല്ലാ അസ്ഥിത്വത്തിന്റെയും ജീവന്റെയും അടിസ്ഥാനമായ ശക്തിയെന്നാണ് ദൈവശബ്ദം കൊണ്ടു മനസ്സിലാക്കേണ്ടത്. പ്രപഞ്ചത്തില്‍ വ്യക്തിത്വത്തിലേക്ക് വികസിച്ചത് നാമറിയുവോളം മനുഷ്യന്‍ മാത്രമാണ്. അതുതന്നെയാണ് അവനു വിനയായി ഭവിച്ചതും. കാരണം, എല്ലാ സ്വാര്‍ത്ഥതയുടെയും പിന്നില്‍ ഈ വ്യക്തിത്വബോധമാണുള്ളത്. ദൈവതത്തില്‍ വ്യക്തിത്വം ആരോപിക്കുക ബാലിശമാണ്. അതില്‍നിന്നു തന്നെയാണ് പ്രാര്‍ത്ഥനയുടെ കാര്യത്തിലുണ്ടാകുന്ന തെറ്റായ ധാരണയും വന്നുചേരുന്നത്. ദൈവം മനുഷ്യരെ വ്യക്തികളായി കരുതുന്നുണ്ടെന്നുള്ളതിനുതകുന്ന എന്തെങ്കിലും തെളിവുകള്‍ അനുദിനജീവിതത്തില്‍ ഒരിടത്തും കാണാനാവില്ല. സംഭവിക്കുന്നവയെല്ലാം പ്രകൃതിയുടെ നിയമങ്ങളനുസ്സരിച്ചുണ്ടാകുന്നവയാണ്. അവയില്‍ നന്മതിന്മകളെ വേര്‍തിരിച്ചു കാണുന്നതും അവയെ അനുഗ്രഹങ്ങളും ശിക്ഷകളുമായി തരംതിരിക്കുന്നതും മനുഷ്യന്‍ മാത്രമാണ്. അവനു ചേരാത്തത് അവന്‍ തിന്മയായി കരുതുന്നു, അത്രതന്നെ. തന്നില്‍ത്തന്നെ സര്‍വ്വോന്നത നന്മയായതിനാല്‍ ദൈവത്തിനും, നന്മതിന്മയുടെ വേര്‍തിരിവറിയില്ലാത്തതിനാല്‍ പ്രകൃതിയിലുള്ള ഒന്നിനും തിന്മയെന്നൊന്നില്ല, ഉണ്ടായിരിക്കാനവില്ല.

വ്യക്തിയാണ് തിന്മയുടെ സൃഷ്ടാവെന്ന് അല്പമാലോചിച്ചാല്‍ വ്യക്തമായി മനസ്സിലാകും. എന്തുകൊണ്ടാണ് ചില ചെടികളെ നാം കളകളെന്നു കരുതി നശിപ്പിക്കുന്നത്? നമുക്കുപകാരമുള്ള സസ്യങ്ങളെ പ്രത്യേക ശ്രദ്ധകൊടുത്തു പരിരക്ഷിക്കാന്‍ വേണ്ടി. ഇതേ കഴ്ച്ചപ്പാടുതന്നെയാണ് മറ്റു നന്മതിന്മകളുടെയും പ്രഭവസ്ഥാനം. ബോധോദയം സംഭവിക്കുക എന്നാല്‍ വ്യക്തിപരമായ തലത്തില്‍നിന്നുയര്‍ന്ന്, ചിന്തയിലും പ്രവൃത്തിയിലും അസ്തിത്വത്തിന്റെ ഭാഗമാകുക എന്ന് മാത്രമാണ്. അതുതന്നെയാണ് ദൈവവുമായുള്ള ഐക്യവും. അതുതന്നെയാണ് ശുദ്ധമായ പ്രാര്‍ത്ഥന. അല്ലാതെ, ഓരോ നിമിഷവും ഏതെങ്കിലും തരത്തിലുള്ള അപ്പത്തിനായി യാചിച്ചുകൊണ്ടിരിക്കുകയല്ല. 

യുക്തിഭദ്രമായ ജീവിതമെപ്പോഴും സാധ്യമല്ല. മിക്കപ്പോഴും മനസ്സിന്റെ നിയത്രണപരിധിയിലല്ല സുന്ദരമായ പലതും – സൌന്ദര്യാവബോധം, ധ്യാനചൈതന്യം, അകൈതവപ്രേമം തുടങ്ങിയവ. എന്നാലിവയൊക്കെയില്ലാതെ എന്ത് ജീവിതസാഫല്യം? പ്രാര്‍ത്ഥനയുടെ നിരന്തരഭാവമുള്ളവര്‍ക്ക് പള്ളികളും അമ്പലങ്ങളും അധികപ്പറ്റായി തോന്നും; അതില്ലാത്തവര്‍ക്കോ, ഉപയോഗശൂന്യവും. നമുക്കുചുറ്റുമുള്ള അനന്തമായ പ്രപഞ്ചവിസ്മയങ്ങള്‍ നമ്മെ നിരന്തരം ദൈവസാന്നിധ്യം പഠിപ്പിക്കുന്നില്ലെങ്കില്‍ ദൈവത്തെ പിന്നെ എവിടെ തേടാനാണ്? ദൈവത്തോടുള്ള അടുപ്പമെന്നതുകൊണ്ട് പിന്നെയെന്താണ് ഒരാള്‍ ഉദ്ദേശിക്കുന്നത്? ഈ ചോദ്യം വേണ്ടിവരുന്നതുതന്നെ വ്യാജമായ വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന മതപ്രവണതകളുടെ അതിപ്രസരംകൊണ്ടാണ്. പുണ്ണ്യവാളന്മാര്‍,പൂജാരിപുരോഹിതര്‍ തുടങ്ങിയവര്‍ക്ക് ജനത്തിന്റെമേലിന്നുള്ള വെറുപ്പിക്കുന്ന സ്വാധീനവും അന്ധമായ വ്യക്തിസ്വാധീനത്തിന്റെ പാര്‍ശ്വഫലം മാത്രമാണ്. പ്രാര്‍ത്ഥനയെന്നാല്‍ ഇതൊക്കെയാണെന്നുള്ള അന്ധവിശ്വാസം സാധാരണക്കാരില്‍ ഇന്ന് കൂടുതലായി അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.

തത് സത്യം, സ ആത്മാ, തത്ത്വമസി, ശ്വേതകേതോ (അതാണ്‌ സത്യം, അത് ആത്മാവാണ്, നീ അതാണ്‌, ശ്വേതകേതൂ! - സ്വന്തം പേരിവിടെ ചേര്‍ക്കുക). ഛാന്ദോക്യോപനിഷത് VI, 1, 2-6.  ഇത്ര സുന്ദരവും, എത്ര മനനം ചെയ്താലും
മതിയാവാത്തതുമായ മറ്റൊരു സ്നേഹവാക്യം ഈ ഭൂവിലൊരിക്കലും വേറൊരിടത്തും ഉരിയാടപ്പെട്ടിട്ടില്ല. പ്രാര്‍ത്ഥനയുടെ സര്‍വാര്‍ത്ഥങ്ങളും ഈ വാക്യത്തിലുള്‍ക്കൊണ്ടിരിക്കുന്നു.

പ്രാ – അര്‍ത്ഥന എന്നാല്‍ അര്‍ത്ഥനക്ക് മുമ്പുള്ളത് എന്നാണ്‌. അതുകഴിഞ്ഞുള്ളതുമാണ്. യാചനയാകുന്ന പ്രാര്‍ത്ഥന വെറും അര്‍ത്ഥനയാണ്. അത് ജീവനില്ല്ലായ്മയുടെയും ശുഷ്ക്കതയുടെയും  ലക്ഷണമാണ്. ആത്മജീവനുള്ളിടത്ത്, അര്‍ത്ഥനയല്ല, ആഘോഷമാണുണ്ടാവുക. മതിയാകാത്തിടത്താണ് യാചന വേണ്ടിവരുന്നത്. നേര്‍ച്ചകാഴ്ച്ചകളുടെയും അര്‍ച്ചനകളുടെയും ആവര്‍ത്തനപ്പാട്ടുകളുടെയുമൊക്കെ ബഹളങ്ങള്‍ അതൃപ്തിയുടെ സൂചനകളാണ്. എന്നാല്‍ സംതൃപ്തന്‍ (വേണ്ടതെല്ലാം തനിക്കുണ്ടെന്നുള്ള ബോദ്ധ്യത്തില്‍ കഴിയുന്നവന്‍) ഉള്ളതുകൊണ്ടാഘോഷിക്കും. ആള്‍ക്കൂട്ടവും കൂട്ടപ്രാര്‍ഥനയും അവനു വിരസതയേകുകയേയുള്ളൂ.

ഇരന്നു വാങ്ങാനും വാരിക്കൂട്ടാനുമുനുള്ള ത്വര - അത് രോഗശാന്തിയോ മറ്റനുഗ്രഹങ്ങളോ ആകട്ടെ - ആത്മീയതയല്ല. അതിന്റെയഭാവമാണ്. എല്ലാം കിട്ടിയിട്ടുണ്ടെന്ന സംതൃപ്തിയില്‍ മാത്രമേ ആത്മീയത പുഷ്ടിപ്രാപിക്കൂ.

0 comments: