സുവിശേഷത്തിന്‍റെ പരിമളം

(ഒരു വിശ്വപ്രണയത്തിന്‍റെ കഥ)

നാട്ടുകാര്‍ ജോഷ്വായെന്ന് വിളിച്ചിരുന്ന യേശു മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെയമ്മയും മറിയമെന്നുതന്നെ പേരുള്ള മറ്റു രണ്ടു സ്ത്രീകളും അടുത്തുണ്ടായിരുന്നുവെന്നു നാം വായിക്കുന്നു. എന്നാല്‍ തന്‍റെ കല്ലറക്കു സമീപം പിറ്റെന്നാള്‍ രാവിലെ ചെല്ലുന്നത് ഇതിലൊരാള്‍മാത്രമാണ്, മഗ്ദലേനയിലെ മറിയം. അവളെപ്പറ്റി സുവിശേഷകര്‍ത്താക്കള്‍ പരാമര്‍ശിച്ചിട്ടുള്ളതെല്ലാം അതീവഹൃദ്യമാണ്. ജോഷ്വായും ഈ മിറിയവും തമ്മില്‍ അഗാധമായ ഒരടുപ്പമുണ്ടായിരുന്നുവെന്നത് ഒളിച്ചുവയ്‌ക്കാന്‍പറ്റാത്ത എന്തോ ആയതുകൊണ്ടാണല്ലോ, സുവിശേഷത്തില്‍ അവളുടെ ചെയ്‌തികള്‍ ഇടംകണ്ടെത്തിയത്. അധികം സ്ത്രീപരാമര്‍ശങ്ങള്‍ ഇന്ന് വായിക്കപ്പെടുന്ന പുതിയനിയമഗ്രന്ഥങ്ങളിലില്ല. ഉള്ളതുതന്നെ ഒളിച്ചുവച്ചാണ് സ്ത്രീത്വത്തെ ഭയപ്പെട്ടിരുന്ന സഭാപിതാക്കന്മാര്‍ സുവിശേഷവ്യാഖ്യാനങ്ങള്‍ നടത്തിപ്പോന്നിരുന്നത്. മറിയം മഗ്ദലേനയുടെ പേരില്‍ ഒരു സുവിശേഷഗ്രന്ഥം തന്നെ ആദ്യകാലസഭയിലുണ്ടായിരുന്നു. സഭയംഗീകരിക്കാത്ത കൃതികളില്‍പെടുന്നു അതും. ആധുനികകാലത്താണ്, ജോഷ്വായെയും മഗ്ദലേനമറിയത്തെയും ഉള്‍ക്കൊള്ളിച്ച് ഭാവനാസമ്പന്നമായ എഴുത്തുകളും സിനിമകളും ഉണ്ടായിത്തുടങ്ങിയത്. അവയേയും "പിതാക്കന്മാര്‍" കണ്ണടച്ച്  അപലപിച്ചിട്ടേയുള്ളൂ. മനുഷ്യപുത്രന്‍ (Jesus the son of man, published  by Alfred A. Knopf ) എന്ന കൃതിയില്‍ ഒരദ്ധ്യായം തന്നെ ഖലീല്‍ ജിബ്രാന്‍ മഗ്ദലെനയിലെ മറിയത്തിനായി മാറ്റിവച്ചിട്ടുണ്ട്. അതില്‍ അവളുടെ  ചിന്തകള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:

ഭൂമിയിലെ രാജാക്കന്മാര്‍ അവന്റെ മുമ്പില്‍ നമ്രശിരസ്ക്കരായി നില്‍ക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. 
അവന്റെ മുഖകാന്തി - അത് ഞാനെങ്ങനെ പറഞ്ഞറിയിക്കും? ഇരുട്ടില്ലാത്ത രാത്രി പോലെയും ശബ്ദരഹിതമായി പ്രഭാതം പോലെയുമായിരുന്നു അത്. "നീ എന്താണാഗ്രഹിക്കുന്നത്, മറിയം?"  ഒരിക്കലവന്‍ ചോദിച്ചു. ഞാനൊന്നും പറയാതെതന്നെ അവന്റെ ചിറകുകള്‍ എന്റെ ഹൃദയത്തെ പൊതിഞ്ഞു. അതിന്റെ തണുപ്പ് മാറി. അവന്റെ വിരലുകള്‍ എന്റെ ഹൃദയതന്ത്രികളില്‍ ഓടിക്കളിക്കണമെന്നും അവനോടൊത്ത്‌ തനിയെ ഇരിക്കണമെന്നും ഞാനാഗ്രഹിച്ചു. 


ഒഴിഞ്ഞുകിടന്ന യേശുവിന്‍റെ കല്ലറക്കുമുന്നില്‍നിന്ന്‌ മഗ്ദലെനയിലെ മറിയം കരഞ്ഞതുപോലെ മറ്റൊരു പ്രണയിനിയും കരഞ്ഞിട്ടുന്ടാവില്ല. അവള്‍ യേശുവിനെ തീവ്രമായി പ്രണയിച്ചിരുന്നുവെന്നതിനു യാതൊരു സംശത്തിനുമിടയില്ല. അവന്റെയൊരു കുഞ്ഞിനെ കൊതിക്കാന്‍തക്ക ആഴത്തിലുള്ളതായിരുന്നിരിക്കണം അവളുടെയിഷ്ടം. യേശുവിന്‍റെ നഷ്ടത്തില്‍ മറ്റാരുടെയുംകാള്‍ അവളുടെ നെഞ്ഞുപിടഞ്ഞു. അന്ന് അളവില്ലാതെ കണ്ണീരൊഴുക്കിയ എല്ലാ സ്ത്രീകളെയും ഭാഗ്യവതികളെന്നു വിളിക്കാം. സ്വന്ത- അല്ലെങ്കില്‍ ഒരന്യശരീരത്തില്‍ തടഞ്ഞുനിന്നുപോകുന്ന ഒരു പുരുഷനും ഇത് മനസ്സിലാകില്ല. ശരീരത്തിനപ്പുറത്ത് കടന്നവവരാണ്, പിന്നീട് ശരീരത്തെയും നിര്‍മലതയില്‍ പൊതിഞ്ഞ് സ്നേഹവായ്പിന്റെ ഭാഗമാക്കുന്നത്. 

നിന്നെയെനിക്ക് ഇഷ്ടമാണെന്ന് എത്ര തവണ കേട്ടാലും മതിയാവാതെ, നിന്നെ ചുറ്റിപ്പറ്റിയുള്ളതെല്ലാം ഇഷ്ടമാണെന്നും, മറ്റാരെയുംകാള്‍ നിന്നെയാണെനിക്കിഷ്ടമെന്നും പുരുഷനെക്കൊണ്ട് പറയിപ്പിക്കുംവരെ സ്നേഹിക്കുന്നവരാണ് പ്രണയിനികള്‍. അതുപോലെ യേശുവിനെ സ്നേഹിച്ചവളാണ് ഈ മറിയം. ജോഷ്വായെയവള്‍ ഒളിഞ്ഞും മറഞ്ഞും നിന്നു വീക്ഷിച്ചിട്ടുണ്ടാവണം. അവിടുത്തെ ശരീരഗന്ധം നിറഞ്ഞ ഉടയാടകള്‍ കഴുകിക്കൊടുക്കുംമുമ്പവള്‍ അവയെടുത്ത് സ്വന്തം മുഖം മൂടിയിട്ടുണ്ടാവണം, അതിന്റെ ലഹരിയില്‍ മുഴുകിയങ്ങനെയിരിക്കാന്‍. അദ്ദേഹത്തിന്റെ ഇഷ്ടപലഹാരങ്ങള്‍ ഒരുക്കിക്കൊടുത്ത് അവള്‍ ആനന്ദിച്ചിട്ടുണ്ടാവണം. ദൂരെനിന്ന് അവിടുത്തെ ഉള്ള് തുറന്ന ചിരിയോ സംസാരമോ കേട്ടാല്‍ കോരിത്തരിച്ചുകൊണ്ടവള്‍ വാതുക്കല്‍ ചെന്നുനിന്ന് ഉറ്റുനോക്കിയിരിക്കണം, അദ്ദേഹമെത്തുംവരെ. ഈ മനുഷ്യന്‍ എന്റേതാണ് എന്നവള്‍ക്ക് പൂര്‍ണമായ ഉള്‍ബോദ്ധ്യം ഉണ്ടായിരുന്നിരിക്കണം. ഏറ്റം വശ്യമായിരുന്നിരിക്കണം അവളുടെ അവന്റെയടുത്തുള്ള ശാഠൃങ്ങള്‍. അല്ലെങ്കിലെങ്ങനെ യേശുവിനെപ്പോലെയൊരാള്‍ അവളെ തന്നോടിത്രയധികം അടുക്കാനനുവദിച്ചു? തീര്‍ച്ചയായും യേശുവിന്‍റെ പുരുഷഭാവങ്ങള്‍ മറ്റാരെക്കാളും നന്നായി തിരിച്ചറിയാന്‍ മറിയത്തിനു കഴിഞ്ഞിരുന്നിരിക്കണം.


ഈ സ്ത്രീയില്ലായിരുന്നെങ്കില്‍, അവളെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ആ ഭാഗങ്ങളില്ലായിരുന്നെങ്കില്‍, സുവിശേഷരചനയിലെ മറ്റു ഭാഗങ്ങള്‍ പോലും വായിക്കപ്പെടാതെപോയേനേ എന്നെനിക്കു തോന്നുന്നു. എവിടെയെല്ലാം ഈ സുവിശേഷങ്ങള്‍ പ്രഘോഷിക്കപ്പെടുമോ, അവിടെയെല്ലാം ഇവളുടെ കഥയും പ്രകീര്‍ത്തിക്കപ്പെടും എന്ന് മറ്റാരെപ്പറ്റിയും യേശു പറഞ്ഞിട്ടില്ലല്ലോ.


അതു സംഭവിച്ചത് ഒരിക്കല്‍ ഒരു കരപ്രമാണിയുടെ വീട്ടിലേയ്ക്ക് ക്ഷണിക്കപ്പെട്ട്, ഭക്ഷണത്തിനിരിക്കയായിരുന്ന ജോഷ്വായുടെ കാല്‍ക്കല്‍ ചെന്നിരുന്നു കരയാനും തൈലംകൊണ്ട് അവന്റെ പാദങ്ങള്‍ പൂശാനും മറിയം ധൈര്യം കാണിച്ചപ്പോഴാണല്ലോ. ചിലതൊക്കെ മനസ്സിലുറപ്പിച്ചുകൊണ്ട്, എങ്ങനെയോ മാന്യന്മാര്‍ ഭക്ഷണത്തിനിരുന്നിടത്തു കയറിക്കൂടിയ അവളെ, ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ അവിടുന്ന് അനുവദിക്കുകയായിരുന്നു. വലിയവരുടെ ആതിഥ്യമര്യാദകളോ കളിയാക്കാലോ ഒന്നുമവളെ പിന്തിരിപ്പിച്ചില്ല. ഈ ധൈര്യശാലിനിതന്നെയായിരുന്നു മരണശേഷവും ജോഷ്വായെ തിരക്കി ശവത്തില്‍ പൂശാനുള്ള തൈലവുമായി ചെന്നതെന്നാണ് കരുതേണ്ടത്‌. ഏതായാലും, സ്നേഹം കൂസലില്ലായ്മയും സര്‍വവിധ സ്വാതന്ത്ര്യവുമാണെന്ന് അവളെപ്പോലെ ഒരു സ്ത്രീയും അതുവരെ ഇത്ര പരസ്യമായി യഹൂദസമൂഹത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ചിട്ടില്ലായിരുന്നു.


സ്നേഹത്തെ ആര്‍ഭാടപൂര്‍വം പൂര്‍ണമാക്കുന്നതാണ് പ്രേമം. ഊട്ടുശാലയില്‍ അവള്‍ ചെയ്തത് കടുംകൈയായി ഭൂരിപക്ഷവും വിലയിരുത്തി. യഹൂദര്‍ ജഡത്തെയഭിഷേകം ചെയ്യാനുപയോഗിച്ചിരുന്ന വിലയേറിയ തൈലമായിരുന്നു ഊട്ടുശാലയില്‍ മിറിയം കൊണ്ടുചെന്നിരുന്നതെന്ന് ബൈബിളിന്‍റെ കിംഗ്‌ ജെയിംസ്‌ പരിഭാഷയില്‍ ഉള്ളതായി ഓഷോ ചൂണ്ടിക്കാകാണിച്ചിട്ടുണ്ട്. അതവളന്നു വെള്ളംപോലെ വ്യയംചെയ്തു. ഏവര്‍ക്കും പ്രകോപനപരമായി തോന്നിയ ആ പ്രവൃത്തി, ആ പ്രണയവൃത്തി, ആര്‍ഭാടത്തെ വെറുത്തിരുന്ന യേശു, പക്ഷേ, ന്യായീകരിക്കുകയാണ് ചെയ്തത്. അവിശ്വസനീയവും അസ്സാധാരണവുമാണത്. ഇന്നുപോലും ഇത്ര തന്റേടം കാണിക്കാന്‍ എത്രയാണുങ്ങളുണ്ടാകും?


ഷൈല കാസിഡിയുടേതായി ഒരു നല്ല വ്യാഖ്യാനം ഈ കഥക്കുണ്ട്. അതിങ്ങനെ. യോഹന്നാന്‍ പറയുന്നിടത്ത് ഈ മറിയം, മാര്‍ത്താലാസര്‍മാരുടെ സഹോദരിയാണ്. യേശു അവരെ സന്ദര്‍ശിക്കുമ്പോള്‍, മാര്‍ത്ത സല്‍ക്കാര ജോലികള്‍കൊണ്ട് മടുക്കുമ്പോഴും മറിയം യേശുവിന്റെ കാല്ക്കലിരുന്ന് അദ്ദേഹത്തിന്റെ മധുരഭാഷണങ്ങള്‍ക്ക് കാതോര്‍ക്കുകയായിരിക്കും. മാര്‍ത്ത സങ്കടംപറഞ്ഞുചെന്നാലും യേശു മറിയത്തിന്റെ പക്ഷത്തായിരിക്കും. "നിന്‍റെ വ്യഗ്രതകളല്ല മാര്‍ത്താ, അവളുടേത്, അവളെ വെറുതേ വിടൂ" എന്ന് മാത്രമേ യേശു പറഞ്ഞിരുന്നുള്ളൂ. മിറിയത്തിന്റെ വ്യഗ്രതകളെന്തെന്ന് ഏവര്‍ക്കുമറിയാമായിരുന്നു എന്നതാണതിലെ മൃദുലബിന്ദു. തിരിച്ച് യേശുവിനും തന്‍റെ ആത്മവ്യാകുലതകള്‍ ഇറക്കിവയ്ക്കാന്‍ ഒരിടമായിരുന്നു മറിയം എന്നനുമാനിക്കേണ്ടിയിരിക്കുന്നു. തന്നെ ഇല്ലായ്മചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ തന്‍റെ ഭയാശങ്കകള്‍ പങ്കുവയ്ക്കാന്‍ ചുരുക്കം പേരേ ഉണ്ടായിരുന്നുള്ളൂ. അതില്‍ മിറിയം ഒന്നാമതായിരുന്നിരിക്കണം. അവള്‍ മാത്രമായിരുന്നിരിക്കാം എല്ലാം ഉള്‍ക്കൊള്ളാനായവള്‍. "പ്രിയമുള്ളവനേ, നിന്‍റെ മനസ്സിന്‍റെ പോക്കെങ്ങനെയെന്നു ഞാനറിയുന്നു, ഒന്നും തടയാനെനിക്കു കഴിവില്ലെന്നാലും അകമഴിഞ്ഞു നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്നു നീയറിയുന്നല്ലോ. ഈ സ്നേഹമളക്കാന്‍ ഈ ഭൂവിലൊന്നിനും സാധ്യമല്ല. ഏതു ദുഖത്തിലും ഞാന്‍ നിന്നെ പിരിയുകയില്ല" എന്ന് പറയാന്‍ ഒരു മിറിയം യേശുവിനുണ്ടായിരുന്നു എന്നതാണ് നാമറിയേണ്ടത്. പറഞ്ഞതുപോലെ, ഭ്രാന്തമായ ഈ അടുപ്പത്തിന്റെ കഥയാണ്‌ സുവിശേഷഗ്രന്ഥങ്ങളെ ഇത്ര കൌതുകകരമായി വായനായോഗ്യമാക്കുന്നതില്‍ പ്രധാനം.


എന്തായിരിക്കാം കൂടിക്കാഴ്ചയുടെ സ്വസ്ഥമായ സമയങ്ങളില്‍ അവരിരുവരും അന്യോന്ന്യം പറഞ്ഞിരുന്നത്? പ്രണയിച്ചിട്ടില്ലാത്തയാര്‍ക്കും അതൂഹിക്കാനാവില്ല. പ്രണയിചിട്ടുള്ളവര്‍ക്കോ അതൊരു കടംകഥയാകേണ്ടതുമില്ല. കാരണം, പ്രണയിക്കുകയെന്നത് ഈ ഭൂവിലെ ജീവിതമധുവും സുവിശേഷപഠനത്തിനു പോലും അനിവാര്യവുമാണ്. അതുകൊണ്ടുതന്നെയാണ്, സ്ത്രീപുരുഷബന്ധമറിയാത്ത വൈദികരും ദൈവജ്ഞാനികളെന്നു കരുതപ്പെടുന്നവരും സുവിശേഷഭാഗങ്ങള്‍ വിശദീകരിക്കുമ്പോള്‍ മിക്കപ്പോഴും കായം കയ്‌ക്കുന്നതുപോലെയുള്ള അനുഭവമുണ്ടാകുന്നത്. കാരണം, എന്നെ സ്നേഹിക്ക്, എന്റെ സ്നേഹം പൂര്‍ണമായി നിന്റേതാക്ക് എന്ന് തീരാശാഠൃം പിടിക്കുന്ന സ്ത്രീകളെ കണക്കിലെടുക്കാന്‍ ഇവര്‍ക്കറിയില്ല. ഇത്തരക്കാരെ, പ്രണയികളെ, വിലമതിക്കാന്‍ യേശുവിനു പക്ഷേ, അറിയാമായിരുന്നു.


ഗലീലിയക്കടലോളം സ്നേഹം എന്ന് യേശു പറഞ്ഞപ്പോളൊക്കെ, അല്ലാ, ചെങ്കടലും ജോര്‍ദാനും കടന്നുള്ള സാഗരങ്ങളോളം എന്ന് മിറിയത്തോടോത്തു തിരുത്തുന്നവരാണ്  കറകളഞ്ഞ പ്രണയിനികള്‍. വിരളമായെങ്കിലും ഇത്തരം ഹൃദയേശ്വരികള്‍  ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ഈ ഭൂമിയിന്നും സുന്ദരമായി തുടര്‍ന്നുപോകുന്നത്.

0 comments: