ചിലയനുഭവങ്ങള്‍ പിടിച്ചുലക്കുന്നവയാണ്. അതോടേ, അതുവരെയനുഭവിച്ചിരുന്ന സന്തുലിതാവസ്ഥ തകരുന്നു. മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഒരു ബന്ധം മുറിയുന്നു, അല്ലെങ്കില്‍ ഓര്‍ക്കാപ്പുറത്ത് ഒരു സ്നേഹബന്ധത്തിലേയ്ക്ക് ചെന്ന് തലകുത്തിവീഴുന്നു. രണ്ടായാലും, അനേകം വിരുദ്ധാനുഭൂതികളുടെ വേലിയേറ്റങ്ങളിലേയ്ക്ക് ജീവിതം വലിച്ചെറിയപ്പെടുകയാണ്. സാധാരണക്കാരുടെ കാര്യത്തില്‍ എന്നതിനേക്കാള്‍, കവികള്‍ക്കും കലാകാരന്മാര്‍ക്കും ഇത്തരമനുഭവങ്ങള്‍ കൂടുതല്‍ വേദന വരുത്തുമെന്നതും ശരിയായിരിക്കണം. ഏതായാലും ഒന്നു തീര്‍ച്ചയാണ്, സ്വാര്ത്ഥതയില്ലാതെ സ്നേഹിക്കാന്‍ കഴിയുന്നവരൊക്കെ കലയുള്ളവരാണ്. അവര്‍ ആഗ്രഹിക്കുന്നതുപോലെ മറുവശം ആ സ്നേഹത്തിനു വഴങ്ങാതിരിക്കുന്നത് ഈ ജീവിതത്തെ നരകമാക്കുന്നു. ഇത്തരം അനുഭവങ്ങള്‍ക്ക് ഒരുദാഹരണമാണ് കുരിശിന്റെ യോഹന്നാന്‍ (St John of the Cross) എഴുതിയ ആത്മാവിന്റെ കൂരിരുട്ട് (The Ascent of Mount Carmel എന്ന കൃതിയുടെ ഭാഗം). അതു വായിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലുള്ള നേരിയ ഒരനുഭവം തരുന്നു, എം. റ്റി. വാസുദേവന്‍നായരുടെ പൊരുളില്ലാത്ത കിനാവ് എന്ന കഥ.
എന്തിനാണ് നാം സ്നേഹിക്കുന്നതും കിനാവ് കാണുന്നതും? പ്രകൃതിയിലായാലും, മറ്റ് മനുഷ്യരിലായാലും നമ്മെ ആനന്ദിപ്പിക്കുന്നതിലേയ്ക്ക് നാം അടുക്കുന്നു. അയാളെ അല്ലെങ്കില്‍ അതിനെ സ്വപ്നം കാണുന്നു. എന്നാല്‍ ആദ്യം അനുഭവിച്ച പൊരുത്തം നഷ്ടപ്പെടുത്തി, അയാള്‍ അല്ലെങ്കില്‍ അതു മറയുമ്പോള്‍, ബാക്കിയാവുന്നത് വേദനയാണ്. അല്ലെങ്കിലോ, നിലനിര്‍ത്തുന്ന ബന്ധങ്ങള്‍ കുരുക്കഴിക്കാനാവാത്ത ബന്ധനങ്ങളായി നമ്മെ വരിഞ്ഞിരുക്കുന്നു. മൂന്നാമത്തെ സാധ്യത, റ്റോള്‍സ്റ്റോയിയുടെ അന്ന കരെനീനയിലെ ലെവിനു സംഭവിച്ചതിനു സമാനമായിരിക്കും. "അവളെ പ്രേമിക്കുന്നതിലും അവളുടെ അഭിലാഷങ്ങള്‍ സാധിച്ചു കൊടുക്കുന്നതിലും ആനന്ദം കുടികൊള്ളുന്നു, അല്ലാതെ അതെന്റെ സ്വാതന്ത്ര്യത്തെ ആശ്രയിച്ചല്ല" എന്നവനു തിരുത്തി ചിന്തിക്കേണ്ടി വന്നു. ജീവിതത്തിലേറ്റം വലുത് സ്വാതന്ത്ര്യമാണെന്ന് മുറുകെപ്പിടിക്കുന്നവര്‍ക്ക് പ്രണയാനന്ദം പ്രാപ്യമല്ലെന്നാണോ ഇതിനര്‍ത്ഥം?
സ്നേഹത്തിന്റെ രസതന്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെപ്പറ്റി ശരിയായ ധാരണയുള്ള എഴുത്തുകാരനാണ് എം. റ്റി. ഒരിക്കല്‍ ഒരാള്‍ക്ക് ഹൃദയം കൊടുത്തുപോയാല്‍, പിന്നെ ഏതു സാഹചര്യത്തിലും മറ്റൊരാള്‍ക്ക് സ്വയം സമര്‍പ്പിക്കാന്‍ ഒരു വ്യക്തിക്കാവില്ല എന്നതാണ് പൊരുളില്ലാത്ത കിനാവിന്റെ സാരം. പക്ഷേ, സമൂഹനീതിക്ക് ഈ സത്യത്തില്‍ ഒരു താല്പര്യവുമില്ല. ആചാരങ്ങള്‍ തെറ്റിക്കാതിരിക്കുക മാത്രമാണ് അതിന് പ്രധാനം. അതിനുവേണ്ടി വ്യക്തികളെക്കൊണ്ട് ഏത് കാപട്യവും സമൂഹം ചെയ്യിപ്പിക്കും, എന്തും സഹിപ്പിക്കും. ഇതൊക്കെ അറിഞ്ഞും, കഴിവതും സൂക്ഷിച്ചും ജീവിക്കുന്നവരെയും, സ്നേഹമെന്ന പ്രതിഭാസം ഇടവഴികളിലൊളിഞ്ഞു നിന്ന് ചൂണ്ടയില്‍ കുരുക്കും. സ്നേഹവും മരണത്തെപ്പോലെയാണ്. രണ്ടും ശക്തമാണ് - അതായത്, അതിനെതിരെ മനുഷ്യന്‍ അശക്തനാണ്. രണ്ടും കള്ളനെപ്പോലെ വന്നു നമ്മെ പിടികൂടുന്നു!
കുരിശിന്റെ യോഹന്നാനും ആവിലായിലെ തെരേസയും ദൈവസ്നേഹത്തിന്റെ ആധിക്യം മൂലം പീഡിപ്പിക്കപ്പെട്ടതുപോലെ തന്നെയല്ലെങ്കിലും, സാധാരണക്കാരായ നമ്മില്‍ പലരും ആത്മാവിന്റെ കൂരിരുട്ടെന്തെന്ന് അനുഭവിക്കുകയും നിരാശതയുടെ ഗര്‍ത്തത്തില്‍ നിന്ന് ജീവിതപങ്കാളിയോടെങ്കിലും മൌനമായി ഇങ്ങനെ തേങ്ങിക്കരയുകയും ചെയ്യാറില്ലേ?
അവന്‍: പ്രകാശം പരത്തുന്ന ദീപത്തിന്‍ ജീവനാണെ, രാത്രിയില്‍ തിളങ്ങുന്ന സ്വപ്നതാരങ്ങളാണെ, സ്വന്തം കണ്ണിണപോലെ നിന്നെ സ്നേഹിക്കുന്ന എന്നോട് മിണ്ടുകില്ലേ?എനിക്കല്പം സന്തോഷമേകുകില്ലേ?
അവള്‍: എന്റെയാത്മാവിന്റെ കൂട്ടുകാരാ! (വിവാഹദിനം മുതല്‍ മൌനിയായിരുന്ന അവള്‍ ആദ്യമായി വായ് തുറന്നു. - സിറിയയിലെ ഒരു നാടോടിക്കഥയില്‍ നിന്ന്.)
എകാകിതയനുഭവിക്കുന്ന ഓരോ ആത്മാവും കൂട്ടുകാരനോട്/കൂട്ടുകാരിയോട് ഏതാണ്ടിങ്ങനെ കേഴുന്നുണ്ടെന്നു മറുവശം അറിഞ്ഞിരുന്നെങ്കില്‍, അതിന് ചെവി കൊടുത്തിരുന്നെങ്കില്‍!
എന്റെയാത്മാവേ, ഭൂലോകത്തിന്റെ എല്ലാ ദിക്കുകളിലൂടെയും നീ സഞ്ചരിക്കുകയും, പര്‍വ്വ തങ്ങളുടെയും സമുദ്രങ്ങളുടെയും രഹസ്യങ്ങള്‍ അറിയുകയും ചെയ്താലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. ആത്മൈക്യത്തോളം വലിയ രഹസ്യമില്ല.
എന്റെയാത്മാവേ, എഴാഴികളും പതിന്നാലു ലോകങ്ങളും മറികടന്ന് നീ വിഹരിക്കുകയും, ചന്ദ്രന്റെയും താരങ്ങളുടെയും ശ്രേഷ്ഠത നിന്നെ വശീകരിക്കുകയും ചെയ്താലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. എന്റെയധരങ്ങളിലെ മന്ദസ്മിതം നിനക്കുള്ളതാകുന്നു.
എന്റെയാത്മാവേ, അനന്തതയിലേയ്ക്കൊഴുകുന്ന പ്രകാശവീചികളില്‍ ആരൂഡയായി, അവയുടെ വേഗത്തിന്റെ ഉന്മാദത്തില്‍ നീ ഭ്രമിച്ചുപോയാലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. നീഹാര ബിന്ദുവില്‍ സൂര്യകിരണം പോലെ നിന്നെ ഞാന്‍ വഹിച്ചുകൊള്ളാം.
എന്റെയാത്മാവേ, സൌരയൂഥങ്ങളില്‍ ആകൃഷ്ടയായി ഗ്രഹങ്ങളിലുദിക്കുന്ന പ്രഭാതസൌന്ദര്യത്തില്‍ നീ മതിമറന്നുപോയാലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. ഹൃദയത്തിന്റെ പ്രകാശമാകുന്നു പരമമായ സൌന്ദര്യം.
എന്റെയാത്മാവേ, ക്ഷീരപഥങ്ങളുടെ ഗുരുത്വാകര്‍ഷണങ്ങളിലകപ്പെട്ട്, തമോഗര്ത്തങ്ങളിലേയ്ക്ക് നീ വലിച്ചെടുക്കപ്പെട്ടാലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. എവിടെ, നമ്മുടെ ആദ്യാനുരാഗത്തെ വെല്ലുന്നയാകര്‍ഷണം?
എന്റെയാത്മാവേ, ആരംഭങ്ങളുടെ മുകുളങ്ങളെ തേടിപ്പോയി, പ്രണവത്തിന്റെ മന്ത്രചൈതന്യത്തെ നീ ആദാനം ചെയ്യുകയും, എതിര്‍ക്കാനാവാതെ അതില്‍ ആമാഗ്നയായിത്തീരുകയും ചെയ്താലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. ആദ്യ വചനമല്ല, വചനത്തിന്റെ ചൈതന്യമാകുന്നു വിജ്ഞാനം.
എന്റെയാത്മാവേ, ലക് ഷ്യം തെറ്റി നീ മരണത്തിന്റെ താഴ്വരയില്‍ അലഞ്ഞുഴലേണ്ടി വന്നാലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. എന്തെന്നാല്‍, പരസ്പരം നമ്മള്‍ ജീവനാകുന്നു. നിന്നെ നിറയ്ക്കുന്നത് ഞാനും, എന്നെ നയിക്കുന്നത് നീയും. നിന്നോടൊത്ത് അനന്തതയെ മോഹിക്കാന്‍ എന്നെയനുവദിക്കുക!
0 comments:
Post a Comment