ഏത് സമൂഹത്തിനും അതിന്റെ സ്വന്തം ഭാഷയും കടംകൊണ്ട ഭാഷകളുമുണ്ട്. അന്യഭാഷകളെ സ്വായത്തമാക്കുക അത്രയെളുപ്പമല്ല. എന്നാല്‍ ശൈശവം മുതല്‍ ശീലിച്ച ഭാഷയെ അതിന്റെ ശുദ്ധരൂപത്തില്‍ ഉപയോഗിക്കാനറിയില്ലെന്ന് വരുന്നത് എഴുത്തുകാര്‍ക്കെങ്കിലും നാണക്കേടായി തോന്നേണ്ടതാണ്. അവതാരകരായും വിധികര്‍ത്താക്കളായും പരസ്യക്കാരായും ഓരോരോ റ്റി.വി. ചാനലുകളിലൂടെ ചിലര്‍ വിളമ്പുന്ന പ്രയോഗങ്ങള്‍ കേട്ടാല്‍ ശര്‍ദ്ദിശങ്കയുണ്ടാവും. സഹികെട്ടാല്‍ റ്റി.വിക്കു മുമ്പില്‍ നിന്നെഴുന്നേറ്റു പോകാം. പക്ഷേ, നല്ല വിലകൊടുത്തു വാങ്ങി വായിക്കുന്ന കൃതികളില്‍ ഭാഷാശുദ്ധി തീരെ കുറവാണെങ്കില്‍ എന്തു ചെയ്യും? നല്ലയാശയങ്ങളുള്ള ധാരാളമെഴുത്തുകാര്‍ നമുക്കുണ്ട്. പക്ഷേ, വൃത്തിയുള്ള ഭാഷാശൈലിയുള്ളവര്‍ വളരെ വിരളം എന്ന് പറയാതെ പറ്റില്ല. ഭാഷയ്ക്ക് നിലവാരം കുറയുന്നതിന്റെ കാരണങ്ങള്‍ പലതാകാം. അവയിലൊന്നു മാത്രം എടുത്തുപറയാനേ ഇവിടെ ശ്രമിക്കുന്നുള്ളൂ.
ദ്രാവിഡഭാഷകള്‍ക്ക്, പ്രത്യേകിച്ച് മലയാളത്തിന്, സംസ്കൃതത്തില്‍ നിന്ന് കിട്ടിയ ഒരു വിശിഷ്ടഗുണമാണ് സന്ധിസമാസങ്ങള്‍. സന്ധിസമാസങ്ങള്‍ക്കായി നീണ്ട അദ്ധ്യായങ്ങള്‍ തന്നെയുണ്ട് സ്കൂളുകളിലെ ഭാഷാപുസ്തകങ്ങളില്‍ - മലയാളത്തിനും സംസ്കൃതത്തിനും. ഈ രണ്ട് ഭാഷകളുടെയും സൌന്ദര്യാധാരങ്ങളില്‍ (aesthetic elements) പ്രധാനമായത് അവയിലെ സരളമായ ഒഴുക്കാണ്. ഈ ഒഴുക്കില്ലാത്ത എഴുത്താണ് ഇന്നെവിടെയും വായിക്കാന്‍ കിട്ടുന്നത്. എന്തുകൊണ്ടാണ് എഴുത്തുകാരും അനുവാചകരും പെറുക്കിപ്പെറുക്കി നിരത്തിയ വാക്കുകള്‍ കണ്ട് വല്ലായ്മയനുഭവിക്കാത്തത്? ഈ ശല്യം സഹിക്കാനാവാതെ മുതിര്‍ന്നവരുടെ കൃതികള്‍ പോലും അടച്ചുവയ്ക്കേണ്ടയവസരങ്ങള്‍ എനിക്കുണ്ടാകാറുണ്ട്. അരി വറചട്ടിയിലിട്ടു ചൂടായിക്കഴിയുമ്പോള്‍, പൊട്ടിത്തെറിച്ചു പുറത്തുചാടുന്നതുപോലെയാണ് സന്ധി അത്യാവശ്യം വേണ്ടിടത്തുപോലും അതില്ലാതെ വാക്കുകള്‍ എഴുന്നുനില്‍ക്കുമ്പോള്‍ തോന്നുക. ഇക്കാര്യം പല മുന്തിയ എഴുത്തുകാരോടും പറഞ്ഞു നോക്കി. ആരുണ്ട് ശ്രദ്ധിക്കാന്‍!
ഒരുപക്ഷേ, ഇംഗ്ലീഷിന്റെ സ്വാധീനംകൊണ്ടാവാം, മിക്ക മലയാളമെഴുത്തുകാരും, അനായാസം കൂട്ടിയെഴുതാവുന്ന പദങ്ങളെയും വേര്‍പെടുത്തിയേ ഉപയോഗിക്കൂ എന്ന് ശഠിക്കുന്നത്. ഭാഷാപ്രയോഗങ്ങള്‍ മാനസികാപഗ്രഥനത്തിന് ഉപാധിയാക്കുന്ന ഒരു ശാസ്ത്രം വികസിപ്പിച്ചെടുത്താല്‍ ഈ അറപ്പിനു പിന്നിലെന്താണെന്ന് കണ്ടെത്താനായേക്കും. ഒന്നുറപ്പാണ്. ശ്ലഥബദ്ധമായ മനോനില ഒഴുക്കില്ലാത്ത ഭാഷയ്ക്ക് കാരണമാകും. 'അബദ്ധങ്ങള്‍ നിറഞ്ഞ മസ്തിഷ്ക്കത്തില്‍ നിന്ന് സൌന്ദര്യമുള്ള വാക്കുകളുണ്ടാവില്ല' എന്ന് കെ.പി. അപ്പന്‍ പറഞ്ഞിട്ടുണ്ട്. മനോദ്ഗ്രഥനമുള്ളവന്, പ്രവൃത്തിയിലെന്നപോലെ ഭാഷയിലും അത് പ്രതിഫലിപ്പിക്കാതെ പറ്റില്ല. ഈ പരാമര്‍ശം ആരുടെയും നേര്‍ക്കുള്ള വ്യക്തിപരമായ ഒരാരോപണമല്ല, മനശാസ്ത്രപരമായ ഒരു നിഗമനം മാത്രം.
ഭംഗി മാത്രമല്ല, ആശയസ്ഫുടതയും ഇത്തരം അശ്രദ്ധയിലൂടെ നഷ്ടപ്പെടാം. "ഈ കുറിപ്പിലെ ഓരോ വാക്കും എഴുതുമ്പോള്‍ ആ സ്നേഹം മാത്രമാണ് വിളക്കിലെ എണ്ണപോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്." ഇതെഴുതിയ എസ്. ഗോപാലകൃഷ്ണന് (ജലരേഖകള്‍, ഹൃദയസ്പര്‍ശിയായ ചിന്താസരണികള്‍ നിറഞ്ഞ ഒരു കൃതി) മറ്റ് പലതും പറഞ്ഞകൂട്ടത്തില്‍ ഞാനിങ്ങനെയും കുറിച്ചയച്ചു: ആകാമായിരുന്ന സന്ധികള്‍ ഈ വാക്യത്തില്‍ വിട്ടുപോയിട്ടുണ്ട്. 'വാക്കും എഴുതുമ്പോള്‍ ' എന്നതില്‍, എഴുതുന്നയാള്‍ എഴുന്നുനില്‍ക്കുന്നു. എന്നാല്‍, 'വാക്കുമെഴുതുമ്പോള്‍' എന്നായിരുന്നെങ്കില്‍, വാക്ക് പ്രാധമ്യം നേടിയേനെ. കൃതിയിലെ സാഹചര്യത്തില്‍ രണ്ടാമത്തേതാണ് ഉത്തമം. ഒരു പക്ഷേ, ഭാഷാവബോധം മാത്രമല്ല, ഏതാണ്ടൊരു ആത്മാവബോധവുമുള്ള നിമിഷത്തിലേ വായനക്കാര്‍ക്ക് ഇപ്പറഞ്ഞത് പിടികിട്ടൂ എന്ന് വന്നേയ്ക്കാം. എന്റെ പരാമര്‍ശങ്ങള്‍ ഉപകാരപ്രദമായി സ്വീകരിച്ചവരില്‍ ഒരാളാണ് എസ്. ഗോപാലകൃഷ്ണന്‍.
ഭാഷയിലെ വല്യേട്ടന്മാരുടെ രചനകളില്‍നിന്ന് ഏതാനുമുദാഹരണങ്ങള്‍. വാക്കുകളെ ഞാന്‍ പേടിച്ചുപയോഗിക്കുന്നു എന്നതിന് പകരം 'വാക്കുകള്‍ ഞാന്‍ പേടിച്ച് ഉപയോഗിക്കുന്നു' (കെ.പി.അപ്പന്‍) എന്നായാല്‍, വ്യാകരണവും പിഴച്ചെന്നു പറയാം.
പൊരുത്തം ഇല്ലെങ്കില്‍ പന്തികേട് (സി.വി. വാസുദേവഭട്ടതിരി, നല്ല മലയാളം എന്ന കൃതിയില്‍). പൊരുത്തമില്ലെങ്കില്‍ എന്നെഴുതിയാല്‍ എന്തായിരുന്നു പന്തികേട്?
അമ്മാളു അമ്മക്ക് സഹായത്തിനു പോയതാണ് മുത്താച്ചി. (നാലുകെട്ടില്‍ എം. റ്റി. വാസുദേവന്‍ നായര്‍) അമ്മാള്വമ്മക്ക് എന്നോ അമ്മാളുവമ്മക്ക് എന്നോ ആയിരുന്നെങ്കില്‍ വ്യക്തതയേറിയേനെ.
ലോകഭാഷകളില്‍ ഒന്നിനും ആവിഷ്ക്കരിക്കാന്‍ കഴിയാത്തത് അത് ആവിഷ്ക്കരിക്കുന്നു (സുകുമാര്‍ അഴീക്കോട്, തത്ത്വമസിയില്‍). ലോകഭാഷകളിലൊന്നിനും ... ... അതാവിഷ്ക്കരിക്കുന്നു എന്നാക്കിയാലോ? ആശയം ഒന്നുകൂടി തെളിഞ്ഞു.
പൂര്‍വപശ്ചിമ സാഗരങ്ങളിലേയ്ക്ക് ഊര്‍ന്ന് ഇറങ്ങി നില്‍ക്കുന്ന ഹിമാലയം (കെ.പി.ഉദയഭാനു, കാഴ്ച്ചപ്പാടുകള്‍). ഈ വാക്യം, 'പൂര്‍വ- പശ്ചിമസാഗരങ്ങളിലേയ്ക്ക് ഊര്‍ന്നിഇറങ്ങി നില്‍ക്കുന്ന ഹിമാലയം' എന്ന് ചേരുന്ന ചിഹ്നനവും ചേര്‍ത്തെഴുതിയാലേ ശരിയാകൂ. 'പൂര്‍വ-പശ്ചിമ' എന്ന് ശ്രുംഖലയിട്ടു യോജിപ്പിച്ചാലും വാക്യം തെറ്റാണ്.
വേറേ ഒരു മാര്‍ഗവുമില്ല. എന്റെ ഉള്ളില്‍ തീയാളി (ബാലചന്ദ്രന്‍ ചുള്ളിക്കാട്). 'വേറൊരു മാര്‍ഗവുമില്ല. എന്റെയുള്ളില്‍ തീയാളി' എന്ന മാര്‍ഗമെത്രയോ മെച്ചം.
ഒറ്റ നോട്ടത്തില്‍ കണ്ടവ പെറുക്കിയെടുത്ത വാക്യങ്ങളാണിവ. ഏത് പുസ്തകമെടുത്താലും ഇത്തരം പിഴകള്‍ നൂറുകണക്കിന് ഭാഷയെ വികൃതമാക്കിക്കൊണ്ട് എഴുന്നുനില്‍ക്കുന്നത് കാണാം.
'മലയാളലിപിയില്‍ എഴുതുന്നതുകൊണ്ടു മാത്രം മലയാളമാണെന്ന് പറയാന്‍ പറ്റാത്ത പാകത്തിലുള്ള ഗ്രന്ഥരചന ഇന്നാട്ടില്‍ അധികമായിവരുന്നു'വെന്ന് എം. ഗംഗാധരന്‍ (പി.കെ. ബാലകൃഷ്ണന്റെ കാവ്യകല കുമാരനാശാനിലൂടെ എന്ന കൃതിക്കുള്ള ആമുഖത്തില്‍) സങ്കടപ്പെടുമ്പോള്‍, ചിലരെങ്കിലുമിതു മനസ്സിലാക്കുന്നുണ്ടല്ലോ എന്നാശ്വസിക്കാം. പുസ്തകരൂപം മാത്രം ഒരു പ്രസിദ്ധീകരണത്തെ (പ്രസാധനത്തെ എന്നാണ് ശരി, പ്രസിദ്ധീകരിക്കുന്ന പ്രവൃത്തിയാണ് പ്രസിദ്ധീകരണം. zn) പുസ്തകമാക്കില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെ നോക്കിയാല്‍, ചവറ്റുകുട്ടയിലെറിയേണ്ടവ ധാരാളം വെളിച്ചം കാണുന്നുണ്ട്. നല്ലയാശയങ്ങളുള്ളവര്‍ക്ക് അവയെ സംശുദ്ധമായ ഭാഷയില്‍ പ്രകാശിപ്പിക്കാനുള്ള വാഗ്മയം ഇല്ലാതെപോകുന്നതു സമൂഹത്തിനു വലിയ നഷ്ടമാണ്. വി.റ്റി ഭട്ടതിരിപ്പാടിന്റെയും എന്‍. എന്‍. പിള്ളയുടെയും പോലെ ഒഴുക്കും രാഗവും പ്രാസഭംഗിയുമുള്ള ഭാഷ ഇന്നെത്ര വിരളമാണ്!
1 comments:
ടിവി, സ്കൂൾ എന്നിങ്ങനെ രണ്ടു വാക്കുകളിലെ ആംഗലം കൂടെ ഒഴിവാക്കിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.. പക്ഷെ, മലയാളത്തെക്കുറിച്ചാണ്. പ്രയോജനപ്പെടും. വളരെ നന്നായി പറഞ്ഞിരിക്കുന്നു. ആഹ്ലാദം തോന്നുന്നു. "ശ്ലഥബദ്ധമായ മനോനില ഒഴുക്കില്ലാത്ത ഭാഷയ്ക്ക് കാരണമാകും. 'അബദ്ധങ്ങള്‍ നിറഞ്ഞ മസ്തിഷ്ക്കത്തില്‍ നിന്ന് സൌന്ദര്യമുള്ള വാക്കുകളുണ്ടാവില്ല' "
Post a Comment