ദാമ്പത്യത്തിന്‍ സുഗന്ധം

"ആരുടെ കൂടെ ജീവിക്കണമെന്നാഗ്രഹിക്കുന്നുവോ, ആ ആളെ കെട്ടരുത്. ആരില്ലാതെ നിനക്ക് ജീവിക്കാനാവില്ലെന്നറിയുന്നോ, അയാളെ വിവാഹം കഴിക്കുക. ഇതിലേതു ചെയ്താലും, അവസാനം നിന്റെയനുഭവം പരിതാപകരമാകും." എന്നൊരിടത്ത് വായിച്ചു. ഭൂരിഭാഗം മനുഷ്യരും ഇത് ശരിയെന്നുതന്നെ പറയും. എന്തുകൊണ്ടാണ് ഇങ്ങനെ പരിതപിക്കേണ്ടി വരുന്നത്? ഒരേയാളെ അയാളുമായി ഒരു സ്ഥിരബന്ധത്തിലായ ശേഷവും അതിന് മുമ്പും കാണുന്നതില്‍ വ്യത്യാസമുണ്ടെന്നാണ് ഇതിനര്‍ത്ഥം. അതെന്തായാലും, അതിപരിചയം വിരസതയെ സൃഷ്ടിക്കുമെന്നത് മാത്രമാണോ ഇതിനുള്ള വിശദീകരണം? ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം വിവാഹത്തോടെ പാരതന്ത്ര്യമാകുന്നെങ്കില്‍ അതിന് കാരണം ഒരാളുടെ ഭാഗത്ത് മാത്രമാകില്ലെന്നനുമാനിക്കാം.

എത്രനാള്‍ കണ്ടാലും മടുപ്പ് തോന്നിക്കാത്തതാണ് സൌന്ദര്യം. അതാകട്ടെ എവിടെയും എപ്പോഴുമുണ്ട്. അത് കാണാനുള്ള കഴിവാണ് സൌന്ദര്യബോധം. ഇക്കാര്യം താത്ത്വികശോഭയോടെ ഇങ്ങനെ എഴുതിയിട്ടുണ്ട്, കവി:

ക്ഷണേ ക്ഷണേയ നവതാ മുപൈതി, തദേവ രൂപം രമണീയതായാ: അര്‍ത്ഥം: ഓരോ ക്ഷണത്തിലും പുതുമ തോന്നിപ്പിക്കുന്ന രൂപമേതോ, അതാണ് സുന്ദരം. ഈയര്‍ത്ഥത്തില്‍, സൗന്ദര്യബോധം വളരെ വ്യത്യസ്തമായ അളവിലുള്ളവര്‍ തമ്മില്‍ ബന്ധിതരായാല്‍ ജീവിതം നരകമാകും എന്നു പറയാം. പതുക്കെ പറയേണ്ട ഒരു രഹസ്യമല്ലിത്. സൌന്ദര്യമെന്നാല്‍ ശരീരത്തിന്റേതു മാത്രമല്ല; അതില്‍ കൂടുതലായി ആന്തരികമാണത്; വ്യക്തിത്വത്തിന്റേതാണത്, എന്നൊക്കെ എവിടെയും പറഞ്ഞു കേള്‍ക്കാറുണ്ട്. പക്ഷേ, സ്വന്തം പങ്കാളിയിലത് കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍, ദാമ്പത്യം മടുപ്പിച്ചുതുടങ്ങും. വിവാഹസര്‍ട്ടിഫിക്കറ്റിനേക്കാള്‍, എഴുതപ്പെടാത്ത ചില നിയമങ്ങളാണ്, ബന്ധത്തെ ഉറപ്പിച്ചു നിറുത്തുക. ഇവയേതൊക്കെയെന്നു നോക്കുന്നത്, യുവദമ്പതികള്‍ക്ക് തല്‍ക്കാലം ആവശ്യമല്ലെങ്കിലും, എന്നെപ്പോലെയുള്ള അര്‍ദ്ധവൃദ്ധര്‍ക്ക് താത്പര്യമുള്ള വിഷയമാകാം.

അല്പമൊക്കെ പക്വമായ പ്രായത്തില്‍ കല്യാണം കഴിച്ചയെനിക്ക് പങ്കാളിയില്‍ ചില നിശ്ചിതഗുണങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നയാഗ്രഹം ഏറെയായിരുന്നു. ഇങ്ങോട്ട് പ്രതീക്ഷിക്കുന്നവ അങ്ങോട്ടും കൊടുക്കാനുള്ള കടമ അംഗീകരിക്കേണ്ടതുള്ളതുകൊണ്ട്, സ്ത്രീക്കും പുരുഷനും (ഭാര്യ, ഭര്‍ത്താവ് എന്ന വാക്കുകള്‍ക്ക് ഭരിക്കുന്നവന്‍, ഭരിക്കപ്പെടുന്നവള്‍ എന്നര്‍ത്ഥമുള്ളതിനാല്‍ അവ ഇവിടെ ഉപയോഗിക്കുന്നില്ല.) ബാധകമാകണമല്ലോ, ഇത്തരം നിബന്ധനകള്‍. ഏതായാലും, ഞാനാഗ്രഹിച്ചവയില്‍ പ്രധാനം ഇവയായിരുന്നു.

1. ലാളിത്യം: ചിന്തയിലും പ്രവൃത്തിയിലും ഉടയാടയിലും എന്ന് നീട്ടിപ്പറയാം. എന്നുവച്ചാല്‍, ഒരു തരത്തിലുമുള്ള ഏച്ചുകെട്ടലുകളുടെയും ആവശ്യമില്ലായ്മ. ഉള്ളതൊക്കെ അന്യരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നതുപോലെ തന്നെ ലാളിത്യത്തിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ടതാണ്, ഇങ്ങോട്ടുള്ള അന്യരുടെ പ്രദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതും. അതിനര്‍ത്ഥം, ആവശ്യമില്ലാത്ത പരാമര്‍ശങ്ങള്‍, അന്വേഷണങ്ങള്‍, ബോദ്ധ്യപ്പെടുത്തലുകള്‍ എന്നിവക്കായി സമയവ്യയം വരുത്തുന്നവരെ തീര്‍ത്തും നിരുത്സാഹപ്പെടുത്തുക എന്നും കൂടിയാണ്.

2. ബുദ്ധിപരമായ പെരുമാറ്റം: ബുദ്ധിപ്രാഭവത്തിന്റെയളവല്ല ഇവിടെയുദ്ദേശിക്കുന്നത്. മറിച്ച്, ആവശ്യം വരുന്നിടത്ത്, ബുദ്ധിയുപയോഗിക്കാനുള്ള കഴിവാണ്. ഉദാഹരണത്തിന്, ഉള്ള കുറവുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, തിരുത്താനായില്ലെങ്കില്‍തന്നെ, അവയെ അംഗീകരിക്കാനാവുക.

3. സത്യസന്ധത. തനിക്കില്ലാത്തതുണ്ടെന്നും, ഉള്ളതില്ലെന്നും നടിക്കാതിരിക്കുക, നല്ലതായാലും, തിയ്യതായാലും.

4. ആത്മാവിന്റെയടുപ്പം മാത്രമല്ല, ശരീരത്തിന്റെ അടുപ്പത്തെപ്പറ്റിയും ആരോഗ്യകരമായ ധാരണയുണ്ടായിരിക്കുക. ശരീരത്തിന്റെ പ്രവണതകളെയും പ്രവര്‍ത്തനത്തെയുംപറ്റി എന്നപോലെ, ലൈംഗികതയുടെ സൌന്ദര്യവും വശ്യതയും മനുഷ്യന് ലഭിച്ചിട്ടുള്ള വരദാനങ്ങളായി കാണാനും അവയെ പരിപോഷിപ്പിക്കാനുമുളള തുറവ്.

5. വാക്കാലെയും പ്രവര്‍ത്തിയിലൂടെയും ഇഷ്ടം വളര്‍ത്തിയെടുക്കാനുള്ള ആന്തരിക ബോധം. പങ്കാളിയില്‍ നല്ലത് വാഴ്ത്താനും പ്രോത്സാഹിപ്പിക്കാനുമുളളയെളിമ. പറയേണ്ട ഒരു നല്ല വാക്ക് വിട്ടുകളയുന്നത്‌ ദാമ്പത്ത്യത്തില്‍ തീരാനഷ്ടമാണ്. വളമിടാതെ, ഇഷ്ടംപോലും വളരുകയില്ല എന്ന തിരിച്ചരിവില്ലാത്തവര്‍ ദാമ്പത്യത്തില്‍ മുരടിപ്പനുഭവിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്.

അംഗീകാരമാണ് ഏറ്റവും വലിയ ദാമ്പത്യവളം. അതില്ലാത്തിടത്ത് നിസ്സംഗത, ശൈത്യം, മടുപ്പ് എന്നിവ അനിവാര്യമാണ്. സ്വന്തം കുറവുകളെ തിരുത്തുന്നതിലും പ്രധാനമാണ്, പങ്കാളിയിലുള്ള ഗുണങ്ങളെ അംഗീകരിക്കാന്‍ സന്മനസ്സു കാണിക്കുക. അതിലൂടെ ഒരദ്ഭുതം തന്നെ സംഭവിച്ചെന്നിരിക്കും. പ്രശസ്തരായ ചിലരുടെ അനുഭവങ്ങള്‍ നോക്കുക. "ഞാനൊരാളുമായി അടുപ്പത്തിലായി. ഈ പ്രായത്തിലും ആകര്‍ഷകമായി എനിക്ക് ചിലതൊക്കെ ഉണ്ടെന്നയറിവ് വല്ലാത്തതായിരുന്നു. അതെന്നെ പിടിച്ചുകുലുക്കി. എന്റെ യൌവനം മടങ്ങിയെത്തി." (കമല സുറയ്യ). ഏവരും സമ്മതിച്ചുകൊടുത്തിരുന്ന അനന്യമായ തന്റേടവും സവിശേഷമായ മേധാവൈഭവവുമുണ്ടായിരുന്ന മാധവിക്കുട്ടിക്ക് പ്രായമായശേഷം ആരോ ഒരാളില്‍നിന്ന് കിട്ടിയ വേറേയേതോ അംഗീകാരത്തെപ്പറ്റിയാണവര്‍ ഇവിടെ സൂചിപ്പിക്കുന്നത്. ഭാഷയുടെ രീതിയില്‍ നിന്ന്, അത് ശരീരത്തെ സ്പര്ശിച്ചുള്ള എന്തെങ്കിലും ആയിരിക്കാമെന്ന് അനുമാനിക്കാം. തന്റെ ശരീരം അത്രയൊന്നും ആകര്‍ഷണീയമല്ലെന്നു കരുതുന്നവര്‍ക്കുപോലും, അതേപ്പറ്റി, എത്ര ചെറുതായാലും, നല്ലൊരു സൂചന പങ്കാളിയില്‍ നിന്നു ലഭിച്ചാല്‍, വലിയൊരു നിധി കിട്ടിയതിനു തുല്യമായിരിക്കുമത്. ഇത്തരമംഗീകാരങ്ങള്‍, പ്രായവ്യത്യാസമില്ലാതെ, ഔഷധിപോലെ പ്രവര്‍ത്തിച്ചുതുടങ്ങും. സ്വന്തം ശരീരത്തെപ്പറ്റി പൊതുവെയോ, ഏതെങ്കിലും അവയവത്തെപ്പറ്റിയോ ഒരിക്കലും മനസ്സിലുദിക്കാത്ത നല്ല വശങ്ങള്‍ കണ്ടെത്തുകയും അത് തുറന്നുപറയുന്നതില്‍ സന്തോഷമനുഭവിക്കുകയും ചെയ്യുന്ന കൂട്ടുകാരനോട്/കൂട്ടുകാരിയോട് തീരാത്ത നന്ദിയും അടുപ്പവും ആര്‍ക്കും തോന്നും.

ഒറ്റയിരുപ്പിനു വായിച്ചുതീരുന്ന ഒരു നോവലില്‍ - ഒരു സങ്കീര്‍ത്തനം പോലെ, പെരുമ്പടവം ശ്രീധരന്‍ - ദോസ്തോയ്വിസ്കി പറയുന്നുണ്ട്: "വഴി നീളെ മോഹിപ്പിക്കുന്ന മൃഗതൃഷ്ണ കടന്ന് ഞാനെത്തിയതെവിടെ? അന്നയുടെയടുത്ത്. ഇതിനു മുമ്പാരുമെന്നെയിങ്ങനെ സ്നേഹിച്ചിട്ടില്ല, നിഷ്കപടമായും, അലങ്കാരങ്ങളില്ലാതെയും - എന്റെ കുറ്റങ്ങളറിഞ്ഞ്, എന്റെ ചീത്ത വാസനകളറിഞ്ഞ്." അതേ സമയം അന്നയോര്‍ക്കുന്നതിങ്ങനെ: "ഇന്നലത്തെ ആളല്ലിത്. ഇന്നലെ വേദനിപ്പിച്ചതിന് പിഴമൂളുംപോലെയാണ് ഇന്ന് ഇയാള്‍ എന്നെ സ്നേഹിക്കുന്നത്."

പുതിയവയെ കണ്ടെത്താനുള്ള സാദ്ധ്യതയെ നിലനിര്‍ത്തുന്ന ദാമ്പത്യം, അല്പസ്വല്പ അസ്വാരസ്യങ്ങള്‍ക്ക് ശേഷം വീണ്ടും സുന്ദരമായിത്തന്നെ തുടരും. അതിനുള്ള ധൈര്യം കൈവരുന്നത്, പങ്കാളിയില്‍ ഇനിയും സ്നേഹിപ്പിക്കാനാവുന്ന പലതും ഉണ്ടെന്ന ബോദ്ധ്യമാണ്. അത് ചിലപ്പോള്‍ മറ്റാരും തീര്‍ത്തും നിസ്സാരമായി കാണുന്ന എന്തെങ്കിലുമായിരിക്കാം. ഒരുദാഹരണം: "എനിക്ക് നിന്റെ മണമിഷ്ടമാണ്." അല്പം സന്ദേഹത്തോടെ ഞാന്‍ പറഞ്ഞു. അദ്ഭുതപ്പെടുത്തുന്നതായിരുന്നു അവളുടെ മറുപടി: "എനിക്ക് നിന്റെയും!" അതൊരു വെളിപാടായിരുന്നു; എന്നുമെന്നും ഓമനിക്കാനുള്ള നിര്‍വൃതിയും. ഭിന്നിപ്പിക്കാന്‍ അല്പം വല്ലതും മതിയാവുന്നതുപോലെ, യോജിപ്പിക്കാനും അന്യോന്യമുള്ള കൊച്ചു കൊച്ചു കണ്ടെത്തലുകള്‍ മതിയാവും. അവളുടെ/അവന്റെ ഭാഗത്ത് എന്താണ് ഇഷ്ടം എന്ന് കണ്ടുപിടിക്കാനും, എത്ര നിസ്സാരമെന്നു തോന്നിയാലും, അത് സാധിച്ചുകൊടുക്കാനും നിരന്തരം പ്രോത്സാഹിപ്പിക്കുന്ന അനുഭൂതിയാണ് സ്നേഹമെന്നത്. പഴകിപ്പോയ ബന്ധങ്ങളില്‍ മിക്കവാറും അവഗണിക്കപ്പെടുന്നതും എന്നാല്‍ ഒട്ടുംതന്നെ അപ്രധാനമല്ലാത്തതുമായ ഒരു കാര്യം ലൈംഗികബന്ധത്തില്‍ നിസ്സാരമെന്നൊന്നില്ല എന്നറിയുകയാണ്. ദാമ്പത്യത്തിന്റെ പരിമളം നിലനിര്‍ത്താനുള്ള രാസവിദ്യയാണിത്‌.

"സാവധാനമൊരു പൂവ് വിരിയുംപോലെ വളരുന്ന സ്ത്രീയുടെ രതിക്രിയയിലെ ധൃതിയില്ലായ്മ സ്വായത്തമാക്കാന്‍ പുരുഷനും സാധിക്കുമ്പോഴാണ് അത് ആനന്ദകരമായ ആത്മീയതയും കൂടിയാവുന്നത്. ഭാരരഹിതമായ ശരീരത്തോടെയുള്ള യാത്രയാണത്. ലക്ഷ്യമല്ല, യാത്രയാണ് പ്രധാനം." (ഡോ. റോസി തമ്പി - സ്ത്രൈണയാത്മീയതയും ലൈംഗികതയും) ഇതേയര്‍ത്ഥത്തിലല്ലെങ്കിലും, "ഉത്സവമല്ല, ഉത്സവ സ്ഥലത്തേയ്ക്കുള്ള യാത്രയാണ് കൂടുതല്‍ ആനന്ദകരം എന്ന് പൂജ്യം എന്ന കൃതിയില്‍ സി. രാധാകൃഷ്ണന്‍ കുറിച്ചിട്ടുണ്ട്. ഈ ഉള്‍ക്കാഴ്ചയുള്ള ദമ്പതികള്‍ക്ക് ഓരോ ദിവസവും ഒരുത്സവയാത്രയായി തോന്നും.

"വി.കെ. ശ്രീരാമന്റെ ലേഖനങ്ങള്‍" എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് ഒരു താരാജൂണിനെ പരിചയപ്പെടുത്തുന്നുണ്ട്. വില കൂടിയ സാഹിത്യകൃതികള്‍ വാങ്ങി വായിക്കാന്‍ കഴിയാത്ത കൂലിപ്പണിക്കാര്‍ക്കായി രത്യകഥകളെഴുതുന്നയാള്‍. അവയൊക്കെ  ക്രിയാത്മകവും ജീവിതഗന്ധിയുമാണെന്ന് ശ്രീരാമന്‍ പറയുന്നു. തന്റെ കഥകളെ അശ്ലീലമെന്ന് വിധികല്‍പ്പിക്കുന്ന ധാര്‍മ്മികാപ്പോസ്തലന്മാര്‍ പ്രദര്‍ശനത്തിന് അനുവദിച്ചുവിടുന്ന നീല ഫില്മുകലെപ്പററി തരാജൂന്‍ ഇങ്ങനെ പരിഹസിക്കുന്നു: 'രണ്ട് ശരീരങ്ങളുടെ ഗോഷ്ടികളെയാണ് അവ ചിത്രീകരിക്കുന്നത്. ഗോളടി മാത്രമായാല്‍ ഫുട്ബാളിലെന്തു രസം? ആവേശവും രസവും തോന്നണമെങ്കില്‍, പ്രതികൂലസാഹചര്യങ്ങളിലൂടെ പന്ത് ഗോള്‍പോസ്റ്റിലേയ്ക്ക് മുന്നേറണം. ഒടുവില്‍ ഗോളിയേയും വെട്ടിച്ച്‌ അകത്ത്! കളിക്കാരും കാഴ്ചക്കാരും ആനന്ദമറിയുന്നത് അപ്പോഴാണ്‌.' നിലവാരമല്‍പം കുറഞ്ഞ താരതമ്യമാണിതെന്ന് ചിലര്‍ക്ക് തോന്നുമെങ്കിലും, ശരീരത്തിന്റെ പവിത്രതയെയും ധന്യതയെയുംപറ്റി ഒന്നുമറിയാത്ത പുരുഷക്കോലങ്ങളുടെ ലൈംഗികബന്ധത്തിന്റെ ചിത്രീകണമെന്ന നിലയില്‍ ഇതില്‍ പ്രസക്തിയുണ്ട്. എപ്പോഴും സ്ത്രീയാണ് ഇത്തരം കാടന്‍ ഗോഷ്ടികളില്‍ അതിരില്ലാതെയപമാനിക്കപ്പെടുന്നത്.

എന്നിട്ടും കുടുംബങ്ങള്‍ അതിജീവിക്കുന്നെങ്കില്‍, അത് സ്ത്രീയുടെ സഹനശേഷികൊണ്ട് മാത്രമാണ്. മറ്റൊരാളില്‍, അയാള്‍ ക്രൂരനാണെങ്കിലും, സ്നേഹം കോരിച്ചൊരിയാന്‍ ചില മനുഷ്യര്‍ക്ക്‌ ദൈവം സവിശേഷമായ കഴിവുകൊടുത്തിട്ടുണ്ട്. അതേറ്റുവാങ്ങുന്നയാള്‍ക്ക് അതേപ്പറ്റി ബോധമുണ്ടാകുന്നില്ലെങ്കില്‍ സ്നേഹിക്കുന്നയാള്‍ തീരാദു:ഖത്തിലവസാനിക്കും. ആരറിയുന്നു, സൂഫി റാബി അ: അദവിയയുടെ ഈ വാക്കുകള്‍ എവിടെയെല്ലാം ആവര്‍ത്തിക്കപ്പെടുന്നുണ്ട്! "നിന്റെ സ്വര്‍ഗ്ഗം മോഹിച്ചോ, നരകം ഭയന്നോ അല്ല നിന്നെ ഞാനുപാസിക്കുന്നത്. അങ്ങനെയെങ്കില്‍ ഞാനൊരു കൂലിക്കാരി മാത്രമാണ്. നിന്റെ സ്നേഹമെന്റെ മേല്‍ ചൊരിയുമെങ്കില്‍, നിന്റെ നരകത്തില്‍ വെന്തുരുകുവാനും എനിക്ക് സന്തോഷമേയുള്ളൂ."

മറ്റെല്ലാം പറഞ്ഞു കഴിഞ്ഞാലും, ബാക്കിയാവുന്ന ഒരു നഗ്നസത്യമുണ്ട്. ദമ്പതികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ച ഇല്ലാതാകുന്നതിന് പ്രഥമവും പ്രധാനവുമായ കാരണം ജീവിതത്തില്‍ ലൈംഗികതയുടെ പങ്കെന്തെന്നുള്ളതിനെപ്പറ്റി ഇരു ഭാഗത്തുമുള്ള ആശയക്കുഴപ്പങ്ങളും വ്യത്യാസങ്ങളുമാണ്. ജീവിതത്തിന്റെ എല്ലാ തുറകളെയും ബാധിക്കുന്ന ഒരു ജീവചൈതന്യമായി ലൈംഗികതയെ കാണാനറിയില്ലാത്ത വ്യക്തികളുടെ സമൂഹമെന്നതിലുപരി, അതേപ്പറ്റി തീര്‍ത്തും അജ്ഞതയും വികൃതധാരണകളും നിറഞ്ഞ മനുഷ്യരുടെ കൂട്ടം എന്ന് കേരളജനതയെപ്പറ്റി പറയുകയാണ് ശരി. ലൈംഗികതയെപ്പറ്റി ഒളിച്ചും പാത്തും മാത്രം എന്തെങ്കിലും സംസാരിക്കുന്ന കപടസമൂഹങ്ങളാണ് ഈ ആധുനിക യുഗത്തിലും ഭാരതത്തിലെവിടെയുമുള്ളത്. ദൈവമറിയാതെ മനുഷ്യശരീരത്തില്‍ കയറിക്കൂടിയ ഏതോ ദുഷിതയന്ത്രങ്ങളാണ് ലൈംഗികാവയവങ്ങള്‍ എന്നമട്ടിലാണ് അതേ ചുറ്റിപ്പറ്റിയുള്ള എല്ലാ കാര്യങ്ങളിലും നമ്മുടെ നാട്ടുകാരുടെ സംസാരരീതിയും പ്രവൃത്തികളും. ഒരാളുടെ 'ഉന്നത'വിദ്യാഭ്യാഭാസം പോലും ഇക്കാര്യത്തില്‍ ഒരളവുകോലായി കരുതാനാവില്ല. സ്വാഭാവികവും സുതാര്യവുമായ കാഴ്ചപ്പാടുകളും നിലപാടുകളും ശിക്ഷണരീതികളും, കുടുംബങ്ങളിലെന്നപോലെ പള്ളികളിലും സ്കൂളുകളിലും, കെട്ടിപ്പടുക്കാതെ ആരോഗ്യകരമായ ദാമ്പത്യബന്ധങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ, നിലനില്‍ക്കുന്നതെങ്ങനെ? ദാമ്പത്യബന്ധങ്ങളില്‍ നിറഞ്ഞുനില്‍കേണ്ട സുഗന്ധം ഈ പറഞ്ഞവയെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്.

2 comments:

വളരെ നന്നായി തോന്നി..ലാളിത്യമുള്ള ഭാഷയും, പല നല്ല പരാമര്‍ശങ്ങളും നന്നായി സമന്യയിപ്പിച് എഴുതിയിട്ടുണ്ട്...