ഒരു പുസ്തകം നല്ലതാണെങ്കില്‍ അത് ഒന്നില്‍ക്കൂടുതല്‍ തവണ വായിക്കാന്‍ യോഗ്യതയുള്ളതാണെന്നര്‍ത്ഥം. എം. റ്റി. വാസുദേവന്‍ നായരുടെ 'ആള്‍ക്കൂട്ടത്തില്‍ തനിയെ' രണ്ടാംതവണ വായിച്ചപ്പോള്‍ കുറിക്കണമെന്ന് തോന്നിയതാണ് ചുവടേ.
2003ല്‍ അച്ചടിച്ചതാണ്. ഇതിനോടകം ഏറ്റം ശക്തിയുള്ള ആഗോളഗുണ്ടയായിത്തീര്‍ന്നിരിക്കുന്ന അമേരിക്കയെപ്പറ്റി അന്ന് എം.റ്റി. ഒരമേരിക്കായാത്രക്കിടയില്‍ നടത്തിയ വിലയിരുത്തലുകള്‍ ഇന്ന് കുറേക്കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടേയുള്ളൂ.
"ഞങ്ങള്‍ക്ക് അമേരിക്കക്കാരുടെ ജീവന്‍ വലുതാണ്. മറ്റു മനുഷ്യരെ കൊന്നാല്‍, കാല്‍ക്കീഴില്‍ ഉറുമ്പുകള്‍ അരഞ്ഞുപോയ വികാരമേ ഞങ്ങള്‍ക്കുള്ളൂ." ഒരമേരിക്കക്കാരി സത്യസന്ധമായി പറഞ്ഞതാണിത്. എങ്കില്‍, അവിടുത്തെ പുരുഷന്മാര്‍, പട്ടാളക്കാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ എങ്ങനെ ചിന്തിക്കുന്നു എന്നത് ഏറെക്കുറെ ഊഹിക്കാവുന്നതേയുള്ളൂ. എന്തിന്, അമേരിക്കന്‍ ധാര്‍മ്മികതയില്‍ ഒരു പുനരുത്ഥാനത്തിനു തുടക്കം കുറിക്കുവാന്‍ ലോകജനത ഉറ്റുനോക്കിയ ഒബാമയുടെ വരവുകൊണ്ട് യാതൊരു മാറ്റവും ആ നാടിന്റെ പെരുമാറ്റത്തില്‍ വന്നിട്ടില്ല. അയാളുടെ പിന്‍ഗാമികള്‍ കുഴച്ചുമറിച്ച ലോകഗതിയില്‍ ഒരു മാറ്റവും ഉണ്ടായില്ല, അയാളുടെ പേരില്‍, നൊബേല്‍സമ്മാനത്തിന്റെ വിലയും നിലയും ഒരാവശ്യവുമില്ലാതെ കുത്തനെ ഇടിഞ്ഞതല്ലാതെ.
വിയെറ്റ്നാം യുദ്ധത്തിനെതിരെ അക്കാലത്ത് അമേരിക്കന്‍ യുവത്വം ശക്തിയായി പ്രതികരിച്ചു, ആ പ്രതിരോധത്തിന് അമേരിക്കന്‍ നേതൃത്വം വഴങ്ങേണ്ടിവന്നു എന്നൊക്കെ ചരിത്രപ്പുസ്തകങ്ങളിലുണ്ട്. പക്ഷേ, അമേരിക്കരുടെ അക്കാലത്തെ പ്രതികരണത്തിന്റെ പിന്നില്‍ ധാര്‍മികചിന്തകളായിരുന്നോ ഉണ്ടായിരുന്നത്? നിരപരാധികള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നതോ, ആ യുദ്ധത്തിന്റെ നീതിയുക്തമല്ലാത്ത കാരണങ്ങളോ ആയിരുന്നോ അവ? തീച്ചയായും അല്ലായിരുന്നു. യഥാര്‍ത്ഥ കാരണങ്ങള്‍ ഇവ രണ്ടുമായിരുന്നു:
1. നികുതിപ്പണത്തില്‍ നിന്ന് യുദ്ധകാരണം പറഞ്ഞ് അധികവ്യയം നടക്കുന്നു. 2. അമേരിക്കന്‍ യുവാക്കള്‍ അധികമായി കൊല്ലപ്പെടുന്നു.
1. നികുതിപ്പണത്തില്‍ നിന്ന് യുദ്ധകാരണം പറഞ്ഞ് അധികവ്യയം നടക്കുന്നു. 2. അമേരിക്കന്‍ യുവാക്കള്‍ അധികമായി കൊല്ലപ്പെടുന്നു.
ഇന്നും അമേരിക്ക ഏര്‍പ്പെട്ട് നടത്തുന്ന മനുഷ്യക്കുരുതികളെപ്പറ്റി സംശയമുള്ള അമേരിക്കരുടെ തലയില്‍ ഇതില്‍ക്കവിഞ്ഞ കാരണങ്ങള്‍ കാണാനിടയില്ല. മനുഷ്യന്റെ നികൃഷ്ടവികാരങ്ങള്‍ക്കെല്ലാം പിന്നില്‍ സ്വാഅര്‍ത്ഥതയാണ്. എന്നാല്‍ അതിനിത്ര മന്ദയുക്തിപരമായ പിന്തുണ നല്‍കാനും ന്യായവത്ക്കരണം നടത്താനും ഇവരെപ്പോലെ മാറ്റാര്‍ക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല! ലോകം കണ്ടുമടുത്ത യാഥാര്‍ത്ഥ്യമാണിത്. അന്യരാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും അന്യജനതയെ അവരറിയാതെ അമേരിക്കന്‍ കമ്പോളത്തിന് അടിമകളാക്കാനും, അതൊക്കെ എതിര്‍ക്കുന്നവരെ കൂട്ടത്തോടെ കൊലചെയ്യാന്‍ വേണ്ടിവരുന്ന കൂടുതല്‍ മാരകമായ കണ്ടുപിടുത്തങ്ങള്‍ക്കും അന്യരാജ്യങ്ങളെ കുടുക്കാനുള്ള നയതന്ത്രങ്ങള്‍ മെനയാനുമാണ്, മിക്കപ്പോഴും അമേരിക്കയുടെ ബുദ്ധിയുപയോഗിക്കപ്പെടുന്നത്. ഇന്ത്യന്‍ജനതയുടെ പൊതുപിന്തുണയില്ലാതെ മന്‍മോഹന്‍ സിംഗും കൂട്ടരും പോയി ഒപ്പിട്ടുകൊടുത്ത ആണവക്കരാര്‍ അവസാനം സൂചിപ്പിച്ചതിലൊന്നാണ്. ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരായിരിക്കേണ്ട നമ്മുടെ രാഷ്ട്രീയക്കാര്‍ പമ്പരവിഡ്ഢികളാക്കിയത് നമ്മള്‍ ഇന്ത്യാക്കാരെയാണ്.
സമൃദ്ധിയുടെ ആ നാട്ടില്‍, ഒന്നിനും കുറവ് വരരുത്. അവരുടെ ബിസിനസിനായി കൃത്രിമദൌര്‍ലഭ്യം സൃഷ്ടിക്കാനും ഉണ്ടാക്കിയവതന്നെ നശിപ്പിച്ചാണെങ്കിലും ഡിമാന്റുണ്ടാക്കാനും അമേരിക്കര്‍ മടിക്കുന്നില്ല. തന്റെ ഭക്ഷണത്തിന്റെ പങ്കു കുറയാതിരിക്കാന്‍ കൂട്ടുകാരനെ കൊന്നിട്ടിട്ട് ഉണ്ണാനിരിക്കുമ്പോള്‍, തനിക്കു തിന്നുതീര്‍ക്കാവുന്നതിലുമെത്രയോ അധികമാണ് ബാക്കിയിരിക്കുന്നതെന്ന് തിരിച്ചറിയുന്ന നികൃഷ്ട ജീവിയെപ്പോലെയാണ് പതിറ്റാണ്ടുകളായി അമേരിക്ക പെരുമാറുന്നത്‍.
ഇതൊക്കെ കണ്ടുംകേട്ടുമറിഞ്ഞിട്ടും അനുഭവിച്ചിട്ടും, മക്കളോ സ്വകുടുംബത്തില്‍ നിന്നൊരാളോ അമേരിക്കയിലാണെന്ന് പറയുമ്പോള്‍തന്നെ ഒരു ശരാശരി ഇന്ത്യാക്കാരന്റെയഭിമാനം കുറച്ചൊന്നുമല്ല ചീര്‍ക്കുന്നത്! സ്വന്തം തനിമയില്‍ വിശ്വസിച്ചു തുടങ്ങാതെ ഒരു ജനതയും പ്രബുദ്ധമാവുകയില്ല.
0 comments:
Post a Comment