കലയും വിലയും

Free Software Foundationന്റെ നിയമവിദദ്ധനായ Ebben Mogler ഒരഭിമുഖത്തില്‍ പറഞ്ഞത് ഏവരും അറിഞ്ഞിരിക്കേണ്ട നൂതനാശയമാണ്. നൂതനം ഇന്നാണ്; ഇതേ ആശയം പണ്ട് ഭാരതത്തില്‍ എല്ലാ വിജ്ഞാനശാഖകളുടെയും പൊതു സ്വഭാവമായിരുന്നു. അതെന്തെന്നല്ലേ? അതായത്, ഏതറിവും cost free ആയിരിക്കണം, ആയിത്തീരണം. എല്ലാ കലകളും അവയുടെ ആസ്വാദനത്തിലേയ്ക്ക് നയിക്കുന്ന സൃഷ്ടികളും വിപണിക്ക് പുറത്താകണം. അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാല്‍, marginal cost (ആദ്യനിര്‍മ്മാണച്ചെലവും പുനര്‍നിര്‍മ്മാണച്ചെലവും തമ്മിലുള്ള വ്യത്യാസം) zero ആയിരിക്കുന്ന ഏതൊരറിവും പണവുമായി ബന്ധപ്പെടുത്താതെ വിതരണം ചെയ്യപ്പെടണം. ആദ്യനിര്‍മ്മിതിക്കുള്ള ചെലവ്, പണം മുടക്കാന്‍ കഴിവുള്ള ആസ്വാദകരില്‍ നിന്ന് ഈടാക്കാം. അത് സാധ്യമായ സംഗതിയാണ്താനും. കാരണം, യഥാര്‍ത്ഥ ആസ്വാദകന്‍ കലാസൃഷ്ടിയെ ബഹുമാനിക്കുന്നവനായിരിക്കും. അയാള്‍ അതിന്റെ ചെലവില്‍ പങ്കുപറ്റി അതുമായി സഹകരിക്കാന്‍ മുന്നോട്ടു വരികയും ചെയ്യും. എന്നാല്‍, പണംമുടക്കി വാങ്ങാന്‍ കഴിവു കുറഞ്ഞവര്‍ക്കും, അതിന്റെ പേരില്‍, ബുദ്ധിയെയോ മനസ്സിനെയോ ധന്യമാക്കുന്ന ഒരു നിര്‍മ്മിതിയുടെയും ഉപയോഗം തടയപ്പെടരുത്.

ഇവിടെ തീരുന്നില്ല ഈ ആശയത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍. ബുദ്ധിയും മനസ്സും നിലനില്‍ക്കാന്‍ ശരീരം വേണം. അതുകൊണ്ട്, മനുഷ്യന്റെ അടിസ്ഥാനസൌകര്യങ്ങള്‍ക്ക് - ശുദ്ധവായു, ജലം, ഭൂമി, വീട്, - ആവശ്യമായ സുരക്ഷിതത്ത്വം, അതിനുള്ള വില നല്‍കാനാവില്ലെന്ന ഒറ്റ കാരണംകൊണ്ട് ആര്‍ക്കും നിരസ്സിക്കപ്പെടരുത്. ഇന്ന്, ഒരു വലിയ ഭാഗം ജനങ്ങള്‍ക്ക്‌ ഇവകള്‍ പ്രാപ്യമല്ലാതായിരിക്കുന്നു എന്നതുതന്നെ, അരുതാത്ത, സ്വാഭാവികമല്ലാത്ത, ഒരു ബന്ധം സ്വത്തും (അടിസ്ഥാന സമ്പത്ത്) പണവുമായി വന്നുചേര്‍ന്നതുകൊണ്ടാണ്. ആദ്യകാലങ്ങളില്‍ ഇങ്ങനെയൊരവസ്ഥ ചിന്തനീയമേ ആയിരുന്നില്ല. അമേരിക്കയിലെത്തി, അവിടത്തെ ആദിവാസികളെ തുരത്തി, സ്ഥലമെല്ലാം തങ്ങളുടേതെന്നു പറഞ്ഞു കെട്ടിയടച്ച വെള്ളക്കാരോട് സീയറ്റിലെ ആദിവാസിമൂപ്പന്‍ ചോദിച്ചത് എന്നും പ്രസക്തമാണ്: 'ഭൂമിയെ എങ്ങനെ കാശ് കൊടുത്തു വാങ്ങാന്‍ പറ്റും, അത് മനുഷ്യകുലത്തിന്റെ പൊതുസ്വത്തല്ലേ?' സ്വാര്‍ത്ഥത മുറ്റിയ   പിടിച്ചുപറിക്കാര്‍ക്കൊണ്ടോ അത് തിരിയുന്നു!

പ്രകൃതിയുടെ ദാനങ്ങളെപ്പറ്റി ഇങ്ങനെ ചിന്തിക്കാന്‍ അസ്സാധ്യമാക്കും വിധം കയ്യേറ്റവും കൈവെപ്പും ഇന്ന് ഏത്‌ നാട്ടിലും ശീലമായിക്കഴിഞ്ഞു. എന്നിട്ടും ചിലരെങ്കിലും ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്, കലാപരമായ അറിവുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള കണ്ടുപിടുത്തങ്ങള്‍ എങ്കിലും പണം കൊടുത്ത് 'വാങ്ങേണ്ടവ'യായി തരംതാഴ്ത്തപ്പെടരുത് എന്നാണ്.

ഈ ചിന്ത ആരുടേയും ഔദാര്യത്തിന് വേണ്ടിയുള്ള ഒരു യാചനയല്ല. അല്പം ചിന്തിച്ചാല്‍ കാണാവുന്ന ആഴമായ ഒരു യുക്തിയുണ്ടിതില്‍. കലാപരമായ സൃഷ്ടികളൊന്നും ആരുടേയും തനതു മിടുക്കുക്കൊണ്ട് സംഭവിക്കുന്നവയല്ല, അവയ്ക്ക് പിന്നിലെ സര്‍ഗ്ഗപ്രതിഭ പ്രകൃതിയുടെ ഉദാരമായ ദാനമാണ്, അവയെ വികസിപ്പിച്ചെടുക്കുന്നത് വ്യക്തിപരമായ ശ്രദ്ധകൊണ്ടാണെങ്കിലും. പ്രകൃതിയിലൊന്നും ഒരു പ്രത്യേക വ്യക്തിക്കായി ഒതുങ്ങിപ്പോകുന്നില്ല. സാര്‍വത്രിക നന്മയിലേയ്ക്കാണ് എപ്പോഴും അതിന്റെയുന്നം. അനന്യസവിശേഷതകള്‍ പോലും സ്വന്തമെന്നു കരുതുന്നത് വിവരക്കേടുകൊണ്ടാണ്. അങ്ങനെയെങ്കില്‍, തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള കഴിവുകളെ വികസിപ്പിച്ച്, പുതിയവയ്ക്ക് രൂപം കൊടുക്കുന്നവര്‍ക്ക് അതിനുള്ള ചെലവു വഹിക്കാനാവശ്യമായ വഴികള്‍ വേണമെങ്കിലും, അതിന്റെ മറവില്‍ അമിതലാഭം കൊയ്യുക അശ്ലീലവും പ്രകൃതിവിരുദ്ധവുമാണ്.

അന്യനില്ലാത്ത സൌകര്യങ്ങളോ സുഖോപാധികളോ ഉള്ളവര്‍ അക്കാരണത്താല്‍ ഗമ നടിക്കുന്നിടത്തോളം ആഭാസകരവും അല്പത്വവുമായി വേറൊന്നുമില്ല. 'ഞാനുണ്ടാക്കിയത്‌' എന്ന കേമത്തം ബുദ്ധിശൂന്യതയുടെ പ്രതിഫലനമാണ്. ഇങ്ങനെ പറയാന്‍തുനിയുന്ന 'ഞാന്‍' ഏതെല്ലാം പൂര്‍വ്വകാരണങ്ങളും ത്യാഗങ്ങളും സ്വരുമിച്ചതുകൊണ്ട് ഉണ്ടായതും  നിലനില്‍ക്കുന്നതുമാണെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ മതി, സ്വാര്‍ത്ഥവിചാരങ്ങള്‍ പമ്പകടക്കും. ആകുന്നതിനെല്ലാം വിലയീടാക്കുക എന്ന വ്യാപാരതത്ത്വവും തനിക്കാവശ്യമുള്ളതെല്ലാം വിലയ്ക്ക് വാങ്ങാമെന്ന ഹുങ്കും മനുഷ്യോചിതമല്ല. അപ്പോള്‍, അമിതലാഭത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഈയര്‍ത്ഥത്തില്‍ 'മിടുക്കന്മാരെ' പൂജിക്കുന്ന സംസ്കാരം തന്നെ പൊള്ളയാണ്‌. ഈ പൊള്ളത്തരമല്ലേ അനുദിനം മാധ്യമങ്ങളും ചാനലുകളും തൊള്ളതുറന്നു ഘോഷിക്കുന്നത്! സ്വതന്ത്ര സോഫ്റ്റ്‌വെയ്ര്‍ മുന്നോട്ടു വയ്ക്കുന്ന നീതിബോധം പൊതുജനങ്ങളിലേയ്ക്ക് കൊണ്ടുവരാനായാല്‍ സുന്ദരമായ ഒരു ലോകവീക്ഷണത്തിനു അതു തുടക്കമാകാം, അത്യാഗ്രഹികള്‍ ഒരിക്കലും ചത്തൊടുങ്ങുകയില്ലെങ്കിലും.

തുടര്‍ച്ചിന്തകള്‍: സംഗീതസ്നേഹിയായ സംഗീതജ്ഞന്‍ തന്റെ കഴിവും സൃഷ്ടികളും ആസ്വദിക്കുന്നവര്‍ പെരുകണമെന്നല്ലാതെ, വിലതരാനാകാത്തവര്‍ അതില്‍ നിന്ന് തടയപ്പെടണമെന്ന്  ഒരിക്കലും ആഗ്രഹിക്കില്ലല്ലോ. ആസ്വാദകര്‍ കൂടുംതോറും സംഗീതദേവത പുകഴ്ത്തപ്പെടുന്നുവെന്നതില്‍ അയാള്‍ സന്തോഷിക്കും. ഈ ഹൃദയാന്തരീക്ഷമുണ്ടെങ്കില്‍, വില കൊടുക്കാനാവാത്തവരെയുംകൂടി ആസ്വാദകരാക്കാന്‍ അയാള്‍ ശ്രമിക്കും. വ്യാപാരലക്ഷ്യങ്ങളും പരസ്യങ്ങളും വണിക്കിന്റെ തന്ത്രങ്ങളാണ്. അതുകൊണ്ടാണ് ഏതെങ്കിലും കലാരംഗത്ത് പ്രഗത്ഭരെന്നും അഭിമിതരെന്നും കരുതപ്പെടുന്നവര്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അത് അവരുടെ സ്ഥാനത്തിന്റെ വിലയിടിവായി നമുക്ക് തോന്നുന്നത്. അവര്‍ കലയെയല്ല, കച്ചവടത്തെയാണ് പൂജിക്കുന്നത്. അവരുടെ കള്ളി അതോടേ പുറത്തുവരികയാണ്. ഗാനഗന്ധര്‍വന്‍ യേശുദാസിനെപ്പോലെ ചിലര്‍ മാത്രമാണ് ഇത് മനസ്സിലാക്കിയിട്ടുള്ളതും തീരെ താഴ്ന്നതരത്തിലുള്ള ചന്തമനസ്ഥിതിക്ക് കീഴ്പ്പെട്ടു പോകാത്തതും. മറ്റുള്ള നമ്മുടെ മിക്ക 'ഛോട്ടാ'- 'ബഡാ' കലാകാരികളും കലാകാരന്മാരും, പണത്തിനായി ഏത്‌ വേഷവും കെട്ടുന്നവരാണെന്ന്‌ ലജ്ജയോടെ നാം നിത്യവും കണ്ടറിയുന്നു. ഇവരില്‍ ഭൂരിപക്ഷത്തിന്റെയും 'കല' സാങ്കല്പിതം മാത്രമാണെന്നത് മറ്റൊരു സത്യം.

മിന്നുന്നയുടയാടകളും കോടീശ്വരന്റെ ഗമകളുമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഏത്‌ കോന്തനെയും നോക്കിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക്‌ ഇത് മനസ്സിലാവില്ല. ഇതൊരു തിരിച്ചറിവാണ്. ഇത്തരം മോടികള്‍ ഒരു യഥാര്‍ത്ഥ താരത്തിന്റെ 'വില'യോട് ചേര്‍ത്ത് ചിന്തിക്കാനാവില്ല. സര്‍വ്വവ്യാപകമായ ഒരു വിഡ്ഢിലോകം കെട്ടിപ്പടുക്കുക മാത്രമാണ് ഇന്ന് എല്ലാ 'താരങ്ങളും' മാധ്യമങ്ങളും ഒത്തൊരുമിച്ച് ചെയ്യുന്നത്. ഇത്തരക്കാര്‍ ഏത്‌ കലയേയും വെറും കച്ചവടമാക്കും.

വിദ്യയും സൌന്ദര്യവും പകര്‍ന്നു കൊടുക്കുന്നവരെ ദൈവത്തെപ്പോലെ കരുതുകയും അവര്‍ തിരിച്ച് അതിനുചേര്‍ന്ന അന്തസ്സോടെ പെരുമാറുകയും ചെയ്തിരുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു. പ്രതിഫലേശ്ഛ ഇല്ലായിരുന്നിട്ടും അവര്‍ക്ക് വേണ്ടത്ര പ്രതിഫലം ലഭ്യമായിരുന്നു. ആ സംസ്കാരത്തിന്റെ ഒരംശം അല്പമായെങ്കിലും തിരികെ കൊണ്ടുവരികയാണ് ഇന്ന് free softwareന്റെ സംഘാടകര്‍. ആഗോള കച്ചവടത്തിന്റെയും അമിതലാഭക്കൊള്ളയുടെയും ഈ കാലത്ത് അങ്ങനെ ചിന്തിക്കാനുള്ള ധൈര്യംപോലും ശ്ലാഘനീയമാണ്, മഹനീയമാണ്.

0 comments: