"എന്റെ വാക്ക് എന്റെ മനസ്സില്‍ ഉറച്ചിരിക്കുന്നു. പരമചൈതന്യമേ, നീയെനിക്ക് വെളിച്ചപ്പെട്ടാലും. പ്രജ്ഞാനത്തെ ഉറപ്പിച്ചുനിറുത്തുന്ന ആണികളാകട്ടെ എനിക്കു വാക്കും മനസ്സും. ഞാന്‍ പഠിച്ചത് എന്നെ വിട്ടുപോകാതിരിക്കട്ടെ. ആ പഠിപ്പിന് വേണ്ടിയാണ് ഞാന്‍ രാവും പകലും കഴിച്ചുകൂട്ടുന്നത്. ഞാന്‍ പറയുന്ന പരമാര്‍ത്ഥവും സത്യവും എന്നെ രക്ഷിക്കട്ടെ."
അതിസുന്ദരമായ ഈ പ്രാര്‍ത്ഥന 'പ്രജ്ഞാനം ബ്രഹ്മ' എന്ന മഹാവാക്യമുള്‍ക്കൊള്ളുന്ന ഐതരെയോപനിഷത്തിലുള്ളതാണ്. ജീവജ്ഞാനംതന്നെയാണ് ദൈവികത എന്നു പ്രഘോഷിക്കുന്ന ഋഗ്വേദമാണ് മനുഷ്യമഹത്വത്തെപ്പറ്റിയും ഗര്‍ഭത്തെപ്പറ്റിയും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്ന വേദകൃതി. ജ്ഞാനത്തെ ഉള്ളില്‍ വഹിക്കുന്നതും ജീവനെ ഉള്ളില്‍ വഹിക്കുന്നതുപോലെയാണ് എന്നാണതിന്റെ മതം.
മലയാളത്തിലും സംസ്കൃതത്തിലും ശബ്ദമെന്നാല്‍ വാക്കെന്നും അര്‍ത്ഥമുണ്ട്. വാക്കുകളുടെ അദ്ഭുത്ത്തിലേയ്ക്ക് വായനക്കാരെ ഒരിക്കല്‍ കൂടി വഴിനടത്തട്ടെ. സംസ്കൃതത്തില്‍ ഭൂതകാലക്രിയയുണ്ടാക്കാന്‍ വര്‍ത്തമാനത്തോട് 'അ' ചേര്‍ത്താല്‍ മതി. ഉദാ: കരോതി = ചെയ്യുന്നു, അകരോത് = ചെയ്തു. എത്ര അഗാധമായ തത്ത്വചിന്തയാണ് ഭാഷയില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. 'അ' നിഷേധധ്വനിയുള്ള ഉപസര്‍ഗ്ഗമാണ്. ചെയ്യുന്നു അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുക വര്‍ത്തമാനാനുഭവമാണ്. അതു പൂര്‍ത്തിയാകുക എന്നാല്‍ വര്‍ത്തമാനം ഭൂതത്തിലേയ്ക്ക് മറഞ്ഞുപോയി എന്നാണല്ലോ. അതായത്, വര്‍ത്തമാനത്തെ ഇല്ലായ്മ ചെയ്യാന്‍, സംഭവിച്ചുകൊണ്ടിരുന്നത് ഇതാ സംഭവിച്ചുകഴിഞ്ഞു എന്ന ധ്വനിയുണ്ടാക്കാന്‍, ക്രിയാപദത്തോട് 'അ' ചേര്‍ക്കുക. ഭൂതം ഇല്ലായ്മക്ക് (മരണത്തിനു) പര്യായമാണ്. ജീവനാകട്ടെ വര്‍ത്തമാനത്തിലൂടെ തുടര്‍പ്രക്രിയയാകുന്ന ഒരു പ്രതിഭാസമാണ്.
തീര്‍ന്നില്ല, വാക്കുകളിലെ വിസ്മയം. 'ഭൂത'ത്തില്‍ നിന്നുണ്ടാകുന്ന വാക്കാണ് അദ്ഭുതം. അത് - എന്തെങ്കിലും പുതിയത് - ഭവിക്കുന്നതാണ് അദ്ഭുതം. ഈ വാക്കിലെ 'ത' ഘോഷാക്ഷരമായ 'ഭ'ക്കു മുമ്പില്‍ മൃദുവാകണമെന്ന വ്യാകരണപ്രകാരം 'ദ' ആകുന്നു. അതുകൊണ്ട്, അത്ഭുതം എന്നെഴുതുന്നത് അത്ര ശരിയല്ല. അദ്ഭുതം തുടരാനാവില്ല, കാരണം, ഉണ്ടായത്, അതോടേ ഭൂതമായിക്കഴിഞ്ഞു. സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം അദ്ഭുതങ്ങളാണെന്ന് മറ്റൊരു ലേഖനത്തില്‍ (അഹന്തയുടെ അഭാവമാണ് ആത്മീയത) പറഞ്ഞത് ഈയര്‍ത്ഥത്തിലാണ്.
ഇന്നലെയും നാളെയും ഒരറ്റമടഞ്ഞ പാലങ്ങളാണ്. ഓര്‍മ്മകളുടെയും (കഴിഞ്ഞവ) സങ്കല്പങ്ങളുടെയും (സംഭവിക്കാത്തവ) ഈ പാലങ്ങളിലൂടെ മാത്രം നടക്കുന്നവര്‍ ഇന്നുകൊണ്ട് തൃപ്തരല്ലാത്തവരാണ്. സ്വര്‍ഗ്ഗരാജ്യം ഒരദ്ഭുതമാണെന്നും അത് നമുക്കുള്ളിലാണെന്നും അത് ഇപ്പോള്‍ ഇവിടെയാണെന്നും യേശു പറഞ്ഞത് എത്ര കണിശമായിട്ടാണ്! അന്നദ്ദേഹത്തെ കേട്ടവര്‍ക്കോ, ഇന്ന് അദ്ദേഹത്തിന്‍റെ വചനം ഘോഷിക്കുന്ന അനുയായികള്‍ക്കോ ഇതൊന്നും ഇതുവരെ തിരിഞ്ഞിട്ടില്ല എന്നത് അതീവ കഷ്ടംതന്നെ.
ഓരോ വാക്കും ഒരു വിസ്മയം തന്നെ. 'വിസ്മയം' എന്ന വാക്ക് തന്നെ രൂപപ്പെട്ടത് എങ്ങനെയെന്നു നോക്കുക. 'സ്മയ' എന്ന സംസ്കൃത ശബ്ദത്തിനര്‍ത്ഥം ഗര്‍വ്, അഹങ്കാരം എന്നൊക്കെയാണ്. അതില്ലാത്ത അവസ്ഥയാണ് 'വിസ്മയം'. നമ്മെ അതിശയിക്കുന്ന (നമ്മുടെ മാനസ്സസീമകള്‍ക്കപ്പുറത്ത് ശയിക്കുന്ന) എന്തും വിസ്മയഹേതുവാണ്. അതായത്, 'അമ്പേ, ഞാന്‍' എന്ന പമ്പരവിഡ്ഢിത്തത്തില്‍നിന്ന് നമ്മെ മുക്തരാക്കുന്ന അനുഭൂതിയാണ് വിസ്മയിക്കാനുള്ള കഴിവ്. നമുക്കുള്ളിലും പുറത്തും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം വാസ്തവത്തില്‍ നമ്മെ വിസ്മയിപ്പിക്കേണ്ടവയാണ്.
നാമുച്ചരിക്കുന്ന ഓരോ വാക്കിന്റെയും ശബ്ദം ഒരിക്കലും നശിക്കുന്നില്ല. എത്ര നേര്‍ത്തതായിരുന്നാലും അതുണ്ടാക്കുന്ന തരംഗങ്ങള്‍ വിഹായസില്‍ എന്നെന്നും മുഴങ്ങിക്കൊണ്ടിരിക്കും എന്നറിയുന്നത് തന്നെ എന്തൊരു വിസ്മയമായിരിക്കേണ്ടതാണ്! ഓരോ വാക്കും അനന്തതയിലേയ്ക്ക് നീളുന്ന ഒരോളം സൃഷ്ടിക്കുന്നുണ്ട്.
നാമുച്ചരിക്കുന്ന ഓരോ വാക്കിന്റെയും ശബ്ദം ഒരിക്കലും നശിക്കുന്നില്ല. എത്ര നേര്‍ത്തതായിരുന്നാലും അതുണ്ടാക്കുന്ന തരംഗങ്ങള്‍ വിഹായസില്‍ എന്നെന്നും മുഴങ്ങിക്കൊണ്ടിരിക്കും എന്നറിയുന്നത് തന്നെ എന്തൊരു വിസ്മയമായിരിക്കേണ്ടതാണ്! ഓരോ വാക്കും അനന്തതയിലേയ്ക്ക് നീളുന്ന ഒരോളം സൃഷ്ടിക്കുന്നുണ്ട്.
Soeren Kierkegaard ന്റെ ഈ വാക്യം ശ്രദ്ധിക്കൂ. "Die Ruhe der Natur hat ihren Grund darin, dass die Zeit gar keine Bedeutung für sie hat. Erst mit der Augenblick beginnt die Geschichte." അത് ഞാനിങ്ങനെ സ്വതന്ത്രതര്‍ജ്ജമ ചെയ്യട്ടെ:
"പ്രകൃതിയുടെ കാര്യത്തില്‍ സമയത്തിന് യാതൊരര്‍ത്ഥവുമില്ല. ഈ നിമിഷം മുതലാണ് ചരിത്രം തുടങ്ങുന്നത്. പ്രകൃതിയിലെ സ്വച്ഛന്ദശാന്തതയുടെ പൊരുളതാണ്."
ഈ സത്യമറിഞ്ഞവന്റെ ഹൃദയത്തില്‍നിന്നുയരുന്ന ഗദ്ഗതം ഇങ്ങനെയായിരിക്കും:
ഒരു നിശ്വാസ,മൊരേങ്ങല്‍, നിന്‍
കണ്ണിമകളുടെയൊരു വിതുമ്പല്‍ -
ഒരു തൂവലായെന്‍ നെഞ്ഞിടത്തില്‍
വന്നു പതിക്കൂ, സര്‍വ്വസ്വമേ!
0 comments:
Post a Comment