അറിയുമോ, ഈ യേശുവിനെ?

ക്രൈസ്തവ മാതാപിതാക്കള്‍ ജന്മം തന്നെങ്കിലും അവരുടെ മതത്തോടു കൂറ് പുലര്‍ത്താന്‍ ഞാനൊരിക്കലും നിര്‍ബന്ധിതനായിട്ടില്ല. ആദര്‍ശശാഠൃവും വിശ്വാസവും ഒരുപോലെ ശക്തിക്ഷയത്തിനേ ഉതകൂ; രണ്ടും യാഥാ൪ത്ഥ്യത്തില്‍ നിന്നോടിയൊളിക്കലാണ്, യാന്ത്രികമായിത്തീരുകയാണ് എന്നതാണ് എന്റെ കണ്ടെത്തല്‍. അതുകൊണ്ട്, യേശുവിനെ പുറത്ത് നിന്നുകൊണ്ട് അറിയുന്നവനായിട്ടാണ് ഞാനിതെഴുതുന്നത്. കൂട്ടുകൂടാനും ഇടയ്ക്കു പിണങ്ങാനുമനുവദിക്കുന്ന ഒരു യുവസുഹൃത്താണ് എനിക്ക് യേശു. ദൈവപുത്രന്റെ 'ഗമ'യൊരിക്കലും അദ്ദേഹത്തിന് ഞാന്‍ അനുവദിച്ചുകൊടുത്തിട്ടില്ല. ഒരു രക്ഷകനോടുള്ള നന്ദിയുടെ കടമയും എനിക്ക് തോന്നിയിട്ടില്ല. ചോരയും നീരുമുള്ള മനുഷ്യപുത്രനായിട്ടാണ് ഞാന്‍ അദ്ദേഹത്തെയറിഞ്ഞിട്ടുള്ളത്. യേശുവേ സ്തോത്രം, യേശുവേ ആരാധന എന്നാവര്‍ത്തിച്ചുകൊണ്ട്‌ ചില 'കാരിസ്മാറ്റിക്' പ്രഘോഷകര്‍ നിന്ന് തുള്ളുന്നത് കാണുമ്പോള്‍, ഇതെന്തു തമാശയെന്നേ ഞാന്‍ കരുതാറുള്ളൂ.  എന്നാല്‍ മനുഷ്യാത്മാവിനെ ശക്തിപ്പെടുത്തുകയും ചിറകുകളേകി അതിനെ പറക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാന്ത്രികനോടുള്ള വിസ്മയകരമായ അടുപ്പം എനിക്കു യേശുവിനോടുണ്ട്. അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തിന്റെ വശ്യതയും ഈ കൂട്ടുകെട്ടിലുണ്ട്. ഇത്രയും സ്വകാര്യതയുടെ ഉദാരത എനിക്കനുവദിക്കാനാകാത്തവര്‍ ഈ ലേഖനം വായിച്ചിട്ട് കാര്യമില്ല.


അടിത്തട്ടു കാണാവുന്ന ഒരു നദിയിലേയ്ക്കിറങ്ങുന്നതു പോലെയാണ് ഞാന്‍ യേശുവിനെ കണ്ടെത്തിയത്. ഇരു കരയും കവിഞ്ഞ്, കനത്ത പാറകള്‍ക്കിടയിലൂടെ മന്ദമായി ഒഴുകുന്ന ഒരാറുപോലെ; മറ്റുറവകള്‍ അതിലേയ്ക്ക് ലയിച്ചുചേരുന്നു, ഇന്നലെത്തേപ്പോലെ ഇന്നും. ഇരു തീരത്തും പച്ചപ്പുള്ള കൂറ്റന്‍ മരങ്ങള്‍. ഓരോ ഉദയസൂര്യനും അസ്തമയവും അതിനെ സ്വര്‍ണ്ണപ്രഭയില്‍ മുക്കുന്നു. ഉത്ഭവമെവിടെയെന്നറിയാത്ത, ധാരാളിത്തത്തിന്റെ ധന്യതയായി അതൊഴുകിക്കൊണ്ടിരിക്കുന്നു.


അവന്‍ കാറ്റിനെതിരേ നടന്നു. അവന്റെ മേലങ്കി പറന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ അവനല്ലാതെ ആരുമില്ലായിരുന്നു. അപ്പോള്‍ അവന്റെ കൈയില്‍ കടന്നു പിടിക്കാനാവുക, അതെനിക്ക് പറുദീസയുടെ കുളിര്‍മ്മയാകുന്നു. ദൈവരാജ്യത്തിന്റെ മോടികള്‍ വേണ്ടവര്‍ അത് പങ്കിട്ടെടുത്തുകൊള്ളട്ടെ. ആരെക്കുറിച്ചോര്‍ക്കുമ്പോള്‍, എനിക്കാത്മാവില്‍ കാറ്റ്പിടിക്കുന്നുവോ, മറ്റെല്ലാം മറക്കാനാവുന്നുവോ, അതാണെനിക്ക്‌ യേശു. അവനാകുന്ന ജലാശയത്തിന്റെ ആഴത്തിലേയ്ക്കിറങ്ങുമ്പോള്‍, വെട്ടിത്തിളങ്ങുന്ന വെള്ളത്തിന്റെ നീലിമയില്‍ ഞാന്‍ അലിഞ്ഞില്ലാതാകുന്നു.


ഇത്ര വശ്യമായ വ്യക്തിപ്രാഭവമുള്ള യേശുവിന്റെ ഒട്ടുംതന്നെ പുരുഷസൌന്ദര്യമില്ലാത്ത രൂപങ്ങളും പടങ്ങളുമാണ് ചെറുപ്പം മുതല്‍ പള്ളികളിലും മിക്ക ക്രിസ്തീയ വീടുകളിലും ഞാന്‍ കണ്ടിട്ടുള്ളത്. മനുഷ്യരുടെ പാപങ്ങള്‍ മാത്രം ഓര്‍ത്തു നടന്നിരുന്ന 'ദൈവപുത്രന്‍' ഒരിക്കലും ചിരിച്ചിട്ടില്ലെന്നൊക്കെ ഒരു കാലത്ത് സഭയിലെ തീവ്രവാദികള്‍ പറഞ്ഞുതന്നിരുന്നു. അങ്കിക്ക് പുറത്ത്, രക്തമൊലിക്കുന്ന അല്ലെങ്കില്‍ തീനാളമുള്ള ചങ്കുമായി, ഏതാണ്ടൊരു സ്ത്രൈണഭാവം പൂണ്ട 'തിരുഹൃദയത്തിന്റെ' പടം കാണുമ്പോഴൊക്കെ 'ഇതല്ലല്ലോ സുവിശേഷത്തിലെ യേശു' എന്ന് ഞാന്‍ വളരെ നീരസത്തോടെ ഓര്‍ത്തിരുന്നു. വളരെക്കാലം മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഒരാഗ്രഹമാണ്, ആണത്തം തുളുമ്പുന്ന, സുസ്മേരവദനനായ, യേശുവിന്റെ ഒരു ചിത്രം വരക്കണമെന്നത്. മൂന്നു വര്‍ഷം മുന്‍പ് അതു സംഭവിച്ചു. നാലഞ്ചു ദിവസമെടുത്ത്, എന്റെ ഭാവനയിലുണ്ടായിരുന്ന യേശുവിന്റെ മുഖം ഓയില്‍പെയ്ന്റുകൊണ്ട് ഞാന്‍ കാന്‍വാസില്‍ പകര്‍ത്തി. വിരിഞ്ഞുവരുന്ന ഒരു മന്ദഹാസത്തിന്റെ പരിമളവും ആത്മാവിന്റെ ഉള്ളറകള്‍വരേയെത്തുന്ന നോട്ടവുമുള്ള ഒരു ചെറുപ്പക്കാരന്‍ യഹൂദന്റെ മുഖം. എന്തൊരു വശ്യത, ആ കണ്ണുകളില്‍! എനിക്കഭിമാനം തോന്നി. എന്നെപ്പോലെ സ്വന്തം യേശുവിനെ മനസ്സില്‍ സങ്കല്‍പ്പിച്ചിരുന്നവര്‍ വേറെയുമുണ്ടായിരുന്നു എന്നതിന് തെളിവാണ് സക്കറിയയുടെ ഒരു പുസ്തകച്ചട്ടയില്‍ കണ്ട, പൊട്ടിച്ചിരിക്കുന്ന യേശുവിന്റെ മുഖം. അതുപോലെ ധാരാളം ചിത്രീകരണങ്ങള്‍ ഇപ്പോള്‍ ഇന്റെര്‍നെറ്റിലും കണ്ടെത്താന്‍ കഴിയും.



എന്നാല്‍ പടം മാത്രമല്ല മാറേണ്ടത്. യേശുവിനെപ്പറ്റി പള്ളിയില്‍ നിന്നും ധ്യാനപ്രഘോഷകരില്‍ നിന്നും മറ്റും കിട്ടുന്ന ധാരണയും സുവിശേഷങ്ങളില്‍ നാം കണ്ടുമുട്ടുന്ന യേശുവും തമ്മില്‍ വല്ലാത്ത അന്തരമുണ്ട്. ഇതൊരു പുതിയ കണ്ടെത്തലൊന്നുമല്ല. ബൈബിള്‍ പഠനം ഒരു സ്വതന്ത്ര വ്യവഹാരമായിത്തീര്‍ന്ന നാള്‍മുതല്‍ എണ്ണമറ്റ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, യേശുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ മനസ്സിലാക്കാന്‍. ഈ ലേഖനവും അത്തരമൊരു ശ്രമമാണ്. പലയെഴുത്തുകാര്‍ അതിലെനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തന്നിട്ടുണ്ടെങ്കിലും, എനിക്കേറ്റവുമുപകരിച്ചത്, Peter de Rosaയുടെ രചനയാണ്. (Der grosse Mythos, Drömer Knaur, 1991, München)

സുവിശേഷഗ്രന്ഥങ്ങളിലൂടെ ഉരുത്തിരിയുന്നത് വിശ്വാസയോഗ്യമായ യേശുച്ചരിത്രമാണെന്ന്‌ വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വൈരുദ്ധ്യാത്മകവുമായ ഒരു കൃതിയാണ് ബൈബിള്‍ എന്നറിയാത്തതുകൊണ്ടാണത്. ഉത്തമ വിശ്വാസിയയായ എന്റെയൊരു സുഹൃത്ത് തന്റെ പെണ്മക്കളെ ഒരു നല്ല ശീലം പഠിപ്പിച്ചു: ദിവസവും ബൈബിളിലെ ഒരദ്ധ്യായം വായിക്കുക. ഒന്നര വയസ്സിന്റെ പ്രായവ്യത്യാസം മാത്രമുള്ള അവരിരുവരും മുഴുവന്‍ പുസ്തകവും ഒരുവട്ടം വായിച്ചു. രണ്ടാം തവണ സംഭവിച്ചതെന്തെന്നോ? ആരോണ്‍ വടി നിലത്തിട്ടതേ, അതു സര്‍പ്പമായി മാറിയതും, ഇസ്രായേല്‍ജനത്തിന്റെ രക്ഷക്കായി കടല്‍ രണ്ടായി വിഭജിച്ചതും എത്തിയതോടെ, മൂത്തവള്‍ സംശയം ചോദിച്ചു തുടങ്ങി. ഇതൊക്കെ സംഭവ്യമാണോ, സത്യമാണോ? ഏതായാലും, അവള്‍ വായന നിറുത്തി. ഇളയവളാകട്ടെ, വച്യാര്‍‍ത്ഥങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ, അവയൊക്കെ വളരെ രസമുള്ള കഥകളും കവിതകളുമായി വീണ്ടും ആസ്വദിച്ചുതന്നെ വായിച്ചുകൊണ്ടിരുന്നു. ബൈബിള്‍ സാവധാനം അവള്‍ക്കൊരു സാഹിത്യകൃതിയായി മാറുകയായിരുന്നു. അതുതന്നെയാണ് സത്യവും. ബൈബിളിന്റെ പഴയതും പുതിയതുമായ ഭാഗങ്ങള്‍ ചരിത്രകൃതികളല്ല, സാഹിത്യകൃതികളാണ്. അങ്ങനെയെടുത്താല്‍ അവ വായിക്കുക രസകരമാണ്. അവയുടെ ഉള്ളടക്കത്തെ അങ്ങനെത്തന്നെ ദൈവനിവേശിതവും അക്ഷരാര്‍ത്ഥത്തിലെടുക്കേണ്ടവയുമായി കരുതിയിരുന്ന കാലം പണ്ടേ കടന്നുപോയി. 

ദൈവവചനമായി യഹൂദര്‍ കരുതിപ്പോരുന്ന ഹീബ്രൂ ബൈബിള്‍ തന്നെയായിരുന്നു ഏതാണ്ട് ആദ്യനൂറ്റാണ്ടിന്റെ പകുതിവരെ ക്രിസ്ത്യാനികളുടെയും ഏക മതഗ്രന്ഥം. ആ സമയത്തോടടുത്തോ, അതിന് ശേഷമോ എഴുതപ്പെട്ട അനേകം സുവിശേഷകൃതികളില്‍ നാലെണ്ണവും, അപ്പോസ്തലരുടെ  പ്രവൃത്തികള്‍ എന്ന രചനയും, അവരുടെ 21 കത്തുകളും, വെളിപാട് എന്ന എഴുത്തും ഉള്‍പ്പെടുന്നതാണ് പതുക്കെപ്പതുക്കെ സഭയുടെ അടിസ്ഥാന വേദഗ്രന്ഥമായിത്തീര്‍ന്ന പുതിയ നിയമം. മേല്‍പ്പറഞ്ഞവയ്ക്ക് സമാനമായി ധാരാളം രചനകള്‍ വെളിച്ചം കണ്ടെങ്കിലും, അവയില്‍ നിന്ന്, അപ്പസ്തോലിക പാരമ്പര്യത്തോട് യോജിക്കുന്നവയെ തിരഞ്ഞെടുത്ത്, ഔദ്യോഗികമായ വേദഗ്രന്ഥസമാഹാരമുണ്ടാക്കിയത് നാലാം നൂറ്റാണ്ടോടുകൂടി മാത്രമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക - Abington Dictionary of Living Religions). 

ഡിസംബര്‍ 24, 2006 ലെ മാതൃഭൂമി വാരികയില്‍ ഡോ. ജേക്കബ്‌ നാലുപറയിലിന്റെ ഒരു ലേഖനമുണ്ടായിരുന്നു. അപ്പോക്രിഫാ സുവിശേഷങ്ങളെപ്പറ്റിയുള്ള ഈ വളെരെ നല്ല രചനക്ക് മുഖവുരയായി ഇങ്ങനെ കൊടുത്തിരുന്നു. "ഔദ്യോഗിക സുവിശേഷങ്ങള്‍ക്ക് വെളിയിലേയ്ക്ക് യേശുവിന്റെ വ്യക്തിത്വത്തെ വളര്‍ത്തുന്നുണ്ട്, നിഗൂഢഗ്രന്ഥങ്ങളായി അറിയപ്പെടുന്ന അപ്പോക്രിഫാ സുവിശേഷങ്ങള്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ക്രിസ്തീയതയുടെ ആത്മാവിനെയുള്‍ക്കൊള്ളുന്ന ഈ സുവിശേഷങ്ങളുടെ വായന ക്രിസ്തുവ്യക്തിത്വത്തെ വൈവിധ്യവത്ക്കരിച്ചുകൊണ്ട്, മഹത്വവത്ക്കരിക്കുന്നതിനോടൊപ്പം യൂദാസിനെയും മഗ്ദലന മറിയത്തെയും കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിക്കുന്നുമുണ്ട് ... ... യേശു സ്ത്രീകള്‍ക്ക് നല്‍കുന്ന കേന്ദ്രസ്ഥാനത്തെ ഇവ ഉറപ്പിക്കുന്നു." ലേഖകന്‍ പരാമര്‍ശിക്കുന്ന മഗ്ദലന മറിയത്തിന്റെ, പത്രോസിന്റെ, ഫിലിപ്പിന്റെ, യൂദാസിന്റെ, തോമസിന്റെയൊക്കെ സുവിശേഷങ്ങള്‍ ഒരു കാലത്ത് ഉപയോഗത്തിലിരുന്നുവെന്നും ഈ കൃതികളിലൊന്നുപോലും രചിച്ചത് സൂചിതയായ/സൂചിതനായ വ്യക്തിയല്ലെന്നും ഗ്രഹിക്കണമെങ്കില്‍, സുവിശേഷഗ്രന്ഥരൂപീകരണത്തിന്റെ രീതിയും ചരിത്രവും മനസ്സിലാക്കേണ്ടതുണ്ട്. ഡോ. നാലുപറയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, യേശുവിന്റെ ഭൌമികജീവിതം സുവിശേഷങ്ങളായി പരിണമിച്ചതിന്റെ ചരിത്രഗതി നാം അറിഞ്ഞിരിക്കേണ്ടതാണ്. 

ശാസ്ത്രീയ രീതികള്‍ അനുസരിച്ചുള്ള ബൈബിള്‍പഠനം കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. മൂല കൃതികളെ അതിസൂക്ഷ്മമായി വിശകലനം ചെയ്തും, അവയില്‍ ഉപയോഗിച്ചിരുന്ന ഭാഷാശൈലി, സാഹിത്യരൂപങ്ങള്‍ എന്നിവയെ അപഗ്രഥിച്ചും, രചനയുടെ കാലം, കര്‍ത്താവ് അല്ലെങ്കില്‍ കര്‍ത്താക്കള്‍ ആര് എന്നിവ കണ്ടെത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. തത്ഫലമായി, അതുവരെ മുറുകെപിടിച്ചിരുന്ന പല നിഗമനങ്ങളേയും ചോദ്യംചെയ്യാന്‍ ശാസ്ത്രബോധവും സത്യസന്ധതയുമുള്ള ഗവേഷകര്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഉദാഹരണത്തിന്, താന്‍ യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു, യേശു സവിശേഷമായി സ്നേഹിച്ചിരുന്നവനായിരുന്നു എന്നൊക്കെ നാലാമത്തെ സുവിശേഷകര്‍ത്താവ് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതില്‍ സത്യമില്ല എന്നതാണ് വസ്തുത. ആ കൃതിയുടെ ഉദ്ഭവത്തിന് നാല്പതു വര്‍ഷം മുമ്പെങ്കിലും തന്റെ സഹോദരന്‍ യാക്കൊബിനോടൊപ്പം യേശു ശിഷ്യനായിരുന്ന യോഹന്നാന്‍ വധിക്കപ്പെട്ടിരുന്നു. ഈ സുവിശേഷമാകട്ടെ, ഒരു ദൈവജനത്തിന്റെ നീണ്ട ധ്യാനമാണ്, അല്ലാതെ, കൃതിയുടെ ഏറ്റവുമൊടുവില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ, "യേശുവിന്റെ ചെയ്തികളില്‍ ചിലതു മാത്രമാണ് താന്‍ കുറിച്ചിരിക്കുന്നത്" എന്നതിലെ വാച്യാര്‍ത്ഥം അസ്ഥാനത്താണ്. ചരിത്രബന്ധിതമായതൊന്നും ഈ സുവിശേഷം ഉള്‍ക്കൊള്ളുന്നില്ല എന്നാണ് പണ്ഡിതമതം. ഒടുവിലത്തെ അത്താഴവേളയിലേതായി നാം വായിക്കുന്ന യേശുവിന്റെ ഹൃദയസ്പര്‍ശിയായ, അതിസുന്ദരമായ ആ സംഭാഷണം അതേവിധം നടന്നതല്ല. ഒരു രാത്രിയിലവിടുന്ന് നിക്കദെമുസുമായി നടത്തിയ സംസാരവും പൊള്ളുന്ന വെയിലത്ത് ഒരു കിണറിന്റെ അരികിലിരുന്ന് ഒരു സമേരിയക്കാരി സ്ത്രീയുമായി ഉണ്ടായ ചര്‍ച്ചയുമൊക്കെ പ്രത്യേക ലക്ഷ്യത്തോടെ ഗ്രന്ഥകര്‍ത്താക്കള്‍ പിന്നീട് നെയ്തെടുത്ത ഭാവനാസൃഷ്ടികളാണ്. അതുപോലെ കാനായിലെ കല്യാണവിരുന്നില്‍വച്ച് യേശു വെള്ളം വീഞ്ഞാക്കിയതും കുരിശിന്റെ ചുവട്ടില്‍ നിന്ന യോഹന്നാനെയും മറിയത്തെയും പരസ്പരം ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് സംസാരിക്കുന്നതുമൊക്കെ തഥൈവ. - നല്ല ഭാവനകള്‍. പക്ഷേ, ഒന്നുണ്ട്; ഈ ഗ്രന്ഥകര്‍ത്താവിനെപ്പോലെ ഒരിക്കല്‍ യേശുവിനെ ക്രിസ്തുവായി ഉള്ളില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍, ഇവയെല്ലാം സംഭവ്യവും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായി കാണുവാന്‍ സാധിക്കും. അതുതന്നെയാണ് നമുക്കും സുവിശേഷങ്ങളിലെ യേശുവിനെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി. 

ഈ കാഴ്ചപ്പാടാണ് അതിപ്രധാനം. അതായത്, പുതിയനിയമ ഗ്രന്ഥങ്ങളില്‍ ഒരൊറ്റ വരിപോലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റിയല്ല, മറിച്ച്, അവയെല്ലാം നാഥനും രക്ഷകനുമായി വിശ്വാസികളുടെയുള്ളില്‍ രൂപമെടുത്ത ക്രിസ്തുവിനെപ്പറ്റിയാണ്. ഈ മാറ്റം സംഭവിക്കുന്നതോ, അദ്ദേഹത്തിന്‍റെ മരണശേഷം മാത്രവും. ഇത്രയുമംഗീകരിക്കാനായാല്‍ സുവിശേഷങ്ങളില്‍ കാണുന്ന പരസ്പര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ചിത്രീകരണങ്ങള്‍ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ വായനക്കാരനെ ശല്യപ്പെടുത്തുകയില്ല. കാരണം, ഐതിഹ്യരൂപത്തിലുള്ള സാഹിത്യ സംരംഭത്തില്‍ അതൊക്കെ അനുവദനീയമാണ്. യേശുവിന്റെ ജനനത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള വിവരണങ്ങളൊക്കെ കാല്പനികങ്ങളാണ്. ദൃക്സാക്ഷികളുടെയോ കേട്ടുകേഴ്വിയുടെയോ യഥാതഥാ വിവരങ്ങളുമായി ഏതെങ്കിലും ബന്ധം അവയില്‍ തിരയേണ്ടതില്ല. ആദ്യക്രിസ്ത്യാനികള്‍ തങ്ങളുടെ എതിരാളികളായിത്തീര്‍ന്ന യഹൂദരെ ആശയപരമായി നേരിടുന്നതിനും യേശുവിന്റെ പ്രബോധനങ്ങള്‍ എതിര്‍ജാതീയരില്‍ എത്തിക്കുന്നതിനുമായി വേണ്ടിയിരുന്നതൊക്കെ യഥാര്‍ത്ഥ ചരിത്രസമയത്തില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്ന് പോലും, വേര്‍പെടുത്തി ഈ കൃതികളില്‍ തിരുകി ചേര്‍ത്തിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഇത്തരം സത്യവികലതകള്‍ക്ക് ഒരുത്തമോദാഹരണം യോഹന്നാന്റെ രചനയില്‍ നിന്ന് തന്നെയെടുത്തു കാണിക്കാം. റോമാക്കാരല്ല, മറിച്ച്, യഹൂദരാണ് യേശുവിന്റെ മരണത്തിനു കാരണക്കാരെന്ന് വായനക്കാരെ ബോദ്ധ്യപ്പെടുത്താന്‍ തന്ത്രം മെനയുന്നിടത്ത്, യഹൂദരെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്, "ആര്‍ക്കും വധശിക്ഷ നല്‍കാന്‍ ഞങ്ങള്‍ക്കധികാരമില്ല." (18,31) അപ്പോള്‍ പിന്നെയെങ്ങനെയാണ് യഹൂദര്‍ എസ്തഫാനെ മരണത്തിനു വിധിച്ചതും കല്ലെറിഞ്ഞു കൊന്നതും? അതുപോലെ, എന്തുകൊണ്ട് വലിയ പുരോഹിതരുടെ സമിതി പൌലോസിനെ കൊല്ലാനാഗ്രഹിച്ചു? (അപ്പ. നടപടി 5,31) തന്റെയാശയം സ്ഥിരീകരിച്ചുകിട്ടാന്‍ ഏത്‌ നുണയും എഴുതിപിടിപ്പിക്കാന്‍ മടിയില്ലാത്ത അതിഭക്തനും തീവ്രവാദിയുമായിരുന്നു, ഈ 'യോഹന്നാന്‍'. 

ആരായിരുന്നു യേശു? 
ജീവിച്ചിരുന്നപ്പോള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കോ അനുയായികള്‍ക്കോ മനസ്സിലാക്കാന്‍ കഴിയാതിരുന്ന, എന്നാല്‍ മരണശേഷം ഒരു പ്രത്യേക പരിവേഷത്തില്‍ അവര്‍ തിരിച്ചറിയുകയും തങ്ങളുടെ എല്ലാമായി കൊണ്ടാടുകയും ചെയ്ത ഈ യേശു ആരായിരുന്നു? യഹൂദരുടെയിടയില്‍ അക്കാലത്ത് സര്‍വ്വസാധാരണമായിരുന്ന ജോഷ്വ (= ദൈവം രക്ഷിക്കുന്നു) എന്ന പേരിന്റെ ഗ്രീക്ക് രൂപമായ ജീസസില്‍ നിന്നുണ്ടായതാണ് യേശു എന്ന നാമം. ലോകചരിത്രത്തിലിത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു നാമമില്ല. വളരെ പുതുമനിറഞ്ഞ ഒരു ജീവിതസന്ദേശവും മനുഷ്യമഹിമയെ ഉയര്‍ത്താന്‍ പോരുന്ന ഒരാദര്‍ശവുമായിട്ടാണ് ചരിത്രത്തെ യേശു വശീകരിച്ചതെങ്കില്‍, കാലാന്തരേ പല സമൂഹങ്ങളിലും ഈ മഹത് വ്യക്തിത്വത്തിലൂന്നിയ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ ഏറിവന്നുകൊണ്ടിരുന്നു. കാലത്തെ അതിജീവിക്കേണ്ട ഒരു സംഘടനയോ മതമോ ഒരിക്കല്‍പോലും യേശുവിന്റെ ലക്ഷ്യമായിരുന്നില്ല. 

നേരത്തേ പറഞ്ഞതുപോലെ, ബൈബിള്‍പഠനം ഒരു ശാസ്ത്രശാഖയായി ഉയര്‍ന്ന ഈയടുത്ത നാളുകള്‍ വരെ, വാച്യാര്‍ത്ഥത്തില്‍ സുവിശേഷഗ്രന്ഥങ്ങള്‍ വായിച്ചെടുക്കുകയും, ഈ കൃതികള്‍പോലുമനുവദിക്കാത്ത വ്യാഖ്യാനങ്ങളിലൂടെ മതാന്ധരായ പുരോഹിതരും പ്രഭാഷകരും രൂപവത്ക്കരിച്ചെടുത്ത തീര്‍ത്തും അലൌകികമായ പരിവേഷങ്ങളില്‍ പൊതിഞ്ഞും മാത്രമേ ജനത്തിനു യേശുവിനെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട്, യേശുവെന്ന വ്യക്തിയെപ്പറ്റി നമുക്ക് ലഭ്യമാകുന്ന എന്തറിവുകളാണ് സുവിശേഷങ്ങള്‍ സാധൂകരിക്കുന്നത് എന്ന് നോക്കാം. 

തീര്‍ച്ചയായും വളരെ അസ്സാധാരണവും വളരെ വശ്യവുമായ വ്യക്തിത്വത്തിനുടമയായിരുന്നിരിക്കണം യേശു. തങ്ങളുടെ ജീവിതമാര്‍ഗ്ഗം പോലും വിട്ടെറിഞ്ഞ്‌, അദ്ദേഹത്തിന്‍റെ കൂടെ കൂടിയ ഏതാനും പുരുഷന്മാരും സ്ത്രീകളുമുണ്ടായിരുന്നു എന്നതു വ്യക്തമാണ്. പത്രോസ്, യാക്കോബ്, ജോണ്‍, മുതല്‍പ്പേരുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എഴുത്തുകാര്‍ സ്ത്രീകളുടെ വിവരങ്ങള്‍ വളരെ വിരളമായി മാത്രമേ കുറിച്ചുവച്ചുള്ളൂ. അത് അക്കാലത്തെ സാമൂഹിക ചട്ടങ്ങളോട് ഏതാണ്ടൊന്നു പൊരുത്തപ്പെടാനായിരിക്കണം. ഇതൊരു വലിയ കുറവായും ചരിത്രപരമായ തെറ്റായും കണ്ട്, ഈയിടെ ജര്‍മ്മനിയില്‍ വെളിച്ചം കണ്ട ബൈബിള്‍ പരിഭാഷയില്‍ തക്കതായ മാറ്റം വരുത്തിയിട്ടുണ്ട്. യേശുവിന്റെ അടുത്ത സഹചാരികളില്‍ സ്ത്രീകളുടെ സ്ഥാനം അതില്‍ പ്രാധാന്യത്തോടെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.


യഥാര്‍ത്ഥ യേശുവിനെ അറിയണമെങ്കില്‍, അദ്ദേഹത്തിന്‍റെ കാലത്തെപ്പറ്റി നല്ല പരിജ്ഞാനം നേടിയിരിക്കണം. അല്ലെങ്കില്‍, പിന്നോട്ടുള്ള ഒരമ്പതു വര്‍ഷത്തെയെങ്കിലും സൌത്താഫ്രിക്കന്‍ / ഭാരതീയ സാഹചര്യത്തെ മനസ്സിലാക്കാതെ ഗാന്ധിജിയെ അറിയാന്‍ ശ്രമിക്കുന്നതുപോലെ അതൊരു പാഴ്വേലയായിത്തീരും. നസ്രത്തിലെ യേശു എന്ന ഗ്രന്ഥത്തില്‍ യഹൂദപണ്ഡിതനായ ജോസഫ്‌ ക്ലൌസ്നര്‍ പറയുന്നു: "യേശു യഹൂദനായിരുന്നു, തന്റെ അവസാന ശ്വാസം വരെ. തന്റെ സമുദായം ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതാണെന്ന് മറ്റേതു യാഹൂദനെയും പോലെ യേശുവും വിശ്വസിച്ചിരുന്നു." സ്വാഭാവികമായും, പഴയനിയമഗ്രന്ഥമായിരുന്നു (ഹീബ്രൂ ബൈബിള്‍) അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയത്. "ആകാശവും ഭൂമിയും കടന്നുപോയാലും, അതിലെ ഒരു കോമയ്ക്ക് പോലും മാറ്റം വരില്ല" (ലൂക്കാ, 16,17) എന്ന് തന്നെയായിരുന്നു യേശുവിന്റെയും വിശ്വാസം. ഈ നിയമത്തെ മാറ്റിമറിക്കാനാവില്ല; അതിനെ പൂര്‍ത്തീകരിക്കാനാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കുറിച്ചിട്ടയാള്‍ യേശുവിനോട് നീതി കാണിക്കുകയായിരുന്നു. (മ. 5,17) 

സംസാരിക്കുമ്പോള്‍ വാക്കുകള്‍ വിഴുങ്ങിയിരുന്ന നാട്ടുഭാഷയുള്ള ഗലീലിയാക്കാരനായിരുന്നു യേശു. അവിടെയുള്ള തന്റെ നസ്രത്ത് ഗ്രാമത്തിന്റെ പ്രകൃതിഭംഗികള്‍ അദ്ദേഹത്തെ വശീകരിച്ചിരുന്നു. അവിടത്തെ മലനിരകള്‍, ഉപവനങ്ങളും അവയിലെ കൂറ്റന്‍ മരങ്ങളും, കാരവാന്‍യാത്രികര്‍ ഉപയോഗിച്ചിരുന്ന ചുറ്റിവളഞ്ഞ വഴികള്‍, വസന്തത്തില്‍ നിറയെ പൂത്തുനില്‍ക്കുന്ന പച്ച വിരിപ്പുകള്‍ ഒക്കെ യേശുവിന്റെ കാവ്യഭാഷയെ രൂപപ്പെടുത്തിയിട്ടുണ്ടാവണം. ജീവിതത്തില്‍ കാപട്യം കാണിക്കുന്നവരെ രൂക്ഷമായി പരിഹസിച്ചിരുന്ന യേശു സാധാരണ സംസാരവേളകളില്‍ ഉത്പതിഷ്ണുവും സ്നേഹമയനുമായിരുന്നു. നിങ്ങള്‍ സ്വയം ഇങ്ങോട്ട് പ്രതീക്ഷിക്കുന്നതുപോലെ അന്യര്‍ക്ക് അങ്ങോട്ടും ചെയ്യുക എന്ന ലളിതമായ സത്യസന്ധത ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന യേശു സ്വയം അതുപോലെ പ്രവര്‍ത്തിച്ചു മാതൃകകാണിച്ചു. 

യേശുവിലെ സ്വഭാവസവിശേഷതകള്‍ 
ദൈവം കര്‍ക്കശക്കാരനായ നിയമദാതാവും വിധിയാളനുമാണെന്ന് യഹൂദര്‍ക്കുണ്ടായിരുന്ന സങ്കല്പത്തെ അങ്ങേയറ്റം മയപ്പെടുത്തി, സ്വന്തമപ്പനെ സാധാരണ സംബോധന ചെയ്യാനുപയോഗിക്കുന്ന 'അബ്ബാ' തന്റെ ദൈവത്തിനും ചേരുമെന്ന് കണ്ടെത്തിയ യേശു അസാമാന്യ ധൈര്യമാണ് പ്രദര്‍ശിപ്പിച്ചത്. യഹൂദരുടെ കാഴ്ചപ്പാടിന് ഘടകവിരുദ്ധവും ദൈവദൂഷണവുമായിരുന്നു അത്. എന്നാല്‍, വിധിയാളനോടുള്ളതല്ല, പകരം ആത്മാവില്‍ കുളിര്‍മ്മയും ശാന്തിയും നിറക്കുന്ന ഒരു ബന്ധമാണ് യേശുവിനു പരാശക്തിയുമായി തോന്നിയിരുന്നത്. അതുകൊണ്ട് 'അപ്പാ' എന്ന് വിളിക്കുന്നത്‌ ശരിയെന്നും അദ്ദേഹത്തിന് തോന്നി, അങ്ങനെ ചെയ്യുകയും ചെയ്തു, അത്ര തന്നെ. 

യഹൂദര്‍ സാധാരണ ചെയ്യാത്ത മറ്റൊരു കാര്യവും തന്റെ കൂട്ടുകാര്‍ നിരന്തരം ചെയ്യണമെന്നു യേശു പഠിപ്പിച്ചു. അന്യര്‍ക്കായി പ്രാര്‍ഥിക്കുക എന്നതായിരുന്നു അത്. ഇത് പുരോഹിതന്മാരുടെ കടമയായിരുന്നു. എന്നാല്‍, അന്യരുടെ നന്മയാഗ്രഹിക്കുകയും അതിനായി പ്രാര്‍ഥിക്കുകയുംവഴി പരസ്പരബന്ധം ഊട്ടിയുറപ്പിക്കപ്പെടുമെന്നദ്ദേഹം മനസ്സിലാക്കി. സ്വര്‍ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയുടെ പ്രാക്തനരൂപം പഴയനിയമ ഗ്രന്ഥത്തിലുള്ളതാണെങ്കിലും അതു നിത്യേനയുള്ള പ്രാര്‍ത്ഥനയുടെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴി മനുഷ്യരെ പരസ്പരവും ദൈവവുമായും ബന്ധിപ്പിക്കുകയാണ് യേശു ചെയ്തത്. അതൊരു വലിയ ഉള്‍ക്കാഴ്ചയായിരുന്നു. 

യേശുവും സ്ത്രീകളും 
മറ്റേതു സമുദായത്തിലും ഉണ്ടായിരുന്നതിലൊട്ടും കുറവായിരുന്നില്ല യഹൂദരുടെയിടയിലെ പുരുഷമേധാവിത്വം. അത്തരമൊന്തരീക്ഷത്തില്‍ വളര്‍ന്ന യേശു സ്ത്രീകളോട് ഇടപെട്ടിരുന്ന രീതി വ്യത്യസ്തമായത് എങ്ങനെയെന്നു മനസ്സിലാക്കാന്‍ വിഷമമാണ്. സിനഗോഗുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നെങ്കില്‍ തന്നെ, യഥാര്‍ത്ഥ പ്രാര്‍ത്ഥന പുരുഷന്മാരുടേതായി കരുതപ്പെടുകയും, അവര്‍ വേര്‍തിരിഞ്ഞു നിന്ന് ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. "എന്നെയൊരു സ്ത്രീയായി സൃഷ്ടിക്കാതിരുന്നതിനു പ്രപഞ്ചനാഥനും ദൈവവുമായ നീ സ്തുതിക്കപ്പെടട്ടെ." പുരുഷഭാവങ്ങളായിരുന്നു യഹൂദരും ദൈവത്തില്‍ ദര്‍ശിച്ചിരുന്നത്. സ്ത്രീയുടെ ലിംഗവ്യത്യാസത്തെ താഴ്ത്തിക്കെട്ടുന്ന പലയാചാരങ്ങളും അന്ന് നിലനിന്നിരുന്നു. ദൈവവും മനുഷ്യനുമായുള്ള ഉടമ്പടി ഉറപ്പിച്ചിരുന്നത് പുരുഷശരീരത്തിലെ പരിേഛദന ചിഹ്നത്തിലൂടെയായിരുന്നു. ഇതെല്ലാമായിട്ടും സ്വന്തം സുഹൃത്തുക്കളില്‍ ധാരാളം സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ യേശു കാണിച്ച ധൈര്യം ഏത്‌ ഉള്‍ക്കാഴ്ചകൊണ്ടായിരുന്നു എന്നതു വിസ്മയകരമാണ്. അവരില്‍ ചിലരുമായെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷമായ അടുപ്പം അന്നത്തെക്കാള്‍ ഇന്ന് കൌതുകകരവും പഠനവിഷയവുമാണല്ലോ. വസ്തുതകളേക്കാള്‍ ദൈവശാസ്ത്ര വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന യേശുവിന്റെ സഹനകഥകളില്‍ മഗ്ദലെനക്കാരി മറിയത്തിന് ഒരു പ്രത്യേക സ്ഥാനം സുവിശേഷകര്‍ കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. പുരുഷന്മാര്‍ ഭയന്നോടിയപ്പോഴും അവര്‍ യേശുവിനോടടുത്തുണ്ട്. അവരില്ലാതെ ഉയിര്‍പ്പിന്റെ സന്ദേശം ചിന്തനീയമേയല്ല. അപ്പോസ്തൊലന്മാരെപ്പോലും നയിക്കാനും നിയന്ത്രിക്കാനുമുള്ള സ്ഥാനമഹിമ അവര്‍ കരസ്ഥമാക്കിയതെങ്ങനെ? പുരുഷശിഷ്യന്മാരുടെ അസൂയയുണര്‍ത്താന്‍ പോരുംവിധം യേശു മഗ്ദലേനമറിയത്തെ പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു എന്നതിന് അപ്പോക്രിഫാ സുവിശേഷങ്ങളിലും ആവോളം പാഠങ്ങളുണ്ട്. 

കുടുംബബന്ധങ്ങള്‍ക്കോ സ്വന്തം മാതാവിനു പോലുമോ അധികമൊന്നും ശ്രദ്ധകൊടുക്കാന്‍ കൂട്ടാക്കാതിരുന്ന യേശു, പക്ഷേ, സ്ത്രീകളെ പൊതുവേ ബഹുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെയാവണം, യേശുവിന്റെ പഠനങ്ങളെയവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും. സമുദായത്തില്‍ മാറ്റിനിറുത്തപ്പെട്ടവര്‍, പരസ്യപാപികള്‍, താഴ്ന്നതരം ജോലിക്കാര്‍ എന്നിവരെ ഗുരുസ്ഥാനീയനായ ഒരാള്‍ സ്വന്തം നിലയില്‍ കണ്ട് കൂട്ടുകാരാക്കിയത് അന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. ഒരു പക്ഷേ, അതിനുള്ള ഒരുത്തരം ഈ വാക്യത്തിലുണ്ട്: "ആരോഗ്യമുള്ളവര്ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം." (മാ. 2,18). മെച്ചപ്പെട്ട നിലയിലുള്ളവരോട്, സ്വന്തം ദയനീയതയെ മറച്ചുപിടിച്ചു നടക്കുന്ന നിങ്ങള്‍ക്ക് രക്ഷയസാദ്ധ്യമാണ്, സത്യസന്ധതയാണ് ദൈവത്തിലെയ്ക്കുള്ള വഴി എന്ന് തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. മനുഷ്യരെ ഞെരുക്കുന്ന എല്ലാ സങ്കുചിത നിലപാടുകള്‍ക്കും നിയമങ്ങള്‍ക്കും മുകളിലാണ്, സ്ത്രീപുരുഷഭേദമില്ലാതെ, മനുഷ്യന്റെ സ്ഥാനം എന്നതായിരുന്നു യേശുവിന്റെ സന്ദേശം. സ്നേഹമാണ് ഏറ്റവും വലിയ നിയമമെന്നതാണല്ലോ സുവിശേഷത്തിന്റെ സാരാംശം. 

യേശുവിന്റെ ആദ്ധ്യാത്മദര്‍ശനങ്ങളുടെ വ്യാഖ്യാനമുള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥമാണ് The Mustard Seed (ഓഷോ). തോമസിന്റെ സുവിശേഷത്തിന്റെ ഒരു പഠനമാണിത്. അതില്‍ വളരെ അര്‍ത്ഥവത്തായ ഒരു കണ്ടെത്തലുണ്ട്. യേശുവിന്റെയടുത്തു വന്ന സ്ത്രീകള്‍ ദൈവത്തെയന്വേഷിച്ച് പോയവരാകണമെന്നില്ല. അവര്‍ അവനെ വല്ലാതെ സ്നേഹിച്ചുപോയിരിക്കും. ഒരു സ്ത്രീ ബുദ്ധന്റെയടുത്തു വരുന്നത് സത്യം കണ്ടെത്താനല്ല, അവള്‍ ബുദ്ധനെ അറിയാതെ സ്നേഹിച്ചുപോയി എന്നതാകാം കാരണം. "അങ്ങ് പഠിപ്പിക്കുന്നവ എന്റെ ബോധതലത്തെ സ്പര്‍ശിക്കുന്നു; അതുകൊണ്ട് ഞാനങ്ങയെ സ്നേഹിച്ചുപോകുന്നു" എന്നതാണ് പുരുഷന്മാര്‍ക്കു ഗുരുവിനോടുള്ള പ്രതികരണമെങ്കില്‍, സ്ത്രീയുടേതു ഏതാണ്ട്‌ ഇങ്ങനെയായിരിക്കും: "ഞാന്‍ നിന്നില്‍ അനുരാഗയായിരിക്കുന്നു. അതുകൊണ്ട് നീ പറയുന്നതൊക്കെ എനിക്കു സ്വീകാര്യവും അസ്വാദ്യകരവുമായിത്തീര്‍ന്നിരിക്കുന്നു." അതിവശ്യമായ ഒരു വ്യക്തിത്വമുണ്ടായിരുന്ന യേശുവിന്റെ കാര്യത്തില്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വളരെ സംഭവ്യമായിരുന്നു താനും

യേശുവും രോഗശമനങ്ങളും 
യേശുവിന്റെ സാന്നിധ്യത്തില്‍ ആത്മീയവും ശാരീരികവുമായ ആവലാതികളില്‍ നിന്ന് ധാരളമാളുകള്‍ വിമുക്തരായി എന്നതു തര്‍ക്കമറ്റ കാര്യമാണ്. ഇന്ന് psychosomatic (വൈകാരിക നിമിത്തങ്ങളാല്‍ ഉണ്ടാകുന്ന ശാരീരിക തകരാറുകള്‍) എന്നയിനത്തില്‍പെടുന്ന അസുഖങ്ങളായിരുന്നിരിക്കാം അവയെല്ലാം. മനസ്സിന്റെ സുസ്ഥിതി തിരിച്ചെത്താന്‍ സഹായിക്കുകയാണ് ഇത്തരമവസ്ഥയില്‍ 'വൈദ്യന്' ചെയ്യാനുള്ളത്. നിരാശതയിലുഴറുന്നവര്‍ക്ക് അവനവനിലും ദൈവത്തിലുമുള്ള വിശ്വാസം പുന:സ്ഥാപിക്കാനുള്ള കഴിവ് യേശുവിനുണ്ടായിരുന്നിരിക്കണം. ഈ വിധത്തില്‍ അദ്ഭുതസിദ്ധിയുള്ളവര്‍ അക്കാലത്ത് വേറെയുമുണ്ടായിരുന്നു എന്ന് സുവിശേഷഗ്രന്ഥങ്ങളില്‍ തന്നെ വായിക്കാം. എന്നാല്‍, യേശുവിന്റെ കാര്യത്തില്‍, ഹീബ്രൂബൈബിളിലെ സമാനകഥകള്‍ കൂട്ടിയിണക്കാനുള്ള രചയിതാക്കളുടെ യത്നം ഒളിഞ്ഞിരിപ്പുണ്ട്. തന്റെ പരസ്യജീവിതത്തിന്റെ തുടക്കത്തില്‍ നസ്രത്തിലെ സിനഗോഗില്‍ വിശുദ്ധഗ്രന്ഥം തുറന്ന് ആദ്യമായി യേശു വായിക്കുന്ന രംഗം ലൂക്കാ (4,18) ചിത്രീകരിച്ചിട്ടുണ്ട്. യേശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ അദ്ധ്യായം 61 ന്റെ ആരംഭമാണ് ഉദ്ധാരണം: "കര്‍ത്താവിന്റെ അരൂപി എന്റെമേലുണ്ട്. കാരണം, ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കാന്‍ അവനെന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധികള്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും പ്രഖ്യാപിക്കാന്‍, മര്‍ദ്ദിതരെ സ്വതന്ത്രരാക്കാന്‍ അവന്‍ എന്നെ അയച്ചിരിക്കുന്നു." "ഈ വിശുദ്ധ ലിഖിതം ഇന്ന് നിറവേറ്റപ്പെട്ടിരിക്കുന്നു" എന്ന് പറഞ്ഞുകൊണ്ടാണ് യേശു തന്റെ പ്രഭാഷണം ആരംഭിക്കുന്നതെന്ന് ലൂക്കാ. യേശയ്യയുടെ ഗ്രന്ഥത്തിലെ വിവിധ ഭാഗങ്ങള്‍ യേശുവിനെപ്പറ്റിയുള്ളവയാണെന്ന വ്യാഖ്യാനം സുവിശേഷങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്രായേലിനെ എല്ലാ ദുരിതങ്ങളില്‍നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കേണ്ട മിശിഹാ ആയിരുന്നു യേശുവെന്ന ബോധോദയം എണ്ണത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്ന അനുയായികള്‍ക്ക് ഉണ്ടായതോടെ, ഒരു രക്ഷകന്റെ ലക്ഷണങ്ങളില്‍ പ്രധാനമായി വിശുദ്ധ ലിഖിതങ്ങളില്‍, പ്രത്യേകിച്ച്, പഴയ പ്രവാചകന്മാരില്‍ എന്തൊക്കെയുണ്ടായിരുന്നുവോ, അതെല്ലാം, യേശുവിലും ആരോപിക്കുക ആവശ്യമായിരുന്നു. തനിക്കു മുമ്പ്, ഏലിയാ ചെയ്തതുപോലെ, തളര്ന്നവരെയും ബധിരരെയും അന്ധരെയും കുഷ്ടം (ശരീരത്തിന്റെ ഏത്‌ ക്രമക്കേടും 'കുഷ്ടം' എന്ന വാക്കുകൊണ്ട് അന്ന് ദ്യോതിപ്പിച്ചിരുന്നു.) ബാധിച്ചവരെയും പൂര്‍ണ്ണരാക്കാന്‍ യേശുവിനു കഴിഞ്ഞുവെന്ന് വരുത്തുക ആവശ്യമായിരുന്നു. രോഗികളുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നയദ്ദേഹത്തിന് രോഗശമനങ്ങള്‍ സുഗമമായിരുന്നു എന്നുവേണം കരുതാന്‍. രോഗിയുടെ ഭാഗത്ത് വിശ്വാസം പോരാതെ വരുന്നിടത്ത്, സുഖപ്പെടല്‍ നടക്കാതിരിക്കുന്നതിനും ഉദാഹരങ്ങള്‍ കാണുന്നുണ്ടല്ലോ. 

പ്രകൃതിനിയമങ്ങളെ മറികടന്നുള്ള അദ്ഭുതപ്രവൃത്തികള്‍ മറ്റൊരു വിഭാഗത്തില്‍ പെടുന്നു. ദൈവികത്വത്തിനും വിശുദ്ധിക്കും തെളിവുകളായി ചില വിശേഷവ്യക്തികളില്‍ അസാമാന്യ ശക്തികള്‍ കണ്ടെത്തുന്ന രീതി എല്ലാ ജനസമൂഹങ്ങളിലും ഉണ്ടായിരുന്നു. അതിന്നുമുണ്ട് എന്നെടുത്ത് പറയേണ്ടതില്ലല്ലോ. അതെല്ലാം മതങ്ങളുടെ ഐതിഹ്യ ചട്ടക്കൂട്ടിലുള്‍പ്പെടുന്ന സംഗതികളായി കരുതിയാല്‍ മതി. 

ബാധയൊഴിപ്പിക്കല്‍ 
സൂക്ഷ്മജീവികള്‍ (ബാക്റ്റീരിയ), രോഗവിഷാണുക്കള്‍ (വൈറസ്) എന്നിവയെപ്പറ്റിയോ സാധാരണ പ്രകൃതിനിയമങ്ങളെപ്പറ്റി പോലുമോ പരിജ്ഞാനമൊന്നും ഇല്ലാതിരുന്ന അക്കാലത്ത്, ശാരീരികമോ മാനസികമോ ആയ ക്രമക്കേടുകള്‍ക്കെല്ലാം ഉറവിടം ദുഷ്ടാരൂപികളാണെന്ന വിശ്വാസം വ്യാപകമായിരുന്നു. യേശുവും അങ്ങനെ ചിന്തിച്ചിരിക്കാനാണ് സാദ്ധ്യത. അദ്ദേഹത്തിനും രോഗശാന്തിയെന്നാല്‍ രോഗിയെ അടിപ്പെടുത്തുന്ന പിശാചിനെ ഉച്ചാടനം ചെയ്യുകയായിരുന്നു. "അവന്‍ ഗലീലിയായിലെങ്ങും ചുറ്റിസഞ്ചരിച്ച് സുനഗോഗുകളില്‍ പ്രസംഗിക്കുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്തു." (മാര്‍ക്ക് 1,39) ഹെരോദെസ് അന്തിപ്പാസ് തന്നെ വധിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് കേട്ട യേശു ഇങ്ങനെയാണ് പ്രതികരിച്ചത്: "ആ കുറുക്കനോട് ചെന്ന് പറഞ്ഞേയ്ക്കൂ, നോക്കൂ, ഞാന്‍ പിശാചുക്കളെ പുറത്താക്കി രോഗശാന്തി നല്‍കുന്നു. ... (ലൂ. 13, 31-32). യേശുവും തന്റെ കാലത്തിന്റെ സൃഷ്ടിയായിരുന്നുവെന്നും, അന്ന് പൊതുവേ ധരിച്ചിരുന്നതുപോലെ (ഇന്നും മനുഷ്യര്‍ ഇതില്‍നിന്ന് വിടുതല്‍ നേടിയിട്ടില്ല!) ദൈവത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ദുഷ്ടശക്തിയുടെ എതിര്‍ധ്രുവം ഉള്ളതായി കരുതിയിരുന്നുവെന്നും ഓര്‍ക്കണം. തന്റെ രോഗശുശ്രൂഷ പിശാചിനെതിരെയുള്ള യുദ്ധമായിട്ടാണ് നാട്ടുകാരും യേശുവും കണ്ടിരുന്നത്‌. പുതിയ ലോകക്രമമെന്നാല്‍, ദൈവത്തിനു പിശാചിന്മേലുള്ള വിജയമാണ്. ചുരുക്കത്തില്‍, മനസ്സിന്റെ കാലുഷ്യങ്ങളില്‍ നിന്നും കെട്ടുപിണച്ചിലില്‍ നിന്നും വിമുക്തനാകുമ്പോള്‍ മനുഷ്യര്‍ ദൈവപുത്രരും വരാനിരിക്കുന്ന ദൈവരാജ്യത്തിന് അര്‍ഹരുമായിത്തീരുമെന്ന് രത്നച്ചുരുക്കം. ഇന്നായിരുന്നെങ്കില്‍, ഈ പറഞ്ഞ രോഗികളെ ഏതെങ്കിലും മാനസികവിഭ്രാന്തിയില്‍ അകപ്പെട്ടിരുന്നവരായി തിരിച്ചറിയാനാണ് സാധ്യത. ഏതായാലും, ഒരു മികച്ച മന:ശാസ്ത്രജ്ഞന്റെ പാടവം യേശു ആദ്യാന്തം പ്രകടിപ്പിച്ചിരുന്നു. 

യേശുവിന്റെ സ്വജാതിപ്രേമം 
ഒന്നോടിച്ചുവായിച്ചാല്‍ തന്നെ സുവിശേഷങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണ് യേശുവിന്റെ യഹൂദസമുദായപക്ഷപാതം. ഒരു സാധാരണ ക്രിസ്ത്യാനിയെപ്പോലും ഞെട്ടിക്കുന്ന കണ്ടെത്തലാണിത്‌. യേശു ഒരു തീവ്രയഹൂദനായിരുന്നു. തങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്നായിരുന്നു അന്നും ഇന്നും യഹൂദരുടെഹന്ത. ദൈവരാജ്യം ഉടനെ വന്നുഭവിക്കാന്‍ പോകുന്ന പ്രക്രിയയില്‍ താനും തന്റെ അടുത്തുള്ളവരും പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അനുയായികളേക്കൊണ്ട് വിശ്വസിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു എന്നതില്‍ തര്‍ക്കമില്ല. യേശുവും പുറംജാതിക്കാരെപ്പറ്റി അവജ്ഞയോടെ സംസാരിക്കുകയും അവരെ വേര്‍തിരിച്ചു കാണുകയും ചെയ്തതിനുദാഹരണങ്ങള്‍ പലതുണ്ട്. "നിങ്ങള്‍ വിജാതീയരുടെയിടയില്‍ പോകരുത്, ശമരിയാക്കാരുടെ പട്ടണങ്ങളില്‍ പ്രവേശിക്കരുത്" എന്നാണ് ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞിരുന്നത് (മ. 10, 5-6). "വിശുദ്ധമായത് നായ്ക്കള്‍ക്ക് കൊടുക്കരുത്, നിങ്ങളുടെ മുത്തുകള്‍ പന്നികളുടെ മുന്നില്‍ വിതറരുത്" (മ. 7,6) എന്ന താക്കീതില്‍ ഉദ്ദേശിച്ചിരിക്കുന്നത് യഹൂദരല്ലാത്തവരെയൊക്കെയാണ്. വിജാതീയര്‍ വസിച്ചിരുന്നിടത്തെത്തിയാല്‍ അസ്വസ്ഥനായിരുന്ന യേശുവിനെപ്പറ്റി മറ്റൊരിടത്ത് വായിക്കാം (മാര്‍ക്ക് 7,24). അതുപോലൊരു സന്ദര്‍ഭത്തിലാണ് ഒരു കാനാന്‍ദേശക്കാരി തന്റെ മകളെ സുഖപ്പെടുത്താനപേക്ഷിച്ച്, യേശുവിനെ സമീപിക്കുന്നത്. അവരെ തീര്‍ത്തും അവഗണിച്ച അദ്ദേഹത്തെ ശിഷ്യര്‍ നിര്‍ബന്ധിച്ചപ്പോള്‍ വായില്‍ നിന്ന് വീണ വാക്യം അങ്ങേയറ്റം പരിഹാസച്ചുവയുള്ളതായിരുന്നു. "മക്കള്‍ക്കുള്ള അപ്പമെടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല!" (മ. 15, 22-28) 

യേശുവിന്റെ മരണശേഷം വികസിച്ചുവന്ന സഭയില്‍ ഗ്രീക് ഭാഷക്കാര്‍ ഏറെയുണ്ടായിരുന്നു. മുകളില്‍ കുറിച്ച, ജാതിവിവേചനത്തെ സൂചിപ്പിക്കുന്നതരം രചനകള്‍ ഒരു കീറാമുട്ടിയായി തിരിച്ചറിഞ്ഞ ഗ്രന്ഥകര്‍ത്താക്കള്‍ അതൊന്നു മയപ്പെടുത്താന്‍ ചില മിനുക്കുപണികള്‍ ചെയ്തു. യേശു യഹൂദരുടെ മാത്രം മിശിഹായല്ലാ, പുറംജാതിക്കാരും ദൈവരാജ്യത്തിലേയ്ക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ക്ക് കാണിക്കേണ്ടതുണ്ടായിരുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ ഒടുവിലത്തെ ഭാഗം ഇതിലൊരു ശ്രമമാണ്. "പോയി എല്ലാ ജാതികളെയും ശിഷ്യരാക്കുക; പിതാവിന്റെയും ... നാമത്തില്‍ അവര്‍ക്ക് സ്നാപനം നല്‍കുക ..." (മ. 28, 18-20). മത്തായി തന്നെയല്ലെങ്കില്‍, മറ്റാരെങ്കിലും മനപ്പൂര്‍വ്വം  തിരുകിച്ചേര്‍ത്തതുമാകാം ഈ ഭാഗം. അതായത്, ഉരുത്തിരിഞ്ഞുവന്ന സഭയുടെ ഉദ്ദേശ്യലബ്ധിക്കായി മൂലകൃതിയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നു സാരം. അതുപോലെ, നിത്യേന പള്ളികളിലും മറ്റും ഉദ്ധരിക്കപ്പെടുന്ന യേശുവചനങ്ങളില്‍ പലതും സഭയുടെ സ്വന്തം വ്യാഖ്യാനങ്ങളുടെ ബലത്തിനായി കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണെന്ന കാര്യം മറന്നുകൂടാ. ഒരു ലോകരക്ഷകനോ ദൈവപുത്രനോ ചേരാത്ത ദേശീയ തീവ്രവാദത്തെ മായിച്ചുകളയാന്‍, കുറഞ്ഞത്‌, മയപ്പെടുത്തുകയെങ്കിലും ചെയ്യാന്‍ വേണ്ടി, ഓര്‍ക്കാപ്പുറത്ത് എന്നപോലെ യേശു വിദേശീയരെ കണ്ടുമുട്ടുന്ന രംഗങ്ങള്‍ കല്പിച്ചെടുത്തതിനുദാഹരണമാണ് റോമാക്കാരന്‍ ശതാധിപന്റെ അടിമയെ സുഖപ്പെടുത്തല്‍ ( ലൂ. 7,2 ). ശതാധിപന് വേണ്ടി യഹൂദമൂപ്പന്മാരാണ് വക്കാലത്തുമായി എത്തുന്നത്. "കര്‍ത്താവേ, നീയെന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല..." എന്ന എളിമപ്രകടനം ഭൃത്യന്മാര്‍ വഴിയാണ് ശതാധിപന്‍ നടത്തുന്നത്. "ഇസ്രായേലില്‍ പോലും ഇത്ര വലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല" എന്ന് പറഞ്ഞ്, ദൂരെനിന്ന് തന്നെ യേശു രോഗിയെ സുഖപ്പെടുത്തുന്നു. അതുപോലെ നേരിട്ട് സംഭവസ്ഥലത്ത് എത്താതെയാണ് സീറോ-ഫിനീഷ്യക്കാരിയുടെ മകളെ സുഖപ്പെടുത്തുന്നതും. ഈ കഥകളോട് ചേര്‍ത്ത് വായിക്കേണ്ടതും വിജാതീയവിദ്വേഷം വിളിച്ചറിയിക്കുന്നതുമായ ഒന്നാണ് തെറ്റുകാരെ തിരുത്താനുള്ള കടമയെപ്പറ്റി പറയുന്നിടത്ത് ഉപയോഗിക്കുന്ന വാക്കുകള്‍. അവസാനഭാഗം ശ്രദ്ധിക്കുക: "... അയാള്‍ അവരെയും ചെവിക്കൊള്ളുന്നില്ലെങ്കില്‍, സഭയോട് പറയുക. അയാള്‍ സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കയാള്‍ വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ." (മ.18, 15-17). വിജാതീയര്‍ ഏറ്റവും വെറുക്കപ്പെടേണ്ടവരുടെ കൂട്ടത്തിലാണെന്ന് സ്പഷ്ടം. യേശുവിന്റെ സ്വാഭാവികരീതി ഇവിടെ തുറിച്ചു നില്‍ക്കുമ്പോള്‍ തന്നെ 'സഭ' രൂപംകൊണ്ടതിനു ശേഷം അപ്പോഴത്തെ ആവശ്യത്തിനു ചേരുംപടി മെനഞ്ഞെടുത്ത വാക്യമാണിതെന്നും വളരെ വ്യക്തമാണ്. 

പലപ്പോഴും ഇങ്ങനെ വിജാതീയരെ അകത്തിനിറുത്തിയെങ്കിലും, ക്രിസ്തുവായി രൂപാന്തരം കല്‍പ്പിക്കപ്പെട്ട ഗുരുവിന്‍റെ രക്ഷാവലയത്തില്‍ അവരും പങ്കുചേരേണ്ടതുണ്ട് എന്ന ദൈവശാസ്ത്രപരമായ ആവശ്യം വ്യക്തമായതോടെ, ഔദ്യോഗിക രചനകള്‍ അതിനനുസരിച്ചു മാറ്റിയെഴുതേണ്ടി വന്നു. അങ്ങനെ റോമാക്കാരെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചമച്ചതായിരിക്കാം പീലാത്തോസിന്റെ രംഗപ്രവേശം. യേശു നിര്‍ദോഷിയാണെന്ന്‌ അയാളെക്കൊണ്ട് പറയിപ്പിക്കുന്നതും, "സത്യമായും ഇവന്‍ ദൈവത്തിന്റെ പുത്രനായിരുന്നു" (ഒരു ദൈവപുത്രനായിരുന്നു എന്നുമാകാം എന്ന്‌ ഓശാന ബൈബിള്‍) എന്ന് കുരിശിങ്കല്‍ നിന്നിരുന്ന റോമന്‍ പടയാളിയെക്കൊണ്ട് ഉരുവിടുവിക്കുന്നതും ഇത്തരം പരോക്ഷലക്ഷ്യം വച്ചായിരിക്കാം. ഇവരുടെ വായില്‍ ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ചേരുന്ന വാക്യങ്ങള്‍ തിരുകുന്നതുപോലെ തന്നെ, ലോകരക്ഷകനും സവ്വജ്ഞാനിയുമായ ഗുരുവെന്ന നിലയില്‍ യേശു അരുളി ചെയ്തിരിക്കേണ്ടതെന്നു കരുതിയ "യേശുവാക്യങ്ങളും" സുവിശേഷത്തിലുടനീളമുണ്ട്. തന്റെ പ്രത്യേക ദൌത്യത്തെപ്പറ്റി ബോധവാനായിരുന്നെങ്കിലും, സ്വയം മനുഷ്യനായി മാത്രം കണ്ടിരുന്ന ഒരാളില്‍നിന്ന് ഒരിക്കലും വരില്ലാത്ത വാക്യങ്ങളാണ് "ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു" തുടങ്ങിയവ. പക്ഷേ, സഭയുടെ നിലനില്‍പ്പിന് അവ ആവശ്യമാണെന്ന്‌ തോന്നിയപ്പോള്‍ കൂട്ടിച്ചേര്‍ത്തവയാണ് അവ എന്ന് ന്യായമായും വിചാരിക്കാം. 

പിഴച്ചുപോയ കണക്കുകൂട്ടല്‍ 
നേരത്തെ സൂചിപ്പിച്ചതുപോലെ, തന്റെ സാമുദായികാന്തരീക്ഷം യേശുവിന്റെ വ്യക്തിത്വത്തെയും ചിന്തയേയും സാരമായി സ്വാധീനിച്ചിരുന്നു. ആദ്യ നൂറ്റാണ്ടില്‍ പലസ്തീനയിലെങ്ങും പടര്‍ന്നുപിടിച്ച ചിന്തയായിരുന്നു ലോകാവസാനം അടുത്തുവരുന്നു എന്നത്. ചാവുകടലിന്റെ തീരത്തുനിന്ന് കണ്ടെടുത്ത, ഇപ്പോള്‍ പ്രഖ്യാതമായ, ഖുംറാന്‍ ചുരുളുകള്‍ ഇതിനു തെളിവ് തരുന്നുണ്ട്. ഏതാണ്ട് നാലായിരം അംഗങ്ങളുണ്ടായിരുന്ന ഈ മതവിഭാഗത്തില്‍ ധനസമ്പാദനം, വിവാഹം തുടങ്ങിയവ അര്‍ത്ഥശൂന്യമായി കരുതപ്പെട്ടിരുന്നു. ഉടനെതന്നെ അവസാനിക്കാന്‍ പോകുന്ന ലോകത്ത് ഇവകള്‍ക്ക് എന്തു പ്രസക്തി എന്നതായിരുന്നു ഇതിനു പിന്നില്‍. പണത്തെയും അധികാരത്തെയും കുടുംബബന്ധങ്ങളെയുംപറ്റിയൊക്കെ യേശു ചിന്തിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും ഇതിനു സമാനമായ രീതിയിലായിരുന്നു. ദൈവം ഉടനെതന്നെ പ്രപഞ്ചത്തില്‍ ഇടപെട്ട്, തിന്മയെ തോല്‍പ്പിച്ച്, തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സ്വതന്ത്രവും സന്തുഷ്ടവുമായ രാജ്യം വരുത്തിത്തീര്‍ക്കുമെന്ന വിശ്വാസത്തിലാണ് യേശുവും ജീവിച്ചത്. അന്നത്തെയറിവുവച്ച്, പ്രപഞ്ചം ഭൂമിയെ കേന്ദ്രീകരിച്ചതും അതിലെ സംഭവങ്ങളെല്ലാം മനുഷ്യര്‍ക്കായുള്ളതും, മനുഷ്യരില്‍തന്നെ യഹൂദര്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ളവര്‍ തഴയപ്പെട്ടവരുമായിരുന്നു. യേശു സങ്കല്പിച്ചെടുത്ത ഉപമകളില്‍ പലതും ഇത്തരം ആശയങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ഉതകുന്നവയായിരുന്നു. അവസാനനാളുകളെപ്പറ്റി ദാനിയേലിന്റെ പുസ്തകത്തില്‍ വളരെ കാവ്യാത്മകമായി കുറിച്ചിരുന്നവ അദ്ദേഹം എടുത്തുപയോഗിച്ചു. (മ.11, 21-24; മാര്‍ക്ക് 9,1; 13,30;16,28; ലൂ.10,13-15; 17,29) 

എന്നാല്‍, സംഭവിച്ചതോ? യേശു പ്രവചിച്ച ലോകാവസാനം വന്നെത്തിയില്ല. യേശുവും അപ്രതീക്ഷിതമായി മണ്മറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ രണ്ടാംവരവിനായി ശിഷ്യന്മാര്‍ കുറേക്കാലം കാത്തിരുന്നു. അതും സാക്ഷാത്ക്കരിക്കാതെ പോകയും, അതേ തുടര്‍ന്ന്, ശിഷ്യന്മാരും മരിച്ചുകഴിഞ്ഞതോടെ, ബാക്കിയുള്ളവര്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ മൊത്തത്തില്‍ തിരുത്തി വ്യാഖ്യാനിക്കേണ്ടിവന്നു. ഒരിക്കല്‍പോലും താന്‍ ലോകരക്ഷകനാണെന്നോ യഹൂദരുടെ രാജാവാണെന്നോ കരുതിയിട്ടും പറഞ്ഞിട്ടുമില്ലാതിരുന്ന യേശുവിനെ അവര്‍ അതിമാനുഷനായ ദൈവസുതനും, സകല മഹിമയോടും സ്വര്‍ഗ്ഗത്തില്‍ വാഴുന്ന ദൈവത്തിന്റെ കുഞ്ഞാടും, മേഘങ്ങളില്‍ ഇനിയുമൊരിക്കല്‍ വരാനിരിക്കുന്ന വിധിയാളനുമൊക്കെയായി ചിത്രീകരിക്കാന്‍ തുടങ്ങി. ഇത്തരം വ്യാഖ്യാനങ്ങളുടെ സമാഹാരമാണ് യോഹന്നാന്റെ സുവിശേഷവും വെളിപാടെന്ന പുസ്തകവും. എന്നാല്‍ ആദ്യക്രിസ്തീയര്‍ക്ക് ലോകാവസാനം വീണ്ടും വീണ്ടും മുന്നോട്ടു മാറ്റി പ്രതിഷ്ഠിക്കേണ്ടി വന്നു. പോളിന്റെ കത്തുകളില്‍ ഈ പ്രക്രിയ തുടങ്ങിയതായി കാണാം. രണ്ടാം വരവിന്റെ കാര്യത്തിലും ആശയറ്റപ്പോള്‍, ഇനിയതൊന്നുമല്ല പ്രധാനം, മരിച്ചെഴുന്നേറ്റ യേശു നിത്യസാന്നിദ്ധ്യമായി നമ്മോടൊപ്പമുണ്ട്, അവസാനവിധിയെന്നാല്‍, അതിപ്പോള്‍ തന്നെയാണ്, രക്ഷയോ നാശമോ എന്നതു ഓരോരുത്തരുടെയും ഇപ്പോഴുള്ള, സ്വന്തം തീരുമാനമാണ് എന്നൊക്കെയുള്ള അസ്ഥിത്വപരമായ യുക്തിവരെയെത്തി, വിശ്വാസവ്യാഖ്യാനങ്ങള്‍

ക്രിസ്തുവര്‍ഷം 68 ല്‍ വെസ്പാസ്യന്‍ ചക്രവര്‍ത്തി ഖുംറാന്‍ സമൂഹത്തെ നശിപ്പിച്ചു. സഭയോ, എന്നാല്‍, ഭൌതികശക്തികളുമായി കൈകോര്‍ത്തുകൊണ്ട് ഭൂമിയില്‍ തന്നെ വേരുറപ്പിച്ചു. അവസാന നാളുകളെപ്പറ്റിയുള്ള ചിന്തക്ക് പിന്നെ സ്ഥാനമില്ലാതായി. സഭയുടെ വിപുലീകരണത്തിനും കെട്ടുറപ്പിനുമായുള്ള കാര്യങ്ങളിലായി തുടര്‍ന്നുള്ള ശ്രദ്ധ മുഴുവന്‍. ഒരു സംഘടനക്കോ സ്ഥാപനത്തിനോ, അവയെ ഉറപ്പിച്ചു നിറുത്തുന്ന നിയമസംഹിതക്കോ മനസ്സില്‍ സ്ഥാനമില്ലാതിരുന്ന യേശുവിന്റെ വചനങ്ങളായി സഭയുടെ ഭാവിയെ തുണയ്ക്കുന്ന രീതിയില്‍, പലതും എഴുതിച്ചേര്‍ക്കപ്പെട്ടു. അപ്പോസ്തോലരില്‍ ഒരാള്‍ പ്രമാണിയാക്കപ്പെടുന്നതും ആ പാറയില്‍ പള്ളി പണിയപ്പെടുന്നതുമൊക്കെ ഇത്തരം തുടര്‍ചിന്തകളുടെ ഭാഗമായിരുന്നു. പിന്തുടര്‍ച്ച സഭയില്‍ പ്രധാന വിഷയമായിത്തീര്‍ന്നു. പിന്നീങ്ങോട്ടു സംഭവിച്ചതൊന്നും യേശു സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നതായിരുന്നില്ല.

ഉപസംഹാരം 
താല്മുദില്‍ ഒരു ചൊല്ലുണ്ട്. പാരമ്പര്യവാദികള്‍ക്ക് ചിന്തയിലൊരു മാറ്റം വരുത്തുന്നതിലുമെളുപ്പം ഒരു മല കിളച്ചു മാറ്റുന്നതായിരിക്കും എന്ന്. ഈ ഭൂമി അനങ്ങാതെ നില്‍ക്കുന്നത് കണ്ടിരിക്കേ, അത് മണിക്കൂറില്‍ 189'000 km വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞാല്‍ എങ്ങനെ സമ്മതിക്കാന്‍, എന്നേ അവര്‍ ചോദിക്കൂ. ബൌദ്ധികമായി ഇത്തരം അനങ്ങാപ്പാറകളാണ് മിക്ക ക്രിസ്തീയ സഭകളിലെയും 'ഇടയന്മാര്‍'. ജനസമ്മതിദായപ്രക്രിയയുടെയും അധികാരവികേന്ദ്രീകരണത്തിന്റെയും കാലത്തും അവര്‍ ദൈവരാജ്യത്തെപ്പറ്റിയും ക്രിസ്തുരാജനെപ്പറ്റിയും വാചാലരാകും; റോമാക്കാരുടെ അധികാരചിഹ്നങ്ങളും ചെങ്കോലും ഉടയാടകളും എടുത്തണിഞ്ഞുകൊണ്ട് പാവം വിശ്വാസികളെ നടുക്കും. ജന്മനാ പാപികളാണ് നാമെല്ലാം എന്ന കടുംപിടുത്തം മൂലം, സ്വയം വെറുക്കാനും, അന്യനെ സ്നേഹിക്കുന്നതിനു പകരം അവനെ ഭയക്കാനും, ശിക്ഷിക്കാന്‍ തീവാളുമായി നില്‍ക്കുന്ന ദൈവത്തെ ഭയന്ന് ഒളിച്ചുജീവിക്കാനും വിശ്വാസികള്‍ ശീലിപ്പിക്കപ്പെടുന്നു. ജനങ്ങളില്‍ ബുദ്ധിയും പക്വതയും പരിപോഷിപ്പിക്കേണ്ട ഇവര്‍ കാട്ടിക്കൂട്ടുന്ന കൊടുംപാതകങ്ങള്‍ക്കു കണക്കുണ്ടോ? എത്രയോ മിടുക്കരായ ചിന്തകരുടെ വായ്‌ ഇവര്‍ വരിഞ്ഞുകെട്ടിയിരിക്കുന്നു. ക്രിസ്തീയചിന്തയെ ആധുനിക ബൈബിള്‍പഠനങ്ങളുടെ വെളിച്ചത്തില്‍ പുതുക്കിയെടുക്കാത്ത ഒരു സഭക്കും അതിജീവനം ഇനി സാദ്ധ്യമാവില്ല. 

പഴയ കര്‍ദ്ദിനാള്‍ റാററ്സിംഗര്‍ മുതല്‍ റ്റി.വി.യില്‍ വേദവാക്യവ്യാഖ്യാനങ്ങള്‍ വഴി വിശ്വാസികളുടെ സംശയങ്ങള്‍ക്ക് ഉത്തരം പറയുന്ന ബിലാത്തങ്ങാടി മെത്രാന്‍ ലോറെന്‍സ് മുക്കുഴി ഉള്‍പ്പെടെയുള്ളവരുടെ ദൈവശാസ്ത്രം രോഗഗ്രസ്തമാണ്. ഇവക്കു പിന്നിലെല്ലാം നില്‍ക്കുന്നത് തെറ്റിദ്ധരിക്കപ്പെട്ട ബൈബിള്‍വചനങ്ങളാണ്. മനുഷ്യമനസ്സുകളില്‍ ബൌദ്ധികവിഭ്രാന്തിയും ആഗോളവ്യഗ്രതയും വളര്‍ത്തുകയാണ്  അതിന്റെ ഫലങ്ങള്‍. ഒരു ഗ്രാം സാഹിത്യവിമര്‍ശം കൊണ്ട് ഒരു ടണ്‍ സ്കൊളാസ്റ്റിക് കസര്‍ത്തുകള്‍ ഒഴിവാക്കാമെന്നത് അനുഭവപാഠം. ഇപ്പോഴത്തെ പോക്ക് കണ്ടാല്‍, സഭയില്‍ സുബോധം ശക്തിപ്രാപിക്കുക, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും വിഷമമേറിയതാണ്. മുന്നോട്ടു നീങ്ങാന്‍ മടിക്കുന്ന ഒട്ടകങ്ങളെ വഴിയില്‍ വിട്ടിട്ട്, ധൈര്യശാലികള്‍, യേശുവിനെപ്പോലെ, അവരുടെ സ്വന്തം വഴിയിലൂടെ നടന്നുപോകും

ആത്മപ്രകാശത്തിന്റെ നിമിഷം

1969ല്‍ ഇംഗ്ലണ്ടില്‍ സസ്സെക്സ് കൌണ്ടിയിലുള്ള ക്രോളി എന്ന സ്ഥലത്ത്, ഒരിരുട്ടുമുറിയിലിരുന്നു ഞായറാഴ്ചകള്‍ തോറും BBC Radio പ്രക്ഷേപിച്ചിരുന്ന വിശ്വവിഖ്യാതമായ War and Peace ന്റെ നാടകാവിഷ്ക്കാരം ഞാനാസ്വദിച്ചിരുന്നു. അതില്‍നിന്ന് ഒരു ഭാഗം മനസ്സിലേയ്ക്ക് കടന്നുവരുന്നു. മുഖ്യ കഥാപാത്രമായ ആന്ദ്രെ ഫ്രഞ്ച് സൈന്യത്തോടുള്ള ഏറ്റുമുട്ടലില്‍ മുറിപ്പെട്ട് മരണത്തോടടുക്കുന്നു. രക്തംവാര്‍ന്ന് ക്ഷീണിതനായ അയാള്‍ അര്‍ദ്ധബോധവാനായി, മുകളിലേയ്ക്ക് നോക്കി നിലത്തു കിടക്കുകയാണ്. രഹസ്യമായി താന്‍ ഉള്ളില്‍ ആരാധിച്ചിരുന്ന നെപ്പോളിയന്‍ പട്ടാളസമേതം അയാളുടെ അടുത്തെത്തി നില്ക്കുന്നുവെന്നറിഞ്ഞിട്ടും, അയാളുടെ മനസ്സില്‍ ഒരു മാറ്റവും വരുന്നില്ല. അനന്തമായ ആകാശവുമായി താരതമ്യപ്പെടുത്തി, ഇയാള്‍ എത്ര നിസ്സാരന്‍ എന്ന് മാത്രമേ അയാള്‍ക്ക്‌ ചിന്തിക്കാനാകുന്നുള്ളൂ. ഇത്ര വലിയ ഒരു പടനായകനും അയാളുടെ ജയോന്മാദങ്ങളും അനന്തമായ ആകാശത്തിന്റെ മഹത്വത്തിനുമുമ്പില്‍ ഒന്നുമല്ലെന്നയറിവ് - മനുഷ്യന്റെ ഭ്രാന്തമായ ഔദ്ധത്യത്തിന്റെ പൊള്ളത്തരവും, ജീവിതമെന്ന മിഥ്യയും, മരണത്തിന്റെ അനിവാര്യഅഹത്തിനു നല്‍കുന്ന ശൂന്യതാബോധവുമെല്ലാം - ഒറ്റയടിയ്ക്ക് മിന്നിത്തെളിയുന്ന ഒരു നിമിഷമായിരുന്നു അത്. ആരുടെയും മനസ്സിനെ ഉലയ്ക്കുന്ന റ്റോള്‍സ്റ്റോയിയുടെ ഈ ചിത്രീകരണം അന്ന് മനസ്സില്‍ തറച്ചത്, ഇന്നും മായാതെ നില്‍ക്കുന്നു.

ആന്ദ്രെയുടേതുപോലുള്ള, അനന്തതയെ സ്പര്ശിക്കാനാകുന്ന, അത്തരം അനര്‍ഘനിമിഷങ്ങള്‍ ഒരിക്കലെങ്കിലും മരണത്തിനു മുമ്പുതന്നെ, ജീവിക്കാന്‍ ഒരു പക്ഷേ ഇനിയും സമയമുള്ളപ്പോള്‍, അനുഭവിക്കാനാവുക എല്ലാ അനുഗ്രഹങ്ങളിലും വലിയ അനുഗ്രഹമാണ്. സ്വന്തം ശൂന്യതയെ കണ്ടെത്തുന്നതോടേ, സ്നേഹവും ദുഖവും നന്മയും തിന്മയുമെല്ലാം ഒന്നുതന്നെയെന്നുള്ള ഒരു തിരിച്ചറിവ് നമ്മിലേയ്ക്ക് കടന്നുവരുന്നു. 

കാര്യകാരണങ്ങളുടെ പിടിയില്‍ നിന്ന്, സ്വാര്‍ത്ഥമോഹങ്ങളില്‍ നിന്ന്, മനുഷ്യാസ്തിത്വം മോചിക്കപ്പെടുന്ന നിമിഷമാണത്. 
ആ നിമിഷമാണ് ജോര്‍ദാനില്‍ യോഹന്നാനെ കണ്ടുമുട്ടിയപ്പോള്‍ യേശുവിനു ലഭ്യമായത്, ബോധിവൃക്ഷത്തിന് കീഴില്‍ സിദ്ധാര്‍ത്ഥനു കൈവന്നത്; ശ്രീരാമകൃഷ്ണനും നാരായണഗുരുവിനുമെന്നപോലെ മറ്റ് പലര്‍ക്കും, വെറും കാണികളായി നില്‍ക്കുന്നവര്‍ക്ക് നിരര്ത്ഥകമെന്നു തോന്നുന്നവയുടെ ദൃശ്യവേളയില്‍, സംഭവിച്ചത്. ഇക്കാണുന്നതിലൊന്നും മനസ്സുറച്ചുപോകരുത് എന്ന ഉള്‍വെളിച്ചം അല്ലെങ്കില്‍ ആത്മപ്രകാശം, ആര്‍ക്കും എവിടെയും ഏത്‌ നിമിഷത്തിലും കൈവരാം. സെന്‍ബുദ്ധരുടെയിടയില്‍ ഇത്തരമവസരങ്ങളുടെ എണ്ണമില്ലാത്ത കഥകളുണ്ട്. ശിഷ്യരെ ഈ അവബോധത്തിലേയ്ക്ക് കൊണ്ടുവരാന്‍, ചില ഗുരുക്കന്മാര്‍ വിചിത്രമായ രീതികള്‍ പ്രയോഗിച്ചിട്ടുണ്ട്. ഒരു ഗുരുവിന്റെയും സഹായമില്ലാതെയും ഒരാള്‍ക്ക്‌ ആത്മപ്രകാശം ലഭിച്ചെന്നിരിക്കും, അതിലേയ്ക്കുള്ള തുറവ് ഉള്ളില്‍ എപ്പോഴും കാത്തുസൂക്ഷിക്കുമെങ്കില്‍. ഏത്‌ വിധമായാലും, ഒരിക്കലവിടെ എത്തിയവര്‍ എവിടെയും സ്വതന്ത്രരായി, നിര്‍ഭയരായി ഇടപെടുന്നു. ആരുടേയും പ്രബോധനങ്ങളോ തിരുവചനങ്ങളോ പിന്നെവരെ നിയന്ത്രിക്കുന്നില്ല. തന്റെ കടമയെന്നു ബോദ്ധ്യമുള്ളിടത്ത്, ലാഭനഷ്ടങ്ങളെപ്പറ്റി അയാള്‍ ആകുലനാകുന്നേയില്ല. ബോധോദയം എന്നാല്‍, ഓരോ ദിവസവും നമ്മള്‍ പഠിച്ചെടുക്കുന്ന, ഏറിയ കൂറും അനാവശ്യമായ, വിലയിരുത്തലുകളില്‍ നിന്ന്, അറിവിന്റെ കൂമ്പാരങ്ങളില്‍ നിന്ന്, വിമുക്തരായി, അങ്ങേയറ്റത്തെ ലാളിത്യത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. 

"മുപ്പതു വര്‍ഷത്തെ എന്റെ സെന്‍ (Zen) പഠനത്തിനു മുമ്പ്, പര്‍വ്വതങ്ങളെ പര്‍വ്വതങ്ങളായും, ജലാശയങ്ങളെ ജലാശയങ്ങളായും ഞാന്‍ കണ്ടിരുന്നു. കൂടുതല്‍ അറിവുണ്ടായതോടെ, പര്‍വ്വതങ്ങള്‍ വെറും പര്‍വ്വതങ്ങളല്ലെന്നും, ജലാശയങ്ങള്‍ വെറും ജലാശയങ്ങളല്ലെന്നും ഞാന്‍ മനസ്സിലാക്കി. പക്ഷേ, ഇപ്പോള്‍ ഞാന്‍ കാര്യത്തിന്റെ ഉള്ളിലേയ്ക്ക് കടന്നുചെന്നിരിക്കുന്നു, എന്റെ മനസ്സ് സ്വസ്ഥമാണ്. എന്തെന്നാല്‍, ഇപ്പോള്‍ എനിക്ക് പര്‍വ്വതങ്ങളെ വീണ്ടും പര്‍വ്വതങ്ങളായും, ജലാശയങ്ങളെ വീണ്ടും ജലാശയങ്ങളായും കാണാനാവുന്നു." (Zen master Ch'ing-yuan. Exploring Zen - Asian Thought and Culture - Hsueh-li-Cheng, Peter Lang Publi. N.Y.1991) 

മൂന്നുവര്‍ഷം മുമ്പ്, പാലായിലെ ഒരു ജൈവകൃഷിക്കടയില്‍ നിന്ന് മസനോബു ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവം കൈയില്‍ കിട്ടി. അമാനുഷികമായ ചിന്തകള്‍. എന്തെല്ലാം 'കിറുക്കുകളാണ്' അദ്ദേഹം പറഞ്ഞത്! അവയെല്ലാം സത്യമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഉദാഹരണത്തിന് അദ്ദേഹം പറയുന്നു:
"പരിഷ്കൃത കൃഷിമുറകള്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്നു. കൃഷിക്ക് പ്രകൃതിസംരക്ഷണം നഷ്ടപ്പെടുന്നു, അങ്ങനെ കൃത്രിമസംരക്ഷണം ആവശ്യമായിത്തീരുന്നു. മനുഷ്യജീവിതത്തിന്റെ മറ്റ് മേഖലകളിലും ഇതുതന്നെ സംഭവിക്കുന്നു. ഉദാ. ഔപചാരിക വിദ്യാഭ്യാസം. അതിന് തനതു മൂല്യമൊന്നുമില്ല. സ്കൂള്‍പഠിപ്പ് ആവശ്യമാകുന്ന സ്ഥിതിവിശേഷം കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണ്. സമൂഹഗതി പ്രകൃതിവിരുദ്ധമാകുമ്പോഴാണ് സ്കൂള്‍പഠിപ്പ് ആവശ്യമായി വരുന്നത്."

ഇന്ന് വിദ്യാഭ്യാസമെന്നാല്‍, സമുദായത്തിന് പറ്റിയ തരത്തില്‍ യുവതലമുറയെ മെരുക്കിയെടുക്കുകയാണ്. പള്ളി-സ്കൂളുകള്‍, അനിഷ്ടകരമായ ചരിത്രസത്യങ്ങളെ മറച്ചുപിടിച്ചു പോലും, മതത്തിന് ചേരുംപടി അതു ചെയ്യുന്നു. മദ്രസകള്‍ അവര്‍ക്ക് വേണ്ടുംവണ്ണം. അവരൊക്കെ ഉദ്ദേശിക്കുന്ന സ്നേഹം, സംരക്ഷണം തുടങ്ങിയവ മത്സരം ക്രൌര്യം എന്നിവയിലൂടെയാണ് പരിശീലിപ്പിക്കപ്പെടുന്നത്. അവര്‍ക്ക്, പൈതൃകമെന്നത് അന്ധമായ അനുസരണയും അനുകരണവും ചിന്തിക്കാനുള്ള കഴിവുകേടുമാണ്. നമ്മെപ്പറ്റി പഠിക്കുന്നത് മാത്രമേ ജീവിതത്തിനുതകുകയുള്ളൂ. എന്നാല്‍ നമ്മുടെ സ്കൂളുകളില്‍ നടക്കുന്നത് ഇതൊഴിച്ചുള്ളതെല്ലാമാണ്. തെറ്റായ ഒരാശയം ഉള്ളിലുറച്ചുകഴിഞ്ഞാല്‍ അതു തിരുത്താന്‍ ഒരു ജീവിതം മുഴുവന്‍ മതിയാകില്ല എന്ന് ഇതിനകം കിഴക്കും പടിഞ്ഞാറുമുള്ള എത്രയോ തീവ്രവാദികള്‍ തെളിയിച്ചുകഴിഞ്ഞു! 

ഫുക്കുവോക്ക വിശ്വസിച്ച ഏറ്റം വലിയ കിറുക്കും റ്റോള്‍സ്റ്റോയ് വളരെ മുമ്പേ സ്ഥാപിച്ചതും അതേ സത്യമാണ്. ഒന്നുമറിയാന്‍ മനുഷ്യനെക്കൊണ്ടാവില്ല. തനതു മൂല്യം ഒന്നിനുമില്ല. മനുഷ്യന്റെ പ്രവൃത്തികള്‍ നിരര്‍ത്ഥകവും നിഷ്ഫലവുമായ യത്നമാകുന്നു. ഇത് അത്രയൊന്നും അസംബന്ധമല്ലെന്ന് അനുദിനജീവിതം നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും. തന്നെപ്പറ്റി ആരും ഒന്നും പഠിക്കുന്നില്ല എന്നതാണത്.

ആത്മരോദനങ്ങള്‍

ചിലയനുഭവങ്ങള്‍ പിടിച്ചുലക്കുന്നവയാണ്. അതോടേ, അതുവരെയനുഭവിച്ചിരുന്ന സന്തുലിതാവസ്ഥ തകരുന്നു. മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഒരു ബന്ധം മുറിയുന്നു, അല്ലെങ്കില്‍ ഓര്‍ക്കാപ്പുറത്ത് ഒരു സ്നേഹബന്ധത്തിലേയ്ക്ക് ചെന്ന് തലകുത്തിവീഴുന്നു. രണ്ടായാലും, അനേകം വിരുദ്ധാനുഭൂതികളുടെ വേലിയേറ്റങ്ങളിലേയ്ക്ക് ജീവിതം വലിച്ചെറിയപ്പെടുകയാണ്. സാധാരണക്കാരുടെ കാര്യത്തില്‍ എന്നതിനേക്കാള്‍, കവികള്‍ക്കും കലാകാരന്മാര്‍ക്കും ഇത്തരമനുഭവങ്ങള്‍ കൂടുതല്‍ വേദന വരുത്തുമെന്നതും ശരിയായിരിക്കണം. ഏതായാലും ഒന്നു തീര്‍ച്ചയാണ്, സ്വാര്ത്ഥതയില്ലാതെ സ്നേഹിക്കാന്‍ കഴിയുന്നവരൊക്കെ കലയുള്ളവരാണ്. അവര്‍ ആഗ്രഹിക്കുന്നതുപോലെ മറുവശം ആ സ്നേഹത്തിനു വഴങ്ങാതിരിക്കുന്നത് ഈ ജീവിതത്തെ നരകമാക്കുന്നു. ഇത്തരം അനുഭവങ്ങള്‍ക്ക് ഒരുദാഹരണമാണ് കുരിശിന്റെ യോഹന്നാന്‍ (St John of the Cross) എഴുതിയ ആത്മാവിന്റെ കൂരിരുട്ട്  (The Ascent of Mount Carmel എന്ന കൃതിയുടെ ഭാഗം). അതു വായിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലുള്ള നേരിയ ഒരനുഭവം തരുന്നു, എം. റ്റി. വാസുദേവന്‍‌നായരുടെ പൊരുളില്ലാത്ത കിനാവ്‌ എന്ന കഥ.

എന്തിനാണ് നാം സ്നേഹിക്കുന്നതും കിനാവ്‌ കാണുന്നതും? പ്രകൃതിയിലായാലും, മറ്റ് മനുഷ്യരിലായാലും നമ്മെ ആനന്ദിപ്പിക്കുന്നതിലേയ്ക്ക് നാം അടുക്കുന്നു. അയാളെ അല്ലെങ്കില്‍ അതിനെ സ്വപ്നം കാണുന്നു. എന്നാല്‍ ആദ്യം അനുഭവിച്ച പൊരുത്തം നഷ്ടപ്പെടുത്തി, അയാള്‍ അല്ലെങ്കില്‍ അതു മറയുമ്പോള്‍, ബാക്കിയാവുന്നത് വേദനയാണ്. അല്ലെങ്കിലോ, നിലനിര്‍ത്തുന്ന ബന്ധങ്ങള്‍ കുരുക്കഴിക്കാനാവാത്ത ബന്ധനങ്ങളായി നമ്മെ വരിഞ്ഞിരുക്കുന്നു. മൂന്നാമത്തെ സാധ്യത, റ്റോള്‍സ്റ്റോയിയുടെ അന്ന കരെനീനയിലെ ലെവിനു സംഭവിച്ചതിനു സമാനമായിരിക്കും. "അവളെ പ്രേമിക്കുന്നതിലും അവളുടെ അഭിലാഷങ്ങള്‍ സാധിച്ചു കൊടുക്കുന്നതിലും ആനന്ദം കുടികൊള്ളുന്നു, അല്ലാതെ അതെന്റെ സ്വാതന്ത്ര്യത്തെ ആശ്രയിച്ചല്ല" എന്നവനു തിരുത്തി ചിന്തിക്കേണ്ടി വന്നു. ജീവിതത്തിലേറ്റം വലുത് സ്വാതന്ത്ര്യമാണെന്ന് മുറുകെപ്പിടിക്കുന്നവര്‍ക്ക് പ്രണയാനന്ദം പ്രാപ്യമല്ലെന്നാണോ ഇതിനര്‍ത്ഥം? 

സ്നേഹത്തിന്റെ രസതന്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെപ്പറ്റി ശരിയായ ധാരണയുള്ള എഴുത്തുകാരനാണ്‌ എം. റ്റി. ഒരിക്കല്‍ ഒരാള്‍ക്ക്‌ ഹൃദയം കൊടുത്തുപോയാല്‍, പിന്നെ ഏതു സാഹചര്യത്തിലും മറ്റൊരാള്‍ക്ക് സ്വയം സമര്‍പ്പിക്കാന്‍ ഒരു വ്യക്തിക്കാവില്ല എന്നതാണ് പൊരുളില്ലാത്ത കിനാവിന്റെ സാരം. പക്ഷേ, സമൂഹനീതിക്ക് ഈ സത്യത്തില്‍ ഒരു താല്പര്യവുമില്ല. ആചാരങ്ങള്‍ തെറ്റിക്കാതിരിക്കുക മാത്രമാണ് അതിന് പ്രധാനം. അതിനുവേണ്ടി വ്യക്തികളെക്കൊണ്ട് ഏത്‌ കാപട്യവും സമൂഹം ചെയ്യിപ്പിക്കും, എന്തും സഹിപ്പിക്കും. ഇതൊക്കെ അറിഞ്ഞും, കഴിവതും സൂക്ഷിച്ചും ജീവിക്കുന്നവരെയും, സ്നേഹമെന്ന പ്രതിഭാസം ഇടവഴികളിലൊളിഞ്ഞു നിന്ന് ചൂണ്ടയില്‍ കുരുക്കും. സ്നേഹവും മരണത്തെപ്പോലെയാണ്. രണ്ടും ശക്തമാണ് - അതായത്, അതിനെതിരെ മനുഷ്യന്‍ അശക്തനാണ്. രണ്ടും കള്ളനെപ്പോലെ വന്നു നമ്മെ പിടികൂടുന്നു!

കുരിശിന്റെ യോഹന്നാനും ആവിലായിലെ തെരേസയും ദൈവസ്നേഹത്തിന്റെ ആധിക്യം മൂലം പീഡിപ്പിക്കപ്പെട്ടതുപോലെ തന്നെയല്ലെങ്കിലും, സാധാരണക്കാരായ നമ്മില്‍ പലരും ആത്മാവിന്റെ കൂരിരുട്ടെന്തെന്ന് അനുഭവിക്കുകയും നിരാശതയുടെ ഗര്‍ത്തത്തില്‍ നിന്ന് ജീവിതപങ്കാളിയോടെങ്കിലും മൌനമായി ഇങ്ങനെ തേങ്ങിക്കരയുകയും ചെയ്യാറില്ലേ?

അവന്‍: പ്രകാശം പരത്തുന്ന ദീപത്തിന്‍ ജീവനാണെ, രാത്രിയില്‍ തിളങ്ങുന്ന സ്വപ്നതാരങ്ങളാണെ, സ്വന്തം കണ്ണിണപോലെ നിന്നെ സ്നേഹിക്കുന്ന എന്നോട് മിണ്ടുകില്ലേ?എനിക്കല്പം സന്തോഷമേകുകില്ലേ?

അവള്‍: എന്റെയാത്മാവിന്റെ കൂട്ടുകാരാ! (വിവാഹദിനം മുതല്‍ മൌനിയായിരുന്ന അവള്‍ ആദ്യമായി വായ്‌ തുറന്നു. - സിറിയയിലെ ഒരു നാടോടിക്കഥയില്‍ നിന്ന്.)

എകാകിതയനുഭവിക്കുന്ന ഓരോ ആത്മാവും കൂട്ടുകാരനോട്/കൂട്ടുകാരിയോട് ഏതാണ്ടിങ്ങനെ കേഴുന്നുണ്ടെന്നു മറുവശം അറിഞ്ഞിരുന്നെങ്കില്‍, അതിന് ചെവി കൊടുത്തിരുന്നെങ്കില്‍!

എന്റെയാത്മാവേ, ഭൂലോകത്തിന്റെ എല്ലാ ദിക്കുകളിലൂടെയും നീ സഞ്ചരിക്കുകയും, പര്‍വ്വ തങ്ങളുടെയും സമുദ്രങ്ങളുടെയും രഹസ്യങ്ങള്‍ അറിയുകയും ചെയ്താലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. ആത്മൈക്യത്തോളം വലിയ രഹസ്യമില്ല.

എന്റെയാത്മാവേ, എഴാഴികളും പതിന്നാലു ലോകങ്ങളും മറികടന്ന് നീ വിഹരിക്കുകയും, ചന്ദ്രന്റെയും താരങ്ങളുടെയും ശ്രേഷ്ഠത നിന്നെ വശീകരിക്കുകയും ചെയ്താലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. എന്റെയധരങ്ങളിലെ മന്ദസ്മിതം നിനക്കുള്ളതാകുന്നു.

എന്റെയാത്മാവേ, അനന്തതയിലേയ്ക്കൊഴുകുന്ന പ്രകാശവീചികളില്‍ ആരൂഡയായി, അവയുടെ വേഗത്തിന്റെ ഉന്മാദത്തില്‍ നീ ഭ്രമിച്ചുപോയാലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. നീഹാര ബിന്ദുവില്‍ സൂര്യകിരണം പോലെ നിന്നെ ഞാന്‍ വഹിച്ചുകൊള്ളാം.

എന്റെയാത്മാവേ, സൌരയൂഥങ്ങളില്‍ ആകൃഷ്ടയായി ഗ്രഹങ്ങളിലുദിക്കുന്ന പ്രഭാതസൌന്ദര്യത്തില്‍ നീ മതിമറന്നുപോയാലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. ഹൃദയത്തിന്റെ പ്രകാശമാകുന്നു പരമമായ സൌന്ദര്യം. 

എന്റെയാത്മാവേ, ക്ഷീരപഥങ്ങളുടെ ഗുരുത്വാകര്‍ഷണങ്ങളിലകപ്പെട്ട്, തമോഗര്ത്തങ്ങളിലേയ്ക്ക് നീ വലിച്ചെടുക്കപ്പെട്ടാലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. എവിടെ, നമ്മുടെ ആദ്യാനുരാഗത്തെ വെല്ലുന്നയാകര്‍ഷണം?

എന്റെയാത്മാവേ, ആരംഭങ്ങളുടെ മുകുളങ്ങളെ തേടിപ്പോയി, പ്രണവത്തിന്റെ മന്ത്രചൈതന്യത്തെ നീ ആദാനം ചെയ്യുകയും, എതിര്‍ക്കാനാവാതെ അതില്‍ ആമാഗ്നയായിത്തീരുകയും ചെയ്താലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. ആദ്യ വചനമല്ല, വചനത്തിന്റെ ചൈതന്യമാകുന്നു വിജ്ഞാനം.

എന്റെയാത്മാവേ, ലക് ഷ്യം തെറ്റി നീ മരണത്തിന്റെ താഴ്വരയില്‍ അലഞ്ഞുഴലേണ്ടി വന്നാലും, എന്റെയടുത്തേയ്ക്ക് നീ തിരികെ പോരണം. എന്തെന്നാല്‍, പരസ്പരം നമ്മള്‍ ജീവനാകുന്നു. നിന്നെ നിറയ്ക്കുന്നത് ഞാനും, എന്നെ നയിക്കുന്നത് നീയും. നിന്നോടൊത്ത് അനന്തതയെ മോഹിക്കാന്‍ എന്നെയനുവദിക്കുക!

തമ്പുരാന്റെയമ്മേ!


വിശ്വാസത്തിന്റെ സ്രോതസ്സുകളെപ്പറ്റിയായിരുന്നു ഇതിനു മുമ്പ് ഞാനെഴുതിയ ലേഖനം. അതു വായിച്ചിട്ട് നഷ്ടബോധം തോന്നാത്തവര്‍ക്ക് ഇവിടെ പറയുന്നത് അധികപ്രസംഗമാണെന്ന്‌ തോന്നേണ്ടതില്ല. തഥ്യ തീരുന്നിടത്ത്‌ മിഥ്യയുടലെടുക്കുന്നു. വിശ്വാസം മിഥ്യയില്‍ നിന്ന് ഭക്തിയെ ജനിപ്പിക്കും. ബുദ്ധിമാന്ദ്യം ഭക്തിയെ കടിഞ്ഞാണില്ലാത്ത കുതിരയാക്കും. പിടിവിട്ടാല്‍ അതു പിന്നെ ഒറ്റ പോക്കാണ്. 

തന്റെ കാലത്തിനും ചുറ്റുപാടുകള്‍ക്കുമതീതനായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട യേശുവിനെ ക്രിസ്തുവായും ദൈവാവതാരമായും ഉയര്‍ത്തിയത്‌ അനുയായികളുടെ വിശ്വാസമാണ്. ആ പ്രക്രിയയുടെ ചില സൂചനകളാണ് സുവിശേഷങ്ങളില്‍ നാം വായിക്കുന്നത്. സത്യക്രിസ്ത്യാനികള്‍ അവയെയൊക്കെ അവയവാര്‍ത്ഥത്തിലെടുക്കുന്നു. കന്യാജനനം, ഉയിര്‍ത്തെഴുന്നേല്പ്, തുടങ്ങിയവയെ പ്രതീകാര്‍ത്ഥത്തില്‍ എടുക്കാനിഷ്ടപ്പെടുന്നവര്‍ പോലും, ഗലീലിയായിലൊരു സാധാരണ വീട്ടമ്മയായി ജീവിച്ചു മരിച്ച മറിയത്തെ ദൈവമാതാവെന്നു വിളിക്കുന്നതില്‍ ഒരനൌചിത്യവും കാണുന്നില്ല. വെറും മാതൃപൂജയാണോ ഇതിനു പിന്നില്‍?

മാത്സര്യബുദ്ധിയോടെ, എണ്ണമറ്റ മറ്റനേകം അസ്സാദ്ധ്യകാര്യവിദഗ്ധര്‍ രംഗത്തുണ്ടെങ്കിലും, യേശുക്രിസ്തുവിന്റെ നേര്‍ക്കുള്ളതിലും വിഭ്രാമകരമായ ഭക്തിപ്രകടനങ്ങളാണ് കത്തോലിക്കര്‍ അദ്ദേഹത്തിന്‍റെയമ്മയോട് കാണിക്കുന്നത്. മനുഷ്യപുത്രനെന്നു സ്വയം വിശേഷിപ്പിച്ചിരുന്ന യേശുവിനെ ദൈവപുത്രനാക്കിയെടുത്ത അതേ മാനസ്സിക വ്യായാമങ്ങളിലൂടെയാണ് വിശ്വാസികള്‍ ഒരു സാധാരണ വീട്ടമ്മ യായിരുന്ന മറിയത്തെ ദൈവമാതാവാക്കിയതും. 

നേര്ച്ചകാഴ്ചകള്‍, മന്ത്രോച്ചാരണങ്ങള്‍, തപസ്സു തുടങ്ങിയ വഴികളിലൂടെ ദൈവേഷ്ടം പ്രാപിക്കാമെന്നും അങ്ങനെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ദൈവസത്തയെ സ്വാധീനിക്കാമെന്നും മനുഷ്യര്‍ ധരിച്ചുവശാകുന്നു. ഈ ചാലകശക്തിയെ പരമാവധി ചൂഷണം ചെയ്യാന്‍ ദൈവത്തിനും മനുഷ്യനുമിടക്ക് കയറിക്കൂടുന്നു, വെളിച്ചപ്പാടുകളും തന്ത്രികളും പുരോഹിതരുമൊക്കെ. ഇവരുടെ പിടിപാടുകള്‍ക്കാനുപാതികമായി, ചെറുതും വലുതുമായ അത്ഭുതവൃത്തികളിലൂടെ, ദൈവമാതാവുള്‍പ്പെടെയുള്ള സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍ വിശ്വാസികളുടെയാഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നു. ഇങ്ങനെയൊക്കെയാണല്ലോ ഇപ്പോള്‍ കാര്യങ്ങള്‍.

അക്രൈസ്തവനായ യേശുവിനെത്തേടി എന്ന ആശയസമ്പുഷ്ടമായ പുസ്തകത്തില്‍, 'പുരുഷാധിപത്യത്തിനപ്പുറത്തേയ്ക്ക്' എന്നൊരു ഭാഗമുണ്ട്. തത്ത്വത്തിലംഗീകരിക്കപ്പെട്ടിട്ടും പ്രയോഗത്തില്‍ ഒരു മതവും നടപ്പിലാക്കിയിട്ടില്ലാത്ത സ്ത്രീപുരുഷസമത്വത്തെപ്പറ്റിയാണ് പണ്ഡിതനായിരുന്ന കാപ്പനച്ചന്‍ അതില്‍ ചര്‍ച്ചചെയ്യുന്നത്. "സ്ത്രീസ്വാതന്ത്ര്യത്തിനു നിരക്കാത്ത ഒരു ദൈവസങ്കല്‍പ്പത്തിന്റെ അനന്തരാവകാശികളാണ് ക്രൈസ്തവര്‍" എന്നദ്ദേഹം എഴുതുന്നു. ഈ അപാകതയെ കുറച്ചെങ്കിലുമൊന്നു തിരുത്തുന്നതിനുവേണ്ടിയാണ് മറിയത്തെ ദൈവമാതാവായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള ഭക്തികള്‍ തുടങ്ങിയത് എന്ന് വേണമെങ്കില്‍ വാദിക്കാം.

ഹിന്ദുക്കള്‍ക്ക് ദേവീസങ്കല്‍പ്പങ്ങളുണ്ട്. എന്നാലവ സങ്കല്പങ്ങളാണെന്നു ബുദ്ധിയുള്ള ഹിന്ദു മറക്കുന്നില്ല. കത്തോലിക്കര്‍, ബുദ്ധിനടിക്കുന്നവരുള്‍പ്പെടെ, ഇക്കാര്യത്തില്‍ മറുകണ്ടം ചാടുന്നു. സങ്കല്‍പ്പങ്ങളെ അവര്‍ യാഥാര്‍ഥ്യങ്ങളാക്കുന്നു. ബ്രഹ്മം/മായ, പുരുഷന്‍/പ്രകൃതി, ശിവന്‍/ശക്തി തുടങ്ങിയ സ്ത്രീ-പുരുഷ ദ്വന്ദ്വങ്ങള്‍ പോലെ ഒരു മതദര്‍ശനത്തിന്റെ അനുകരണമായി ഒരു പക്ഷേ, ക്രൈസ്തവരുടെ ക്രിസ്തു/മറിയം ദ്വന്ദ്വത്തെ കാണാമായിരിക്കും. ഏതായാലും അതൊരു ഭക്തിപ്രകടനമാണ്. അങ്ങനെ ഉയര്‍ത്തപ്പെടുന്ന സ്ത്രീത്വത്തില്‍ അമലോത്ഭവവും കന്യാഗര്‍ഭവും, ഉടലോടെയുള്ള സ്വര്‍ഗ്ഗാരോഹണവുമൊക്കെ കൂട്ടിച്ചേര്‍ക്കാന്‍ ഭക്തരുടെ ഭാവനക്ക് ഒരു വിഷമവുമില്ല. 

പുരുഷബന്ധം കൂടാതെയുള്ള മറിയത്തിന്റെ ഗര്‍ഭധാരണത്തെപ്പറ്റി പറയുന്നത് മത്തായിയും ലൂക്കായും മാത്രമാണ്. അവര്‍ക്കിരുവര്‍ക്കും മുമ്പ് സുവിശേഷമെഴുതിയ മാര്‍ക്കിന്റെ ഗ്രന്ഥത്തില്‍ അങ്ങനെയൊരു വിഷയമേ പരാമൃഷ്ടമല്ല. അതിനര്‍ത്ഥം, യേശുവിന്റെ മരണശേഷം ചുരുങ്ങിയത് നാല്പതു മുതല്‍ അമ്പത് വര്‍ഷത്തിനു പിന്നാലെ കാവ്യാത്മകമായി ചിന്തിച്ചെടുത്ത് എഴുതിചേര്‍ത്തതാണ് മത്തായി-ലൂക്കാമാരുടെ ഈ കഥയെന്നാണ്. ശ്രീബുദ്ധന്‍, സൊറവസ്സ്റ്റര്‍ തുടങ്ങിയവരുടെ ജീവിതപരിണാമങ്ങള്‍ക്ക് ഇണങ്ങുംവിധം അവരുടെ ജന്മങ്ങളെപ്പറ്റി കാലാന്തരത്തില്‍ രൂപംകൊണ്ട ഐതിഹ്യങ്ങളെപ്പോലെ മാത്രമേ ഇപ്പറഞ്ഞവയും കാണേണ്ടതുള്ളൂ. പേര്‍ഷ്യാക്കാരുടെ ദേവത മിത്രാസിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുമുണ്ട് വിശേഷപ്പെട്ട സ്വപ്നങ്ങളും മാലാഖാമാരുടെ ഇടപെടലുകളും മറ്റും. ഒരു ഗുരുവിന്റെയോ അസാധാരണ വ്യക്തിയുടെയോ പ്രാധാന്യം പൊലിപ്പിച്ച് കാട്ടാന്‍, ഇത്തരം പൊടിപ്പും തൊങ്ങലുമൊക്കെ മെനഞ്ഞെടുക്കുക പണ്ട് വളരെ സാധാരണമായിരുന്നു. (ഇന്നത്തെ ശാസ്ത്രയുഗത്തില്‍ പോലും ഇതൊന്നും കുറവല്ലല്ലോ!) ചുരുക്കി പറഞ്ഞാല്‍, എല്ലാ മതങ്ങളിലെയും വിശ്വാസങ്ങളത്രയും മനുഷ്യകല്പ്പനകള്‍ക്ക് അക്ഷരാര്‍ത്ഥസാധുത്വം കൊടുത്തുണ്ടായവയാണ്. 

യേശുവിനെ ചുറ്റിപ്പറ്റിയുള്ള കഥകളില്‍ മിക്കവയും പഴയ നിയമത്തിലെ അസാമാന്യ പുരുഷന്‍മാരുടെ ജീവിതകഥകളോട് സാമ്യമുള്ളവയും സമാന്തരങ്ങളുമാണ്. യഹൂദരുടെ പൂര്‍വികരില്‍ പ്രധാനികളായ മോശ, ദാവീദ്, ദാനിയേല്‍പ്രഭ്രുതികളുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ്‌ യേശുരക്ഷകന്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞുപിടിച്ചുണ്ടാക്കിയ സാമ്യങ്ങളാണിവ. ഉദാഹരണത്തിന്, ദാനിയേല്‍ 9,23 ല്‍ ഗബ്രിയേല്‍ മാലാഖാ ദാനിയേലിന് പ്രത്യക്ഷനായി പറയുന്നുണ്ട്: "നീ ദൈവത്തിനു പ്രിയപ്പെട്ടവനാണ്" എന്ന്. അതിനോട് ചേരുംപടി "നീ ദൈവത്തിന്റെ പ്രസാദപാത്രമായിരിക്കുന്നു, ഭയപ്പെടേണ്ട" എന്ന് അതേ മാലാഖാ മറിയത്തോടും പറയുന്നതായി ലൂക്കാ എഴുതിയിരിക്കുന്നു. (ലൂ. 2,30) ന്യായാധിപന്മാര്‍ 6,12 ല്‍ ഗിദയോന് മാലാഖാ നല്‍കുന്ന ആശീര്‍വാദം അതേ രൂപത്തില്‍ മറിയത്തിനും ലഭിക്കുന്നു: "കര്‍ത്താവ് നിന്നോടുകൂടെയുണ്ട്". പ്രായമാകുംവരെ വന്ധ്യയായിരുന്നശേഷം സാന്താലബ്ദയാകുന്ന ഹന്നായോട് (ശമുവേലിന്റെ അമ്മ) സദൃശയാണ് ലൂക്കായുടെ മറിയവും. ഹന്നായുപയോഗിച്ച അതേ വാക്കുകളിലൂടെയാണ് മറിയവും ദൈവത്തെ നന്ദിപറഞ്ഞു സ്തുതിക്കുന്നത്. (ശമു. 2; ലൂ. 1, 46-55) 

എണ്ണമറ്റ വിരുദ്ധോക്തികള്‍ സുവിശേഷഗ്രന്ഥങ്ങളിലുണ്ട്. അതിന് കാരണം വ്യത്യസ്ത സമൂഹങ്ങളുടെ ആവശ്യാനുസരണം വ്യത്യസ്ത ലക്ഷ്യങ്ങളോടെ എഴുതപ്പെട്ടവയാണ് അവ എന്നതാണ്. യഹൂദരില്‍ നിന്ന് വന്ന ക്രിസ്ത്വാനുയായികള്‍ക്ക് യേശു ദാവീദിന്റെ ഗോത്രത്തില്‍പെട്ടവനും കാലങ്ങളായി അവര്‍ കാത്തിരുന്ന മിശിഹായുമാണ്‌. ആ ഉദ്ദേശ്യത്തോടെ മത്തായി യേശുവിന്റെ പിതൃത്വം പിന്നോട്ട് ദാവീദു വരെ തിരഞ്ഞുപോകുന്നു. എന്നാല്‍ അതിനായി അദ്ദേഹം പുറപ്പെടുന്നത്, യേശുവിന്റെ അച്ഛനായി കരുതാത്ത ജോസെഫില്‍ നിന്നാണ് താനും!

നേരേ മറിച്ച്, പൌലോസിന്റെ ശിഷ്യനായിരുന്ന ലൂക്കാ, വേറൊരു സൂത്രം പ്രയോഗിക്കുന്നു. അദ്ദേഹമെഴുതിയത് പുറംജാതിക്കാരില്‍ നിന്ന്, വിശേഷിച്ച്, ഗ്രീക്ക് വംശജരില്‍നിന്ന് എത്തിയവര്‍ക്കായിട്ടായിരുന്നു. അതുകൊണ്ട് പാരമ്പര്യത്തിന് വിലകല്പ്പിക്കാതെ, കന്യാജനനംവഴി യേശുവിന്റെ ദൈവപുത്രസ്ഥാനം സ്ഥാപിക്കുകയാണ് അദ്ദേഹം. അവിടെയും യുക്തി വല്ലാതെ പിഴക്കുന്നുണ്ട്. കാരണം, ദൈവികപിതൃത്വത്തിന് പകരം ലൂക്കാ ചെന്നെത്തുന്നത് ആദാമിലാണ്! ആദാമിന്റെ സന്തതികളുടെ രക്ഷകന് അവരുമായി ബന്ധം വേണമെന്നതാണല്ലൊ പ്രധാനം. സത്യത്തില്‍, യുക്തി ഈ എഴുത്തുകാരെ അലട്ടിയിരുന്നേയില്ല. അനുയായികളുടെ വിശ്വാസമുറപ്പിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. അതുപോലെതന്നെ മറിയത്തിന്റെ കന്യകത്വമോ മറ്റ് സവിശേഷതകളോ ഒന്നും ആദിമസഭയില്‍ ആര്‍ക്കും തര്‍ക്കവിഷയങ്ങളായിരുന്നില്ല. സുവിശേഷഗ്രന്ഥങ്ങളെത്തന്നെ അവഗണിച്ചുകൊണ്ട് കാലാന്തരേണ ഉടലെടുത്തതാണ് മറിയത്തിന്റെ അതിമാനുഷവ്യക്തിത്വം. ഉദാഹരണത്തിന്, മത്തായിയും മാര്‍ക്കും സംശയലേശമില്ലാതെ യേശുവിന്റെ സഹോദരി-സഹോദരന്മാരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. (മ. 13,55; മാ. 6,3) യാക്കൊബിനെപ്പറ്റി സമകാലികനായിരുന്ന പോള്‍ വ്യക്തമായി "യേശുവിന്റെ സഹോദരന്‍" എന്നെടുത്ത് പറയുന്നുണ്ട്. (ഗ ലാ. 1,19) ചരിത്രകാരനായ ജോസെഫും "മിശിഹായെന്നു വിളിക്കപ്പെടുന്ന യേശുവിന്റെ സഹോദരങ്ങളെ"പ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇതൊക്കെയിരിക്കെത്തന്നെ, മറിയത്തെ നിത്യകന്യകയാക്കുന്നു, പില്‍ക്കാല സഭ. ഈ പോക്കിനെ എതിര്‍ത്തവര്‍ അന്നുമുണ്ടായിരുന്നു. 383 ല്‍ ഹെല്വിദിയൂസ് എന്നൊരാള്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. അത്തരക്കാരെ സഭാപിതാക്കള്‍ ശപിച്ചു പുറത്താക്കി. അന്ധവിശ്വാസത്തോളമെത്തുന്ന ലൈംഗികവിദ്വേഷം വച്ചുപുലര്‍ത്തിയിരുന്ന വി. ജെറോം ആയിരുന്നു ഇവരില്‍ പ്രധാനി. ദാമ്പത്യബന്ധത്തെ പോലും മ്ലേശ്ചമായി കണ്ട ഇത്തരക്കാര്‍ക്ക് മറിയം വീണ്ടും ഗര്‍ഭം ധരിച്ചു എന്ന് സങ്കല്പ്പിക്കുക പോലും പാപമായിരുന്നു! മേല്‍പ്പറഞ്ഞ സഹോദര-സഹോദരീ സൂചനകളെ അവര്‍ യേശുവിന്റെ അകന്ന ബന്ധത്തില്‍ പെട്ടവവരുടേതായി വിശദീകരിച്ചു. സന്താനലബധി ദൈവാനുഗ്രഹമായി കരുതിയിരുന്ന യഹൂദസമൂഹത്തില്‍പ്പെട്ടവരായിരുന്നല്ലോ ജോസെഫും മറിയവും. ആ നഗ്നസത്യം പോലും പരമശുദ്ധ സഭാപിതാക്കള്‍ വിസ്മരിച്ചു. കഥയുടെ ഉദ്ദേശ്യത്തെ സാധൂകരിക്കാന്‍ വേണ്ടി 'പുത്രനെ പ്രസവിക്കുംവരെ അവളുമായി അയാള്‍ സംഗമിച്ചില്ല' (മ. 1,25) എന്ന കുറിപ്പ്, 'അവര്‍ തമ്മില്‍ പിന്നീട് ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല' എന്ന് ഒത്തിരിയങ്ങുനീട്ടി വ്യാഖ്യാനിക്കാന്‍ ഇവര്‍ ഒരു മടിയും കാണിച്ചില്ല!

മറിയത്തോടുള്ള ഭക്തിബഹുമാനങ്ങള്‍ സാവധാനം പൊന്തിവന്നതാണെന്ന് പറഞ്ഞല്ലോ. സുവിശേഷകര്‍ത്താക്കള്‍ മറിയത്തിന് അമിതപ്രാധാന്യം കൊടുത്തില്ല. യേശുപോലും അദ്ദേഹത്തിന്‍റെയമ്മയെയും കുടുംബത്തെയും അത്ര ശ്രദ്ധിച്ചിരുന്നില്ല എന്ന് നാം വായിക്കുന്നുമുണ്ട്‌. ആദിമസഭയില്‍ ആരെങ്കിലും മറിയത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നതായി കാണുന്നില്ല. അന്ന് ആ ബഹുമാനം ലഭിച്ചത് രക്തസാക്ഷികള്‍ക്കായിരുന്നു. അവരുടെ കാലം കഴിഞ്ഞതോടെ, ഒരു പകരമെന്നോണം, മറിയം ശ്രദ്ധേയയായിത്തീര്‍ന്നിരിക്കാം. 431 ലാണ് സഭക്കൂട്ടം മറിയത്തെ ദൈവമാതാവായി പ്രഖ്യാ പിക്കുന്നത്. അതും ഗ്രീസിലെ എഫെസൂസില്‍ വച്ച്. നൂറ്റാണ്ടുകളായി ആര്‍തെമിസ് ദേവതയുടെ പ്രതിഷ്ഠ അവിടെയുണ്ടായിരുന്നു. യവനര്‍ക്ക് ആര്‍തെമിസ് നിരന്തരം മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്യുന്ന ദൈവത്തിന്റെയും ഒപ്പം ലോകത്തിന്റെയും മാതാവായിരുന്നു. ആ സ്ഥാനത്തേയ്ക്ക് സൂനഹദോസ് മറിയത്തെ ഉയര്‍ത്തിപ്രതിഷ്ഠിച്ചു. മനുഷ്യസ്ത്രീയില്‍ ദൈവത്വമാരോപിക്കുന്ന ഈ കടന്ന പ്രവണതയെ ചോദ്യംചെയ്ത നെസ്തോറിയസിനെ സഭാപിതാക്കള്‍ ശപിച്ച് നിശബ്ദനാക്കി. ദൈവമാതാവിന് പിന്നെയങ്ങോട്ട് അടിവച്ചുയര്‍ച്ചയായിരുന്നു. അതിലേയ്ക്ക് പോപ്പുമാര്‍ ഉദാരമായി സംഭാവന ചെയ്കയും ചെയ്തു. 

മദ്ധ്യയുഗങ്ങളോടെ ദൈവമാതാവിന്റെ പേരിലുള്ള പള്ളികള്‍, മേരീവിഗ്രഹങ്ങള്‍, നേര്‍ച്ചപ്പെട്ടികള്‍ എന്നിവകൊണ്ട് യൂറോപ്പ് മുഴുവന്‍ നിറഞ്ഞു. എവിടെയും അത്ഭുതങ്ങളുടെ പെരുമഴ! പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച വി. ബര്‍നാര്‍ദിന്റെ ജീവിതലക്ഷ്യമേ മറിയത്തിന്റെ മഹത്വങ്ങള്‍ വര്‍ണ്ണിക്കുകയായിരുന്നു. അതിനടുത്ത നൂറ്റാണ്ടിലാണ് മാതാവിന്റെ ലുത്തിനിയ എഴുതപ്പെട്ടത്. നാഥനായ (Our Lord) യേശുവിനോടൊപ്പം മറിയം Our Lady യായി ഉയര്‍ത്തപ്പെട്ടു. ഡാന്തേ, ഡാവിഞ്ചി, റഫയേല്‍, എല്‍ ഗ്രെകോ തുടങ്ങിയ സര്‍ഗ്ഗധനന്‍മാരെല്ലാം കലകളിലൂടെ മേരീമഹത്വങ്ങള്‍ പുകഴ്ത്തി. വാസ്തവത്തില്‍, ലുത്തിനിയയില്‍ ഉരുവിടുന്ന  ഡസന്‍കണക്കിനുള്ള അപരനാമങ്ങള്‍ക്കെന്നപോലെ, ദൈവമാതാവെന്ന സംബോധനക്കും ഭക്തിയുടെ ന്യായീകരണം മാത്രമേയുള്ളൂ. എങ്കിലും, കയറൂരിവിട്ട ഭക്തി കാരണം, അമലോത്ഭവം, ഉടലോടെയുള്ള സ്വര്‍ഗ്ഗാരോഹണം എന്നിവ വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാഗമായി. 2005 ല്‍ മരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ ജപമാലഭക്തര്‍ക്കായി, പ്രകാശത്തിന്റെ അഞ്ചു രഹസ്യങ്ങള്‍ കൂടി കണ്ടുപിടിച്ചു നല്‍കി. "ലോകത്തിനു ജീവനായിരിക്കുന്നവന്റെ പ്രതിപുരുഷന്‍" എന്ന് സ്വയം വിശേഷിപ്പിച്ച അങ്ങേരായിരുന്നു St. ര്‍നര്‍ദ് കഴിഞ്ഞാല്‍ ഏറ്റം വലിയ മരിയഭക്തന്‍. (മൂന്നാംസ്ഥാനം ഷാലോം റ്റി.വിക്കുള്ളതാണ്!)

ഗ്രന്ഥകാരനും പണ്ഡിതനുമായ പീറ്റര്‍ ഡി റോസയുടെതാണ് രസകരമായ ഈ നിരീക്ഷണം. ഒരു വീട്ടമ്മയായി തുടങ്ങി മദ്ധ്യശതകത്തോടെ ലോകമാതാവും സ്വര്‍ഗ്ഗരാജ്ഞിയുമായി ഉയര്‍ത്തപ്പെട്ട മറിയത്തിന്റെയും അതേ കാലയളവിനുള്ളില്‍ റോമായിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ നിലയില്‍ നിന്ന് സര്‍വ്വലോകാധികാരിയുടെ പദവിവരെ ഉയര്‍ന്ന റോമാമെത്രാന്റെയും വളര്‍ച്ചയിലെ സമാനതകള്‍ വിചിത്രമെന്നേ പറയേണ്ടു. 1867 ല്‍ റോമാ സന്ദര്‍ശിച്ച മാര്‍ക്ക് റ്റ്വൈന്‍ അവിടെ കണ്ടതും കേട്ടതും സമാഹരിച്ചുകൊണ്ട് ഈ നിഗമനത്തിലെത്തി: റോമായിലെ അധികാര- ബഹുമാനശ്രേണി ഇപ്രകാരമാണ്. ഒന്നാംസ്ഥാനത്ത് ദൈവമാതാവ്. രണ്ടാമത്, ദൈവം തമ്പുരാന്‍. മൂന്നാംസ്ഥാനം പത്രോസിന്. നാലാമത് പരിശുദ്ധ പാപ്പാമാര്‍. ഏറ്റവുമവസാനം, അഞ്ചാംസ്ഥാനത്ത്, യേശുക്രിസ്തു! അതും ദൈവമാതാവിന്റെ കൈയില്‍ നിസ്സഹായനായി ഇരിക്കുന്ന ഉണ്ണിയായി! 

സംസ്കാരമുള്ള മനുഷ്യസമൂഹങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന അവകാശങ്ങളും ബഹുമാനങ്ങളും പോയിട്ട്, അടിസ്ഥാനാവകാശങ്ങള്‍ പോലും സഭാകാര്യങ്ങളില്‍ അവര്‍ക്കനുവദിച്ചുകൊടുക്കാന്‍ കൂട്ടാക്കാത്ത സഭാതലവന്മാര്‍ ഇത്രയുദാരമായി മറിയത്തെ അലങ്കരിച്ചും സ്തുതിച്ചും കൊണ്ടാടുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം ആഴമായി പഠിക്കേണ്ട ഒരു വിഷയമാണ്. 

അനുബന്ധം: 
കുറേ നാള്‍ മുമ്പെഴുതിയ ഈ ലേഖനം വായിച്ച ഒരു സുഹൃത്ത് എന്നെ സന്ദര്‍ശിക്കാനെത്തി. പെരിങ്ങുളത്തുകൂടി ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിലെ പാറപ്പുറത്തിരുന്നു ഞങ്ങള്‍ സംസാരിക്കവേ, അദ്ദേഹം ഈ ലേഖനത്തിന്റെ കാര്യം എടുത്തിട്ടു. പ്രതീകങ്ങളെ അവഹേളിക്കരുത് എന്നാണ് അദ്ദേഹം എനിക്ക് തന്ന വിലയേറിയ ഉപദേശം. മറിയം മാതൃത്വത്തിന്റെ പ്രതീകമാണ്. ചരിത്രഗവേഷണങ്ങള്‍ അതില്‍ പ്രധാനമല്ല. ഏതെങ്കിലും തരത്തില്‍ ഒന്നു മറ്റൊന്നിന് വികസനത്തിനുള്ള സാധ്യതകളെ പ്രദാനം ചെയ്യുമ്പോള്‍, മാതൃത്വമാണ് അവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. വെറും സാമ്പത്തിക സഹായം പോലുമാകാമത്. പ്രകൃതിയിലെവിടെയും വളര്‍ച്ചക്ക്‌ നിദാനമായതെന്തും മാതൃത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ളവയുടെയെല്ലാം പൊരുളാണ് മറിയത്തെ മാതാവായി കാണുമ്പോള്‍ സഭ ഉയര്‍ത്തിപ്പിടിക്കുന്നത്. വിശേഷണങ്ങളെല്ലാം ആലങ്കാരികമാണ്. ചോരയും നീരുമില്ലാത്ത യുക്തി വളര്‍ച്ചയിലേയ്ക്കുള്ള പാതയുടേതല്ല എന്നദ്ദേഹം എനിക്ക് പറഞ്ഞുതന്നു. നന്ദി, സുഹൃത്തേ!

വിശ്വാസത്തിന്റെ സ്രോതസുകള്‍

ഈ വരികള്‍ ആദ്യം കുറിച്ചിടുന്നത്, അഞ്ചു കൊല്ലം മുമ്പാണ്, സെപ്റ്റംബര്‍ പത്ത്, 2006. കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ മേധാവി ബെനഡിക്റ്റ് പതിനാറാമന്‍ അന്ന് അദ്ദേഹത്തിന്‍റെ ജന്മനാടായ ജര്‍മനിയില്‍ എത്തിയിരുന്നു. തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും അതിനെ പരിശുദ്ധമായി സംരക്ഷിച്ചു പരിപോഷിപ്പിക്കാനുമുള്ള കടമയെപ്പറ്റി കൊളോണിനു സമീപമുള്ള ഫ്രെഹനില്‍ തടിച്ചുകൂടിയ ജനത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ണശബളമായ അങ്കികളണിഞ്ഞ്, റോമായില്‍നിന്ന് കൂടെകൊണ്ടുവന്ന 'പോപ്മൊബൈല്‍' എന്ന വാഹനത്തിലിരുന്ന് അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങുന്ന ആ യാഥാസ്ഥിതികന് യേശുവിന്റെ അങ്ങേയറ്റം മാനുഷികവും അതുകൊണ്ടുതന്നെ വിപ്ലവകരവുമായ ജീവിതകാഴ്ചപ്പാടുകളെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് അവകാശപ്പെടാനാവുമെന്ന് അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം കരുതിയോ ആവോ.


'പ്രബുദ്ധ'രുടെ രാജ്യമായ ജര്‍മനിയില്‍ മാത്രമല്ല, ശുഷ്ക്കവിശ്വാസികളുടെ നാടായ കേരളമുള്‍പ്പെടെ, ലോകത്തിന്റെയേത് കോണില്‍ ചെന്നാലും വത്തിക്കാന്‍ എന്ന ഇട്ടോളം വട്ടത്തെ ഭരണാധികാരിയായ ഒരു മെത്രാന്റെ ആഗോളമേല്‍ക്കോയ്മയുടെ അഭിനയങ്ങള്‍ വകവച്ചു കൊടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന മാനസികനില എന്തായിരിക്കുമെന്നു ഞാന്‍ സ്വയം ചോദിച്ചുപോയി. അതാണ്‌ വിശ്വാസത്തിന്റെ അന്ധമായ വശീകരണം എന്നെനിക്കു തോന്നുകയും ചെയ്തു. തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുക എന്ന് പറഞ്ഞാല്‍, അവയെ ഒരു കാരണത്താലും ചോദ്യംചെയ്യരുത് എന്നാണ് കത്തോലിക്കാസഭ മനസ്സിലാക്കുന്നത്. ബുദ്ധിക്കു നിരക്കാത്ത പലതും ഏത്‌ മതത്തിന്റെയും വിശ്വാസസംഹിതയില്‍ ഉള്‍പ്പെട്ടിരിക്കും. നമ്മുടെ ഭാവനകള്‍ക്കപ്പുറത്തുള്ള കാലങ്ങള്‍തൊട്ട്‌ പരിണമിച്ചും, വികസിച്ചും, ഇന്നത്തെ രൂപത്തിലെത്തിയ, ജീവന്റെ ഉല്പത്തിയെയും അന്തിമലക്ഷ്യത്തെയും പറ്റിയുള്ള തീര്‍പ്പ്കല്പിക്കലാണ് അവയുടെ ഉള്ളടക്കം. കണ്ണില്‍ പെടുന്നവയെയൊക്കെ ആധാരമാക്കി നമ്മള്‍ നെയ്തെടുക്കുന്ന ധാരണകളെയെല്ലാം കൂട്ടിയിണക്കിയാണല്ലോ അനുദിന ജീവിതം മുന്നേറുന്നത്. മനസ്സിലാകാത്തവയുടെ മുമ്പില്‍ അദ്ഭുതപ്പെട്ടു നില്‍ക്കുക മാത്രമല്ല, അവയെ ചുറ്റിപ്പറ്റിയുള്ള ഭാവനകള്‍ കൂട്ടിപ്പടുത്ത് അവയ്ക്ക് വിശദീകരണം തേടുക എന്നതും മനസ്സിന്റെ രീതിയാണ്. വ്യക്തമായ തെളിവുകള്‍ ശേഖരിക്കാവുന്ന ദൃശ്യങ്ങളുടെയും സംഭവങ്ങളുടെയും കാര്യത്തില്‍ ശാസ്ത്രീയ അടിസ്ഥാനമുള്ളതായി നാം കണക്കാക്കുന്നു. എന്നാല്‍, ഈ പരിധിക്കപ്പുറത്തുള്ള വസ്തുതകളെപ്പറ്റിയും ദൃഢമായ ബോധ്യവും, കഴിയുമെങ്കില്‍ ഗ്രാഹ്യവും ആഗ്രഹിക്കുന്നിടത്താണ് വിശ്വാസങ്ങള്‍ സ്ഥലംപിടിക്കുന്നത്‌. വിശ്വാസങ്ങളിലൂന്നിയ നിഗമനങ്ങള്‍ക്ക് അപ്പോള്‍ അറിവിന്റെ പരിവേഷം നല്കപ്പെടുകയാണ്. അതോടേ, കര്‍ക്കശങ്ങളായ വിശ്വാസസത്യങ്ങളായി അവ ഉയര്‍ത്തപ്പെടുന്നു. വിശ്വസിച്ചാല്‍ സുഖം തരുന്നതെന്തും മനുഷ്യര്‍ വിശ്വസിക്കുമെന്ന് നീററ്ഷെ നിരീക്ഷിച്ചിട്ടുണ്ട്. പറഞ്ഞതുപോലെ, കാലക്രമേണ ഇവയെ ജീവിതത്തിന്റെ കാതലായ പ്രബോധനങ്ങളായി ഉയര്‍ത്തുന്നത് മതങ്ങളാണ്. അത്രയുമായാല്‍, അവയെ പരമസത്യങ്ങളായി കരുതി പരിരക്ഷിക്കാന്‍ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറാവുന്നു. ഏത്‌ വിശ്വാസവും അതില്‍തന്നെ അന്ധമാണ്‌. കാണാവുന്നതും തെളിയിക്കാവുന്നതും വിശ്വസിക്കേണ്ടതില്ലല്ലോ. സ്വന്തം ഭാവനയോ അന്യന്റെ വാക്കുകളോ ആണ് വിശ്വാസത്തിനു ബലം നല്‍കുന്നത്. എന്നുവച്ച്, യുക്തിയിലൂന്നി നടക്കുന്നവര്‍ക്ക് വിശ്വാസങ്ങളില്ലെന്നല്ല. ഉദാ: വിഷമല്ലെന്നു കരുതിയായിരുന്നല്ലോ, ഈ അടുത്ത നാളുകള്‍ വരെയെങ്കിലും, നാം വല്ലതും വാങ്ങി കഴിച്ചിരുന്നത്. ബസ്സിലോ ട്രെയിനിലോ കയറുമ്പോള്‍, ഉദ്ദേശിച്ച സ്ഥലത്തെത്തുമെന്ന ധൈര്യവും ഒരു വിശ്വാസമാണ്.

പക്ഷേ, മതവിശ്വാസം മറൊരു മണ്ഡലത്തില്‍ പെടുന്നു. അവിടെ വിശ്വാസം സവിശേഷമായ ശ്വാസം തന്നെയാണ്. വിശ്വാസികള്‍ക്ക് അത് ജീവിതത്തിന്റെ താളക്രമത്തെതന്നെ സ്വാധീനിക്കുന്ന പ്രാണനാണ്. കാരണം, അവരുടെ ജീവിതബന്ധിയായ കാഴ്ചപ്പാടുകള്‍ക്ക് സുസ്ഥിരത വരുന്നത് അവയിലൂടെയാണ്. എന്നാല്‍, ജന്മനാ കിട്ടിയ ഇത്തരം വിശ്വാസങ്ങളുടെ ഉള്ളടക്കത്തെ വിശകലനം ചെയ്യാന്‍ ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം. മതവിശ്വാസങ്ങള്‍ അതാതിന്റെ വിശുദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണെന്ന്‌ പറയാറുണ്ടെങ്കിലും, അവയുടെ വേരുകള്‍, പൊതുവേ പറഞ്ഞാല്‍, ശിലായുഗം വരെയെങ്കിലും പിന്നോട്ട് കിടക്കുന്നവയാണ്. എങ്ങനെയെന്നു നോക്കാം.

മനുഷ്യനും, മറ്റേതു മൃഗത്തെയും പോലെ പ്രകൃതിശക്തികളുമായി മല്ലിട്ടും അവയില്‍നിന്ന് ഓടിയൊളിച്ചുമാണ് അതിജീവിചിട്ടുള്ളത്. മറ്റ് ജീവികളെപ്പോലെ, പക്ഷേ, മനുഷ്യന്, അപകടങ്ങളെ പെട്ടെന്ന് തിരിച്ചറിയാനുള്ള ഇന്ദ്രിയശക്തിയില്ല. വനത്തില്‍ മറഞ്ഞിരിക്കുന്ന ഒരു പുലിയേയോ കടുവയേയോ ദൂരെ നിന്ന് തിരിച്ചറിയുക മനുഷ്യന് സാധ്യമല്ല. എന്നാല്‍, തിളങ്ങുന്ന രണ്ട് കണ്ണുകളെ മരങ്ങള്‍ക്കിടയിലൂടെ കാണുമ്പോള്‍, അതൊരു ഹിംസ്രജന്തുവിന്റേതായിരിക്കണമെന്ന് വന്‍ സങ്കല്പിക്കുന്നു. ഭാരതീയ ചിന്തയില്‍ ആവര്‍ത്തിച്ചുപയോഗിക്കാറുള്ള ഒരുപമയാണ്, കയര്‍ കണ്ടിട്ട് പാമ്പാണെന്ന് ധരിച്ചുപോകുക. ചില സജാത്യങ്ങളില്‍ നിന്ന് ബാക്കി സ്വയം സൃഷ്ടിചെച്ചെടുക്കുന്ന ഈ പ്രവണത മറ്റ് ബൌദ്ധിക വ്യയാമങ്ങളിലും മനുഷ്യര്‍ ഉപയോഗിക്കാറുണ്ട്. ബുദ്ധിക്ക് നികത്താനാവാത്ത വിടവുകളൊക്കെ ഭാവനകൊണ്ട് നികത്തുകയാണിവിടെ സംഭവിക്കുന്നത്‌. പലപ്പോഴും ഇങ്ങനെയാണ് നാം, അര്‍ത്ഥരഹിതമെന്നും വ്യര്‍ത്ഥമെന്നും തോന്നിപ്പിക്കുന്ന ജീവിതസമസ്യകള്‍ക്ക് അര്‍ത്ഥവും സ്വീകാര്യതയും നല്‍കുന്നത്.

കാല്‍പനികസൃഷ്ടിക്കുള്ള മനുഷ്യന്റെ കഴിവുകള്‍ക്കുള്ള തെളിവുകള്‍ 370'000 വര്‍ഷങ്ങള്‍ക്കു പിന്നോട്ടും കണ്ടെത്താനായിട്ടുണ്ട്. ഉത്തര ജര്‍മനിയിലെ റ്റ്യൂറിംഗന്‍ എന്ന സ്ഥലത്ത് നടത്തിയ ഖനനഗവേഷണങ്ങളില്‍ ഇത്രയും പഴക്കം ചെന്ന പൂര്‍വികരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അവയോടൊത്ത്, പിതൃപൂജയുടെയും അസ്ഥികളില്‍ കോറിയിട്ട ആദിഭാഷാരൂപങ്ങളുടെയും കാല്‍പനിക വ്യാപാരങ്ങളുടെയും തെളിവുകളും കിട്ടിയിട്ടുണ്ട്. (Spektrum der Wissenschaft, Oct. 2004) അനുദിന ജീവിതവ്യാപാരങ്ങള്‍ക്കപ്പുറത്തേയ്ക്ക് അര്‍ത്ഥം തിരയാനുള്ള മനുഷ്യന്റെ സഹജമായ പ്രവണതയാണല്ലോ ഇതിന്റെ പിന്നിലുള്ളത്. അവന്റെ വളര്‍ച്ചയുടെ ആദിഘട്ടങ്ങളില്‍ പോലും മൂര്‍ത്തമായവയെ മറികടന്ന്, അമൂര്‍ത്തതയെ എത്തിപ്പിടിക്കാന്‍ മനുഷ്യന്‍ ശ്രമിച്ചിരുന്നു എന്നല്ലേ ഇതിനര്‍ത്ഥം? സംശയമെന്യേ അതെല്ലാം ഈ പ്രപഞ്ചത്തെ നമ്മള്‍ മനസ്സിലാക്കുന്നതിന്റെ ഭാഗമായിരുന്നു.

കാണപ്പെടുന്ന ഈ ലോകത്തിലെ കൈയിലൊതുങ്ങാത്ത പ്രശനങ്ങള്‍ക്കുത്തരമായി കാണാനാകാത്ത ഒരു മറുലോകത്തെ പരുവപ്പെടുത്തിയെടുക്കുന്നിടത്താണ് മതത്തിന്റെ ഉദ്ഭവം. ആ മറുലോകത്ത് തന്നെക്കാള്‍ ശക്തരായ ദൈവങ്ങളെയും അശരീരികളെയും, പൂര്‍വികരുടെയാത്മാക്കളേയും കുടിയിരുത്തുന്നിടത്താണ്ഏത്‌ മതവും അതിന്റെ അനുഷ്ഠാനങ്ങള്‍ക്ക് തുടക്കമിടുന്നത്. ഈ രണ്ട് ലോകങ്ങളുമായുള്ള ബന്ധപ്പെടലിനു നിയോഗിക്കപ്പെട്ടവരുടെ, അല്ലെങ്കില്‍ ആ ദൌത്യം സ്വയം എറ്റെടുക്കുന്നവരുടെ - സിദ്ധന്മാര്‍ (medicine men), തന്ത്രികള്‍, വെളിച്ചപ്പാടുകള്‍ - പിന്‍ഗാമികളാണ് ഇന്നത്തെ പുരോഹിതര്‍. അല്‍പനേരത്തേയ്ക്കെങ്കിലും ഇവിടം വിട്ട് മറ്റേ ലോകത്തെത്തി അവിടെനിന്നും അറിവും അനുഗ്രഹങ്ങളുമായി തിരിച്ചെത്തുന്ന മദ്ധ്യസ്ഥരിലൂടെ ആദ്യകാലങ്ങളില്‍ കുറച്ചൊന്നുമല്ല മനുഷ്യര്‍ ആശ്വാസം നേടിയിരുന്നത്. ഇന്നും ഇതേതരം ആശ്വാസങ്ങളാണ് മതങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

ഭാവനയില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളെ മെനഞ്ഞെടുക്കാനുള്ള മനുഷ്യന്റെ പ്രവണതക്ക് ഉദാഹരണങ്ങളാണ് മാലാഖാമാര്‍. ഇന്നുള്ള ഏറ്റവും വലിയ പക്ഷികളുടെ പല മടങ്ങ്‌ വലുപ്പമുണ്ടായിരുന്നവ ഭൂമിയില്‍ വസിച്ചിരുന്ന ഒരു കാലത്ത്, ചിറകുകള്‍ ശക്തിയുടെ പ്രതീകങ്ങളായിരുന്നു. ഭൂമിയെയും അതില്‍ വസിക്കുന്ന ജീവികളെയും സംരക്ഷിക്കുന്ന ശക്തികളുടെ സങ്കല്പരൂപങ്ങള്‍ക്ക്‌ ചിറകുകള്‍ കൂട്ടിച്ചേര്‍ക്കുക സാധാരണമായിരുന്നു. അസ്സീറിയായിലെ ദേവാലയങ്ങളുടെ കവാടങ്ങള്‍ വലിയ ചിറകുകളുള്ള നാല്‍ക്കാലികളുടെ രൂപങ്ങളാല്‍ അലങ്കരിച്ചിരുന്നു. 'ഖെറിബു' എന്ന ഈ സങ്കല്പ സൃഷ്ടികളില്‍ ചിലവയ്ക്ക് മനുഷ്യന്റെ മുഖവും നല്‍കിയിരുന്നു. ആദാമിനെയും ഹവ്വായെയും പുറത്തിറക്കിയിട്ടു പറുദീസയുടെ വാതില്‍ക്കല്‍ കാവലായി അഗ്നിച്ചിറകുകളും വാളും ധരിച്ച 'ഖെറുബിനെ' നിറുത്തിയ കാര്യം ബൈബിളില്‍ കാണുന്നു. ഖുറാനും ഒത്തിരിയിടത്ത് മലാഖാമാരെപ്പറ്റി പറയുന്നുണ്ട്. മലാഖാമാര്‍ ആശരീരികളായ ദൈവദൂതന്മാരാണെന്ന പഠനം ക്രിസ്തീയ വിശ്വാസപ്രമാണത്തിന്റെ പോലും ഭാഗമായിത്തീര്‍ന്നിരിക്കുന്നു (World Catechism, 2003). ഓരോരുത്തര്‍ക്കും ഓരോ കാവല്‍മാലാഖാ ഉണ്ടെന്ന വിശ്വാസം മനോസുഖം തരുന്നതായതിനാല്‍ അതും അനായാസം ഒരു വിശ്വാസമായിത്തീര്‍ന്നു. ഇങ്ങനെ പുരാതന ഭാവനകളില്‍നിന്ന് കടമെടുത്ത് വിശ്വാസപ്രമാണങ്ങളുടെ ഭാഗമായിത്തീര്‍ന്നവ ഏത്‌ മതത്തിലും കാണാം.

എല്ലാ വിധത്തിലും അരക്ഷിതനായ മനുഷ്യന്‍ തന്റെ സുരക്ഷയുടെ പ്രധാന പങ്ക് പരലോകശക്തികളെ ഏല്‍പ്പിക്കാന്‍ ശീലിച്ചതിന്റെ ബാക്കി പത്രമാണ്‌ പരിപൂര്‍ണ രക്ഷ അല്ലെങ്കില്‍ മോക്ഷം പരലോകപ്രാപ്തിയാണെന്ന ആശയം. അതു നേടുന്നതിനുള്ള വഴികളും വിധികളുമായി 'സ്പെഷലിസ്റ്റുകള്‍' അണിഞ്ഞൊരുങ്ങി വന്നു. പരലോകത്തിന്റെ നാഥനായ ദൈവവുമായുള്ള ബന്ധപ്പെടല്‍ ലളിതമാക്കാന്‍വേണ്ടി ആ ശക്തിയിലും വ്യക്തിത്വവും മാനുഷികമൂല്യങ്ങളും ഗുണങ്ങളും ആരോപിക്കപ്പെട്ടു. സത്യത്തില്‍, സ്വന്തം വ്യക്തിബോധത്തിന്റെ കാര്യത്തിലെന്നപോലെ, അവനവന് ഏറ്റവും തൃപ്തികരമായ ഈശ്വരസങ്കല്പവും ഓരോരുത്തരും സ്വയം മെനഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. (നമ്മള്‍ നമ്മെപ്പറ്റി സ്വയം മെനഞ്ഞെടുക്കുന്ന പ്രതിച്ഛായയില്‍ ഒരു വലിയ പങ്ക് യാതൊരടിസ്ഥാനവുമില്ലാത്ത പൊള്ള സങ്കല്പങ്ങളാണെന്ന് അല്പനേരത്തെ ആത്മശോധനകൊണ്ട് തെളിഞ്ഞുവരും. എന്നിരുന്നാലും അവയില്‍ നിലയുറപ്പിച്ചാണല്ലോ നമ്മുടെ ജീവിതമുരുളുന്നത്.) ആദിമനുഷ്യന്‍ ഓരോ പ്രകൃതിശക്തിക്കും ഓരോ ദൈവികഭാവത്തെ മനസ്സില്‍ സൃഷ്ടിച്ചതിന്റെ പ്രതിരൂപങ്ങള്‍ ഹൈന്ദവധാരണയില്‍ ഇന്നും അധികം മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ, സൃഷ്ടിയുടെ, സംരക്ഷണത്തിന്റെ, സംഹാരത്തിന്റെ മൂര്‍ത്തികള്‍ തനതായ പ്രൌഢിയോടെ മനുഷ്യമനസ്സുകളില്‍ വിരാജിക്കുന്നു. ഈ ദൈവഭാവങ്ങളും പ്രകൃതിയും തമ്മിലുള്ള ഇടപെടലിന് ഏത്‌ ഭേദവുമാകാം. ഉദാഹരണത്തിന്, ഋഷഭരൂപമെടുത്ത ശിവന്റെ ആരാധനക്കായി നിര്‍മ്മിച്ചിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ (കേദാര്‍നാഥ്‌, തുംഗനാഥ്‌, രുദ്രനാഥ്‌, കല്പേശ്വര്‍, മധ്യമഹേശ്വര്‍) ഓരോന്നിലും ഋഷഭത്തിന്റെ പൂഞ്ഞ, ബാഹു, മുഖം, ജട, നാഭി എന്നിവക്കാണ് പ്രതിഷ്ഠ. ഓരോന്നും ശിവന്റെ ഓരോ ശക്തിപ്രതീകങ്ങളാണ് ഭാവന ചെയ്യപ്പെടുന്നത്.

ഈ വക നിറംപിടിപ്പിക്കല്‍ എല്ലാ മതത്തിലുമുണ്ട്. ഇതൊക്കെ ബാലിശമാണെന്ന് ബോദ്ധ്യപ്പെട്ടിട്ട്, ദൈവസങ്കല്‍പമില്ലാതെ തന്നെ ജീവന്മരണസമസ്യകള്‍ക്ക് ഉത്തരം തേടിയ ബുദ്ധാനുയായികളില്‍ വലിയൊരു ഭാഗം, കാലാന്തരത്തില്‍, ശ്രീബുദ്ധന് പോലും ദൈവികപരിവേഷം നല്‍കി!

തങ്ങളുടെ ദൈവത്തെ സൈന്യങ്ങളുടെ കര്‍ത്താവും ജനത്തിന്റെ  നായകനുമാക്കി ആരാധിച്ചു ശീലിച്ച യഹൂദരുടെ പിന്‍ഗാമികള്‍ തിരഞ്ഞെടുക്കപ്പെട്ടവരെന്ന തങ്ങളുടെ പ്രാമുഖ്യം നിലനിര്‍ത്താന്‍ ഏത്‌ ക്രൂരതക്കും മടിയില്ലാത്തവരായിരുന്നു. ഇന്നും ആണ്. യുക്തിക്ക് നിരക്കാത്ത വേദവാക്യനിര്‍വ്വചനങ്ങള്‍ ഈ ചെയ്തികള്‍ക്കൊക്കെ സാധുത നല്‍കുന്നതായി അവര്‍ കരുതുന്നു. കുരിശുയുദ്ധങ്ങളുടെ കാലത്ത് ക്രിസ്ത്യാനികള്‍ പ്രത്യക്ഷമായിത്തന്നെ ഇതേ പ്രവണതക്ക് അടിപ്പെട്ടുപോയി. ഇന്നും ക്രിസ്തീയപാരമ്പര്യം അവകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ പരോക്ഷമായിട്ടെങ്കിലും, ഏത്‌ തുറയിലും പെരുമാറുന്നത് ഈ ശൈലിയില്‍ തന്നെയാണ്. അമേരിക്കയെപ്പോലുള്ള 'ക്രിസ്തീയ'രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലാണെന്ന സത്യം ഏവര്‍ക്കുമറിയാം. അതിനോടുള്ള പ്രതികരണമായി, "അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തെ" നിരന്തരം പുകഴ്ത്തുന്നവരും ചാവേര്‍പടകളായി മനുഷ്യക്കുരുതിക്കിറങ്ങുന്ന ദയനീയ കാഴ്ച ഇന്ന് എല്ലാ ജനതയുടെയും വേദനയായിത്തീര്‍ന്നിരിക്കുന്നുവല്ലോ. ചുരുക്കത്തില്‍, മതങ്ങളും അവയുടെ വിശ്വാസങ്ങളും കഴമ്പില്ലാത്തവയായി ശോഷിച്ചുപോയിരിക്കുന്നു എന്നതാണ് ഇന്നത്തെ മാനുഷികദൈന്യത.

വിശ്വാസങ്ങള്‍ അനാവശ്യമാണെന്ന ഒരു സൂചനയും ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും, മതപരമായ വിശ്വാസസംഹിതകളില്ലാതെയും പരലോകഭയത്തെയൊ -ലാഭത്തെയോ മറികടന്നും വ്യക്തിപരമായ സംതൃപ്തജീവിതം നയിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും ഇന്നേവര്‍ക്കുമുണ്ട്. പണ്ട് മനുഷ്യന്‍ അന്ധമായ വിശ്വാസങ്ങളിലൂടെ നേടിയിരുന്ന സുരക്ഷിതത്വബോധം ഇന്ന് അവയില്ലാതെയും നേടാവുന്നതാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്.

ഒരാള്‍ നടക്കാനിറങ്ങുന്നു. ചുറ്റും കാണുന്ന പ്രകൃതിയില്‍ നിന്നും ഏതെല്ലാം തരം പ്രചോദനങ്ങള്‍ ലഭ്യമാണെന്നത് ഓരോരുത്തരും സ്വയം പരീക്ഷിച്ചറിയേണ്ടതാണ്. ഉദാ: എണ്ണമറ്റ വ്യത്യസ്തതകളോടെ ഇലകളും പൂക്കളും വിരിച്ചു നില്‍ക്കുന്ന സസ്യങ്ങളെ ശ്രദ്ധിക്കുക. അവയിലൊന്നിനെ അടുത്ത് നിരീക്ഷിക്കുക. ഒരിലയുടെ ആകൃതി, നിറം, വിന്യാസം, ശാസ്ത്രം വെളിച്ചത്തു കൊണ്ടുവന്നിട്ടുള്ള അതിലെ രാസപ്രവര്‍ത്തനങ്ങള്‍, പഴുത്തുവീഴുന്നതുവരെയുള്ള അതിന്റെ പരിണാമങ്ങള്‍ എന്നിവയെയെല്ലാം സാധ്യമാക്കുന്ന ഒരു ഭാവനാവിലാസത്തില്‍ നാം മയങ്ങിപ്പോകേണ്ടാതാണ്. പ്രകൃതിയിലുള്ള എന്തിലുമുണ്ട്, അതീന്ദ്രിയമായ ഒരു തലത്തിലേയ്ക്ക് മനുഷ്യനെ ഉയര്‍ത്താനുള്ള കോപ്പുകള്‍. അവയെ തേടിപ്പോകാനും അവയെ ഉള്‍ക്കൊള്ളാനുമാകുന്നവര്‍ സ്വന്തം സ്വത്വകേന്ദ്രീകരണത്തില്‍ നിന്ന് രക്ഷപ്പെട്ട്, അലൌകികതയുടെ തലത്തിലേയ്ക്ക് ഉയരുന്നു. അപ്പോള്‍, പ്രകൃതിയുടെ അവിഭാജ്യഘടകമായി നാം സ്വയം അറിയുന്നു. വിനയപൂര്‍വ്വം സര്‍വ്വാശ്ലേഷിയായ ഒരു ശക്തിക്ക് മുമ്പില്‍ നമ്മുടെ മനസ്സും ശിരസും കുനിഞ്ഞുപോകുന്നു. നമ്മുടെ പരിധികളെപ്പറ്റിയുള്ള ബോധം ഒരു ഭാവനയല്ല, നഗ്നമായ സത്യം തന്നെയാണെന്ന് അംഗീകരിക്കാതെ, അഭയവും സുരക്ഷിതത്വവും അനുഭവേദ്യമല്ല എന്ന് നാം മനസ്സിലാക്കുന്നു. നന്മതിന്മകളെപ്പറ്റിയുള്ള നമ്മുടെ അളവുകോലുകള്‍ അര്‍ത്ഥശൂന്യമായി ഭവിക്കുന്നു. പാവനമായ ഒരു പരിപാലനയിലേയ്ക്കു നമുക്ക് ഉള്‍ക്കാഴ്ച കിട്ടുന്നു. ഈ ഗ്രാഹ്യം നാം നമ്മെത്തന്നെ സ്വയമറിയുന്നതിന്റെ ഭാഗമായിത്തീരുന്നു. സ്വയം പ്രകടിപ്പിക്കുക എന്നതിലല്ല, മറിച്ച്, പ്രകൃതിയുടെ നന്മയിലുള്ള വിശ്വാസവും പങ്കുചേരലുമാണ് സന്തോഷത്തിനും സംതൃപ്തിക്കും ആധാരമെന്ന് പതുക്കെപ്പതുക്കെ നാം മനസ്സിലാക്കുന്നു. ശിക്ഷിക്കാനറിയാത്ത, അതിനൊരിക്കലും ഇടയില്ലാത്ത, ഒരു ശക്തിക്ക് മുമ്പില്‍ വ്യക്തിപരമോ അല്ലാതെയോ ഉള്ള അനുഗ്രഹങ്ങള്‍ക്കായുള്ള യാചനയില്‍ അര്‍ത്ഥമില്ലെന്നും നേര്ച്ചകാഴ്ചകള്‍ തീര്‍ത്തും അപ്രസക്തങ്ങളാണെന്നും നാം തിരിച്ചറിയുന്നു. കാരണം, പ്രകൃതില്‍ പക്ഷഭേദമില്ല. എവിടെയും ഒരേ നിയമം. അതിനെ കടത്തിവെട്ടാന്‍ ഒരുപാധിയും ആരുടെയും പക്കലില്ല. പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ദൈവികശക്തിയെ അംഗീകരിക്കുക യുക്തിസഹമല്ല താനും. മറ്റു വാക്കുകളില്‍, ദൈവികതയാണ് പ്രകൃതിയിലൂടെ പ്രത്യക്ഷീകരിക്കപ്പെടുന്നത്.

പാരമ്പര്യ വിശ്വാസരീതികളില്‍ തഴങ്ങിപ്പോയവര്‍ക്ക് ഇവിടെ അസ്വസ്ഥതയുണ്ടാവുക സ്വാഭാവികമാണ്. എന്തെന്നാല്‍, ദൈവമെന്ന സംജ്ഞകൊണ്ട് ഇന്ദ്രിയഗോചരമായവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വേറിട്ട ഒരു ശക്തിയെന്നാണവര്‍ ചെറുപ്പം മുതല്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ആ ധാരണയില്‍ നിന്ന് മനസ്സിനെ മോചിപ്പിച്ച്‌, നമ്മിലെന്നപോലെ, മറ്റെല്ലാറ്റിലും അന്തര്‍ലീനമായിട്ടുള്ള, നമ്മെ ആനന്ദിപ്പിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമായിട്ട് ദൈവികതയെ കാണാനാവുമെങ്കില്‍, ജീവിതവീക്ഷണം മൊത്തത്തില്‍ വേറൊന്നായിത്തീരും. അപ്പോള്‍, ദൈവം നമ്മോട് ഒന്നും ആജ്ഞാപിക്കുന്നില്ല, ഒന്നിലും കൈയേറ്റം നടത്തുന്നില്ല, ശിക്ഷിക്കുന്നില്ല എന്ന സ്വാഭാവികമായ തിരിച്ചറിവിലെത്തും നാം. അതോടെ, എല്ലാറ്റിനെയും ഒരുമിപ്പിക്കുന്ന വൈവിധ്യത്തിലെ ഏകത്വമായ ജീവചൈതന്യമായി ആ സാന്നിധ്യത്തെ നാം അനുഭവിച്ചുതുടങ്ങും.

ഈ ചിന്താരീതി കവിയുടേതാണെന്നു തോന്നിയേക്കാം. വാക്കുകളില്ലാത്ത കവിത. മതങ്ങളുടെ ആദ്യപ്രചോദനങ്ങളും കാവ്യാനുഭവങ്ങളായിരുന്നു എന്നോര്‍ക്കണം. പക്ഷേ, അവ ഘനീഭവിച്ച്, തത്ത്വങ്ങളും അനുഷ്ഠാനങ്ങളും ആയിത്തീര്‍ന്നപ്പോള്‍ അതിലെ കവിത പോയി. അതിലെ സത്യവും സൌന്ദര്യവും നഷ്ടഭൂതമായി. കാവ്യഭാവനയുള്ള ഒരു മനസ്സിനല്ലാതെ പ്രപഞ്ചസമസ്യകളെ സമന്വയിപ്പിച്ച് പ്രകാശിപ്പിക്കാനാവില്ല. ശാസ്ത്രം നമുക്ക് പലതും മനസ്സിലാക്കി തരുന്നുണ്ട്. എന്നാല്‍ ആത്യന്തിക സത്യത്തിലേയ്ക്കുള്ള വഴി അതിനറിയില്ല. പ്രകൃതിയോടു ചേര്‍ന്ന് വളരുക, അതിന്റെ ആസ്വാദനത്തിലൂടെ മാത്രമാണ് സാദ്ധ്യമാകുന്നത്.

ഒരു പനിക്കൂര്‍ക്കയുടെയോ തുളസിയുടെയോ കറിവേപ്പിന്റെയോ ഇലയില്‍ ചെറുതായിട്ടൊന്നുരുമ്മുമ്പോള്‍ ഹൃദ്യമായ ഗന്ധം പരക്കുന്നു. 'കാലങ്ങളോളം ഞാനിവിടെയുഉണ്ടായിരുന്നു. ഇപ്പോഴിതാ നീയെന്നെ കണ്ടെത്തിയിരിക്കുന്നു' എന്ന് ആ ചെടി നമ്മോടു പറയുകയാണ്‌. ഒരു ജീവതരംഗം രൂപപ്പെട്ടും രൂപാന്തരപ്പെട്ടും മറ്റൊന്നിന്റെ വളര്‍ച്ചക്ക് കാരണമായിത്തീരുന്നു. എവിടെയും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതറിയുകയും അംഗീകരിക്കുകയും അതിന്റെ ഭാഗമാകാന്‍ സ്വയം ഒരുക്കുകയും വിട്ടുകൊടുക്കുകയും ചെയ്യുന്നതിലാണ് മനുഷ്യനുള്‍പ്പെടെയുള്ള എന്തിന്റെയും പൂര്‍ത്തീകരണത്തിനുള്ള സാദ്ധ്യത ഒളിഞ്ഞിരിക്കുന്നത്. അതു കണ്ടെത്തുന്നതിലാണ് സന്തുഷ്ടി. അതല്ലാതെ മറ്റൊരാരാധനയാവശ്യമില്ല. നിലനില്‍പ്പിനും സൌഭാഗ്യത്തിനും മറ്റൊരു വഴിയുമില്ല. അതിലേയ്ക്ക് നയിക്കാത്തതൊന്നും, യുക്തിയായാലും വിശ്വാസമായാലും, ജീവിതത്തില്‍ പ്രസക്തമല്ല.