ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യം

എന്റെയാത്മാവേ, ഭൂലോകത്തിന്റെയെല്ലാ ദിക്കുകളിലൂടെയും
നീ സഞ്ചരിക്കുകയും, പര്‍വ്വതങ്ങളുടെയും
സമുദ്രങ്ങളുടെയും രഹസ്യങ്ങളറിയുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
ആത്മൈക്യത്തിന്റെ നിശബ്ദതയോളം വലിയ രഹസ്യമില്ല.


എന്റെയാത്മാവേ, ഏഴാഴികളും പതിന്നാലു ലോകങ്ങളും
മറികടന്നു നീ വിഹരിക്കുകയും, ചന്ദ്രന്റെയഴകും താരങ്ങളുടെ
ശ്രേഷ്ഠതയും നിന്നെ വശീകരിക്കുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
എന്റെയധരങ്ങളിലെ മന്ദസ്മിതം നിനക്കുള്ളതാകുന്നു.


എന്റെയാത്മാവേ, അനന്തതയിലേയ്‌ക്കൊഴുകുന്ന
പ്രകാശവീചികളിലാരൂഢയായി, അവയുടെ വേഗത്തിന്റെയുന്മാദത്തില്‍
നീ ഭ്രമിച്ചു പോയാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
നീഹാരബിന്ദുവില്‍ സൂര്യകിരണം പോലെ നിന്നെ ഞാന്‍ വഹിച്ചുകൊള്ളാം.


എന്റെയാത്മാവേ, സൗരയൂഥസംഗമങ്ങളിലാകൃഷ്ടയായി,
ഗ്രഹങ്ങളിലുദിക്കുന്ന പ്രഭാതസൗന്ദര്യങ്ങളില്‍ നീ മതിമറന്നു പോയാലും,

എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
ഹൃദയത്തിന്റെ പ്രകാശമാകുന്നു പരമമായ സൗന്ദര്യം.


എന്റെയാത്മാവേ, ക്ഷീരപഥങ്ങളുടെ ഗുരുത്വാകര്‍ഷണങ്ങളിലകപ്പെട്ട്
തമോഗര്‍ത്തങ്ങളിലേയ്ക്കു നീ വലിച്ചെടുക്കപ്പെട്ടാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
നമ്മുടെയാദ്യാനുരാഗത്തെ വെല്ലുന്നയാകര്‍ഷണമെവിടെ?


എന്റെയാത്മാവേ, ആരംഭങ്ങളുടെ മുകുളങ്ങളെ തേടിപ്പോയി,
പ്രണവത്തിന്റെ മന്ത്രചൈതന്യത്തെ നീയാദാനം ചെയ്യുകയും,
അതിലാമഗ്നയായിത്തീരുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെപോരണം;
ആദ്യവചനമല്ല, വചനത്തിന്റെയര്‍ത്ഥമാകുന്നു വിജ്ഞാനം.


എന്റെയാത്മാവേ, ലക്ഷ്യം തെറ്റി നീ മരണത്തിന്റെ താഴ്‌വരയി-
ലലഞ്ഞുഴലേണ്ടിവന്നാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
എന്തെന്നാല്‍ പരസ്പരം നമ്മള്‍ ജീവനാകുന്നു.
നിന്നെ നിറയ്ക്കുന്നതു ഞാനും, എന്നെ നയിക്കുന്നതു നീയും.

നിന്നോടൊത്ത് അനന്തതയെ മോഹിക്കാന്‍
എന്റെയാത്മാവേ, എന്നെയനുവദിക്കുക!



0 comments: