മുറ്റത്തെ ചിറ്റരത്ത

പൂര്‍വ്വജന്മങ്ങളിലൂറിക്കൂടിയ
ധര്‍മ്മോര്‍ജ്ജങ്ങള്‍
വര്‍ത്തമാനമണ്ഡലത്തില്‍ വരപ്രസാദ-
വര്‍ഷമായി പതിക്കുമ്പോലെ;

ഋതുരാശികളിലെയര്‍ത്ഥനഷ്ടങ്ങള്‍
പൃക്തസാന്ദ്രമാമോര്‍മ്മകളുടെ
പുഷ്പഹര്‍ഷമായിടും പോലെ;

അജ്ഞാത ജീവരഹസ്യങ്ങളുടെ
കേവലകണ്ണികള്‍ ഇണങ്ങിച്ചേ-
ര്‍ന്നൊരു ചേതോഹര പവിഴമാല
രൂപപ്പെടുമ്പോലെ;

അല്പാശ്ചര്യങ്ങളുടെയനിശ്ചിതത്വങ്ങള്‍
മഹാശ്ചര്യത്തിന്റെയുന്മാദ-
രഹസ്യമായിപ്പരിണമിച്ചീടും പോലെ;

ധ്വനികള്‍ക്ക് പ്രതിധ്വനിയും
വാക്കുകള്‍ക്കു രസസാരവും
അകമ്പടി ചേര്‍ന്ന്
ഒരു വരിഷ്ഠഗാനമലതല്ലും പോലെ;

കവിഞ്ഞൊഴുകുന്ന കവിതയുടെ-
യനര്‍ഹവരദാനമായി
നിരതിശയത്തിന്റെ-
യനുഭാവാനുഭൂതിയായി
ആകാരം പൂണ്ടുനിലക്കു-
ന്നെന്‍ പൂമുഖത്തൊരു
നിത്യചൈതന്യ ചിറ്റരത്ത!


നിത്യചൈതന്യയതിയുടെ ആത്മവിജ്ഞാനസമ്പത്തിന് ഒരു മംഗളപ്രകീര്‍ത്തനം.
15.10.2002
ചിറ്റരത്ത: കുമ്പിളിന്റെ വാസനയും ഇളം കരിമ്പിന്റെയാകൃതിയുമുള്ള ഒരു ഒരൌഷധച്ചെടി.

1 comments:

കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റിന്റെ ലിങ്ക് ഈ ആഴ്ച്ചത്തെ ‘ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ, കൊടുത്തിട്ടുണ്ട് കേട്ടൊ ഭായ്.
നന്ദി...
ദേ...ഇവിടെ
https://sites.google.com/site/bilathi/vaarandhyam