ആത്മം

(വൃത്തം കേക)
എത്ര നാമറിഞ്ഞാലു,മറിഞ്ഞു തീരാത്തൊരു
ചിത്തത്തിന്‍ ബ്രഹ്മാണ്ഡത്തെയെത്രയോ പുകഴ്ത്തണം (1)
വേദവ്യാസനോ പതജ്ഞലിയോ കൊതിച്ചതും
വേദാന്തമറിയാത്ത പാമരന്‍ തേടുവതും

ആത്മത്തിലൊളി പെയ്യും ബ്രഹ്മത്തെയറിയുവാന്‍
ബ്രഹ്മത്തെയറിഞ്ഞാലോ ജീവിതസാഫല്യമായ്.
പ്രപഞ്ചപ്രതിഭാസം സ്വപ്നമായ്ക്കരുതുന്നോ-
നതില്‍നിന്നുണരേണ,മുറവിടത്തിലെത്താന്‍.

ഒന്നുമറിയാതെയീ സാഗരപ്രാന്തങ്ങളില്‍
വന്നുപോയിടാനല്ലീ ജന്മമെന്നോര്‍ത്തീടേണം.
ഭവ്യമായതെന്തെല്ലാ,മൊളിഞ്ഞുകിടക്കുമ്പോ-
ളവ്യക്തകാഴ്ചകളില്‍ തൃപ്തരായ് മടങ്ങാനോ?

അറിയാന്‍ കഴിയുന്നോന്‍ പുരുഷനെന്നു പാഠം (2)
അറിയപ്പെടുന്നതോ പ്രകൃതിയെന്നു
സാരം. (3)
ആകാശേ (4) വിന്യസിക്കുമൂര്‍ജ്ജത്തിന്‍ തരംഗങ്ങള്‍
ജീവോല്പത്തിയായ് ഭവിപ്പതത്രേ നാദബ്രഹ്മം.
(5)

ബ്രഹ്മനാദത്തിന്‍ ഭ്രൂണം ഭാഷയായ് വളരുന്ന-
തോര്‍മ്മയി,ലതില്ലെങ്കില്‍ ഭാഷയുമില്ല തന്നെ!
(6)
ചിന്തിക്കാന്‍ മനുജനു ഭാഷകള്‍ വേണ്ടുംപോലെ
ചിന്തക്കു കൂട്ടുനില്‍ക്കാനുള്ളതു വികാരങ്ങള്‍.

ജീവന്റെ ശ്രേണികളില്‍ സ്ഥായിയായ് രൂപംകൊള്ളും
ജനകവിഭാനത്തെ വിഷ്ണുവായ്ത്തൊഴുക നാം
(7)
രേതസും (8) ശോണിതവു,മന്യോന്യം ചേരുന്നേര-
മൂര്‍ജ്ജത്തിന്‍ ഭാവഭേദമായവ ത്രസിച്ചീടും.

ഈ ഭാവഭേദങ്ങളില്‍ രതിയും
(9) ശക്തിയും ചേ-
ര്‍ന്നദ്വൈതാനുഭൂതിയായ്പ്പടരും ചിദ്വിലാസം;
ചിജ്ജടസമ്മിശ്രത്തില്‍ സഞ്ചരിക്കുന്ന ജീവന്‍
ജിജ്ഞാസുവായീടുകില്‍
(10) പ്രാപിക്കും സമാധിയെ.

ആത്മാവുമഹന്തയുമര്‍ത്ഥത്തിലൊന്നു തന്നെ-
യാത്മജ്ഞാനമില്ലാത്തയാത്മംതന്നെയഹന്ത.
(11)
പരംഭൂവിന്റെ സത്ത പടരും തരംഗമായ്
തരംഗമെന്നാല്‍ വിദ്വുത്പ്രവാഹമെന്നു തന്നെ.

ആത്മാവിന്‍ ത്രണനങ്ങളാനന്ദരാഗങ്ങളാ-
യാന്ദോ
ളനങ്ങളായി, സ്വരാനുഭൂതിയായി
ആരോഹാവരോഹണങ്ങളിലായ് നൃത്തം ചെയ്യേ
ആ രാഗതാളങ്ങളില്‍ യുഗ്മങ്ങളിണങ്ങീടും.

അന്യോന്യമടുക്കുമീ ജീവന്റെ തന്മാത്രക-
ളനാഹത
(12)പ്രേമത്തിന്‍ പ്രളയം തുടരുന്നു.
തല്‍ബോധം ലയമായിട്ടദ്വൈതമാകുന്നതേ-
(13)
യാത്മനിര്‍വൃതിയായി, നിത്യതയുമതുതാന്‍! (14)                          
  
അര്‍ത്ഥസൂചിക 
1. ബ്രഹ്മാണ്ഡം - ദൃശ്യാദൃശ്യങ്ങളും സ്ഥൂലസൂക്ഷ്മങ്ങളുമായ സര്‍വ്വതുമുള്‍ക്കൊള്ളുന്ന പ്രപഞ്ചസഞ്ചയം. 
2. പുരുഷന്‍ - മഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയില്‍നിന്ന് ഉത്ഭവിക്കുകയും അവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ചിദ്വിലാസം. ബൈബിളില്‍ വാഴ്ത്തപ്പെടുന്ന ആദികാരണമായ വചനം. സ്വയംപ്രകാശനത്തിലൂടെ അറിവിനെ പ്രദ്യോതിപ്പിക്കുന്നതെല്ലാം. (നാദബ്രഹ്മം കാണുക.)    
3. പ്രകൃതി - മനസ്സും ശരീരവുമടങ്ങിയ ഏകത്വത്തെ ഭരിക്കുന്നതും അറിവിന്‌ വിധേയമാകുന്നതുമായതെല്ലാം. മനുഷ്യാസ്തിത്വം പുരുഷപ്രകൃതികള്‍ തമ്മിലുള്ള ബന്ധനമാണ്. പ്രകൃതിയില്‍ നിന്നും മുക്തമാകുമ്പോള്‍ ആത്മം പുരുഷനാകുന്നു. (ഇവിടെ ലിംഗവ്യത്യാസധ്വനിയില്ല.)   
4. ആകാശം - ഭൂതഭൌതികമായവക്കെല്ലാം ഉണ്ടായിരിക്കുക, വര്‍ത്തിക്കുക എന്നീ സാധ്യതകള്‍ നല്‍കുന്ന സ്ഥിതിവിശേഷം - space -  ഇത് അനന്തമാണ്‌. ആകാശത്തില്‍ സ്ഥൈതികമായതെല്ലാം ഊര്‍ജ്ജസ്വഭാവമുള്ളതും അതിനാല്‍ ചലനാത്മകവും തരംഗപ്രകൃതവുമാണ്. 
5. 6. നാദബ്രഹ്മം, ഭാഷ, സ്വരം - ഊര്‍ജ്ജം, തരംഗം, ശ്രുതി, നാദം എന്നിവ ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു. വാക്കിനെ മെനയുന്ന അക്ഷരങ്ങളും നാദത്തില്‍നിന്ന് ഉണ്ടാകുന്നു; അവയില്‍ നിന്ന് ഭാഷകളും. ജഗത് മുഴുവന്‍ നാദാധീനമാണെന്നു പറയാം. മേല്‍പ്പറഞ്ഞ ശൃംഖലയിലെ അടുത്ത കണ്ണിയാണ് സ്വരം - "കേള്‍ക്കുന്നവന് രസത്തെ നല്‍കുന്നത്. ശ്രുതിയെത്തുടര്‍ന്നുണ്ടാകുന്ന അനുരണനമാണ് രസജന്യമായ സ്വരം" എന്ന് നിത്യചൈതന്യ യതി. ഭാരതീയ മനശാസ്ത്രത്തിനു ഒരാമുഖം, താ. 98.        
7. വിഷ്ണു, ശിവന്‍ - പ്രപഞ്ചത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിജ്ഞാനസമ്പത്തിനെ ജനിതകമായ അനുസ്മരണത്തിലൂടെ തുടര്‍ന്നുകൊണ്ടുപോകുന്ന പ്രതിഭാസം. ഓരോ ജൈവ ഏകകത്തിന്റെയും വിലയനത്തിലുള്‍ക്കൊണ്ടിരിക്കുന്ന പൂര്‍വ്വാര്‍ജ്ജിത വാസനയ്ക്ക് ദേവതാരൂപം നല്കിയിരിക്കുന്നതാണ് വിഷ്ണു. വിഷ്ണു ഓര്‍മ്മയുടെയും ശിവന്‍ മറവിയുടെയും ദേവനായി കരുതപ്പെടുന്നു. സ്ത്രീക്കാണ് വിഷ്ണുഗുണം കല്‍പ്പിച്ചിരിക്കുന്നത്.      
8. 9. രേതസ്, ശോണിതം, രതി, ശക്തി - ഇഷ്ടമെന്നത് ഒരാത്മാവിലോ ശരീരത്തിലോ പൂര്‍ണമായി അനുഭവേദ്യമാകില്ല. രണ്ട് ഹൃദയങ്ങളുടെയിടയില്‍ ഉണ്ടാകുന്ന ആന്ദോളനമായിട്ടാണത് പൂര്‍ണതയിലെത്തുക. പങ്കുവയ്ക്കലും അതില്‍നിന്നുത്ഭൂതമാകുന്ന പാരസ്പര്യവും രസാനുഭൂതിയുമാണിവിടെ ഉദ്ദേശിക്കുന്നത്. രതി, പ്രാണന്‍, ശക്തി എന്നിവയുടെ വൃത്തിസംവേദനങ്ങള്‍ രത്യാനന്ദത്തിലേയ്ക്ക് നയിക്കുമെങ്കിലും, ഇവയെ കടന്ന്  ശാന്തിയില്‍ വിലയിക്കുകയാണ് ജിജ്ഞാസുവിന്റെ ലക്ഷ്യം.     
10. ജിജ്ഞാസു - ജ്ഞാനസമ്പാദനം (മോചനം) ഇഛിക്കുന്നവന്‍.   
11. ആത്മാവ്, അഹന്ത - ഒരേ അറിവിന്റെ രണ്ട് ഭാവങ്ങളാണിവ. ആത്മാവ് = self / അഹന്ത = ego. വികലവും അപൂര്‍ണവുമായ അറിവ് അഹന്തയെ വളര്‍ത്തുന്നു. ദൃഢവും സ്വഛവുമായ അറിവ് ഒരുവനെ സുപ്രസന്നമായ ആത്മാവാക്കുന്നു.   
12. അനാഹത - ആഹനിക്കപ്പെടാത്ത, അകൃത്രിമമായ.
13. അദ്വൈതം - ഈ ആശയം ഉള്‍ക്കൊള്ളുന്നതില്‍ അടങ്ങിയിരിക്കുന്നു, ഭാരതീയ ചിന്തയുടെ കാതല്‍. വെറും ഏകം (എല്ലാം ഒന്ന്) എന്നര്‍ത്ഥം ദ്യോതിപ്പിക്കാന്‍വേണ്ടി സൃഷ്ടിച്ച ഒരു സംജ്ഞയല്ല അദ്വൈതം. നിന്നെപ്പോലെ നിന്റെ സഹജീവിയെയും എന്ന യേശുവചനത്തെ ബ്രഹ്മാണ്ഡത്തോളം വിപുലീകരിക്കുന്നതാണ് അദ്വൈതം. തന്നിലേയ്ക്കുതന്നെ ഒളിഞ്ഞിറങ്ങി പൂര്‍ണ വിരക്തിയെ വരിക്കുന്നവന്‍ ജ്ഞാനിയാകുന്നില്ല. കാരണം, ദ്വൈതമില്ലാതെ അദ്വൈതമില്ല. ദ്വൈതമുണ്ടാകുന്നത് ആത്മാവും അതിന് വെളിയിലുള്ള മറ്റെല്ലാവും ചേര്‍ന്നാണ്. ഈ മറ്റെല്ലാവും തന്നില്‍ത്തന്നെയാണെന്നും താന്‍ എല്ലാറ്റിന്റെയും ഭാഗമാണെന്നുമുള്ള ക്രിയാത്മകമായ ബോദ്ധ്യത്തിലെത്തുന്നതാണ് അദ്വൈതം. ഈ പരമജ്ഞാനത്തിലൂടെ വിരക്തിയും നിര്‍ഭയവും ദയയും ആനന്ദവും വ്യക്തിയില്‍ പ്രശോഭിതമാകുന്നു. അപ്പോള്‍ മാത്രമേ അദ്വൈതം വേദങ്ങളില്‍ നിന്നിറങ്ങി ആത്മത്തില്‍ രൂഢമൂലമാകൂ.  
14. നിത്യത, അനന്തത - സാധാരണ ധരിച്ചുവച്ചിരിക്കുമ്പോലെ നീട്ടിനീട്ടി കിട്ടുന്ന സമയം അനന്തതയാകുന്നില്ല. കാരണം, ദീര്‍ഘിപ്പിക്കാവുന്ന എന്തോ ഒന്നല്ല, സമയം. ഇപ്പോഴത്തെ ഈ നിമിഷത്തിന്റെ പ്രസക്തിയേ അതിനുള്ളൂ. കഴിഞ്ഞത് കഴിഞ്ഞു; അടുത്ത നിമിഷം പിറന്നെങ്കിലായി. രണ്ടും ആര്‍ക്കും അവകാശപ്പെടാവുന്നതല്ല എന്നതാണ് സമയത്തിന്റെ പ്രതിഭാസം. അപ്പോള്‍, അനന്തതയെന്നു പറയാന്‍ കഴിയുക, ഈ നിമിഷത്തെ അതിന്റെ വര്‍ത്തമാനസത്തയില്‍തന്നെ തുടര്‍ന്നുകൊണ്ടുപോകാനായാല്‍ മാത്രമാണ്. താത്ത്വികമായി അസ്സാദ്ധ്യമെന്നു പറയണമെങ്കിലും, അനുഭവതലത്തില്‍ സാദ്ധ്യമാണിത്. നമ്മുടെ അനുഭവപരിധിയിലുള്ള സമയം (ഈ നിമിഷം) മുഴുവന്‍ നിറഞ്ഞുനില്ലുന്ന ഓരോ ജീവിതാനുഭവവും സമയത്തെ (ഈ നിമിഷത്തെ) പിടിച്ചുനിറുത്തുകയാണെന്നു പറയാം. ഇത്തരത്തില്‍ പെടുന്നു അതിതീവ്രമായ സ്നേഹാനുഭവം, ഒരു സത്യത്തിലേയ്ക്കുള്ള ഉള്‍ക്കാഴ്ച, തീക്ഷ്ണമായ കലാനുഭൂതി തുടങ്ങിയവ. മര്‍ത്ത്യാനുഭവങ്ങളുടെ പാരമ്യമാണിതൊക്കെയും. ഋഷികളും മറ്റും എത്തിച്ചേര്‍ന്ന പരബ്രഹ്മത്തിലുള്ള ജീവാത്മാവിന്റെ ഈ വിധ ലയാനുഭവങ്ങള്‍ക്ക് എല്ലാ മതങ്ങളിലും സാക്ഷ്യങ്ങളുണ്ട്. അതിനോട് സാമ്യമുള്ള രസാനുഭവങ്ങളാണ് മരണപ്രായമായ ക്ഷണികതയെ അമര്‍ത്ത്യതയുടെ മിന്നലാട്ടംകൊണ്ട് നീട്ടിക്കൊണ്ടുപോകാനുള്ള ഏക മാര്‍ഗ്ഗം.

e-mail: znperingulam@gmail.com
tel. 9961544169

0 comments: