(ഉള്ളില്‍ വെളിച്ചമായാല്‍ പുറത്തും വെളിച്ചമാണ്.)
ഒരെളിയ മെഴുകുതിരിയുടെ കൊച്ചുവെട്ടത്തിരുന്നാണ് ഇതെഴുതുന്നത്. ഇന്ന് ഒട്ടും കറന്റില്ല. സാധാരണ വൈകീട്ട് ഏഴു മണിതൊട്ട് അരമണിക്കൂര്‍ നേരത്തേയ്ക്ക് ഇരുട്ടാക്കാന്‍ ഇലെക്ട്രിസിറ്റി ബോര്‍ഡ് കനിയാറുണ്ട്. ആത്മീയതക്കു വിലകല്പിക്കുന്ന ഒരു നാട്ടില്‍ മാത്രമേ ഇത്തരമാത്മാഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ. പവര്‍കട്ട് ശാപമായി കാണുന്നവര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ, 24 മണിക്കൂര്‍ നേരവും മനുഷ്യനെന്തിനാണ് പ്രകാശമെന്ന്? ഈ അരമണിക്കൂര്‍ നേരത്തെ ഇരുട്ടുകൊണ്ടെന്തെല്ലാം നേടാം. അല്പം കുടുംബ- അല്ലെങ്കില്‍ മൌനപ്രാര്‍ത്ഥനക്ക് ഏറ്റം പറ്റിയ അന്തരീക്ഷം. ഇന്‍വേര്‍ട്ടെര്‍ എന്ന കുന്ത്രാന്ടമില്ലെങ്കില്‍ റ്റി.വി. എന്ന മന- ശബ്ദമലിനീകരണപ്പിശാചുള്ള വീടുകളില്‍ അത്രയും നേരം അത് മിണ്ടാതിരിന്നുകൊള്ളും. ഈ നേരമത്രയും ഒന്നു നടക്കാനിറങ്ങാന്‍ തോന്നുന്നവരുടെ തടിക്കും ഗുണമേ ഉണ്ടാകൂ. വൈദ്യുതിയില്ലാതെ ചെയ്യാവുന്നതെന്തെല്ലാം ഇനിയും കിടക്കുന്നു.
ഇങ്ങനെ മുന്‍കൂര്‍ നിശ്ചയിച്ച ഈ അര മണിക്കൂറിലോ, അതല്ലെങ്കില്‍ ഇടക്കിടക്ക് പൊതുജനറേറ്റര്‍ ഇട്ടു കളിക്കുന്ന സര്‍ക്കാര്‍കൂലിക്കാര്‍ എന്ന കഞ്ഞികള്‍ക്ക് തോന്നുമ്പോഴോ വീട്ടിലും ചുറ്റുവട്ടത്തും ഇരുട്ടായാല്‍ ഞാനനങ്ങില്ല. വെറുതേയിരിക്കും. ഇരുട്ടത്ത് വെറുതേയിരിക്കുമ്പോള്‍ ഉള്ളിലെങ്ങാനും ഒരു നാളം ജ്വലിക്കുന്നുന്ടോ എന്നു നോക്കിപ്പോകും. ഉള്ളിലെ നാളമില്ലാതെ പുറത്ത് എത്ര വെളിച്ചമുന്ടായാലും എന്താണ് നമുക്ക് കാണാന്‍ കഴിയുക എന്ന് ചിന്തിച്ചു തുടങ്ങാനും അത് മതി!
ഉള്ളിലേക്കു നോക്കുന്നവനെ അന്തര്‍മുഖനെന്നു വിളിക്കും. അല്ലെങ്കില്‍ സ്വപ്നജീവിയെന്ന്. മറിച്ച്, ചുറ്റും സംഭവിക്കുന്നതൊക്കെ കണ്ടറിഞ്ഞും വിശകലനം ചെയ്തും നടക്കുന്നവനെ ജാഗരൂകനെന്നും. പക്ഷേ, ശരി നേരേ തിരിച്ചല്ലേ? വെളിയിലേക്ക് നോക്കിയിരിക്കുന്നവന്‍ സ്വപ്നമാണ്, മായയാണ് കാണുന്നത്. സത്യത്തില്‍, ഉള്ളിലേതു കാണുന്നവനാണ് ഉണര്‍ന്നിരിക്കുന്നവന്‍.
മായമില്ലാത്തയൊന്നും കിട്ടാനില്ലാത്ത ഈ നാട്ടില്‍ "എല്ലാം മായ" എന്ന കണ്ടുപിടിത്തം ഒന്നാന്തരമാണ്. കോഴി കൂകുംമുതല്‍ നരി കൂകുംവരെ ഇവിടെ മനുഷ്യര്‍ അന്യോന്ന്യം ചെയ്തുപോരുന്നത് ഇരട്ടത്താപ്പാണ്. എത്ര ലളിതമായ സംഗതി എവിടെയെങ്കിലും സാധിച്ചെടുക്കണമെങ്കിലും ക്ഷമയുടെ നെല്ലിപ്പലകവരെ താഴാന്‍ കഴിയണം. പെരുവഴിയിലും പൊതുസ്ഥലങ്ങളിലുമെങ്കിലും അന്യര്‍ക്കും തന്നെപ്പോലെ അവകാശങ്ങളുണ്ടെന്നുള്ള കാര്യംപോലും മലയാളി മറന്നു തുടങ്ങിയിരിക്കുന്നു. സത്യം പറഞ്ഞാല്‍, മറന്നതല്ല, അങ്ങനെയൊന്ന് നമുക്ക് പരിചിതമേയല്ല.
എനിക്കേറ്റവും അടുത്തുള്ള 'പട്ടണ'മായ ഈരാറ്റുപേട്ടയില്‍ വണ്ടിയുമായി പോയാല്‍ എന്തെങ്കിലും പുതുവെളിച്ചം കാണാതെ തിരിച്ചുപോരേണ്ടി വരില്ല. ഒരിക്കല്‍ കവലക്കടുത്തുള്ള ഒരു പാര്‍ക്കിംഗ് ഏരിയയിലേയ്ക്ക് തിരിയുകയായിരുന്നു. പുറകേ തൊട്ടുതൊട്ടു വണ്ടികളുണ്ട്. കഷ്ടിച്ചൊരു വണ്ടിക്കുള്ള വീതിയേയുള്ളൂ. പെട്ടെന്ന്, മുമ്പേപോയ ഓട്ടോക്കാരന്‍ വണ്ടി നിറുത്തിയിട്ട് അടുത്ത കടയിലേക്ക് കയറിപ്പോയി, ഒരു കൂസലുമില്ലാതെ. കുറേ കഴിഞ്ഞിട്ടും ഇഷ്ടനെ കാണാഞ്ഞ് പുറകിലെ ഒരു ഡ്രൈവര്‍ ഇറങ്ങിച്ചെന്ന് വിളിച്ചിറക്കേണ്ടിവന്നു. അതിരുവിട്ടൊന്നും ചെയ്യാത്തമട്ടില്‍ ഓട്ടോക്കാരന്‍ അവന്‍റെ ലിമൊസിനുമെടുത്തങ്ങുപോയി! പുറകില്‍ കെട്ടിക്കിടന്നവരും എതോ അനുഗ്രഹം കൈവന്നതുപോലെ അവന്റെ പിറകെ നിരങ്ങി നിരങ്ങിയങ്ങ് പോയി. ഇങ്ങനെയല്യോ നമ്മുടെ ജീവിതം എന്നും.
എന്തായാലും, മായ, മനുഷ്യനെ മയക്കുന്ന കറുപ്പുപോലെയാണ്. ഇന്നില്ലാത്ത പൊക്കം പണ്ടുണ്ടായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന പുരാതന കത്തോലിക്കാ കുടുംബക്കാരുടെയും (വാലിനു നീളം പോരെന്നു തോന്നുമ്പോള്‍ റോമന്‍ എന്നോ സിറിയന്‍ എന്നോ കൂട്ടിക്കെട്ടുന്നവര്‍) മറ്റൊന്നുമാഘോഷിക്കാനില്ലാത്തതിനാല്‍ ദാമ്പത്യത്തിന്റെ അമ്പതും അറുപതും ആണ്ടുകള്‍ കൊണ്ടാടാന്‍ പത്രങ്ങളിലും കുറികളിലും പടമടിപ്പിച്ചും, ഉള്ള വിദേശബന്ധങ്ങളെല്ലാം എഴുതി പരസ്യപ്പെടുത്തിയും ഞെളിയുന്നവരെക്കൊണ്ട് കേരളം നിറഞ്ഞിരിക്കുന്നു. ദീപികയുടെ രാജുനായര്‍ പറഞ്ഞതുപോലെ മരണവാര്‍ത്തയില്‍ വിദേശബന്ധങ്ങളെല്ലാം അരിച്ചുപെറുക്കി എഴുതുന്നത് മരിച്ചയാള്‍ അങ്ങനെയെങ്കിലും അല്പം ഗമയോടെ കിടക്കട്ടെ എന്നുവച്ചാണ്. എന്നാല്‍, ലോകത്തില്‍ ഒരു ചരിത്രവുമവകാശപ്പെടാനില്ലാതെ, എതിരേ വരുന്നവരുടെ നേരേ നോക്കാന്‍പോലും തങ്ങള്‍ക്കെന്തിരിക്കുന്നു എന്നയെളിമയോടെ, കീഴോട്ടു കണ്ണുനട്ടു നടക്കുന്ന നിഷ്കളങ്കരെയും എന്നുമിവിടെ, ഈ ഗ്രാമപ്രദേശത്ത്, കണ്ടുമുട്ടുന്നു. പുരാതന തറവാടിത്തവും വിദേശത്തുനിന്ന് മക്കളെത്തിച്ചു കൊടുക്കുന്ന രാസക്കൂട്ടുകളുടെ നാറ്റവും പേറി നടക്കുന്നവരുടെ വീടുകളെക്കാള്‍ എത്രയോ വൃത്തിയായി കാണപ്പെടുന്നു ഇക്കൂട്ടരുടെ കൂരകള്‍.
റോഡിലിറങ്ങിയാല്‍, മുകളില്‍ പറഞ്ഞതുപോലെ പൊതുവഴിയുടെ മാന്യമായ ഉപയോഗമോ ഡ്രൈവിംഗിന്റെ abcd യോ അറിയില്ലാത്ത പുതുപ്പണക്കാരുടെ വങ്കത്തരങ്ങള്‍ ഓരോന്നോരോന്ന് പലവട്ടം അനുഭവിക്കുമ്പോള്‍ ആരും ക്ഷമ പഠിക്കും. ക്ഷോഭിച്ചിട്ടെന്തു നേട്ടം? സ്വന്തം സ്വസ്ഥത നഷ്ടപ്പെടും, അത്ര തന്നെ. ഇതിനേയും ഭാവാത്മകമായി നേരിടാം. എന്തുകൊണ്ടാണ് ക്ഷോഭിക്കുന്നത് എന്ന് തനിയെ കണ്ടെത്തണം. സ്വയം അളവുകോലാക്കി സംഭവങ്ങളെ അളക്കുന്നതാണ് പിശക്. അതാണ് ഉള്ളില്‍ വൈരുദ്ധ്യത്തെ സൃഷ്ടിക്കുന്നത്. എന്‍റെ പ്രതികരണത്തെ നിയന്ത്രിക്കുന്നത് ഞാനായിരിക്കണം, വിവരക്കേട് കാട്ടുന്ന ഓട്ടോക്കാരനോ പുറകില്‍ അക്ഷമരായിനിന്ന് ഹോണടിക്കുന്നവരോ തെറിവിളിക്കുന്നവരോ ആകരുത്. അല്ലെങ്കില്‍ ഞാനാണ് തോല്‍ക്കുന്നത്. എനിക്കു നല്ലത് ക്രോധമോ ക്ഷമയോ എന്നു ശ്ചയിക്കാന്‍ എന്‍റെ മനസ്സിനു കഴിഞ്ഞാല്‍ എന്‍റെയുള്ളില്‍ പ്രകാശമായി. അപ്പോള്‍ എന്‍റെ മുമ്പിലും ചുറ്റും വെളിച്ചമാണ്, ഇരുട്ടല്ല പരക്കുക. ചുരുക്കത്തില്‍, സ്ഥലകാലസംഭവങ്ങളിലെ പൊരുത്തക്കേടുകളെ സമന്വയിപ്പിക്കാന്‍ എന്‍റെ ബോധത്തിലെ തിരിനാളത്തിനാകണം. ദ്രവ്യവും ചൈതന്യവും (ഊര്‍ജ്ജവും) ഒന്നാണെന്ന് അങ്ങനെയാണ് എനിക്ക് സ്ഥിരീകരിക്കാനാകുക. വെറും ഐന്ദ്രികാനുഭവങ്ങളില്‍ ആണ്ടുപോകുകയെന്നാല്‍ ശിഥിലീകരിക്കപ്പെട്ടുപോകുക എന്നാണ്. ഉള്ളിലെ ബോധമാണ് സമഗ്രതയിലേക്ക് നയിക്കുന്ന പ്രകാശം. പലപ്പോഴും യുക്തിയെന്ന ഉപകരണം ഒളിച്ചുവയ്ക്കണം. അപ്പോള്‍ കാണാം എല്ലാറ്റിനുമപ്പുറത്ത് ഒരൈക്യഭാവം തെളിഞ്ഞുവരുന്നത്. ഈയറിവ് ഒരു ദൂരെക്കാഴ്ച പോലെയാണ്.
ഏകത്വദര്‍ശനം ഒരു ഫോക്കസ്സിംഗ് ആണ്. ഇന്ദ്രിയങ്ങളുടെ കാര്യശേഷിയില്‍ വിശ്വസിക്കരുത്, അത് പരിമിതമായതിനാല്‍ അവയുടെ മാത്രം വെളിച്ചത്തില്‍ ബുദ്ധിയെത്ര വിശ്വസ്തമായി പ്രവര്‍ത്തിച്ചാലും ഫലമില്ലായെന്ന ശ്രേഷ്ഠജ്ഞാനം കൊണ്ടുവരുന്ന ഫോക്കസിംഗ്. അത് ഐന്ദ്രികമായതിനെല്ലാമപ്പുറത്ത് ആത്മാവിലാണെന്നോര്‍ക്കണം. അഹം ഷോര്‍ട്സൈറ്റ്ട് ആണ്. ഫോകസ്സിംഗ് ആത്മാവിനേ കഴിയൂ.
തിരക്ക് ശരീരത്തിന്റെയാണ്. അത്മാവിവിന്റേത് സമയബഹളങ്ങള്‍ക്ക് അപ്പുറത്തെ ശാന്തിയാണ്. തുടര്‍നുണകളുടെയും മനസ്സിനെ മടുപ്പിക്കുന്ന പൊങ്ങച്ചങ്ങളുടെയും പെരുവഴിയിലൂടെ തന്നെ ഉന്തിക്കൊണ്ടു പോകുന്ന അഹത്തെ തിരിച്ചറിയുന്നതാണ് പക്വത. ചുറ്റുപാടുകള്‍ക്കതീതനായി അവനവനായിരിക്കാനുള്ള തന്റേടം എപ്പോഴുമൊരു പുതിയ തുടക്കമാണ്. അത് വൃദ്ധിയുടെ ലക്ഷണമാണ്. ഉള്‍വെളിച്ചത്തിന്റെ ചൂടേറ്റ് മൂത്തുപഴുക്കുക തന്നെയാണത്.
എന്നാല്‍ എത്ര പേര്‍ക്ക് ഇതിനു കഴിയുമെന്നത് ഒരു ചോദ്യചിഹ്നമായി എഴുന്നുനില്‍ക്കുന്നു. എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് ഒരേട് ഇവിടെ എഴുതി ചേര്‍ക്കട്ടെ. അതിങ്ങനെ. ഞാനും കൂടി ഉത്തരവാദിത്തമെടുത്ത് ഒരുക്കങ്ങള്‍ നടത്തേണ്ട ഒരു കല്യാണത്തിന്റെ കാര്യം വന്നപ്പോള്‍, ബന്ധപ്പെട്ടവരോട് എന്റെ മനസ്സിലെ ആശയം പ്രകടിപ്പിച്ചു നോക്കി. ഒരു വിവാഹം എങ്ങനെ ലളിതമായും അതേ സമയം ഭംഗിയായും നടത്താമെന്ന് പണ്ടൊരിക്കല്‍ ഒരു ചറിയ ലേഖനം ഞാനെഴുതിയിരുന്നു. അത് ഞാനവര്‍ക്ക് വായിക്കാന്‍ കൊടുത്തു. (ആ 'അഭിമുഖം' വായിക്കാനാഗ്രിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക.: http://znperingulam.blogspot.com/2010/04/blog-post_25.html) എന്തുകൊണ്ട് അതില്‍ പറഞ്ഞിരിക്കുന്നത് നമുക്ക് പ്രാവര്‍ത്തികമാക്കിക്കൂടാ? പ്രസംഗിച്ചാല്‍ മാത്രം പോരല്ലോ, പ്രവര്‍ത്തിക്കുകയും വേണമല്ലോ. ഞാനൊരു ചെറിയ പയറ്റിനൊരുങ്ങി. ഒരു വലിയ എതിര്‍പ്പാണ് എനിക്കെതിരേ ആഞ്ഞടിച്ചത്. മകനും പെണ്ണിന്റെ കൂട്ടരും സ്വന്തം കുടുംബിനി പോലും എനിക്കെതിരെ അണിനിരന്നു. 'ഇത്രയും പഞ്ഞത്തരം കാണിക്കണോ? ഇത് ഒരിക്കല്‍ മാത്രം കിട്ടുന്ന ഒരവസരമല്ലേ? അത്രയും കുറച്ചില് സഹിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. അങ്ങനെയൊന്ന് ആലോചിക്കുകപോലും വേണ്ടാ. ആഘോഷം പൊടിപൂരമാക്കണം, ഇങ്ങേര്‍ക്ക് പറ്റില്ലെങ്കില്‍, ഞങ്ങള്‍ നോക്കിക്കൊള്ളാം.' എല്ലാ ആദര്‍ശങ്ങളും ബലികഴിച്ച്, എനിക്ക്, അവരുമായി സഹകരിക്കേണ്ടി വരുന്ന ചുറ്റുപാടില്‍ അവരെല്ലാം കൂടി എന്നെ കൊണ്ടെത്തിച്ചു എന്ന് ചുരുക്കം. എല്ലാം കഴിയുമ്പോള്‍, ഒരു വെടിക്കെട്ട് കൂടി നടത്തിയേക്കാം എന്നുവരെ ഞാന്‍ പറഞ്ഞുപോയി. എന്തു പറയാന്‍, പാകവും പക്വവുമാകുന്നതിനു പകരം ഞാന്‍ ഉണങ്ങി വരണ്ടുപോയി. ഇത്തരം "സജ്ജന"സമ്പര്‍ക്കത്തിലൂടെ ഞാന്‍ എന്നെത്തന്നെ തരം താഴ്ത്തിയതായിട്ടാണ് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. 'ബഹിര്‍ തമസോ, അന്തരൈവ ജ്യോതി' എന്ന് പറയാനുള്ള ചങ്കൂറ്റം എനിക്കുണ്ടോ, എന്നെങ്കിലുമുണ്ടാവുമോ?
0 comments:
Post a Comment