സന്തുഷ്ടിയിലേയ്ക്കുള്ള വഴി

'Boiled Frog Syndrome' എന്ന് കേട്ടിട്ടുണ്ടോ? Ornstein എന്നൊരാള്‍ കണ്ടെത്തിയ പ്രതിഭാസമാണിത്. ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച്, ഒരു തവളയെ അതിലിടുക. വളരെ പതിയെ വെള്ളം ചൂടാക്കുക. തീരെ സാവധാനമുയരുന്ന ചൂട് തവള തിരിച്ചറിയുകയില്ല. തിളനിലയെത്തുന്നതിനു മുമ്പ് ചാടിപ്പോകാന്‍ കൂട്ടാക്കാതെ, സംഭവമെന്തെന്നറിയാതെ, പാവം വെള്ളത്തിലിരുന്ന് ചാകും. ഇന്നത്തെ സാധാരണ സ്കൂള്‍ വിദ്യാഭ്യാസത്തിലൂടെ നമ്മുടെ കുട്ടികള്‍ ബൌദ്ധികമായി ഇത്തരമൊരു പ്രതിഭാസത്തിലാണ് എത്തിപ്പെടുന്നത്. വളരെ സാവധാനം അവരെ പൊതിയുന്ന സങ്കുചിത ജീവിതശൈലികള്‍ അവരറിയാതെ തന്നെ ബുദ്ധിയെയും മനസ്സിനെയും കൊല്ലുന്നു. തുറവ്, ജിജ്ഞാസ, വിസ്മയം, സഹകരണം, സ്വാതന്ത്ര്യം തുടങ്ങിയ ഗുണങ്ങള്‍ ശീലിപ്പിക്കാന്‍ അദ്ധ്യാപകര്‍ വളരെ മന:സാന്നിദ്ധ്യത്തോടെ ശ്രദ്ധിക്കുന്നില്ലെങ്കില്‍, പുറത്തുവരുന്നത് (വിശേഷിച്ച്, മത്രുഭാഷയില്ലാത്ത പൊങ്ങച്ചസ്കൂളുകളില്‍ നിന്ന്) മനുഷ്യത്വം മരവിച്ചുപോയ, അടിമുടി ജാടകളില്‍ പൊതിഞ്ഞ വ്യക്തികളായിരിക്കും. ഇതല്ല ഇന്ന് നമ്മുടെ നാടിന്റെ വിനാശം എന്ന് പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ?

"ആഹാ!" എന്ന് തുടരെത്തുടരെ വിസ്മയിക്കാനാകുക, അതാണ്‌ മനുഷ്യനെ മനുഷ്യനാക്കുന്നത്. എവിടെയും എല്ലാറ്റിലും അദ്ഭുതവും പുതുമയും കാണാനായാല്‍, ജീവിതം പിന്നെ മ്ലാനമയമാവില്ല. അഹന്തയുടെയഭാവമാണ് ആത്മീയത എന്ന ലേഖനത്തിലെ ഈ വാക്യം കണ്ടിരിക്കുമല്ലോ:  അദ്ഭുതമെന്നൊന്നില്ല, ഉണ്ടെങ്കില്‍, എല്ലാം അദ്ഭുതങ്ങളാണ്. ഇത് തന്നെ ഇംഗ്ലീഷില്‍ Einstein വളരെ പണ്ടേ പറഞ്ഞിട്ടുള്ളത് ഞാന്‍ കാണുന്നത് Einstein & Zen (Konrad P. Pritscher, Peter Lang Publ. N.Y. 2010) എന്ന കൃതി 2010 സെപ്റ്റെമ്പര്‍ അവസാനം എനിക്ക് കിട്ടുമ്പോഴാണ്. "There are no miracles as such, or everything that happens is a miracle." ഈ കണ്ടെത്തലിലേയ്ക്ക് വരാന്‍ നമുക്കിന്നുള്ള അറിവൊക്കെ ധാരാളമാണ്. അല്പമായതെല്ലാം ബൃഹത്തായതിനെ ഉള്‍കൊള്ളുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. ഓരോ കുരുവിലും ഓരോ കോശത്തിലും നിന്ന് മരവും മൃഗവും മനുഷ്യനും വികസിച്ചുണ്ടാകുന്നത് നാം എന്നും കാണുന്നു. ചെറുതില്‍ വലുത് ഒളിഞ്ഞിരിക്കുന്നതും അത് പുറത്തേയ്ക്ക് വരുന്നതുമായ മഹാദ്ഭുതമാണത്. ഏത്‌ ജീവിയുടെയും ഏത്‌ വസ്തുവിന്റെയും ഏറ്റം ചെറിയ അംശം പോലും അതിന്റെ വലിയ രൂപത്തെ വഹിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, ഒരു ജീവിയുടെ ഒറ്റ കോശത്തില്‍ നിന്ന് ഒരു പുതിയ പകര്‍പ്പുണ്ടാക്കുന്ന 'ക്ലോണിംഗ്' സംഭവ്യമായത്. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ഭാവം നമ്മില്‍ ഓരോരുത്തരിലും, നാം കാണുന്ന ഓരോന്നിലും മറഞ്ഞിരിക്കുന്നുണ്ട്. ഓരോ കണികയും അതിന് തനതായ ഊര്‍ജ്ജത്താല്‍ മാത്രമല്ല, പ്രപഞ്ചോര്‍ജ്ജത്താല്‍ കൂടെയും പ്രകമ്പിതമാണ്. അനിനുള്ളിലെ ശക്തി, അനന്തമാണ്‌. ബ്രഹ്മം എന്ന വാക്ക് 'ബ്രിഹ്' എന്ന മൂലത്തില്‍ നിന്നാണ്. അതിനര്‍ത്ഥം വളരുക, വികസിക്കുക എന്നൊക്കെയാണ്. "രൂപമില്ലാത്ത, മരണമില്ലാത്ത, ചലനം" എന്നാണ് ഉപനിഷദ് ഭാഷയില്‍ ബ്രഹ്മം അല്ലെങ്കില്‍ പരാശക്തി. ബ്രഹ്മാണ്ഡം എന്ന് വച്ചാല്‍, ഒരേ സമയം മൊത്തം പ്രപഞ്ചവും ചരാചരത്തിലെ ഓരോ കണികയുമാണ്. ഇതൊരു ജീവനുള്ള സത്യമായി മനസ്സില്‍ സൂക്ഷിച്ചാല്‍ മതി, എന്തിലും ഏതിലും അദ്ഭുതം ദര്‍ശിക്കാന്‍.

പക്ഷേ, ഉള്‍ക്കൊള്ളാന്‍ വളരെ വിഷമമുള്ള കാര്യമാണിത്. ബുദ്ധന്റെ കാഴ്ച്ചപ്പാടനുസരിച്ച്, ഈ ലോകം മൊത്തത്തില്‍ ഒരു പ്രക്രിയയാണ്, പ്രത്യേകാസ്തിത്വമായി ഒന്നുംതന്നെയതിലില്ല. ആകെയുള്ള ഒരേയൊരു കാര്യം ചലനമാണ്. എന്നാല്‍, ഇത് കേള്‍ക്കുന്നവരും വായിക്കുന്നവരും മനസ്സിലാക്കുന്നത്, എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നു എന്ന് മാത്രമാണ്. അതല്ല, പക്ഷേ,  ബുദ്ധന്‍ പറയുന്നത്. അദ്ദേഹം പറയുന്നത്, ചലിച്ചുകൊണ്ടിരിക്കുന്ന ഒന്നുമവിടെയില്ല, ചലനം മാത്രമേയുള്ളൂ എന്നാണ്. ഈ സത്യം പിടിച്ചെടുക്കുകയാണ് നമ്മുടെ ബുദ്ധിമുട്ട്. എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നു എന്നംഗീകരിക്കാന്‍ അല്പം ശാസ്ത്രബോധമുള്ളവര്‍ക്ക് അത്ര പ്രയാസമുണ്ടാവില്ല. ഒരേ നദിയിലേയ്ക്ക് രണ്ടുതവണയിറങ്ങാന്‍ ആര്‍ക്കുമാവില്ല എന്ന് ഒരു ജ്ഞാനി പറഞ്ഞത്, അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടശേഷം, സുസ്മേരവദനരായി, നാം ആത്മപ്രശംസയിലാഴുന്നു: ശരിയാണ്, നദി ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. എന്നിട്ട്, ഈ ഗ്രാഹ്യം നാം മരങ്ങളിലേയ്ക്കും മനുഷ്യരിലേയ്ക്കുമൊക്കെ മാറ്റിപ്രതിഷ്ഠിച്ചുകൊണ്ട് നമ്മുടെ ബുദ്ധിവികാസത്തെ ഒന്നുകൂടി സ്ഥിരീകരിക്കും. എന്നാല്‍, അപ്പോഴും നാം അബദ്ധത്തില്‍ തന്നെയാണെന്ന് ബുദ്ധന്‍ പറയും. കാരണം, മാറിക്കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ഒരു ലോകമേയില്ല, മാറ്റം മാത്രമാണുള്ളത് എന്നാണ് ബുദ്ധഭാഷ്യം. വസ്തുക്കളുണ്ടെന്ന്, ഞാനും അന്യരുമെന്ന വ്യത്യാസമുണ്ടെന്ന്, കരുതുമ്പോള്‍, വ്യാഖ്യാനങ്ങള്‍ വേണ്ടിവരും. എല്ലാ വ്യാഖ്യാനങ്ങളും മനസ്സിന്റെ സൃഷ്ടിയാണ്. പരമാര്‍ത്ഥത്തില്‍ നിന്ന് നമ്മെ തടഞ്ഞു നിര്‍ത്തുന്നത് മനസ്സും അതിന്റെ വ്യാഖാനങ്ങളുമാണ്. അതൊരു രാവണക്കോട്ടയാണ്. അതിന് പുറത്ത് കടക്കുന്നവരുടേതാണ് സന്തുഷ്ടി.              

ജീവിതത്തെ നേര്‍ക്കുനേര്‍ കാണാന്‍ മടിയില്ലാത്തവര്‍ക്ക്, സംസാരത്തെ (സാധാരണ ജീവിതത്തെ) നിര്‍വ്വാണ തലത്തിലേയ്ക്കുയര്‍ത്താന്‍ വഴികളുണ്ട് എന്നത് ബുദ്ധന്റെ വലിയ കണ്ടുപിടുത്തമായി കരുതപ്പെടുന്നു. അതിലൊന്നാമത്തേത്, അരോചകവും വേദനാജനകവുമായവ സംഭവിക്കുമ്പോള്‍, അനിവാര്യമാണെന്നുണ്ടെങ്കില്‍‍, അവയെ അംഗീകരിക്കാന്‍ സ്വയം പഠിപ്പിക്കുകയാണ്. പക്ഷേ അതിനായി, ആദ്യം, സംഭവിക്കുന്നതെന്തെന്ന് ശ്രദ്ധിക്കാന്‍ കഴിയണം. ഈ ശ്രദ്ധയാണ് പ്രധാനം. കാരണം, എന്തും, ഒരു ചെറിയ പുല്‍ത്തലപ്പുപോലും, വിസ്മയകരമായ ഒരു പ്രതിഭാസമായിത്തീരുന്നു, അത് ശ്രദ്ധിക്കപ്പെടുമ്പോള്‍; വിശദീകരിക്കാനാവാത്ത ഒരു രഹസ്യവും അളവില്ലാത്ത അദ്ഭുതവുമായി അത് രൂപാന്തരപ്പെടുന്നു. ഈ പറഞ്ഞതില്‍, അത് എന്നുള്ളതാണ് മര്‍മ്മം. അത് അഹത്തെ മറയ്ക്കുകയും അപ്രധാനമാക്കുകയും ചെയ്യുന്നതോടെ, മുമ്പിലുള്ളതില്‍ നിന്ന് വേര്‍തിരിഞ്ഞ ഒന്നല്ല നമ്മുടെ അസ്തിത്വം എന്ന ഉള്‍ക്കാഴ്ച ജനിക്കുന്നു. ഒറ്റ വായനകൊണ്ടോ ഒറ്റ ദിവസംകൊണ്ടോ മനസ്സിലാകുന്ന ഒരു സംഗതിയല്ലിത്. എന്നാല്‍, നമ്മെ വരിഞ്ഞിറുക്കി ശ്വാസംമുട്ടിക്കുന്ന, ഒരിക്കലും തീരാത്ത, ആഗ്രഹങ്ങളില്‍ നിന്ന് മോചനം തേടുന്നെങ്കില്‍, അതിന് ഈ ഒറ്റ വഴിയേയുള്ളൂ. ഈ ശ്രദ്ധയില്‍ നിന്നാണ് സഹവര്‍ത്തിത്വബോധം ജനിക്കുന്നത്. Compassion (kindness) ആണ് ശാന്തിയിലേയ്ക്കുള്ള മാര്‍ഗമെന്ന് ശ്രീബുദ്ധന്‍ പറഞ്ഞത് അതുകൊണ്ടാണ്. 'കം പാഷന്‍'  എന്നാല്‍, സ്വരുമ തോന്നുക, ഒരുമിച്ചനുഭവിക്കുക എന്നൊക്കെയാണല്ലോ.

സന്തുഷ്ടിയിലേയ്ക്കുള്ള മൂന്നു പടികള്‍ ഏതൊക്കെയെന്നു തോമസ്‌ കീറ്റിംഗ് വിശദീകരിക്കുന്നത് ഇങ്ങനെ: ആദ്യത്തെ പടി, മറ്റുള്ളവര്‍ (മറ്റുള്ളവ) ഉണ്ട് എന്നറിയുക. രണ്ട്: ഈ മറ്റുള്ളവര്‍ ഞാന്‍ തന്നെ എന്ന് തിരിച്ചറിയുക. മൂന്ന്: മറ്റുള്ളവര്‍ ഇല്ലെന്നറിയുക! ഇത് തന്നെയാണ് വിശുദ്ധിയിലേയ്ക്കുള്ള വഴിയും. ഇതില്‍കൂടുതലൊന്നും യേശുവും പഠിപ്പിച്ചില്ല. ബുദ്ധനും യേശുവും ചൂണ്ടിക്കാണിച്ചത് ഓരോരുത്തരും അവരവരുടെ നിര്‍വൃതിയില്‍ എത്തിച്ചേരുന്നതിനുള്ള വഴിയല്ല, മറിച്ച്, അസ്തിത്വം മുഴുവന്‍ നിര്‍വൃതിയില്‍ എത്താനുള്ള വഴിയാണ്. ശരിക്ക് പറഞ്ഞാല്‍, അസ്തിത്വത്തിന്റെ നിര്‍വൃതിയില്‍ സ്വയം അലിഞ്ഞുചേരാനുള്ള വഴിയാണത്. ഒറ്റയ്ക്ക് വിശുദ്ധിയിലെത്തുക അങ്ങേയറ്റത്തെ അയുക്തിയും അസ്സാധ്യതയുമാണ്. 

ദേഹത്തെ പൊതിഞ്ഞും ഉള്ളിലുമായിട്ടുള്ളതാണ് ദേഹി. അതിന്റെ ശുദ്ധി അല്ലെങ്കില്‍ പവിത്രതയാണ് ആത്മശുദ്ധി. ഇല്ലെങ്കിലും ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കാവുന്നതാണ്‌ ദേഹത്തിന്റെ ശുദ്ധി. സെന്റു പൂശിയും തേച്ചുമിനുക്കിയ വസ്ത്രം ധരിച്ചുമൊക്കെ 'വൃത്തിയായി' നടക്കാനാണ് ഇന്നേവര്‍ക്കും താപര്യം. എന്നാല്‍, ദേഹിശുദ്ധിയില്‍ കബളിപ്പിക്കല്‍ നടക്കില്ല. ഒന്നാമത്, മനസ്സ് ശുദ്ധമല്ലെന്ന്, നാം നമ്മോട് തന്നെ അംഗീകരിക്കേണ്ടി വരും. രണ്ടാമത്, പുറത്തുള്ളയാള്‍ക്കാര്‍ക്കും അത് പിടികിട്ടും, വിളിച്ചു പറയുന്നില്ലെങ്കിലും. മനസ്സില്‍ അശുദ്ധി തീണ്ടിയാല്‍, അതിലൊരു ഭാഗമെങ്കിലും ശരീരത്തിലൂടെ പുറത്ത് കളയാന്‍ പ്രകൃതി ശ്രമിക്കാറുണ്ട്. അകാരണമെന്നു തോന്നുന്ന വൃണങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും ഇങ്ങനെയൊരു പ്രതിഭാസമാണുണ്ടാവുക. ദേഹവും ദേഹിയും മനുഷ്യന്റെ ഏക ജൈവീകതയുടെ ഇരു ഘടകങ്ങളാണെന്നും അവയൊരുമിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും സൂക്ഷ്മനിരീക്ഷണത്തിലൂടെ മനസ്സിലാക്കാം. ദേഹാസ്വസ്ഥതകളുടെ കാരണങ്ങള്‍ ദേഹത്തില്‍ തന്നെയാകണമെന്ന് ശാഠ്യമരുത്. മനസ്സിനെ പരിശോദ്ധിക്കുക ഓരോരുത്തരുടെയും കടമയാണ്, പുറത്തുള്ള വൈദ്യന്റെയല്ല.

ബലഹീനനിമിഷങ്ങളില്‍ സ്വാര്‍ത്ഥതയിലൂടെയാണ് അശുദ്ധിയുടെണുക്കള്‍ ഉള്ളില്‍ കടന്നുകൂടുന്നത്. അങ്ങനെ അവിചാരിതമായി അശുദ്ധി തീണ്ടിയാല്‍, അത് തിരിച്ചറിയുന്നതോടെ, സ്വയമൊരു ആത്മീയ സിരാവേധം നടത്താനുള്ള ധൈര്യം വിശുദ്ധിയുടെ തന്നെ ഭാഗമാണ്. ഞരമ്പു മുറിച്ച് അഴുക്കു രക്തം വാര്‍ന്നുപോകാനനുവദിക്കുന്ന രീതിയാണത്. ഇരുവശവും കെട്ടി മുറുക്കി, കഷ്ടതയുള്ള ഭാഗത്തുണ്ടാക്കുന്ന മുറിവിലൂടെ ദുഷിച്ച രക്തം പുറത്ത് കളയുന്നതോടെ, അസുഖവും മാറുന്നു. ഉള്ളിലെ അധികപ്പറ്റുകളും വിഷബാധകളും യഥാര്‍ത്ഥ മന:ശാന്തിക്കു ഹാനികരമാകുമെന്നപോലെ തന്നെ, പുറമേ നമ്മള്‍ വാരിക്കൂട്ടുകയും വച്ചുകെട്ടുകയും ചെയ്യുന്ന ഉരുപ്പടികളും അശുദ്ധിക്കു കാരണമാകും. ഇതില്‍ നിന്ന് ഉരുത്തിരിയുന്നതാണ് ബുദ്ധന്റെ അല്ലെങ്കില്‍ യേശുവിന്റെ വഴിയുടെ രണ്ടാമത്തെ വശം. ആവശ്യങ്ങളെ ചുരുക്കുക എന്നതില്‍ അടങ്ങിയിരിക്കുന്നു അത്. അധികം ഉണ്ടായിരിക്കുന്നതല്ല സമ്പത്ത്, ആവശ്യങ്ങളില്ലതിരിക്കുന്നതാണത്. Einstein ചോദിക്കാറുണ്ടായിരുന്നു: ഒരു മേശ, ഒരു കസേര, ഒരു പാത്രം നിറയെ പഴങ്ങള്‍, ഒരു വയലിന്‍ - ഇതില്‍ കൂടുതലെന്തുവേണം ഒരാള്‍ക്ക് സന്തുഷ്ടനായിരിക്കാന്‍? ഇത്രയുംകൊണ്ട് തികഞ്ഞ സന്തോഷത്തോടെ കഴിയാനാകുന്നവര്‍ തീര്‍ച്ചയായുമുണ്ട്. എന്നാല്‍, എല്ലാവരും അങ്ങനെയല്ലെന്ന് ഏവര്‍ക്കുമറിയാം. വാച്യാര്‍ത്ഥമല്ലല്ലോ പക്ഷേ, ഉദ്ദേശിക്കുന്നത്. ഉദ്ദേശിച്ചതെന്തെന്നു അദ്ദേഹംതന്നെ പറയുന്നു: ലളിതവും പത്രാസില്ലാത്തതുമായ ഒരു ജീവിതരീതി ആത്മാവിനും ശരീരത്തിനും എല്ലാ വിധത്തിലും ഉതകുന്നതായിരിക്കും. അന്യരില്‍ നിന്നും സംഭവങ്ങളില്‍ നിന്നും നമുക്കുള്ള വ്യത്യസ്തതയെപ്പറ്റിയുള്ള അതിരുവിട്ട ബോധമാണ് എല്ലാ വഴികടന്നയാഗ്രഹങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി. അഹത്തിന്റെ അതിപ്രസരമാണ് 'പത്രാസ്' എന്നതുകൊണ്ട് നാടോടിഭാഷയില്‍ ഉദ്ദേശിക്കുന്നത്. അഹന്തയില്‍നിന്നുയരുന്ന ദുര്‍ഗന്ധമാണ് പൊങ്ങച്ചം. ഒരാള്‍ അഹത്തില്‍നിന്ന് എത്രമാത്രം വിടുതല്‍ നേടിയിട്ടുണ്ടോ അത്രയും സരാംശമേ അയാളുടെ സ്വഭാവത്തിനുള്ളൂ. ഇതൊരു സാര്‍വത്രിക കണ്ടെത്തലാണ്. ജ്ഞാനം വെറും അറിവിന്റെ ശേഖരമല്ല. ലബ്ധമായ അറിവുകളെ അവനവന്റെ ഏറ്റവും വലിയ നന്മക്കായി സ്വരുമിപ്പിക്കാനാകുക എന്നതിലാണ് ശാശ്വതമായ സന്തുഷ്ടിയടങ്ങിയിരിക്കുന്നത്. മറ്റുള്ളവരുടെ നന്മയുംകൂടി കണക്കിലെടുക്കാതെ ഒരാള്‍ തേടിക്കൂട്ടുന്നതൊന്നും ആത്യന്തികമായി സന്തുഷ്ടിയുടെ പരിമളം പരത്തുകയില്ല. അത്തരം സമഗ്രമായ സന്തുഷ്ടിയല്ലാതെ മറ്റെന്താണ് നമുക്കാഗ്രഹിക്കാവുന്ന ഏറ്റവും വലിയ നന്മ? 

ആഗ്രഹങ്ങളുടെ കാര്യം വരുമ്പോള്‍, നെല്ലും പതിരും തമ്മില്‍ വേര്‍തിരിക്കാനറിയുന്നതു തന്നെയാണ് ജീവിക്കുക എന്ന കല. ജീവിതം തന്നെ കലയാക്കുന്നവന്‍, എന്തു ചെയ്യണം, എന്തു പറയണം, എന്തുടുക്കണം, എന്തൊക്കെ വാങ്ങിക്കൂട്ടണം തുടങ്ങിയവ സ്വയം നിശ്ചയിക്കുന്നു. അന്യര്‍ നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്ന പ്രതിരൂപത്തില്‍നിന്ന് സ്വയം വിടുതല്‍ നേടാനാകുമെങ്കില്‍, കൈവരുന്നത് വിലയുറ്റ സ്വാതന്ത്ര്യത്തിന്റെ നിധിയാണ്. ഇക്കാര്യത്തില്‍ തെറ്റുവരാം, പക്ഷേ, മനസ്സായാല്‍ തിരുത്താവുന്ന സ്വന്തം തെറ്റുകളാണവ, അന്യരെ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടില്‍നിന്ന് വന്നുഭവിക്കുന്നവയല്ല. ഭൂരിഭാഗം മനുഷ്യരുടെയും സ്ഥിതി മറിച്ചാണ്. അന്യരുടെ മുമ്പില്‍ കേമപ്പെട്ട ഒരു പ്രതിച്ഛായ സൃഷ്ടിച്ചെടുക്കുക എന്ന പാഴ്വേലയിലാണ് കൂടുതല്‍ ആള്‍ക്കാരും അവരുടെ സമയത്തിലേറെയും കളയുന്നത്. അപ്പോള്‍, പുറത്തുനിന്നുള്ള സമ്മര്‍ദ്ദം വളരെ വലുതാണ്‌. ഊര്‍ജ്ജമെല്ലാം, അതിനെ ചെറുക്കാന്‍ വേണ്ടി ചെലവായിപ്പോകുന്നു. അത്തരം ദുര്‍വ്യയം ഒട്ടും സംഭവിക്കാതിരിക്കുന്നത് ശിശുക്കളിലാണ്. അവരെപ്പോഴും മുഴുവന്‍ 'ഞാന്‍' ആണ്, അന്യര്‍ ആഗ്രഹിക്കുന്ന 'നീ' അല്ല. ആ ''നീ'' ആയിരിക്കാനായി അവര്‍ ഊര്‍ജ്ജം വ്യയം ചെയ്യുന്നില്ല. "ഓരോ ശിശുവും ഒരു കലാകാരനാണ്, എന്നാല്‍ വളര്‍ന്നു കഴിഞ്ഞാലും കലാകാരനായിരിക്കുന്നതാണ് കുഴഞ്ഞ കാര്യം" എന്ന് ആധുനിക കലയില്‍ ഒരു വഴിത്തിരിവ് തന്നെ സൃഷ്ടിച്ച പിക്കാസോ പറഞ്ഞു. ഒരു തര്‍ക്കവുമില്ല. എന്തെന്നാല്‍, നടക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഒരു പ്രതിച്ഛായയുടെ ആവശ്യം വേണ്ടിവരുന്ന സംസ്ക്കാരമാണ് ഏത്‌ കുഞ്ഞിനു ചുറ്റും പരിഷ്കൃതരായ നമ്മള്‍ ചമച്ചുവച്ചിരിക്കുന്നത്! അതുകൊണ്ട് അവരൊരിക്കലും പക്വതയിലെത്തുന്നില്ല. 

സ്വയം നയിക്കാനറിയുകയാണ് പക്വത. പക്വതയുള്ളയാള്‍ക്ക്‌ നന്മയേത്, തിന്മയേത് എന്ന് മറ്റാരും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് നല്ല പ്രായത്തിലും ഇതൊക്കെ ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട ദയനീയാവസ്ഥയാണുള്ളത്. അപ്പോഴേയ്ക്കും സ്വീകരിക്കാനുള്ള അവരുടെ എളിമ നഷ്ടപ്പെട്ടിരിക്കും. ചെറുപ്രായംതൊട്ട്‌ അവരുടെ മിക്ക കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് അന്യരായതിനാല്‍ (മാതാപിതാക്കള്‍, അധ്യാപകര്‍, വൈദികര്‍‍ , രാഷ്ട്രീയക്കാര്‍‍) കുട്ടികള്‍ സ്വയംപര്യാപ്തതയിലേയ്ക്ക് വളരുന്നില്ല. ഇവരെല്ലാം പരോക്ഷമായി ആവശ്യത്തിലധികം അധികാരം ചെലുത്താന്‍ ശ്രമിക്കുന്നുണ്ട്. സന്തുഷ്ടിയെ എത്തിപ്പിടിക്കാന്‍ ഒരിക്കലുമുപകരിക്കാത്ത ചത്തയാശയങ്ങളെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കുത്തിനിറക്കുന്നത് അതില്‍പ്പെടും. എന്നിട്ട്, പുതിയവയെ കണ്ടെത്തൂ, വളര്‍ത്തിയെടുക്കൂ എന്നവരോട് പറഞ്ഞിട്ടെന്തു നേട്ടം? ഇത് പറയുന്ന മുതിര്‍ന്നവര്‍ തന്നെയാണ് യുവമനസ്സുകളില്‍ പുതിയതിന് വേണ്ടയിടമെല്ലാം പഴഞ്ചന്‍ ചരക്കുകൊണ്ടു നിറക്കുന്നത്. 

ചെറുപ്രായത്തില്‍ എന്റെ മനസ്സില്‍ തറച്ച ഒരാശയം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. സ്കൂളില്‍ പോകുമ്പോള്‍ ഇടുന്ന ഷേര്‍ട്ടിന്റെ തോളും കക്ഷവുമൊക്കെ കീറിത്തുന്നിയതാണെങ്കില്‍, അമ്മ പറയും അത് മാറ്റി വേറേ ഒന്നെടുത്തിടാന്‍. ഉടന്‍ അച്ഛനിടപെടും. അത് വൃത്തിയുള്ളതല്ലേ, അവനതിട്ടാല്‍ എന്താ കുഴപ്പം, അവനെന്റെ മോനല്ലാതാകുമോ? അത് കേള്‍ക്കേണ്ട താമസം, ധൈര്യമായി ഞാന്‍ ചാടിയിറങ്ങും. ഈ രീതിക്കിന്നും മാറ്റം വന്നിട്ടില്ല. ഒരേ ഡ്രെസ്സില്‍ പല തവണ എന്നെ കാണുന്ന ബന്ധുക്കള്‍ ഇടക്കെല്ലാം ഇഷ്ടക്കേട് പ്രകടിപ്പിക്കാറുണ്ട്. എന്റെ സഹധര്‍മ്മിണി ഏറ്റവും കൂടുതല്‍ എന്നെ കുറ്റപ്പെടുത്തുന്നത്, 'ഡീസന്റായി' വസ്ത്രധാരണം ചെയ്യാതെ പുറത്തിറങ്ങുന്നതിന്റെ പേരിലാണ്. കഴുകിയെടുത്ത വസ്ത്രം ഇസ്തിരിയിടാതെ ധരിക്കുന്നതില്‍ യാതൊരപാകതയും എനിക്ക് തോന്നാറില്ല. അങ്ങനെ നടക്കുന്നതും, ഏറ്റവും പുതിയ മോഡലിലുള്ള തിളങ്ങുന്ന ഡ്രെസ്സിട്ടു നടക്കുന്നതും എന്റെ സത്തയില്‍ മാറ്റമൊന്നും വരുത്തുന്നില്ലെങ്കില്‍, ഒന്നു മറ്റേതിലും മെച്ചമാണെന്നു തീരുമാനിക്കുന്നതാര്, എന്തുകൊണ്ട്? കണ്ടുശീലിച്ച, ചിന്തിച്ചുറച്ച, പ്രതിച്ഛായ തകരുന്നതാണ്, അത് മാത്രമാണ്, പ്രശ്നം! അതത്ര കഴമ്പുള്ള സംഗതിയാകേണ്ടതുണ്ടോ? നമ്മുടെ അര്‍ദ്ധനഗ്നന്‍ മഹാത്മാവിനെ ഇടക്കൊക്കെ ഒന്നോര്‍ത്താല്‍ ഇതിനുള്ളയുത്തരം കിട്ടും

0 comments: