താലികെട്ട് ഇങ്ങനെയും?
പാലായില്‍ നിന്നിറങ്ങുന്ന താളിയോല മാസികയില്‍ (എഡിറ്റര്‍ - ശ്രീ പി.വി. എബ്രഹാം) രണ്ടായിരത്തിയെട്ടില്‍ പ്രസിദ്ധീകരിച്ച ഒരഭിമുഖമാണ് താഴെ കാണുന്നത്.
റിപ്പോര്‍ട്ടര്‍: വളരെ വ്യത്യസ്തമായ രീതിയില്‍ ഒരു കല്ല്യാണം ഇന്നിവിടെ ആഘോഷിക്കപ്പെടുന്നു എന്നറിഞ്ഞതുകൊണ്ട് വന്നതാണ്. ഞാന്‍ താളിയോലമാസികയുടെ റിപ്പോര്‍ട്ടറാണ്. ദയവായി ഏതാനും ചോദ്യങ്ങള്‍ക്കുത്തരം തരണം.
ചാക്കോച്ചേട്ടന്‍: അതിനെന്താ? വധുവിന്റെ പിതാവാണ് ഞാന്‍. എന്തൊക്കെയാണറിയേണ്ടത്?
റിപ്പോര്‍ട്ടര്‍: ചിലതൊക്കെ ഇതിനകം നിങ്ങളെപ്പറ്റി ഞാന്‍ ചോദിച്ചറിഞ്ഞു. അതായത്, ഈ പ്രദേശത്ത് അറിയപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന, കുടുംബങ്ങളാണ് വധൂവരന്മാരുടേത്. ഇരുവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ജോലിക്കാരുമാണ്. ഈ കല്ല്യാണച്ചടങ്ങ് വളരെ വ്യത്യസ്തമായിരിക്കുമെന്നുള്ള സൂചന പലര്‍ക്കും കിട്ടിയിരുന്നു. എന്നാല്‍ അതിത്രയും ലളിതമായിരിക്കുമെന്നോര്‍ത്തില്ല. എന്താണിതിനു പിന്നിലെ കാഴ്ചപ്പാടുകള്‍?
ചാക്കോച്ചേട്ടന്‍: ഈ ചടങ്ങ് ഇങ്ങനെയായത് എന്റെ മകളുടെയും അവളുടെ വരന്റെയും ആഗ്രഹപ്രകാരമാണ്. ധൂര്‍ത്ത് ഒട്ടുമില്ലാതെയും ഒരു വിവാഹം ഭംഗിയായി നടത്താമെന്ന് ഈ നാട്ടുകാര്‍ക്ക് മനസ്സിലാക്കികൊടുക്കുക എന്നൊരുദ്ദേശ്യം അവര്‍ക്കുണ്ടായിരുന്നു. അവരിരുവരുടെയും കുടുംബങ്ങള്‍ക്കും, വിശേഷിച്ച് ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് അതിനോട് ഏറ്റവും അനുകൂലമനോഭാവമാണുണ്ടായിരുന്നത്.
റിപ്പോര്‍ട്ടര്‍: അതു വളരെ നല്ല കാര്യമാണ്. ഞാന്‍ ശ്രദ്ധിച്ചതിലൊന്ന്, സുന്ദരമെങ്കിലും വളരെ ലളിതമായ നാടന്‍ വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത് എന്നതാണ്. വധുവിന്റെ കഴുത്തില്‍ ഒരു ചെറിയ മാല മാത്രമേ കാണുന്നുള്ളൂ. ഒരു വിവാഹത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വളരെയപൂര്‍വമാണല്ലോ.
ചാക്കോച്ചേട്ടന്‍: ശരിയാണ്. വിവാഹമൊരു പ്രത്യേകാവസരം തന്നെ. എന്നാല്‍ അതിന്റെ പേരില്‍, പിന്നീടൊരിക്കലുമുപകരിക്കാന്‍ പോകുന്നില്ലാത്ത, വിലക്കൊഴുപ്പും മോഡിയും കാണിക്കുന്ന ഡ്രെസ്സിനും ആഭരണങ്ങള്‍ക്കുമായി പണം ചെലവാക്കുന്നത് ദുര്‍വ്യയമാണ്. തന്നെയല്ലാ, എപ്പോഴും തന്നെ, ഇത്തരമവസരങ്ങളില്‍ കാണുന്നതെന്തെന്നാല്‍, പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ശരീരഭംഗിയെല്ലാം കളഞ്ഞുകുളിക്കുന്ന വിധത്തിലുള്ള മേയ്ക്കപ് ചെയ്താണ് പെണ്‍കുട്ടികള്‍ വിവാഹത്തിനെത്താറുള്ളത് - കൈത്തണ്ടയും കാലും, എന്തിന്, മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന സ്വാഭാവികമായ ലോമമുദ്രകള്‍ പോലും വടിച്ചുകളഞ്ഞ്, പപ്പുപറിച്ച കോഴിപോലെ. ലാളിത്യമാണ് സൌന്ദര്യമെന്നു ചെറുപ്പം മുതല്‍ ഞാനെന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിരുവരുടെയും ഈ തീരുമാനം എന്നെ വളരെ സന്തുഷ്ടനാക്കിയെന്നു പറയാതെ വയ്യ.
റിപ്പോര്‍ട്ടര്‍: അതു മാത്രമല്ലല്ലോ, ഇത്തരമവസരങ്ങളില്‍ കാണാറുള്ളതുപോലെയുള്ള പൂമാലകളും ചെണ്ടുകളും പോലും ഇവിടെ ഉപയോഗിക്കുന്നില്ലെന്ന് തോന്നുന്നു.
ചാക്കോച്ചേട്ടന്‍: അതേ. അതും ഒരു നല്ല കാഴ്ചപ്പാടിന്റെ ഫലമാണ്. പൂക്കള്‍ ഏറ്റം ഭംഗിയായി നില്കുന്നത് തള്ളച്ചെടിയിലാണ്. അവയെ അറുത്തുമാറ്റുക ഒരുതരം വിവരമില്ലായ്മ തന്നെയല്ലേ? അതൊക്കെ വെറും അന്ധമായ അനുകരണത്തിന്റെ രീതികളില്‍പെടുന്നു.
റിപ്പോര്‍ട്ടര്‍: മറ്റൊരു വിഷയം. ധാരാളം അതിഥികളെ ക്ഷണിച്ചിട്ടുണ്ടല്ലോ. എന്നാല്‍ ഇവരെല്ലാം നേരിട്ട് ഈ ഹാളിലെത്തുകയാണ് ചെയ്തിട്ടുള്ളത് എന്നറിഞ്ഞു. അതായത്, പള്ളിയിലെ ചടങ്ങിനാരും ചെന്നില്ലെന്നാണോ?
ചാക്കോച്ചേട്ടന്‍: ഓ, അങ്ങനെയല്ല. പള്ളിയിലെ ചടങ്ങ്തന്നെ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അങ്ങനെയൊന്ന് ആവശ്യമില്ലെന്ന്, ഞങ്ങള്‍ ഇരുകുടുംബാംഗങ്ങളും തീരുമാനിച്ചു. താലികെട്ട് എന്ന കര്‍മ്മം ഇവിടെ, ഈ ഹാളില്‍വച്ചുതന്നെയങ്ങ് നടത്തി.
റിപ്പോര്‍ട്ടര്‍: അതും അസ്സാധാരണമാണല്ലോ. പക്ഷേ, ക്രിസ്ത്യന്‍ സമുദായം വിവാഹത്തെ ഒരു കൂദാശയായിട്ടാണല്ലോ കരുതുക?
ചാക്കോച്ചേട്ടന്‍: അതിനെന്ത്? വിവാഹമെന്ന കൂദാശയിലെ കാര്‍മ്മികര്‍ വധൂവരന്മാര്‍തന്നെ ആണെന്നാണല്ലോ സഭ പഠിപ്പിക്കുന്നത്. അപ്പോള്‍, ഒരു വൈദികന്റെ സേവനം അതിനാവശ്യമേയില്ല. പ്രായപൂര്‍ത്തിയായ ആണും പെണ്ണും പരസ്പരം വാക്ക്കൊടുത്ത് ഭാര്യാഭര്‍ത്താക്കന്മാരാകുകയാണ് വിവാഹത്തില്‍ സംഭവിക്കുന്നത്. സാക്ഷികളുടെ മുമ്പില്‍വച്ച് അതു നടക്കുമ്പോള്‍ അത്, കൂദാശ എന്നതിനൊപ്പം, സമുദായവും അംഗീകരിച്ച ഒരു ബന്ധമായിത്തീരുന്നു. അത്രയല്ലേ വേണ്ടൂ? അതിന് ഒരു വൈദികന്റെ സാന്നിദ്ധ്യം ഒട്ടുമാവശ്യമില്ലതന്നെ. ഇതൊക്കെ താത്ത്വികമായി ഏവര്‍ക്കുമറിയാം. എന്നാലും പള്ളിയിലെ വിപുലമായ ചടങ്ങും കഴിയുന്നത്ര വൈദികരുടെ സാന്നിദ്ധ്യവും മറ്റും പള്ളിതന്നെ പ്രോത്സാഹിപ്പിക്കുന്നു. എവിടെയും ഒരു പിടുത്തം അവര്‍ക്ക് വേണമെന്നതുകൊണ്ടാണത്. ഇതൊന്നും ഒഴിച്ചുകൂടാനാവാത്തതല്ല. പള്ളിയില്‍വച്ച് കെട്ടിയില്ലെങ്കിലും വിവാഹം ഒരു കൂദാശതന്നെയാണെന്ന കാര്യം ഇന്നും പലര്‍ക്കും അറിയില്ലെന്നത് കഷ്ടമാണ്. അത്തരം കാര്യങ്ങള്‍ പറയാനും പഠിപ്പിക്കാനും പള്ളിക്ക് ഭയമാണെന്നതാണ് സത്യം.
റിപ്പോര്‍ട്ടര്‍: അപ്പോള്‍, നിങ്ങളാരുമിന്നു പള്ളിയില്‍ എത്തിയതേയില്ല?
ചാക്കോച്ചേട്ടന്‍: ഈ ചടങ്ങുമായി ബന്ധപ്പെട്ടാണെങ്കില്‍, ഇല്ല. അതിഥികളെല്ലാമെത്തിയപ്പോള്‍, നിങ്ങള്‍ കണ്ടതുപോലെ, വരന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടുകയും, ഞങ്ങള്‍ മാതാപിതാക്കള്‍ അവരെ തലയില്‍ കൈവച്ചനുഗ്രഹിക്കുകയും ചെയ്തു, അത്ര തന്നെ. എല്ലാം വളരെ ഹൃദ്യമായും ഭംഗിയായും നടന്നു എന്നുതന്നെ പറയാം. ഇനി, ഇന്നുതന്നെയോ, നാളെയോ, എന്റെ മകളും അവളുടെ വരനും രണ്ടുമൂന്നു പേരുമായി പഞ്ചായത്ത് ഓഫീസില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യും. അതോടേ, എല്ലാം ശുഭം!
റിപ്പോര്‍ട്ടര്‍: ഞാനുമതിനോട് വളരെ യോജിക്കുന്നു. നാട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നുകൂടി പറയുമോ?
ചാക്കോച്ചേട്ടന്‍: അതു നിങ്ങള്‍ നേരിട്ട് കണ്ടതാണല്ലോ. ഏവരും നീണ്ട കൈയടിയോടെ സംഭവം വളരെ നന്ന് എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, വീഡിയോക്കാരുടെ വെറുപ്പിക്കുന്ന ഇടപെടലില്ലാതെ, നാട്ടുകാരും സുഹൃത്തുക്കളും ഇരുന്നുണ്ണുന്നു, സ്വസ്ഥമായി സംഭാഷണം നടത്തുന്നു.
റിപ്പോര്‍ട്ടര്‍: വളരെ ശരിയാണത്. അവസാനമായി, ഒന്നുകൂടി ചോദിക്കട്ടെ. ഒത്തുകല്യാണവും ഇതുപോലെ ലളിതമായിരുന്നോ?
ചാക്കോച്ചേട്ടന്‍: അതല്ലേ ഞങ്ങളുടെ മക്കളുടെ ഏറ്റം ബുദ്ധിയുള്ള തീരുമാനം. ഒത്തുകല്യാണം പാടേ ഉപേക്ഷിക്കാനാണവര്‍ ആഗ്രഹിച്ചത്. അതുകൊണ്ടുണ്ടാകുന്ന ധൂര്‍ത്ത് ഒഴിവാക്കി, പാവപ്പെട്ട ഒരു കുടുംബത്തില്‍ ഒരു വിവാഹം നടത്തിക്കൊടുക്കാമെന്നാണ് അവരുടെ പ്ലാന്‍. അതും ഞങ്ങള്‍ അഭിമാനത്തോടെയംഗീകരിച്ചു. ഓ, അതൊന്നും ഒഴിവാക്കാനാവില്ലെന്നേ എന്ന് മിക്കവരും മേനിപറയുന്ന പലതും ബാലിശമായ കോലാഹലങ്ങളാണെന്ന് ഞങ്ങളുടെ മക്കള്‍ ഇതോടെ തെളിയിച്ചിരിക്കുന്നു. ഈ രീതി കണ്ടുപഠിക്കാന്‍ ഇന്നാട്ടിലെ ചെറുപ്പക്കാര്‍ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ വലിയ പ്രതീക്ഷ.
റിപ്പോര്‍ട്ടര്‍: ഞാനും അതാഗ്രഹിക്കുന്നു, സാറേ. ഇങ്ങനെയൊരു വിശേഷ ചടങ്ങില്‍ പങ്കുചേരാനായതില്‍ വളരെ സന്തോഷിക്കുന്നു. ഈ റിപ്പോര്‍ട്ട് ഇന്നാട്ടിലെ ജനം നന്നായി സ്വീകരിക്കുമെന്നുതന്നെയാണെന്റെ
0 comments:
Post a Comment