എഴുത്ത്


എഴുത്ത് എന്ന ശീലം ആത്മശോധനയാണ്. ഓരോ തവണയും അതൊരു സ്വയം ശുദ്ധീകരിക്കലാണ്. ഡയറിയെഴുതുക വിദ്യാബോധനത്തിന്റെ തന്നെ ഭാഗമായിത്തീരേണ്ട ഒരു കലാഭ്യാസമാണ്. ചിന്താശക്തിയെ ഉത്തേജിപ്പിക്കുന്നതോടൊപ്പം അത് ആത്മാവിന് ചിറകുകളും പ്രദാനംചെയ്യുന്നു. സ്വയമറിയാതെ പോലും ഭാഷയെ സമൃദ്ധമാക്കാനുള്ള എളുപ്പവഴിയുമായിത്തീരുന്നു, ഈ തഴക്കം. Anthony of the Desert എന്നറിയപ്പെടുന്ന ഒരു വിശുദ്ധന്റെ ജീവച്ചരിത്രമെഴുതിയ അത്തനാസിയൂസ് അതില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. "ഓരോരുത്തരും സ്വന്തമാത്മാവിന്റെ തോന്നിപ്പുകളും നടപടികളും മറ്റൊരാളോട് വിവരിക്കുന്നതുപോലെ എഴുതട്ടെ." (ആധാരം: വേദശബ്ദം, പോള്‍ തേലെക്കാട്ട്). ഈ മറ്റൊരാള്‍ അവനവന്റെ മന:സാന്നിധ്യം തന്നെയായിരിക്കുമെന്നതിനാല്‍, ശരിയായ ആത്മസ്ഥിതി സംരക്ഷിക്കാനും സത്യസന്ധമായി അത് കുറിച്ചിടാനും ഒരുത്സാഹം വളര്‍ന്നുവരും. നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒരു വ്യക്തിയുമാകാം ഈ മറ്റൊരാള്‍. അപ്പോള്‍, പ്രത്യേകിച്ച്, ഡയറിക്കുറിപ്പുകള്‍ സ്നേഹത്തിനുള്ള ഒരു നൈവേദ്യമെന്നോണമായിരിക്കും രൂപമെടുക്കുക; സ്വന്തം 'ഇമെയ്ജ്' പ്രകാശിപ്പിക്കാനുള്ള ത്വരയായി മാറുകില്ലത്. അങ്ങനെ സ്വയം വായിച്ചെടുക്കുന്നതില്‍ കവിഞ്ഞ ഒരു സുകൃതം വേറെയില്ല. കാരണം, സ്വയമറിയുക എന്നതാണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്.


എഴുത്ത് എന്ന പ്രക്രിയയെ വ്യക്തിരൂപീകരണത്തിന്റെ അനിവാര്യാചാരമാക്കിയത് ഗ്രീസുകാരായിരുന്നു. "ചിന്തകള്‍ രാവും പകലും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കട്ടെ, അവയെ കുറിച്ചിടുക. വീണ്ടും വായിക്കുക, തിരുത്തുക. വിചാരവികാരമല്പ്പിടുത്തങ്ങളെ സത്യസന്ധമായി കടലാസില്‍ പകര്‍ത്തുകയെന്നാല്‍, അവയെ അക്ഷരങ്ങളിലേയ്ക്ക് തര്‍ജ്ജമ ചെയ്യുകയാണ്. തന്നിലേയ്ക്കു തന്നെ മടങ്ങാതെ, സ്വയം മുഖാമുഖമായി കാണാതെ, അത് സാധ്യമല്ല." (സെനെക്ക). "ലോകത്തിന്റെ കലപില സംസാരത്തില്‍ മുഴുകി കഴിയുന്നവര്‍ ഒരിക്കലും തന്നെത്തന്നെ കാണുന്നില്ല, കേള്‍ക്കുന്നില്ല, അറിയുന്നില്ല. എന്തെന്നാല്‍, നിശബ്ദതയും ഏകാന്തതയുമില്ലാതെ ഇതൊന്നും സാദ്ധ്യമല്ല. അതിനുവേണ്ടിയാണ് താപസര്‍ എപ്പോഴുംതന്നെ വിജനമായ ഇടങ്ങളെ തേടുന്നത്" എന്ന് ഓഷോയും നിരീക്ഷിക്കുന്നു. ഘോരവനങ്ങളിലും മരുഭൂമിയിലും പോകാതെയും നമുക്ക്, മനസ്സുവച്ചാല്‍, ഇടയ്ക്കിടയ്ക്ക് തനിയെയാകാം. മനസ്സ് ഒരു സ്ക്രീന്‍ പോലെയാണ്. റ്റി.വി.യില്‍ പടങ്ങള്‍ വന്നും പോയുമിരിക്കുന്നതുപോലെ, ഈ സ്ക്രീനിലും ഉണര്‍ന്നിരിക്കുമ്പോഴെല്ലാം പരസ്പരബന്ധമില്ലാത്തവ വന്നു നിറഞ്ഞുകൊണ്ടിരിക്കും. ഒരു പുസ്തകം വെറുതേ മറിച്ചുകൊണ്ടിരിക്കുന്നയാള്‍ അതില്‍നിന്ന് ഒന്നും ഗ്രഹിക്കാത്തതു പോലെ, മനസ്സില്‍ വന്നുവീഴുന്നവ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. ശ്രദ്ധയിലൂടെ മാത്രമാണ് നാം അര്‍ത്ഥത്തെ കണ്ടെത്തുന്നത്. "വാക്കുകള്‍ക്കപ്പുറത്തുള്ള നിശബ്ദതയില്‍ വാക്കുകള്‍ കൊണ്ട് എത്തിച്ചേരാനുള്ള ശ്രമമാണ് എഴുത്ത്" എന്ന് വാക്കുകളുടെ വിസ്മയം  എന്ന കൃതിയില്‍ എം.റ്റി. വാസുദേവന്‍ നായര്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.


വാക്കുകളെ സമ്പുഷ്ടമാക്കുന്ന നിശബ്ദതയെപ്പറ്റിയാണ് പറഞ്ഞുവന്നത്. എന്നാല്‍, വാക്കുകള്‍ എന്താണെന്നറിയാത്തവരുടെ നിശബ്ദതയുമുണ്ട്. അത് എത്ര ക്രൂരമാണെന്ന് ഒരൂഹം കിട്ടണമെങ്കില്‍ ഹെലന്‍ കെല്ലറിന്റെ ജീവചരിത്രം വായിച്ചാല്‍ മതി. നമ്മുടെ അനുഗ്രഹങ്ങളെ നാമറിയുന്നില്ലല്ലോ എന്ന വേദനയില്‍ പാതാളം വരെ നാം താണുപോകും. (സൌജന്യ e-book ആയി അത് ഈ ലിങ്കില്‍ ലഭ്യമാണ്: http://books.google.com/books?id=EY4cR7TpeIQC&source=gbs_similarbooks) കൌമാരപ്രായക്കാര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരുത്തമകൃതിയാണിത്. ഏത്‌ പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള ആത്മധൈര്യം അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഈ പുസ്തകത്തിനാകുമെന്നത് അങ്ങേയറ്റം സംശയമറ്റ കാര്യമാണ്.   


ചിന്തയും വാക്കും എന്താണെന്നറിയുന്നതിനു മുമ്പ് ഹെലന്‍ കെല്ലര്‍ ബധിരയും അന്ധയും, അതുകാരണം, മൂകയുമായിരുന്നു. എന്തെങ്കിലും അവള്‍ക്കു മനസ്സിലാക്കി കൊടുക്കാന്‍ നിയുക്തയായ ആന്‍ സള്ളിവന്‍ എന്ന ചെറുപ്പക്കാരി സ്പര്‍ശം വഴി, വളരെ നാളത്തെ ശ്രമഫലമായി, ഹെലനെ ഒരക്ഷരമാല പഠിപ്പിച്ചെടുത്തു. ഒരിക്കല്‍, കുട്ടിയുടെ കയ്യിലിരുന്ന പളുകുപാവയും doll എന്ന വാക്കും ഒരേ വസ്തുവാണെന്ന ആശയം മനസ്സിലാക്കി കൊടുക്കാന്‍ പാടുപെടുകയായിരുന്നു ആന്‍. സഹികെട്ട്, ഹെലന്‍ പാവയെറിഞ്ഞു പൊട്ടിക്കുന്നു. പിണങ്ങിയിരുന്ന അവളെ ഒന്നു നടക്കാന്‍ കൊണ്ടുപോകാന്‍ വേണ്ടി വീടിനു പുറത്തിറക്കിയപ്പോള്‍ കുട്ടിക്ക് വീണ്ടും സന്തോഷമായി. അവര്‍ ഒരു കിണറിനടുത്തെത്തുന്നു. ഇളം വെയിലാണ്. പൂക്കളുടെ വാസനയില്‍ പ്രസരിച്ച അന്തരീക്ഷത്തില്‍, ഹെലന്റെ കയ്യിലൂടെ ആന്‍ വെള്ളം ധാരയായി ഒഴുകാനനുവദിക്കുന്നു. ഹെലന്‍ അതാസ്വദിച്ചുതുടങ്ങുമ്പോള്‍, മറ്റേ കൈത്തലത്തില്‍ ആന്‍ സാവധാനം w a t e r എന്നെഴുതിക്കൊണ്ടിരുന്നു. അപ്പോള്‍, പെട്ടെന്ന് ആ അദ്ഭുതം സംഭവിച്ചു: തന്റെ കൈത്തണ്ടയെ മൃദുലമായി സ്പര്‍ശിച്ചുകൊണ്ടിരിക്കുന്ന ആ വസ്തുവിനെയാണ് ആന്‍ മറ്റേ കയ്യില്‍ എഴുതുന്ന water എന്ന വാക്ക് ദ്യോതിപ്പിക്കുന്നത് എന്ന ഉള്‍ക്കാഴ്ച ഹെലന് കിട്ടുന്നു. ഭാഷയെന്താണെന്നതിലേയ്ക്കുള്ള അവളുടെ ആദ്യത്തെ കാല്‍വയ്പ്പായിരുന്നു അത്. വിവരണാതീതമായ പരിശ്രമത്തിലൂടെയും ആന്‍ സള്ളിവന്റെ അതിരറ്റ ക്ഷമയുടെയും ഫലമായി, രണ്ട് ഇന്ദ്രിയശക്തികളും സംസാരശേഷിയും ഇല്ലാതിരുന്ന ആ കുഞ്ഞ് ആദ്യം ഇംഗ്ലീഷും പിന്നീട് ഫ്രെഞ്ച്, ലത്തീന്‍, ഗ്രീക്ക്, ജര്‍മന്‍ എന്നീ ഭാഷകളും പഠിച്ചെടുക്കുക മാത്രമല്ല, അവയിലെ ആഴമുള്ള സാഹിത്യകൃതികള്‍ പോലും ബ്രെയ്ല്‍ സിസ്റ്റം ഉപയോഗിച്ച് വായിക്കുകയും അങ്ങനെ പല സംസ്കാരങ്ങളെ മനസിലാക്കുകയും ചെയ്തു എന്നറിയുമ്പോള്‍ ആരാണ് വിസ്മയിക്കാത്തത്! എന്തു വലിയ വരദാനമാണ് എഴുത്ത് എന്നത് എത്ര പെട്ടെന്നാണ് നാം മറക്കുക. എത്ര വലിയ അലസതയാല്‍ മൂടപ്പെട്ടിരിക്കുന്നു നമ്മുടെയൊക്കെ ജീവിതങ്ങള്‍ എന്ന് നാം തിരിച്ചറിയേണ്ടതുമുണ്ട്.     


കമ്പ്യൂട്ടറിന്റെ വരവോടെ ഭാഷയും എഴുത്തും സാവധാനം മനുഷ്യകുലത്തിന്‌ നഷ്ടീഭവിച്ചുകൊണ്ടിരിക്കുകയാണോ എന്ന് ഭയപ്പെടുന്നവര്‍ കുറെയെങ്കിലുമുണ്ട്. എല്ലാം ഡിജിറ്റല്‍ ആകുകയാണ്. കൈകൊണ്ടു കടലാസില്‍ എഴുതുന്ന രീതിതന്നെ ഭാവിയില്‍ അനാവശ്യമായിത്തീരാം. കത്തെഴുത്ത് എന്ന കല പണ്ടേ നാമാവശേഷമായി എന്ന് പറയാം. കൈകൊണ്ടെഴുതാന്‍ ഒന്നുമില്ലാത്തപ്പോള്‍ കൈയക്ഷരം പാഴ്വസ്തുവായി മാറുന്നു. എന്റെ പ്രാഥമിക വിദ്യാഭ്യാസകാലത്ത് നല്ല കൈയക്ഷരം വളരെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. എന്നും ക്ലാസ്സില്‍ കൊണ്ടുവരേണ്ട കോപ്പിയെഴുത്തിന് പത്തില്‍ പത്തു മാര്‍ക്ക് ഞാന്‍ വാങ്ങിച്ചിരുന്ന കാര്യം ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കാണുമ്പോള്‍ അന്നത്തെ ടീച്ചര്‍മാര്‍ വാത്സല്യപൂര്‍വ്വം ഓര്‍ത്തിരുന്നു. കീബോര്‍ഡില്‍ എഴുതുന്നതിലും എനിക്കിഷ്ടം ഇന്നും പെന്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതികളില്‍ കടലാസില്‍ എഴുതുകയാണ്. അങ്ങനെ മഷികൊണ്ട് മനോഹര രൂപങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ആനന്ദത്തിനായി മാത്രം ദിവസവും എന്തെങ്കിലും കുത്തിക്കുറിക്കുക എന്റെയൊരു ശീലമാണ്. ഇതും, എന്റെ പിതാവിനെ അനുകരിച്ച്, ഡയറി എഴുതുന്ന തഴക്കവും സ്വാഭാവികമെന്നോണം അടുത്ത തലമുറയിലേയ്ക്കും കടന്നുചെന്നിട്ടുള്ളത് അനന്യമായ ഒരനുഗ്രഹമായി ഞാന്‍ കാണുന്നു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും നല്ല അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഇത്തരം ശീലങ്ങളുടെ വിത്തുകള്‍ പാകിയിരുന്നെങ്കില്‍!                       

നാലപ്പാട്ട് ബാലമണിയമ്മയുടെ രസകരമായ ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ. ഗ്രാഫോളജിയില്‍ താല്പര്യമുണ്ടായിരുന്ന അവര്‍ ഈ സൂചനകള്‍ തരുന്നു: വടിവുറ്റ ലിപികള്‍ = ക്രമീകൃതമായ ജീവിതചര്യ. ഉരുണ്ട കൈയക്ഷരം = സന്മസ്സ്, ഋജുത്വം, പൊരുത്തപ്പെടല്‍. വേര്‍പെടുത്തി നിരത്തിയ ലിപികള്‍ = നീതിനിഷ്ഠ. ചേര്‍ത്ത് പിണച്ചുള്ള ഏഴുത്ത്  = ആര്‍ജ്ജവമില്ലായ്മ. നേരെയുള്ള എഴുത്ത് = സംതൃപ്ത മനസ്സ്, വിശ്വാസയോഗ്യത. വരികള്‍ക്ക് താഴോട്ടു ചരിവ് = അസന്തുഷ്ടി. മേലേയ്ക്കു ചായ്‌വ് =  അമിതാഗ്രഹങ്ങള്‍. ചെറിയ ലിപികള്‍ = ലജ്ജാശീലം, ചിന്താശീലം. വലിയ ലിപികള്‍ = അസ്വസ്ഥത, കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള താല്പര്യം. (അമ്മയുടെ ലോകം, മാതൃഭൂമി ബുക്സ്‌). ഇവയില്‍ ചിലതെങ്കിലും വായനക്കാര്‍ക്ക് സ്വന്തം കൈപ്പടയുമായി തട്ടിച്ചുനോക്കി വിലയിരുത്താം. അസാമാന്യ വ്യക്തിത്വങ്ങളും ആകര്‍ഷണീയമായ കൈയെഴുത്തും തമ്മില്‍ ബന്ധമില്ല എന്നവര്‍ പറയുന്നു. അത് ശരിയായിരിക്കാം. പക്ഷേ, വയിച്ചെടുക്കാനാവാത്ത എഴുത്ത് പൊതുവായ അശ്രദ്ധയുടെയും ഒരു പക്ഷേ, അവഹേളനയുടെയും നിസ്സീമമായ സ്വാര്‍ത്ഥതയുടെയും ലക്ഷണമായി കരുതാം. അതുപോലെ, താളില്‍ മര്‍ജിനില്ലാതെയും വാക്കുകള്‍ തമ്മില്‍ ഒട്ടും അകലമില്ലാതെയും എഴുതുന്നവര്‍ ജീവിതത്തില്‍ ചിട്ടയില്ലാത്തവരും പിശുക്കരുംയിരിക്കാന്‍ സാദ്ധ്യതയുണ്ട്. 

മാനസീകാവസ്ഥ കൈയക്ഷരത്തെ താല്‍ക്കാലികമായി ബാധിക്കുമെന്നത് സ്വാനുഭവത്തില്‍നിന്നെനിക്കറിയാം. അതുപോലെ തന്നെ, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍,ഡെസ്കിന്റെ അല്ലെങ്കില്‍ എഴുത്തുമേശയുടെ ഉയരം, ഇരിക്കുന്ന രീതി എന്നിവയും ബാധകമാകാം.


ബാലാമണിയമ്മ സ്വന്തമനുഭവത്തില്‍ നിന്നെഴുതിയതാവണം, "തുടര്‍ച്ചയായി എഴുതി ലിപികളെ വടിവുറ്റവയാക്കുന്നയാള്‍ സ്വന്തം ജീവിതത്തെയും അത്രതന്നെ ക്രമീകൃതമാക്കാനാണ് സാദ്ധ്യത." മനസ്സില്‍ പതിയുന്ന നല്ല ചിന്തകളെ സമയമെടുത്തു മനനം ചെയ്തു ചെത്തിമിനുക്കി, അവകൊണ്ടൊരു മാല കോര്‍ത്തെടുക്കുക അവരുടെ ശീലമായിരുന്നിരിക്കണം. അവരുടെ കവിതകളും ലേഖനങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. ആ കൈയെഴുത്തു കടലാസില്‍ ചിലതൊന്നു കാണാന്‍ കിട്ടിയിരുന്നെങ്കില്‍!   

1 comments:

വളരെയധികം ആകര്‍ഷകവും വിജ്ഞാനപ്രദവും ആയ പോസ്റ്റ്‌. എഴുത്തിനെ പറ്റിയും എഴുത്തുകാരനെ പറ്റിയും ഒത്തിരിയുണ്ട് ഇതില്‍ . ഈ പോസ്റ്റ്‌ അധികം പേര്‍ വായിച്ചില്ലേ, എന്നൊരു വ്യസനം ഉണ്ട്.