സമഗ്ര വികസനം

പളപളത്തിളങ്ങുന്ന ലിമൊസിനുകളില്‍
ദുഷ്ടന്മാര്‍ മന്ദം മന്ദം പോകുന്നു,
അഹന്തയുടെ വിഷം ചീറ്റിക്കൊണ്ട്
കണക്കില്ലാത്തയഴിമതിയുടെ കനവും പേറി.

സുഗന്ധം പൂശിയ അവരുടെ നെറ്റിയില്‍
നിഴല്‍ വീഴ്ത്തുന്നില്ലൊരു വേവലാതിയും
ഒരു തീവ്രവികാരത്തിന്റെ ചുഴറ്റല്‍
വെട്ടിമുറിക്കുന്നവരുടെ അച്ചാണി.

ജനങ്ങളുടെ ഭാഗധേയത്തിനായി
രാപകല്‍ വിയര്‍ത്തവരുടെ
ഇരിപ്പിടങ്ങളെയവര്‍ അവഹേളിക്കുന്നു,
അവരുടെ ആസനസ്പര്‍ശത്താല്‍.

എത്താപ്പുറത്താണോ ദൈവമേ നീ?
അന്ധനാണോ, ബാധിരനാണോ
അതോ അജ്ഞനാണോ അങ്ങ്‍?
അല്ലെങ്കിലീ ജനമെന്തിനിങ്ങനെ
സഹിക്കുന്നു? നീതിക്കുവേണ്ടി
എന്തിനിങ്ങനെ ദാഹിക്കുന്നു?

കളങ്കര്‍ ഭരിക്കുമ്പോള്‍ നിഷ്ക്കളങ്കര്‍ മരിക്കുന്നു  
മൃഗങ്ങളെപ്പോലെ ഞങ്ങള്‍ വിയര്‍ക്കുന്നു.
ഞങ്ങളുടെ പേക്കിനാവുകള്‍-
ക്കൊരിക്കലുമൊരന്ത്യമില്ലെന്നോ?


നിന്റെ രാജ്യം വരുമെന്നത്
വെറും മരീചിക, വരില്ലതൊരിക്കലും.

പ്രചോദനം:
ഒരസ്സാധാരണ പ്രാര്‍ഥന - ദാനിയേല്‍ ബറിഗന്‍      

എന്റെ വിധി

കര്‍ത്താവൊരിക്കല്‍ നടക്കാനിറങ്ങി.
ഗബ്രിയേല്‍ മാലാഖാ കൂട്ടിനുണ്ട്.
അവരുടെ നീണ്ട നിഴലുകള്‍-
ക്കോരം പറ്റി,  പമ്മി പമ്മി ഞാനും.

പിന്നിലേയ്ക്ക് തിരിഞ്ഞ മാലാഖാ എന്നെ കണ്ടു.
"ങാ, എന്തു വേണം സക്കറിയാസേ?"
വിക്കിയും വിറച്ചും ഞാന്‍: "നീട്ടിത്തരണേ ഈ ജീവിത-
നിത്ധരി ഒരു രണ്ട് കൊല്ലം, വെറും രണ്ട് കൊല്ലം!"

വിറയലും ആകാംക്ഷയും എന്റെ വേഗം കുറച്ചു.
അപ്പോഴതാ കര്‍ത്താവിന്റെ കനത്ത ശബ്ദം:
"കാര്യമെന്തെന്ന് തെരയൂ, ഗബ്രിയേല്‍."
കേട്ടതേ, തളര്‍ന്നു ഞാന്‍ മുട്ടിന്മേല്‍ വീണു.

വിങ്ങി മിടിച്ചുകൊണ്ടിരുന്നയെന്‍ ചങ്കിലെ
വിടര്‍ന്ന മുറിവും അതില്‍ തറച്ചു നിന്നിരുന്ന
ഇരുവായന്‍ ഖഡ്ഗവും ചൂണ്ടിക്കാണിച്ച്,
പറഞ്ഞൊപ്പിച്ചു ഞാന്‍ എങ്ങനെയോ ‍:

"ഇതൂരിയാലെന്‍ ചങ്ക് കഷണം രണ്ട്;
ഇല്ലെങ്കിലോ,
നിലച്ചീടുമതിന്‍ മിടി-
പ്പിതാ, ഈ നിമിഷം!"
സംഗതിയുടെ കിടപ്പ് പിടികിട്ടാത്ത
ഭൃത്യനോട് കര്‍ത്താവിന്റെ കല്പന:
"വലിച്ചതൂരൂ, ഗബ്രിയേല്‍"
ബാക്കി എന്നോടായിരുന്നു:

രണ്ട് കഷണമെങ്കില്‍, രണ്ട്,
മനുഷ്യഹൃദയങ്ങളെ അസ്വസ്ഥമാക്കാന്‍,
അതിലനുരാഗം വിതച്ചത് നാം തന്നെ.
കഷണങ്ങളിലൊന്ന് ഇതുവരെ
നിന്റെ കൂടെ നടന്നവള്‍ക്ക്;
മറ്റേത്, ഇപ്പോഴും നിന്നെ പ്രേമിച്ചും
കരഞ്ഞും ദൂരെ കഴിയുന്നവള്‍ക്ക്."
"ഇരു പാതികളുമൊന്നായിടാന്‍
നിന്റെ ഭാഗിനിഭാമിനിമാര്‍ വി-
സമ്മതിക്കുവോളം, തങ്ങൂ നീ
കൊതിപ്പിക്കുമീ ധരണിയില്‍. 
രണ്ട് സ്ത്രീമനസ്സുകളുടെ നിരൂഹ-
സമസ്യകള്‍ക്ക് എന്നുമെന്നും
അടിമപ്പെട്ടിരിക്കും നിന്റെ പ്രാണന്‍."

അമേന്‍ എന്നുരിയാടാനെന്‍ നാവനങ്ങിയില്ല.
ആകെയൊരു ചിദാനന്ദലഹരി -
നീട്ടി കിട്ടിയ ജീവന്റെ ചിത് സുഖ ലാഘവത്വം.
നീണ്ട നിഴലുകള്‍ പണ്ടേ മറഞ്ഞിരുന്നു.

ജനാലക്കരികിലെ വികൃതിക്കുട്ടി

തെത്സുകോ കുറോയാനഗി എഴുതിയ പുസ്തകമാണ് "റ്റോറ്റോ ചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി‍". ഏറെനാള്‍ ജാപനീസിലും ഇംഗ്ലീഷിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞുകൊണ്ടിരുന്ന കൃതിയാണിത്. ഒരു പ്രാഥമിക വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകളാണ് ഉള്‍ക്കൊള്ളുന്നതെങ്കിലും, ഇതൊരു സങ്കല്പകഥയാണെന്നേ വായനക്കാര്‍ക്ക് തോന്നൂ. അനുബന്ധമായി ചേര്‍ത്തിരിക്കുന്ന 'കഥാശേഷം' കാണുമ്പോഴാണ് അറിയുക, 1963 ല്‍ മരിച്ച സൊസാകു കൊബായാഷി എന്ന അദ്ധ്യാപകന്‍ രൂപകല്‍പന ചെയ്ത, വളരെ കുഞ്ഞുങ്ങള്‍ക്ക്‌ ഗുരുകുലമായിത്തീര്‍ന്ന, 'റ്റൊമോ ഗാക്വെന്‍' എന്ന് പേരിട്ടിരുന്ന പ്രാഥമിക വിദ്യാലയത്തിന്റെയും അവിടെ വളര്‍ന്ന ഗ്രന്ഥകര്‍ത്രിയുടെയും യഥാര്‍ത്ഥ കഥയാണിതെന്ന്. അത് വായിച്ച ശേഷം അവരുടെ ഏതാനും സഹപാഠികളെഴുതിയ പ്രതികരണങ്ങളും അവസാനം ചേര്‍ത്തിട്ടുണ്ട്. രണ്ടാം മഹായുദ്ധകാലത്ത്, അമേരിക്കയുടെ ബോംബുകള്‍ ഈ വിദ്യാലയം കത്തിയെരിച്ചുകളഞ്ഞു. 


ഒരു കുഞ്ഞിനേയും അതിന്റെ സ്വാഭാവിക പ്രത്യേകതകള്‍ക്കെതിരായി ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കരുത് എന്നതായിരുന്നു കൊബായാഷിയുടെ സ്കൂളിലെ നിയമം. ഓരോ കുട്ടിക്കും ഇഷ്ടമുള്ളതെന്തോ അത് ചെയ്യാന്‍ സഹായിക്കുക, അതിലൂടെ അതിന്റെ കഴിവുകളെ വളര്‍ത്തുക എന്നത് മാത്രമായിരുന്നു അവിടത്തെ 'വിദ്യാഭ്യാസം'. ഏറ്റം വികൃതിയായ കുട്ടിയോടും 'നോക്ക്, നേരായും നീയൊരു നല്ല കുഞ്ഞാണ്' എന്നേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. അത് കേട്ടവരെല്ലാം നല്ല കുഞ്ഞുങ്ങളായിത്തീരുകയും ചെയ്തു.


ഈ കഥയെഴുതിയ തെത്സുകോ കുറോയാനഗി അവളുടെ ആദ്യത്തെ സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട കുട്ടിയായിരുന്നു. കുസൃതി വളരെ കൂടുതല്‍ എന്നതായിരുന്നു കാരണം. എല്ലാം കാണുക, എല്ലാറ്റിനോടും പ്രതികരിക്കുക എന്നതായിരുന്നു അവളുടെ കുസൃതി. ഇത് ശിശുസഹജമായ ഓമനത്തമാണെന്ന് അറിയാനുള്ള ലാളിത്യം 'teachers' training' വഴി നഷ്ടപ്പെട്ട ഒരാളായിരുന്നു അവളുടെ ആദ്യാദ്ധ്യാപിക! നമ്മുടെ എല്ലാ ആദ്ധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകമാണ്, "റ്റോറ്റോ ചാന്‍" - (National Book Trust, India, 1996). മുതിര്‍ന്നവരുടെ ദുഃസ്വാധീനങ്ങളാണ് അന്നുമിന്നും  കുഞ്ഞുങ്ങളെ കളങ്കപ്പെടുത്തുന്നത്. ഇന്നത്തെ നമ്മുടെ വിദ്യാബോധനത്തില്‍ നൈസ്സര്‍ഗികത അംഗീകരിക്കപ്പെടുന്നില്ല. പന്ത്രണ്ടും പതിനഞ്ചും നീണ്ട വര്‍ഷങ്ങള്‍ മുഴുവന്‍ ഒരു ജോലി കരസ്ഥമാക്കാനുള്ള 'വിദ്യകള്‍ അഭ്യസിക്കുക' മാത്രമാണ് നമ്മുടെ കുട്ടികള്‍ ചെയ്യുന്നത്. നിസ്സര്‍ഗസുന്ദരമായ പ്രകൃതിയെ കണ്ടുപഠിക്കുക എന്നതായിത്തീരണം ഒരു നല്ല സ്കൂളിന്റെ ലക്ഷ്യം എന്നത് കാത്തുസൂക്ഷിക്കാന്‍ അപ്പോള്‍ സാദ്ധ്യതയെവിടെ? അതിനു വഴികാണിക്കാന്‍ കഴിവുള്ള അദ്ധ്യാപികരെവിടെ? 


അന്നത്തെപ്പോലെ ഇന്നും 'പരിഷ്കൃതരും പ്രബുദ്ധരും' വകവച്ചു കൊടുക്കില്ലാത്ത പലതും 1937ല്‍ ആരംഭിച്ച തന്റെ സ്കൂളില്‍ കൊബായാഷി പരീക്ഷിച്ചു നോക്കി. അതിലൊന്നായിരുന്നു, അംഗവൈകല്യങ്ങള്‍ ഒളിപ്പിക്കേണ്ടതില്ലെന്നും, അതിന്റെ പേരില്‍ പെരുമാറ്റച്ചട്ടങ്ങളൊന്നും പാടില്ലെന്ന് മാത്രമല്ല, ശരീരത്തെ പരസ്പരം മറച്ചുപിടിക്കേണ്ടതുമില്ലെന്നുള്ള അദ്ദേഹത്തിന്‍റെ നിര്‍ബന്ധം. സ്കൂള്‍കുളത്തില്‍ കുഞ്ഞുങ്ങള്‍ നഗ്നരായി ഒന്നിച്ചു നീന്തിക്കുളിക്കുന്നതില്‍ ഒരപാകതയും ഉള്ളതായി കരുതിയിരുന്നില്ല. കൌമാരത്തിലെ അമിതജിജ്ഞാസകളെ  മുളയിലേ നുള്ളിക്കളയാന്‍ ഇത്തരം സഹജരീതികള്‍ ഉതകുമെന്ന് കണ്ടെത്തുകയും ചെയ്തു. പ്രകൃതിക്കിണങ്ങുന്നതൊന്നും തെറ്റല്ല എന്നതായിരുന്നു അവിടത്തെ കാഴ്ചപ്പാട്. എന്തിലും ആണ്‍-പെണ്‍ വേര്‍തിരിവ് അവിടെ അന്യമായിരുന്നു. ഇപ്പോഴും കേരളത്തിലും ഇന്ത്യയില്‍ പലേടത്തും നിലവിലുള്ള 'boys' school', girls' school' ഏര്‍പ്പാട് അങ്ങേയറ്റം പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ഇനിയെന്നാണ് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ മനസ്സിലാക്കുക? ഏതാനും വര്‍ഷങ്ങള്‍ അത്തരമൊരു ചുറ്റുപാടില്‍ ജീവിച്ചയെനിക്ക് അതിന്റെ നീണ്ടുനില്‍ക്കുന്ന ദൂഷ്യവശങ്ങള്‍ നന്നായിയറിയാം. അത്തരം അനാശാസ്യങ്ങള്‍ വരുത്തിവയ്ക്കുന്ന മാനസികക്ഷതങ്ങളില്‍ നിന്നു കരകയറുക ഒട്ടുംതന്നെ എളുപ്പമല്ല താനും. ഭൂരിഭാഗവും ജീവിതാന്ത്യംവരെ അവരുടെ മാനസിക വികലതകള്‍ക്കടിപ്പെട്ടു തന്നെ കഴിയേണ്ടിവരും.
   
റ്റോറ്റോ ചാനിന്റെ ജര്‍മ്മന്‍ ഷെപ്പെട് നായയെ സ്കൂളിലെ ഒരു കഥാപാത്രമാക്കിയതിലൂടെ, ജന്തുലോകത്തോട്‌ മനുഷ്യനുണ്ടായിരിക്കേണ്ട കരുണനിറഞ്ഞ മനോഭാവം, ഈ ഗ്രന്ഥത്തില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നു. മൃഗങ്ങളെ ചതിക്കുന്നത് ക്രൂരമാണെന്ന് കുഞ്ഞുങ്ങള്‍ക്കറിയാം. മുതിര്‍ന്നവരാണ്, സ്വാര്‍ത്ഥലാഭത്തിനായി അങ്ങനെ ചെയ്യുന്നതും അതിലൂടെ പ്രകൃതിയെ തള്ളിപ്പറയാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ മാതൃകയാകുന്നതും. മൃഗങ്ങളെ ചതിക്കുന്നവര്‍ മനുഷ്യരെയും ചതിക്കും. പ്രാണികളില്‍  ചെറിയതിനോട് നിഷ്ക്കരുണം ഇടപെടാന്‍ തുടങ്ങിയാണ് മുതിര്‍ന്നതിനോടും മുന്തിയതിനോടും അങ്ങനെ ചെയ്യാന്‍ ശീലമുണ്ടാകുന്നത്. നിത്യമെന്നോണം മത്സ്യമാംസാദികള്‍ കൂട്ടി ഉണ്ടാലേ തൃപ്തിവരൂ എന്ന് ശഠിക്കുന്നവര്‍ എവിടെയുമുണ്ട്. അവരുടെ മനസ്സാക്ഷിയെ സുഖിപ്പിക്കാനുതകുന്ന വാക്യങ്ങള്‍ മതഗ്രന്ഥങ്ങളില്‍നിന്ന് പോലും തപ്പിയെടുക്കാം. എന്നാല്‍ ഒന്നു നാം ഓര്‍ക്കണം, ജീവനോടുള്ള ബഹുമാനം സര്‍വ്വവ്യാപിയായില്ലെങ്കില്‍ അത് സത്യസന്ധമല്ല. തൊട്ടു മുകളില്‍ സൂചിപ്പിച്ച ആണ്‍-പെണ്‍ വേര്‍തിരിക്കലിലെ യുക്തിരാഹിത്യം പോലെ വളരെ വ്യക്തമായ ഇക്കാര്യവും മൂടിവയ്ക്കാനാണ് ഭൂരിപക്ഷത്തിനും താല്പര്യം. ഇതൊക്കെ ചെയ്തു ശീലിച്ചവര്‍ അംഗീകരിക്കില്ലെങ്കിലും, ഇവയൊക്കെ പകല്‍പോലെ നഗ്നമായ, സമൂഹത്തെ താറുമാറാക്കുന്ന, അപാകതകളാണ്. 


തെത്സുകോയുടെ അമ്മയാണ് ഈ കഥയില്‍ തിളങ്ങിനില്‍ക്കുന്ന രണ്ടാമത്തെ പാത്രം. 'ഇതുപോലെ ഒരമ്മയെ കിട്ടിയതില്‍ ഞാനെത്ര ഭാഗ്യവതിയാണ്!' എന്ന് പറയാന്‍ കഴിയുന്ന ഒരു കുട്ടിയും ജീവിതപ്രതിസന്ധികളില്‍ തോറ്റുപിന്മാറില്ല. ശൈശവസഹജമായ വികൃതികള്‍ തന്റെ കുഞ്ഞില്‍ ഒരു കുറവായി ഒരിക്കലും കാണുകയോ അങ്ങനെയവളോട്‌ പ്രതികരിക്കുകയോ ചെയ്തില്ല എന്നതാണ് ആ അമ്മയുടെ മഹത്വം. ഒരദ്ധ്യാപകനോ അദ്ധ്യാപികയോ നന്മയുള്ളവരായിരുന്നതുകൊണ്ട് മാത്രം രക്ഷപ്രാപിച്ച എത്രയോ പേരുണ്ട്.

ഏഴായിരത്തോളം ചിത്രങ്ങളുടെ രചയിതാവായ ചിഹിരോ ഇവാസാക്കിയുടെ കുട്ടിചിത്രങ്ങള്‍ പുസ്തകത്തെ അഴകുള്ളതാക്കിയിരിക്കുന്നു. ഇവരുടെ പേരിലൊരു 'Museum of Picture Books' തന്നെയുണ്ട്, റ്റോക്കിയോവില്‍ - ഷിമോഷക്യൂജിയില്‍. അതിസൂക്ഷ്മമായ ഭാവനയാണ് ഏതാനും മൃദുപോറലുകളിലൂടെ സൃഷ്ടിച്ച ഈ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്.

എഴുത്ത്


എഴുത്ത് എന്ന ശീലം ആത്മശോധനയാണ്. ഓരോ തവണയും അതൊരു സ്വയം ശുദ്ധീകരിക്കലാണ്. ഡയറിയെഴുതുക വിദ്യാബോധനത്തിന്റെ തന്നെ ഭാഗമായിത്തീരേണ്ട ഒരു കലാഭ്യാസമാണ്. ചിന്താശക്തിയെ ഉത്തേജിപ്പിക്കുന്നതോടൊപ്പം അത് ആത്മാവിന് ചിറകുകളും പ്രദാനംചെയ്യുന്നു. സ്വയമറിയാതെ പോലും ഭാഷയെ സമൃദ്ധമാക്കാനുള്ള എളുപ്പവഴിയുമായിത്തീരുന്നു, ഈ തഴക്കം. Anthony of the Desert എന്നറിയപ്പെടുന്ന ഒരു വിശുദ്ധന്റെ ജീവച്ചരിത്രമെഴുതിയ അത്തനാസിയൂസ് അതില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. "ഓരോരുത്തരും സ്വന്തമാത്മാവിന്റെ തോന്നിപ്പുകളും നടപടികളും മറ്റൊരാളോട് വിവരിക്കുന്നതുപോലെ എഴുതട്ടെ." (ആധാരം: വേദശബ്ദം, പോള്‍ തേലെക്കാട്ട്). ഈ മറ്റൊരാള്‍ അവനവന്റെ മന:സാന്നിധ്യം തന്നെയായിരിക്കുമെന്നതിനാല്‍, ശരിയായ ആത്മസ്ഥിതി സംരക്ഷിക്കാനും സത്യസന്ധമായി അത് കുറിച്ചിടാനും ഒരുത്സാഹം വളര്‍ന്നുവരും. നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒരു വ്യക്തിയുമാകാം ഈ മറ്റൊരാള്‍. അപ്പോള്‍, പ്രത്യേകിച്ച്, ഡയറിക്കുറിപ്പുകള്‍ സ്നേഹത്തിനുള്ള ഒരു നൈവേദ്യമെന്നോണമായിരിക്കും രൂപമെടുക്കുക; സ്വന്തം 'ഇമെയ്ജ്' പ്രകാശിപ്പിക്കാനുള്ള ത്വരയായി മാറുകില്ലത്. അങ്ങനെ സ്വയം വായിച്ചെടുക്കുന്നതില്‍ കവിഞ്ഞ ഒരു സുകൃതം വേറെയില്ല. കാരണം, സ്വയമറിയുക എന്നതാണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്.


എഴുത്ത് എന്ന പ്രക്രിയയെ വ്യക്തിരൂപീകരണത്തിന്റെ അനിവാര്യാചാരമാക്കിയത് ഗ്രീസുകാരായിരുന്നു. "ചിന്തകള്‍ രാവും പകലും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കട്ടെ, അവയെ കുറിച്ചിടുക. വീണ്ടും വായിക്കുക, തിരുത്തുക. വിചാരവികാരമല്പ്പിടുത്തങ്ങളെ സത്യസന്ധമായി കടലാസില്‍ പകര്‍ത്തുകയെന്നാല്‍, അവയെ അക്ഷരങ്ങളിലേയ്ക്ക് തര്‍ജ്ജമ ചെയ്യുകയാണ്. തന്നിലേയ്ക്കു തന്നെ മടങ്ങാതെ, സ്വയം മുഖാമുഖമായി കാണാതെ, അത് സാധ്യമല്ല." (സെനെക്ക). "ലോകത്തിന്റെ കലപില സംസാരത്തില്‍ മുഴുകി കഴിയുന്നവര്‍ ഒരിക്കലും തന്നെത്തന്നെ കാണുന്നില്ല, കേള്‍ക്കുന്നില്ല, അറിയുന്നില്ല. എന്തെന്നാല്‍, നിശബ്ദതയും ഏകാന്തതയുമില്ലാതെ ഇതൊന്നും സാദ്ധ്യമല്ല. അതിനുവേണ്ടിയാണ് താപസര്‍ എപ്പോഴുംതന്നെ വിജനമായ ഇടങ്ങളെ തേടുന്നത്" എന്ന് ഓഷോയും നിരീക്ഷിക്കുന്നു. ഘോരവനങ്ങളിലും മരുഭൂമിയിലും പോകാതെയും നമുക്ക്, മനസ്സുവച്ചാല്‍, ഇടയ്ക്കിടയ്ക്ക് തനിയെയാകാം. മനസ്സ് ഒരു സ്ക്രീന്‍ പോലെയാണ്. റ്റി.വി.യില്‍ പടങ്ങള്‍ വന്നും പോയുമിരിക്കുന്നതുപോലെ, ഈ സ്ക്രീനിലും ഉണര്‍ന്നിരിക്കുമ്പോഴെല്ലാം പരസ്പരബന്ധമില്ലാത്തവ വന്നു നിറഞ്ഞുകൊണ്ടിരിക്കും. ഒരു പുസ്തകം വെറുതേ മറിച്ചുകൊണ്ടിരിക്കുന്നയാള്‍ അതില്‍നിന്ന് ഒന്നും ഗ്രഹിക്കാത്തതു പോലെ, മനസ്സില്‍ വന്നുവീഴുന്നവ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. ശ്രദ്ധയിലൂടെ മാത്രമാണ് നാം അര്‍ത്ഥത്തെ കണ്ടെത്തുന്നത്. "വാക്കുകള്‍ക്കപ്പുറത്തുള്ള നിശബ്ദതയില്‍ വാക്കുകള്‍ കൊണ്ട് എത്തിച്ചേരാനുള്ള ശ്രമമാണ് എഴുത്ത്" എന്ന് വാക്കുകളുടെ വിസ്മയം  എന്ന കൃതിയില്‍ എം.റ്റി. വാസുദേവന്‍ നായര്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.


വാക്കുകളെ സമ്പുഷ്ടമാക്കുന്ന നിശബ്ദതയെപ്പറ്റിയാണ് പറഞ്ഞുവന്നത്. എന്നാല്‍, വാക്കുകള്‍ എന്താണെന്നറിയാത്തവരുടെ നിശബ്ദതയുമുണ്ട്. അത് എത്ര ക്രൂരമാണെന്ന് ഒരൂഹം കിട്ടണമെങ്കില്‍ ഹെലന്‍ കെല്ലറിന്റെ ജീവചരിത്രം വായിച്ചാല്‍ മതി. നമ്മുടെ അനുഗ്രഹങ്ങളെ നാമറിയുന്നില്ലല്ലോ എന്ന വേദനയില്‍ പാതാളം വരെ നാം താണുപോകും. (സൌജന്യ e-book ആയി അത് ഈ ലിങ്കില്‍ ലഭ്യമാണ്: http://books.google.com/books?id=EY4cR7TpeIQC&source=gbs_similarbooks) കൌമാരപ്രായക്കാര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരുത്തമകൃതിയാണിത്. ഏത്‌ പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള ആത്മധൈര്യം അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഈ പുസ്തകത്തിനാകുമെന്നത് അങ്ങേയറ്റം സംശയമറ്റ കാര്യമാണ്.   


ചിന്തയും വാക്കും എന്താണെന്നറിയുന്നതിനു മുമ്പ് ഹെലന്‍ കെല്ലര്‍ ബധിരയും അന്ധയും, അതുകാരണം, മൂകയുമായിരുന്നു. എന്തെങ്കിലും അവള്‍ക്കു മനസ്സിലാക്കി കൊടുക്കാന്‍ നിയുക്തയായ ആന്‍ സള്ളിവന്‍ എന്ന ചെറുപ്പക്കാരി സ്പര്‍ശം വഴി, വളരെ നാളത്തെ ശ്രമഫലമായി, ഹെലനെ ഒരക്ഷരമാല പഠിപ്പിച്ചെടുത്തു. ഒരിക്കല്‍, കുട്ടിയുടെ കയ്യിലിരുന്ന പളുകുപാവയും doll എന്ന വാക്കും ഒരേ വസ്തുവാണെന്ന ആശയം മനസ്സിലാക്കി കൊടുക്കാന്‍ പാടുപെടുകയായിരുന്നു ആന്‍. സഹികെട്ട്, ഹെലന്‍ പാവയെറിഞ്ഞു പൊട്ടിക്കുന്നു. പിണങ്ങിയിരുന്ന അവളെ ഒന്നു നടക്കാന്‍ കൊണ്ടുപോകാന്‍ വേണ്ടി വീടിനു പുറത്തിറക്കിയപ്പോള്‍ കുട്ടിക്ക് വീണ്ടും സന്തോഷമായി. അവര്‍ ഒരു കിണറിനടുത്തെത്തുന്നു. ഇളം വെയിലാണ്. പൂക്കളുടെ വാസനയില്‍ പ്രസരിച്ച അന്തരീക്ഷത്തില്‍, ഹെലന്റെ കയ്യിലൂടെ ആന്‍ വെള്ളം ധാരയായി ഒഴുകാനനുവദിക്കുന്നു. ഹെലന്‍ അതാസ്വദിച്ചുതുടങ്ങുമ്പോള്‍, മറ്റേ കൈത്തലത്തില്‍ ആന്‍ സാവധാനം w a t e r എന്നെഴുതിക്കൊണ്ടിരുന്നു. അപ്പോള്‍, പെട്ടെന്ന് ആ അദ്ഭുതം സംഭവിച്ചു: തന്റെ കൈത്തണ്ടയെ മൃദുലമായി സ്പര്‍ശിച്ചുകൊണ്ടിരിക്കുന്ന ആ വസ്തുവിനെയാണ് ആന്‍ മറ്റേ കയ്യില്‍ എഴുതുന്ന water എന്ന വാക്ക് ദ്യോതിപ്പിക്കുന്നത് എന്ന ഉള്‍ക്കാഴ്ച ഹെലന് കിട്ടുന്നു. ഭാഷയെന്താണെന്നതിലേയ്ക്കുള്ള അവളുടെ ആദ്യത്തെ കാല്‍വയ്പ്പായിരുന്നു അത്. വിവരണാതീതമായ പരിശ്രമത്തിലൂടെയും ആന്‍ സള്ളിവന്റെ അതിരറ്റ ക്ഷമയുടെയും ഫലമായി, രണ്ട് ഇന്ദ്രിയശക്തികളും സംസാരശേഷിയും ഇല്ലാതിരുന്ന ആ കുഞ്ഞ് ആദ്യം ഇംഗ്ലീഷും പിന്നീട് ഫ്രെഞ്ച്, ലത്തീന്‍, ഗ്രീക്ക്, ജര്‍മന്‍ എന്നീ ഭാഷകളും പഠിച്ചെടുക്കുക മാത്രമല്ല, അവയിലെ ആഴമുള്ള സാഹിത്യകൃതികള്‍ പോലും ബ്രെയ്ല്‍ സിസ്റ്റം ഉപയോഗിച്ച് വായിക്കുകയും അങ്ങനെ പല സംസ്കാരങ്ങളെ മനസിലാക്കുകയും ചെയ്തു എന്നറിയുമ്പോള്‍ ആരാണ് വിസ്മയിക്കാത്തത്! എന്തു വലിയ വരദാനമാണ് എഴുത്ത് എന്നത് എത്ര പെട്ടെന്നാണ് നാം മറക്കുക. എത്ര വലിയ അലസതയാല്‍ മൂടപ്പെട്ടിരിക്കുന്നു നമ്മുടെയൊക്കെ ജീവിതങ്ങള്‍ എന്ന് നാം തിരിച്ചറിയേണ്ടതുമുണ്ട്.     


കമ്പ്യൂട്ടറിന്റെ വരവോടെ ഭാഷയും എഴുത്തും സാവധാനം മനുഷ്യകുലത്തിന്‌ നഷ്ടീഭവിച്ചുകൊണ്ടിരിക്കുകയാണോ എന്ന് ഭയപ്പെടുന്നവര്‍ കുറെയെങ്കിലുമുണ്ട്. എല്ലാം ഡിജിറ്റല്‍ ആകുകയാണ്. കൈകൊണ്ടു കടലാസില്‍ എഴുതുന്ന രീതിതന്നെ ഭാവിയില്‍ അനാവശ്യമായിത്തീരാം. കത്തെഴുത്ത് എന്ന കല പണ്ടേ നാമാവശേഷമായി എന്ന് പറയാം. കൈകൊണ്ടെഴുതാന്‍ ഒന്നുമില്ലാത്തപ്പോള്‍ കൈയക്ഷരം പാഴ്വസ്തുവായി മാറുന്നു. എന്റെ പ്രാഥമിക വിദ്യാഭ്യാസകാലത്ത് നല്ല കൈയക്ഷരം വളരെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. എന്നും ക്ലാസ്സില്‍ കൊണ്ടുവരേണ്ട കോപ്പിയെഴുത്തിന് പത്തില്‍ പത്തു മാര്‍ക്ക് ഞാന്‍ വാങ്ങിച്ചിരുന്ന കാര്യം ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കാണുമ്പോള്‍ അന്നത്തെ ടീച്ചര്‍മാര്‍ വാത്സല്യപൂര്‍വ്വം ഓര്‍ത്തിരുന്നു. കീബോര്‍ഡില്‍ എഴുതുന്നതിലും എനിക്കിഷ്ടം ഇന്നും പെന്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതികളില്‍ കടലാസില്‍ എഴുതുകയാണ്. അങ്ങനെ മഷികൊണ്ട് മനോഹര രൂപങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ആനന്ദത്തിനായി മാത്രം ദിവസവും എന്തെങ്കിലും കുത്തിക്കുറിക്കുക എന്റെയൊരു ശീലമാണ്. ഇതും, എന്റെ പിതാവിനെ അനുകരിച്ച്, ഡയറി എഴുതുന്ന തഴക്കവും സ്വാഭാവികമെന്നോണം അടുത്ത തലമുറയിലേയ്ക്കും കടന്നുചെന്നിട്ടുള്ളത് അനന്യമായ ഒരനുഗ്രഹമായി ഞാന്‍ കാണുന്നു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും നല്ല അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഇത്തരം ശീലങ്ങളുടെ വിത്തുകള്‍ പാകിയിരുന്നെങ്കില്‍!                       

നാലപ്പാട്ട് ബാലമണിയമ്മയുടെ രസകരമായ ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ. ഗ്രാഫോളജിയില്‍ താല്പര്യമുണ്ടായിരുന്ന അവര്‍ ഈ സൂചനകള്‍ തരുന്നു: വടിവുറ്റ ലിപികള്‍ = ക്രമീകൃതമായ ജീവിതചര്യ. ഉരുണ്ട കൈയക്ഷരം = സന്മസ്സ്, ഋജുത്വം, പൊരുത്തപ്പെടല്‍. വേര്‍പെടുത്തി നിരത്തിയ ലിപികള്‍ = നീതിനിഷ്ഠ. ചേര്‍ത്ത് പിണച്ചുള്ള ഏഴുത്ത്  = ആര്‍ജ്ജവമില്ലായ്മ. നേരെയുള്ള എഴുത്ത് = സംതൃപ്ത മനസ്സ്, വിശ്വാസയോഗ്യത. വരികള്‍ക്ക് താഴോട്ടു ചരിവ് = അസന്തുഷ്ടി. മേലേയ്ക്കു ചായ്‌വ് =  അമിതാഗ്രഹങ്ങള്‍. ചെറിയ ലിപികള്‍ = ലജ്ജാശീലം, ചിന്താശീലം. വലിയ ലിപികള്‍ = അസ്വസ്ഥത, കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള താല്പര്യം. (അമ്മയുടെ ലോകം, മാതൃഭൂമി ബുക്സ്‌). ഇവയില്‍ ചിലതെങ്കിലും വായനക്കാര്‍ക്ക് സ്വന്തം കൈപ്പടയുമായി തട്ടിച്ചുനോക്കി വിലയിരുത്താം. അസാമാന്യ വ്യക്തിത്വങ്ങളും ആകര്‍ഷണീയമായ കൈയെഴുത്തും തമ്മില്‍ ബന്ധമില്ല എന്നവര്‍ പറയുന്നു. അത് ശരിയായിരിക്കാം. പക്ഷേ, വയിച്ചെടുക്കാനാവാത്ത എഴുത്ത് പൊതുവായ അശ്രദ്ധയുടെയും ഒരു പക്ഷേ, അവഹേളനയുടെയും നിസ്സീമമായ സ്വാര്‍ത്ഥതയുടെയും ലക്ഷണമായി കരുതാം. അതുപോലെ, താളില്‍ മര്‍ജിനില്ലാതെയും വാക്കുകള്‍ തമ്മില്‍ ഒട്ടും അകലമില്ലാതെയും എഴുതുന്നവര്‍ ജീവിതത്തില്‍ ചിട്ടയില്ലാത്തവരും പിശുക്കരുംയിരിക്കാന്‍ സാദ്ധ്യതയുണ്ട്. 

മാനസീകാവസ്ഥ കൈയക്ഷരത്തെ താല്‍ക്കാലികമായി ബാധിക്കുമെന്നത് സ്വാനുഭവത്തില്‍നിന്നെനിക്കറിയാം. അതുപോലെ തന്നെ, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍,ഡെസ്കിന്റെ അല്ലെങ്കില്‍ എഴുത്തുമേശയുടെ ഉയരം, ഇരിക്കുന്ന രീതി എന്നിവയും ബാധകമാകാം.


ബാലാമണിയമ്മ സ്വന്തമനുഭവത്തില്‍ നിന്നെഴുതിയതാവണം, "തുടര്‍ച്ചയായി എഴുതി ലിപികളെ വടിവുറ്റവയാക്കുന്നയാള്‍ സ്വന്തം ജീവിതത്തെയും അത്രതന്നെ ക്രമീകൃതമാക്കാനാണ് സാദ്ധ്യത." മനസ്സില്‍ പതിയുന്ന നല്ല ചിന്തകളെ സമയമെടുത്തു മനനം ചെയ്തു ചെത്തിമിനുക്കി, അവകൊണ്ടൊരു മാല കോര്‍ത്തെടുക്കുക അവരുടെ ശീലമായിരുന്നിരിക്കണം. അവരുടെ കവിതകളും ലേഖനങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. ആ കൈയെഴുത്തു കടലാസില്‍ ചിലതൊന്നു കാണാന്‍ കിട്ടിയിരുന്നെങ്കില്‍!   

പരിധിക്കു പുറത്ത്!

ഇന്ത്യയില്‍ പൊതുവെയും, കേരളത്തില്‍ പ്രത്യേകിച്ചും മൊബൈല്‍ ഫോണിന്റെയുപയോഗം നാള്‍ക്കുനാള്‍ ഏറിവരുമ്പോള്‍, ലോകത്തിലെ ഏറ്റവും സമ്പന്നമെന്നു പറയാവുന്ന സ്വിറ്റ്സര്‍ലന്റില്‍ ഓരോരോ ഗ്രാമങ്ങള്‍ മൊബൈല്‍ കമ്പനികളെക്കൊണ്ട്‌ അവരുടെ റ്റവറുകള്‍ അഴിച്ചു മാറ്റിക്കുകയാണ്! വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും, സംഗതി സത്യമാണ്. ബാസല്‍ലാന്റ് കന്റോണിലുള്ള ഹേഫല്‍ഫിങ്ങന്‍ (Haefelfingen) ആണ് ഇങ്ങനെയൊരു നീക്കത്തിന് ആദ്യം മാതൃകയായത്. അതും, ഏഴു വര്‍ഷം മുമ്പെടുത്ത ഒരു തീരുമാനം.


1993 മുതല്‍ സ്വിറ്റ്സര്‍ലന്റില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം പ്രചരിക്കാന്‍ തുടങ്ങി. നാടിന്റെ 99% ഇന്ന് മൊബൈല്‍ പരിധിക്കുള്ളിലാണ്. കൃഷിക്കാരായ ഒന്നുരണ്ടു വനിതകളാണ്, മൊബൈലിന്റെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണ്, തങ്ങള്‍ക്കു ലാന്റുഫോണ്‍ ധാരാളം മതി, എന്നൊക്കെ ചിന്തിച്ചു തുടങ്ങിയതും, ഗ്രാമത്തിലെ ഭൂരിഭാഗം നിവാസികളെക്കൊണ്ടും അങ്ങനെ ചിന്തിപ്പിക്കാന്‍ കാരണക്കാരാകുകയും ചെയ്തത്. ഗ്രാമവാസികളുടെ നിര്‍ബന്ധത്തിനു വഴങ്ങാതിരിക്കാന്‍ കഴിവത് നോക്കിയെങ്കിലും, അവസാനം, അന്റെന സ്ഥാപിച്ചവര്‍ അതഴിച്ചെടുത്ത് പോകേണ്ടിവന്നു. അടുത്തയൂഴം യൂറാ കന്റോണിലെ സുബേയ് (Soubey) എന്ന ഗ്രാമത്തിനാണ്. കൂടുതല്‍ ഗ്രാമങ്ങള്‍ ഈ വഴി പിന്തുടരാന്‍ തയ്യാറെടുക്കുന്നുമുണ്ട്. ഇങ്ങനെ 'പരിധിക്കു പുറത്താകുന്ന' സ്ഥലങ്ങളിലേയ്ക്ക് താമസം മാറ്റാന്‍ ആഗ്രഹിക്കുന്നവരും വളരെയാണ്.


മൊബൈല്‍ അന്റെനകള്‍ പുറത്തുവിടുന്ന  റേഡിയോപ്രസരം ജന്തു- സസ്യജാലങ്ങള്‍ക്ക് താല്ക്കാലികമായും ജനിതകമായും വളരെ ഉപദ്രവകരമാണെന്ന് വിശ്വസിക്കുന്നവര്‍ ഏറിവരുന്നു. പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും ദിശാബോധനഷ്ടവും മനുഷ്യരില്‍ തലവേദന, വൈകാരികമായ മാറ്റങ്ങള്‍ എന്നിവയും ഇപ്പോള്‍ത്തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ടെലിഫോണ്‍ സിഗ്നലുകളുടെ അതിപ്രസരണം സസ്യങ്ങളുടെ ഫലപുഷ്ടിയെയും ജീവികളുടെ ആന്തരികാവയവങ്ങളെയും വിപരീതമായി ബാധിക്കുന്നില്ലേ എന്ന സംശയം കൂടിക്കൊണ്ടിരിക്കുന്നു. പല പരീക്ഷണങ്ങളും നല്‍കുന്ന കൃത്യമായ അറിവുകള്‍ മൊബൈലിന്റെ ഉപയോഗത്തിന് എതിരാണെങ്കില്‍തന്നെ അവയൊക്കെ സാധാരണക്കാരില്‍ എത്താതിരിക്കാനുള്ള പോംവഴികള്‍ ലാഭക്കൊതി പെരുത്ത മൊബൈല്‍ കമ്പനികള്‍ തേടുന്നുണ്ടാവണം.


മൊബൈലില്‍ നിന്ന് മോബൈലിലേയ്ക്കുള്ള വിളി കൂടുതല്‍ ലാഭകരമാക്കിയും ലാന്റുഫോണുകള്‍ കാര്യക്ഷമമല്ലാതാക്കിയും നമ്മള്‍ ഇന്ത്യാക്കാര്‍ ഇനിയൊരു തിരിച്ചുപോക്ക് അസ്സാധ്യമാക്കുകയാണ്. അജ്ഞാതമായ പലയസുഖങ്ങളും ഇന്ന് ചെറുപ്പക്കാരെ അപ്രതീക്ഷിതമായി അടിപ്പെടുത്തുന്നത് നാം ശ്രദ്ധിക്കുന്നു. ഇവയില്‍ ചിലതിനെങ്കിലും പിന്നില്‍ നമ്മുടെ നിതാന്തസഹചാരിയായ മൊബൈല്‍ ആയിരുന്നു എന്നൊരിക്കല്‍ കണ്ടെത്തുമ്പോള്‍, വളരെ വൈകിപ്പോയിരിക്കും. പുകവലിയുടെ കാര്യത്തിലെന്നപോലെ, ഇവിടെയും വെറും സാമീപ്യം മതി, അപകടം ദൂരെവ്യാപിയാകാന്‍. താല്‍കാലിക സൌകര്യങ്ങള്‍ അനാശാസ്യ ഭവിഷ്യത്തുകളെ മറക്കാന്‍ അല്ലെങ്കില്‍ അവഗണിക്കാന്‍ ഇടവരുത്തുകയെന്നാല്‍, അത് പക്വതയില്ലായ്മ തന്നെയാണ്. അല്ലെങ്കില്‍ത്തന്നെ എവിടെയാണ് നാം പക്വതയാര്‍ജ്ജിച്ചിട്ടുള്ളത്? പലര്‍ക്കും ഇപ്പോഴും മാന്യനായ നമ്മുടെ പ്രധാനമന്ത്രി പോലും എല്ലാ ജനാധിപത്യമര്യാദകളെയും ലംഘിച്ചുകൊണ്ടല്ലേ, വെള്ളക്കാര്‍ ഭയന്നുതുടങ്ങിയിട്ടുള്ള ആണവനിലയങ്ങള്‍ ഇന്ത്യക്ക്‌ അനിവാര്യമാണെന്ന ഭാവത്തില്‍ അമേരിക്കയുമായി ആണവോര്‍ജ്ജ ഉടമ്പടിയില്‍ ഒപ്പ് വച്ചത്! പ്രതിദിനം ആയിരക്കണക്കിനാണ് കേരളത്തില്‍ കൂടുതല്‍ വണ്ടികള്‍ നിരത്തിലിറക്കുന്നത്. റോഡിന്റെ മേന്മ്മയോ വീതിയോ ഒരു തരി പോലും കൂടുന്നില്ലെന്നു മാത്രമല്ല, പലേടത്തും കുഴികളുടെ ആഴംകൊണ്ട് റോഡും തോടും തമ്മില്‍ തിരിച്ചറിയാനാവാത്ത സ്ഥിതിയായി. സമ്പൂര്‍ണ്ണ വൈദ്യതീകരണം എന്ന മോടിവാക്കുമായി കേരളം ഇഴയാന്‍ തുടങ്ങിയിട്ട് പല ദശാബ്ദങ്ങളായി. മണിക്കൂറില്‍ കുറഞ്ഞത്‌ അഞ്ചുതവണ മുറിയാതെ വൈദ്യുതി കിട്ടുന്ന ഒറ്റ ഗ്രാമം ഈ നാട്ടിലുണ്ടോ? ഇതിനൊക്കെയുത്തരവാദികളായവര്‍ എല്ലാ മാന്യതയുടെയും പരിധിക്കു പുറത്താണ് കഴിയുന്നത്‌. ഏത്‌ മേഖലയിലും സ്ഥിതിഗതികള്‍ ഇതേപോലെ തന്നെ! ജീവന്റെ തന്നെ പരിധിക്കു പുറത്തേയ്ക്കാണ് ഈ പോക്ക് എന്ന് നാം റിഞ്ഞിരിക്കുകയെങ്കിലുമാകട്ടെ!

അന്തര്‍ജ്യോതി, ബഹിര്‍ജ്യോതി

(ഉള്ളില്‍ വെളിച്ചമായാല്‍ പുറത്തും വെളിച്ചമാണ്.)

ഒരെളിയ മെഴുകുതിരിയുടെ കൊച്ചുവെട്ടത്തിരുന്നാണ് ഇതെഴുതുന്നത്. ഇന്ന് ഒട്ടും കറന്റില്ല. സാധാരണ വൈകീട്ട് ഏഴു   മണിതൊട്ട് അരമണിക്കൂര്‍ നേരത്തേയ്ക്ക് ഇരുട്ടാക്കാന്‍ ഇലെക്ട്രിസിറ്റി ബോര്‍ഡ്‌ കനിയാറുണ്ട്. ആത്മീയതക്കു വിലകല്പിക്കുന്ന ഒരു നാട്ടില്‍ മാത്രമേ ഇത്തരമാത്മാഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ. പവര്‍കട്ട് ശാപമായി കാണുന്നവര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ, 24 മണിക്കൂര്‍ നേരവും മനുഷ്യനെന്തിനാണ് പ്രകാശമെന്ന്? ഈ അരമണിക്കൂര്‍ നേരത്തെ ഇരുട്ടുകൊണ്ടെന്തെല്ലാം നേടാം. അല്പം കുടുംബ-  അല്ലെങ്കില്‍ മൌനപ്രാര്‍ത്ഥനക്ക്‌ ഏറ്റം പറ്റിയ അന്തരീക്ഷം. ഇന്‍വേര്‍ട്ടെര്‍ എന്ന കുന്ത്രാന്ടമില്ലെങ്കില്‍ റ്റി.വി. എന്ന മന-  ശബ്ദമലിനീകരണപ്പിശാചുള്ള വീടുകളില്‍ അത്രയും നേരം അത് മിണ്ടാതിരിന്നുകൊള്ളും. ഈ നേരമത്രയും ഒന്നു നടക്കാനിറങ്ങാന്‍ തോന്നുന്നവരുടെ തടിക്കും ഗുണമേ ഉണ്ടാകൂ. വൈദ്യുതിയില്ലാതെ ചെയ്യാവുന്നതെന്തെല്ലാം ഇനിയും കിടക്കുന്നു.

ഇങ്ങനെ മുന്‍കൂര്‍ നിശ്ചയിച്ച ഈ അര മണിക്കൂറിലോ, അതല്ലെങ്കില്‍ ഇടക്കിടക്ക് പൊതുജനറേറ്റര്‍ ഇട്ടു കളിക്കുന്ന സര്‍ക്കാര്‍കൂലിക്കാര്‍ എന്ന കഞ്ഞികള്‍ക്ക് തോന്നുമ്പോഴോ വീട്ടിലും ചുറ്റുവട്ടത്തും ഇരുട്ടായാല്‍ ഞാനനങ്ങില്ല. വെറുതേയിരിക്കും. ഇരുട്ടത്ത്‌ വെറുതേയിരിക്കുമ്പോള്‍ ഉള്ളിലെങ്ങാനും ഒരു നാളം ജ്വലിക്കുന്നുന്ടോ എന്നു നോക്കിപ്പോകും. ഉള്ളിലെ നാളമില്ലാതെ പുറത്ത് എത്ര വെളിച്ചമുന്ടായാലും എന്താണ് നമുക്ക് കാണാന്‍ കഴിയുക എന്ന് ചിന്തിച്ചു തുടങ്ങാനും അത് മതി!

ഉള്ളിലേക്കു നോക്കുന്നവനെ അന്തര്‍മുഖനെന്നു വിളിക്കും. അല്ലെങ്കില്‍ സ്വപ്നജീവിയെന്ന്. മറിച്ച്, ചുറ്റും സംഭവിക്കുന്നതൊക്കെ കണ്ടറിഞ്ഞും വിശകലനം ചെയ്തും നടക്കുന്നവനെ ജാഗരൂകനെന്നും. പക്ഷേ, ശരി നേരേ തിരിച്ചല്ലേ? വെളിയിലേക്ക് നോക്കിയിരിക്കുന്നവന്‍ സ്വപ്നമാണ്, മായയാണ് കാണുന്നത്. സത്യത്തില്‍, ഉള്ളിലേതു കാണുന്നവനാണ് ഉണര്‍ന്നിരിക്കുന്നവന്‍.

മായമില്ലാത്തയൊന്നും കിട്ടാനില്ലാത്ത ഈ നാട്ടില്‍ "എല്ലാം മായ" എന്ന കണ്ടുപിടിത്തം ഒന്നാന്തരമാണ്. കോഴി കൂകുംമുതല്‍ നരി കൂകുംവരെ ഇവിടെ മനുഷ്യര്‍ അന്യോന്ന്യം ചെയ്തുപോരുന്നത് ഇരട്ടത്താപ്പാണ്. എത്ര ലളിതമായ സംഗതി എവിടെയെങ്കിലും സാധിച്ചെടുക്കണമെങ്കിലും ക്ഷമയുടെ നെല്ലിപ്പലകവരെ താഴാന്‍ കഴിയണം. പെരുവഴിയിലും പൊതുസ്ഥലങ്ങളിലുമെങ്കിലും അന്യര്‍ക്കും തന്നെപ്പോലെ അവകാശങ്ങളുണ്ടെന്നുള്ള കാര്യംപോലും മലയാളി മറന്നു തുടങ്ങിയിരിക്കുന്നു. സത്യം പറഞ്ഞാല്‍, മറന്നതല്ല, അങ്ങനെയൊന്ന് നമുക്ക് പരിചിതമേയല്ല.

എനിക്കേറ്റവും അടുത്തുള്ള 'പട്ടണ'മായ ഈരാറ്റുപേട്ടയില്‍ വണ്ടിയുമായി പോയാല്‍ എന്തെങ്കിലും പുതുവെളിച്ചം കാണാതെ തിരിച്ചുപോരേണ്ടി വരില്ല. ഒരിക്കല്‍ കവലക്കടുത്തുള്ള ഒരു പാര്‍ക്കിംഗ് ഏരിയയിലേയ്ക്ക് തിരിയുകയായിരുന്നു. പുറകേ തൊട്ടുതൊട്ടു വണ്ടികളുണ്ട്. കഷ്ടിച്ചൊരു വണ്ടിക്കുള്ള വീതിയേയുള്ളൂ. പെട്ടെന്ന്, മുമ്പേപോയ ഓട്ടോക്കാരന്‍ വണ്ടി നിറുത്തിയിട്ട് അടുത്ത കടയിലേക്ക് കയറിപ്പോയി, ഒരു കൂസലുമില്ലാതെ. കുറേ കഴിഞ്ഞിട്ടും ഇഷ്ടനെ കാണാഞ്ഞ് പുറകിലെ ഒരു ഡ്രൈവര്‍ ഇറങ്ങിച്ചെന്ന് വിളിച്ചിറക്കേണ്ടിവന്നു. അതിരുവിട്ടൊന്നും ചെയ്യാത്തമട്ടില്‍ ഓട്ടോക്കാരന്‍ അവന്‍റെ ലിമൊസിനുമെടുത്തങ്ങുപോയി! പുറകില്‍ കെട്ടിക്കിടന്നവരും എതോ അനുഗ്രഹം കൈവന്നതുപോലെ അവന്റെ പിറകെ നിരങ്ങി നിരങ്ങിയങ്ങ് പോയി. ഇങ്ങനെയല്യോ നമ്മുടെ ജീവിതം എന്നും.


എന്തായാലും, മായ, മനുഷ്യനെ മയക്കുന്ന കറുപ്പുപോലെയാണ്. ഇന്നില്ലാത്ത പൊക്കം പണ്ടുണ്ടായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന പുരാതന കത്തോലിക്കാ കുടുംബക്കാരുടെയും (വാലിനു നീളം പോരെന്നു തോന്നുമ്പോള്‍ റോമന്‍ എന്നോ സിറിയന്‍ എന്നോ കൂട്ടിക്കെട്ടുന്നവര്‍) മറ്റൊന്നുമാഘോഷിക്കാനില്ലാത്തതിനാല്‍ ദാമ്പത്യത്തിന്റെ അമ്പതും അറുപതും ആണ്ടുകള്‍ കൊണ്ടാടാന്‍ പത്രങ്ങളിലും കുറികളിലും പടമടിപ്പിച്ചും, ഉള്ള വിദേശബന്ധങ്ങളെല്ലാം എഴുതി പരസ്യപ്പെടുത്തിയും ഞെളിയുന്നവരെക്കൊണ്ട് കേരളം നിറഞ്ഞിരിക്കുന്നു. ദീപികയുടെ രാജുനായര്‍ പറഞ്ഞതുപോലെ മരണവാര്‍ത്തയില്‍ വിദേശബന്ധങ്ങളെല്ലാം അരിച്ചുപെറുക്കി എഴുതുന്നത് മരിച്ചയാള്‍ അങ്ങനെയെങ്കിലും അല്പം ഗമയോടെ കിടക്കട്ടെ എന്നുവച്ചാണ്. എന്നാല്‍, ലോകത്തില്‍ ഒരു ചരിത്രവുമവകാശപ്പെടാനില്ലാതെ, എതിരേ വരുന്നവരുടെ നേരേ നോക്കാന്‍പോലും തങ്ങള്‍ക്കെന്തിരിക്കുന്നു എന്നയെളിമയോടെ, കീഴോട്ടു കണ്ണുനട്ടു നടക്കുന്ന നിഷ്കളങ്കരെയും എന്നുമിവിടെ, ഈ ഗ്രാമപ്രദേശത്ത്, കണ്ടുമുട്ടുന്നു. പുരാതന തറവാടിത്തവും വിദേശത്തുനിന്ന് മക്കളെത്തിച്ചു കൊടുക്കുന്ന രാസക്കൂട്ടുകളുടെ നാറ്റവും പേറി നടക്കുന്നവരുടെ വീടുകളെക്കാള്‍ എത്രയോ വൃത്തിയായി കാണപ്പെടുന്നു ഇക്കൂട്ടരുടെ കൂരകള്‍.


 റോഡിലിറങ്ങിയാല്‍, മുകളില്‍ പറഞ്ഞതുപോലെ പൊതുവഴിയുടെ മാന്യമായ ഉപയോഗമോ ഡ്രൈവിംഗിന്റെ abcd യോ അറിയില്ലാത്ത പുതുപ്പണക്കാരുടെ വങ്കത്തരങ്ങള്‍ ഓരോന്നോരോന്ന് പലവട്ടം അനുഭവിക്കുമ്പോള്‍ ആരും ക്ഷമ പഠിക്കും. ക്ഷോഭിച്ചിട്ടെന്തു നേട്ടം? സ്വന്തം സ്വസ്ഥത നഷ്ടപ്പെടും, അത്ര തന്നെ. ഇതിനേയും ഭാവാത്മകമായി നേരിടാം. എന്തുകൊണ്ടാണ് ക്ഷോഭിക്കുന്നത് എന്ന് തനിയെ കണ്ടെത്തണം. സ്വയം അളവുകോലാക്കി സംഭവങ്ങളെ അളക്കുന്നതാണ് പിശക്. അതാണ്‌ ഉള്ളില്‍ വൈരുദ്ധ്യത്തെ സൃഷ്ടിക്കുന്നത്. എന്‍റെ പ്രതികരണത്തെ നിയന്ത്രിക്കുന്നത് ഞാനായിരിക്കണം, വിവരക്കേട് കാട്ടുന്ന ഓട്ടോക്കാരനോ പുറകില്‍ അക്ഷമരായിനിന്ന് ഹോണടിക്കുന്നവരോ തെറിവിളിക്കുന്നവരോ ആകരുത്. അല്ലെങ്കില്‍ ഞാനാണ് തോല്‍ക്കുന്നത്. എനിക്കു നല്ലത് ക്രോധമോ ക്ഷമയോ എന്നു ശ്ചയിക്കാന്‍ എന്‍റെ മനസ്സിനു കഴിഞ്ഞാല്‍ എന്‍റെയുള്ളില്‍ പ്രകാശമായി. അപ്പോള്‍ എന്‍റെ മുമ്പിലും ചുറ്റും വെളിച്ചമാണ്, ഇരുട്ടല്ല പരക്കുക. ചുരുക്കത്തില്‍, സ്ഥലകാലസംഭവങ്ങളിലെ പൊരുത്തക്കേടുകളെ സമന്വയിപ്പിക്കാന്‍ എന്‍റെ ബോധത്തിലെ തിരിനാളത്തിനാകണം. ദ്രവ്യവും ചൈതന്യവും (ഊര്‍ജ്ജവും) ഒന്നാണെന്ന് അങ്ങനെയാണ് എനിക്ക് സ്ഥിരീകരിക്കാനാകുക. വെറും ഐന്ദ്രികാനുഭവങ്ങളില്‍ ആണ്ടുപോകുകയെന്നാല്‍ ശിഥിലീകരിക്കപ്പെട്ടുപോകുക എന്നാണ്. ഉള്ളിലെ ബോധമാണ് സമഗ്രതയിലേക്ക് നയിക്കുന്ന പ്രകാശം. പലപ്പോഴും യുക്തിയെന്ന ഉപകരണം ഒളിച്ചുവയ്ക്കണം. അപ്പോള്‍ കാണാം എല്ലാറ്റിനുമപ്പുറത്ത് ഒരൈക്യഭാവം തെളിഞ്ഞുവരുന്നത്. ഈയറിവ് ഒരു ദൂരെക്കാഴ്ച പോലെയാണ്. 

ഏകത്വദര്‍ശനം ഒരു ഫോക്കസ്സിംഗ് ആണ്. ഇന്ദ്രിയങ്ങളുടെ കാര്യശേഷിയില്‍ വിശ്വസിക്കരുത്, അത് പരിമിതമായതിനാല്‍ അവയുടെ മാത്രം വെളിച്ചത്തില്‍ ബുദ്ധിയെത്ര വിശ്വസ്തമായി പ്രവര്‍ത്തിച്ചാലും ഫലമില്ലായെന്ന ശ്രേഷ്ഠജ്ഞാനം കൊണ്ടുവരുന്ന ഫോക്കസിംഗ്. അത് ഐന്ദ്രികമായതിനെല്ലാമപ്പുറത്ത് ആത്മാവിലാണെന്നോര്‍ക്കണം. അഹം ഷോര്‍ട്സൈറ്റ്ട് ആണ്. ഫോകസ്സിംഗ് ആത്മാവിനേ കഴിയൂ. 

തിരക്ക് ശരീരത്തിന്റെയാണ്. അത്മാവിവിന്റേത് സമയബഹളങ്ങള്‍ക്ക് അപ്പുറത്തെ ശാന്തിയാണ്. തുടര്‍നുണകളുടെയും മനസ്സിനെ മടുപ്പിക്കുന്ന പൊങ്ങച്ചങ്ങളുടെയും പെരുവഴിയിലൂടെ തന്നെ ഉന്തിക്കൊണ്ടു പോകുന്ന അഹത്തെ തിരിച്ചറിയുന്നതാണ് പക്വത. ചുറ്റുപാടുകള്‍ക്കതീതനായി അവനവനായിരിക്കാനുള്ള തന്റേടം എപ്പോഴുമൊരു പുതിയ തുടക്കമാണ്. അത് വൃദ്ധിയുടെ ലക്ഷണമാണ്. ഉള്‍വെളിച്ചത്തിന്റെ ചൂടേറ്റ് മൂത്തുപഴുക്കുക തന്നെയാണത്. 


എന്നാല്‍ എത്ര പേര്‍ക്ക് ഇതിനു കഴിയുമെന്നത് ഒരു ചോദ്യചിഹ്നമായി എഴുന്നുനില്‍ക്കുന്നു. എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് ഒരേട്‌ ഇവിടെ എഴുതി ചേര്‍ക്കട്ടെ. അതിങ്ങനെ. ഞാനും കൂടി ഉത്തരവാദിത്തമെടുത്ത്‌ ഒരുക്കങ്ങള്‍ നടത്തേണ്ട ഒരു കല്യാണത്തിന്റെ കാര്യം വന്നപ്പോള്‍, ബന്ധപ്പെട്ടവരോട് എന്റെ മനസ്സിലെ ആശയം പ്രകടിപ്പിച്ചു നോക്കി. ഒരു വിവാഹം എങ്ങനെ ലളിതമായും അതേ സമയം ഭംഗിയായും നടത്താമെന്ന് പണ്ടൊരിക്കല്‍ ഒരു ചറിയ ലേഖനം ഞാനെഴുതിയിരുന്നു. അത് ഞാനവര്‍ക്ക് വായിക്കാന്‍ കൊടുത്തു. (ആ 'അഭിമുഖം' വായിക്കാനാഗ്രിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക.: http://znperingulam.blogspot.com/2010/04/blog-post_25.html) എന്തുകൊണ്ട് അതില്‍ പറഞ്ഞിരിക്കുന്നത് നമുക്ക് പ്രാവര്‍ത്തികമാക്കിക്കൂടാ? പ്രസംഗിച്ചാല്‍ മാത്രം പോരല്ലോ, പ്രവര്‍ത്തിക്കുകയും വേണമല്ലോ. ഞാനൊരു ചെറിയ പയറ്റിനൊരുങ്ങി. ഒരു വലിയ എതിര്‍പ്പാണ് എനിക്കെതിരേ ആഞ്ഞടിച്ചത്. മകനും പെണ്ണിന്റെ കൂട്ടരും സ്വന്തം കുടുംബിനി പോലും എനിക്കെതിരെ അണിനിരന്നു. 'ഇത്രയും പഞ്ഞത്തരം കാണിക്കണോ? ഇത് ഒരിക്കല്‍ മാത്രം കിട്ടുന്ന ഒരവസരമല്ലേ? അത്രയും കുറച്ചില് സഹിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. അങ്ങനെയൊന്ന് ആലോചിക്കുകപോലും വേണ്ടാ. ആഘോഷം പൊടിപൂരമാക്കണം, ഇങ്ങേര്‍ക്ക് പറ്റില്ലെങ്കില്‍, ഞങ്ങള്‍ നോക്കിക്കൊള്ളാം.' എല്ലാ ആദര്‍ശങ്ങളും ബലികഴിച്ച്, എനിക്ക്, അവരുമായി സഹകരിക്കേണ്ടി വരുന്ന ചുറ്റുപാടില്‍ അവരെല്ലാം കൂടി എന്നെ കൊണ്ടെത്തിച്ചു എന്ന് ചുരുക്കം. എല്ലാം കഴിയുമ്പോള്‍, ഒരു വെടിക്കെട്ട്‌ കൂടി നടത്തിയേക്കാം എന്നുവരെ ഞാന്‍ പറഞ്ഞുപോയി. എന്തു പറയാന്‍, പാകവും പക്വവുമാകുന്നതിനു പകരം ഞാന്‍ ഉണങ്ങി വരണ്ടുപോയി. ഇത്തരം "സജ്ജന"സമ്പര്‍ക്കത്തിലൂടെ ഞാന്‍ എന്നെത്തന്നെ തരം താഴ്ത്തിയതായിട്ടാണ് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. 'ബഹിര്‍ തമസോ, അന്തരൈവ ജ്യോതി' എന്ന് പറയാനുള്ള ചങ്കൂറ്റം എനിക്കുണ്ടോ, എന്നെങ്കിലുമുണ്ടാവുമോ?   

കറുനീല കാക്കപ്പൂവ്




വാത്സല്യലാളനകളാലെന്‍റെ
കണ്ണീര്ക്കണങ്ങളെ തടഞ്ഞുനിര്‍ത്തി 
ശൈശവത്തില്‍, എന്റെയമ്മ. 

ചിരിയുടെയോളങ്ങളെ
ചിറകെട്ടിനിര്‍ത്തി 
കൌമാരത്തില്‍
അച്ഛന്റെ മുഖഗൌരവം.

വികാരങ്ങളുടെ ചുണ്ടുകളെയും
ആത്മാവിന്റെ ചിറകുകളെയും 
വരിഞ്ഞിറുക്കിക്കെട്ടി
യൌവനത്തില്‍, പുരോഹിതര്‍. 

എന്നാല്‍
കണ്ണീരിന്റെ മാധുര്യവും
ചിരിയുടെ വശ്യതയും
വിടരുന്ന ചുണ്ടുകളുടെയഴകും
എന്നെ പഠിപ്പിച്ചു 
വേനല്‍മഴ നനഞ്ഞുനിന്നയൊരു 
കറുനീല കാക്കപ്പൂവ്!

ക്ഷണനേരമൊരു
സൌന്ദര്യമൊട്ടായി നിന്നിട്ടു
കൊഴിഞ്ഞുവീഴും മുമ്പേ 
കൈമോശം വന്നുപോയ
എന്റെ ശൈശവ, കൌമാര, 
യൌവനങ്ങളെല്ലാം
അവളെനിക്കു തിരികെത്തന്നു.


വായന സുഗമമാകാന്‍

നൂറുകണക്കിന് പുസ്തകങ്ങളും വായനക്കുള്ള മറ്റ് കോപ്പുകളും ആഴ്ചതോറും നമ്മുടെ നാട്ടില്‍ വെളിച്ചം കാണുന്നുണ്ട്. ഭക്ഷ്യ- ഗൃഹ- സുഖഭോഗവസ്തുക്കളുടെ കാര്യത്തിലെന്നപോലെ അച്ചടിച്ചു കിട്ടുന്നവയുടെയും ഗുണമേന്മയില്‍ നിര്‍ബന്ധം പിടിക്കേണ്ടത്‌ നിര്‍മ്മാതാക്കളേക്കാള്‍ അവയുടെ ഉപഭോക്താക്കളാണ് എന്ന സ്ഥിതിയാണ് നമ്മുടെ നാട്ടിലുള്ളത്. ഉപഭോക്താക്കള്‍ അത് ചെയ്യാത്തതുകൊണ്ട്, ഗുണമേന്മയില്ലാത്തതാണ് പുറത്തിറങ്ങുന്നതെന്തും. മുദ്രണം ചെയ്യപ്പെടുന്നവയുടെ ഉള്ളടക്കത്തെപ്പറ്റിയല്ല, എഴുത്തിന്റെ രീതിയില്‍ കണ്ടുവരുന്ന അശ്രദ്ധയെക്കുറിച്ചുള്ള ഏതാനും നിരീക്ഷണങ്ങളാണ് ഇവിടെ ഉദ്ദേശ്യം.

സന്ധിസമാസങ്ങള്‍
'മലയാള ഭാഷാധ്യാപനം' എന്നൊരു കൃതിയുടെ താളുകളില്‍നിന്ന് ഏതാനും വാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്നമാണ് ബോധന മാധ്യമം എന്തായിരിക്കണം എന്നത്.
മാതൃഭാഷ സ്വാഭാവികമായ അധ്യയന മാധ്യമമാണ്. മാതൃഭാഷ ബോധന മാധ്യമം ആക്കിയാല്‍ നിലവാരത്തിനു താഴ്ച ഉണ്ടാകാതെ തന്നെ വിദ്യാഭ്യാസകാലം ചുരുക്കാം.
അറിവ് സ്വീകരിക്കുന്ന ആള്‍.
ഈ ഘടകങ്ങള്‍ക്കു പരസ്പര ബന്ധം ഉണ്ട്.

ഇങ്ങനെ എത്രയുദാഹരണങ്ങള്‍ വേണമെങ്കിലും എടുത്തെഴുതാം.

2007 ല്‍ ഇറക്കിയ revised 18th edition എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു തരത്തിലുള്ള റിവിഷനും എഡിറ്റിങ്ങും ഇതില്‍ നടത്തിയതായി തോന്നുന്നില്ല. (Prof. Erumeli Parameswaran Pillai, Prathibha Books, Mavelikkara)

18th, 2007 എന്നിവ വെട്ടിയൊട്ടിച്ചശേഷം പ്രിന്റെടുത്തതാണെന്ന് കണ്ടാലറിയാം. അതു പോകട്ടെ. പക്ഷേ, സന്ധിയുടെയും സമാസത്തിന്റെയും ധാരാളമായ ഉപയോഗത്തിലൂടെ സരളമായിയൊഴുകേണ്ട മലയാളഭാഷയ്ക്ക്‌ യോജിക്കുന്നില്ല മുകളില്‍ പകര്‍ത്തിയ വാക്യങ്ങള്‍ . ചേര്‍ന്നുനില്കേണ്ട പല വാക്കുകളും വിട്ടുവിട്ടുനില്‍ക്കുന്നതായി അവയില്‍ നാം കാണുന്നു. വരമൊഴിയിലായാലും സ്വരമൊഴിയിലായാലും അത് നമ്മുടെ ഭാഷയുടെ ശൈലിയല്ല. ഈ വാക്യങ്ങളോരോന്നും ഇങ്ങനെ മെച്ചപ്പെടുത്താം - (അടിവരയിട്ടവ ശ്രദ്ധിക്കുക):

വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്നമാണ് ബോധനമാധ്യമം എന്തായിരിക്കണമെന്നത്.
മാതൃഭാഷ സ്വാഭാവികമായ അധ്യയനമാധ്യമമാണ്. മാതൃഭാഷ ബോധനമാധ്യമമാക്കിയാല്‍ നിലവാരത്തിനു താഴ്ചയുണ്ടാകാതെതന്നെ വിദ്യാഭ്യാസകാലം ചുരുക്കാം.
അറിവ് സ്വീകരിക്കുന്നയാള്‍.
ഈ ഘടകങ്ങള്‍ക്കു പരസ്പരബന്ധമുണ്ട്.

പുസ്തകത്തിന്റെ പേരും മലയാളഭാഷാധ്യാപനം എന്ന് ഒറ്റ വാക്കായി എഴുതേണ്ടതാണ്.

ഭാഷാധ്യാപനത്തെക്കുറിച്ചുള്ള ഒരു കൃതിയില്‍ ഇങ്ങനെയാണ് ഭാഷയെങ്കില്‍, ബാക്കിയുള്ളവയുടെ കാര്യം പറയേണ്ടതുണ്ടോ? പേരുകേട്ടയെഴുത്തുകാര്‍ പോലും തീരെയവഗണിക്കുന്ന കാര്യങ്ങളാണിവയൊക്കെ. എന്നാല്‍ ഇതൊന്നും ഒരു കുറവായി പാഠപുസ്തകരചയിതാക്കളോ നിരൂപകാരോ ഒരിക്കലും ചൂണ്ടിക്കാണിക്കാറില്ല. സന്ധിയും (വര്‍ണ്ണങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുക) സമാസവുമൊക്കെ (പദങ്ങള്‍ തമ്മില്‍ യോജിപ്പിക്കുക) വ്യാകരണക്ക്ലാസുകളില്‍ ഒതുങ്ങിപ്പോകുന്നത് ഭാഷയോട് ചെയ്യുന്ന വല്ലാത്തയനീതിയാണ്. ഗദ്യത്തില്‍ മാത്രമല്ല, പദ്യത്തിലും പദങ്ങള്‍ പെറുക്കിപ്പെറുക്കിവച്ച്‌, വായനയുടെയൊഴുക്കിന് തടസ്സംവരുത്തുന്നവിധത്തില്‍ കവനം നടത്തുന്നവര്‍ ഒട്ടും വിരളമല്ലതന്നെ. സന്ധിയും സമാസവും ചുരുക്കിപ്പറയാനും പാരായണസുഖമുണ്ടാക്കാനുമുള്ള വിദ്യകളാണ്. അതിന് കഴിയുകയെന്നത് ഭാഷയിലുള്ള ഒരാളുടെ പ്രാഗല്ഭ്യത്തിന്റെ തെളിവുകൂടിയാണ്. ആശയപ്രകടനം ലളിതവും കഴിവത് ഹൃസ്വവുമാകുകയെന്നത് ഒരു ഭാഷയുടെ വികാസത്തിന്റെ ലക്ഷണമാണ്. അങ്ങനെയെങ്കില്‍, പഴക്കം കൂടിയിട്ടും, നമ്മുടെ പാവം മലയാളം ഒട്ടുംതന്നെ മെച്ചപ്പെടുന്നില്ലെന്നു വേണം പറയാന്‍.

വിരാമചിഹ്നങ്ങള്‍

മലയാളത്തിലടിച്ചിറങ്ങുന്ന എന്തിലുമേതിലും വിരാമചിഹ്നങ്ങളുടെ തെറ്റായ പ്രയോഗങ്ങള്‍ ക്ഷമിക്കാവുന്നതിലുമധികമാണ്. ഇക്കാര്യത്തില്‍ അപവാദമില്ലെന്നുതന്നെ പറയാം. വായനയെന്ന പ്രക്രിയയെ അത്യന്തം ക്ളിഷ്ടമാക്കുന്ന പോരായ്മയാണിത്. സ്ഥിരപ്രതിഷ്ഠ നേടിയ രചയിതാക്കള്‍ പോലും ചിഹ്നനത്തെ ഗൌരവമായി കാണുന്നില്ലെന്ന് ഏത്‌ കൃതിയെടുത്തു മറിച്ചുനോക്കിയാലും വ്യക്തമാകും. രണ്ടു ചിഹ്നങ്ങളെപ്പറ്റി മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ.

പൊതുവേ എല്ലായെഴുത്തുകാരും നിസ്സന്ദേഹം വിട്ടുകളയുന്ന കാര്യമാണ് വിരാമചിഹ്നങ്ങളായ ശൃംഖലവും (hyphen) രേഖയും (dash) തമ്മിലുള്ള വ്യത്യാസം. (ശൃംഖലം, ശൃംഖല -- രണ്ടും അനുവദനീയമാണ്.) കയ്യെഴുത്തുപ്രതിയിലില്ലാത്ത വ്യക്തതയുണ്ടാക്കാന്‍ അക്ഷരവിന്യാസം (typesetting), തിരുത്ത്, (proof reading) എന്നീ പ്രക്രിയകളില്‍ ഏര്‍പ്പെടുന്നവരെ ചുമതലപ്പെടുത്താനാവില്ല. സത്യത്തില്‍, ഈ പറഞ്ഞ മൂന്നു കൂട്ടര്‍ക്കും ഈ രണ്ട് വിരാമചിഹ്നങ്ങള്‍ തമ്മിലുള്ള അന്തരമോ അവയുടെ ശരിയായ ഉപയോഗമോ അറിയില്ലതന്നെ. രണ്ടും മാറിമാറിയുപയോഗിക്കുക കേരളത്തിലെന്നല്ല, ഇന്ത്യയില്‍തന്നെ സര്‍വ്വസാധാരണമാണ്. അതായത്, മലയാളത്തെ മാത്രം ബാധിക്കുന്ന ഒരു ദുശ്ശീലമല്ലിത്. ഇന്ത്യയിലുപയോഗിക്കുന്ന, ഇംഗ്ലീഷുള്‍പ്പെടെയുള്ള ഒരു ഭാഷയിലും ഇക്കാര്യത്തില്‍ ശ്രദ്ധയില്ല. രേഖക്കായി ഒരു പ്രത്യേക ചിഹ്നം നിലവിലില്ലാത്ത കീബോര്‍ഡും (ഞാനിപ്പോള്‍ ഉപയോഗിക്കുന്നതുല്‍പ്പെടെ -- അതുകൊണ്ട്, രണ്ട് ഹൈഫെന്‍ ചേര്‍ത്താണ് ഞാന്‍ രേഖയുണ്ടാക്കിയിരിക്കുന്നത്, അതൊട്ടും ശരിയല്ലെങ്കിലും!) പ്രസ്സുകളുമുണ്ട്! ഇപ്പോള്‍ പിന്നെ എല്ലാംതന്നെ കമ്പ്യൂട്ടറുയോഗിച്ചുള്ള ടൈപ്-സെറ്റിംഗ് ആണല്ലൊ. പക്ഷേ, തെറ്റെന്തെന്നറിയാതെ എങ്ങനെയത് തിരുത്തപ്പെടും?

ശൃംഖലത്തിന്റെ സാധാരണ പ്രയോഗം ലളിതമാണ്. ഉദാഹരണങ്ങള്‍:

1) ഇന്തോ-പാക് ചര്‍ച്ചകള്‍, ഇംഗ്ലീഷ്-മലയാളം നിഘണ്ടു എന്നൊക്കെ പോലെ രണ്ട് വാക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് പ്രഥമോപയോഗം.

2) പദ്യത്തില്‍ ഒരു പാദത്തിന്റെ അന്ത്യമാത്രയും അടുത്തതിന്റെ ആദ്യമാത്രയും തമ്മില്‍ ചേര്‍ത്ത് വായിക്കണമെന്ന് കാണിക്കാന്‍.

ഉദാ: വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ ഞാ-
നൊട്ടു വാനില്‍ പറന്നു നടക്കട്ടെ.

3) സാമാന്യനിയമപ്രകാരം, ശൃംഖലത്തിനും ബന്ധിക്കപ്പെടുന്ന വാക്കുകള്‍ക്കുമിടയില്‍ വിടവ് പാടില്ല. അല്ലെന്നാല്‍ അത് രേഖയായി തെറ്റിധരിക്കപ്പെടാം. എന്നാല്‍, ചിലയവസരങ്ങളില്‍, അതായത്, പല വാക്കുകളെ ഒരു പൊതുഘടകവുമായി ബന്ധിപ്പിക്കേണ്ടിവരുമ്പോള്‍, ചിഹ്നനത്തിനു ശേഷം അല്പം ഇടം വേണം. ഉദാ: ഋഗ്വേദത്തിന്റെ ശാകല- ബാഷ്ക്കലശാഖകള്‍ക്ക് ബ്രാഹ്മണങ്ങളില്ല. ഇവിടെ ശാഖ എന്ന ശബ്ദം ശാകല, ബാഷ്ക്കല എന്ന ശബ്ദങ്ങളുമായി ബന്ധിപ്പിക്കാന്‍ ഒരു ശൃംഖലയുടെ ആവശ്യമേയുള്ളൂ. ഈ ഉദാഹരണം ശ്രീ സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസിയില്‍നിന്നാണ്. അതില്‍ കാണുന്നത് പക്ഷേ, ശാഖല-ഭാഷ്ക്കല ശാഖകള്‍ക്ക് എന്നാണ്! അപ്പോള്‍ അര്‍ത്ഥംതന്നെ മാറിപ്പോകുന്നു. സത്യം പറഞ്ഞാല്‍, അപ്പോളവിടെ ഒരര്‍ത്ഥവുമില്ല. മഹത്തായ ഈ പുസ്തകം നിറയെ ഇത്തരം തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട് എന്നത് പരിതാപകരം തന്നെ. ഈ ലേഖനത്തിന്റെയാരംഭത്തിലെ രണ്ടാംവാക്യം ഒന്നുകൂടി ശ്രദ്ധിക്കുക. അതില്‍ മൂന്നു വാക്കുകളെ രണ്ട് തവണ ശൃംഖലമുപയോഗിച്ചും ഒരിക്കല്‍ സന്ധിയുപയോഗിച്ചും മറ്റൊരു പൊതുഘടകവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഭക്ഷ്യ- ഗൃഹ- സുഖഭോഗവസ്തുക്കളുടെ എന്ന് വായിക്കുമ്പോള്‍ കിട്ടുന്നയാശയം ഭക്ഷ്യോപഭോഗവസ്തുക്കളുടെ, ഗൃഹോപഭോഗവസ്തുക്കളുടെ, സുഖോപഭോഗവസ്തുക്കളുടെ എന്നാണല്ലോ. ഇവിടെ അതിനുപകരം ഭക്ഷ്യ-ഗൃഹ-സുഖ ഉപഭോഗവസ്തുക്കളുടെ എന്നെഴുതുന്നത് വലിയ തെറ്റു തന്നെയാണ്. കാരണം, ഈ മൂന്ന് വാക്കുകള്‍ തമ്മില്‍ ആന്തരികമായ ആശയബന്ധമില്ല. അതുകൊണ്ട് അവയെ ശൃംഖലമിട്ടു ബന്ധിപ്പിക്കുന്നതില്‍ കാര്യമില്ല.

വേറൊരു തരത്തിലും ഇങ്ങനെ സ്ഥലം ലാഭിക്കാം. ഉദാ: അപേക്ഷാഫാറത്തോടൊപ്പം നിങ്ങളുടെ ബി.എഡ്-മാര്‍ക് ലിസ്റ്റും -സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തണം. ഈ വാക്യത്തില്‍ ബി.എഡ്-സര്‍ട്ടിഫിക്കറ്റും എന്ന ആവര്‍ത്തനം ഒഴിവാക്കാന്‍ ഒരു ശൃംഖലമേ വേണ്ടൂ. പക്ഷേ, ഇടം (space) എവിടെ കൊടുത്താലാണ് ആശയം ശരിയായി തെളിഞ്ഞുകിട്ടുക എന്നത്, തഴക്കമില്ലാത്തവര്‍, അല്പം ശ്രദ്ധിച്ചുചെയ്യേണ്ട കാര്യമാണ്. ഈ വിധത്തിലുള്ള ശ്രദ്ധയോ ഇത്തരം ഉപയോഗങ്ങളെപ്പറ്റിയുള്ളയറിവോ നമ്മുടെ വലിയ എഴുത്തുകാര്‍പോലും പ്രകടിപ്പിച്ചുകാണുന്നില്ല.

ഇനി രേഖ. അതിന്റെയുപയോഗം ഒരു വലയത്തിന്റേതിനു (brackets), ആവരണ- അല്ലെങ്കില്‍ കോഷ്‌ഠചിഹ്നത്തിനു സമാനമാണ്. പറഞ്ഞു വരുന്നതിന് ഒരു വിശകലനമായിട്ടോ, കൂട്ടിച്ചേര്‍ക്കലായിട്ടോ മറ്റെന്തെങ്കിലും കുറിക്കുമ്പോളാണ് രേഖ വേണ്ടിവരുന്നത്. എന്നാല്‍, രേഖയുടെ ഫലം കിട്ടുക, അതിനിരുവശത്തും നിര്‍ബന്ധമായി ഇടം ഉണ്ടായിരിക്കുമ്പോള്‍ മാത്രമാണ്. അത് മറന്നാല്‍, രേഖ ശൃംഖലം പോലെ വാക്കുകളെ കൂട്ടിയോജിപ്പിക്കയായിരിക്കും ചെയ്യുക. അതോടേ വാക്യത്തിന്റെ അര്‍ത്ഥം തെറ്റുന്നു. ശീലക്കുറവ് മൂലം, അച്ചടിക്കുന്നവരും ടൈപ്പ് ചെയ്യുന്നവരും മറ്റൊരു പ്രധാന കാര്യവും മറക്കുന്നുണ്ട്‌: രേഖക്ക് ശൃംഖലത്തെക്കാള്‍ അല്പം നീളം കൂടുതലുണ്ടായിരിക്കണം. 'രേഖാഖണ്‌ഡം' എന്ന് ഹൈഫെന് ഒരു ഭാഷന്തരമുള്ളത് തന്നെ അതുകൊണ്ടാണല്ലോ. ഇന്ത്യയില്‍ മാത്രമാണ് ഈ വ്യത്യാസം അവഗണിക്കപ്പെടുന്നത്. വായനയെ അത് വല്ലാതെ ക്ളിഷ്ടതരമാക്കുന്നു. ഉദാ: ചുരുക്കത്തില്‍ ഇതാണ് മാണ്‍ഡൂക്യോപനിഷത്തിന്റെ പ്രബോധനം -- അയമാത്മാ ബ്രഹ്മ. വേറൊരുദാഹരണം: ജിഹ്വാമേ മധുമത്തമാ -- നാക്ക് മാധുര്യമൂറുന്നതാവണം. ഈ രണ്ടുദാഹരണങ്ങളിലും, ആദ്യം പറഞ്ഞതിന് ഒരു വിശദീകരണമാണ് രേഖ കഴിഞ്ഞു പറയുന്നത്. അടുത്ത ഉദാഹരണത്തില്‍, രണ്ട് രേഖകള്‍ ഒരു വലയത്തിന്റെ പണി ചെയ്യുന്നു: ഏത്‌ വിദ്യയില്‍ ശ്രേയസ് -- ബ്രഹ്മസാക്ഷാത്ക്കാരം -- ഉപനിഷ്ഠമായിരിക്കുന്നുവോ, അതത്രേ, ഉപനിഷത്ത്.

അശ്രദ്ധകൊണ്ട് വന്നുഭവിക്കുന്ന ഹാനിയെത്രയെന്ന്‌ ഇനി കുറിക്കുന്നയുദാഹരണം വ്യക്തമാക്കും. One World Publishing, Ernakulam പുറത്തിറക്കിയ ഒരു കൃതിയുടെ പേരാണ് "താവോ-ഗുരുവിന്‍റെ വഴി". കണ്ടാല്‍ തോന്നും, താവോ എന്ന് പേരുള്ള ഏതോ ഗുരുവിന്‍റെ വഴിയെപ്പറ്റിയാണ്‌ എഴുത്ത് എന്ന്. പുസ്തകത്തിന്റെ ഓരോ താളിലും ഇങ്ങനെ മുദ്രണം ചെയ്തിരിക്കുന്നു. എന്നാല്‍, വേണ്ടിയിരുന്നതോ, "താവോ -- ഗുരുവിന്‍റെ വഴി" എന്നും! താവോ എന്താണെന്നാണ് (അതാണ്‌ എന്റെ ഗുരുവിന്‍റെ വഴി) കൃതിയില്‍ വിശദമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. പക്ഷേ, രേഖക്ക് പകരം ഇട്ടത് ശൃംഖലം! മൂലഗ്രന്ഥത്തിന്റെ സ്വതന്ത്രാവിഷ്ക്കാരം നടത്തിയ അഷിത പോലും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ, ആവോ!

DCBooksന്റെ ശബ്ദസാഗരത്തില്‍ രേഖ, ശൃംഖലം (ശൃംഖല) എന്ന ചിഹ്നങ്ങള്‍ തെറ്റായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്!

ബഹുമാന്യരായ എഴുത്തുകാര്‍ ജാഗ്രതൈ!

വ്യര്‍ത്ഥ വ്യഗ്രത




hyÀ°hy{KX

Bbncw cmhpIÄ ]¦n«p R§þ
fmbncw IYIÄ ]dªpd§n.
IYbntem tNmZysa¶nSbv¡p Rm³ XSnX¸nþ
bXptI«S§msXsbXnÀhm¡hÄ sNmÃn.
Hcp ]Zsa\n¡p, sÈ, ]niInt¸msbhnsStbm
Dcp-¬Sp]nSª¶p amdn¡nS¶hÄ!

]mSnbpd¡nbhsf kzbapd§msXbpw
hmcnbq«n kzbsam«pap®msXbpw
]Wnimebn \ns¶mfnªnd§n
{hWnXmwK\mbv¡pdphgn Xm-¬Snsb¯n.
Hcp \nanjsa¶p Rm³ sshInt¸mtbm
DcnbmSpInöhf£cta!

AÀ°\nL-¬Sphnsems¡bpta ]ns¶
iÐXmcmhenbneqsSbpw XYm
]cymb§sf¯ncªhÄ¡mbv
]cym]vXamw hmKKoX§fpw Rm³
Hcp {]mksa\n¡p lm, sXänt¸mbn
lcn¨pIfªhsfms¡bpsas¶bpw!

Bbncs¯m¶p ambnIhiy§Ä
ambn¨pSbv¡pw \ncql\nanj§Ä
Aev]`qX§fmbv thjanSpsat¶m
AZv`pXmZchn¶pdhnS§Ä?
Bcdnbp¶q, kv{Xo, bhsfmcZv`pXtam
shdpw hyÀ°amsbcnbp¶ hy{KXtbm?



നവവത്സരസായൂജ്യം

\hhÕckmbqPyw
Zpjv¡c§fmw alm\ZnIsfþ
bqänhän¨hÀ; 
ZpÀKa§fmw [\ymcWy§sf
sh«nshfp¸n¨hÀ;
മനോഹരമാം മുട്ടക്കുന്നുകളെ 
bnSnച്ചുനിരത്തിയവര്‍ -- 
X¸nsbSpക്കുന്നേäw \ndapÅ
`mjm{]tbmKZzµz§Ä
Imev]\nIOhn Ip¯n\nd¨
\hhÕcmiwkIÄക്കായ്-.
sh¬Nmbw tX¨ XmfpIfnÂ
X¦¯qhepsIm-ന്ടവയെഴുതുന്നു 
A©Âs¸«nIfnehbpsS s]cpag
F¯p¶nSs¯ms¡ വിഡ്ഢിച്ചിരി!

a\taml\miwkIfÃmsX
kwXr]vXn¡n\nsb´pÅq?
hÀjmhkm\shSns¡«ÃmsX
thsd´p \ap¡p kmbqPyw?



മരവും കിളികളും

മരവും കിളികളും 

കിളികള്‍ കൂട്ടമായി വന്നു 
ചില്ലകളിലിരിക്കുമ്പോള്‍ 
മരത്തിനു രോമാഞ്ചം 
പറന്നകലുമ്പോള്‍ വേദന.

ഇന്നലെയെത്താതിരുന്ന സൂര്യനോ-
ടിലകള്‍ കെറു പറയും -
എന്ത്യേ വന്നില്ല, നേരമെത്ര 
ഞങ്ങള്‍ കാത്തിരുന്നു!

മുട്ടയെല്ലാം വിരിഞ്ഞോ?
തള്ളപ്പക്ഷിയോടു മരം.
വിരിഞ്ഞോന്ന്! ആണ്‍കിളി
കയറിപ്പറഞ്ഞു, നാലാമ്പിള്ളേര്‍!

നന്നായി വളരുന്നുണ്ടോ?
മരം വീണ്ടും ചോദിച്ചു.

മഴവില്ല് കണ്ടിന്നലെയോരുത്തന്‍
കൂടുവിട്ടിറങ്ങിയെന്നേ!
ഉന്തിത്തിരിച്ചിട്ടു ചട്ടമ്പിയെ
തള്ളപ്പക്ഷി ഗമ പറഞ്ഞു

മക്കളുമായി പോയാലും
വീണ്ടും വേഗം വരണേ! 
കായ്കളൊക്കെ പഴുക്കാനിനി
നേരമേറെയില്ല, കേട്ടോ!
 
സക്കറിയാസ് നെടുങ്കനാല്‍ 

അന്ത്യാഭിലാഷം



സമയദൂരങ്ങള്‍ക്കെതിരെയുള്ളയോട്ടം 
അര്‍ഥമറ്റയീ പോരാട്ടമിതാ തീര്‍ന്നു.
തുടരട്ടെ ഞാനിനിയെന്‍ പ്രയാണം 
കാലയവനികയ്ക്കപ്പുറത്തായ്‌.

ഉപയോഗിച്ചുതീര്‍ന്നയെന്റെ ദേഹം 
എന്നെ ഞാനാക്കിയയീ പ്രത്യക്ഷം 
നിങ്ങള്‍ക്കുമെനിക്കുമിനി- 
യൊരു ഭാരമാകേന്ടതില്ല.

എങ്കിലുംപള്ളിസിമിത്തേരിയില്‍ 
അഴിയാത്തയസ്ഥികള്‍ക്കിടക്കും 
പിരിയാന്‍ മടിക്കുന്നവര്‍ക്കടുത്തും 
അതിനെ കൊണ്ടിടല്ലേ നിങ്ങള്‍.

പകരംഎനിക്കു സുപരിചിതമായ
ഈ മണ്ണില്‍, ഈ വീട്ടുവളപ്പില്‍
എന്റെ ദേഹം ഭൂമിക്കു നനവും 
വളവുമായി അലിഞ്ഞുചേരട്ടെ.

നിശ്ഛലമായ്‌തീര്‍ന്നയെന്നവയവങ്ങള്‍ 
പരിപൂര്‍ണ്ണ നഗ്നതയില്‍ ശയിക്കട്ടെ.
കൊന്തയും കുരിശും ചാര്‍ത്തിയുള്ള 
വ്യര്‍ഥഗോഷ്ടികളും പൂമാലകളണിയി-
ച്ചുള്ള കപടമാന്യതയുമവയ്ക്കു വേണ്ടാ.





ഗത്ഗതമുണര്‍ത്തുന്ന ചരമഗീതങ്ങളും 
വ്യജഭാവനകളില്‍ പൊതിഞ്ഞ ഭക്തിഗാനങ്ങളും
വെറുത്തിരുന്നുഞാന്‍ എന്നോര്‍ക്കുക. 
അല്‍പവിശ്വാസികളുടെ മന്ത്രോച്ചാരണങ്ങളും
സൂത്രോക്തികളുമെന്നെയലോസരപ്പെടുത്തുമെന്നും.

മണ്ണില്‍ പിളര്‍ന്ന പുതുനനവില്‍ 
തിരിച്ചമ്മയുടെ ഗര്‍ഭത്തിലേക്ക്,
പ്രിയതമയുടെ മാറിടത്തിലേയ്-
ക്കെന്നപോലെന്നെ വയ്ക്കുക.
മീനച്ചിലാറ്റിലെ ശിലാശകലങ്ങള്‍ 
പെറുക്കി നിരത്തിയെന്‍ വിശ്രമ-
സ്ഥാനമലങ്കരിച്ചാലും. 
കോട്യാനുകോടി സംവത്സരങ്ങളിലെ 
സന്ചാരകഥകള്‍ എന്നോടവര്‍ക്ക് 
പറയാനുണ്ടാവും.

ഉറവിടമോന്നു മാത്രം നമുക്കെല്ലാം
പരിണാമങ്ങളെന്നാല്‍ പലവിധേ...
മരിക്കുന്നെല്ലാ ജീവനുമൊരിക്കല്‍ 
വീണ്ടും തളിര്‍ത്തിടാനായ്‌ മാത്രം.



സക്കറിയാസ് നെടുങ്കനാല്‍ 






സന്തുഷ്ടിയിലേയ്ക്കുള്ള വഴി

'Boiled Frog Syndrome' എന്ന് കേട്ടിട്ടുണ്ടോ? Ornstein എന്നൊരാള്‍ കണ്ടെത്തിയ പ്രതിഭാസമാണിത്. ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച്, ഒരു തവളയെ അതിലിടുക. വളരെ പതിയെ വെള്ളം ചൂടാക്കുക. തീരെ സാവധാനമുയരുന്ന ചൂട് തവള തിരിച്ചറിയുകയില്ല. തിളനിലയെത്തുന്നതിനു മുമ്പ് ചാടിപ്പോകാന്‍ കൂട്ടാക്കാതെ, സംഭവമെന്തെന്നറിയാതെ, പാവം വെള്ളത്തിലിരുന്ന് ചാകും. ഇന്നത്തെ സാധാരണ സ്കൂള്‍ വിദ്യാഭ്യാസത്തിലൂടെ നമ്മുടെ കുട്ടികള്‍ ബൌദ്ധികമായി ഇത്തരമൊരു പ്രതിഭാസത്തിലാണ് എത്തിപ്പെടുന്നത്. വളരെ സാവധാനം അവരെ പൊതിയുന്ന സങ്കുചിത ജീവിതശൈലികള്‍ അവരറിയാതെ തന്നെ ബുദ്ധിയെയും മനസ്സിനെയും കൊല്ലുന്നു. തുറവ്, ജിജ്ഞാസ, വിസ്മയം, സഹകരണം, സ്വാതന്ത്ര്യം തുടങ്ങിയ ഗുണങ്ങള്‍ ശീലിപ്പിക്കാന്‍ അദ്ധ്യാപകര്‍ വളരെ മന:സാന്നിദ്ധ്യത്തോടെ ശ്രദ്ധിക്കുന്നില്ലെങ്കില്‍, പുറത്തുവരുന്നത് (വിശേഷിച്ച്, മത്രുഭാഷയില്ലാത്ത പൊങ്ങച്ചസ്കൂളുകളില്‍ നിന്ന്) മനുഷ്യത്വം മരവിച്ചുപോയ, അടിമുടി ജാടകളില്‍ പൊതിഞ്ഞ വ്യക്തികളായിരിക്കും. ഇതല്ല ഇന്ന് നമ്മുടെ നാടിന്റെ വിനാശം എന്ന് പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ?

"ആഹാ!" എന്ന് തുടരെത്തുടരെ വിസ്മയിക്കാനാകുക, അതാണ്‌ മനുഷ്യനെ മനുഷ്യനാക്കുന്നത്. എവിടെയും എല്ലാറ്റിലും അദ്ഭുതവും പുതുമയും കാണാനായാല്‍, ജീവിതം പിന്നെ മ്ലാനമയമാവില്ല. അഹന്തയുടെയഭാവമാണ് ആത്മീയത എന്ന ലേഖനത്തിലെ ഈ വാക്യം കണ്ടിരിക്കുമല്ലോ:  അദ്ഭുതമെന്നൊന്നില്ല, ഉണ്ടെങ്കില്‍, എല്ലാം അദ്ഭുതങ്ങളാണ്. ഇത് തന്നെ ഇംഗ്ലീഷില്‍ Einstein വളരെ പണ്ടേ പറഞ്ഞിട്ടുള്ളത് ഞാന്‍ കാണുന്നത് Einstein & Zen (Konrad P. Pritscher, Peter Lang Publ. N.Y. 2010) എന്ന കൃതി 2010 സെപ്റ്റെമ്പര്‍ അവസാനം എനിക്ക് കിട്ടുമ്പോഴാണ്. "There are no miracles as such, or everything that happens is a miracle." ഈ കണ്ടെത്തലിലേയ്ക്ക് വരാന്‍ നമുക്കിന്നുള്ള അറിവൊക്കെ ധാരാളമാണ്. അല്പമായതെല്ലാം ബൃഹത്തായതിനെ ഉള്‍കൊള്ളുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. ഓരോ കുരുവിലും ഓരോ കോശത്തിലും നിന്ന് മരവും മൃഗവും മനുഷ്യനും വികസിച്ചുണ്ടാകുന്നത് നാം എന്നും കാണുന്നു. ചെറുതില്‍ വലുത് ഒളിഞ്ഞിരിക്കുന്നതും അത് പുറത്തേയ്ക്ക് വരുന്നതുമായ മഹാദ്ഭുതമാണത്. ഏത്‌ ജീവിയുടെയും ഏത്‌ വസ്തുവിന്റെയും ഏറ്റം ചെറിയ അംശം പോലും അതിന്റെ വലിയ രൂപത്തെ വഹിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, ഒരു ജീവിയുടെ ഒറ്റ കോശത്തില്‍ നിന്ന് ഒരു പുതിയ പകര്‍പ്പുണ്ടാക്കുന്ന 'ക്ലോണിംഗ്' സംഭവ്യമായത്. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ഭാവം നമ്മില്‍ ഓരോരുത്തരിലും, നാം കാണുന്ന ഓരോന്നിലും മറഞ്ഞിരിക്കുന്നുണ്ട്. ഓരോ കണികയും അതിന് തനതായ ഊര്‍ജ്ജത്താല്‍ മാത്രമല്ല, പ്രപഞ്ചോര്‍ജ്ജത്താല്‍ കൂടെയും പ്രകമ്പിതമാണ്. അനിനുള്ളിലെ ശക്തി, അനന്തമാണ്‌. ബ്രഹ്മം എന്ന വാക്ക് 'ബ്രിഹ്' എന്ന മൂലത്തില്‍ നിന്നാണ്. അതിനര്‍ത്ഥം വളരുക, വികസിക്കുക എന്നൊക്കെയാണ്. "രൂപമില്ലാത്ത, മരണമില്ലാത്ത, ചലനം" എന്നാണ് ഉപനിഷദ് ഭാഷയില്‍ ബ്രഹ്മം അല്ലെങ്കില്‍ പരാശക്തി. ബ്രഹ്മാണ്ഡം എന്ന് വച്ചാല്‍, ഒരേ സമയം മൊത്തം പ്രപഞ്ചവും ചരാചരത്തിലെ ഓരോ കണികയുമാണ്. ഇതൊരു ജീവനുള്ള സത്യമായി മനസ്സില്‍ സൂക്ഷിച്ചാല്‍ മതി, എന്തിലും ഏതിലും അദ്ഭുതം ദര്‍ശിക്കാന്‍.

പക്ഷേ, ഉള്‍ക്കൊള്ളാന്‍ വളരെ വിഷമമുള്ള കാര്യമാണിത്. ബുദ്ധന്റെ കാഴ്ച്ചപ്പാടനുസരിച്ച്, ഈ ലോകം മൊത്തത്തില്‍ ഒരു പ്രക്രിയയാണ്, പ്രത്യേകാസ്തിത്വമായി ഒന്നുംതന്നെയതിലില്ല. ആകെയുള്ള ഒരേയൊരു കാര്യം ചലനമാണ്. എന്നാല്‍, ഇത് കേള്‍ക്കുന്നവരും വായിക്കുന്നവരും മനസ്സിലാക്കുന്നത്, എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നു എന്ന് മാത്രമാണ്. അതല്ല, പക്ഷേ,  ബുദ്ധന്‍ പറയുന്നത്. അദ്ദേഹം പറയുന്നത്, ചലിച്ചുകൊണ്ടിരിക്കുന്ന ഒന്നുമവിടെയില്ല, ചലനം മാത്രമേയുള്ളൂ എന്നാണ്. ഈ സത്യം പിടിച്ചെടുക്കുകയാണ് നമ്മുടെ ബുദ്ധിമുട്ട്. എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നു എന്നംഗീകരിക്കാന്‍ അല്പം ശാസ്ത്രബോധമുള്ളവര്‍ക്ക് അത്ര പ്രയാസമുണ്ടാവില്ല. ഒരേ നദിയിലേയ്ക്ക് രണ്ടുതവണയിറങ്ങാന്‍ ആര്‍ക്കുമാവില്ല എന്ന് ഒരു ജ്ഞാനി പറഞ്ഞത്, അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടശേഷം, സുസ്മേരവദനരായി, നാം ആത്മപ്രശംസയിലാഴുന്നു: ശരിയാണ്, നദി ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. എന്നിട്ട്, ഈ ഗ്രാഹ്യം നാം മരങ്ങളിലേയ്ക്കും മനുഷ്യരിലേയ്ക്കുമൊക്കെ മാറ്റിപ്രതിഷ്ഠിച്ചുകൊണ്ട് നമ്മുടെ ബുദ്ധിവികാസത്തെ ഒന്നുകൂടി സ്ഥിരീകരിക്കും. എന്നാല്‍, അപ്പോഴും നാം അബദ്ധത്തില്‍ തന്നെയാണെന്ന് ബുദ്ധന്‍ പറയും. കാരണം, മാറിക്കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ഒരു ലോകമേയില്ല, മാറ്റം മാത്രമാണുള്ളത് എന്നാണ് ബുദ്ധഭാഷ്യം. വസ്തുക്കളുണ്ടെന്ന്, ഞാനും അന്യരുമെന്ന വ്യത്യാസമുണ്ടെന്ന്, കരുതുമ്പോള്‍, വ്യാഖ്യാനങ്ങള്‍ വേണ്ടിവരും. എല്ലാ വ്യാഖ്യാനങ്ങളും മനസ്സിന്റെ സൃഷ്ടിയാണ്. പരമാര്‍ത്ഥത്തില്‍ നിന്ന് നമ്മെ തടഞ്ഞു നിര്‍ത്തുന്നത് മനസ്സും അതിന്റെ വ്യാഖാനങ്ങളുമാണ്. അതൊരു രാവണക്കോട്ടയാണ്. അതിന് പുറത്ത് കടക്കുന്നവരുടേതാണ് സന്തുഷ്ടി.              

ജീവിതത്തെ നേര്‍ക്കുനേര്‍ കാണാന്‍ മടിയില്ലാത്തവര്‍ക്ക്, സംസാരത്തെ (സാധാരണ ജീവിതത്തെ) നിര്‍വ്വാണ തലത്തിലേയ്ക്കുയര്‍ത്താന്‍ വഴികളുണ്ട് എന്നത് ബുദ്ധന്റെ വലിയ കണ്ടുപിടുത്തമായി കരുതപ്പെടുന്നു. അതിലൊന്നാമത്തേത്, അരോചകവും വേദനാജനകവുമായവ സംഭവിക്കുമ്പോള്‍, അനിവാര്യമാണെന്നുണ്ടെങ്കില്‍‍, അവയെ അംഗീകരിക്കാന്‍ സ്വയം പഠിപ്പിക്കുകയാണ്. പക്ഷേ അതിനായി, ആദ്യം, സംഭവിക്കുന്നതെന്തെന്ന് ശ്രദ്ധിക്കാന്‍ കഴിയണം. ഈ ശ്രദ്ധയാണ് പ്രധാനം. കാരണം, എന്തും, ഒരു ചെറിയ പുല്‍ത്തലപ്പുപോലും, വിസ്മയകരമായ ഒരു പ്രതിഭാസമായിത്തീരുന്നു, അത് ശ്രദ്ധിക്കപ്പെടുമ്പോള്‍; വിശദീകരിക്കാനാവാത്ത ഒരു രഹസ്യവും അളവില്ലാത്ത അദ്ഭുതവുമായി അത് രൂപാന്തരപ്പെടുന്നു. ഈ പറഞ്ഞതില്‍, അത് എന്നുള്ളതാണ് മര്‍മ്മം. അത് അഹത്തെ മറയ്ക്കുകയും അപ്രധാനമാക്കുകയും ചെയ്യുന്നതോടെ, മുമ്പിലുള്ളതില്‍ നിന്ന് വേര്‍തിരിഞ്ഞ ഒന്നല്ല നമ്മുടെ അസ്തിത്വം എന്ന ഉള്‍ക്കാഴ്ച ജനിക്കുന്നു. ഒറ്റ വായനകൊണ്ടോ ഒറ്റ ദിവസംകൊണ്ടോ മനസ്സിലാകുന്ന ഒരു സംഗതിയല്ലിത്. എന്നാല്‍, നമ്മെ വരിഞ്ഞിറുക്കി ശ്വാസംമുട്ടിക്കുന്ന, ഒരിക്കലും തീരാത്ത, ആഗ്രഹങ്ങളില്‍ നിന്ന് മോചനം തേടുന്നെങ്കില്‍, അതിന് ഈ ഒറ്റ വഴിയേയുള്ളൂ. ഈ ശ്രദ്ധയില്‍ നിന്നാണ് സഹവര്‍ത്തിത്വബോധം ജനിക്കുന്നത്. Compassion (kindness) ആണ് ശാന്തിയിലേയ്ക്കുള്ള മാര്‍ഗമെന്ന് ശ്രീബുദ്ധന്‍ പറഞ്ഞത് അതുകൊണ്ടാണ്. 'കം പാഷന്‍'  എന്നാല്‍, സ്വരുമ തോന്നുക, ഒരുമിച്ചനുഭവിക്കുക എന്നൊക്കെയാണല്ലോ.

സന്തുഷ്ടിയിലേയ്ക്കുള്ള മൂന്നു പടികള്‍ ഏതൊക്കെയെന്നു തോമസ്‌ കീറ്റിംഗ് വിശദീകരിക്കുന്നത് ഇങ്ങനെ: ആദ്യത്തെ പടി, മറ്റുള്ളവര്‍ (മറ്റുള്ളവ) ഉണ്ട് എന്നറിയുക. രണ്ട്: ഈ മറ്റുള്ളവര്‍ ഞാന്‍ തന്നെ എന്ന് തിരിച്ചറിയുക. മൂന്ന്: മറ്റുള്ളവര്‍ ഇല്ലെന്നറിയുക! ഇത് തന്നെയാണ് വിശുദ്ധിയിലേയ്ക്കുള്ള വഴിയും. ഇതില്‍കൂടുതലൊന്നും യേശുവും പഠിപ്പിച്ചില്ല. ബുദ്ധനും യേശുവും ചൂണ്ടിക്കാണിച്ചത് ഓരോരുത്തരും അവരവരുടെ നിര്‍വൃതിയില്‍ എത്തിച്ചേരുന്നതിനുള്ള വഴിയല്ല, മറിച്ച്, അസ്തിത്വം മുഴുവന്‍ നിര്‍വൃതിയില്‍ എത്താനുള്ള വഴിയാണ്. ശരിക്ക് പറഞ്ഞാല്‍, അസ്തിത്വത്തിന്റെ നിര്‍വൃതിയില്‍ സ്വയം അലിഞ്ഞുചേരാനുള്ള വഴിയാണത്. ഒറ്റയ്ക്ക് വിശുദ്ധിയിലെത്തുക അങ്ങേയറ്റത്തെ അയുക്തിയും അസ്സാധ്യതയുമാണ്. 

ദേഹത്തെ പൊതിഞ്ഞും ഉള്ളിലുമായിട്ടുള്ളതാണ് ദേഹി. അതിന്റെ ശുദ്ധി അല്ലെങ്കില്‍ പവിത്രതയാണ് ആത്മശുദ്ധി. ഇല്ലെങ്കിലും ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കാവുന്നതാണ്‌ ദേഹത്തിന്റെ ശുദ്ധി. സെന്റു പൂശിയും തേച്ചുമിനുക്കിയ വസ്ത്രം ധരിച്ചുമൊക്കെ 'വൃത്തിയായി' നടക്കാനാണ് ഇന്നേവര്‍ക്കും താപര്യം. എന്നാല്‍, ദേഹിശുദ്ധിയില്‍ കബളിപ്പിക്കല്‍ നടക്കില്ല. ഒന്നാമത്, മനസ്സ് ശുദ്ധമല്ലെന്ന്, നാം നമ്മോട് തന്നെ അംഗീകരിക്കേണ്ടി വരും. രണ്ടാമത്, പുറത്തുള്ളയാള്‍ക്കാര്‍ക്കും അത് പിടികിട്ടും, വിളിച്ചു പറയുന്നില്ലെങ്കിലും. മനസ്സില്‍ അശുദ്ധി തീണ്ടിയാല്‍, അതിലൊരു ഭാഗമെങ്കിലും ശരീരത്തിലൂടെ പുറത്ത് കളയാന്‍ പ്രകൃതി ശ്രമിക്കാറുണ്ട്. അകാരണമെന്നു തോന്നുന്ന വൃണങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും ഇങ്ങനെയൊരു പ്രതിഭാസമാണുണ്ടാവുക. ദേഹവും ദേഹിയും മനുഷ്യന്റെ ഏക ജൈവീകതയുടെ ഇരു ഘടകങ്ങളാണെന്നും അവയൊരുമിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും സൂക്ഷ്മനിരീക്ഷണത്തിലൂടെ മനസ്സിലാക്കാം. ദേഹാസ്വസ്ഥതകളുടെ കാരണങ്ങള്‍ ദേഹത്തില്‍ തന്നെയാകണമെന്ന് ശാഠ്യമരുത്. മനസ്സിനെ പരിശോദ്ധിക്കുക ഓരോരുത്തരുടെയും കടമയാണ്, പുറത്തുള്ള വൈദ്യന്റെയല്ല.

ബലഹീനനിമിഷങ്ങളില്‍ സ്വാര്‍ത്ഥതയിലൂടെയാണ് അശുദ്ധിയുടെണുക്കള്‍ ഉള്ളില്‍ കടന്നുകൂടുന്നത്. അങ്ങനെ അവിചാരിതമായി അശുദ്ധി തീണ്ടിയാല്‍, അത് തിരിച്ചറിയുന്നതോടെ, സ്വയമൊരു ആത്മീയ സിരാവേധം നടത്താനുള്ള ധൈര്യം വിശുദ്ധിയുടെ തന്നെ ഭാഗമാണ്. ഞരമ്പു മുറിച്ച് അഴുക്കു രക്തം വാര്‍ന്നുപോകാനനുവദിക്കുന്ന രീതിയാണത്. ഇരുവശവും കെട്ടി മുറുക്കി, കഷ്ടതയുള്ള ഭാഗത്തുണ്ടാക്കുന്ന മുറിവിലൂടെ ദുഷിച്ച രക്തം പുറത്ത് കളയുന്നതോടെ, അസുഖവും മാറുന്നു. ഉള്ളിലെ അധികപ്പറ്റുകളും വിഷബാധകളും യഥാര്‍ത്ഥ മന:ശാന്തിക്കു ഹാനികരമാകുമെന്നപോലെ തന്നെ, പുറമേ നമ്മള്‍ വാരിക്കൂട്ടുകയും വച്ചുകെട്ടുകയും ചെയ്യുന്ന ഉരുപ്പടികളും അശുദ്ധിക്കു കാരണമാകും. ഇതില്‍ നിന്ന് ഉരുത്തിരിയുന്നതാണ് ബുദ്ധന്റെ അല്ലെങ്കില്‍ യേശുവിന്റെ വഴിയുടെ രണ്ടാമത്തെ വശം. ആവശ്യങ്ങളെ ചുരുക്കുക എന്നതില്‍ അടങ്ങിയിരിക്കുന്നു അത്. അധികം ഉണ്ടായിരിക്കുന്നതല്ല സമ്പത്ത്, ആവശ്യങ്ങളില്ലതിരിക്കുന്നതാണത്. Einstein ചോദിക്കാറുണ്ടായിരുന്നു: ഒരു മേശ, ഒരു കസേര, ഒരു പാത്രം നിറയെ പഴങ്ങള്‍, ഒരു വയലിന്‍ - ഇതില്‍ കൂടുതലെന്തുവേണം ഒരാള്‍ക്ക് സന്തുഷ്ടനായിരിക്കാന്‍? ഇത്രയുംകൊണ്ട് തികഞ്ഞ സന്തോഷത്തോടെ കഴിയാനാകുന്നവര്‍ തീര്‍ച്ചയായുമുണ്ട്. എന്നാല്‍, എല്ലാവരും അങ്ങനെയല്ലെന്ന് ഏവര്‍ക്കുമറിയാം. വാച്യാര്‍ത്ഥമല്ലല്ലോ പക്ഷേ, ഉദ്ദേശിക്കുന്നത്. ഉദ്ദേശിച്ചതെന്തെന്നു അദ്ദേഹംതന്നെ പറയുന്നു: ലളിതവും പത്രാസില്ലാത്തതുമായ ഒരു ജീവിതരീതി ആത്മാവിനും ശരീരത്തിനും എല്ലാ വിധത്തിലും ഉതകുന്നതായിരിക്കും. അന്യരില്‍ നിന്നും സംഭവങ്ങളില്‍ നിന്നും നമുക്കുള്ള വ്യത്യസ്തതയെപ്പറ്റിയുള്ള അതിരുവിട്ട ബോധമാണ് എല്ലാ വഴികടന്നയാഗ്രഹങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി. അഹത്തിന്റെ അതിപ്രസരമാണ് 'പത്രാസ്' എന്നതുകൊണ്ട് നാടോടിഭാഷയില്‍ ഉദ്ദേശിക്കുന്നത്. അഹന്തയില്‍നിന്നുയരുന്ന ദുര്‍ഗന്ധമാണ് പൊങ്ങച്ചം. ഒരാള്‍ അഹത്തില്‍നിന്ന് എത്രമാത്രം വിടുതല്‍ നേടിയിട്ടുണ്ടോ അത്രയും സരാംശമേ അയാളുടെ സ്വഭാവത്തിനുള്ളൂ. ഇതൊരു സാര്‍വത്രിക കണ്ടെത്തലാണ്. ജ്ഞാനം വെറും അറിവിന്റെ ശേഖരമല്ല. ലബ്ധമായ അറിവുകളെ അവനവന്റെ ഏറ്റവും വലിയ നന്മക്കായി സ്വരുമിപ്പിക്കാനാകുക എന്നതിലാണ് ശാശ്വതമായ സന്തുഷ്ടിയടങ്ങിയിരിക്കുന്നത്. മറ്റുള്ളവരുടെ നന്മയുംകൂടി കണക്കിലെടുക്കാതെ ഒരാള്‍ തേടിക്കൂട്ടുന്നതൊന്നും ആത്യന്തികമായി സന്തുഷ്ടിയുടെ പരിമളം പരത്തുകയില്ല. അത്തരം സമഗ്രമായ സന്തുഷ്ടിയല്ലാതെ മറ്റെന്താണ് നമുക്കാഗ്രഹിക്കാവുന്ന ഏറ്റവും വലിയ നന്മ? 

ആഗ്രഹങ്ങളുടെ കാര്യം വരുമ്പോള്‍, നെല്ലും പതിരും തമ്മില്‍ വേര്‍തിരിക്കാനറിയുന്നതു തന്നെയാണ് ജീവിക്കുക എന്ന കല. ജീവിതം തന്നെ കലയാക്കുന്നവന്‍, എന്തു ചെയ്യണം, എന്തു പറയണം, എന്തുടുക്കണം, എന്തൊക്കെ വാങ്ങിക്കൂട്ടണം തുടങ്ങിയവ സ്വയം നിശ്ചയിക്കുന്നു. അന്യര്‍ നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്ന പ്രതിരൂപത്തില്‍നിന്ന് സ്വയം വിടുതല്‍ നേടാനാകുമെങ്കില്‍, കൈവരുന്നത് വിലയുറ്റ സ്വാതന്ത്ര്യത്തിന്റെ നിധിയാണ്. ഇക്കാര്യത്തില്‍ തെറ്റുവരാം, പക്ഷേ, മനസ്സായാല്‍ തിരുത്താവുന്ന സ്വന്തം തെറ്റുകളാണവ, അന്യരെ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടില്‍നിന്ന് വന്നുഭവിക്കുന്നവയല്ല. ഭൂരിഭാഗം മനുഷ്യരുടെയും സ്ഥിതി മറിച്ചാണ്. അന്യരുടെ മുമ്പില്‍ കേമപ്പെട്ട ഒരു പ്രതിച്ഛായ സൃഷ്ടിച്ചെടുക്കുക എന്ന പാഴ്വേലയിലാണ് കൂടുതല്‍ ആള്‍ക്കാരും അവരുടെ സമയത്തിലേറെയും കളയുന്നത്. അപ്പോള്‍, പുറത്തുനിന്നുള്ള സമ്മര്‍ദ്ദം വളരെ വലുതാണ്‌. ഊര്‍ജ്ജമെല്ലാം, അതിനെ ചെറുക്കാന്‍ വേണ്ടി ചെലവായിപ്പോകുന്നു. അത്തരം ദുര്‍വ്യയം ഒട്ടും സംഭവിക്കാതിരിക്കുന്നത് ശിശുക്കളിലാണ്. അവരെപ്പോഴും മുഴുവന്‍ 'ഞാന്‍' ആണ്, അന്യര്‍ ആഗ്രഹിക്കുന്ന 'നീ' അല്ല. ആ ''നീ'' ആയിരിക്കാനായി അവര്‍ ഊര്‍ജ്ജം വ്യയം ചെയ്യുന്നില്ല. "ഓരോ ശിശുവും ഒരു കലാകാരനാണ്, എന്നാല്‍ വളര്‍ന്നു കഴിഞ്ഞാലും കലാകാരനായിരിക്കുന്നതാണ് കുഴഞ്ഞ കാര്യം" എന്ന് ആധുനിക കലയില്‍ ഒരു വഴിത്തിരിവ് തന്നെ സൃഷ്ടിച്ച പിക്കാസോ പറഞ്ഞു. ഒരു തര്‍ക്കവുമില്ല. എന്തെന്നാല്‍, നടക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഒരു പ്രതിച്ഛായയുടെ ആവശ്യം വേണ്ടിവരുന്ന സംസ്ക്കാരമാണ് ഏത്‌ കുഞ്ഞിനു ചുറ്റും പരിഷ്കൃതരായ നമ്മള്‍ ചമച്ചുവച്ചിരിക്കുന്നത്! അതുകൊണ്ട് അവരൊരിക്കലും പക്വതയിലെത്തുന്നില്ല. 

സ്വയം നയിക്കാനറിയുകയാണ് പക്വത. പക്വതയുള്ളയാള്‍ക്ക്‌ നന്മയേത്, തിന്മയേത് എന്ന് മറ്റാരും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് നല്ല പ്രായത്തിലും ഇതൊക്കെ ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട ദയനീയാവസ്ഥയാണുള്ളത്. അപ്പോഴേയ്ക്കും സ്വീകരിക്കാനുള്ള അവരുടെ എളിമ നഷ്ടപ്പെട്ടിരിക്കും. ചെറുപ്രായംതൊട്ട്‌ അവരുടെ മിക്ക കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് അന്യരായതിനാല്‍ (മാതാപിതാക്കള്‍, അധ്യാപകര്‍, വൈദികര്‍‍ , രാഷ്ട്രീയക്കാര്‍‍) കുട്ടികള്‍ സ്വയംപര്യാപ്തതയിലേയ്ക്ക് വളരുന്നില്ല. ഇവരെല്ലാം പരോക്ഷമായി ആവശ്യത്തിലധികം അധികാരം ചെലുത്താന്‍ ശ്രമിക്കുന്നുണ്ട്. സന്തുഷ്ടിയെ എത്തിപ്പിടിക്കാന്‍ ഒരിക്കലുമുപകരിക്കാത്ത ചത്തയാശയങ്ങളെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കുത്തിനിറക്കുന്നത് അതില്‍പ്പെടും. എന്നിട്ട്, പുതിയവയെ കണ്ടെത്തൂ, വളര്‍ത്തിയെടുക്കൂ എന്നവരോട് പറഞ്ഞിട്ടെന്തു നേട്ടം? ഇത് പറയുന്ന മുതിര്‍ന്നവര്‍ തന്നെയാണ് യുവമനസ്സുകളില്‍ പുതിയതിന് വേണ്ടയിടമെല്ലാം പഴഞ്ചന്‍ ചരക്കുകൊണ്ടു നിറക്കുന്നത്. 

ചെറുപ്രായത്തില്‍ എന്റെ മനസ്സില്‍ തറച്ച ഒരാശയം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. സ്കൂളില്‍ പോകുമ്പോള്‍ ഇടുന്ന ഷേര്‍ട്ടിന്റെ തോളും കക്ഷവുമൊക്കെ കീറിത്തുന്നിയതാണെങ്കില്‍, അമ്മ പറയും അത് മാറ്റി വേറേ ഒന്നെടുത്തിടാന്‍. ഉടന്‍ അച്ഛനിടപെടും. അത് വൃത്തിയുള്ളതല്ലേ, അവനതിട്ടാല്‍ എന്താ കുഴപ്പം, അവനെന്റെ മോനല്ലാതാകുമോ? അത് കേള്‍ക്കേണ്ട താമസം, ധൈര്യമായി ഞാന്‍ ചാടിയിറങ്ങും. ഈ രീതിക്കിന്നും മാറ്റം വന്നിട്ടില്ല. ഒരേ ഡ്രെസ്സില്‍ പല തവണ എന്നെ കാണുന്ന ബന്ധുക്കള്‍ ഇടക്കെല്ലാം ഇഷ്ടക്കേട് പ്രകടിപ്പിക്കാറുണ്ട്. എന്റെ സഹധര്‍മ്മിണി ഏറ്റവും കൂടുതല്‍ എന്നെ കുറ്റപ്പെടുത്തുന്നത്, 'ഡീസന്റായി' വസ്ത്രധാരണം ചെയ്യാതെ പുറത്തിറങ്ങുന്നതിന്റെ പേരിലാണ്. കഴുകിയെടുത്ത വസ്ത്രം ഇസ്തിരിയിടാതെ ധരിക്കുന്നതില്‍ യാതൊരപാകതയും എനിക്ക് തോന്നാറില്ല. അങ്ങനെ നടക്കുന്നതും, ഏറ്റവും പുതിയ മോഡലിലുള്ള തിളങ്ങുന്ന ഡ്രെസ്സിട്ടു നടക്കുന്നതും എന്റെ സത്തയില്‍ മാറ്റമൊന്നും വരുത്തുന്നില്ലെങ്കില്‍, ഒന്നു മറ്റേതിലും മെച്ചമാണെന്നു തീരുമാനിക്കുന്നതാര്, എന്തുകൊണ്ട്? കണ്ടുശീലിച്ച, ചിന്തിച്ചുറച്ച, പ്രതിച്ഛായ തകരുന്നതാണ്, അത് മാത്രമാണ്, പ്രശ്നം! അതത്ര കഴമ്പുള്ള സംഗതിയാകേണ്ടതുണ്ടോ? നമ്മുടെ അര്‍ദ്ധനഗ്നന്‍ മഹാത്മാവിനെ ഇടക്കൊക്കെ ഒന്നോര്‍ത്താല്‍ ഇതിനുള്ളയുത്തരം കിട്ടും