പ്രൊഫൈല്‍

മറ്റാരേയുംപോലെ മുഖമ്മൂടിക്കുപിന്നില്‍
ഒളിച്ചിരിക്കുന്നവനാണ് ഞാനും.
അത് പൊക്കി ആരെങ്കിലും നോക്കിയാല്‍
നാണിച്ചു നാണിച്ചു ഞാനുരുകിപ്പോകും. 

മടിച്ചു മടിച്ചു  ഞാനെഴുതുന്നതെന്തും
അധികമധികമാളുകള്‍ വായിക്കണമെന്ന്
ആരുമറിയാതെ കൊതിക്കുന്ന
മഹാവിരാഗിയാണ് ഞാന്‍.  

അര്‍ഹിക്കാത്ത പുകഴ്ത്തലിന്റെ
ഓറാ  പുറമെയും
അര്‍ഹിക്കുന്ന നാണത്തിന്റെ നനവ്‌
ഉള്ളിലും എന്നെ മഥിച്ചുകൊണ്ടിരിക്കുന്നു.      

ഏവരോടും കരുണ പ്രസംഗിക്കുന്ന ഞാന്‍
സ്വന്തം തൊലിയില്‍ ചെളി പുരളാതെയും
ഉള്ള ഫ്രീറ്റൈം കുറഞ്ഞു പോകാതെയും
നിത്യജാഗ്രത പുലര്‍ത്തുന്നു.

എന്റെയിഷ്ടവിനോദങ്ങളില്‍ ചിലവ:
തിരിച്ചു തോണ്ടാന്‍ കെല്‍പ്പില്ലാത്തവരെ
നീണ്ട തോട്ടിയിട്ടു കുത്തിവലിക്കുക,
ഉത്തരമില്ലാത്ത ചോദ്യമെറിഞ്ഞ് മനസ്സ് മുറിക്കുക.
അന്യന്റെ കണ്ണിലെ പൊടി-
യെനിക്കു വല്ലാത്ത ശല്യമാണ്.
എന്റെ കണ്ണിലെ തടി - അതെനിക്ക്
ഫൂ! പുല്ലാണ്.

ഈ വരികള്‍ എന്നെപ്പറ്റിയല്ല,
ഇത് വായിക്കുന്നവരെപ്പറ്റിയാണ്.
എന്നെപ്പറ്റി ഇങ്ങനെയെഴുതിയാല്‍ 
പിന്നെയെന്നെ ആരു ശ്രദ്ധിക്കാന്‍?

കാപ്പിപ്പൂവ്

പെട്ടെന്നാണ് കൌമാരം വ-
ന്നെത്തിനോക്കിയത്.
വീടിനു താഴെ ഈണ്ടിയില്‍ ചവുട്ടി-
ക്കയറാവുന്ന കാപ്പിമരങ്ങള്‍ 
ചില്ലകളെല്ലാം നിറഞ്ഞു പൂക്കുന്ന ചെടി!
ഹാ,യെന്‍ സര്‍വ്വാസ്വാദന-
ശേഷിയും കവരുന്ന ഗന്ധം!
കരിയിലപ്പിടകളും അടക്കാ-
ക്കുരുവിയും, ചെമ്പനെന്ന-
യെന്റെ ഇഷ്ടനായയും
കുളിര്‍ക്കുന്നു മന-
മി
ന്നുമതോര്‍ക്കുമ്പോള്‍. 

സ്വാര്‍ത്ഥ ത - പുരോഹിതരുടെ സഹജഭാവം.

കാര്യങ്ങള്‍  തെളിഞ്ഞുവരുന്നത് വളരെ വൈകിയാണ്. നാം അതിരുകടന്നു വിശ്വസിക്കുന്നവര്‍ നമ്മെക്കൊണ്ട് കാര്യം കാണുകയും അത് വഴി നമ്മെ സാരമായി ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍, അത് നാം അറിയുന്നേയില്ലെങ്കില്‍, തെറ്റ് ഇരട്ടി ഗൌരവമുള്ളതാകുന്നു. അച്ചന്മാരെന്നു പറയുന്നവര്‍, വിശേഷിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും കണ്ണില്‍, ഒരിക്കലും ചതിക്കില്ലാത്തവരാണ്. അങ്ങനെയുള്ളവര്‍ വല്ലാതെ ചതിച്ചു എന്ന് ഒരിക്കല്‍ അറിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി!
എന്റെ അനുഭവം കുറിക്കട്ടെ. സ്ക്കൂളില്‍ ഒന്നാന്തരം വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. മിഡില്‍ സ്ക്കൂളില്‍ നിന്ന് TC യും വാങ്ങി മാന്നാനത്തുള്ള സെന്റ്‌ എഫ്രേംസ് ഹൈസ്കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ അവിടെയുള്ള ബോര്‍ഡിങ്ങില്‍ തങ്ങേണ്ടിവന്നു. കാര്യങ്ങളൊക്കെ നന്നായി മുന്നേറി.

അസിസ്റ്റന്റ്‌ ബോര്‍ഡിംഗ് റെക്ടര്‍ (ഫാ. റുഡോള്‍ഫ്) പുസ്തകമെഴുത്തുകാരനായിരുന്നു. എന്റെ കൈയ്യക്ഷരം ഒന്നാന്തരം. അച്ഛനെഴുതുന്ന പുസ്തകങ്ങള്‍ പ്രിന്റിങ്ങിനു കൊടുക്കാന്‍ മാന്യുസ്ക്രിപ്റ്റ്  തയ്യാറാക്കുന്നതിന്, വായിച്ചെടുക്കാന്‍ പറ്റാത്ത കൈപ്പടയില്‍ അച്ചനെഴുതുന്നതെല്ലാം എന്നെ ഏല്പിക്കും. ആ കാലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച ആദര്‍ശബാലന്‍ തുടങ്ങിയ സാമാന്യം വലിയ കൃതികള്‍. പലപ്പോഴും താളുകള്‍ എഡിറ്റു ചെയ്തു ശേഷം വീണ്ടും എഴുതണം. എന്റെ പഠനസയമെല്ലാം ഇങ്ങനെ നഷ്ടപ്പെടുന്നതില്‍ അച്ഛന് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല! അച്ഛനല്ലേ ആവശ്യപ്പെടുന്നത്, പറ്റില്ലെന്ന് പറയാമോ? തന്നെയല്ല, കൈയ്യക്ഷരത്തെ പുകഴ്ത്തി ഇടയ്ക്കിടയ്ക്ക് സോപ്പിടുമ്പോള്‍ പക്വതയില്ലാത്ത ഏത്‌ കിട്ടിയും വീണുപോകില്ലേ? ക്ലാസില്‍ ഞാന്‍ പുറകോട്ടായി. വളരെ കഷ്ടിച്ചാണ് ഞാന്‍ SSLC നേടിയത്. ഞാനന്ന്‍ തോറ്റുപോയിരുന്നെങ്കിലോ? ഫസ്റ്റ്ക്ലാസ്സോടെയോ റാങ്കോടെയോ ജയിച്ച് ഒന്നാന്തരം ഉപരിപഠനത്തിനു വഴിയുണ്ടായിരുന്ന എന്റെ ഭാവിതന്നെ ഇയാള്‍ മാററിക്കുറിച്ചു.  

എത്ര സ്വാര്‍ത്ഥമതികളാകാം ഈ വൈദികര്‍ എന്നതിന് മറ്റൊരുദാഹരണം. ബോര്‍ഡിംഗ് റെക്റ്റര്‍ക്ക് (ഫാ. ക്ലെയോഫാസ്) അതിരാവിലെ എഴുന്നേറ്റു കുര്‍ബാന ചൊല്ലണം. അതിന് സഹായിക്കാന്‍ അച്ചന്‍റെ രണ്ടുമൂന്നു പൂച്ചക്കുട്ടികളെ നാല് മണിയാകുമ്പോള്‍ തട്ടിവിളിച്ച്‌ എഴുന്നേല്‍പ്പിക്കും. അക്കൂടെ ഞാനുമുണ്ട്. ഞങ്ങള്‍ കുര്‍ബാന കഴിഞ്ഞ് വരുമ്പോളാണ് ബാക്കി കുട്ടികള്‍ എഴുന്നേല്‍ക്കുക. ഉറക്കം ശരിയാകാത്ത ഞങ്ങളിരുന്നു പഠിക്കാന്‍ ശ്രമിച്ചാലും പറ്റില്ല. thoongitthuങ്ങിയിരിക്കും. മൂന്ന് വര്‍ഷം ഇതായിരുന്നു കളി. അന്ന് ഇതിന്റെയൊന്നും ഭവിഷ്യത്തുകള്‍ അറിഞ്ഞിരുന്നില്ല. എത്ര ക്രൂരമായിട്ടാണ് ഈ പാതിരികള്‍ ഞങ്ങള്‍ കുഞ്ഞുങ്ങളെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ദുരുപയോഗിച്ചിരുന്നത്!            

സ്വാര്‍ത്ഥത പുരോഹിതരുടെ കൂടെപ്പിറപ്പാണ്. അവരുടെ ട്രെയിനിംഗ് അങ്ങനെയാണ്. മനുഷ്യരെല്ലാം അവരുടെ സേവനത്തിനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാണ്. എന്റെയടുത്തുള്ള പള്ളിയിലെ ചെറുപ്പക്കാരനായ വികാരി ചെയ്യുന്നത് കേട്ടോടൂ. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അടുത്തുള്ള വീടുകളിലെ കുട്ടികളെ വിളിച്ച്‌ ഓരോ പണി കൊടുക്കും. പിള്ളേരല്ലേ, അവര്‍ക്കും രസം. പക്ഷേ, ഇയാള്‍ അറിയുന്നുണ്ടോ, മാതാപിതാക്കളുടെ ആവലാതികള്‍? വീട്ടില്‍ പലതുമുണ്ട് മക്കളുടെ സഹായത്തോടെ ചെയ്തു തീര്‍ക്കേണ്ടവ. പിള്ളേര്‍ പള്ളിമുറിയിലും ചുറ്റുവട്ടത്തുമാണ്, ദിവസം മുഴുവന്‍. എന്തു ചെയ്യാന്‍? പറഞ്ഞാല്‍ അച്ഛന്‍ പിണങ്ങിയാലോ? പയ്യെപ്പയ്യെ കുട്ടികള്‍ ഇതൊരു ലാക്കായി കാണും, വീട്ടില്‍ നിന്ന് രക്ഷപ്പെടാം, അച്ചന്‍റെ നിഴലില്‍ നല്ല കുട്ടി ചമഞ്ഞുനടക്കാം. മാതാപിതാക്കള്‍ ഇതെന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്.     

അഴിമതിയും സഭയും

കഴിഞ്ഞ ഞായറാഴ്ച (27.11.11) ഫാ. ഗുരുദാസിന്റെ സ്നേഹവാണിയും കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനവും ചേര്‍ന്ന്  പാലായില്‍ വച്ച് നടത്തിയ ഒരു സംഗമത്തില്‍ ഒരു പ്രഭാഷകന്‍ ഒരു വലിയ കാര്യം സൂചിപ്പിച്ചു. ഇതുവരെയും ഇന്നും നമ്മുടെ നാടിന്റെ ശാപമായിത്തീര്‍ന്നിരിക്കുന്ന അഴിമതിക്ക് സഭ എന്തു സംഭാവനയാണ് ചെയ്തിട്ടുള്ളത് എന്നതിലേയ്ക്ക് കൈചൂണ്ടുന്ന ഒരു നല്ല ചിന്തയായിരുന്നു അത്.  

സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനാശൈലി തെണ്ടികളുടെയും കൌശലക്കാരുടെയുമാണ്. നേര്ച്ചകാഴ്ചകള്‍, ബലി, തുടങ്ങിയവയിലൂടെ മദ്ധ്യസ്ഥന്മാരെയും അവര്‍ വഴി ദൈവത്തെയും എങ്ങനെ പാട്ടിലാക്കാം, ഉദ്ദേശിക്കുന്ന കാര്യം എങ്ങനെ നേടിയെടുക്കാം എന്നതാണ് അതിന്റെ രീതി. അങ്ങോട്ട്‌ കൊടുക്കുന്ന കൈനീട്ടത്തിന്റെ കനമനുസരിച്ച് ഇങ്ങോട്ട് കിട്ടും എന്ന അനുനയ ചിന്താരീതി സഭയുടെ എല്ലാ കാര്യങ്ങളിലും കുടികൊള്ളുന്നുണ്ട്. മെത്രാന് ചോദിക്കുന്നത് കൊടുത്താല്‍ ഏത്‌ നിയമത്തെയും മറികടക്കാം. കൂടുതല്‍ കാശ് കൊടുത്ത് നീണ്ട കുര്‍ബാന ചൊല്ലിച്ചാല്‍ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്ന് പോലും വേഗം ജാമ്യത്തിലിറക്കാം. കോഴകൊണ്ട് ഇവിടെ മാത്രമല്ല, പരലോകത്തും പലതും നേടാം.
 
ഇത് പാടേ തെറ്റാണെന്ന് അല്പമെങ്കിലും ദൈവാവബോധമോ ആത്മീയതയോ ഉള്ളവര്‍ക്കറിയാം. ദൈവം പരമമായ വിശുദ്ധിയും അളവില്ലാത്ത കരുണയുമാണെങ്കില്‍, അവിടുന്ന് കൊടുക്കുന്നത് അളവില്ലാതെയും, പക്ഷപാതമില്ലാതെയും ആയിരിക്കണം. മനുഷ്യന്റെ അര്‍ഹതയോ, പകരം കൊടുക്കാനുള്ള കഴിവോ അവിടുത്തെ ചെയ്തികള്‍ക്ക് അളവുകോലാകില്ല. മുട്ടുവിന്‍ തുറക്കപ്പെടും, ചോദിപ്പിന്‍, തരപ്പെടും എന്ന് എഴുതപ്പെട്ടിട്ടുണ്ടെകിലും, മുട്ടാതെയും ചോദിക്കാതെയും കൊടുക്കുന്ന അനന്തമായ നിറകുടമാണ്  ദൈവം എന്ന് യേശുവിന്റെ അവബോധത്തില്‍ അല്പമെങ്കിലും പങ്കുചേരാനായവര്‍ക്ക് ഉള്ളിലറിയാം. അവിടെവരെ എത്താത്തവരോടായിരിക്കണം  ചോദിച്ചുകൊണ്ടിരിക്കാന്‍ അവിടുന്ന് പറഞ്ഞത്. അപ്പോഴും, കോഴയുടെ കാര്യം അതിലൊരിടത്തും ഇല്ല. നമുക്ക് വേണ്ടതെന്തെന്ന് ദൈവത്തിനറിയാം എന്നറിയുന്നവര്‍ ഒന്നും ചോദിക്കാനേ തുനിയുകയില്ല. സ്നേഹമെന്നത് തെണ്ടലല്ല. ഭക്തിയെന്നത് കാണിക്കയല്ല. പഴയ നിയമത്തിലും  പുതിയ നിയമത്തിലും സൂചിതമാകുന്ന ബലി ദൈവത്തെ പ്രീതിപ്പെടുത്താനായുള്ള കാഴ്ചവയ്പ്പുകളായല്ല, മറിച്ച്, സ്വന്തം അഹന്തയെ ബലികഴിച്ചു മാത്രം ചെന്നെത്താവുന്ന സ്വയം ശുദ്ധീകരണത്തിലേയ്ക്കുള്ള ആഹ്വാനമായാണ് കാണേണ്ടത്.

ഇത്ര പ്രധാനമായ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ട സഭ അശരണരായ മനുഷ്യരെ നിരന്തരം ചതിച്ചുകൊണ്ടിരിക്കുകയാണ്. ഏതെല്ലാം തരത്തില്‍ കോഴ കൈപ്പറ്റാമോ, ആ വിധത്തിലെല്ലാം കീശ നിറക്കുന്ന പരിപാടികളാണ് സഭയില്‍ എവിടെയും കളിച്ചുവയ്ക്കുന്നത്. ഈ ശീലം അനുദിനജീവിതത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും സാധുത നേടുന്നതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇതൊക്കെ തുടരുകയും അതോടൊപ്പം അഴിമതിക്കെതിരെ പടപൊരുതുകയും അങ്ങേയറ്റം അര്‍ത്ഥശൂന്യമാണ്.   

നീ കാണുന്നത് കാണുവാന്‍


കണ്ണടക്കൂ,
തുറന്ന് വയ്ക്കുന്നതിലുമേറെ കാണാം.
ചെവിയുമടക്കൂ,
ആത്മാവിന്റെ മര്‍മ്മരം കേള്‍ക്കാം.
കിഴക്കോട്ടു തന്നെ നടക്കൂ,
സൂര്യനോടൊത്ത് പടിഞ്ഞാറുദിക്കാം.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ,
ദൈവത്തിന്റെ നിഷ്ക്കളങ്കതയില്‍ പങ്കുചേരാം.
വൃദ്ധരെ സ്നേഹിക്കൂ,
കുഞ്ഞായിരിക്കുന്നതിന്റെ രഹസ്യമറിയാം.

സ്വയമറിയാന്‍, അറിഞ്ഞതൊക്കെ താഴിട്ടുപൂട്ടൂ.
അളക്കാനെങ്കില്‍,
അളവുകോലുകളെറിഞ്ഞുകളയൂ.
അണുവിന്റെയുള്ളറയിലുണ്ട്
ബ്രഹ്മാണ്‍ഡവിസ്തൃതിയിലെ വിസ്മയങ്ങള്‍. 

എന്തിനുമേതിനും ദൈവത്തെ വിളിക്കുന്നവര്‍
മനുഷ്യജന്മത്തിന്റെയര്‍ത്ഥത്തെ നിരാകരിക്കുന്നു.

നീ കാണുന്നതു കാണുവാന്‍ വേണ്ടി
നീ പറയുന്നതെല്ലാം ഞാനവഗണിക്കുന്നു.

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

പ്രായപൂര്‍ത്തിയിലെത്തിയ രണ്ട് മക്കളുടെ അപ്പനായ ഞാന്‍ ഒരു വലിയ കണ്‍ഫ്യൂഷന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. നിയമം പഠിച്ചവരോ പുരോഹിതരോ കാര്യവിവരമുള്ള സഹൃദയരോ എന്റെ സംശയം തീര്‍ത്ത്‌ തന്നാല്‍ നന്ദിയുണ്ടായിരിക്കും. 

നാട്ടിലും പ്രവാസികളായ മലയാളികളുടെ ഇടയിലും ഇന്ന് നടപ്പിലുള്ള വിവാഹച്ചടങ്ങുകളെപ്പറ്റിയാണ്‌  എളിയവനായ എന്റെ സംശയം. 

നമ്മുടെ ആളുകള്‍ കല്യാണം എന്ന ചടങ്ങ്  സാധാരണ മൂന്ന് തട്ടുകളായിട്ടാണ് ആഘോഷിക്കുന്നത് : ഒത്തുകല്യാണം, കെട്ടുകല്യാണം, എഴുത്ത് (രജിസ്റ്റര്‍) കല്യാണം. കാശുള്ള പാര്‍ട്ടികള്‍ ഇവ മൂന്നും അടിപൊളിയായി കൊണ്ടാടും. അതവര്‍ ചെയ്തുകൊള്ളട്ടെ, തീറ്റക്കൊതിയന്മാര്‍ക്കും കുടിയന്മാര്‍ക്കും ഒരു ഹരമാകട്ടെ. പക്ഷേ, വിവാഹമെന്ന ഒറ്റ കാര്യം ഇങ്ങനെ മൂന്ന് തട്ടുള്ള അമിട്ട് പോലെ പടിപടിയായി പൊട്ടിക്കുന്നതിന്റെ ആവശ്യമാണ്‌ എന്റെ തലയില്‍ വല്ലാത്ത കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്‌. 
  
ഞാന്‍ പഠിച്ചിട്ടുള്ളത്, വിവാഹം എന്നത് ഒരു കൂദാശയാണെന്നും (sacrament = വിശുദ്ധീകരിക്കുന്ന പ്രവൃത്തി), മറ്റ് കൂദാശകളില്‍നിന്ന് വ്യത്യസ്തമായി, അതിന്റെ കാര്‍മ്മികര്‍ വധുവും വരനുംതന്നെ ആണെന്നുമാണ്. സമൂഹം നിശ്ചയിച്ചിട്ടുള്ള പ്രായത്തിലെത്തിയവര്‍ രണ്ട് സാക്ഷികളുടെ മുമ്പില്‍വച്ച് അന്യോന്യം ഭാര്യാഭര്‍ത്താക്കന്മാരായി വാക്കുകൊടുത്ത് , പരസ്പരം സ്വീകരിക്കുന്നതോടെ അത് ഉത്തവാദിത്വമുള്ള ഒരു വാഗ്ദാനമായി. സിവിള്‍ അധികൃതരാല്‍ ഔദ്ദ്യോഗികമായി എഴുതി ചേര്‍ത്ത് ഇരു കക്ഷികളും സാക്ഷികളും ഒപ്പിട്ടുകഴിഞ്ഞാല്‍ അതൊരു പ്രമാണവുമായി (civil contract). കാതലായ സംഗതി ഇത്രയേ ഉള്ളൂ.  ബാക്കിയൊക്കെ പൊടിപ്പും തൊങ്ങലുമാണ്.

ഇനിയാണ് എന്റെ കണ്‍ഫ്യൂഷന്‍ തുടങ്ങുന്നത്. ഒരു രസത്തിന്, വിവാഹത്തിനു മുമ്പ്, മനസമ്മതമെന്ന  ഒരു ചെറിയ (വലുതുമായിക്കോട്ടെ) ചടങ്ങ് വേണമെന്ന് വച്ചാല്‍ തന്നെ, സിവില്‍ മാരിയെജ്  എന്ന പ്രധാന സംഭവം കഴിഞ്ഞ് വീണ്ടും അതേ പയ്യനും പെണ്ണും പള്ളിയില്‍ ചെന്നുനിന്ന് അതേ സംഗതി ഒന്നുകൂടി ചെയ്യുന്നതിന്റെ സാംഗത്യമാണ്‌ പിടികിട്ടാത്തത്. മറ്റ് സമുദായങ്ങളില്‍ സമൂഹത്തിന്റെ അംഗീകാരത്തിന് സിവില്‍ മാരിയെജ് മാത്രം മതിയെന്ന ധാരണയുള്ളപ്പോള്‍, ക്രിസ്ത്യാനികള്‍ക്ക് അത് പോരാത്തത് എന്തുകൊണ്ട്? പള്ളിയില്‍ കെട്ടാത്തത് അസാധുവാണെന്നാണോ അവരുടെ മനസ്സിലിരുപ്പ്?

അതിലും വലിയ കണ്‍ഫ്യൂഷന്‍ എനിക്ക് മറ്റൊന്നാണ്. വിവാഹച്ചടങ്ങിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ വധുവും വരനും ആയിരിക്കേ, അവര്‍തന്നെ കൂദാശയിലെ കാര്‍മ്മിരും ആണെന്ന്‌  സഭ പഠിപ്പിച്ചുകൊണ്ടിരിക്കേ, (The person who assists at a marriage is understood to be only that person who is present, asks for the manifestation of the consent of the contracting parties, and receives it in the name of the Church. -Catechism of the Cath. Church, Sec.2, Ch.3, Art.7) അതിനിടക്ക് വൈദികരും, പിടിപാടുള്ളവരാണെങ്കില്‍ മെത്രാനും, മുമ്പില്‍ കയറിനിന്ന് കാര്‍മ്മികന്റെ സ്ഥാനം ഏറ്റെടുക്കുന്നത് എവിടുത്തെ അധികാരം വച്ചാണ്? സാക്ഷികളായി ഇവരൊക്കെ എത്ര പേര്‍ വേണമെങ്കിലും സന്നിഹിതരായിക്കൊള്ളട്ടെ, പക്ഷേ, ചടങ്ങില്‍ ഇവര്‍ മുഖ്യ അഭിനേതാക്കളാകാന്‍ വെമ്പല്‍കൊള്ളുന്നത്‌ സ്വല്പം അതിരുകടന്ന പണിയല്ലേ?

ഈ വിഷയവുമായി ബന്ധപ്പെട്ട തമാശകള്‍ തീരുന്നില്ല. പലപ്പോഴും കാണുന്ന മറ്റൊരു കാര്യം ഇതാണ് , വിശേഷിച്ച് പ്രവാസികളുടെയിടയില്‍. പൊതുസ്ഥലങ്ങളിലും വ്യക്തിജീവിതത്തിലും നാട്ടിലേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന യുവതീയുവാക്കള്‍, പറക്കപറ്റിയാല്‍, മാതാപിതാക്കള്‍ അറിഞ്ഞോ അറിയാതെയോ, ഒരുമിച്ച് താമസമാക്കുന്നു. കുറേക്കാലം അങ്ങനെ തട്ടിയും മുട്ടിയും, കുടുംബവുമായി സ്വരുമയിലോ സ്വരുമക്കേടിലോ കഴിഞ്ഞശേഷം, എന്നാല്‍ അങ്ങ് കെട്ടിയേക്കാം എന്ന് തീരുമാനിക്കുന്നു. ഒരു സിവില്‍ മാരിയെജ് നടത്തി,  സാമ്പത്തികം അനുസരിച്ച് ആഘോഷം പൊടിപൊടിക്കുന്നു. അതോടേ ഒരുമിച്ചുള്ള പൊറുതി ഔദ്യോഗികമായി. നല്ല കാര്യം. കുറേ മാസങ്ങള്‍ അങ്ങനെ കഴിഞ്ഞാണ് അടുത്ത നാടകം. പള്ളിയില്‍ ഒരു കെട്ട് കൂടി!  ഇത്രയും നാള്‍ കൂടെപ്പൊറുത്ത ചെറുക്കനോടും പെണ്ണിനോടും പള്ളീലച്ചന്‍ നേരത്തേ റെജിസ്ട്രാര്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു: ...നെ, ....ളെ ഭര്‍ത്താവായി, ഭാര്യയായി നീ സ്വീകരിക്കുന്നോ? അപ്പോള്‍, "ഞങ്ങളോട് അങ്ങനെ ചോദിക്കല്ലേ, മാസങ്ങളായി (വര്‍ഷങ്ങളായി) ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണേ" എന്ന് പറയാനുള്ള തന്റേടം പെണ്ണിനോ ചെറുക്കനോ ഉണ്ടാകുമോ? ഇത് കണ്ടും കേട്ടും നില്‍ക്കുന്നവരുടെ മാനസികവ്യായാമം ഏതിനത്തില്‍ പെടും? ഇത്രയും കഴമ്പില്ലാത്ത നാടകം കളിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു കണ്‍ഫ്യൂഷനും തോന്നുകയില്ലേ? ഇല്ലെങ്കില്‍ അവര്‍ അസ്സല്‍ മലയാളികളും ഒന്നാന്തരം സത്യക്രിസ്ത്യാനികളും തന്നെ. ഫാ. ഖാന്‍ വട്ടായി ഉരുവിടുന്ന ഈണത്തില്‍, അല്ലേ-ല്ളൂയി-യാ!         

കാവേരി


വി.എസ്. ഖാണ്ഡേക്കര്‍ എഴുതിയ യയാതിയില്‍നിന്നുള്ള ഈ ഉദ്ധാരണം തുടര്‍ന്നുള്ള ഗദ്യകവിതയുടെ അന്തരാര്‍ത്ഥങ്ങളിലേയ് ക്ക്  വഴി തെളിക്കട്ടെ. 

"പ്രേമമെന്തെന്ന്  ഒരു ധാരണയും ഇല്ലാതിരുന്നിട്ടും ഞാന്‍ പ്രേമഗീതങ്ങള്‍ രചിച്ചിരുന്നു. അപ്പോള്‍ കിട്ടിയ ആനന്ദം ബ്രഹ്മാനന്ദത്തിന്റെ നിഴല്‍ മാത്രമായിരുന്നു. യഥാര്‍ത്ഥ പ്രേമമെന്തെന്നറിയണമെങ്കില്‍ പ്രേമിക്കുക തന്നെ വേണം. ചന്ദ്രന്റെ ശീതളത്വവും സൂര്യന്റെ തീക്ഷണതയും അമൃതിന്റെ സഞ്ജീവനശക്തിയും കാളകൂടത്തിന്റെ ജീവാപായപരമായ കഴിവും ഒന്നുചേര്‍ന്ന് . . .  ഇല്ല, പ്രേമത്തെ വര്‍ണ്ണിക്കുക അത്ര എളുപ്പമല്ല.
     
ഒരു ഹൃദയത്തില്‍ ഉത്ഭവിച്ച് മറ്റൊരു ഹൃദയത്തില്‍ ചെന്നുചേരുന്ന മഹാനദിയാണ് പ്രേമം. വഴിയില്‍ എത്രയോ ഉയര്‍ന്ന കൊടുമുടികള്‍ പ്രത്യക്ഷപ്പെടട്ടെ, അവയെയെല്ലാം ചുറ്റി അത് മുന്നോട്ടു പോകുന്നു. ഒരാളെ പ്രേമിച്ചുകഴിഞ്ഞാല്‍, അയാളുടെ ഗുണദോഷങ്ങളുടെ കണക്കുകൂട്ടല്‍ അവസാനിക്കുന്നു. നിഷ്ക്കാമപ്രേമം മാത്രം ബാക്കിനില്‍ക്കുന്നു. 

രണ്ട് നദികളുടെ ആലിംഗനം, ഭൂമിയുടെയും ആകാശത്തിന്റെയും ചുംബനം, സമാഗമനോത്സുകമായ മനസ്സുകള്‍, ഇവയെ വര്‍ണ്ണിക്കുക മഹാകവികള്‍ക്ക് പോലും അസാദ്ധ്യമാണ്." 

  
വസന്തനിശീഥിനിയുടെ വിശ്രമയാമങ്ങളില്‍ 
മുഖാമുഖമിരുന്നവര്‍ അനുരമിച്ചു - ബ്രഹ്മപുത്രയും കാവേരിയും.*
പര്‍വ്വതനിരകളുടെയും ദേശസംസ്കാരങ്ങളുടെയും 
ജന്മാന്തരങ്ങളുടെയും ഉത്ഭവസ്രോതസ്സുകളുടെ  
വ്യത്യസ്തഭാവങ്ങളെ മറികടന്ന് 
ഉള്‍ത്തടത്തിലുടലെടുത്ത ആന്തരീയ ചോദനകളിലൂടെ
ഇഴുകിയുരുകിച്ചേര്‍ന്ന് , ആരുമാരുമറിയാതെ
നിശ്ശബ്ദ നീര്‍ത്താരകളുടെ അടിയൊഴുക്കുകളിലാണവര്‍
സംഗമിച്ചത് - ബ്രഹ്മപുത്രയും കാവേരിയും.

അനന്യസാധാരണമാമൊരു നദീസംഗമം.
അഭൌമമായ ഒരു പ്രേമാലിംഗനം -
സ്ത്രീപുരുഷസംയോജനത്തിനൊരു മാദകപ്രതീകം!

കരിഞ്ഞു തുടങ്ങിയിരുന്ന സരോവരതീരങ്ങളിലതാ 
ഹരിതദൃശ്യങ്ങളെയവര്‍ പൊട്ടിക്കിളിര്‍പ്പിച്ചു. 
കതിരിട്ടുറഞ്ഞുനിന്നുലഞ്ഞാടുന്ന
കുട്ടനാടന്‍ നെല്പ്പാടങ്ങളെപ്പോലെ ഉന്മേഷിതരായി  
പുതുഭൂമിയിലെത്തിയതിന്‍ ക്ഷീണാഹ്ലാദത്തിലും 
പുളകചഞ്ചലരാകുന്ന ദേശാടനപ്പക്ഷികളെപ്പോലെ 
രോമാഞ്ചമണിഞ്ഞ് ലയിച്ചൊഴുകുന്നു ഈ നദീമിഥുനങ്ങള്‍ -
കാവേരിയും ബ്രഹ്മപുത്രയും. 

കണ്ടെത്തലിന്റെ പരിമളം
ചന്ദ്രക്കല ജലാശയത്തിലെന്നപോലെ 
അവരുടെ മുഖതാവില്‍ തത്തിക്കളിച്ചു. 
കാല്യം പോലെ മനമോഹനമാം
ബാല്യം തിരിച്ചെത്തിയതില്‍ 
തരിച്ചുനിന്നു, അവരിരുവരും.
പരിസരബോധം പുനര്‍ഭവിച്ചതേ 
തമ്മിലിടഞ്ഞ കൃഷ്ണമണികള്‍ 
വികസിച്ചു തിളങ്ങി. മാനസ-
ക്കുളിര്‍മ്മയില്‍ കൂമ്പിച്ചുരുങ്ങി
കാവേരിയുടെ ശോണാധരങ്ങള്‍.

സ്നേഹവിസ്മയങ്ങള്‍
വിരല്‍ത്തുമ്പുകളില്‍
അലമാലകളുതിര്‍ത്തപ്പോള്‍
അനുപൂരകങ്ങളായ ആത്മശൈലികളില്‍ 
കാവ്യമെഴുതാന്‍
ബ്രഹ്മപുത്രയുടെ മനം കൊതിച്ചു.

വീഞ്ഞിന്റെ വീര്യം ഒരിക്കലും
നുണഞ്ഞിട്ടില്ലാത്ത കാവേരിയെ
ഇഷ്ടതോഴന്റെ വാത്സല്യവശ്യത
കാമാതുരയും വിവശയുമാക്കി.

അവളുടെ ഹൃദയകുമുദം 
ആനന്ദരാഗങ്ങളാല്‍ ത്രസിച്ചു. 
വികാരബാഹുല്യത്താല്‍ ആഹ്ലാദിയായി
അവളുടെയാത്മം.

അവരുടെ കൈവിരലുകള്‍ കോര്‍ത്തിറുകി,
കണ്ണിണകള്‍ തമ്മിലിടഞ്ഞു,
അന്തരാത്മാവുകളുടെ ഭൂതകാലരൂപങ്ങള്‍ക്ക് 
നിറവും ചിറകും വച്ചു. 

ഭാഷയുടെ കനമേശാത്ത സംവാദങ്ങളാല്‍
വ്യത്യസ്തതകളുടെ ഗുരുത്വങ്ങളെ 
ഊതിപ്പറപ്പിച്ചു, ഉന്മാദവാത്സല്യം 

കണ്ണിമകളുടെ കടമ്പകടന്ന്  
പിന്നിട്ടുപോന്ന പൂര്‍വജന്മമുദ്രകളുടെ 
നിസ്തന്ദ്രനിദ്രയിലേയ്ക്കവര്‍
വഴുതിവീണു.

നിര്‍വൃതിയുടെ ഹൃദയാഴങ്ങളില്‍
നിന്നുണര്‍ന്നപ്പോള്‍
കാവേരി: വസന്തമെത്തിയെന്ന് , ബ്രഹ്മപുത്രാ,
ആരോതി നിന്റെ കാതില്‍?
ബ്രഹ്മപുത്ര: എന്റെ ജീവിതോഷസിലുദിച്ച 
നിന്റെ മുഖസൂര്യന്‍.
കാവേരി: എന്റെ സര്‍വസുഗന്ധ സ്വര്‍ഗീയതയായിരിക്കുന്നു നീ.  
ബ്രഹ്മപുത്ര:  എന്റെ ദിനരാത്രങ്ങളെ ധവളസമൃദ്ധമാക്കുന്ന പൂനിലാവ്‌ നീയും.
കാവേരി: ആല്‍മരം പോലെ വിരിഞ്ഞുയര്‍ന്ന് നീയെനിക്ക് ശീതളച്ഹായ പകരുന്നു. 
ബ്രഹ്മപുത്ര: നീയോ, അടിമുടി പൂത്തുലഞ്ഞുനില്‍ക്കുന്ന വാകമരം കണക്കേ. 
കാവേരി: നീയാകുന്ന പൊയ്കത്തിട്ടയിലിരുന്ന്  മണല്‍ വാരിക്കളിക്കട്ടേ ഞാന്‍?
ബ്രഹ്മപുത്ര: നിന്റെ സാന്നിദ്ധ്യസുഗന്ധശീതളതയില്‍ വിജ്ഞാനത്തിന്റെ ശാദ്വലഭൂമികളിലൂടെ അര്‍ത്ഥസാന്ദ്രത തേടിയലയട്ടേ ഞാന്‍?
    
ശരീരത്തിന്റെ അനുരതികള്‍
ആത്മാവിന്റെ അനുരഞ്ജനങ്ങളില്‍
അലിഞ്ഞുചേര്‍ന്നപ്പോള്‍
വിധേയത്വത്തിന്റെ വീഴ്ചകള്‍ക്കടിമയാകാതെ
തീഷ്ണയൌവനത്തിന്റെ ഗന്ധര്‍വ 
ഭാവനകളിലേയ്ക്ക് അവനെയവള്‍ തിരികെവിളിച്ചു. 

കാവേരി: നിന്റെ ചിന്തകളെവിടെ, ബ്രഹ്മപുത്രാ? 
ബ്രഹ്മപുത്ര: എത്രനാള്‍ നമ്മുടെ ഈ യൌവനോത്സവം?  
കാവേരി: നിന്റെ പ്രണയഗീതങ്ങള്‍ എന്റെ കാതുകളെ കുളിര്‍പ്പിക്കുവോളം.
ബ്രഹ്മപുത്ര: അനന്തമാണ്‌ എന്റെ ഈ പ്രേമം.  
കാവേരി: അനന്തമെന്നാല്‍?
ബ്രഹ്മപുത്ര: അന്നും ഇന്നും എന്നും ഒന്ന് മാത്രമായിരിക്കുക.
കാവേരി: ഇന്ന് എന്നും ഇന്നുതന്നെ ആയിരിക്കുക?
ബ്രഹ്മപുത്ര: അതേ, എന്നുമെന്നേയ്ക്കും ഇന്നേപ്പൊലെ ഒന്നായിരിക്കുക. 

പുതപ്പു വലിച്ച്  മുഖം മൂടിയിട്ട് , അവള്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു: എന്നുമെന്നുമെന്നും!

*കാവേരി: ദക്ഷിണേന്ത്യയിലെ പുണ്യ നദി. അതിലെ ജലം ഓര്‍മ്മ, ബുദ്ധി, രുചി എന്നിവയെ വര്‍ദ്ധിപ്പിക്കും എന്നാണു വിശ്വാസം.
ബ്രഹ്മപുത്ര: ഉത്തരേന്ത്യയിലെ മൂന്ന് പുണ്യനദികളിലൊന്ന്. പുല്ലിംഗനാമമുള്ള ഒരേയൊരു ഭാരതനദി.  

പള്ളിപ്രസംഗം

"സഹോദരികളെ, സഹോദരരെ, നമ്മുടെ പള്ളികളില്‍ നമ്മള്‍ കൂടുതലായി സ്വര്‍ഗ്ഗത്തെയും നരകത്തെയും, ശുദ്ധീകരണസ്ഥലത്തെയും മരണത്തെയും അവസാന വിധിയെയും പറ്റി കൂടുതല്‍ പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തിനും സഭയുടെ നിലനില്‍പ്പിനും സമുദായത്തിന്റെ കെട്ടുറപ്പിനും സ്വര്‍ഗ്ഗത്തിലെത്തുക എന്ന നമ്മുടെ ലക്ഷ്യം സാധിച്ചുകിട്ടാനും ഇതാവശ്യമാണ്. "* 

ബാംബര്‍ഗിലെ ആര്‍ച്ച്ബിഷപ്  Dr. Ludwig Schick Fulda യില്‍ വച്ച് നടന്ന ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ഫെറന്‍സില്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ റിപ്പോര്‍ട്ട്‌ Die katholische Zeitschrift, 16 Oct., 2011ല്‍ കൊടുത്തിരുന്നതില്‍ നിന്നാണിത് . 

വലിയ ആട്ടിന്‍കൂട്ടത്തെ തീറ്റാന്‍ കൊണ്ടുനടക്കുന്ന ഇടയന്മാര്‍ സഹായത്തിന് ഒരു പട്ടിയെ പരിശീലിപ്പിച്ചെടുക്കാറുണ്ട് . ഒരാട് കൂട്ടം വിട്ടുപോയാല്‍, ഉടനെ അവന്‍ കുരച്ചും തടഞ്ഞും അതിനെ കൂട്ടത്തിലേയ്ക്ക് നയിക്കും. വിശ്വാസികള്‍ സഭയില്‍ നിന്ന്  അകന്നുപോകാതിരിക്കാനും, എപ്പോഴും അവരെ ആശ്രയിച്ചു മാത്രം സ്വര്‍ഗത്തില്യ്ക്കുള്ള വഴിയേ നടക്കാനും വേണ്ടി, അവര്‍ക്ക് ചുറ്റും കറങ്ങി കുരച്ചുകൊണ്ടു നടക്കുന്ന അജനായകളെ ഓര്‍മ്മിപ്പിക്കുന്നു, ഇത്തരം അജപാലകര്‍. 

വിശ്വാസപ്രമാണം എഴുതിയുണ്ടാക്കിയ നാളുകളിലെ ബൌദ്ധിക നിലവാരമാണ് ഇപ്പോഴും മനുഷ്യരുടേത്  എന്നാണ് ഇവര്‍ കരുതുന്നത്. അന്ന് അതില്‍ ഉപയോഗിച്ചിരുന്ന ബിംബങ്ങള്‍ അന്നത്തെ ആളുകള്‍ക്ക് കൊള്ളാമായിരുന്നു. ഇന്നും അവയ്ക്ക് അക്ഷരാര്‍ത്ഥം കല്‍പ്പിച്ചുകൊടുത്ത് കടുംപിടുത്തം മുറുക്കിയിരുന്നാല്‍ ഇവരെ ഓര്‍ത്തു ചിരിക്കാതെ എന്തു ചെയ്യാന്‍.

അന്ത്യവിധിയെപ്പറ്റിയും, പല്ലുകടിയും മുറുമ്മലും തീയും കൊണ്ട് നിറഞ്ഞ നരകത്തെപ്പറ്റിയും,  യേശുവും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അവയെ സഭ വിശ്വാസപ്രമാണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, അവയെ അങ്ങനെത്തന്നെ എടുക്കുകയാണ് സത്യവിശ്വാസത്തിന്റെ കാതല്‍ എന്ന് മാര്‍ ഷിക്ക് പറയുന്നു. വിധിയാളനായ ഒരു ദൈവത്തെ മാറ്റി നിറുത്തിയാല്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും മനുഷ്യരുടെയും സ്രഷ്ടാവായ ദൈവത്തിനു പിന്നെയെവിടെ സ്ഥാനം എന്നാണ് ഈ ദൈവജ്ഞന്റെ ചോദ്യം! മാത്രമല്ല, യേശുവിന്റെ ജീവിതം, മരണം, സുവിശേഷം, നമ്മെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കേണ്ട പരിശുദ്ധാരൂപി ... എല്ലാം പിന്നെ അര്‍ത്ഥശൂന്യമത്രേ. "(ശിക്ഷിക്കുന്ന) ദൈവമില്ലങ്കില്‍, ഞാനെന്തിനു നല്ലവനായിരിക്കണം?" എന്നുപോലും മാക്സ് ഹോര്‍ക്ക് ഹൈമറെ (Max Horkheimer) ഉദ്ധരിച്ച് ഇദ്ദേഹം ചോദിക്കുന്നു. എത്ര വികലമായ ഒരു മനുഷ്യസങ്കല്പമാണ് ഇത്! 

കാതലില്ലാത്ത, യാന്ത്രികമായ ഒരു ജീവിതവീക്ഷണത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണിതൊക്കെ. മരണാനന്തരമുള്ള സ്വര്‍ഗ്ഗസിദ്ധിയെക്കുറിച്ചല്ലാതെ ജീവിച്ചിരിക്കെത്തന്നെ ഉണ്ടാകേണ്ട ആത്മീയാവബോധത്തിന്റെ സാദ്ധ്യതയെയും നേട്ടത്തെയും പറ്റി ഇവര്‍ക്കിനി ഒന്നും വിശ്വാസികളോട് പറയാനില്ലേ? ആത്മജ്ഞാനം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത സാധാരണ ആളുകള്‍ സ്വര്‍ഗ്ഗനരകങ്ങളില്‍ വിശ്വസിച്ച് നന്മയുടെ വഴിയേ പോകുന്നെങ്കില്‍ അത്രയും നല്ലത്. എന്നാല്‍ ആ വഴിയേ പോയാല്‍ കിട്ടുന്നത് ഒരു സ്വപ്നാനുഭൂതി മാത്രമാണെന്ന സത്യം ദൈവജ്ഞാനികളായി കരുതപ്പെടുന്ന മെത്രാന്മാരെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? ഏത്‌ മതമായാലും സ്വര്‍ഗത്തെ ജീവിതത്തിന് ശേഷമുള്ള പ്രാപ്യസ്ഥാനമായി കാണുന്നതിന്റെ പൊള്ളത്തരം ഭഗവത്ഗീത പോലുള്ള കൃതികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിക്രൂര ശിക്ഷകള്‍ ചൂണ്ടിക്കാട്ടി മനുഷ്യരെ സത്സ്വഭാവികളാക്കാന്‍ ശ്രമിക്കാമെന്നല്ലാതെ, അതുകൊണ്ട് മനുഷ്യന്‍ നന്നാകുന്നില്ലല്ലോ. സഭയുടെ ആവശ്യങ്ങള്‍ക്ക് അത്രയും മതിയായിരിക്കാം. 

ബഹുമാന്യ ഇടയന്മാരേ, സ്വര്‍ഗ്ഗത്തെയും നരകത്തെയും പറ്റി ഞങ്ങള്‍ ആട്ടിന്‍പറ്റങ്ങളോട്  കൂടുതല്‍ പ്രസംഗിക്കുക.

*Es ist wichtig, dass wir in der Kirche wieder mehr vom Himmel und der Hölle, dem Tod und dem Gericht predigen, lehren und sprechen. Das ist für unser Leben hier, für unsere Kirche, für die Gesellschaft und unseren Weg zur Vollendung im Himmel wichtig.




ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യം

എന്റെയാത്മാവേ, ഭൂലോകത്തിന്റെയെല്ലാ ദിക്കുകളിലൂടെയും
നീ സഞ്ചരിക്കുകയും, പര്‍വ്വതങ്ങളുടെയും
സമുദ്രങ്ങളുടെയും രഹസ്യങ്ങളറിയുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
ആത്മൈക്യത്തിന്റെ നിശബ്ദതയോളം വലിയ രഹസ്യമില്ല.


എന്റെയാത്മാവേ, ഏഴാഴികളും പതിന്നാലു ലോകങ്ങളും
മറികടന്നു നീ വിഹരിക്കുകയും, ചന്ദ്രന്റെയഴകും താരങ്ങളുടെ
ശ്രേഷ്ഠതയും നിന്നെ വശീകരിക്കുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
എന്റെയധരങ്ങളിലെ മന്ദസ്മിതം നിനക്കുള്ളതാകുന്നു.


എന്റെയാത്മാവേ, അനന്തതയിലേയ്‌ക്കൊഴുകുന്ന
പ്രകാശവീചികളിലാരൂഢയായി, അവയുടെ വേഗത്തിന്റെയുന്മാദത്തില്‍
നീ ഭ്രമിച്ചു പോയാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
നീഹാരബിന്ദുവില്‍ സൂര്യകിരണം പോലെ നിന്നെ ഞാന്‍ വഹിച്ചുകൊള്ളാം.


എന്റെയാത്മാവേ, സൗരയൂഥസംഗമങ്ങളിലാകൃഷ്ടയായി,
ഗ്രഹങ്ങളിലുദിക്കുന്ന പ്രഭാതസൗന്ദര്യങ്ങളില്‍ നീ മതിമറന്നു പോയാലും,

എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
ഹൃദയത്തിന്റെ പ്രകാശമാകുന്നു പരമമായ സൗന്ദര്യം.


എന്റെയാത്മാവേ, ക്ഷീരപഥങ്ങളുടെ ഗുരുത്വാകര്‍ഷണങ്ങളിലകപ്പെട്ട്
തമോഗര്‍ത്തങ്ങളിലേയ്ക്കു നീ വലിച്ചെടുക്കപ്പെട്ടാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
നമ്മുടെയാദ്യാനുരാഗത്തെ വെല്ലുന്നയാകര്‍ഷണമെവിടെ?


എന്റെയാത്മാവേ, ആരംഭങ്ങളുടെ മുകുളങ്ങളെ തേടിപ്പോയി,
പ്രണവത്തിന്റെ മന്ത്രചൈതന്യത്തെ നീയാദാനം ചെയ്യുകയും,
അതിലാമഗ്നയായിത്തീരുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെപോരണം;
ആദ്യവചനമല്ല, വചനത്തിന്റെയര്‍ത്ഥമാകുന്നു വിജ്ഞാനം.


എന്റെയാത്മാവേ, ലക്ഷ്യം തെറ്റി നീ മരണത്തിന്റെ താഴ്‌വരയി-
ലലഞ്ഞുഴലേണ്ടിവന്നാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
എന്തെന്നാല്‍ പരസ്പരം നമ്മള്‍ ജീവനാകുന്നു.
നിന്നെ നിറയ്ക്കുന്നതു ഞാനും, എന്നെ നയിക്കുന്നതു നീയും.

നിന്നോടൊത്ത് അനന്തതയെ മോഹിക്കാന്‍
എന്റെയാത്മാവേ, എന്നെയനുവദിക്കുക!



ഇഷ്ടം ജീവനിലേയ്ക്കുള്ള വഴിയാകുന്നു

ആര്‍ദ്രമായ തന്റെ കണ്ണുകള്‍ എന്റേതില്‍ മൃദുലമായി തറച്ചുനിറുത്തി വള്‍ ചോദിക്കുന്നു:
"എന്നെയിഷ്ടമാണോ?"
"ഉവ്വല്ലോ!"
"എന്തേരെ?"
കൈവിരല്‍കൊണ്ടൊരു വൃത്തം വരച്ച്, "ഇത്രമാത്രം?"
"അല്ല, ഭൂഗോളത്തോളം!"
"അത്രയും മാത്രം?"
"അല്ല മോളേ , ബ്രഹ്മാണ്ഡത്തോളം - ബ്രഹ്മത്തോളം."

ഇത്തരം ചോദ്യങ്ങളുന്നയിച്ചിട്ട് അവയ്ക്കു കിട്ടുന്നയുത്തരങ്ങളെ ഗൗരവമായിട്ടെടുക്കുന്നയൊരുവളെ ആരാണിഷ്ടപ്പെട്ടുപോകാതിരിക്കുന്നത്?
ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജീവസ്പന്ദനം അനുഭവിക്കുന്ന രണ്ടുപേരുടെ ഇഷ്ടമാണത്.

ആ ഇഷ്ടത്തിനു വിലയുണ്ടെന്നും അതിനു മാറ്റം വരില്ലെന്നുമറിഞ്ഞുകൊണ്ട്;
നിഷ്‌ക്കളങ്കതയുടെ പാരമ്യമാണതില്‍ ഇരുവരും അനുഭവിക്കുന്നത്.
അവിടെയെത്തിനില്ക്കുമ്പോള്‍ അതിനു കാര്യകാരണങ്ങളുടെയാവശ്യമില്ലാതാകുന്നു.
ഇഷ്ടമാണെന്ന സ്ഥിരീകരണം മാത്രമാകുന്നു, അങ്ങനെയായിരിക്കുന്നതിന്റെ പൊരുള്‍.
അതില്‍ പഞ്ചേന്ദ്രിയങ്ങളാല്‍ പരീക്ഷിക്കപ്പെടേണ്ടതൊന്നുമില്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യമായി,
ഈ ഇഷ്ടം നിറഞ്ഞു നില്ക്കുന്നു.
പ്രകാശം പോലെ സുതാര്യവും ദൃഢവുമാണത് -
അതു മോക്ഷാനുഭവമായതുകൊണ്ട്,
വീണ്ടും ഒരേ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു -
ഒരേ ഉത്തരത്തിനായി.
യുക്തിക്കല്ല അതാവശ്യം - ഇഷ്ടമെന്ന പ്രക്രിയക്കാണ്.
ആണോ എന്നതിന് ആണ് എന്ന ഉത്തരം നിശ്ചയമായതുകൊണ്ടാണ് അതാവര്‍ത്തിക്കപ്പെടാന്‍ കൊതിച്ചുപോകുന്നത്.

ആ ചോദ്യത്തിലൂടെയവള്‍ എന്റെ തങ്കക്കുടമായിത്തീരുന്നു, ഓരോ തവണയും.
ആ ചോദ്യത്തിലൂടെയവളെന്റെ മുത്താകുന്നു.
ഓരോ തവണയും.
മുത്തെനിക്കു വിലയുള്ളതല്ല, എറ്റം മൗലികമായ പവിഴം പോലും. പക്ഷേ, അവളെന്റെ മുത്താകുമ്പോള്‍ അത് അതുല്യമാകുന്നു. ആ മുത്തെന്റെ ജീവനാകുന്നു!

"എന്നെയിഷ്ടമാണോ?"
ആ ചോദ്യത്തിലൂടെ ഉയരുന്നതവളല്ല, ഞാനാണ്. എന്റെ ഇഷ്ടപ്പെടലാണതിലൂടെ വിലയുറ്റതായിത്തീരുന്നത്.
ഇതിലും മധുരതരമായ ഒരു ചോദ്യം മറ്റൊരു നാവില്‍നിന്നും ഉണ്ടാകാനാവില്ല.
അതിലൂടെ എല്ലാം പുതുതായി സ്ഥിരീകരിക്കപ്പെടുകയാണ് - അവള്‍, ഞാന്‍, ദൈവം; 
ഇവയെല്ലാം ഒന്നായി നിലനില്ക്കുന്നു; അല്ലെങ്കില്‍ എല്ലാം ഒരുമിച്ച് അര്‍ത്ഥശൂന്യമായിത്തീരുന്നു.

"എന്നെ ഇഷ്ടമാണോ?" എന്നത്  സൃഷ്ടിയുടെയും സൗന്ദര്യത്തിന്റെയും  പരകോടിയായിത്തീരുന്നു. അതിലൂടെയവളെന്നെ സത്യവും ശിവവും സുന്ദരവുമാക്കുന്നു.
"ഉവ്വല്ലോ!" എന്ന എന്റെ ഉത്തരത്തിലൂടെ അവ
ള്‍ സത്യവും ശിവവും സുന്ദരവുമാകുന്നു.

ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യമാണിത്. 


മറിയത്തിന്റെ ഡയറി

മനുഷ്യപുത്രന്‍ (Jesus the Son of Man, published by Alfred A. Knopf , 1995) എന്ന കൃതിയില്‍ രണ്ടദ്ധ്യായങ്ങള്‍ ഖലീല്‍ ജിബ്രാന്‍ മഗ്ദലെനയിലെ മറിയത്തിനായി മാറ്റിവച്ചിട്ടുണ്ട്. അവയില്‍ യേശുവിനെക്കുറിച്ചുള്ള അവളുടെ ചിന്തകള്‍ അതീവ സുന്ദരമായി കുറിച്ചിരിക്കുന്നു.

വസന്തത്തിന്റെ രണ്ടാം പകുതിയിലാണ് ആദ്യമായി ഞാനവനെ കാണുന്നത്. എന്റെ തോഴികളുമായി നടന്നുപോകവേ, അവന്‍ ഒരു ഗോതമ്പ് വയലിലൂടെ നടക്കുകയായിരുന്നു, തനിയെ. അവന്റെ കാലടികളുടെ താളം വ്യത്യസ്തമായിരുന്നു. അവന്റെ നടപ്പും എടുപ്പും മറ്റാരുടേതും പോലെയായിരുന്നില്ല. അവന്‍ നടന്നത് വേഗത്തിലോ അതോ പതുക്കെയോ എന്നിപ്പോഴുമെനിക്കറിയില്ല.

അവനെ ചൂണ്ടി, എന്റെ തോഴിമാര്‍ നാണത്തോടെ അന്യോന്യം രഹസ്യം പറഞ്ഞു. അഭിവാദ്യമര്‍പ്പിക്കാന്‍ ഞാനെന്റെ കൈകളുയര്‍ത്തിയെങ്കിലും, അവന്‍ തിരിഞ്ഞു നോക്കിയില്ല. അവഹേളിതയായതുപോലെ എനിക്ക് തോന്നി. എന്നിലേയ്ക്ക് തന്നെ തിരിച്ചെറിയപ്പെട്ട എന്റെ മനസ്സ് കയര്‍ത്തു. ഉതിര്‍ന്നുവീഴുന്ന മഞ്ഞിനടിയില്‍ അകപ്പെട്ടതുപോലെ ഞാന്‍ വിറച്ചു.

അന്ന് രാത്രിയില്‍, ഭൂമിയിലെ രാജാക്കന്മാര്‍ അവന്റെ മുമ്പില്‍ നമ്രശിരസ്ക്കരായി നില്‍ക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. അവന്റെ മുഖകാന്തി - അത് ഞാനെങ്ങനെ പറഞ്ഞറിയിക്കും? ഇരുട്ടില്ലാത്ത രാത്രിപോലെയും ശബ്ദരഹിതമായ പ്രഭാതം പോലെയുമായിരുന്നു അത്. നീ എന്താണാഗ്രഹിക്കുന്നത്, മറിയം? അവന്‍ ചോദിച്ചു. ഞാനൊന്നും പറയാതെതന്നെ അവന്റെ ചിറകുകള്‍ എന്റെ ഹൃദയത്തെ പൊതിഞ്ഞു. അതിന്റെ തണുപ്പ് മാറി. അവന്റെ വിരലുകള്‍ എപ്പോഴും എന്റെ ഹൃദയതന്ത്രികളില്‍ ഓടിക്കളിക്കണമെന്നും അവനോടൊത്ത്‌ തനിയെ ഇരിക്കണമെന്നും അന്നുമുതല്‍ ഞാനാഗ്രഹിച്ചു.

ആഗസ്റ്റുമാസത്തില്‍, ഒരിക്കല്‍, എന്റെ ഈജിപ്തുകാരന്‍ അടിമ വന്നു പറഞ്ഞു: അതാ അവന്‍ വീണ്ടും അവിടെയുണ്ട്, നിന്റെ പൂന്തോട്ടത്തിനപ്പുറത്ത്. എന്റെ ജനാലയിലൂടെ വീണ്ടും ഞാനവനെ കണ്ടു, ദൂരെയൊരു സൈപ്രസ് മരത്തിന്റെ തണലില്‍. അന്റിയോക്കിലും മറ്റ് വടക്കന്‍ പട്ടണങ്ങളിലും കാണുന്ന കല്ലില്‍ കൊത്തിയ പ്രതിമകള്‍ പോലെ നിശ്ചലനായിരുന്നു അവന്‍. എന്റെയാത്മാവ് വിറകൊണ്ടു. അത്ര സുന്ദരനായിരുന്നു അവന്‍! അവന്റെ അവയവങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതു പോലെയായിരുന്നു.

ദമാസ്ക്കസില്‍ നിന്ന് വാങ്ങിയ ഉടയാടകള്‍ എടുത്തണിഞ്ഞ്, ഞാനിറങ്ങിച്ചെന്നു. എന്റെ എകാന്തതയാണോ അവന്റെ സുഗന്ധമാണോ എന്നെ അവനിലേയ്ക്ക് വലിച്ചടുപ്പിച്ചത്? എന്റെ കണ്ണുകളുടെ വിശപ്പ്‌ അവന്റെ ആകാരത്തെ കൊതിച്ചോ, അതോ, അവന്റെയഴക്‌ എന്റെ കണ്ണുകളുടെ വെളിച്ചത്തെ ആകര്ഷിച്ചോ? ഇപ്പോഴും എനിക്കതറിയില്ല. വാസനിക്കുന്ന വസ്ത്രങ്ങളും ഒരു റോമന്‍ പടയാളി തന്ന സ്വര്‍ണ്ണച്ചെരിപ്പുകളും അണിഞ്ഞ് ഞാന്‍ ചെന്നു. വന്ദനം, ഗുരോ, ഞാന്‍ അഭിവാദ്യമേകി. വന്ദനം, മറിയം, അവന്‍ പ്രതിവചിച്ചു. അവന്റെ നോട്ടം എന്നെ നഗ്നയും നാണിക്കുന്നവളുമാക്കി. അങ്ങെന്റെ വീട്ടിലേയ്ക്ക് വരില്ലേ? ഞാന്‍ ചോദിച്ചു. ഞാന്‍ ഇപ്പോള്‍ത്തന്നെ നിന്റെ വീട്ടിലല്ലേ, മറിയം? അവന്‍ ചോദിച്ചു. അവനെന്താണ് ഉദ്ദേശിച്ചതെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായില്ല. പക്ഷേ, ഇപ്പോള്‍ അതെനിക്കറിയാം. എന്നോടൊത്ത്‌ അപ്പവും വീഞ്ഞും കഴിക്കാന്‍ വരൂ, എന്ന് ഒന്നുകൂടി പറയാന്‍ ഞാന്‍ ധൈര്യം കണ്ടു. ഒരിക്കല്‍ തീര്‍ച്ചയായും, എന്നാല്‍ ഇപ്പോഴല്ല, ഇപ്പോഴല്ല, എന്നവന്‍ പറഞ്ഞപ്പോള്‍, ആ വാക്കുകളില്‍ കടലിന്റെ ഇരമ്പവും മരങ്ങളില്‍ കാറ്റ് പിടിക്കുന്ന ഇമ്പവും ഞാനറിഞ്ഞു. ജീവന്‍ മരണത്തോട് സംസാരിക്കുമ്പോലെ ആയിരുന്നു അത്.

കാരണം, സുഹൃത്തുക്കളേ, ഞാന്‍ മരിച്ചവളായിരുന്നു. ആത്മാവില്‍ നിന്ന് മോചനം നേടിയവളായിരുന്നു, അപ്പോള്‍ ഞാന്‍. എല്ലാ പുരുഷന്മാരുടേതുമായിരുന്നു, എന്നാല്‍ ആരുടേതുമാല്ലായിരുന്നു, ശപിക്കപ്പെട്ട ഞാന്‍. ഞാന്‍ വേശ്യയും ഏഴു പിശാചുക്കള്‍ ബാധിച്ചവളുമായിരുന്നു. എന്നാല്‍, അവന്റെ പ്രകാശപൂരിതമായ കണ്ണുകള്‍ എന്നെ നോക്കിയതേ, എന്നില്‍ നിന്ന് രാത്രി ഓടിയകന്നു; ഞാന്‍ മറിയമായി.

ഒരിക്കല്‍ കൂടി ഞാന്‍ യാചിച്ചു: എന്നോടൊത്ത്‌ അപ്പവും വീഞ്ഞും കഴിക്കാന്‍ വരൂ! അവന്‍ എനിക്കുള്ളിലേയ്ക്ക് നോക്കി പറഞ്ഞു: നിനക്ക് ഏറെ കമിതാക്കളുണ്ട്. അവരെല്ലാം അവരെത്തന്നെ നിന്നില്‍ സ്നേഹിക്കുന്നു. ഞാന്‍ മാത്രം നിന്നെ സ്നേഹിക്കുന്നു, നീയായിട്ട്. മങ്ങിപ്പോകേണ്ട സൌന്ദര്യത്തെ അവര്‍ നിന്നില്‍ സ്നേഹിക്കുന്നു. ഞാനോ, നിന്നിലെ അദൃശ്യമായതിനെ സ്നേഹിക്കുന്നു.

എന്നിട്ട്, സ്വരം താഴ്ത്തി അവന്‍ വീണ്ടും പറഞ്ഞു: ഈ സൈപ്രസ് മരം നിന്റേതാണെങ്കില്‍, അതിനടിയിലിരിക്കാന്‍ എന്നേ നീ അനുവദിക്കില്ലെങ്കില്‍, ഞാനിതാ പോകുന്നു. കരഞ്ഞുകൊണ്ട്‌ ഞാന്‍ അപേക്ഷിച്ചു: അങ്ങനെയല്ല ഗുരോ, നിനക്കായി പുകക്കാന്‍ കുന്തിരിക്കവും, നിന്റെ കാലു കഴുകാന്‍ വെള്ളിത്താലവും വീട്ടില്‍ ഞാന്‍ ഒരുക്കിയിട്ടുണ്ട് . എന്റെ അതിഥിയായി വരൂ.

അവന്‍ എഴുന്നേറ്റു. എന്നിട്ട്, ഋതുകാലങ്ങള്‍ ഭൂമിയെ നോക്കുമ്പോലെ അവനെന്നെ നോക്കി മന്ദഹാസം തൂകി. അവന്‍ നടന്നകന്നു. ഒരു മനുഷ്യനും അതുപോലെ നടന്നിട്ടില്ല. എന്റെ പൂന്തോട്ടത്തെ തഴുകിപ്പോയ ഒരു മന്ദമാരുതന്‍ ആയിരുന്നോ അത്? അതോ, എല്ലാറ്റിനെയും കടപുഴകിയെറിയുന്ന ഒരു കൊടുങ്കാറ്റോ? എനിക്കറിയില്ല. ഒന്നെനിക്കറിയാം, അന്ന്, അവന്റെ കണ്ണുകളിലെ അസ്തമയം എന്നിലെ അപരാധങ്ങളെ കൊന്നു. ഞാനൊരു സ്ത്രീയായി, ഞാന്‍ മറിയമായി, അവന്റെ മറിയം.

അറിഞ്ഞതില്‍നിന്നുള്ള മോചനം

ഇലെക്ട്രോണുകള്‍ പ്രകാശവുമായി എപ്രകാരം പ്രതിപ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച സിദ്ധാന്തമായ Quamtum Electrodynamics വികസിപ്പിച്ചെടുത്തതിനു നൊബേല്‍സമ്മാനം ലഭിച്ച റിച്ചാര്‍ഡ്‌ ഫെയ്ന്‍മന്‍ (Richard P. Feynman) ഒരിക്കല്‍ പറഞ്ഞു: "ഒരു ശരാശരി വ്യക്തിയോട് എനിക്കിത് വിശദീകരിക്കാന്‍ കഴിഞ്ഞാല്‍, നൊബേല്‍ സമ്മാനത്തിനുള്ള അര്‍ഹതയെനിക്കില്ല." മനസ്സിലാക്കാനായാല്‍ തന്നെ, സാധാരണക്കാരാരും അംഗീകരിക്കുമെന്നു കരുതാനാവാത്തവയാണ് സുഖദുഃഖങ്ങളെപ്പറ്റിയും അറിവിനെയും സ്നേഹത്തെയും പറ്റിയുമൊക്കെ ജിദ്ദു കൃഷ്ണമൂര്‍ത്തി അവതരിപ്പിച്ചയാശയങ്ങള്‍. അത്രയേറെ അസ്സാധാരണങ്ങളാണവ.മധുരം ഗായതിയിലെ ഒരു കഥാപാത്രത്തെക്കൊണ്ട് ഒ.വി.വിജയന്‍ പറയിപ്പിക്കുന്നുണ്ട്, എല്ലാ അറിവും ഭാരമാണ്, അതേസമയം മോചനവും എന്ന്.നന്ദിനി പറഞ്ഞു: "അറിവിലേയ്ക്കുള്ള പ്രവേശം സുഗമമല്ല; മകളേ, ധ്യാനിക്കൂ."നേരേമറിച്ചാണ് ജെ. കൃഷ്ണമൂര്‍ത്തി തറപ്പിച്ചുപറയുന്നത്: അറിഞ്ഞതില്‍നിന്ന് വിടുതല്‍ നേടുകയാണ്‌ സ്വതന്ത്രവും ആനന്ദകരവുമായ ജീവിതത്തിനാധാരം. "അറിഞ്ഞതില്‍നിന്നുള്ള മോചനത്തിനായി ഓരോ വ്യക്തിയും കിണഞ്ഞു ശ്രമിക്കണം; ഒരു വഴിയേ അനിനായിട്ടുള്ളൂ - അതാണ്‌ ധ്യാനം."  

ചിന്തകരും ഗുരുക്കന്മാരും എഴുത്തുകാരും ഇതുവരെ ആവര്‍ത്തിച്ചുകൊണ്ടിരുന്നതു തന്നെയാണ് എഴുത്തുകാരില്‍ തന്നെ ഒരപവാദമായിരുന്ന ഒ.വി വിജയനും അറിവിനെക്കുറിച്ച് മുന്നോട്ടുവച്ചത്. എന്നാല്‍ കൃഷ്ണമൂര്‍ത്തി മറ്റെല്ലാ ആധുനിക ചിന്തകരില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. 1920 മുതല്‍ 1986 ല്‍ തന്റെ 91 വയസ്സുവരെ അദ്ദേഹം ലോകത്തെല്ലായിടത്തുംതന്നെ പ്രഭാഷണങ്ങള്‍ നടത്തി. ഏത്‌ മതവും അതിരുകളെയും ദേശീയവികാരങ്ങളെയും ഉള്‍ക്കൊള്ളുമെന്നതിനാല്‍, എല്ലാ മതങ്ങള്‍ക്കും അതീതമായ ഒരു മനോവികാസത്തിലെത്തിയാലേ മനുഷ്യന് അവന്റെ ദുഃഖം, ഭയം, ഹിംസാത്മകത, സ്വാര്‍ത്ഥത എന്നിവയില്‍നിന്ന് മോചനം കൈവരൂ എന്നദ്ദേഹം വിശ്വസിച്ചു. അദ്ദേഹം പറഞ്ഞതെല്ലാം സ്വന്തം ഉള്‍ക്കാഴ്ച്ചകളില്‍ നിന്നായിരുന്നു എടുത്തിരുന്നത്. അതിങ്ങനെ സംഗ്രഹിക്കാം: അഖണ്ഡബോധം നിശ്ചലമാണ്; അതിനു സ്ഥലകാലമില്ല. അതുകൊണ്ടതിന് അതിരുകളുമില്ല.


തന്റെ ഡയറിക്കുറിപ്പുകളില്‍ അദ്ദേഹം സ്വയം വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക:തനിക്കും മരങ്ങള്‍ക്കും മലകള്‍ക്കും പുഴകള്‍ക്കുമിടയില്‍ അകലമില്ലെന്നുള്ള അപൂര്‍വ്വാനുഭവം എപ്പോഴുമുണ്ടായിരുന്നു. അത് വളര്‍ത്തിയെടുത്തതായിരുന്നില്ല. തനിക്കും മറ്റുള്ളവര്‍ക്കുമിടയിലും മതിലുണ്ടായിരുന്നില്ല. അവര്‍ ചെയ്യുന്നതോ പറയുന്നതോ തന്നെ വേദനിപ്പിച്ചിരുന്നില്ല. മുഖസ്തുതികള്‍ തന്നെ സ്പര്‍ശിച്ചതേയില്ല. ഉള്‍വലിയുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യാതെ നദിയിലെ ജലം പോലെ ഒഴുകുന്നവനായിരുന്നു. ധ്യാനാത്മകമായ, സ്പര്‍ശനാതീതമായ ഒരു നിലപാട് അദ്ദേഹത്തിനു സഹജമായിരുന്നു എന്ന് ചുരുക്കം.   

എല്ലാ അറിവും ആവര്‍ത്തനമാണ്. അതായത്, അവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരമ്പരാഗതമായതില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്നതാണ്. അതിലൊന്നാണ്, സ്വന്തം നിലനില്പിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത വ്യക്തികളാണ് നാമോരോരുത്തരും എന്നത്. എല്ലാ മുനുഷ്യബന്ധങ്ങള്‍ക്കും അവയെ ബാധിക്കുന്ന അസംബന്ധങ്ങള്‍ക്കും കാരണം ഈ ചിന്തയാണ്. മുന്‍കാലസംഭവങ്ങളുടെ ഓര്‍മ്മകളാണ് ഏത് ചിന്തയെയും സൃഷ്ടിക്കുന്നതും പൊലിപ്പിക്കുന്നതും. അതുകൊണ്ട്, അറിവിന്റെ വഴിത്താരയില്‍ പ്രഥമപ്രധാനം ഓര്‍മ്മയാണ്. അനുഭവം, ഓര്‍മ്മ, ചിന്ത, അറിവ്, പ്രവൃത്തി എന്നിങ്ങനെ ക
ങ്ങിത്തിരിയുന്നു ജീവിതം. ഇതെല്ലാം സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഓര്‍മ്മകളെ ചുറ്റിപ്പറ്റിയുള്ള ചിന്തയാണ് സമയബോധത്തിനുമാധാരം. കുറേ മുമ്പ് നടന്ന സംഭവത്തെ ഇന്നത്തെ പ്രവൃത്തിക്കുതകുംവിധം വ്യാഖ്യാനിച്ച് അതിലൂടെ നാളയെ രൂപപ്പെടുത്തുക എന്നതായിത്തീരുന്നു മനുഷ്യന്റെ ജീവിതചക്രം.  
കാലവും ഭയവും ഭവിതവ്യതയുടെ സങ്കീര്‍ണ്ണതയെ സൃഷ്ടിക്കും. അതാണ്‌ സംഘര്‍ഷങ്ങള്‍. സംഘര്‍ഷങ്ങള്‍ നഷ്ടബോധത്തിലേയ്ക്കും നഷ്ടബോധം അശാന്തിയിലേയ്ക്കും നയിക്കും. ഇപ്പോള്‍ ഞാന്‍ ഇതാണ്, ഇങ്ങനെയാണ്. എന്നാല്‍, അതു പോരാ, എനിക്ക് അങ്ങനെയായിത്തീരണം എന്ന മാനസിക നിലപാടാണ് അശാന്തിയുടെയടിവേര്. ഇത് മനുഷ്യന്റെയാരംഭം മുതല്‍ അവനെ പിടികൂടിയിട്ടുള്ള രോഗമാണെന്ന് കാണുന്നു. ദൈവം പറഞ്ഞു, അറിവിന്റെ വൃക്ഷത്തില്‍ നിന്ന് നീ കായ്‌ പറിച്ചു തിന്നരുത് എന്ന്. എന്നാല്‍ മനുഷ്യന്‍ ആ കനിതന്നെ ആഗ്രഹിച്ചു, അത് പറിച്ചുതിന്നുകയും ചെയ്തു. പിന്നെയിങ്ങോട്ടുള്ളതാണല്ലോ നമ്മുടെ ചരിത്രം. ആ ചരിത്രത്തിലെ വികൃതികളാണ് നമ്മുടെ ജീവിതങ്ങള്‍. അറിഞ്ഞതില്‍നിന്നുള്ള മോചനം മനുഷ്യനെ അവന്റെ ഏറ്റവും വലിയ സന്തുഷ്ടിയിലേയ്ക്ക് നയിക്കും എന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി ആവര്‍ത്തിച്ചു പറയുമ്പോള്‍, അത് മനുഷ്യചരിത്രത്തിലെ ആദ്യപാഠത്തിലേയ്ക്ക് തിരിച്ചുപോകാനുള്ള ഒരാഹ്വാനമാണ്.   
ബൈബിളിലെ ഉല്പത്തിക്കഥയിലെന്നതുപോലെ മറ്റ് പല മതസംസ്കൃതികളിലും മാനവബോധത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന പിശാച് എന്ന ദുര്‍ശക്തി ഒരസ്തിത്വമല്ല, മറിച്ച്,  അസ്തിത്വത്തിന്റെയഭാവമാണ്. അതായത്, സുബുദ്ധിയുടെ അഭാവം. സുബുദ്ധിയുടെയഭാവത്താലാണ് മനുഷ്യന്‍ തനിക്ക്  ആവശ്യമില്ലാത്തവയെയൊക്കെ ആഗ്രഹിക്കുന്നത്. സ്വന്തം പ്രതി
ച്ഛായ, അന്യന്റെ പ്രതിച്ഛായ, ഇവ തമ്മിലുള്ള സംഘര്‍ഷം, അതിന് പരിഹാരം കണ്ടെത്താനായി സ്വന്തം പ്രതിച്ഛായയെ മെച്ചപ്പെടുത്താനുള്ള ത്വര, ഇതൊക്കെയാണ് മനുഷ്യനെ നയിക്കുന്ന ഘടകങ്ങള്‍. ഏത്‌ പ്രതിച്ഛായയെയും സൃഷ്ടിക്കുന്നത് അനുഭവങ്ങളും അവയുടെ ഓര്‍മ്മകളും അവയിലൂടെ കരുപ്പിടിപ്പിക്കുന്ന അറിവുകളുമാണ്. അടുത്തും അകലെയുമുള്ള അനുദിനസംഭവങ്ങളെ തേടിപ്പിടിച്ചും വിശകലനം ചെയ്തും മനസ്സു നിറക്കുക എന്ന വ്യായാമത്തിനായിട്ടാണല്ലോ ഇന്ന് മിക്കവരും അവരുടെ സമയത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കുന്നത്. ഇങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുന്ന സഞ്ചിതസ്മരണകള്‍ ജീവിതത്തില്‍ ഒരു താങ്ങുപോലെ പ്രവര്‍ത്തിക്കുന്നു. ഓരോരുത്തരും തങ്ങളുടേതായി ഉണ്ടാക്കിയെടുക്കുന്ന പ്രതിബിംബത്തിനുള്ള ഊടും പാവുമാണ് ഓര്‍മ്മകള്‍. വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, ഓരോ സംഘടനയുടെയും കൂട്ടായ്മയുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നതും പഴയ ഓര്‍മ്മകളും അവയെയുപയോഗിച്ച് നെയ്തെടുക്കുന്ന ബിംബങ്ങളുമാണ്. ഇവയുടെയെല്ലാം ഭാരംകൊണ്ടു നിവര്‍ന്നു നടക്കാനാവാതെ നാം പെട്ടെന്ന് പടുവൃദ്ധരായിത്തീരുന്നു. 


ഇതിനൊക്കെ പരിഹാരമായി എന്തെങ്കിലുമുണ്ടോ? ഉണ്ട്, അതാണ്‌ ശ്രദ്ധ എന്ന്കൃഷ്ണമൂര്‍ത്തി പറയുന്നു. ഭൂതകാലത്തിന്റേതായതൊന്നും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടയാവശ്യം തോന്നാത്ത അവസ്ഥക്കാണ്‌ അദ്ദേഹം ശ്രദ്ധയെന്നു പറയുന്നത്. ചിത്തവൃത്തിയുടെ നിരോധം - നിര്‍മ്മമനാവസ്ഥ (no-mind) - എന്നതാണ് ധ്യാനംകൊണ്ട് കൃഷ്ണമൂര്‍ത്തി വിവക്ഷിക്കുന്നത്. പല ഗുരുക്കന്മാരും നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള എകാഗ്രതക്കുള്ള തത്രപ്പെടലും മന്ത്രോച്ചാരണവുമൊന്നും അദ്ദേഹം ധ്യാനത്തിനായി നിഷ്കര്‍ഷിക്കുന്നില്ല. നമുക്കുപകരിക്കാത്ത അറിവുകളെയും ഓര്‍മ്മകളെയും നിര്‍വ്വിശ്ശങ്കം വിട്ടുകളയുക എന്നതിലൂടെ ഒരാള്‍ക്ക്‌ മനസ്സിനെ ശുദ്ധമാക്കി സൂക്ഷിക്കാം. ഓര്‍മ്മയില്ലാത്തിടത്തു വിശദീകരണങ്ങള്‍ വേണ്ടിവരുന്നില്ല. ഇപ്പോള്‍ നാം കാണുന്നവയില്‍നിന്ന്തന്നെ തല്‍ക്ഷണം ജീവിതത്തിനാവശ്യമായ ഉള്‍ക്കാഴ്ച കൈവരുന്നു. അങ്ങനെയാവുമ്പോള്‍, എല്ലാം എപ്പോഴും നൂതനമായിരിക്കും. എന്നാല്‍, സാധാരണയാര്‍ക്കും ഇത് സ്വാഗതാര്‍ഹമാവില്ല. കാരണം, പരിചയമുള്ളവയില്‍ ഊന്നിനില്‍ക്കാനാണ് ഏവര്‍ക്കുമിഷ്ടം. പഴയ ചട്ടക്കൂടുകള്‍, ചിന്താരീതികള്‍, മുന്‍കരുതലുകള്‍, വിലക്കുകള്‍ എന്നിങ്ങനെ. അതാണെളുപ്പം. അറിയപ്പെടുന്നവയിലാണ് സുരക്ഷിതത്വം. ഈ സുരക്ഷിതത്വത്തിനുവേണ്ടിയാണ് അനുഭവിക്കുന്നതെല്ലാം നമ്മള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. മതങ്ങളും അവയോടു സാധര്‍മ്മ്യമുള്ള തത്ത്വസംഹിതകളുംനിര്‍ബന്ധബുദ്ധ്യാ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസങ്ങളും ഇക്കൂടെക്കൂട്ടാം. ഇവയെല്ലാം വിലയേറിയ അറിവുകളാണെന്നു തെറ്റിദ്ധരിച്ച്‌, അവയുടെ വലിയ ഭാരം ചുമക്കുക എന്നതാണ്, പറഞ്ഞതുപോലെ, മനുഷ്യനെ ബൌദ്ധികവും ശാരീരികവുമായ അകാലവാര്‍ദ്ധക്യത്തിനിരയാക്കുന്നത്. ഒന്നുംതന്നെ ഓര്‍മയില്‍ വയ്ക്കേണ്ടതില്ല, അല്ലെങ്കില്‍, ഓര്‍മ്മയില്‍ വയ്ക്കേണ്ടവയുടെ വ്യാപ്തിയെ അങ്ങേയറ്റം കുറയ്ക്കുക എന്ന തീരുമാനം ഉള്‍ക്കരുത്താവശ്യപ്പെടുന്നയൊന്നാണ്. അങ്ങനെയൊരു ശീലം പരിപോഷിപ്പിച്ചെടുക്കാനുള്ള വെല്ലുവിളിയാണ് കൃഷ്ണമൂര്‍ത്തി തന്റെ പ്രഭാഷണങ്ങളിലൂടെ നടത്തിയിരുന്നത്.
        
സ്നേഹം - എന്താണത്? വളരെ ദുഷിച്ചുപോയ ഒരു വാക്കാണിത്. നാം സ്നേഹമെന്ന് കരുതുന്നവയില്‍ എന്തൊക്കെ സത്യത്തില്‍ സ്നേഹമല്ല എന്നൊരാത്മശോധന ഇടക്കൊക്കെ നല്ലതാണ്. ദൈവസ്നേഹം, മനുഷ്യരോടുള്ള സ്നേഹം, പ്രകൃതിയോടുള്ള സ്നേഹം എന്നിങ്ങനെ എവിടെയും നാം സ്നേഹത്തെപ്പറ്റി വാചാലരാവുന്നു. പക്ഷേ, എന്താണത്? ഒരു വികാരം? ഒരാശയം? മേല്പ്പറഞ്ഞിടത്തെല്ലാം നമ്മുടെതന്നെ ചിന്തയില്‍ കുരുത്ത, നമ്മള്‍ മനസ്സില്‍ സ്വയമോ അന്യസ്വാധീനങ്ങളിലൂടെയോ രൂപപ്പെടിത്തിയ ഒരു സങ്കല്പത്തോടാണ് വാസ്തവത്തില്‍ നമുക്കടുപ്പം തോന്നുന്നത്. ആത്യന്തികമായി അത് നമ്മോടുതന്നെയുള്ള ഇഷ്ടമാണ്. അതായത്, ഇവിടെയെല്ലാം നിഗൂഢമായി നമ്മള്‍ നമ്മെത്തന്നെ സ്നേഹിക്കുന്നു. മറ്റൊരു വ്യക്തിയോടുള്ള പ്രണയത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്‌. ആ വ്യക്തിയെ ചുറ്റിപ്പറ്റി നമുക്കുതകും വിധംകാല്പനികവും യുക്തിപരവും ബൌദ്ധികവും വികാരപരവുമായ ഗുണവിശേഷങ്ങളോടുകൂടിയ ഒരു ബിംബത്തെ സൃഷ്ടിച്ചിട്ട് അതിനെ സ്നേഹിക്കുക, അല്ലെങ്കില്‍, സുന്ദരമായി പറഞ്ഞാല്‍, പ്രണയിക്കുക! മുകളില്‍ പറഞ്ഞ 'സ്നേഹ'പ്രക്രിയകളിലെല്ലാം അല്പമെങ്കിലും വിദ്വേഷവും അക്രമവും ഒളിഞ്ഞിരുപ്പുണ്ടാവും. നമ്മള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി, നമ്മള്‍ സ്വന്തമെന്നു കരുതുന്ന സ്വത്തുക്കള്‍ക്കായി, നമ്മുടെ ദേശത്തിന് വേണ്ടി, എന്തിന്, നമ്മള്‍ ആരാധിക്കുന്ന പരമകാരുണികനായ ദൈവത്തിന്റെ പേരില്‍ പോലും, എന്തും ചെയ്യാന്‍, അന്യരെ കൊല്ലാന്‍വരെ നാം സന്നദ്ധരാകുന്നു. ഇങ്ങനെ സ്നേഹത്തൊടോത്ത് ഭയവും അസൂയയും ഉല്‍ക്കണ്‍ഠയും പകയും, അന്യരെയും അന്യമായതും അധീനപ്പെടുത്താനുള്ള ത്വരയും ഉണ്ടെങ്കില്‍ അതെങ്ങനെ സുഖകരമാകും? അതെങ്ങനെ ആനന്ദത്തെ തരുന്ന ഒരു പ്രവൃത്തിയാകും?     

സുഖകരമല്ലാത്തതാണ് ദുഃഖം. അതായത്, സുഖത്തിന്റെയഭാവം. സ്വയംനിര്‍മ്മിത ബിംബങ്ങള്‍ ഉടയുമ്പോള്‍ വന്നുചേരുന്ന മാനസികാഘാതമാണ് ദുഃഖം.
ദുഃഖാനുഭവങ്ങളുണ്ടാകുമ്പോള്‍, വീണ്ടും പരിക്ക് പറ്റാതിരിക്കാന്‍ നാം നമുക്കുചുറ്റും വേലികെട്ടുന്നു. ഇത്തരം വേലികള്‍ മനുഷ്യരെ ഒറ്റപ്പെടുത്തുന്നു. കൂടുതല്‍ വ്യഥയാണ് ഫലം. സ്നേഹവും ദുഃഖവും ഒരുമിച്ച് സ്ഥിതിചെയ്യുമോ? ചെയ്യില്ലെന്നതാണ് സത്യമെങ്കിലും, ഏവരും കരുതുന്നത് അത് സാദ്ധ്യമാണെന്നാണ്,സ്നേഹമുള്ളതുകൊണ്ടാണ് താന്‍ ദുഃഖമനുഭവിക്കുന്നത് എന്നാണ്. ഒരുദാഹരണം:കണ്ണിലെ കൃഷ്ണമണിപോലെ ആവുന്നത്ര കരുതലോടെ, ഏത്‌ ത്യാഗത്തിനും മടിക്കാത്ത വാത്സല്യത്തോടെ വളര്‍ത്തിയെടുക്കുകയും പഠിപ്പിച്ചു മിടുക്കനാക്കുകയും ചെയ്ത പുന്നാരമോന്‍ നമ്മോടാലോചിക്കാതെ പോയി ഒരു പെണ്ണിനെ കൂട്ടുപിടിച്ച് കൊണ്ടുവരുന്നു. അവളാകട്ടെ, നമ്മളുടെയഭിരുചികള്‍ക്ക് ചേരാത്ത ശീലങ്ങളും തഴക്കങ്ങളുമുള്ളവള്‍. അവന്റെ സമയവും സമ്പാദ്യങ്ങളുമെല്ലാം അവളനുഭവിക്കുന്നു. നാളിതുവരെ അവന്‍ വച്ചുപുലര്‍ത്തിയിരുന്ന മൂല്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും പോലും അവളുടെ മനോധര്‍മ്മത്തിനൊത്ത് മാറ്റിമറിക്കപ്പെടുന്നു. ഇതൊക്കെയനുഭവിക്കുന്ന അപ്പനുമമ്മയ്ക്കും ദുഃഖം തോന്നുന്നെങ്കില്‍ അതില്‍ അസാധാരണമായിട്ടൊന്നുമില്ല. എന്നാല്‍ ആ ദുഃഖം നിര്‍വീര്യമാക്കാവുന്നതാണോ? അതേയെങ്കില്‍, എങ്ങനെ?

ഇവിടെ പലതും തിരിച്ചറിയേണ്ടതുണ്ട്. ഒന്നാമത്, തങ്ങളുടെ വാത്സല്യത്തിനും കഷ്ടപ്പാടുകള്‍ക്കും മക്കളില്‍ നിന്ന് പ്രതിസ്നേഹവും കടപ്പാടും പ്രതീക്ഷിക്കുന്നത് പൌരസ്ത്യനാടുകളില്‍ ഒരു തഴക്കമാണെങ്കിലും അത് ന്യായീകരണമില്ലാത്ത, അപക്വമായ ഒരേര്‍പ്പാടാണ്. ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുല്ലതുപോലെ, കുഞ്ഞുങ്ങള്‍ നമ്മിലൂടെ ജനിക്കുന്നെങ്കിലും അവര്‍ നമ്മുടേതല്ല. എങ്കില്‍, പക്വപ്രായമായ ശേഷം, അവരുടെ പ്രവൃത്തികളുടെ നന്മതിന്മകളെ തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് എന്താണര്‍ഹത? നമ്മള്‍ നമ്മുടെ ജീവിതം സ്വയം ചിട്ടപ്പെടുത്തിയതുപോലെ അവര്‍ അവരുടേതും ചിട്ടപ്പെടുത്തട്ടെ. എന്റെ സുഖവും ദുഃഖവും മറ്റൊരാളുടെ ചെയ്തികളെ ആശ്രയിക്കാന്‍ വിടുന്നത് എന്റെ പക്വതയില്ലായ്മകൊണ്ടാണ്. അനുവദനീയമല്ലാത്ത, എന്റെ അസ്തിത്വവുമായി ചേര്‍ച്ചയില്ലാത്ത, ഒരു 
പ്രതിച്ഛായയെ എന്റേതായിസൃഷ്ടിച്ച്‌, അതിനെ വച്ചുപൂജിക്കുന്നു എന്നതാണ് എനിക്ക് വന്നുചേര്‍ന്ന ദുരിതം. എന്റെ പ്രതിച്ഛായക്ക്‌ കോട്ടം സംഭവിക്കുന്നു എന്നതാണ് എന്റെ ദുഃഖത്തിനു പിന്നിലെ കാരണം. അത് സ്നേഹത്തില്‍നിന്നുണ്ടാകുന്ന വേദനയല്ല, മറിച്ച്, സ്വാര്‍ത്ഥതയുടെ സ്വാഭാവികമായ തിരിച്ചടിയാണ്. നേരെചൊവ്വേ നോക്കാന്‍ ഞാന്‍ ഭയപ്പെടുന്ന അല്ലെങ്കില്‍ വിസമ്മതിക്കുന്ന പ്രശ്നങ്ങള്‍ എന്നില്‍ നിലനില്‍ക്കുന്നതാണ് ഇതിനെല്ലാം പിറകില്‍. അത്രയും അംഗീകരിക്കാനാവുമ്പോള്‍ എന്റെ മനസ്സ് ശന്തമാകേണ്ടതാണ്.  

യഥാര്‍ത്ഥത്തില്‍, തെറ്റിദ്ധരിച്ച സ്നേഹമാണ് ദുഃഖത്തിന് കാരണമാകുന്നത്. നാം സ്നേഹത്തെയും ദുഃഖത്തെയും ഒരുമിച്ച് കാണുന്നു, തമ്മില്‍ ബന്ധിപ്പിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ സ്നേഹിക്കുന്നയൊരാള്‍ മരിക്കുമ്പോള്‍ നാം ദുഃഖിക്കുന്നത്. അയാളുടെ ജീവിതാന്ത്യമല്ല, നമ്മുടെ നഷ്ടമാണ് നമ്മെ ദുഃഖിപ്പിക്കുന്നത്. മരിച്ചയാള്‍ അല്ലെങ്കില്‍ നമ്മള്‍ സ്നേഹിക്കുന്നയാള്‍ സ്നേഹത്തിന്റെ ബലത്തില്‍ നമ്മുടെ കൈവശവസ്തുവാണോ? ആണെന്നാണ്‌ 
ശീലങ്ങള്‍ നമ്മെ പഠിപ്പിച്ചതും നാം ചിന്തിച്ചുപോരുന്നതും. അത് മനുഷ്യന്റെ സഞ്ചിതമായ ഓര്‍മ്മകളുടെ ഭാഗമാണ്. സ്നേഹം നമ്മുടെ മനസ്സിലുള്ള ഒരു ബിംബത്തോടുള്ള (എന്റെ മകന്‍, എന്റെ മകള്‍, എന്റെ പ്രേയസി, എന്റെ സുഹൃത്ത്, മാതാപിതാക്കള്‍, പോരാ, എന്റെ ദൈവം പോലും) മമതയല്ലെങ്കില്‍, അതൊരു നിമിത്തത്തിന്റെ, പ്രേരണയുടെ, അല്ലെങ്കില്‍ ആഗ്രഹത്തിന്റെ ഫലമായി ജനിച്ച വികാരമല്ലെങ്കില്‍, സ്നേഹത്തില്‍നിന്ന് ദുഃഖം ഉളവാകേണ്ടതില്ല. സ്നേഹം നമുക്ക് വിഷയസുഖമോ ആശ്രിതത്വമോ തരുന്നെങ്കില്‍ അതിനര്‍ത്ഥം അത് കളങ്കിതമാണെന്നാണ്. കടമയുടെ പേരില്‍ എന്തെങ്കിലും ചെയ്യുന്നത് സ്നേഹമല്ല, കര്‍ത്തവ്യമാണ്. അതായത്, ഏതെങ്കിലും വിധത്തിലുള്ള മോഹമോ പ്രേരണയൊ ഉള്ളിടത്ത് സ്നേഹമില്ലെന്ന് തീര്‍ച്ചപ്പെടുത്താം, മാനുഷികതലത്തിലായാലും ദൈവികതലത്തിലായാലും. തീര്‍ത്തും മാനുഷിക ബലഹീനതയായ മുഖസ്തുതിപ്രിയവും ശുപാര്‍ശാദൌര്‍ബല്യവും ആരോപിച്ചുണ്ടാക്കുന്ന ഒരു ദൈവബിംബത്തെ അരാധിക്കുന്ന വിചിത്രരീതികള്‍ കാണണമെങ്കില്‍ വെറും അഞ്ചു മിനിട്ട് നേരം ശാലോം റ്റി.വി. നോക്കുക. എല്ലാ മതമന്ദിരങ്ങളിലേയ്ക്കും തീര്‍ത്ഥാടനകേന്ദ്രങ്ങളിലേയ്ക്കും ഭക്തരെയാകര്‍ഷിക്കുന്നത് ഈവിധ പ്രീണനതല്പരതയല്ലെന്നുണ്ടോ?   

ദുഃഖങ്ങളില്‍ നിന്ന് വിടുതല്‍ നേടാന്‍ കൃഷ്ണമൂര്‍ത്തി മുന്നോട്ടു വയ്ക്കുന്ന വളരെ പ്രധാനമായ ഒരാശയമിതാണ്: തന്റെ പ്രജ്ഞ വ്യതിരിക്തമല്ല, മറിച്ച്, മനുഷ്യരാശിയുടെ മുഴുവന്‍ പ്രജ്ഞയാണ് എന്ന് 
ഓരോരുത്തരും തിരിച്ചറിയുക. അത്തരമൊരവബോധത്തിലെത്തിച്ചേരുക ശരാശരിക്കാര്‍ക്കുള്ളതല്ല. പരിമിതമായ പ്രജ്ഞയോടൊപ്പം ഓരോരുത്തര്‍ക്കും ജൈവലോകത്തിന്റെ സഞ്ചിതപ്രജ്ഞയില്‍ ഭാഗഭാഗിത്വമുണ്ട്. തനതും വേറിട്ടതുമായ ഒരസ്തിത്വം പ്രകൃതിയില്‍ ഒന്നിനും സാദ്ധ്യമല്ല. വേറിട്ടുനില്‍ക്കല്‍ മിഥ്യാബോധമാണ്. അത് യുക്തിരഹിതവും അനാരോഗ്യകരവുമാണ്. ഈ തിരിച്ചറിവുണ്ടായാല്‍, മുമ്പില്ലാതിരുന്ന ഒരുത്തരവാദിത്വബോധം ഉടലെടുക്കുന്നു. അതോടെ, വ്യക്തിഗതമായ പരിധികളില്‍നിന്നുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് വഴി തുറക്കപ്പെടുന്നു. മരണത്തിനുപോലും അപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരര്‍ത്ഥതലമുണ്ടാകുന്നു. മറ്റു വാക്കുകളില്‍, ജീവിതത്തിന് അര്‍ത്ഥമുണ്ടാകുമ്പോള്‍ മരണത്തിന് അതിന്റെ ദുഃഖാര്‍ത്ഥം നഷ്ടപ്പെടുന്നു.                            

എന്റെയസ്തിത്വം എന്നാല്‍ എന്താണ്? അത് മുഴുവന്‍ വെറും ഓര്‍മ്മയാണ് എന്നതാണ് വാസ്തവം. "ഞാന്‍" എന്ന ബോധം ഒരോര്‍മ്മയുടേതാണ്. വ്യക്തിത്വവും അതിന്റെ ഘടനകളും ഓര്‍മ്മയില്‍നിന്നുണ്ടാകുന്നതാണ്. അതുപോലെ തന്നെയാണ് "നീ" എന്നതും. ഇവയൊക്കെ നമ്മില്‍ വന്നുവീണുമുളച്ചിട്ടുള്ള വിശ്വാസങ്ങളുടെ വിത്തുകളാണ്. അവയില്‍ സത്യമുണ്ടെന്ന് നാം വെറുതേ ധരിച്ചുപോകുന്നതാണ്. എന്റെ പേര്, എന്റെ രൂപം, എന്റെ കഴിവുകള്‍, എന്റെ വീട്, എന്റെ ബന്ധങ്ങള്‍, സമ്പാദ്യങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് "ഞാന്‍". എന്നാല്‍ ഇവയൊക്കെ എന്നെ എകാകിതനാക്കുന്നു. അതുകൊണ്ട് ഞാന്‍ ബന്ധങ്ങളെ അന്വേഷിക്കുന്നു; ഓര്‍മ്മകളിലൂടെ അവയെ പരിപോഷിപ്പിക്കുന്നു. അങ്ങനെ, എന്റെ ജീവിതകാലത്ത് കൈവന്ന എല്ലാ ഓര്‍മ്മകളുമായുള്ള എന്റെ ബന്ധമാണ് എന്റെ അസ്തിത്വം. ഈ ബന്ധങ്ങളില്‍ നിന്ന് വിശ്വാസങ്ങള്‍ ജനിക്കുന്നു. അവയെ നഷ്ടപ്പെടുമെന്ന ഭയത്താല്‍, അവയെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കാന്‍ ഞാന്‍ തയ്യാറാകുന്നില്ല. അറിഞ്ഞതിനെ വിട്ടുപോകുക എനിക്ക് മരണതുല്യമാകുന്നു. സംഭരിച്ചതൊന്നും കൈയൊഴിയാന്‍ എനിക്കാവില്ല എന്നെനിക്കറിയാം. എന്റെയോര്‍മ്മയുടെ ഭാണ്‍ഡക്കെട്ടുമായി ഞാന്‍ പുനര്‍ജനിക്കുമെന്നുവരെ ഞാന്‍ വിശ്വസിക്കുന്നു. കാരണം, എനിക്കായി നീക്കിവച്ചിരിക്കുന്ന ഒരുതുണ്ട് ജീവന്റെ മിഥ്യയിലാണ് ഞാന്‍ കഴിഞ്ഞുകൂടുന്നത്. ബന്ധങ്ങള്‍ അവയുടെ നഷ്ടത്തെപ്പറ്റി ഭയമുണ്ടാക്കുന്നതിനാല്‍, ഇന്നലത്തെ അനുഭവങ്ങള്‍, സുഖാനുഭൂതികള്‍, ഭയാശങ്കകള്‍ എന്നിവയുമായി "ഞാന്‍" നെട്ടോട്ടമോടുകയാണ്, എവിടേയ്ക്കെന്നറിയാതെ! 

ഏത്‌ വിശ്വാസവും ശാശ്വതമായതിനെക്കുറിച്ചുള്ള - കാലത്തിനും പരിണാമത്തിനുമതീതമായ എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചുള്ള -
അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. നിസ്പക്ഷമായ അന്വേഷണത്തിന് ഒരാള്‍ പരിപൂര്‍ണ്ണമായും സ്വതന്ത്രനായിരിക്കണം. നൂറുകണക്കിന് ന്യൂസ്ചാനലുകളും ദിനപ്പത്രങ്ങളും വിളമ്പുന്ന ഊതിപ്പെരുപ്പിച്ച സംഭവപരമ്പരകള്‍ കണ്ടിരിക്കാനും വായിക്കാനും അവയെ അയവിറക്കി വാചാലരാകാനും എന്തൊരുഷാറാണ് ഇന്ന് ജനത്തിന്! അക്കൂടെ ഓരോരോ മതാന്ധര്‍ നിറുത്താതെ പ്രഘോഷിക്കുന്ന അബദ്ധജടിലമായ കോപ്രായങ്ങളും. ഇവയെല്ലാം ലോകത്തെവിടെയും അങ്ങേയറ്റത്തെ ക്രമരാഹിത്യത്തിനു കാരണമാകുന്നുണ്ട്. ഇവയില്‍നിന്നൊക്കെ മുക്തമാവുക അങ്ങേയറ്റത്തെ ഇച്ഛാശക്തികൊണ്ടേ സാദ്ധ്യമാകൂ. ഒരു സിദ്ധാന്തവുമില്ലാതെ, ഒരു പരിശീലനവുമില്ലാതെ, യാതൊരു നിയന്ത്രണവുമില്ലാതെ സ്വതന്ത്രമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഒരു മനസ്സാണ് ഏറ്റവും വിലപ്പെട്ട നിധി. അപ്പോള്‍ നിയന്താവും നിയന്ത്രിതവും ഇല്ലാതാവും. അപ്പോള്‍ സംഘര്‍ഷമില്ല. കാണുന്നവനും കാണപ്പെടുന്നതും തമ്മില്‍ ഭിന്നതയില്ലാത്ത അവസ്ഥയാണത്. അതുതന്നെയാണ് ധ്യാനം. ലോകത്തിന്റെ വ്യഗ്രതകളില്‍ നിന്ന് മുക്തമായ മനസ്സില്‍ ധന്യമായ മൌനം വന്നു നിറയുന്നു. കഠിനാദ്ധ്വാനം ആവശ്യപ്പെടുന്ന മാനസ്സിക കസര്‍ത്തുകളും സാധനയും ഒരിക്കലും ധ്യാനത്തിലേയ്ക്ക് നയിക്കുകയില്ല. ഓര്‍മ്മകളും ചിന്തകളും ചെയ്യുന്നതുപോലെ അവയൊക്കെ ഉള്ളിലെയിടത്തെ നശിപ്പിക്കുകയേയുള്ളൂ. പഠിച്ചതും അനുഭവിച്ചതുമെല്ലാം മറന്നുകളയുന്നതാണ്, യാതൊന്നും തടയാനില്ലാത്ത സ്വച്ഛന്ദതയുടെയനുഭവമാണ്, ധ്യാനം. അത് അറിഞ്ഞതില്‍ നിന്നെല്ലാമുള്ളമോചനമാണ്.


ഇതോടുചേര്‍ത്തു വായിക്കാവുന്ന ഒരു ശ്ലോകശകലമാണ് ശ്രീനാരായണഗുരുവിന്റെദൈവദശകത്തിലെ ഈ ഭാഗം:


ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍,
നിന്നിടും ദൃക്കുപോലുള്ളം 
നിന്നിലസ്പന്ദമാകണം.  
(ശ്രീനാരായണ ഗുരുദേവകൃതികള്‍, ജി. ബാലകൃഷ്ണന്‍ നായര്‍, .വാ. 1, താ. 24)


വ്യാഖ്യാനം: ചുറ്റും സംഭവിക്കുന്നവയെ വെറും കാഴ്ചകളായി കണക്കാക്കി, ഒന്നൊന്നായി അവയെ മനസ്സില്‍ നിന്ന് മാറ്റാനാവണം. അങ്ങനെ ദൃശ്യങ്ങളുടെ കാഴ്ചക്കാരന്‍ (സാക്ഷി) മാത്രമായി സ്വയമറിഞ്ഞ്, എല്ലാറ്റിന്റെയും സത്തയെന്തോ, അതുമായി ഏകീഭാവം വന്നുചേരണം.
      
References:
Books by J. Krishnamurti
The Network of Thought
Freedom from the Known
Krishnamurti's Journal

Binoy

Geopge Paul, Panakkuzhiyil
Peringulam P.O.
via Poonjar, Kottayam Dt- 686582                        
                                                                                                                  പെരിങ്ങുളം                        
                                                                                                                  7. 10.2011

                                  എന്നെ സഹായിക്കാമോ?

എന്റെ പേര് ജോര്‍ജ് പോള്‍. വയസ്സ് 34. വീട്ടുപേര് പാണക്കുഴീല്‍‍. സ്ഥലം പെരിങ്ങുളം (മീനച്ചില്‍ താലൂക്കില്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത്). ഒരു നിര്‍ധന കുടുംബമാണ് എന്റേത്. വളരെ വിഷമിച്ചു കാശുണ്ടാക്കി ഗള്‍ഫില്‍ ഒരു ജോലിക്ക് പോയെങ്കിലും, അധികം താമസിയാതെ, 2009 ഫെബ്രുവരിയില്‍ എനിക്ക് കടുത്ത നെഞ്ചുവേദന, കാലിലും മുഖത്തും നീര് എന്നിവ ഉണ്ടായതിനാല്‍, പെട്ടെന്ന്, നാട്ടില്‍ തിരിച്ചെത്തി, കാരിത്താസ് ആശുപത്രിയില്‍ പരിശോധന നടത്തി. രണ്ടു കിട്നിയും പൂര്‍ണമായി തകരാറിലാണെന്നും, മാറ്റിവയ്ക്കാതെ രക്ഷയില്ലെന്നും അറിഞ്ഞു. എന്റെ അമ്മ കിഡ്നി തരാന്‍ സന്നദ്ധയായതിനാല്‍, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു തീയതി നിശ്ചയിച്ചു വാങ്ങി. അതുവരെ, മൂന്നു മാസം കാരിത്താസില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നു. എന്നാല്‍, മെഡിക്കല്‍ കോളേജില്‍ നടത്തിയ രക്തപരിശോധനയില്‍, എന്റെ ശരീരത്തില്‍ HCV (ഹെപറ്റൈറ്റിസ് C) വൈറസ് കടന്നു കൂടിയിട്ടുണ്ടെന്നും അത് നീക്കാതെ ഓപറേഷന്‍ പറ്റില്ലെന്നും ഡോ. ജയകുമാര്‍ (നെഫ്രോളജി തലവന്‍, കോട്ടയം മെഡി. കോളേജ്) കണ്ടെത്തി. അതിനായി, ഒരു തവണക്ക്  15000 രൂപാ വിലയുള്ള ഇന്‍ജക്ഷന്‍ ആഴ്ചയില്‍ ഒന്നു വീതം 24 പ്രാവശ്യം എടുക്കേണ്ടി വന്നു. ഓപറേഷന്‍ നടത്താന്‍ കരുതിവച്ചിരുന്ന മൂന്നര ലക്ഷവും അങ്ങനെ തീര്‍ന്നു.

തുടര്‍ന്ന്, മൂന്നു മാസത്തോളം ഡയാലിസിസ് തുടരുകയും, ഓപറേഷനുവേണ്ടി കാശുണ്ടാക്കാന്‍ പലേടത്തും മുട്ടിവിളിച്ചു നടക്കുകയും ചെയ്യുന്നതിനിടക്കാണ്, കാരിത്താസില്‍ നിന്നും വീണ്ടും എനിക്ക് ഹെപറ്റൈറ്റിസ് സി ഇന്‍ഫെക്ഷന്‍ പിടിപെട്ടെന്നറിയുന്നത്.

ഇനിയങ്ങോട്ട്‌ തുടര്‍ന്നുള്ള ചെലവുകള്‍  - 
വൈറസ് നീക്കാന്‍ വീണ്ടും ചുരുങ്ങിയത് മൂന്നര ലക്ഷം, ഓപറേഷനു വേണ്ടിവരുന്ന അഞ്ചു ലക്ഷം, അതുവരെ ആഴ്ചയില്‍ രണ്ടു ഡയാലിസിസ് വച്ച്, മാസാമാസം 12000.- രൂപാ,  പോക്കുവരവിനും മരുന്നിനുമായി ചുരുങ്ങിയത് 2500.-  എന്നിങ്ങനെ നീണ്ടു പോകുന്നു.  ഇതിനൊക്കെ ഒരു വഴിയും കാണാനാത്തതുകൊണ്ടാണ് നിങ്ങളുടെ കരുണ പ്രതീക്ഷിച്ച് , ഈ അപേക്ഷ സമര്‍പ്പിക്കുന്നത്.

പെരിങ്ങുളം പള്ളി വികാരിയുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നു.  - State Bank of Travancore, Ac.No. 67111751079 - SH Church Peringulam. Tel. 0091 4822271140)

പ്രതീക്ഷയോടെ, ജോര്‍ജ് പോള്‍                   ഒപ്പ്:                           എന്റെ  ഫോണ്‍: 9505828342
പെരിങ്ങുളം, 7 ഒക്ടോബര്‍, 2011.

മറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം

"എതോ ഒരു ഭാഗംകൊണ്ട് ദൈവത്തില്‍ വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചിട്ടുണ്ട്." ഇരുപത്തഞ്ചു വയസായപ്പോള്‍ മൂത്ത മകന്‍ എനിക്കെഴുതി. മതപഠനവും കൂദാശകളുമൊക്കെ പ്രാഥമികസ്കൂളിന്റെ ഭാഗമായിരുന്നതുകൊണ്ട് മതേതരത്വം (religious neutrality) അവനൊരു സ്വായത്താനുഭവമല്ലായിരുന്നു. പക്ഷേ, സ്ഥൈര്യലേപനത്തിന്റെ (confirmation) സമയമായപ്പോള്‍ (12 വയസ്സ്), അതവനെ സംബന്ധിച്ചിടത്തോളം അനാവശ്യമാണെന്ന് അവന്‍ തന്നെ തീരുമാനിച്ചു. നാട്ടിലെ രീതികള്‍ക്ക് വിപരീതമായി, അപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന രാജ്യത്ത് പള്ളിക്കും അതിനോട് എതിരഭിപ്രായമില്ലായിരുന്നു. അവിടെ കൂദാശകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നില്ല.

ഡെമോക്രസി, കമ്മ്യൂണിസം തുടങ്ങിയ മറ്റേത് social technic ഉം പോലെ  സമൂഹത്തെ നിയന്ത്രിക്കാനുള്ള ഒരുപാധിയല്ലേ മതവും എന്ന് മക്കള്‍ ചോദിക്കുമ്പോള്‍ അത് ശരിവയ്ക്കാന്‍ മാത്രമേ എനിക്ക് നിവര്‍ത്തിയുള്ളൂ. മാതാപിതാക്കളുടെ മതത്തില്‍ മക്കളും ഉള്‍പ്പെടണമെന്ന വാശി ബാലിശവും സങ്കുചിതവുമാണ്. സഹിഷ്ണുത എന്ന വാക്കിനര്‍ത്ഥം സ്വന്തം അഭിരുചിക്ക് ഇണങ്ങുന്നതും ഇണങ്ങാത്തതും മന:ക്ഷോഭം കൂടാതെ വീക്ഷിക്കാനും വ്യത്യസ്തതകളുടെ അനിവാര്യത അംഗീകരിക്കാനുമുള്ള സന്നദ്ധത, അതിനുള്ള കഴിവ്‌ എന്നാണ്. പക്ഷേ, നമ്മള്‍ മതസഹിഷ്ണുതയെന്ന വാക്കുപയോഗിക്കുമ്പോള്‍, അതില്‍ മിക്കപ്പോഴും, എന്റെ മതം മറ്റേതിലും മെച്ചം എന്ന  നേര്‍ത്ത യുക്തിഹീനതയുടെ ഉള്ളടക്കമുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഈ വാക്കുപയോഗിച്ചിരിക്കുന്നതെല്ലാം സംശയമെന്യേ ഈയര്‍ത്ഥത്തിലാണ്. മറ്റ് വഴിയില്ലാത്തതുകൊണ്ട് ബാക്കിയുള്ളവരെ സഹിക്കുന്നതാണ് മിക്കവര്‍ക്കും സഹിഷ്ണുത, അല്ലാതെ പരസ്പര തുല്യതാബോധത്തിൽനിന്നും ബഹുമാനത്തില്‍നിന്നുമുദിക്കുന്ന വകവയ്പ്പല്ല. അതിനുള്ള ഒന്നാന്തരം ഉദാഹരണമാണ് മിശ്രവിവാഹത്തില്‍ കത്തോലിക്കാസഭയുടെ നിലപാട്. അന്യ മതസ്ഥരെ വിവാഹം കഴിക്കാം. പക്ഷേ, ഉണ്ടാകുന്ന കുഞ്ഞുങ്ങളെ കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാം എന്ന് ഇരുവരും വാഗ്ദാനം ചെയ്യണം. ഇത് കള്ള (pseudo)സഹിഷ്ണുതയാണെന്നത് ആര്‍ക്കും വ്യക്തമാണല്ലോ.    

എന്റെ മതം തന്നെ മെച്ചപ്പെട്ടത് എന്നത് വെറും പിടിവാശിയാണ്. കാരണം, ഏതെങ്കിലും മതത്തില്‍ ജനിച്ചുവീഴുകയെന്നത് സ്വാഭാവികമല്ല. മനുഷ്യന്‍ വരുത്തിവയ്ക്കുന്നതാണതെങ്കിലും, ഏത്‌ മതത്തില്‍ ഒരാള്‍ ജനിക്കുന്നു എന്നത് തികച്ചും യാദൃശ്ചികമാണത്. അപ്പോള്‍, താന്‍ ജനനത്തിലൂടെ പരിചയപ്പെടാൻ ഇടയായ മതം ബാക്കിയുള്ളവയെക്കാളൊക്കെ ശ്രേഷ്ഠമെന്നത് ഒരു യുക്തിക്കും നിരക്കുന്നതല്ല. മറ്റേതൊരഭിപ്രായവും പോലെ (മതം = അഭിപ്രായം, കാഴ്ചപ്പാട്) മതവും ഒരു തിരഞ്ഞെടുപ്പിന്റെ ഫലമാകണം. അതിന് സ്വാതന്ത്ര്യമാവശ്യമാണ്. ബൌദ്ധികമായ ഉണര്‍വിനൊത്ത് അഭിപ്രായം മാറാനുള്ള സാഹചര്യം സൃഷ്ടിക്കാതെ മാനസികവികാസം സാദ്ധ്യമല്ല. എന്റെ മതം മറ്റേതിലും മെച്ചമെന്ന വീക്ഷണം അന്ധമാണ്. എല്ലാ തീവ്രവാദങ്ങള്‍ക്കുമടിസ്ഥാനം ഈയന്ധതയാണ്. കമ്മ്യൂണിസ്റ്റുകാരായാലും മതവിശ്വാസികളായാലും അവര്‍ പറയുന്നത് മാത്രമാണ് ശരിയെന്ന വാശി അന്ധതയാണ്. അവര്‍ക്കപ്പുറം ലോകമുണ്ടെന്ന് മറക്കുന്നതിനു തുല്യമാണത്.

കുറേ നാള്‍ ഒരിടത്ത് തളച്ചിട്ടിട്ട്‌ മറ്റൊന്ന് തിരഞ്ഞെടുക്കാനനുവദിക്കുന്നതിലും മെച്ചം ആദ്യം തന്നെ തുറന്നുവിട്ടിട്ട് വേണ്ടതേതെന്നു സ്വയം കണ്ടെത്താനുള്ള സാഹചര്യമനുവദിക്കുകയാണ്. അതാണ്‌ വിവരമുള്ള മാതാപിതാക്കള്‍ മക്കളോട് ചെയ്യേണ്ടത്. കുരുന്നുഹൃദയങ്ങളില്‍ ഒരു മതത്തിന്റെ മാത്രം വിശ്വാസങ്ങള്‍ അടിച്ചുറപ്പിക്കുന്ന രീതി രാക്ഷസീയം തന്നെയാണ്. അതാണ്‌ ഇന്ന് Sunday school എന്ന നിര്‍ബന്ധ മതബോധനത്തിലൂടെ കത്തോലിക്കാപ്പള്ളികള്‍ ചെയ്യുന്നത്. സ്കൂളുകളില്‍ മതത്തിനല്ല, ധാര്‍മ്മികതക്കാണ് ഊന്നല്‍ കൊടുക്കേണ്ടത്. ഇന്ന് സണ്ടേസ്കൂളുകളിലും ഖുറാന്‍സ്കൂളുകളിലുമൊക്കെ നടക്കുന്നത്, വിശ്വാസത്തിനായി മരിക്കാന്‍ തയ്യാറുള്ള ചാവേര്‍പ്പടയെ സൃഷ്ടിച്ചെടുക്കുകയാണ്. ഇതില്‍പ്പരം ബുദ്ധിഹീനതയും അരക്ഷിതാവസ്ഥയും വേറെ ഉണ്ടോ! നിഷ്പക്ഷമായ ബുദ്ധിയാണ് ഓരോ മതത്തിന്റെയും മക്കള്‍ ഉപയോഗിക്കുന്നതെങ്കില്‍, തങ്ങളുടെ വിശ്വാസമാണ് മറ്റ് ഏതിനെക്കാളും മെച്ചമെന്ന് ഇവര്‍ക്കെല്ലാം ഒരേ സമയം എങ്ങനെ ഉറപ്പിച്ചു പറയാനാകുന്നു എന്നത് വിചിത്രം തന്നെയല്ലേ? ഈ ഉറപ്പിച്ചു പറയലാണ് ഓരോ മതബോധനക്ലാസ്സിലും നടക്കുന്നതെന്നതില്‍ എന്തു സംശയമാണുള്ളത്? എതിരഭിപ്രായങ്ങളെയും വിമതസ്വരങ്ങളെയും കണ്ണടച്ചെതിര്‍ക്കുന്നതിലൂടെയാണ് സ്വേച്ഛാധികാരികള്‍ ഉണ്ടാകുന്നത്.

അനന്തബോധം

ഒരു മഴത്തുള്ളിയില്‍ എല്ലാ ഉറവകളും അരുവികളും ജലപതനങ്ങളും തടാകങ്ങളും ആഴികളും ഉള്‍ക്കൊള്ളുന്നു. ഏറ്റവും ചെറുതില്‍ അതിന്റെ ഏറ്റവും വിശാലമായ ഭാവ്യതയെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രകൃതിയുടെ വലിയ രഹസ്യം. ഭൌമവും ആത്മീയവുമായ ഒരു മഹാപ്രപഞ്ചത്തിലെ സൂക്ഷ്മകണ്ണികളാണ് നാമോരോരുത്തരും എന്ന ബോധം നമ്മുടെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കേണ്ടതാണ്. അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നെല്ലാം മോചനം തരുന്ന അറിവാണത്. എല്ലാ നന്മയുടെയും തുടക്കമാണത്.

നിസ്സാരമെന്നു നാം കരുതുന്ന ഓരോ കുരുവിലും, ഒരു മരമല്ല, ഇനിയങ്ങോട്ട്, അതില്‍നിന്നുണ്ടാകാന്‍ പോകുന്ന കോടിക്കണക്കിനു മരങ്ങളും ഉള്‍കൊള്ളുന്നുവെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ അത് സത്യമാണ്. അത് മുളക്കുമ്പോള്‍ പുറത്തേയ്ക്ക് വരുന്ന കുരുന്നിലകള്‍ - ഇനി വരാനിരിക്കുന്ന അതിന്റെയെല്ലാ തലമുറകളെയും വാരിപ്പുണരുന്ന രണ്ടിളം കൈകള്‍ - അതിന്റെ ആത്മാവിന്റെ പ്രത്യക്ഷീകരണമാണ് . നമ്മുടെ ഭാഷയില്‍ മുകുളം എന്നാല്‍ ആത്മാവെന്നും അര്‍ത്ഥമുണ്ട്.

ഇങ്ങനെ തന്നെയാണ് ഓരോ മനുഷ്യക്കുഞ്ഞും. ഈ സത്യം മനസ്സില്‍ വച്ചുകൊണ്ട്, ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെ അംഗവിന്യാസങ്ങളും, ആത്മഭാവങ്ങളും പോലും ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെതന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. ആനന്ദമെന്തെന്നു അപ്പോഴേ നാമറിയൂ.

ചുരുങ്ങിയ വാക്കുകളില്‍ മുകളില്‍ കുറിച്ചത് വ്യക്തമായിട്ടില്ലെങ്കില്‍, ഈ വിശദീകരണം കൂടി വായിക്കാം. ഈ ഭൂമിയില്‍ ഒരിടത്തും കടുക് എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കടുകുമണി കിട്ടി. അയാളത് കുഴിച്ചിട്ടു. അത് മുളച്ചു. വളര്‍ന്ന്, പുഷ്പിച്ചു. ആയിരക്കണക്കിന് കടുകുമണികള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം വീണ്ടും മണ്ണിലായി, എല്ലാം കിളിര്‍ത്തു, എല്ലാം വീണ്ടും എണ്ണമില്ലാത്തത്ര കടുകുമണികള്‍ക്ക് ജന്മം നല്‍കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍ മാത്രം കടുകുചെടികള്‍ ഉണ്ടായി. ഓരോ സസ്യത്തിന്റെയും മൃഗത്തിന്റെയും കാര്യത്തില്‍, അവയെ ഒന്നും തടയാനില്ലെങ്കില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിന് ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കടുകുമണിയില്‍ എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ കുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്കു തീര്‍ത്ത്‌ പറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ ബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികാസരൂപത്തില്‍നിന്ന് നാം പടിപടിയായി പിറകോട്ടു പോയാല്‍, ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്‍ക്കും - അതിസാന്ദ്രമായ ഒറ്റ ബിന്ദുവില്‍. അതിനെ നമുക്കു പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. എന്നാല്‍, എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ.

ചിന്താപഥം പുറന്താള്‍

ഒരു മഴത്തുള്ളിയില്‍ എല്ലാ ഉറവകളും അരുവികളും ജലപതനങ്ങളും തടാകങ്ങളും ആഴികളും ഉള്‍ക്കൊള്ളുന്നു. ഏറ്റവും ചെറുതില്‍ അതിന്റെ ഏറ്റവും വിശാലമായ ഭാവ്യതയെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രകൃതിയുടെ വലിയ രഹസ്യം. ഭൌമവും ആത്മീയവുമായ ഒരു മഹാപ്രപഞ്ചത്തിലെ സൂക്ഷ്മകണ്ണികളാണ് നാമോരോരുത്തരും എന്ന ബോധം നമ്മുടെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കേണ്ടതാണ്. അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നെല്ലാം മോചനം തരുന്ന അറിവാണത്. എല്ലാ നന്മയുടെയും തുടക്കമാണത്.

മുകുളം എന്നാല്‍ ആത്മാവാണ്. നിസ്സാരമെന്നു നാം കരുതുന്ന ഓരോ കുരുവിലും, ഒരു മരമല്ല, ഇനിയങ്ങോട്ട്, അതില്‍നിന്നുണ്ടാകാന്‍ പോകുന്ന കോടിക്കണക്കിനു മരങ്ങളും ഉള്‍കൊള്ളുന്നുവെന്നു പറഞ്ഞാല്‍ അതു വെറും സത്യമാണ്. അത് മുളക്കുമ്പോള്‍ പുറത്തേയ്ക്ക് വരുന്ന കുരുന്നിലകള്‍ - ഇനി വരുന്ന അതിന്റെയെല്ലാ തലമുറകളെയും വാരിപ്പുണരുന്ന രണ്ടിളം കൈകള്‍ - അതിന്റെ ആത്മാവിന്റെ പ്രത്യക്ഷീകരണമാണ് . ഇതുതന്നെയാണ് ഓരോ മനുഷ്യക്കുഞ്ഞും. ഈ സത്യം മനസ്സില്‍ വച്ചുകൊണ്ട്, ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെ അംഗവിന്യാസങ്ങളും, ആത്മഭാവങ്ങളും പോലും ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെതന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. ആനന്ദമെന്തെന്നു അപ്പോഴേ നാമറിയൂ.

Notice of publication

അവബോധത്തിലേയ്ക്ക്  

സക്കറിയാസ് നെടുങ്കനാലിന്റെ അവബോധത്തിലേയ്ക്ക് എന്ന കൃതി 2011 സെപ്റ്റംബര്‍ അവസാനത്തോടെ വെളിച്ചം കാണും. താത്പര്യമുള്ളവര്‍ക്ക് തപാല്‍ച്ചെലവുള്‍പ്പെടെ 80 രൂപയ്ക്ക് ഇന്ത്യയിലും 18 Euro യ്ക്ക് യൂറോപ്പിലും ലഭ്യമാക്കുന്നതായിരിക്കും. അതിന്റെ രണ്ട് താളുകള്‍ താഴെ പകര്‍ത്തുന്നു.

മുന്നുര
ഈ കൃതിയുടെ ഉള്ളടക്കത്തെ ചിന്താപഥം, ഭാവ്യതാപഥം എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു: ആദ്യത്തേത് അധികം വിശദീകരണമാവശ്യപ്പെടുന്നില്ല. ജീവിതത്തെ സമ്പുഷ്ടവും സന്തുഷ്ടവുമാക്കിത്തീര്‍ക്കാന്‍ ഏവരും സ്വാഭാവികമായി ആഗ്രഹിക്കുകയും അതിനായി ചിന്താശക്തിയെ കഴിവതും പ്രയോഗിക്കുകയും ചെയ്യും. ആദ്യഭാഗത്തുള്ള വിചിന്തനങ്ങള്‍ ചിന്താലോകത്തിലേയ്ക്കുള്ള ചില എത്തിനോട്ടങ്ങളാണ്. ചിന്താലോകത്തിന്റെ ഉപാധി സത്യ(truth)മായതിനാല്‍, ഇവിടെ, പ്രത്യക്ഷമല്ലെങ്കില്‍ കൂടി, ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള സത്യാന്വേഷണമാണ് നടത്തിയിരിക്കുന്നതെന്ന് പറയാം. 

ഭാവ്യതാപഥമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്പം വിവരിച്ചുപറയേണ്ടിയിരിക്കുന്നു. ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത. തന്റെ ഇരുപത്തെട്ടാമത്തെ വയസ്സില്‍ എം.പി.പോള്‍ എന്ന മലയാളത്തിന്റെ പ്രഗത്ഭപുത്രന്‍ പ്രപഞ്ചം, നിയതി, സത്ത എന്നീ വിഷയങ്ങളെക്കുറിള്ള അതിഗഹനമായ കണ്ടെത്തലുകള്‍ അതിസരളമായി കുറിച്ചിട്ടിടത്ത് (ആസ്തിക്യവാദം) ഇങ്ങനെയുമുണ്ടായിരുന്നു. ഒരു വസ്തുവിന്റെ സത്തയേക്കാള്‍ മൌലികവും നിത്യവുമായ ഒരു തത്ത്വമാണ് അതിന്റെ ഭാവ്യത. കാരണം, എന്തെങ്കിലും ഉണ്ടാകുന്നതിന് മുമ്പ് അതുണ്ടാവാന്‍ പാടുള്ളതായിരിക്കണം. സംഭാവ്യമായതേ ഭവമാകൂ. പക്ഷേ, ഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല. അവബോധം സംഭാവ്യമാണെന്നതിനുള്ള ഉദാഹരണങ്ങള്‍ ബുദ്ധന്‍, യേശു, രമണമഹര്‍ഷി, നാരായണഗുരു തുടങ്ങിയവരുടെയും അത്രയൊന്നും അറിയപ്പെടാത്ത മറ്റ് പലരുടെയും ജീവിതമാതൃകകളിലൂടെ നമുക്കുമുന്നിലുണ്ട്. അവരുടേതിനു സമാനമായ ഔന്നത്യമൊന്നും മോഹിക്കാതെതന്നെ അവബോധത്തിന്റെ പ്രകാശകിരണങ്ങള്‍ ഏറ്റുവങ്ങാനാവുന്ന സൌഭാഗ്യത്തിലേയ്ക്കുള്ള ചില ചൂണ്ടുപലകകള്‍ ഈ കൃതിയുടെ ഭാവ്യതാപഥത്തില്‍ കാണാനാവുമെന്നു താല്പര്യപ്പെടുകയാണ്. ജീവിതസൌന്ദര്യം വികസ്വരമാവുകയെന്നാല്‍, വിചാരമണ്ഡലത്തില്‍ കണ്ടെത്തുന്ന സത്യത്തിലൂടെ കടന്നുചെന്ന് വാസ്തവികമണ്ഡലത്തില്‍ അവബോധമെന്ന സത്തയിലേയ്ക്ക് നാം പ്രവേശിക്കുകയെന്നാണ്. അത് സംഭവിക്കുന്നില്ലെങ്കില്‍, എത്ര വിപുലമായ സത്യാന്വേഷണവും, ജീവിതം തന്നെയും, നിഷ്ഫലമായിരിക്കും.

സക്കറിയാസ് നെടുങ്കനാല്‍ 
പെരിങ്ങുളം (via പൂഞ്ഞാര്‍)
കോട്ടയം ജില്ല - 686582
Tel. 9961544169 / 04822 271922   e-mail: znperingulam@gmail.com
 



പകരക്കുറിപ്പ് 
ഗ്രന്ഥലോകത്തോ അല്ലാതെയോ പ്രശസ്തി നേടിയ ഒരാളുടെ അവതാരികയുണ്ടെങ്കില്‍ പുസ്തകം വിറ്റഴിയാന്‍ സാദ്ധ്യതയേറും എന്നൊരു ധാരണയുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ കഴിവിനെ ഉള്ളതിലും അല്പംകൂടി പൊലിപ്പിച്ചുകാണിക്കുക മാത്രമല്ല, കൃതിയുടെയുള്ളടക്കത്തെയും വ്യാജം ചേര്‍ത്ത് പുകഴ്ത്തി, വിപണിയെ സഹായിക്കാന്‍ മടിക്കാത്ത അവതാരകര്‍ ഉണ്ടെന്നതും സത്യമാണ്. അവതാരിക വായിച്ചതുകൊണ്ട് വാങ്ങിപ്പോയ പല പുസ്തകങ്ങളും നിരാശതക്ക് കാരണമായിത്തീര്‍ന്നയനുഭവം എന്നെപ്പോലെ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവണം. അവബോധത്തിലേയ്ക്ക് എന്ന ഈ പുസ്തകത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിക്കരുതെന്നുള്ളയാഗ്രഹത്താല്‍, ആരോടെങ്കിലും എഴുതിവാങ്ങിയ ഒരവതാരിക ഒഴിവാക്കുകയാണ്. പകരം, വായനക്കൊരുത്തേജനമായി ഈ കുറിപ്പ് ചേര്‍ക്കുന്നു.*
 
ദൈവത്തെ ഒന്ന് ഇന്റെര്‍വ്യൂ ചെയ്യാനായിരുന്നെങ്കില്‍ എന്നോര്‍ത്തുകിടന്ന് ഒന്ന് മയങ്ങുമ്പോഴാണ്‌ ആ സ്വരം കേട്ടത്: "കടന്നു വരൂ, നമ്മോടൊരഭിമുഖത്തിനുള്ള താത്പര്യം തോന്നുന്നുണ്ടല്ലേ?"

കര്‍ത്താവേ, അപ്പുറത്ത് സാക്ഷാല്‍ ദൈവംതമ്പുരാന്‍!

"അങ്ങേയ്ക്ക് സമയമുണ്ടെങ്കില്‍", ഞാനൊന്ന് പരുങ്ങി. 

"അനന്തതയാണ് നമ്മുടെ സമയം. അതെല്ലാറ്റിനും തികയും." ഒരു ചെറുപുഞ്ചിരിയോടേ ദൈവം പറഞ്ഞു. "നിനക്കെന്താണ് നമ്മോട് ചോദിക്കാനുള്ളത്?"


"ഞങ്ങള്‍ മനുഷ്യരെപ്പറ്റി അങ്ങേയ്ക്കെന്തൊക്കെയാണ്  വളരെ പുകിലായി തോന്നുന്നത്?" അവസരത്തിനൊത്തുയര്‍ന്ന്, ഞാന്‍ ആദ്യചോദ്യം തൊടുത്തുവിട്ടു.

ദൈവം മൊഴിഞ്ഞു: "അതേ, മക്കളേ, കുഞ്ഞുങ്ങളായിരിക്കുമ്പോള്‍, വിരസതകൊണ്ട് നിങ്ങള്‍ വളരാന്‍ തിടുക്കം കൂട്ടും. എന്നാല്‍, അതുകഴിഞ്ഞ്, വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാകാന്‍  കൊതിക്കും. പണമുണ്ടാക്കാന്‍ ആരോഗ്യം പണയപ്പെടുത്തും; എന്നിട്ട്,  കളഞ്ഞുകുളിച്ചയാരോഗ്യം വീണ്ടെടുക്കാനായി ഉണ്ടാക്കിയ പണമെല്ലാം ചെലവാക്കും. ഭാവിയെപ്പറ്റി ആകാംക്ഷയോടെ ചിന്തിച്ചിരുന്ന് ജീവിതത്തില്‍ അതുമില്ലാ ഇതുമില്ലാത്തവരായി അവസാനിക്കും. ഒരിക്കലും മരിക്കില്ലെന്നപോലെ കഴിഞ്ഞുകൂടിയിട്ട്, ഒട്ടും ജീവിച്ചില്ലെന്നപോലെ മരിക്കും."


ഒരിടവേളക്ക് ശേഷം പതുക്കെ, എന്റെ രണ്ടാം ചോദ്യം: "പിതാവെന്ന നിലയ്ക്ക്, എന്തൊക്കെ പാഠങ്ങളാണ് അങ്ങ് ഞങ്ങള്‍ക്ക് തരാനാഗ്രഹിക്കുന്നത്?"


എല്ലായിടത്തേയ്ക്കും വ്യാപിക്കുന്ന ഒരു മഹാമന്ദഹാസത്തോടെ  ദൈവം പറഞ്ഞുതുടങ്ങി: "സ്നേഹിക്കാന്‍ പഠിക്കൂ. നിങ്ങളില്‍നിന്നു പുറത്തേയ്ക്കൊഴുകുന്ന ഒരു പ്രകാശധാരയായിരിക്കട്ടെ അത് . ഇങ്ങോട്ട് സ്നേഹം വാങ്ങാന്‍ ആര്‍ക്കുമാവില്ല. സ്നേഹിക്കപ്പെടാനനുവദിക്കുക മാത്രമേ സാദ്ധ്യമാകൂ. നിങ്ങള്‍ക്കെന്തുണ്ട് എന്നതല്ല, നിങ്ങളെന്തായിരിക്കുന്നു എന്നതാണ് പരമപ്രധാനം. താരതമ്യവും അനുകരണവും ഒരിക്കലും ഗുണം ചെയ്യില്ല; ജീവിതാന്ത്യത്തില്‍ നാം ചോദ്യം ചെയ്യുക വ്യക്തിയെയാണ്, കൂട്ടത്തെയല്ല. ഏറ്റവും കൂടുതല്‍ സമ്പാദിച്ചവനല്ല, ഏറ്റവും കുറച്ചാവശ്യമുള്ളവനാണ് സന്തുഷ്ടന്‍. അന്യരില്‍ ഒരു മുറിവുണ്ടാക്കാന്‍ ഒരു നിമിഷം മതി; അത് കരിയാനോ, വര്‍ഷങ്ങള്‍ വേണ്ടിവരും. ഒരേ വസ്തുവിനെ ഒരിക്കലും രണ്ടുപേര്‍ ഒരേതരത്തില്‍ കാണുന്നില്ല. അതുകൊണ്ട്, വിട്ടുവീഴ്ചകള്‍ വളരെ വേണ്ടിവരും. മറ്റൊരാളെപ്പറ്റി എല്ലാമറിഞ്ഞിട്ടും അയാളെ ഇഷ്ടപ്പെടുന്നതാണ് യഥാര്‍ത്ഥ സ്നേഹം. അന്യര്‍ നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുന്നു എന്നതുപോലെ പ്രധാനമാണ്, അവനവനോട് സ്വന്തം തെറ്റുകള്‍ ക്ഷമിക്കാനാവുകയെന്നതും."


ഓരോ വാക്കും ശ്രദ്ധിച്ചികേട്ടിരുന്ന എന്നില്‍ ഒരിക്കലുമില്ലാത്ത ശാന്തി വന്നുനിറഞ്ഞു. ഈ സംഭാഷണത്തിനും മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിപൂണ്ട്, എത്രനേരമെന്നറിയാതെ ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നു.
ആ നേരമെല്ലാം, "ഇരുപത്തിനാല് മണിക്കൂറും ഞാനിവിടെയുണ്ട്; എന്നെ ഒന്ന് വിളിക്കുക മാത്രമേ നീ ചെയ്യേണ്ടതുള്ളൂ" എന്ന കരുണാമയമായ സ്വരം അവിടെ മാറ്റൊലിക്കൊണ്ടിരുന്നു.
                    
ആ സ്വരം വീണ്ടും വീണ്ടും പിടിച്ചെടുക്കാനുള്ള ഒരെളിയ യത്നമാണ് ഈ പുസ്തകം.

സക്കറിയാസ് നെടുങ്കനാല്‍ 


*Aruna Kapur of Kolkata കുഷ്വന്ത് സിംഗിന് അയച്ചുകൊടുത്ത ഒരു കുറിപ്പിന്റെ (High on Waves) സ്വതന്ത്രാവിഷ്ക്കാരം. - Gods and Godmen of India, Kushwant Singh, Harper Collins, New Delhi.  

മുന്നുര

മുന്നുര

ഈ കൃതിയുടെ ഉള്ളടക്കത്തെ ചിന്താപഥം, ഭാവ്യതാപഥം എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു: ആദ്യത്തേത് അധികം വിശദീകരണമാവശ്യപ്പെടുന്നില്ല. ജീവിതത്തെ സമ്പുഷ്ടവും സന്തുഷ്ടവുമാക്കിത്തീര്‍ക്കാന്‍ ഏവരും സ്വാഭാവികമായി ആഗ്രഹിക്കുകയും അതിനായി ചിന്താശക്തിയെ കഴിവതും ഉപയോഗിക്കുകയും ചെയ്യും. ആദ്യഭാഗത്തുള്ള വിചിന്തനങ്ങള്‍ ചിന്താലോകത്തിലേയ്ക്കുള്ള ചില എത്തിനോട്ടങ്ങളാണ്. ചിന്താലോകത്തിന്റെ ഉപാധി സത്യ(truth)മായതിനാല്‍, ഇവിടെ, പ്രത്യക്ഷമല്ലെങ്കില്‍ കൂടി, ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള സത്യാന്വേഷണമാണ് നടത്തിയിരിക്കുന്നതെന്ന് പറയാം.  

ഭാവ്യതാപഥമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്പം വിവരിച്ചുപറയേണ്ടിയിരിക്കുന്നു. ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത. തന്റെ ഇരുപത്തെട്ടാമത്തെ വയസ്സില്‍ എം.പി.പോള്‍ എന്ന മലയാളത്തിന്റെ പ്രഗത്ഭപുത്രന്‍ പ്രപഞ്ചം, നിയതി, സത്ത എന്നീ വിഷയങ്ങളെക്കുറിള്ള അതിഗഹനമായ കണ്ടെത്തലുകള്‍ അതിസരളമായി കുറിച്ചിട്ടതോടൊപ്പം ഇങ്ങനെയുമുണ്ടായിരുന്നു. ഒരു വസ്തുവിന്റെ സത്തയേക്കാള്‍ മൌലികവും നിത്യവുമായ ഒരു തത്ത്വമാണ് അതിന്റെ ഭാവ്യത. കാരണം, എന്തെങ്കിലും ഉണ്ടാകുന്നതിന് മുമ്പ് അതുണ്ടാവാന്‍ പാടുള്ളതായിരിക്കണം. സംഭാവ്യമായതേ ഭവമാകൂ. പക്ഷേ, ഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല. അവബോധം സംഭാവ്യമാണെന്നതിനുള്ള ഉദാഹരണങ്ങള്‍ ബുദ്ധന്‍, യേശു, രമണമഹര്‍ഷി, നാരായണഗുരു തുടങ്ങിയവരുടെയും അത്രയൊന്നും അറിയപ്പെടാത്ത മറ്റ് പലരുടെയും ജീവിതമാതൃകകളിലൂടെ നമുക്കുമുന്നിലുണ്ട്. അവരുടേതിനു സമാനമായ ഔന്നത്യമൊന്നും മോഹിക്കാതെതന്നെ അവബോധത്തിന്റെ പ്രകാശകിരണങ്ങള്‍ ഏറ്റുവാങ്ങാനാവുന്ന സൌഭാഗ്യത്തിലേയ്ക്കുള്ള ചില ചൂണ്ടുപലകകള്‍ ഈ കൃതിയുടെ ഭാവ്യതാപഥത്തില്‍ കാണാനാവുമെന്നു താല്പര്യപ്പെടുകയാണ്. ജീവിതസൌന്ദര്യം വികസ്വരമാവുകയെന്നാല്‍, വിചാരമണ്ഡലത്തില്‍ കണ്ടെത്തുന്ന സത്യത്തിലൂടെ കടന്നുചെന്ന് വാസ്തവികമണ്ഡലത്തില്‍ അവബോധമെന്ന സത്തയിലേയ്ക്ക് നാം പ്രവേശിക്കുകയെന്നാണ്. അത് സംഭവിക്കുന്നില്ലെങ്കില്‍, എത്ര വിപുലമായ സത്യാന്വേഷണവും, ജീവിതം തന്നെയും, നിഷ്ഫലമായിരിക്കും.


സക്കറിയാസ് നെടുങ്കനാല്‍ 
പെരിങ്ങുളം (via പൂഞ്ഞാര്‍)
കോട്ടയം ജില്ല - 686582
Tel. 9961544169 / 04822 271922   e-mail: znperingulam@gmail.com

പകരക്കുറിപ്പ്


പകരക്കുറിപ്പ് 
ഗ്രന്ഥലോകത്തോ അല്ലാതെയോ പ്രശസ്തി നേടിയ ഒരാളുടെ അവതാരികയുണ്ടെങ്കില്‍ പുസ്തകം വിറ്റഴിയാന്‍ സാദ്ധ്യതയേറും എന്നൊരു ധാരണയുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ കഴിവിനെ ഉള്ളതിലും അല്പംകൂടി പൊലിപ്പിച്ചുകാണിക്കുക മാത്രമല്ല, കൃതിയുടെയുള്ളടക്കത്തെയും വ്യാജം ചേര്‍ത്ത് പുകഴ്ത്തി, വിപണിയെ സഹായിക്കാന്‍ മടിക്കാത്ത അവതാരകര്‍ ഉണ്ടെന്നതും സത്യമാണ്. അവതാരിക വായിച്ചതുകൊണ്ട് വാങ്ങിപ്പോയ പല പുസ്തകങ്ങളും നിരാശതക്ക് കാരണമായിത്തീര്‍ന്നയനുഭവം എന്നെപ്പോലെ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവണം. അവബോധത്തിലേയ്ക്ക് എന്ന ഈ പുസ്തകത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിക്കരുതെന്നുള്ളയാഗ്രഹത്താല്‍, ആരോടെങ്കിലും എഴുതിവാങ്ങിയ ഒരവതാരിക ഒഴിവാക്കുകയാണ്. പകരം, വായനക്കൊരുത്തേജനമായി ഈ കുറിപ്പ് ചേര്‍ക്കുന്നു.*
 
ദൈവത്തെ ഒന്ന് ഇന്റെര്‍വ്യൂ ചെയ്യാനായിരുന്നെങ്കില്‍ എന്നോര്‍ത്തുകിടന്ന് ഒന്ന് മയങ്ങുമ്പോഴാണ്‌ ആ സ്വരം കേട്ടത്: "കടന്നു വരൂ, നമ്മോടൊരഭിമുഖത്തിനുള്ള താത്പര്യം തോന്നുന്നുണ്ടല്ലേ?"

കര്‍ത്താവേ, അപ്പുറത്ത് സാക്ഷാല്‍ ദൈവംതമ്പുരാന്‍!

"അങ്ങേയ്ക്ക് സമയമുണ്ടെങ്കില്‍", ഞാനൊന്ന് പരുങ്ങി. 

"അനന്തതയാണ് നമ്മുടെ സമയം. അതെല്ലാറ്റിനും തികയും." ഒരു ചെറുപുഞ്ചിരിയോടേ ദൈവം പറഞ്ഞു. "നിനക്കെന്താണ് നമ്മോട് ചോദിക്കാനുള്ളത്?"


"ഞങ്ങള്‍ മനുഷ്യരെപ്പറ്റി അങ്ങേയ്ക്കെന്തൊക്കെയാണ്  വളരെ പുകിലായി തോന്നുന്നത്?" അവസരത്തിനൊത്തുയര്‍ന്ന്, ഞാന്‍ ആദ്യചോദ്യം തൊടുത്തുവിട്ടു.

ദൈവം മൊഴിഞ്ഞു: "അതേ, മക്കളേ, കുഞ്ഞുങ്ങളായിരിക്കുമ്പോള്‍, വിരസതകൊണ്ട് നിങ്ങള്‍ വളരാന്‍ തിടുക്കം കൂട്ടും. എന്നാല്‍, അതുകഴിഞ്ഞ്, വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാകാന്‍  കൊതിക്കും. പണമുണ്ടാക്കാന്‍ ആരോഗ്യം പണയപ്പെടുത്തും; എന്നിട്ട്,  കളഞ്ഞുകുളിച്ചയാരോഗ്യം വീണ്ടെടുക്കാനായി ഉണ്ടാക്കിയ പണമെല്ലാം ചെലവാക്കും. ഭാവിയെപ്പറ്റി ആകാംക്ഷയോടെ ചിന്തിച്ചിരുന്ന് ജീവിതത്തില്‍ അതുമില്ലാ ഇതുമില്ലാത്തവരായി അവസാനിക്കും. ഒരിക്കലും മരിക്കില്ലെന്നപോലെ കഴിഞ്ഞുകൂടിയിട്ട്, ഒട്ടും ജീവിച്ചില്ലെന്നപോലെ മരിക്കും."


ഒരിടവേളക്ക് ശേഷം പതുക്കെ, എന്റെ രണ്ടാം ചോദ്യം: "പിതാവെന്ന നിലയ്ക്ക്, എന്തൊക്കെ പാഠങ്ങളാണ് അങ്ങ് ഞങ്ങള്‍ക്ക് തരാനാഗ്രഹിക്കുന്നത്?"


എല്ലായിടത്തേയ്ക്കും വ്യാപിക്കുന്ന ഒരു മഹാമന്ദഹാസത്തോടെ  ദൈവം പറഞ്ഞുതുടങ്ങി: "സ്നേഹിക്കാന്‍ പഠിക്കൂ. നിങ്ങളില്‍നിന്നു പുറത്തേയ്ക്കൊഴുകുന്ന ഒരു പ്രകാശധാരയായിരിക്കട്ടെ അത് . ഇങ്ങോട്ട് സ്നേഹം വാങ്ങാന്‍ ആര്‍ക്കുമാവില്ല. സ്നേഹിക്കപ്പെടാനനുവദിക്കുക മാത്രമേ സാദ്ധ്യമാകൂ. നിങ്ങള്‍ക്കെന്തുണ്ട് എന്നതല്ല, നിങ്ങളെന്തായിരിക്കുന്നു എന്നതാണ് പരമപ്രധാനം. താരതമ്യവും അനുകരണവും ഒരിക്കലും ഗുണം ചെയ്യില്ല; ജീവിതാന്ത്യത്തില്‍ നാം ചോദ്യം ചെയ്യുക വ്യക്തിയെയാണ്, കൂട്ടത്തെയല്ല. ഏറ്റവും കൂടുതല്‍ സമ്പാദിച്ചവനല്ല, ഏറ്റവും കുറച്ചാവശ്യമുള്ളവനാണ് സന്തുഷ്ടന്‍. അന്യരില്‍ ഒരു മുറിവുണ്ടാക്കാന്‍ ഒരു നിമിഷം മതി; അത് കരിയാനോ, വര്‍ഷങ്ങള്‍ വേണ്ടിവരും. ഒരേ വസ്തുവിനെ ഒരിക്കലും രണ്ടുപേര്‍ ഒരേതരത്തില്‍ കാണുന്നില്ല. അതുകൊണ്ട്, വിട്ടുവീഴ്ചകള്‍ വളരെ വേണ്ടിവരും. മറ്റൊരാളെപ്പറ്റി എല്ലാമറിഞ്ഞിട്ടും അയാളെ ഇഷ്ടപ്പെടുന്നതാണ് യഥാര്‍ത്ഥ സ്നേഹം. അന്യര്‍ നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുന്നു എന്നതുപോലെ പ്രധാനമാണ്, അവനവനോട് സ്വന്തം തെറ്റുകള്‍ ക്ഷമിക്കാനാവുകയെന്നതും."


ഓരോ വാക്കും ശ്രദ്ധിച്ചികേട്ടിരുന്ന എന്നില്‍ ഒരിക്കലുമില്ലാത്ത ശാന്തി വന്നുനിറഞ്ഞു. ഈ സംഭാഷണത്തിനും മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിപൂണ്ട്, എത്രനേരമെന്നറിയാതെ ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നു.
ആ നേരമെല്ലാം, "ഇരുപത്തിനാല് മണിക്കൂറും ഞാനിവിടെയുണ്ട്; എന്നെ ഒന്ന് വിളിക്കുക മാത്രമേ നീ ചെയ്യേണ്ടതുള്ളൂ" എന്ന കരുണാമയമായ സ്വരം അവിടെ മാറ്റൊലിക്കൊണ്ടിരുന്നു.
                    
ആ സ്വരം വീണ്ടും വീണ്ടും പിടിച്ചെടുക്കാനുള്ള ഒരെളിയ യത്നമാണ് ഈ പുസ്തകം.

സക്കറിയാസ് നെടുങ്കനാല്‍ 


*Aruna Kapur of Kolkata കുഷ്വന്ത് സിംഗിന് അയച്ചുകൊടുത്ത ഒരു കുറിപ്പിന്റെ (High on Waves) സ്വതന്ത്രാവിഷ്ക്കാരം. - Gods and Godmen of India, Kushwant Singh, Harper Collins, New Delhi.