മറിയത്തിന്റെ ഡയറി

മനുഷ്യപുത്രന്‍ (Jesus the Son of Man, published by Alfred A. Knopf , 1995) എന്ന കൃതിയില്‍ രണ്ടദ്ധ്യായങ്ങള്‍ ഖലീല്‍ ജിബ്രാന്‍ മഗ്ദലെനയിലെ മറിയത്തിനായി മാറ്റിവച്ചിട്ടുണ്ട്. അവയില്‍ യേശുവിനെക്കുറിച്ചുള്ള അവളുടെ ചിന്തകള്‍ അതീവ സുന്ദരമായി കുറിച്ചിരിക്കുന്നു.

വസന്തത്തിന്റെ രണ്ടാം പകുതിയിലാണ് ആദ്യമായി ഞാനവനെ കാണുന്നത്. എന്റെ തോഴികളുമായി നടന്നുപോകവേ, അവന്‍ ഒരു ഗോതമ്പ് വയലിലൂടെ നടക്കുകയായിരുന്നു, തനിയെ. അവന്റെ കാലടികളുടെ താളം വ്യത്യസ്തമായിരുന്നു. അവന്റെ നടപ്പും എടുപ്പും മറ്റാരുടേതും പോലെയായിരുന്നില്ല. അവന്‍ നടന്നത് വേഗത്തിലോ അതോ പതുക്കെയോ എന്നിപ്പോഴുമെനിക്കറിയില്ല.

അവനെ ചൂണ്ടി, എന്റെ തോഴിമാര്‍ നാണത്തോടെ അന്യോന്യം രഹസ്യം പറഞ്ഞു. അഭിവാദ്യമര്‍പ്പിക്കാന്‍ ഞാനെന്റെ കൈകളുയര്‍ത്തിയെങ്കിലും, അവന്‍ തിരിഞ്ഞു നോക്കിയില്ല. അവഹേളിതയായതുപോലെ എനിക്ക് തോന്നി. എന്നിലേയ്ക്ക് തന്നെ തിരിച്ചെറിയപ്പെട്ട എന്റെ മനസ്സ് കയര്‍ത്തു. ഉതിര്‍ന്നുവീഴുന്ന മഞ്ഞിനടിയില്‍ അകപ്പെട്ടതുപോലെ ഞാന്‍ വിറച്ചു.

അന്ന് രാത്രിയില്‍, ഭൂമിയിലെ രാജാക്കന്മാര്‍ അവന്റെ മുമ്പില്‍ നമ്രശിരസ്ക്കരായി നില്‍ക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. അവന്റെ മുഖകാന്തി - അത് ഞാനെങ്ങനെ പറഞ്ഞറിയിക്കും? ഇരുട്ടില്ലാത്ത രാത്രിപോലെയും ശബ്ദരഹിതമായ പ്രഭാതം പോലെയുമായിരുന്നു അത്. നീ എന്താണാഗ്രഹിക്കുന്നത്, മറിയം? അവന്‍ ചോദിച്ചു. ഞാനൊന്നും പറയാതെതന്നെ അവന്റെ ചിറകുകള്‍ എന്റെ ഹൃദയത്തെ പൊതിഞ്ഞു. അതിന്റെ തണുപ്പ് മാറി. അവന്റെ വിരലുകള്‍ എപ്പോഴും എന്റെ ഹൃദയതന്ത്രികളില്‍ ഓടിക്കളിക്കണമെന്നും അവനോടൊത്ത്‌ തനിയെ ഇരിക്കണമെന്നും അന്നുമുതല്‍ ഞാനാഗ്രഹിച്ചു.

ആഗസ്റ്റുമാസത്തില്‍, ഒരിക്കല്‍, എന്റെ ഈജിപ്തുകാരന്‍ അടിമ വന്നു പറഞ്ഞു: അതാ അവന്‍ വീണ്ടും അവിടെയുണ്ട്, നിന്റെ പൂന്തോട്ടത്തിനപ്പുറത്ത്. എന്റെ ജനാലയിലൂടെ വീണ്ടും ഞാനവനെ കണ്ടു, ദൂരെയൊരു സൈപ്രസ് മരത്തിന്റെ തണലില്‍. അന്റിയോക്കിലും മറ്റ് വടക്കന്‍ പട്ടണങ്ങളിലും കാണുന്ന കല്ലില്‍ കൊത്തിയ പ്രതിമകള്‍ പോലെ നിശ്ചലനായിരുന്നു അവന്‍. എന്റെയാത്മാവ് വിറകൊണ്ടു. അത്ര സുന്ദരനായിരുന്നു അവന്‍! അവന്റെ അവയവങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതു പോലെയായിരുന്നു.

ദമാസ്ക്കസില്‍ നിന്ന് വാങ്ങിയ ഉടയാടകള്‍ എടുത്തണിഞ്ഞ്, ഞാനിറങ്ങിച്ചെന്നു. എന്റെ എകാന്തതയാണോ അവന്റെ സുഗന്ധമാണോ എന്നെ അവനിലേയ്ക്ക് വലിച്ചടുപ്പിച്ചത്? എന്റെ കണ്ണുകളുടെ വിശപ്പ്‌ അവന്റെ ആകാരത്തെ കൊതിച്ചോ, അതോ, അവന്റെയഴക്‌ എന്റെ കണ്ണുകളുടെ വെളിച്ചത്തെ ആകര്ഷിച്ചോ? ഇപ്പോഴും എനിക്കതറിയില്ല. വാസനിക്കുന്ന വസ്ത്രങ്ങളും ഒരു റോമന്‍ പടയാളി തന്ന സ്വര്‍ണ്ണച്ചെരിപ്പുകളും അണിഞ്ഞ് ഞാന്‍ ചെന്നു. വന്ദനം, ഗുരോ, ഞാന്‍ അഭിവാദ്യമേകി. വന്ദനം, മറിയം, അവന്‍ പ്രതിവചിച്ചു. അവന്റെ നോട്ടം എന്നെ നഗ്നയും നാണിക്കുന്നവളുമാക്കി. അങ്ങെന്റെ വീട്ടിലേയ്ക്ക് വരില്ലേ? ഞാന്‍ ചോദിച്ചു. ഞാന്‍ ഇപ്പോള്‍ത്തന്നെ നിന്റെ വീട്ടിലല്ലേ, മറിയം? അവന്‍ ചോദിച്ചു. അവനെന്താണ് ഉദ്ദേശിച്ചതെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായില്ല. പക്ഷേ, ഇപ്പോള്‍ അതെനിക്കറിയാം. എന്നോടൊത്ത്‌ അപ്പവും വീഞ്ഞും കഴിക്കാന്‍ വരൂ, എന്ന് ഒന്നുകൂടി പറയാന്‍ ഞാന്‍ ധൈര്യം കണ്ടു. ഒരിക്കല്‍ തീര്‍ച്ചയായും, എന്നാല്‍ ഇപ്പോഴല്ല, ഇപ്പോഴല്ല, എന്നവന്‍ പറഞ്ഞപ്പോള്‍, ആ വാക്കുകളില്‍ കടലിന്റെ ഇരമ്പവും മരങ്ങളില്‍ കാറ്റ് പിടിക്കുന്ന ഇമ്പവും ഞാനറിഞ്ഞു. ജീവന്‍ മരണത്തോട് സംസാരിക്കുമ്പോലെ ആയിരുന്നു അത്.

കാരണം, സുഹൃത്തുക്കളേ, ഞാന്‍ മരിച്ചവളായിരുന്നു. ആത്മാവില്‍ നിന്ന് മോചനം നേടിയവളായിരുന്നു, അപ്പോള്‍ ഞാന്‍. എല്ലാ പുരുഷന്മാരുടേതുമായിരുന്നു, എന്നാല്‍ ആരുടേതുമാല്ലായിരുന്നു, ശപിക്കപ്പെട്ട ഞാന്‍. ഞാന്‍ വേശ്യയും ഏഴു പിശാചുക്കള്‍ ബാധിച്ചവളുമായിരുന്നു. എന്നാല്‍, അവന്റെ പ്രകാശപൂരിതമായ കണ്ണുകള്‍ എന്നെ നോക്കിയതേ, എന്നില്‍ നിന്ന് രാത്രി ഓടിയകന്നു; ഞാന്‍ മറിയമായി.

ഒരിക്കല്‍ കൂടി ഞാന്‍ യാചിച്ചു: എന്നോടൊത്ത്‌ അപ്പവും വീഞ്ഞും കഴിക്കാന്‍ വരൂ! അവന്‍ എനിക്കുള്ളിലേയ്ക്ക് നോക്കി പറഞ്ഞു: നിനക്ക് ഏറെ കമിതാക്കളുണ്ട്. അവരെല്ലാം അവരെത്തന്നെ നിന്നില്‍ സ്നേഹിക്കുന്നു. ഞാന്‍ മാത്രം നിന്നെ സ്നേഹിക്കുന്നു, നീയായിട്ട്. മങ്ങിപ്പോകേണ്ട സൌന്ദര്യത്തെ അവര്‍ നിന്നില്‍ സ്നേഹിക്കുന്നു. ഞാനോ, നിന്നിലെ അദൃശ്യമായതിനെ സ്നേഹിക്കുന്നു.

എന്നിട്ട്, സ്വരം താഴ്ത്തി അവന്‍ വീണ്ടും പറഞ്ഞു: ഈ സൈപ്രസ് മരം നിന്റേതാണെങ്കില്‍, അതിനടിയിലിരിക്കാന്‍ എന്നേ നീ അനുവദിക്കില്ലെങ്കില്‍, ഞാനിതാ പോകുന്നു. കരഞ്ഞുകൊണ്ട്‌ ഞാന്‍ അപേക്ഷിച്ചു: അങ്ങനെയല്ല ഗുരോ, നിനക്കായി പുകക്കാന്‍ കുന്തിരിക്കവും, നിന്റെ കാലു കഴുകാന്‍ വെള്ളിത്താലവും വീട്ടില്‍ ഞാന്‍ ഒരുക്കിയിട്ടുണ്ട് . എന്റെ അതിഥിയായി വരൂ.

അവന്‍ എഴുന്നേറ്റു. എന്നിട്ട്, ഋതുകാലങ്ങള്‍ ഭൂമിയെ നോക്കുമ്പോലെ അവനെന്നെ നോക്കി മന്ദഹാസം തൂകി. അവന്‍ നടന്നകന്നു. ഒരു മനുഷ്യനും അതുപോലെ നടന്നിട്ടില്ല. എന്റെ പൂന്തോട്ടത്തെ തഴുകിപ്പോയ ഒരു മന്ദമാരുതന്‍ ആയിരുന്നോ അത്? അതോ, എല്ലാറ്റിനെയും കടപുഴകിയെറിയുന്ന ഒരു കൊടുങ്കാറ്റോ? എനിക്കറിയില്ല. ഒന്നെനിക്കറിയാം, അന്ന്, അവന്റെ കണ്ണുകളിലെ അസ്തമയം എന്നിലെ അപരാധങ്ങളെ കൊന്നു. ഞാനൊരു സ്ത്രീയായി, ഞാന്‍ മറിയമായി, അവന്റെ മറിയം.

0 comments: