ഒരു മഴത്തുള്ളിയില്‍ എല്ലാ ഉറവകളും അരുവികളും ജലപതനങ്ങളും തടാകങ്ങളും ആഴികളും ഉള്‍ക്കൊള്ളുന്നു. ഏറ്റവും ചെറുതില്‍ അതിന്റെ ഏറ്റവും വിശാലമായ ഭാവ്യതയെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രകൃതിയുടെ വലിയ രഹസ്യം. ഭൌമവും ആത്മീയവുമായ ഒരു മഹാപ്രപഞ്ചത്തിലെ സൂക്ഷ്മകണ്ണികളാണ് നാമോരോരുത്തരും എന്ന ബോധം നമ്മുടെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കേണ്ടതാണ്. അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നെല്ലാം മോചനം തരുന്ന അറിവാണത്. എല്ലാ നന്മയുടെയും തുടക്കമാണത്.
ഇങ്ങനെ തന്നെയാണ് ഓരോ മനുഷ്യക്കുഞ്ഞും. ഈ സത്യം മനസ്സില്‍ വച്ചുകൊണ്ട്, ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെ അംഗവിന്യാസങ്ങളും, ആത്മഭാവങ്ങളും പോലും ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെതന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. ആനന്ദമെന്തെന്നു അപ്പോഴേ നാമറിയൂ.
നിസ്സാരമെന്നു നാം കരുതുന്ന ഓരോ കുരുവിലും, ഒരു മരമല്ല, ഇനിയങ്ങോട്ട്, അതില്‍നിന്നുണ്ടാകാന്‍ പോകുന്ന കോടിക്കണക്കിനു മരങ്ങളും ഉള്‍കൊള്ളുന്നുവെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ അത് സത്യമാണ്. അത് മുളക്കുമ്പോള്‍ പുറത്തേയ്ക്ക് വരുന്ന കുരുന്നിലകള്‍ - ഇനി വരാനിരിക്കുന്ന അതിന്റെയെല്ലാ തലമുറകളെയും വാരിപ്പുണരുന്ന രണ്ടിളം കൈകള്‍ - അതിന്റെ ആത്മാവിന്റെ പ്രത്യക്ഷീകരണമാണ് . നമ്മുടെ ഭാഷയില്‍ മുകുളം എന്നാല്‍ ആത്മാവെന്നും അര്‍ത്ഥമുണ്ട്.
ഇങ്ങനെ തന്നെയാണ് ഓരോ മനുഷ്യക്കുഞ്ഞും. ഈ സത്യം മനസ്സില്‍ വച്ചുകൊണ്ട്, ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെ അംഗവിന്യാസങ്ങളും, ആത്മഭാവങ്ങളും പോലും ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെതന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. ആനന്ദമെന്തെന്നു അപ്പോഴേ നാമറിയൂ.
ചുരുങ്ങിയ വാക്കുകളില്‍ മുകളില്‍ കുറിച്ചത് വ്യക്തമായിട്ടില്ലെങ്കില്‍, ഈ വിശദീകരണം കൂടി വായിക്കാം. ഈ ഭൂമിയില്‍ ഒരിടത്തും കടുക് എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കടുകുമണി കിട്ടി. അയാളത് കുഴിച്ചിട്ടു. അത് മുളച്ചു. വളര്‍ന്ന്, പുഷ്പിച്ചു. ആയിരക്കണക്കിന് കടുകുമണികള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം വീണ്ടും മണ്ണിലായി, എല്ലാം കിളിര്‍ത്തു, എല്ലാം വീണ്ടും എണ്ണമില്ലാത്തത്ര കടുകുമണികള്‍ക്ക് ജന്മം നല്‍കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍ മാത്രം കടുകുചെടികള്‍ ഉണ്ടായി. ഓരോ സസ്യത്തിന്റെയും മൃഗത്തിന്റെയും കാര്യത്തില്‍, അവയെ ഒന്നും തടയാനില്ലെങ്കില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിന് ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കടുകുമണിയില്‍ എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ കുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്കു തീര്‍ത്ത് പറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ ബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികാസരൂപത്തില്‍നിന്ന് നാം പടിപടിയായി പിറകോട്ടു പോയാല്‍, ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്‍ക്കും - അതിസാന്ദ്രമായ ഒറ്റ ബിന്ദുവില്‍. അതിനെ നമുക്കു പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. എന്നാല്‍, എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ.
0 comments:
Post a Comment