Notice of publication

അവബോധത്തിലേയ്ക്ക്  

സക്കറിയാസ് നെടുങ്കനാലിന്റെ അവബോധത്തിലേയ്ക്ക് എന്ന കൃതി 2011 സെപ്റ്റംബര്‍ അവസാനത്തോടെ വെളിച്ചം കാണും. താത്പര്യമുള്ളവര്‍ക്ക് തപാല്‍ച്ചെലവുള്‍പ്പെടെ 80 രൂപയ്ക്ക് ഇന്ത്യയിലും 18 Euro യ്ക്ക് യൂറോപ്പിലും ലഭ്യമാക്കുന്നതായിരിക്കും. അതിന്റെ രണ്ട് താളുകള്‍ താഴെ പകര്‍ത്തുന്നു.

മുന്നുര
ഈ കൃതിയുടെ ഉള്ളടക്കത്തെ ചിന്താപഥം, ഭാവ്യതാപഥം എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു: ആദ്യത്തേത് അധികം വിശദീകരണമാവശ്യപ്പെടുന്നില്ല. ജീവിതത്തെ സമ്പുഷ്ടവും സന്തുഷ്ടവുമാക്കിത്തീര്‍ക്കാന്‍ ഏവരും സ്വാഭാവികമായി ആഗ്രഹിക്കുകയും അതിനായി ചിന്താശക്തിയെ കഴിവതും പ്രയോഗിക്കുകയും ചെയ്യും. ആദ്യഭാഗത്തുള്ള വിചിന്തനങ്ങള്‍ ചിന്താലോകത്തിലേയ്ക്കുള്ള ചില എത്തിനോട്ടങ്ങളാണ്. ചിന്താലോകത്തിന്റെ ഉപാധി സത്യ(truth)മായതിനാല്‍, ഇവിടെ, പ്രത്യക്ഷമല്ലെങ്കില്‍ കൂടി, ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള സത്യാന്വേഷണമാണ് നടത്തിയിരിക്കുന്നതെന്ന് പറയാം. 

ഭാവ്യതാപഥമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്പം വിവരിച്ചുപറയേണ്ടിയിരിക്കുന്നു. ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത. തന്റെ ഇരുപത്തെട്ടാമത്തെ വയസ്സില്‍ എം.പി.പോള്‍ എന്ന മലയാളത്തിന്റെ പ്രഗത്ഭപുത്രന്‍ പ്രപഞ്ചം, നിയതി, സത്ത എന്നീ വിഷയങ്ങളെക്കുറിള്ള അതിഗഹനമായ കണ്ടെത്തലുകള്‍ അതിസരളമായി കുറിച്ചിട്ടിടത്ത് (ആസ്തിക്യവാദം) ഇങ്ങനെയുമുണ്ടായിരുന്നു. ഒരു വസ്തുവിന്റെ സത്തയേക്കാള്‍ മൌലികവും നിത്യവുമായ ഒരു തത്ത്വമാണ് അതിന്റെ ഭാവ്യത. കാരണം, എന്തെങ്കിലും ഉണ്ടാകുന്നതിന് മുമ്പ് അതുണ്ടാവാന്‍ പാടുള്ളതായിരിക്കണം. സംഭാവ്യമായതേ ഭവമാകൂ. പക്ഷേ, ഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല. അവബോധം സംഭാവ്യമാണെന്നതിനുള്ള ഉദാഹരണങ്ങള്‍ ബുദ്ധന്‍, യേശു, രമണമഹര്‍ഷി, നാരായണഗുരു തുടങ്ങിയവരുടെയും അത്രയൊന്നും അറിയപ്പെടാത്ത മറ്റ് പലരുടെയും ജീവിതമാതൃകകളിലൂടെ നമുക്കുമുന്നിലുണ്ട്. അവരുടേതിനു സമാനമായ ഔന്നത്യമൊന്നും മോഹിക്കാതെതന്നെ അവബോധത്തിന്റെ പ്രകാശകിരണങ്ങള്‍ ഏറ്റുവങ്ങാനാവുന്ന സൌഭാഗ്യത്തിലേയ്ക്കുള്ള ചില ചൂണ്ടുപലകകള്‍ ഈ കൃതിയുടെ ഭാവ്യതാപഥത്തില്‍ കാണാനാവുമെന്നു താല്പര്യപ്പെടുകയാണ്. ജീവിതസൌന്ദര്യം വികസ്വരമാവുകയെന്നാല്‍, വിചാരമണ്ഡലത്തില്‍ കണ്ടെത്തുന്ന സത്യത്തിലൂടെ കടന്നുചെന്ന് വാസ്തവികമണ്ഡലത്തില്‍ അവബോധമെന്ന സത്തയിലേയ്ക്ക് നാം പ്രവേശിക്കുകയെന്നാണ്. അത് സംഭവിക്കുന്നില്ലെങ്കില്‍, എത്ര വിപുലമായ സത്യാന്വേഷണവും, ജീവിതം തന്നെയും, നിഷ്ഫലമായിരിക്കും.

സക്കറിയാസ് നെടുങ്കനാല്‍ 
പെരിങ്ങുളം (via പൂഞ്ഞാര്‍)
കോട്ടയം ജില്ല - 686582
Tel. 9961544169 / 04822 271922   e-mail: znperingulam@gmail.com
 



പകരക്കുറിപ്പ് 
ഗ്രന്ഥലോകത്തോ അല്ലാതെയോ പ്രശസ്തി നേടിയ ഒരാളുടെ അവതാരികയുണ്ടെങ്കില്‍ പുസ്തകം വിറ്റഴിയാന്‍ സാദ്ധ്യതയേറും എന്നൊരു ധാരണയുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ കഴിവിനെ ഉള്ളതിലും അല്പംകൂടി പൊലിപ്പിച്ചുകാണിക്കുക മാത്രമല്ല, കൃതിയുടെയുള്ളടക്കത്തെയും വ്യാജം ചേര്‍ത്ത് പുകഴ്ത്തി, വിപണിയെ സഹായിക്കാന്‍ മടിക്കാത്ത അവതാരകര്‍ ഉണ്ടെന്നതും സത്യമാണ്. അവതാരിക വായിച്ചതുകൊണ്ട് വാങ്ങിപ്പോയ പല പുസ്തകങ്ങളും നിരാശതക്ക് കാരണമായിത്തീര്‍ന്നയനുഭവം എന്നെപ്പോലെ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവണം. അവബോധത്തിലേയ്ക്ക് എന്ന ഈ പുസ്തകത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിക്കരുതെന്നുള്ളയാഗ്രഹത്താല്‍, ആരോടെങ്കിലും എഴുതിവാങ്ങിയ ഒരവതാരിക ഒഴിവാക്കുകയാണ്. പകരം, വായനക്കൊരുത്തേജനമായി ഈ കുറിപ്പ് ചേര്‍ക്കുന്നു.*
 
ദൈവത്തെ ഒന്ന് ഇന്റെര്‍വ്യൂ ചെയ്യാനായിരുന്നെങ്കില്‍ എന്നോര്‍ത്തുകിടന്ന് ഒന്ന് മയങ്ങുമ്പോഴാണ്‌ ആ സ്വരം കേട്ടത്: "കടന്നു വരൂ, നമ്മോടൊരഭിമുഖത്തിനുള്ള താത്പര്യം തോന്നുന്നുണ്ടല്ലേ?"

കര്‍ത്താവേ, അപ്പുറത്ത് സാക്ഷാല്‍ ദൈവംതമ്പുരാന്‍!

"അങ്ങേയ്ക്ക് സമയമുണ്ടെങ്കില്‍", ഞാനൊന്ന് പരുങ്ങി. 

"അനന്തതയാണ് നമ്മുടെ സമയം. അതെല്ലാറ്റിനും തികയും." ഒരു ചെറുപുഞ്ചിരിയോടേ ദൈവം പറഞ്ഞു. "നിനക്കെന്താണ് നമ്മോട് ചോദിക്കാനുള്ളത്?"


"ഞങ്ങള്‍ മനുഷ്യരെപ്പറ്റി അങ്ങേയ്ക്കെന്തൊക്കെയാണ്  വളരെ പുകിലായി തോന്നുന്നത്?" അവസരത്തിനൊത്തുയര്‍ന്ന്, ഞാന്‍ ആദ്യചോദ്യം തൊടുത്തുവിട്ടു.

ദൈവം മൊഴിഞ്ഞു: "അതേ, മക്കളേ, കുഞ്ഞുങ്ങളായിരിക്കുമ്പോള്‍, വിരസതകൊണ്ട് നിങ്ങള്‍ വളരാന്‍ തിടുക്കം കൂട്ടും. എന്നാല്‍, അതുകഴിഞ്ഞ്, വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാകാന്‍  കൊതിക്കും. പണമുണ്ടാക്കാന്‍ ആരോഗ്യം പണയപ്പെടുത്തും; എന്നിട്ട്,  കളഞ്ഞുകുളിച്ചയാരോഗ്യം വീണ്ടെടുക്കാനായി ഉണ്ടാക്കിയ പണമെല്ലാം ചെലവാക്കും. ഭാവിയെപ്പറ്റി ആകാംക്ഷയോടെ ചിന്തിച്ചിരുന്ന് ജീവിതത്തില്‍ അതുമില്ലാ ഇതുമില്ലാത്തവരായി അവസാനിക്കും. ഒരിക്കലും മരിക്കില്ലെന്നപോലെ കഴിഞ്ഞുകൂടിയിട്ട്, ഒട്ടും ജീവിച്ചില്ലെന്നപോലെ മരിക്കും."


ഒരിടവേളക്ക് ശേഷം പതുക്കെ, എന്റെ രണ്ടാം ചോദ്യം: "പിതാവെന്ന നിലയ്ക്ക്, എന്തൊക്കെ പാഠങ്ങളാണ് അങ്ങ് ഞങ്ങള്‍ക്ക് തരാനാഗ്രഹിക്കുന്നത്?"


എല്ലായിടത്തേയ്ക്കും വ്യാപിക്കുന്ന ഒരു മഹാമന്ദഹാസത്തോടെ  ദൈവം പറഞ്ഞുതുടങ്ങി: "സ്നേഹിക്കാന്‍ പഠിക്കൂ. നിങ്ങളില്‍നിന്നു പുറത്തേയ്ക്കൊഴുകുന്ന ഒരു പ്രകാശധാരയായിരിക്കട്ടെ അത് . ഇങ്ങോട്ട് സ്നേഹം വാങ്ങാന്‍ ആര്‍ക്കുമാവില്ല. സ്നേഹിക്കപ്പെടാനനുവദിക്കുക മാത്രമേ സാദ്ധ്യമാകൂ. നിങ്ങള്‍ക്കെന്തുണ്ട് എന്നതല്ല, നിങ്ങളെന്തായിരിക്കുന്നു എന്നതാണ് പരമപ്രധാനം. താരതമ്യവും അനുകരണവും ഒരിക്കലും ഗുണം ചെയ്യില്ല; ജീവിതാന്ത്യത്തില്‍ നാം ചോദ്യം ചെയ്യുക വ്യക്തിയെയാണ്, കൂട്ടത്തെയല്ല. ഏറ്റവും കൂടുതല്‍ സമ്പാദിച്ചവനല്ല, ഏറ്റവും കുറച്ചാവശ്യമുള്ളവനാണ് സന്തുഷ്ടന്‍. അന്യരില്‍ ഒരു മുറിവുണ്ടാക്കാന്‍ ഒരു നിമിഷം മതി; അത് കരിയാനോ, വര്‍ഷങ്ങള്‍ വേണ്ടിവരും. ഒരേ വസ്തുവിനെ ഒരിക്കലും രണ്ടുപേര്‍ ഒരേതരത്തില്‍ കാണുന്നില്ല. അതുകൊണ്ട്, വിട്ടുവീഴ്ചകള്‍ വളരെ വേണ്ടിവരും. മറ്റൊരാളെപ്പറ്റി എല്ലാമറിഞ്ഞിട്ടും അയാളെ ഇഷ്ടപ്പെടുന്നതാണ് യഥാര്‍ത്ഥ സ്നേഹം. അന്യര്‍ നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുന്നു എന്നതുപോലെ പ്രധാനമാണ്, അവനവനോട് സ്വന്തം തെറ്റുകള്‍ ക്ഷമിക്കാനാവുകയെന്നതും."


ഓരോ വാക്കും ശ്രദ്ധിച്ചികേട്ടിരുന്ന എന്നില്‍ ഒരിക്കലുമില്ലാത്ത ശാന്തി വന്നുനിറഞ്ഞു. ഈ സംഭാഷണത്തിനും മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിപൂണ്ട്, എത്രനേരമെന്നറിയാതെ ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നു.
ആ നേരമെല്ലാം, "ഇരുപത്തിനാല് മണിക്കൂറും ഞാനിവിടെയുണ്ട്; എന്നെ ഒന്ന് വിളിക്കുക മാത്രമേ നീ ചെയ്യേണ്ടതുള്ളൂ" എന്ന കരുണാമയമായ സ്വരം അവിടെ മാറ്റൊലിക്കൊണ്ടിരുന്നു.
                    
ആ സ്വരം വീണ്ടും വീണ്ടും പിടിച്ചെടുക്കാനുള്ള ഒരെളിയ യത്നമാണ് ഈ പുസ്തകം.

സക്കറിയാസ് നെടുങ്കനാല്‍ 


*Aruna Kapur of Kolkata കുഷ്വന്ത് സിംഗിന് അയച്ചുകൊടുത്ത ഒരു കുറിപ്പിന്റെ (High on Waves) സ്വതന്ത്രാവിഷ്ക്കാരം. - Gods and Godmen of India, Kushwant Singh, Harper Collins, New Delhi.  

0 comments: