സ്വാതന്ത്ര്യത്തിലേയ്ക്കുള്ള തുറവ്

അല്പമാത്മകഥാംശം ക്ഷമിക്കുക. 1970 ല്‍ ആണ്, ഇംഗ്ലണ്ടില്‍ നിന്ന് ബോംബെക്ക് പറക്കവേ, ഒരു സെക്കന്റ്‌ഹാന്‍ഡ്‌ ക്യാമെറയുപയോഗിച്ച് മുകളില്‍നിന്ന് വെള്ളിമേഘക്കൂട്ടങ്ങളുടെ കുറേ പടങ്ങളെടുത്തു. വീട്ടിലുള്ളവരെ കാണിച്ച് അദ്ഭുതപ്പെടുത്തണം. പ്രിന്റെടുക്കാന്‍ ഫിലിം സ്റ്റുഡിയോവില്‍ കൊണ്ടുപോയികൊടുത്തിട്ട്, വലിയ പ്രതീക്ഷയോടെ പടങ്ങള്‍ വാങ്ങാന്‍ ചെന്നപ്പോള്‍ ഉണ്ടായത് ഒരു ഞെട്ടലാണ് - ഫില്മില്‍ ഒന്നും പതിഞ്ഞിരുന്നില്ലത്രേ. ക്യാമെറായ്ക്കുള്ളില്‍ അത് കറങ്ങിയതേയില്ല! അന്നു തുടങ്ങിയതാണ്‌ ഫോട്ടോഗ്രഫിയിലുള്ള വാശിയേറിയ താല്പര്യം. നന്നായി പടമെടുക്കാന്‍ മാത്രമല്ല, ഡാര്‍ക്ക്‌റൂമിലെ പണികളെല്ലാം പഠിച്ചെടുത്തു. സൗകര്യമൊത്തുവന്നപ്പോള്‍ ഒന്നാന്തരം ക്യാമെറകള്‍ വാങ്ങി. ഒത്തിരി പണം ഈ ഹോബിക്കായി ചെലവാക്കി. എന്നാല്‍, ഏതാണ്ട് പതിനഞ്ചുകൊല്ലം മുമ്പ്, ഈ ഹരത്തില്‍നിന്ന് ഞാന്‍ സ്വയം മോചിതനായി. ഫോട്ടോകള്‍ മാത്രമല്ല, കൈവശമുണ്ടായിരുന്ന കലാമൂല്യമുള്ള പടങ്ങളുടെ ഒരു വലിയ ശേഖരവും ഞാനുപേക്ഷിച്ചു. ഒക്കെ ചവറ്റുകുട്ടയില്‍. എന്തിനായി ഇവയെല്ലാം ഞാന്‍ സൂക്ഷിക്കണമെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരമെനിക്കില്ലായിരുന്നു. എന്തുകൊണ്ട് ഞാന്‍തന്നെ, അല്ലെങ്കില്‍ മറ്റാരെങ്കിലും, ഇങ്ങനെ നേരത്തേയൊന്നു ചോദിച്ചില്ല എന്നത് മാത്രമായിരുന്നു ബാക്കിയായ എന്റെ സങ്കടം.

ഞാനുപയോഗിക്കുന്ന, അല്ലെങ്കില്‍ ഉപയോഗിക്കാനാഗ്രഹിക്കുന്നയെന്തിന്റെയും നേരേ ഈ ചോദ്യമെറിയുക അതോടെ ഞാനൊരു തഴക്കമാക്കി. ഉത്തരം തൃപ്തികരമല്ലെങ്കില്‍, ആ വസ്തു എനിക്കുതകുന്നതല്ല, എന്റെ മനസ്സിലെയും വീട്ടിലെയും ഇടത്തെ ദുഷിപ്പിക്കാനെ അതിടയാക്കൂ എന്നു ഞാന്‍ വിശ്വസിച്ചു. ഒരു വലിയ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള തുറവ് ഞാന്‍ കണ്ടെത്തുകയായിരുന്നു‍.

കാണാന്‍ യോഗ്യതയുള്ളതെന്നു കരുതാവുന്ന എന്തെങ്കിലുമായി നേര്‍ക്കുനേര്‍വരുമ്പോള്‍ കൈയില്‍ ഒരു ക്യാമെറയില്ലാതിരിക്കുന്നത് സത്യമായും ഒരു വലിയ നേട്ടമാണ്. അപ്പോള്‍ നമ്മുടെ ശ്രദ്ധ കാഴ്ചയിലാണ്; അതിന്റെ പടമെടുത്തു സൂക്ഷിക്കുന്നതിലല്ല. ക്യാമെറ കൈയിലുള്ളപ്പോള്‍, കാഴ്ച നാം ആ ഉപകരണത്തിനുവിടുന്നു. പടമെടുത്താല്‍, അത് സ്ഥിരമായി കൈവശമുണ്ടാകുമല്ലോ, എപ്പോള്‍ വേണമെങ്കിലും കാണാമല്ലോ എന്ന വിചാരം വാസ്തവത്തില്‍ വ്യര്‍ഥയുക്തിയാണ്. നമുക്കഭിമുഖമായി നിന്നിരുന്നതെന്തോ, അതിന്റെ വിലയും പ്രാധാന്യവും ആ നിമിഷത്തിലെപ്പോലെ പിന്നീടുണ്ടാവില്ല. അതു കാണാനുള്ളയവസരം പണ്ടേ പൊയ്പ്പോയി; ഒരു പക്ഷേ, അതു നമുക്ക് നിത്യമായി നഷ്ടപ്പെട്ടുകഴിഞ്ഞു. ഒരു വസ്തുവിനോടുണ്ടാകേണ്ട പാരസ്പര്യം അതിന്റെ പടത്തിന്റെ, വെറുമൊരു സാദൃശ്യത്തിന്റെ, സാന്നിദ്ധ്യത്തില്‍ ഒരിക്കലും സംഭവിക്കുകയില്ല. ഇതാര്‍ക്കും പരീക്ഷിച്ചുനോക്കാം. സുന്ദരമായ ഒരു പൂവിനുമുമ്പില്‍ വെറുംകൈയോടെയും, അതിന് ശേഷം അതിന്റെ പടമെടുക്കാനായി ഒരു ക്യാമെറയുമായും ചെന്ന് നില്‍ക്കുക. എന്ത് സംഭവിക്കുന്നുവെന്ന് സ്വയം നിരീക്ഷിക്കുക.

ഉപഭോഗത്തിന്റെ കയറിപ്പിടുത്തമാണ് ഇന്നെവിടെയും. വീടിനകത്തും പുറത്തും പാഴ്വസ്തുക്കള്‍ കുന്നുകൂടുന്നു. വെറും ഇടംകൊല്ലികളല്ലവ. മനസ്സിനുള്ളിലെ ഇടവും അവ നശിപ്പിക്കുന്നു എന്നതാണ് ഏറ്റവും പരിതാപകരം. വേണ്ടാത്തതു വേണ്ടെന്നുവയ്ക്കാനുള്ള കഴിവാണ് പക്വതയുടെ പ്രഥമ ലക്ഷണങ്ങളിലൊന്ന്.   12.05.2008

0 comments: