വിശുദ്ധപട്ടം ഭൂമിയില്‍ കൊടുക്കപ്പെടും

ഇന്ന് 12 ഓഗസ്റ്റ് 2010 ആണ്. നാളെമുതല്‍ വിശുദ്ധിയുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളുമുപയോഗിച്ച് ദീപികപോലുള്ള പത്രങ്ങളില്‍ വെണ്ടക്കാശീര്‍ഷകങ്ങള്‍ പ്രത്യക്ഷപ്പെടും. ഭരണങ്ങാനത്ത് തോരാമഴയത്ത് സിസ്റ്റര്‍ അല്ഫോന്‍സയുടെ പേരില്‍ നടന്ന ജന്മശതാബ്ദി-മാമാങ്കത്തെപ്പറ്റി. നാളത്തെ മഴപോലും ദൈവാനുഗ്രഹത്തിന്റെ പ്രതീകമായി പ്രകീര്‍ത്തിക്കപ്പെടും. മലയാളികളുള്ളിടത്തെല്ലാം ഇനി കുറേ നാളേയ്ക്കു അല്‍ഫോന്‍സാമ്മ മാത്രമായിരിക്കും വിഷയം. തട്ടുകടയും പെട്ടിയോട്ടോയും തൊട്ട്‌ ഇന്റര്‍നെറ്റ്‌കഫെവരെ ഇന്ന് നാമകരണം ചെയ്യപ്പെടുന്നത് ഈ പേരിലാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ പാട്ടീലിനും പുതിയതൊന്നും വായില്‍ വന്നില്ല. 'സഹനത്തിലൂടെ വിശുദ്ധിയിലെത്തിയ സ്ത്രീരത്നം' ഇന്ത്യാക്കാര്‍ക്കെല്ലാം മാതൃകയാവട്ടെ പോലും! സഭയിലെ സകല ഉന്നതരും പറഞ്ഞുപറഞ്ഞു നാവുകുഴഞ്ഞ വാക്യമാണിത്. എന്തെങ്കിലും ചിന്തിച്ചിട്ടാണോ ഇവരൊക്കെയിങ്ങനെ ആവര്‍ത്തിക്കുന്നത്?
 

തീര്‍ച്ചയായും വിശുദ്ധരുണ്ട്, സ്വര്‍ഗ്ഗത്തിലും ഭൂമിയിലും. എന്നാല്‍ വിശുദ്ധപദവി എന്നൊന്നുള്ളതാണോ? ഒരു പദവിയെന്നതിനേക്കാള്‍, ചിലരുടെ ജീവിതശൈലിയല്ലേ അവരെ സാധാരണക്കാരില്‍ നിന്നുയര്‍ത്തുന്നത്? അങ്ങനെയൊന്ന് മറ്റു മനുഷ്യരറിയേണ്ടതാണെങ്കില്‍ എന്തുകൊണ്ടാണ് ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഒന്നും സംഭവിക്കാതെ, മരിച്ചുകഴിഞ്ഞ് ഈ ബഹളം മുഴുവന്‍? കോടിക്കണക്കിനു കാശ് മുടക്കി വര്‍ഷങ്ങളോളം റോമായിലുള്ളവരുടെ കാലുപിടിച്ചുവേണോ ഒരു പുണ്യവ്യക്തിക്ക് അംഗീകാരം നേടിയെടുക്കാന്‍? അത്തരമംഗീകാരം ആരുടെ ഗുണത്തിനും നന്മക്കും വേണ്ടിയാണ്?

കാര്യം മറ്റൊന്നുമല്ല. ഇത് ദൈവത്തിന്റെ വകുപ്പില്‍പെടുന്നതല്ല. മറിച്ച്, ഇവിടെ താഴെയുള്ള ദൈവങ്ങളുടെ പിടിപാടിലൂടെയാണ് ഒരാള്‍ സാവധാനം ദൈവദാസനും/ദാസിയും വാഴ്ത്തപ്പെട്ടവനും/വളും, ഒടുവില്‍, കൂട്ടില്‍വച്ചു തിരികത്തിക്കാനും പുകയടിപ്പിക്കാനും തക്കവിധം പാകമായ 'വിശുദ്ധനോ' 'വിശുദ്ധയോ' ആയിത്തീരുന്നത്! അതിന്മുമ്പ് അയാളെക്കൊണ്ട് നിസ്സാരമായതുതൊട്ട്‌ അല്പം പണിയുള്ള അത്ഭുതങ്ങള്‍ വരെ ചെയ്യിച്ചെടുക്കണം. അതിന് പത്രക്കാരുടെ നിര്‍ലോഭസഹായം കിട്ടണം. പതുക്കെപ്പതുക്കെ സ്വര്‍ഗ്ഗവാസികളുടെയിടയിലും ആള്‍ സംസാരവിഷയമാകും. അമ്പടീ, ഇവളിതിനകം നമ്മളറിയാതെ ഭൂമിയിലെന്തൊക്കെ ഒപ്പിച്ചെടുത്തു! മാതാവും, ഇശോമിശിഹാപോലും, ഒരു തകര്‍പ്പന്‍ സല്ക്കാരത്തിനുള്ള ഏര്‍പ്പാടാക്കുന്നു. കാര്യങ്ങള്‍ പിടിവിട്ടു പോയില്ലേ. നീ ഭൂമിയില്‍ കെട്ടുന്നതും അഴിക്കുന്നതും സ്വര്‍ഗ്ഗത്തിലും എന്ന് ഓര്‍ക്കാപ്പുറത്ത് ഒന്ന് പറഞ്ഞുംപോയില്ലേ!
 
വെറും തഴപ്പായില്‍ കിടന്ന്, ആവശ്യത്തിനു മരുന്നോ ഭക്ഷണമോ കിട്ടാതെ മരിച്ച ഈ കന്യാസ്ത്രീ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്നും മനുഷ്യരുടെ ചിലതരം രോഗങ്ങള്‍ സുഖപ്പെടുത്തുക അവരുടെ പെയ്റ്റെന്റില്‍പെടുമെന്നും പത്രോസിന്റെ പിന്ഗാമി തിരുവായ് മൊഴിയുന്നത്‌ നേരിട്ട് കേള്‍ക്കാനും കാണാനുമായി എത്ര ലക്ഷങ്ങളാണ് റോമായിലേയ്ക്ക് കുതിച്ചത്! കേരളത്തിലെ ദരിദ്രനാരായണന്മാരുടെ വിയര്‍പ്പിന്റെ ഫലമുപയോഗിച്ച് എത്ര അച്ചന്മാരും കന്യാസ്ത്രീകളുമാണ് വിദേശയാത്ര നടത്തിയത്! ഭരണങ്ങാനവും കേരളസഭയും കോടികളുടെ ഭൂട്ടാന്‍ലോട്ടറിയടിച്ചവരായി. അത്ഭുതങ്ങളുടെ വിലയായി ഇനി നേര്ച്ചപ്പെട്ടികള്‍ നിറഞ്ഞുകുമിഞ്ഞുകൊണ്ടിരിക്കും. പത്രക്കാര്‍ക്ക് കിട്ടുന്ന കാശിന്റെ തോതനുസരിച്ച്, പുണ്യവതി അനുഗ്രഹങ്ങളുടെ എണ്ണവും മുഴുപ്പും കൂട്ടും.

പമ്പരം കറങ്ങുമ്പോള്‍ അതിനറിയില്ലല്ലോ, കറങ്ങുകയാണെന്ന്‌. അതായിരിക്കാം വിഡ്ഢിയോടുചേര്‍ത്ത് പമ്പരമെന്ന വസ്തുവിനെ തരംതാഴ്ത്തിയത്. പമ്പരവിഡ്ഢികള്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ലല്ലോ. എന്നാല്‍ അന്ന്, ആര്‍ക്കും വേണ്ടാതെകിടന്ന് വേദനനിറഞ്ഞ ജീവിതം നയിച്ച അല്‍ഫോന്‍സാമ്മയെങ്കിലും ഇന്നത്തെ ഈ കോലാഹലങ്ങള്‍ അറിയുന്നുണ്ടോ, ആവോ! അവരുടെ ഇപ്പോഴത്തെ അവസ്ഥയിലെത്താന്‍ എത്ര പെണ്‍കൊച്ചുങ്ങളെ മദര്‍സുപീര്യര്‍മാര്‍ ഉപദേശിക്കുന്നുണ്ടാവാം. അല്‍ഫോന്‍സാമ്മയെപ്പോലെ പുണ്യവതിയാവണ്ടേ? ഒരനീതിക്കും മറുത്തൊന്നും മിണ്ടരുത്. എല്ലാം വായടച്ചുപിടിച്ച്‌ സഹിച്ചോണം. അതാണ്‌ വിശുദ്ധി. വിശുദ്ധയായാല്‍ പിന്നത്തെ പൂരമറിയാമല്ലോ? ഒരു കണക്കിന്, അല്‍ഫോന്‍സാമ്മയുടെ അന്നത്തെ സുപീര്യരിനും വിശുദ്ധപട്ടത്തിനു ഒരു ചാന്‍സ് കൊടുക്കേണ്ടതാണ്. അവരില്ലായിരുന്നെങ്കില്‍, വല്ല മരുന്നും ആവശ്യത്തിനു ഭക്ഷണവും ലഭിച്ച് അല്‍ഫോന്‍സാ സുഖം പ്രാപിക്കില്ലായിരുന്നോ? അപ്പോള്‍ പിന്നെയുള്ളത് ഒരു സാധാരണ ജീവിതവും സാധാരണ മരണവും. അതുകൊണ്ട് വിശുദ്ധയാകാനൊക്കുമോ?
 
ഇതൊക്കെ, എന്നാല്‍, പെണ്ണുങ്ങളുടെ കാര്യം മാത്രമാണോ? അല്ലെന്നും ഇതിനൊക്കെ മറ്റൊരു നല്ലവശമുണ്ടെന്നും ഫാ. ബോബി ജോസ് കട്ടിക്കാട്ട് പറഞ്ഞുതരുന്നുണ്ട്. മോസസിന്റെ പെങ്ങള്‍ ഒരു കുട്ടയില്‍ ഒഴുകിപ്പോകുന്ന കുഞ്ഞാങ്ങളയെ പിന്തുടര്‍ന്ന്, അവനെന്തുസംഭവിക്കുന്നുവെന്ന് ഒളിഞ്ഞിരുന്നു നോക്കി വേദനിച്ച കഥതൊട്ട്‌, യേശുവിന്റെ പെങ്ങന്മാരായി അവനെ സ്നേഹിച്ചു ശുശ്രൂഷിച്ച മാര്‍ത്താ-മിറിയന്മാര്‍ തൊട്ട്‌, ഫ്രാന്‍സീസിനു പോന്നുപെങ്ങളായിതീര്‍ന്ന അവന്റെ പ്രണയിനി ക്ലാരതൊട്ട്‌, കല്‍ക്കട്ടയില്‍ ഏതൊരാള്‍ക്കും പെങ്ങളായി ജീവിച്ച തെരേസവരെയുള്ള അസാധാരണ സാധാരണക്കാരുടെകൂടെ അല്‍ഫോന്‍സായെയും നിറുത്തി അദ്ദേഹം ആങ്ങളമാരെ ഉപദേശിക്കുന്നു: നിശബ്ദരായി, ആരുമറിയാതെയുമംഗീകരിക്കാതെയും, ആങ്ങളമാര്‍ക്കുവേണ്ടി സ്വയംബലിയായി, പഠനമുപേക്ഷിച്ചും കൂലിപ്പണിചെയ്തും കഴിയുന്ന പെങ്ങന്മാരെ നന്ദിയോടെ ചിലപ്പോഴെങ്കിലും ഒന്നോര്‍ക്കാന്‍. അല്‍ഫോന്‍സാമ്മയേക്കാള്‍ ഹൃദയവിശുദ്ധിയോടെ എത്രയോ സ്ത്രീകള്‍ നമ്മുടെയടുത്തുള്ള സാധാരണ കുടുംബങ്ങളില്‍പോലും ആരോരുമറിയാതെ കഴിയുന്നുണ്ടാവണം. റോമായിലെന്നല്ല, സ്വന്തം നാട്ടില്‍പോലും ആരുമൊരിക്കലും പേരുവിളിക്കില്ലാത്തയിവരെ അറിയാനും അംഗീകരിക്കാനും അവരുടെ കഷ്ടതകളിലൊരു ചെറിയ താങ്ങ് കൊടുക്കാനും ഒന്നുംചെയ്യാതെ, ഒരാളെ മാത്രം തേടിപ്പിടിച്ചു പെരുമ്പറമുഴക്കുകയാണ് കേരളസഭയിലെ വണിക്കുകള്‍.

0 comments: