സംഗീതത്തിലെ മൌനം

വളരെ വലിയ സംഗീതപ്രേമികളാണ് കേരളീയര്‍. പൊതുഗതാഗതസൌകര്യങ്ങളില്‍ പോലും, വണ്ടിയുണ്ടാക്കുന്ന ഗംഭീരന്‍ 'ചെത്തത്തെ' മൂടിക്കളയാനെന്നോണം ഉച്ചത്തില്‍ പെട്ടിപ്പാട്ടുമായി കിതച്ചുപായുന്നവര്‍ വേറേയെവിടെയുണ്ട്? മൈക്കുപയോഗിച്ച് പരസ്യങ്ങളുമായി നാടായ നാടെല്ലാം ഊരു ചുറ്റുന്നവരും വിരാമമില്ലാത്ത പാട്ടുകച്ചേരിക്കിടക്കാണ്, കേട്ടാലൊന്നും തിരിയാത്തവിധം 'എക്കോയും' 'വൈബ്രേഷനും' ചേര്‍ത്ത്  ഓരോന്ന് വിളിച്ചുകൂവുന്നത്. നമുക്ക് ഗന്ധര്‍വസംഗീതം പോലും ഒരുവിധത്തില്‍ ഒരു വലിയ ശബ്ദകോലാഹലമാണ്. ചാനലുകളിലെ സംഗീതമത്സരങ്ങളില്‍ ഗായകര്‍ സ്വരമൊന്നു നിറുത്താന്‍ നോക്കിയിരിക്കുമ്പോലെയാണ് ഓര്‍കെസ്ട്ര ചാടി വീണ് ഇടം നിറയ്ക്കുന്നത്! മലയാളികള്‍ കൂടുന്നിടത്തൊക്കെ (ഇത് പ്രവാസികളുടെയിടയിലും വളരെ ശരിയാണ്) മൈക്ക് പിടിപ്പിക്കുക, അത് ഏറ്റം കൂടിയ സ്വരത്തില്‍ സെറ്റപ്പ് ചെയ്ത്, ആബാലവൃദ്ധം ശ്രവണേന്ദ്രിയം കേടാക്കിവിടുക എന്നതൊക്കെ പണ്ടും ഇന്നും തകൃതിയായി നടക്കുന്ന തമാശകളാണ്. ചുരുക്കി പറഞ്ഞാല്‍, ഒരു നിമിഷംപോലും മൌനമായി ഇരിക്കുക നമുക്ക്, മലയാളികള്‍ക്ക് പറഞ്ഞിട്ടില്ല.

എന്നാല്‍, മൌനം അസ്വസ്ഥതയായി തോന്നുന്നവര്‍ക്ക് ഒരു വലിയ സത്യം കൈവിട്ടുപോകുന്നു. എന്തെങ്കിലുമാസ്വദിക്കാന്‍ നിശബ്ദനിമിഷങ്ങള്‍ അനിവാര്യമാണ്. സപ്തസ്വരങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന സംഗീതമാധുര്യം ഉള്ളിലുറങ്ങുന്നയാത്മാവിനെ തൊട്ടുവിളിച്ചുണര്‍ത്തുന്നത് മൌനത്തിന്റെ ജീവനാഡികളിലൂടെയാണ്. സംഗീതം അതിന്റെ പാരമ്യത്തില്‍ ആസ്വാദ്യകരമാകുന്നത്, അതിനിടയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മൌനസമ്പന്നതയിലൂടെയാണ്. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കിട്ടുന്ന സംഗീതം ശ്രദ്ധിച്ചു ശ്രവിക്കാന്‍ സമയമുള്ളവര്‍ക്ക് ഇക്കാര്യം ഉടന്‍ മനസ്സിലാകും. ശബ്ദകോലാഹലമില്ലാതെ, മൌനത്തിന്റെ ഇടവേളകളിലൂടെ സംഗീതത്തെ അങ്ങേയറ്റം ആസ്വാദ്യകരമാക്കുന്നയദ്ഭുതം ഈ Youtube video-clipല്‍ അനുഭവിക്കാം.



സ്വരങ്ങളില്‍ നിന്ന് വാക്കുണ്ടാകുന്നത്, പദ(ശബ്ദ)ങ്ങളില്‍ ആശയങ്ങളെ ഒളിച്ചുവയ്ക്കുന്നത്, അവയിലൂടെ ജ്ഞാനം ആര്‍ജ്ജിതമാകുന്നത്‌, ജ്ഞാനത്തില്‍ നിന്ന് ബോധമുദിക്കുന്നത് എന്നതൊക്കെ ഇതിനു സമാനമായ അദ്ഭുതങ്ങളാണ്. മൌനസാന്ദ്രമായ ശ്രദ്ധയില്ലാതെ അവയൊന്നും അന്തരംഗത്ത് മുദ്രിതമാകില്ല. കാരണം, ഇവയെല്ലാം മിന്നല്‍വേഗത്തിലാണ് സംഭവിക്കുക. പ്രകാശത്തിന്റെ വേഗത്തെ വെല്ലുന്നതൊന്നും പ്രപഞ്ചത്തിലില്ലെന്ന് ഐന്‍ഷ്റ്റൈന്‍ പറയുമ്പോള്‍, അത്ര തീര്‍ച്ചപറയാന്‍ അദ്ദേഹത്തിന് എന്താണാധാരമന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്. മനുഷ്യന്റെയറിവില്‍, അതില്‍ക്കവിഞ്ഞ ഒരു വേഗം ഭൌതികലോകത്ത് ഇല്ലെന്നേ അതിനര്‍ത്ഥമുള്ളു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. നമുക്ക് എല്ലാ അറിവിന്റെയും ആധാരവും മാദ്ധ്യമവും വെളിച്ചമാണ്. പ്രകാശമില്ലെങ്കില്‍ ഐന്ദ്രികമായ സമ്പര്‍ക്കങ്ങളോ, അവവഴി തലച്ചോറില്‍ ഉരുത്തിരിയുന്ന അറിവോ അനുഭൂതിയോ സാധ്യമല്ലല്ലോ. (പ്രകാശമെന്നാല്‍, ഒരേ സമയം വിദ്യുത്-കന്തോര്‍ജ്ജം എന്നും ആത്മാവിന്റെ കണ്ണെന്നും മനസ്സില്‍ വയ്ക്കണം.) പ്രകാശമില്ലെങ്കില്‍, നമുക്ക് പ്രപഞ്ചമില്ല. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് കുറിക്കപ്പെട്ട വേദവാക്യം ഓര്‍മിപ്പിക്കുന്നു, പ്രകാശമുണ്ടാകുന്നതുവരെ ഭൂമി (പ്രപഞ്ചം) രൂപമില്ലാത്തതായിരുന്നു എന്ന്. ആകാശത്തിനും ഭൂമിക്കും പ്രകാശം അള്ളാവാകുന്നു എന്ന് ഖുറാന്‍. അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേയ്ക്ക് (ഇല്ലായ്മയില്‍ നിന്ന് ഉണ്മയിലെയ്ക്ക്) എന്നെ നയിക്കേണമേ എന്നാണ് ഏറ്റവും ഹൃദയഹാരിയായ ഹൈന്ദവജപം. അറിവ് പ്രകാശമാണെന്നും, അറിയുന്നവനും, അറിയപ്പെടുന്നതും ഒന്നാകുന്നതുവരെ അറിവെന്നയദ്ഭുതം ഉണ്ടാവില്ല എന്നിവയില്‍ കവിഞ്ഞ ഒരു മനശാസ്ത്രവുമില്ല. അറിവ് മാത്രമാണ് അഴിവും നിഴലുമില്ലാത്ത പ്രകാശം.

Dosho Port ന്റെ 'Keep me in your heart a while' (The haunting Zen of Dainin Katagiri, Wisdom Publications, Boston 2009) എന്ന പുസ്തകത്തില്‍, ഒരു വാക്യം ഇങ്ങനെ: "ബുദ്ധന്റെ വിശാലലോകത്തിലെത്താന്‍ നാം ചെയ്യേണ്ടതിതാണ്. ശരീരത്തിന്റെയും ആത്മാവിന്റെയും പ്രകൃതങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യന്‍ എന്നോര്‍ക്കുക. അതില്‍ ആത്മാവാണ് ഹൃദയം, ജീവന്റെ സ്രോതസ്. അത് പ്രപഞ്ചത്തോളം വിസ്തൃതമാണ്. അത് തുറന്നിടുക. ഏത്‌ ചെറിയ കാര്യത്തെയും വലുതാക്കുന്നത് ഈ ശ്രദ്ധയാണ് - സ്വരത്തില്‍ നിന്ന് സംഗീതം ജനിക്കുക, പുറത്തെ വെളിച്ചത്തിലൂടെ അകത്തു ജ്ഞാനം തെളിയുക, വെറുമൊരു കടാക്ഷത്തിലൂടെ അപാരമായ സ്നേഹം വിതറുക എന്നതൊക്കെ അതിന്റെ ഫലങ്ങളാണ്." മൌനം ഹൃദയത്തില്‍ നിറയുമ്പോള്‍ മാത്രമാണ് ശരീരത്തെയും ആത്മാവിനെയും വേണ്ടവണ്ണം കൂട്ടിയിണക്കുന്ന, സ്ഥൂലതയിലൂടെ സൂക്ഷ്മതയിലേയ്ക്ക് കടക്കാനാവുകയെന്ന വിദ്യ നാം കണ്ടെത്തുന്നത്. ശബ്ദകോലാഹലങ്ങളും കാഴ്ച്ചക്കേളികളും ബാക്കിവയ്ക്കുന്നത് ശൂന്യത മാത്രമാണ്. 

സ്ഥൂലതയും സ്വാതന്ത്ര്യവും വിരുദ്ധ ധ്രുവങ്ങളാണ്. ഉപകാരമില്ലാതെ കൂടിക്കിടക്കുന്ന വസ്തുക്കള്‍ മുറിയുടെ ഭംഗി മാത്രമല്ല, അതിന്റെയര്‍ത്ഥംതന്നെ ഇല്ലാതാക്കുമ്പോലെ, അനാവശ്യ ചിന്തകള്‍ മനസ്സിനെ ഞെരുക്കും. ഇടയ്ക്കിടയ്ക്ക് മനസ്സിനും ഒരു അടിച്ചുവാരലും നനച്ചുതൂക്കലും ആവശ്യമാണ്‌. അതൊട്ടും എളുപ്പമല്ലതാനും. അതിലും ബുദ്ധിപൂര്‍വ്വവും അത്യാവശ്യവുമായ കാര്യം അനാവശ്യമായവ ഉള്ളിലേയ്ക്ക് കടക്കാനനുവദിക്കാതിരിക്കുകയാണ് - അനാവശ്യ വാര്‍ത്തകള്‍, ഉപകരിക്കാത്തയറിവുകള്‍, വേണ്ടാത്ത ബന്ധങ്ങള്‍ തുടങ്ങിയവ. കാരണം, സ്വാതന്ത്ര്യമെന്നത് വ്യക്തിത്വത്തിന്റെ ഒരു പൊതുഭാവമാണ്. അന്തിമവിശകലനത്തില്‍, വിശാലമായ ഇടമാണ് അതിനാധാരം. ഇടത്തെ കൊല്ലുന്നതെന്തും സ്വാതന്ത്ര്യത്തെയും കൊല്ലും. ഇടമെന്നാല്‍ ആകാശമാണ്‌. ആകാശത്തിന്റെ ഗുണമാണ് മൌനം. ജീവന്റെയും സൗന്ദര്യത്തിന്റെയും സംഗീതത്തിന്റെയും മുന്നോടിയാണത്.

0 comments: