കാഴ്ചയുടെ പൊരുള്‍

പുറത്തുള്ളവയെപ്പറ്റി ഇന്ദ്രിയങ്ങള്‍ നമുക്ക് തരുന്നയറിവുകള്‍ അപ്പാടേ ശരിയാണെന്ന ധാരണയാണ് മനുഷ്യര്‍ വച്ചുപുലര്‍ത്തുന്ന ഏറ്റവും വലിയ മിഥ്യ. നാം കാണുന്നതും കേള്‍ക്കുന്നതും മണക്കുന്നതുമൊക്കെ അതേപടി അവിടെ വെളിയിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ആണെന്നു തന്നെയാണ് മിക്കവരും കരുതുന്നത്. ഇതെത്ര വലിയ ഒരബദ്ധമാണെന്ന്‌ ഈ ലേഖനത്തിലൂടെ തെളിഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, നാം ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന ലോകം നമ്മുടെതന്നെ സൃഷ്ടിയാണ് എന്ന സത്യം ഒരു വലിയ തിരിച്ചറിവായിത്തീരാം.

പദാര്‍ത്ഥം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്, പദത്തിന്റെ (ശബ്ദത്തിന്റെ) അര്‍ത്ഥമെന്നും അതേസമയം വസ്തുവെന്നും ആണ്. അതായത്, വസ്തുക്കളെ 'മനസ്സില്‍ ആക്കുന്നതും' അവയ്ക്ക് പേരിടുന്നതും ഒരുമിച്ചു പോകുന്ന പ്രവൃത്തികളാണ്. ഒരു പദം മനസ്സിലൊരര്‍ത്ഥം സ്ഫുരിപ്പിക്കുമ്പോള്‍, ഈ പറഞ്ഞ രണ്ട് തരത്തിലും അതൊരു പദാര്‍ത്ഥമായിത്തീരുന്നു: ആദ്യത്തേത് സൂക്ഷ്മതലത്തിലും, രണ്ടാമത്തേത് സ്ഥൂലതലത്തിലും. മറ്റു തരത്തില്‍ പറഞ്ഞാല്‍, ഓരോ വാക്കും അകത്തും പുറത്തുമുള്ള, സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പദാര്‍ത്ഥരൂപീകരണത്തിനു മിക്കപ്പോഴും ഇന്ദ്രിയങ്ങളാണ് നമ്മെ സഹായിക്കുന്നത്.

 
അറിവും ഇന്ദ്രിയങ്ങളും  
കാഴ്ച്ചയെ കണ്ണുമായി ബന്ധപ്പെടുത്തിയാണ് സാധാരണ നാം ചിന്തിക്കാറുള്ളതെങ്കിലും, ഏത്‌ ഇന്ദ്രിയത്തിലൂടെ കിട്ടുന്ന അറിവിനെയും കാഴ്ചയെന്നു വിളിക്കാം. എന്നാലും ചുറ്റുപാടുകളെപ്പറ്റിയുള്ള ധാരണ കരഗതമാക്കാന്‍ ഓരോ ജീവിക്കും ഓരോ ഇന്ദ്രിയം പ്രഥമസ്ഥാനത്ത് നില്‍ക്കുന്നുണ്ട്. മനുഷ്യനത് കണ്ണാണെങ്കില്‍, (ആത്യന്തികമായി എതിന്ദ്രിയവും സ്പര്‍ശത്തിലൂടെയാണ് സംവേദിക്കുന്നത്.), വവ്വാലിന് അതു ശ്രവണേന്ദ്രിയമാണ്, പാമ്പിനത് ചര്‍മ്മമാണ് - ത്വക്കും നാക്കും. ഇന്ദ്രിയവിഷയമായ വസ്തുവില്‍നിന്നുള്ള ഊര്‍ജ്ജപ്രസരം ഒന്നുതന്നെയായിരിക്കേ, വ്യത്യസ്ത ജീവികള്‍ അതാതിന്റെ രീതിയില്‍ അതിനെ വ്യാഖ്യാനിച്ച് അവയ്ക്ക് വേണ്ടുന്ന 'അറിവ്' ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍നിന്ന് വ്യക്തമാകുന്നത്, 'കാഴ്ച' ഇന്ദ്രിയത്തിലല്ല, മറിച്ച്, തലച്ചോറിലാണ് സംഭവിക്കുന്നതെന്നാണ്.

"പ്രത്യക്ഷമെന്നു പറയുമ്പോള്‍ കണ്ണുകൊണ്ട് കാണുന്നതാണ് പ്രധാനം എന്ന തോന്നലുണ്ടാവാം. എന്നാല്‍, ഓരോ ഇന്ദ്രിയത്തെയും കണ്ണായി കരുതിപ്പോന്നിരുന്ന ഭാരതീയദര്‍ശനത്തില്‍ വര്‍ണങ്ങളെപ്പോലെതന്നെ സപ്തസ്വരങ്ങളും ഷഡ്രസങ്ങളും പഞ്ചപ്രാണങ്ങളും അവധിയില്ലാത്ത രസവൈവിധ്യങ്ങളും ആകാരങ്ങള്‍ക്ക് വികാരങ്ങളുടെ അനന്തവിസ്തൃതിയുണ്ടാക്കിവയ്ക്കുന്നുണ്ട്‌. അതായത്, ഓരോയിന്ദ്രിയവും ഓരോതരം കാഴ്ച്ചയെയാണ് ഉത്പാദിപ്പിക്കുന്നത്." (മന:ശാസ്ത്രം ജീവിതത്തില്‍‍, നിത്യചൈതന്യയതി. അ. 20)


നമുക്ക് കാണാനും കേള്‍ക്കാനും രുചിക്കാനും മണക്കാനുമൊക്കെ സാധിക്കുന്നത് ഈ പ്രവൃത്തികള്‍ക്കുള്ള വിഷയങ്ങള്‍ അതേപടി അവിടെയുള്ളതുകൊണ്ടാണ് എന്ന വിചാരം അത്ര ശരിയല്ലെന്ന് പറഞ്ഞാല്‍ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും തന്നെ ബുദ്ധിമുട്ടാവും. പക്ഷേ, വാസ്തവത്തില്‍ ബാഹ്യലോകം വ്യക്തിബോധത്തില്‍ യാഥാര്‍ഥ്യത്തിന്റെ ഏതോ വിധത്തിലുള്ള ഒരു പ്രതിഫലനമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍, ടെലിവിഷന്റെ പ്രവര്‍ത്തനരീതി സഹായിക്കും. (ഈ ഉപമ LSD യുടെ കണ്ടുപിടുത്തത്തോടെ പ്രശസ്തനായിത്തീര്‍ന്ന ആല്‍ബെര്‍ട്ട് ഹോഫ്മന്റെയാണ്.) നമ്മുടെ ശരീരം ഉള്‍പ്പെടെയുള്ള ബാഹ്യലോകം ഊര്‍ജ്ജപ്രസരണത്തിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്‌. ഈ സ്പന്ദനങ്ങളെ സ്വീകരിക്കുന്ന ഏരിയലുകളാണ് ഇന്ദ്രിയങ്ങള്‍. എന്നാലവയെ പടവും സ്വരവും മണവുമൊക്കെയാക്കി പ്രതിബിംബിപ്പിക്കുന്ന സ്ക്രീന്‍ നമ്മുടെ ബോധതലമാണ്. കൃത്യമായി പറഞ്ഞാല്‍ തലച്ചോറിന്റെ പണിയാണത്. ഏരിയലിന്റെ ഗുണവും മേന്മയുമനുസരിച്ച്, പടം വ്യക്തമോ അവ്യക്തമോ ആകാം.


കണ്ണെന്ന ഏരിയലിനെ നമുക്കൊന്ന് പരിശോധിക്കാം. വസ്തുക്കളില്‍ പതിയുന്ന പ്രകാശം പ്രതിഫലനത്തിലൂടെ നേത്രാന്തരപടലത്തില്‍ (retina) തട്ടുമ്പോഴുണ്ടാകുന്ന തരംഗങ്ങള്‍ ദൃക്തന്ത്രികളിലൂടെ തലച്ചോറിലെത്തുന്നതുകൊണ്ടാണ് കാഴ്ച സാധ്യമാകുന്നത്. അതിനിടയില്‍ സംഭവിക്കുന്നതൊക്കെ ശാസ്ത്രമാനങ്ങളാല്‍ അളക്കാവുന്നവയാണ്. എന്നാല്‍ നാഡികള്‍വഴി തലച്ചോറിലെത്തുന്ന വിദ്യുത്പ്രചോദനങ്ങള്‍ വസ്തുവിന്റെ പ്രതിബിംബമായി രൂപാന്തരപ്പെടുന്ന രഹസ്യം ഒന്നുകൊണ്ടും അളക്കാനാവാത്ത ഒരു പ്രതിഭാസമാണ്. (ഭാസം = പ്രകാശം; പ്രതിഭാസം = പ്രകാശപ്രതിബിംബം). പ്രകാശം വൈദ്യുത-കാന്ത തരംഗങ്ങളാണ്. ഫോട്ടോണ്‍ എന്ന കണമാണ് അതിന്റെ സൂക്ഷ്മഘടകമെങ്കിലും അവ സഞ്ചരിക്കുന്നത് തരംഗരൂപേണയാണ്. വൈദ്യുത-കാന്തതരംഗങ്ങള്‍ക്കു ഒരു മീറ്ററിന്റെ ശതകോടിയിലൊന്നു തൊട്ട് പല മീറ്റര്‍ വരെ വ്യാസമാകാം. റേഡിയോ തരംഗങ്ങള്‍ രണ്ടാമത്തേതിന് ഉദാഹരണമാണ്. ഓരോ വസ്തുവും അതിന്റെ ഘടനയും പ്രതലവുമനുസരിച്ച് അതില്‍ ചെന്നുപതിക്കുന്ന പ്രകാശത്തെ വിഗിരണം ചെയ്യുന്നുവെങ്കിലും അവയില്‍ ഒരു നിശ്ചിത തരംഗവ്യാപ്തിക്കുള്ളിലുള്ളവയെ മാത്രമേ നമ്മുടെ റെറ്റിനക്ക് സ്വീകരിക്കാനാവൂ. 350 മുതല്‍ 750 നാനോമീറ്റര്‍ വരെയാണ് ഈ അലകളുടെ വ്യാപ്തി. (ഒരു നാനോമീറ്റര്‍ = പത്ത് ലക്ഷത്തിലൊരു മില്ലിമീറ്റര്‍) 350 nm തരംഗങ്ങള്‍ നമ്മടെ തലച്ചോറില്‍ നീലയുടെ അനുഭവത്തെയുണ്ടാക്കുന്നു. 750 നം, ചുകപ്പിന്റെ. അതിനിടയിലുള്ളവ സപ്തവര്‍ണങ്ങളില്‍ ബാക്കിയോരോന്നുമായി തലച്ചോറിനാല്‍ വ്യാഖ്യാനിക്കപ്പെടുന്നു.


ഇതില്‍നിന്നൊക്കെ നമുക്ക് പലതുമനുമാനിക്കാം. ഉദാഹരണത്തിന്, പ്രകാശത്തിന്റെ ഇതേ തരംഗവ്യാപ്തിയെ സ്വീകരിക്കാന്‍ റ്റ്യൂണ്‍ ചെയ്തിട്ടുള്ള മറ്റൊരു ജീവി കാണുന്നത് നമ്മുടെ നിറങ്ങളായിരിക്കണമെന്നില്ല. color blind ആയ മനുഷ്യര്‍ തന്നെ ഇതിനൊരു തെളിവാണ്. അതുപോലെ തന്നെ, പ്രകൃതിയിലുള്ളവയെ, നമുക്ക് കാണാനാവാത്ത, എണ്ണമില്ലാത്തത്ര നിറങ്ങളിലും മണങ്ങളിലും സ്വരങ്ങളിലും രുചികളിലും കൂടി കാണുന്ന ജീവികളുമുണ്ട്. യന്ത്രസഹായത്തോടെ മാത്രം നമുക്ക് കൈകാര്യംചെയ്യാനാകുന്ന ഇന്‍ഫ്രാറെഡും അള്‍ട്രാവയലെറ്റും കാണാന്‍കഴിയുന്ന അല്‍പപ്രാണികള്‍ പോലുമുണ്ടെന്ന് ജന്തുശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ടല്ലോ.


അങ്ങനെയെങ്കില്‍, നിറങ്ങള്‍ നാം കാണുന്നവയിലല്ല, മറിച്ച്, അവ നമ്മുടെ തലച്ചോറിന്റെ സൃഷ്ടിയാണ് എന്ന്
നാം അംഗീകരിക്കേണ്ടിവരും.  ചുവന്ന പൂവെന്നു പറയുമ്പോള്‍ പ്രകൃതി അതിന്റെ ഇതളുകളില്‍ ചുകപ്പുനിറം തേച്ചുപിടിപ്പിച്ചിരിക്കുന്നു എന്നല്ലേ നാം അര്‍ത്ഥമാക്കുക? എന്നാല്‍ സത്യമതല്ല. എല്ലാ (എന്ന് വച്ചാല്‍, നമുക്ക് കാണാനാവാത്തവയും) നിറങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രകാശം ആ പൂവിന്റെ പ്രതലത്തില്‍ തട്ടുന്നുണ്ടെങ്കിലും, അതിന്റെ തനതായ രാസഘടനമൂലം, ചില നിശ്ചിത അലവ്യാപ്തിയിലുള്ളവമാത്രമാണ് വിഗിരണം ചെയ്യപ്പെടുന്നത്. ബാക്കിയെല്ലാം ആഗിരണം ചെയ്യപ്പെടുകയാണ്. ഇങ്ങനെ പ്രതിഫലിക്കുന്നവയില്‍ നിന്ന് നമുക്കാകുന്നവയെ (ഈ ഉദാഹരണത്തില്‍, നാം ചുകപ്പായി വ്യാഖ്യാനിക്കുന്നവയെ) നാം പിടിച്ചെടുക്കുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. അതേ പൂവിനെ വേറൊരു ജീവി വേറൊരു നിറത്തില്‍ കാണുന്നുണ്ടാവാം. നാം കാണുന്ന വസ്തുക്കളുടെയെല്ലാം കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്‌. മറ്റു വാക്കുകളില്‍, നമ്മള്‍ കാണുന്ന നിറങ്ങളും രൂപങ്ങളും സ്വരങ്ങളും രുചികളും നാം തന്നെയാണ് സൃഷ്ടിക്കുന്നത്, അവ വസ്തുക്കളില്‍ അങ്ങനെത്തന്നെ ഉള്ളവയല്ല!

പ്രകാശത്തിന്റെ അലദൈര്‍ഘ്യങ്ങളില്‍ മനുഷ്യന് പിടിച്ചെടുത്ത് വ്യാഖ്യാനിക്കാവുന്നവ വളരെ പരിമിതമാണ്. ഇവയില്‍ ഏഴെണ്ണത്തെ നമ്മുടെ തലച്ചോര്‍ ഏഴു നിറങ്ങളായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു എന്നുമാത്രം. ഇവക്കു വെളിയിലുള്ളവ അനന്തതയിലേയ്ക്കു നീളുന്നു. നിത്യജീവിതത്തിലെ ശാസ്ത്രം എന്ന കൃതിയില്‍ C. രാധാകൃഷ്ണന്‍ എഴുതുന്നു: "പ്രകാശം വിദ്യുത്കാന്തപ്രസരമാണ് (electro-magnetic waves). നിറമെന്നൊന്ന് വാസ്തവത്തില്‍ ഇല്ല. വ്യത്യസ്ത അലനീളമുള്ള വിദ്യുത്-കാന്തതരംഗങ്ങളേയുള്ളൂ. ഒരു പ്രത്യേക അലനീലമുള്ള തരംഗം നമ്മുടെ കണ്ണിലുളവാക്കുന്നയനുഭൂതിയെ നാം ഒരു നിറത്തിന്റെ പേരിട്ടു വിളിക്കുന്നു, അത്രമാത്രം. നാം കാണുന്ന നിറങ്ങളെത്തന്നെ മറ്റു ജീവികളും കാണുന്നുവെന്ന് ധരിക്കുന്നത് വിഡ്ഢിത്തമാണ്." 

 

ഇതേ തത്ത്വം മറ്റിന്ദ്രിയാനുഭവങ്ങളുടെ കാര്യത്തിലും ബാധകമാണ്. ഉദാഹരണത്തിന്, കേള്‍വി. മലമുകളില്‍ നിന്ന് ഒരു വലിയ പാറ പിളര്‍ന്നു താഴേയ്ക്കുരുളുന്നുവെന്ന് സകല്പ്പിക്കുക . അത് വായുവിലുണ്ടാക്കുന്ന സംഘര്‍ഷം ഒരു കൊടുങ്കാറ്റിനെ സൃഷ്ടിച്ചെന്നിരിക്കും. എന്നാല്‍ ഈ വായൂമര്‍ദ്ദത്തെ ഏതെങ്കിലും തരത്തില്‍ അളക്കാനോ അനുഭവിക്കാനോ കഴിയുന്ന ഒരു ജീവി അവിടെയില്ലെങ്കില്‍, ഒരു നേരിയ സ്വരംപോലും അവിടെയുണ്ടാകുന്നില്ലെന്ന് പറയാം. ഇത് അവിശ്വസനീയമാണെങ്കിലും, ഒന്നുകൂടി ചിന്തിച്ചു നോക്കുക. അവിടെ പൊട്ടിവീഴുന്ന പാറയും ഇടിഞ്ഞിറങ്ങുന്ന മണ്ണും മറിഞ്ഞുവീഴുന്ന മരങ്ങളുമുണ്ട്. അതെല്ലാം വായൂക്ഷോഭത്തിനും ഊര്‍ജ്ജസ്ഫോടനത്തിനും കാരണമാകുന്നു. എന്നാല്‍, 'അവമൂലമുണ്ടാകുന്ന' സ്വരം സമീപത്തുള്ള ജീവികളുടെ ശ്രവണേന്ദ്രിയത്തിനുള്ളില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. നാം കേള്‍ക്കുന്ന സ്വരം, അതു മൃദുലമോ കഠിനമോ ആയിക്കൊള്ളട്ടെ, അത് സ്വരമായി പ്രകൃതിയില്‍ സ്ഥിതിചെയ്യുന്നില്ല; അവിടെയുള്ളത് ചെറുതും വലുതുമായ വെറും ഊജ്ജസമ്മര്‍ദ്ദങ്ങളാണ്. അവയ്ക്ക് കാരണമാകുന്നതോ വായുവിന്റെയും വൈദ്യുതിയുടെയുമൊക്കെ വ്യതിയാനങ്ങളും. ഇങ്ങനെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ അതിവിപുലമാണ്. ഇവയില്‍, ഒരു സെക്കന്റില്‍ 20 മുതല്‍ 20'000 ഡസിബില്‍ വരെ (audio അല്ലെങ്കില്‍ sonic എന്നറിയപ്പെടുന്ന) ആവൃത്തിയിലുള്ളവയെ പിടിച്ചെടുക്കാനുള്ള സജ്ജീകരണം മാത്രമാണ് മനുഷ്യന്റെ ശ്രവണേന്ദ്രിയത്തിനുള്ളത്. അങ്ങനെ പിടിച്ചെടുക്കുന്നവ തരംഗവ്യതിയാനങ്ങള്‍ക്കനുസരിച്ച് നമ്മുടെ തലച്ചോറില്‍ ചെറുതും വലുതുമായ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നത്. അതായത്, പ്രകൃതിയിലുള്ളത്, വെറും സ്പന്ദനങ്ങളാണ്. അവയില്‍നിന്ന് ഒരു നിസ്സാരയംശത്തെ മാത്രം അളന്ന് വ്യത്യസ്ത സ്വരങ്ങളായി മനസ്സിലാക്കുന്ന രീതിയാണ് ശ്രവണം. DCBooks ന്റെ ശബ്ദസാഗരത്തില്‍ ശബ്ദത്തിന് അര്‍ത്ഥം പറഞ്ഞിരിക്കുന്നത് ഇങ്ങനെ: "വായുവിലുണ്ടാകുന്ന തരംഗപരമ്പരയാണ് ശബ്ദമായി കാതിനനുഭവപ്പെടുന്നത്." എല്ലാ തരംഗങ്ങളെയും അളക്കാനാവുന്ന ഒരു സംവിധാനത്തോടെ ഒരു ജീവിക്കും അതിജീവനം സാധ്യമേയല്ല. LSD പോലുള്ള രാസവസ്തുക്കള്‍ അകത്തുചെല്ലുമ്പോള്‍, മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്ത വര്‍ണബാഹുല്യവും സ്വരങ്ങളും അനുഭവിക്കാനാകുന്നതിനെപ്പറ്റി ധാരാളം അനുഭവസ്ഥരുടെ വിവരണങ്ങളുണ്ട് (LSD, mein Sorgenkind - LSD, എന്റെ വികൃതിക്കുട്ടി - Albert Hofmann). കഞ്ചാവ് വലിക്കുന്നവരുടെ അനുഭവത്തിനും ഇതിനോട് സാമ്യമുണ്ട്‌.
നമുക്കാഗിരണംചെയ്യാനാവാത്ത ഊര്‍ജ്ജസങ്കോച-സ്ഫോടനങ്ങള്‍ തിരിച്ചറിയുന്ന ജീവികള്‍ എത്ര വേണമെങ്കിലുമുണ്ട്. ഉദാ. വവ്വാല്‍, നായ, ഡോള്‍ഫിന്‍, തിമിംഗലം തുടങ്ങിയവ. എന്തിനീ വലിയവര്‍? ഒരു ചറിയ തുള്ളി രക്തത്തിനായി നമ്മെ ചുറ്റിപ്പറ്റി പറക്കുന്ന നിസാരനായ കൊതുകിനെ വീശിപ്പിടിക്കാനോ അടിച്ചുകൊല്ലാനോ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതെന്ത്? നമ്മുടെ കൈയൊന്നനങ്ങുന്നതിനു മുമ്പുതന്നെ അതിസൂക്ഷ്മമായ വായൂമര്‍ദ്ദം തിരിച്ചറിഞ്ഞ് വഴുതിമാറാന്‍ അണുസമാനമായ അതിന്റെ ഉണ്മക്കാകുന്നു! പൂക്കളിലൂടെ തെന്നിപ്പറന്ന് തേന്‍ കുടിക്കുന്ന ശലഭങ്ങള്‍ തിരിച്ചറിയുന്ന ഗന്ധങ്ങളും കാണുന്ന നിറങ്ങളുമേതെല്ലാമെന്നു നാമുണ്ടോ അറിയുന്നു! ഏത്‌ ഇന്ദ്രിയാനുഭവത്തിലും ഈ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ഈ വിചിന്തനങ്ങളില്‍ നിന്ന് മിക്കപ്പോഴും നാം ഒട്ടും ശ്രദ്ധിക്കാത്ത ചില സത്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നു: നമ്മുടെ ലോകം നമ്മുടെ മാത്രം സൃഷ്ടിയാണ്. നമ്മുടെയഅളവുകോലുകളും നമ്മുടേത്‌ മാത്രമാണ്.
അവ പ്രകൃതിയെ മൊത്തത്തില്‍ ബാധിക്കുന്നേയില്ല. ചരാചരങ്ങളായി, ചേതനാചേതനങ്ങളായി, പ്രകൃതിയിലുള്ളതെല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ (electro-magnetic energy) ഭാവഭേദങ്ങളാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ അവയിലെ തീരെ ചെറിയ ഒരംശവുമായി പ്രതികരിക്കുന്നതില്‍നിന്നാണ് നമ്മുടെ ലോകം ഉരുത്തിരിയുന്നത്. ഇതിലും സുപ്രധാനമായ മറ്റൊരു വസ്തുതയും അംഗീകാരമര്‍ഹിക്കുന്നു. അതായത്, പുറത്തുനിന്നും തുടര്‍ച്ചയായി എത്തുന്ന ഊര്‍ജ്ജപ്രസരങ്ങളെ വ്യാഖ്യാനിച്ചാണ് നാം യാഥാര്‍ഥ്യത്തെ കണ്ടെത്തുന്നതെങ്കില്‍, നാമനുഭവിക്കുന്ന ജീവന്‍, ബോധം, അറിവ് എന്നിവയൊന്നും സുസ്ഥിരമല്ല, തുടര്‍ച്ചയാണ്. സ്ഥിരവും സുനിശ്ചിതവുമായിടത്ത്, ജീവനില്ല. നമ്മുടെ യാഥാര്‍ഥ്യം (അവിടെ നാം കണ്ടെത്തുന്ന അര്‍ത്ഥമെന്തോ, അത്) അനുനിമിഷം നമ്മള്‍ സൃഷ്ടിക്കുന്ന ഇന്ദ്രിയാനുഭവങ്ങളാണ്, അവിടെ നമുക്ക് വെളിയിലുള്ള അസ്തിത്വഭാവങ്ങളല്ല! ഉണ്മയെന്നത് നൈമിഷികമാണ്, ഓരോ നിമിഷത്തിന്റെയുമാണ്.

0 comments: