ആരോ ബുദ്ധനോട് ചോദിച്ചു. "ഏറ്റവും വലിയ അത്ഭുതമെന്താണ്?" അദ്ദേഹം പറഞ്ഞു, "പരാവൃത്തി". ഈ വാക്കിനര്‍ഥം 'ഉണരല്‍' അല്ലെങ്കില്‍ 'തിരിച്ചുവരവ്' എന്നാണ്. ഏതൊരു ബുദ്ധപ്രേമിയും ഇഷ്ടപ്പെടുന്ന ചില വാക്യങ്ങളാണ് ഇനി കുറിക്കുന്നത്. ഉള്ളിലേയ്ക്ക് നോക്കുക, ആയിരം കാതങ്ങളകലെയുള്ള മേഘങ്ങളെ നിങ്ങള്‍ക്ക് കാണാനാവും. ആല്മരങ്ങളിലെ പ്രാചീനസംഗീതം നിങ്ങള്‍ക്ക് കേള്‍ക്കാനാവും. ഈ പ്രാചീനസംഗീതം അനശ്വരമാണ്. സ്വനമില്ലാത്ത സ്വനമാണത്. അത് കേള്‍ക്കണമെങ്കില്‍ 'ഉണരല്‍' ആവശ്യമാണ്. മൌനമാണ് അതിലേയ്ക്കുള്ള ഏക വഴി. പ്രണയം, അതിലേയ്ക്കുള്ള വാതിലും. കാരണം, ആത്മീയതയോട് ഏറ്റവുമടുത്തുനില്‍ക്കുന്നതാണ് പ്രണയം. അതില്‍, ഒരു ജീവാത്മാവ് മറ്റൊന്നുമായും, അതേത്തുടര്‍ന്ന്, മറ്റെല്ലാവുമായും ലയബദ്ധമായിത്തീരുന്നു.
അസ്തിത്വമുള്ള എന്തുമായി ഇഴുകിച്ചേരുക എന്ന് പറഞ്ഞാല്‍ പ്രേമബദ്ധരായ രണ്ട് വ്യക്തികള്‍ക്ക് സംഭവിക്കുന്നതിനു സമാനമായ ഒരു പ്രക്രിയയാണെന്ന് പറയുമ്പോള്‍ ആശ്ചര്യപ്പെടുന്നവര്‍ പ്രണയിച്ചിട്ടില്ലെന്നു തീര്‍ച്ചയാണ്. പ്രണയത്തെപ്പറ്റി പാടാത്ത കവികളില്ല. എഴുതാത്ത കഥകളില്ല. തങ്ങള്‍ പ്രണയത്തിലാണെന്ന് ധരിച്ചുവശായി, അതിനായി മരിക്കുന്നവര്‍ എന്നുമുണ്ടായിരുന്നു. എന്നാല്‍, പ്രണയിക്കുക അത്രയൊന്നും എളുപ്പമുള്ള ഒരു കാര്യമേയല്ല. രണ്ട് കമിതാക്കള്‍ ഒന്നായിത്തീരുക; പയ്യെപ്പയ്യെ ശരീരത്തിന്റേതുള്‍പ്പെടെയുള്ള ആകര്‍ഷണത്തെ ആത്മാവിന്റെ സ്വരുമ അതിക്രമിക്കുക. അതുപോലെയാണ് ഒരാള്‍ അസ്തിത്വത്തില്‍ ലയിക്കാന്‍ പഠിക്കുമ്പോള്‍ സംഭവിക്കുന്നതും. ഭൌതികവും പദാര്‍ത്ഥപരവുമായത് അപ്രത്യക്ഷമായിട്ട്, തല്‍സ്ഥാനത്ത് ആത്മാവിന്റേതായ ഒരവബോധം തെളിഞ്ഞു വരുന്നു. അതില്‍നിന്ന് ഒന്നും മാറ്റിനിറുത്തപ്പെടുന്നില്ല. കാരണം, അസ്തിത്വം ഒരു സമഗ്രതയാണെന്ന് കണ്ടെത്തിയ ഒരാള്‍ക്കേ ഇത്തരമൊരു പ്രണയത്തിലെത്താനാവൂ.
രണ്ട് വ്യക്തികള്‍ക്കിടയില്‍ തളിരിടുന്ന പ്രണയമായാലും, അതില്‍ സാവധാനം മറ്റെല്ലാരും, എല്ലാവും ഉള്‍ച്ചേരുന്നില്ലെങ്കില്‍, അത് ശുദ്ധവും പൂര്‍ണവുമായ പ്രണയമല്ല, അതുകൊണ്ട് അത് നിലനില്‍ക്കില്ല എന്നത് തീര്‍ച്ചയാണ്. ആദ്യകാഴ്ചയിലെ മതിഭ്രമമല്ല ഇതെന്ന് വ്യക്തമാണല്ലോ. ഇവിടെ പരാമര്‍ശിക്കുന്ന പ്രണയമെന്ന പ്രക്രിയ ഒരദ്ഭുതമാണ്. കാരണം, അഹത്തെ മറികടന്ന് അപ്പുറത്തേയ്ക്ക് ചെല്ലുകയും അവിടെ അതുതന്നെ ചെയ്യാന്‍ വെമ്പുന്ന മറ്റൊരാളാല്‍ സ്വീകരിക്കപ്പെടുകയുമാണ് അതില്‍ സംഭവിക്കുന്നത്. സ്വന്തമസ്തിത്വത്തെ കൈമാറുകയാണത്. രണ്ട് ചതുരങ്ങളില്‍ നിന്ന് ഒരു വൃത്തമുണ്ടാകുക എന്നതുപോലെ, അസാദ്ധ്യമായത് സാദ്ധ്യമാവുകയാണത്. അതുകൊണ്ട്, ഇരുഭാഗത്തും ഒരേപോലെയുള്ള പ്രതികരണം ഉണ്ടാകാതെ ഇത്തരം പ്രണയം സംഭവിക്കില്ല. അന്യോന്യമുപയോഗിക്കലോ കീഴടക്കലോ ശുദ്ധപ്രണയത്തില്‍ ചിന്തനീയമേയല്ല. പരസ്പര ബഹുമാനത്തോടെയുള്ള പൂര്‍ണമായ ഉള്‍ച്ചേര്‍ച്ചയാണത്. അസ്തിത്വപ്രേമമെന്നാല്‍ ഒരു പടികൂടി കടന്ന്, അസ്ഥിത്വമുള്ളതെല്ലാവുമായി ഇങ്ങനെയൊരു സൗഹൃദം സ്ഥാപിക്കലാണ്. വെറുതെയല്ല അതിത്ര വിരളമായിരിക്കുന്നത്. അതിന് കഴിഞ്ഞിട്ടുള്ളവരില്‍ ഒരു ബുദ്ധനുണ്ട്, ഒരു യേശുവുണ്ട്, ഒരു മഹാവീറുണ്ട്, ഒരു ഫ്രാന്‍സ്സീസും രമണമഹര്ഷിയുമുണ്ട്; ഒരു കൊച്ചുത്രേസ്യയും ക്ലാരയുമുണ്ട്. അങ്ങനെ ചുരുക്കം ചിലര്‍. എന്തുകൊണ്ടാണ് അസ്തിത്വത്തെ പ്രണയിക്കുന്നവര്‍ ഇത്ര കുറഞ്ഞുപോകുന്നതെന്നു ചിന്തിക്കേണ്ടത് ഒരത്യാവശ്യമാണ്. കാരണം, മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതതന്നെ പ്രണയിക്കാനുള്ള അതിന്റെ കഴിവാണ്. എങ്കില്‍ അതെന്തെന്നും എങ്ങനെയെന്നും നാം അറിയേണ്ടതുണ്ട്. ഈയൊരറിവാണ് ആത്മാവ്. ആത്മാവുള്ളവരുടെ രഹസ്യങ്ങള്‍ എന്ന് ശീര്‍ഷകമെഴുതിയത് അതുകൊണ്ടാണ്.
ഈയര്‍ത്ഥത്തില്‍, ആത്മാവില്ലാത്തവര്‍ ഭൂരിപക്ഷമായതെന്തുകൊണ്ട് എന്ന് സ്വാഭാവികമായും ചോദിച്ചുപോകും. അതിന് ഞാന്‍ കണ്ടെത്തിയ വിശദീകരണം ഏതാണ്ടിങ്ങനെ കുറിക്കട്ടെ. വേദനകളും ക്ലേശങ്ങളും ജീവിതത്തിന്റെ സഹജഭാഗമാണെന്ന ചിന്ത ചെറുപ്പംമുതല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നതുതന്നെ ഒരഗാധഗര്‍ത്തത്തിലേയ്ക്കാണ്. അന്ധവിശ്വാസങ്ങളുടെ ഒരു തമോഗര്‍ത്തം. ഏറ്റം നിഷ്കളങ്കരായ കുഞ്ഞുങ്ങളിലും ജന്മപാപത്തിന്റെയും കര്‍മപാപത്തിന്റെയും ഭയം അടിച്ചേല്‍പ്പിച്ചാണ് ഓരോ സമൂഹവും മതവും അതിന്റെ അധികാരത്തെ അവരുടെമേലുറപ്പിക്കുന്നത്. ഇഹലോകപരലോകങ്ങളെന്ന വേര്‍തിരിവാണ് ആത്മാവിനെ കൊല്ലാനുള്ള വേറൊരു വഴി. ഈ ലോകത്തിലെ പോരായ്മകള്‍ക്ക് ഒത്തൊരുമിച്ച് പരിഹാരം തേടുന്നതിനുപകരം, ഇവിടുത്തെ സഹനങ്ങള്‍ക്ക് പ്രതിഫലമായി മറ്റൊരു ജീവിതത്തെ ചൂണ്ടിക്കാണിച്ചാണ് മതങ്ങള്‍ മനുഷ്യരെ പാട്ടിലാക്കുന്നത്. അതോടെ ഈ ജീവിതവും അതുമായി ബന്ധപ്പെട്ടതൊക്കെയും എങ്ങനെയെങ്കിലും കടത്തിവിടേണ്ട ഒരിടവേള മാത്രമായി തരംതാഴ്ത്തപ്പെടുന്നു. ഇവിടെയുള്ളതെല്ലാം അപ്രധാനമായിത്തീരുന്നു. എന്തിനാണ് മനുഷ്യര്‍ മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ഇതൊക്കെ ചെയ്യുന്നത്? ഒരേയൊരു കാരണമേയുള്ളൂ, അതിതാണ്: ആത്മാവുള്ളവരെ ഭരിക്കാനാര്‍ക്കുമാവില്ല.
വളരെ വലിയ യുക്തിവൈരുദ്ധ്യമായി തോന്നാം; പക്ഷേ, പരലോകമെന്ന കണ്ടുപിടുത്തത്തിലുള്ള അന്ധതനിറഞ്ഞ ഈ ഊന്നലാണ് മേല്‍പ്പറഞ്ഞ ആത്മാവിന്റെ തലത്തില്‍നിന്ന് മനുഷ്യനെ താഴേയ്ക്ക് തള്ളിയിടുന്നത്. ഈ ജീവിതത്തിലുടനീളം ഒരു രമണീയസാന്നിദ്ധ്യമായിരിക്കേണ്ട പരാശക്തിയെ ഒരു വിധികര്‍ത്താവും ശിക്ഷകനും സമ്മാനദായകനുമായി ഉയര്‍ത്തി മാറ്റിനിര്‍ത്തുന്നതുതന്നെയാണ് ദൈവവുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള ഏറ്റവും വലിയ തടസമായിത്തീരുന്നത്. അതോടെ ദൈവാരാധന അടിമകളുടെ കടമയായി തരംതാഴുന്നു. അസ്തിത്വംതന്നെ ഏതോ മുന്‍ജന്മപാപത്തിനുള്ള ശിക്ഷയും വിധിയോടുള്ള അടിമത്തവുമായി കരുതപ്പെടുന്നു. പിന്നെയതിലെങ്ങനെ ഒരാള്‍ക്ക് സൌന്ദര്യം കാണാനാവും? അതിലെങ്ങനെ നിര്‍വൃതികൊള്ളാനാവും? എങ്ങനെയതിനെ പ്രണയിക്കാനാവും? ദൈവികത, ആത്മീയത, ധാര്‍മികത, വിശുദ്ധി എന്നിവയെപ്പറ്റിയെല്ലാം റെഡിമെയ്ഡ് ആശയങ്ങള്‍ തലമുറകളായി കൈമാറപ്പെടുകയാണ്. അവയിലെന്തിനെയെങ്കിലുംപറ്റി എന്തെങ്കിലും സ്വന്തമായി കണ്ടെത്താനുള്ളയവസരങ്ങള്‍ നിര്‍ബന്ധബുദ്ധിയോടെ നശിപ്പിക്കപ്പെടുകയാണ്. നിര്‍ബന്ധിത വേദപഠനക്ലാസ്സുകള്‍, വചനോത്സവങ്ങള്‍, അഭിഷേകധ്യാനങ്ങള്‍ എന്നിവയിലൂടെയൊക്കെ എല്ലാ സത്യാന്വേഷണങ്ങളും തടയപ്പെടുകയാണ് ചെയ്യുന്നത്. മനുഷ്യചേതനക്ക് സ്വാതന്ത്ര്യം അനുവദിക്കരുത് എന്ന പിടിവാശിയോടെ ഇളംമനസ്സുകളില്‍ ഏതാനും അപക്വവിശ്വാസങ്ങള്‍ ഇടിച്ചുറപ്പിക്കാനാണ് ഇത്തരം വേദികളില്‍ മതത്തിന്റെ തൊഴിലാളികള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. അറിഞ്ഞോ അറിയാതെയോ, ആത്മീയതയുടെ പേരില്‍, ആത്മാവില്ലാത്ത അനുയായികളെ സൃഷ്ടിക്കുന്ന പരിപാടികളാണിവ. അതോടെ അവരെ നിയന്ത്രിക്കാനെളുപ്പമാണ്. കര്‍ക്കശമായും ഏകപക്ഷീയമായും തിരഞ്ഞെടുത്ത ഏതാനും മതാചാരങ്ങളില്‍ അവരെ കെട്ടിയിടാം. ദശാംശം ചോദിച്ചു പീഡിപ്പിക്കാം. വേണ്ടിവരുമ്പോള്‍, വിമോചനസമരം പോലുള്ള സ്വാര്‍ത്ഥഭ്രമങ്ങള്‍ക്കായി അവരെ സംഘടിപ്പിക്കാം. പരലോകത്തിനുവേണ്ടി എന്നുപറഞ്ഞ് എന്തും സഹിക്കാന്‍ പ്രേരിപ്പിക്കാം. ഈ വരികള്‍ വായിക്കുന്ന ഉറച്ച വിശ്വാസികള്‍ മുഖം ചുളിപ്പിക്കുമെന്നറിയാം. എന്നാല്‍, സുഹൃത്തുക്കളേ, ഇതൊന്നും ഒരല്പവിശ്വാസിയുടെയൊ, അവിശ്വാസിയുടെയോ ജല്‍പനങ്ങളല്ല, മറിച്ച്, സ്വയം തടിച്ചുകൊഴുക്കാനും ആള്‍ബലം കൂട്ടാനുംവേണ്ടി ഏത് മതവും കാര്‍ക്കശ്യത്തോടെ കാത്തുസൂക്ഷിക്കുന്ന ഇരട്ടത്താപ്പുകളിലേയ്ക്ക് വിരല്‍ചൂണ്ടുക മാത്രമാണ്. മേല്പ്പറഞ്ഞതൊക്കെ പ്രോത്സാഹിപ്പിച്ചു പ്രസംഗിക്കുന്ന, എന്നാല്‍ സ്വകാര്യതയില്‍, ഇതൊക്കെ ശുദ്ധയബദ്ധങ്ങളാണെന്ന് സമ്മതിക്കുന്ന, നിരവധി വൈദികരെ എനിക്കറിയാം. പിന്നെയെന്തിന് അസത്യം പറയുന്നു എന്ന് ചോദിച്ചാല്‍, അതാണ് ജനത്തിനു വേണ്ടത് എന്നാണവരുടെ നിസ്സംഗത നിറഞ്ഞ മറുപടി. ഉള്ളിന്റെയുള്ളില്‍ തോന്നുന്നത് പറഞ്ഞാല്‍ അവരുടെ ജോലി മാത്രമല്ല, ഇതുവരെ കെട്ടിപ്പടുത്ത അവരുടെ പ്രതിച്ഛായയും നഷ്ടപ്പെടുമെന്ന ഭയവും അവരില്‍ ചിലരെങ്കിലും മറച്ചുപിടിക്കുന്നില്ല.
ഇങ്ങനെ, ഇഹത്തിലെ വേദനകളെയും ഭയങ്ങളെയും കച്ചവടച്ചരക്കും പരലോകസമ്മാനം നേടിത്തരുന്ന ഭാഗ്യക്കുറികളുമാക്കുകവഴി പ്രബലപ്പെട്ട മതങ്ങള്‍ അരങ്ങേറുന്നതിന് എത്രയോ മുമ്പ്, ഭാരതീയ ചിന്തയില്‍ കുരുത്ത ഒരു മഹത്സന്ദേശമുണ്ട്. അതിതാണ്: അസ്തിത്വം ഭാഗികമായും മൊത്തത്തിലും സുന്ദരവും ആഹ്ലാദജന്യവുമാണ്. അത് പരിപൂര്‍ണമാണ്. ഓം, പൂര്‍ണമദ: പൂര്‍ണമിദം / പൂര്‍ണാത് പൂര്‍ണമുദച്യതെ / പൂര്‍ണസ്യ പൂര്‍ണമാദായ / പൂര്‍ണമേവാവശിഷ്യതേ. അസ്തിത്വത്തിന്റെ മഹാവിസ്മയത്തിലേയ്ക്കുള്ള വാതില്‍ തുറക്കാനുള്ള താക്കോലാണിത്. മാണ്ഡൂക്യോപനിഷത്തിലെ ഈ ബീജശ്ലോകത്തിന്റെ അന്തരാര്‍ത്ഥങ്ങളെ മനസ്സിലാക്കുന്നവര്‍ക്ക്, മതങ്ങള്‍ കെട്ടിപ്പടുക്കുന്ന അന്ധകാരത്തിന്റെ തടങ്കലില്‍ പിന്നെ ഒരു നിമിഷംപോലും നരകിക്കേണ്ടിവരില്ല. എങ്കില്‍ അതിനൊരു ശ്രമം അനുപേക്ഷണീയമാണല്ലോ.
ആദ്യം ശ്ലോകത്തിന്റെ വാച്യാര്‍ത്ഥം. അതിതാണ്. അവിടെയുള്ളത് (അദൃശ്യമായത്) പൂര്‍ണമായതുകൊണ്ട് ഇതും (ഇവിടെയുള്ളത്, ദൃശ്യമായത്) പൂര്‍ണമാണ്. (കാരണം,) പൂര്‍ണത്തില്‍ നിന്ന് പൂര്‍ണമായതേ ഉണ്ടാകൂ. പൂര്‍ണത്തില്‍ നിന്ന് പൂര്‍ണമെടുത്താലും, ഉള്ളത് പൂര്‍ണം തന്നെയാണ്.
ആദ്യം ശ്ലോകത്തിന്റെ വാച്യാര്‍ത്ഥം. അതിതാണ്. അവിടെയുള്ളത് (അദൃശ്യമായത്) പൂര്‍ണമായതുകൊണ്ട് ഇതും (ഇവിടെയുള്ളത്, ദൃശ്യമായത്) പൂര്‍ണമാണ്. (കാരണം,) പൂര്‍ണത്തില്‍ നിന്ന് പൂര്‍ണമായതേ ഉണ്ടാകൂ. പൂര്‍ണത്തില്‍ നിന്ന് പൂര്‍ണമെടുത്താലും, ഉള്ളത് പൂര്‍ണം തന്നെയാണ്.
പൂര്‍ണം എന്ന ഒറ്റ വാക്കാണ് ഉപനിഷത്തുകളുടെ ഈ അടിസ്ഥാനമന്ത്രത്തിന്റെ കാതല്‍. നമ്മുടെ ഋഷികള്‍ ഈ വാക്കുകൊണ്ടുദ്ദേശിച്ചതെന്താണെന്ന് The ultimate Philosophy എന്നൊരു കൃതിയില്‍ ഒരു സെന്‍ഗുരു വിശദീകരിക്കുന്നുണ്ട്. സംസ്കൃതം ഒരു കാവ്യഭാഷയാണ്. അതായത്, വളരെ അയവുള്ള ഒരു ഭാഷ. ആധുനികഭാഷകള്‍ വാക്കുകളുടെ അര്‍ത്ഥധ്വനികളില്‍ ക്ളിപ്തതക്കും നിഷ്ഠതക്കുംവേണ്ടി ശാഠ്യംപിടിക്കുമ്പോള്‍, സംസ്കൃതപദങ്ങള്‍ക്ക് അര്‍ത്ഥങ്ങളുടെ ഒരു വര്‍ണരാജി തന്നെയുണ്ട്. മേല്‍പ്പറഞ്ഞ കൃതിയില്‍, 'പൂര്‍ണ'ത്തിന്റെയര്‍ത്ഥം പടിപടിയായി വിശദീകരിച്ചുതരുന്നത് നോക്കുക.
1. പൂര്‍ണത്വം. ഇതാണ് ഏറ്റം സ്ഥൂലമായ അര്‍ത്ഥം. പൂര്‍ണത്വമെന്നാല്‍ പൂര്‍ണമല്ലാത്തതില്‍നിന്ന് എത്തിച്ചേര്‍ന്ന അവസ്ഥയാണ്. അതിനപ്പുറത്ത് ഒന്നുമില്ല താനും. നമ്മുടെയസ്തിത്വം, പക്ഷേ, ജൈവമാണ്. അതൊരൊഴുക്കാണ്, ഒരു പരിണാമപ്രക്രിയയാണ്. അതുകൊണ്ട്, ആത്മതലത്തില്‍, പൂര്‍ണത്തിന് ഈയര്‍ത്ഥം ചേരില്ല.
2. സാകല്യത എന്നതാണ് പൂര്‍ണത്തിനുള്ള മറ്റൊരര്‍ത്ഥം. ആകെത്തുകയെന്ന ഇതിലെ ആശയം ഗണിതശാസ്ത്രപരമാണ്. ഒരു യന്ത്രത്തിന്റെ ഭാഗങ്ങള്‍ ചേരുംപടി ചേര്‍ത്താല്‍ സാകല്യതയായി. രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാകുമ്പോലെ. എന്നാല്‍ ജൈവികത യന്ത്രമോ ഗണിതമോ അല്ല. യന്ത്രത്തിന്റെ ഒരു ഭാഗം കേടായാല്‍ അതു മാറ്റിവയ്ക്കാം. അതിന്റെ ഭാഗങ്ങള്‍ക്ക് തനിമയാവശ്യമില്ല. എന്നാല്‍, അസ്തിത്വത്തില്‍ എല്ലാറ്റിനും അതാതിന്റെ തനിമയുള്ളതിനാല്‍, അതിനെ വെറുതേ സാകല്യമെന്ന് പറഞ്ഞുനിറുത്താനാവില്ല.
3. സമ്പൂര്‍ണത. പൂര്‍ണമെന്ന് ഏറ്റം ഹൃദ്യമായി പറയാവുന്നത് ഈ വാക്കിലൂടെയാണ്. കാരണം, സമ്പൂര്‍ണത ആകെ തുകയിലും അധികമാണ്. ഈ അധിക വസ്തുവാണ് ജീവചൈതന്യത്തിന്റെ, രഹസ്യം. നിഗൂഢമായത്കൊണ്ടാണ് അത് രഹസ്യമായിരിക്കുന്നത്. അസ്തിത്വം വെറുമൊരു സമുച്ചയമല്ല. ഓരോ ഭാഗത്തിനും അനിവാര്യതയുണ്ട്. ഓരോ പുല്‍ക്കൊടിയും ഓരോ മണല്‍ത്തരിയും മറ്റേതുംപോലെ തനിമയാര്‍ന്നതും അനിവാര്യവുമാണ്. ഓരോന്നും വിലയുറ്റതാണ്. അങ്ങനെയാണ് അസ്തിത്വം മൊത്തത്തില്‍ ഒരു ചൈതന്യസമഗ്രതയായിത്തീരുന്നത്. ഈ അര്‍ത്ഥത്തിലാണ് 'പൂര്‍ണമദ: പൂര്‍ണമിദം' എന്ന് പറയുന്നത്. ഇതില്‍ 'അദ:' = അപ്പുറത്ത് ഉള്ളത്, അദൃശ്യമായത്, നിഗൂഢമായത്. 'ഇദം' = അഭിവ്യക്തവും ദൃശ്യവുമായത്, പരിമിതിയുള്ളതായി കാണപ്പെടുന്നത്. എന്നാല്‍, അത് പൂര്‍ണമായിരിക്കുന്നതുപോലെ ഇതും പൂര്‍ണമാണെന്ന് വേദാന്തജ്ഞാനികള്‍ ശാഠ്യം പിടിക്കുമ്പോള്‍, നാം കുഴങ്ങുന്നു. ഈ സമസ്യയെ മറികടക്കുക എന്നതാണ് ബോധോദയം.
ഇക്കാര്യത്തില്‍ ചില നല്ലയുപമകള്‍ നമ്മുടെ സഹായത്തിനുതകും. വേദഭാഷയിലെ 'തത്' അനന്തമായ ഈശ്വരീയതക്ക് വേണ്ടി ഉപയോഗിക്കുന്ന വാക്കാണെന്നു മറ്റൊരു ലേഖനത്തില്‍ കുറിച്ചിട്ടുണ്ട്. സമ്പൂര്‍ണതയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, നാമുള്‍പ്പെടുന്ന 'ഇദം' സമ്പൂര്‍ണമാണെന്ന് എങ്ങനെ പറയാനാകും? ഒരു വിത്തിന്റെയുഉപമ ഇവിടെ സഹായകരമാകും. ഒരു കായില്‍, ഒരു മരമല്ല, ഇനിയങ്ങോട്ട്, അതില്‍ നിന്നുണ്ടാകാന്‍ പോകുന്ന കോടിക്കണക്കിനു മരങ്ങളും ഉള്‍കൊള്ളുന്നുവെന്നു പറഞ്ഞാല്‍ അതു വെറും സത്യമാണ്. ഈ സത്യം മനസ്സില്‍ വച്ചുകൊണ്ട്, നമ്മുടെയോ, അയല്‍വക്കത്തെയോ ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെ അംഗവിന്യാസങ്ങളും, ആത്മഭാവങ്ങളും പോലും ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ പ്രത്യക്ഷീകരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെതന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. അപ്പോഴേ ആനന്ദമെന്തെന്നു നാമറിയൂ.
ഏത് പ്രാണിയിലും - ഏത് കുരുവിലും, ഏതണ്ഡത്തിലും, ഏത് ബീജത്തിലും - ഒളിഞ്ഞിരിക്കുന്ന ഈ ശക്തി അനന്തബോധമല്ലാതെ പിന്നെയെന്താണ്? ഇതേയര്‍ത്ഥത്തില്‍, നാമോരോരുത്തരിലും പൂര്‍ണതക്കുള്ള സാധ്യതയൊളിഞ്ഞിരിപ്പുണ്ട്. മണ്ണും വെളിച്ചവും മാടിവിളിക്കുമ്പോള്‍ വിത്ത് മുളക്കുമ്പോലെ, മൌനവും ധ്യാനവുമൊത്തുചേരുമ്പോള്‍, നമുക്കുള്ളില്‍ മുകുളമായി ഒളിഞ്ഞിരിക്കുന്ന ബോധം സമ്പൂര്‍ണതയിലേയ്ക്ക് വികസിക്കുന്നു. അതു സംഭവിക്കുന്നില്ലെന്നാല്‍, മണ്ണും വെളിച്ചവും കിട്ടാതെ കുരു കുശുത്തുചീഞ്ഞ് നശിച്ചുപോകുമ്പോലെ, മനുഷ്യജീവന് ആത്മാവിനെ നഷ്ടപ്പെടുക എന്നാണര്‍ത്ഥം. നമ്മള്‍ പഠനവിഷയമാക്കിയ ശ്ലോകത്തിന്റെ ആദ്യപാദത്തിന്റെ സ്ഥിരീകരണം മാത്രമാണ് മറ്റ് മൂന്നും. ഒരിക്കല്‍ പ്രകടിപ്പിച്ചയാശയം അടുത്ത വാക്യത്തില്‍ മറ്റ് വാക്കുകളുപയോഗിച്ച് ആവര്‍ത്തിക്കുക ബൈബിളിലും കാണാവുന്ന ഒരു ശൈലിയാണ്.
അപ്പോള്‍, ശ്ലോകത്തില്‍ ബാക്കിയാവുന്നത് 'ഓം' ആണ്. 'ഓം' കൊണ്ടാണ് ഉപനിഷത്തുകളെല്ലാം ആരംഭിക്കുന്നത്. വെറുതേയെടുത്താല്‍, 'ആം', 'ആമ്മേന്‍' തുടങ്ങിയവപോലെ ഒരംഗീകാരശബ്ദമാണിതും. എന്നാല്‍ ആദിശബ്ദമായാണ് വേദാന്തം ഓങ്കാരത്തെ കാണുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റം പുരാതന ഗ്രന്ഥങ്ങളിലൊന്നായ ഋഗ്വേദം പറയുന്നത്, ആദിയിലുണ്ടായിരുന്നത്, അതായത്, ആദിയില്ലാതെ എന്നുമുണ്ടായിരുന്നത് എന്തോ, അതാണ് ബ്രഹ്മം എന്നാണ്. തെറ്റിദ്ധരിക്കാവുന്ന ഒന്നാണ് ഈ ശബ്ദം. അത് യഹൂദരുടെ യാവെ, മുസ്ലിമിന്റെ അല്ലാഹു, ക്രിസ്ത്യാനിയുടെ സ്വര്‍ഗസ്ഥനായ പിതാവ് എന്നീ അമൂര്‍ത്തസങ്കല്പങ്ങളുമായി താരതമ്യമനുവദിക്കുന്നയൊന്നല്ല, മറിച്ച്, ദൃശ്യാദൃശ്യമായതിലെല്ലാം വ്യാപിച്ചിരിക്കുന്ന ശക്തിചൈതന്യമെന്തോ, അതാണ് ബ്രഹ്മം. ഈ ബ്രഹ്മചൈതന്യത്തെയാണ് ഓം പ്രതിനിധീകരിക്കുന്നത്. ഏത് ആദ്യപ്രകമ്പനത്തില്‍നിന്നാണോ ഈ പ്രപഞ്ചസംവിധാനം അല്ലെങ്കില്‍ ബ്രഹ്മാണ്ഡം രൂപംകൊണ്ടത്, അതായും വേദാന്തത്തില്‍ 'ഓം' നിലകൊള്ളുന്നു.
വളരെ പൌരാണികമായ ഒരു ചിന്തയാണിത്. സൃഷ്ടിക്കു പിന്നിലെ ശക്തിയായ വചനം എന്നയര്‍ത്ഥത്തില്‍ 'Logos' എന്ന വാക്ക് ആദ്യമുപയോഗിച്ചത് ഗ്രീസുകാരനായ ഹെരാക്ളിറ്റസാണ്. പ്ലേറ്റോ അതിന് The Idea of Ideas എന്ന താത്ത്വികാര്‍ത്ഥം കൊടുത്തു. ഈ അര്‍ത്ഥം കടമെടുത്താണ് യഹൂദചിന്തകന്‍ Philo Judaeus, Logos = Wisdom of God എന്നാക്കിയത്. അദ്ദേഹവും 'സൃഷ്ടാവിന്റെ ഇച്ഛാശക്തി' എന്നാണ് അതുകൊണ്ടുദ്ദേശിച്ചത്. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ്, പുതിയ നിയമത്തിലെ ഒരു സുവിശേഷകൃതിയുടെ രചയിതാവ്, യോഹന്നാന്‍ "ആദിയില്‍ ഉണ്ടായിരുന്നത് വചനമായിരുന്നു, ആ വചനം ദൈവത്തിന്റേതായിരുന്നു, എല്ലാവും ആ വചനത്തില്‍ നിന്നുണ്ടായി" എന്നെഴുതിയത്. എന്നാല്‍ അതിനൊക്കെ എത്രയോ മുമ്പ്, ആര്‍ഷഭാരതത്തില്‍ നമ്മുടെ പൂര്‍വസൂരികള്‍ വളരെ വ്യക്തമായിത്തന്നെ ഇങ്ങനെയെഴുതിവച്ചു: "ഭൂതം ഭവത് ഭവിഷ്യദിതി സര്‍വമോങ്കാര ഏവ." അര്‍ത്ഥം: ഉണ്ടായിരുന്നതും ഉള്ളതും ഉണ്ടാകാനിരിക്കുന്നതുമായ സര്‍വ്വവും ഓങ്കാരമത്രേ (മാണ്‍ഡൂക്യോപനിഷത്ത്). ഈ വേദാന്തപാഠത്തെ ആധുനികഭൌതികശാസ്ത്രവും സ്വന്തമാക്കിയിരിക്കുന്നു എന്നത് അദ്ഭുതകരം തന്നെ. Quantum Physics അനുസരിച്ച്, ഊര്‍ജ്ജസ്പന്ദനമാണ് അസ്തിത്വമുള്ള എല്ലാറ്റിന്റെയും മൂലഘടകം. പ്രപഞ്ചമായ പ്രപഞ്ചമെല്ലാം electromagnetic energy യുടെ ഭാവാന്തരങ്ങള്‍ മാത്രമാണ്. ഫോട്ടോണ്‍ കണങ്ങളുടെ തരംഗരൂപേണയുള്ള സഞ്ചാരമായ പ്രകാശവും അതിലുള്‍പ്പെടുന്നു. 'വെളിച്ചമുണ്ടാകട്ടെ'യെന്നാണ് സൃഷ്ടികര്‍മ്മത്തെപ്പറ്റി ബൈബിള്‍ സംഗ്രഹിച്ചു പറഞ്ഞിരിക്കുന്നത്. നമുക്കുള്ളിലും ഈ വെളിച്ചത്തിന്റെയൊരംശം ചിതറിവീണുപടരുമ്പോള്‍, അസ്തിത്വത്തെ അതിന്റെയെല്ലാ ഭാവങ്ങളിലും പ്രണയിക്കാന്‍ നമുക്കും കൊതിക്കാം. നാലപ്പാട്ട് ബാലാമണിയമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു: "പ്രപഞ്ചത്തോടോ ജീവജാലങ്ങളോടോ ഒരൊറ്റ വക്തിയോടു തന്നെയോ മനുഷ്യാത്മാവ് താദാത്മ്യം കൊള്ളുമ്പോഴാണ് ജീവിതത്തിലെ മഹാനുഭൂതികളെല്ലാമുണ്ടാകാറ്."
അത്തരമൊരൈശ്വരസ്പര്‍ശത്തിന്റെ ലക്ഷണങ്ങളില്‍ ചിലത് ഇവയാണ്: സൃഷ്ടിവൈവിധ്യങ്ങള്‍ നമുക്ക് ഒന്നിനൊന്നു ആകര്‍ഷകമായിത്തീരും. വെറും അനുദിനചര്യകള്‍ പോലും ആനന്ദം പകരും. അന്യരുടെയഭിപ്രായങ്ങള്‍ നമ്മെ സ്വാധീനിക്കില്ല; അംഗീകാരങ്ങള്‍ക്കും സ്തുതികള്‍ക്കുമായി നാമൊന്നും ചെയ്യാതാകും. താരതമ്യങ്ങള്‍ നമ്മെ അലട്ടുകയില്ല. ഒന്നിനും സ്വയമളവുകോലാകാന്‍ നാമനുവദിക്കില്ല. നന്മതിന്മകളെപ്പറ്റി തീര്‍പ്പുകല്പിക്കുക നമുടെ വിഷയമേയല്ലാതാകും. പരിപൂര്‍ണ നിഷ്കളങ്കതയുടെ സുസ്ഥിതിയാണത്. 'വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുക' എന്നാണിതിനെ ഒരു സെന്‍മാസ്റ്റര്‍ വിളിച്ചത്. കളങ്കമില്ലായ്മ മാത്രമല്ലത്; ഒരു ശിശുവിന്റേതുപോലെ, കളങ്കമെന്തെന്നുപോലും അറിയാത്തയവസ്ഥയുമാണത്. അവസാനമായി, നന്മയായതും സുന്ദരമായതും, അവയുടെയുറവിടമെവിടെയായാലും, നമ്മെ സന്തുഷ്ടരാക്കും. കാരണം, അസ്തിത്വത്തിന്റെ സമ്പൂര്‍ണമായ ഐക്യത്തില്‍, എല്ലാം എല്ലാവരുടേതുമാകാതെ തരമില്ലല്ലൊ.
2 comments:
nice reading ur article
വളരെ നന്നായി എഴുതി. നല്ല ചിന്തകൾ. ഹൃദയത്തിന്റെ ഭാഷ.
Post a Comment