പ്രകൃതിയെ മറന്ന ഫ്രാന്‍സീസുമാര്‍

കോട്ടയം ജില്ലയിലെ ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമത്തിലെ തലവന് ജൂണ്‍ 2, 2005 ല്‍ അയച്ച ഒരു കത്താണിത്.

"പ്രിയ സുഹൃത്തേ, 
ഒരു കൂട്ടുകാരനെ സന്ദശിക്കാനായി ഇന്നലെ ഞാന്‍ നിങ്ങളുടെ ആശ്രമത്തിലെത്തിയിരുന്നു. വിടപറഞ്ഞു തിരിച്ചുപോരുമ്പോള്‍, ഊട്ടുമുറിയുടെയടുത്തുള്ള വരാന്തയില്‍ നിന്നുകൊണ്ടുതൊടാവുന്ന വിധം രണ്ട് ചെറിയ കൂടുകളില്‍ ഓരോ അല്‍പപ്രാണികള്‍ ബന്ധനസ്ഥരായിരിക്കുന്നത് കണ്ടു. മതിഭ്രമംകൊണ്ട് ഒരഴിക്കൂടിനുള്ളില്‍ നിറുത്തില്ലാതെ വട്ടംകറങ്ങുന്ന ഒരണ്ണാനും മറ്റേതില്‍ വിഷാദമൂകയായിരിക്കുന്ന ഒരു മൈനയും എന്നിലുണ്ടാക്കിയ ദുഃഖം വിട്ടുമാറുന്നില്ല. ശ്യാമകേരളത്തിന്റെ അരണ്യപ്രാന്തങ്ങളില്‍ കാട്ടുപറവകളുടെ സല്ലാപങ്ങളാസ്വദിച്ചും ധ്യാനിച്ചും കഴിഞ്ഞിട്ടുള്ള സാധകരും, ശ്രീനഗറിന്റെയും ജലന്തറിന്റെയും മറ്റും ആര്‍ഷധന്യതകളില്‍ 'കുഞ്ഞാടുകളെ' മേയിച്ചിരുന്നവരും, ധ്യാനപ്രസംഗങ്ങളും കൌണ്‍സെലിങ്ങും നടത്താന്‍ യൂറോപ്പിലും അമേരിക്കയിലും ചുറ്റിക്കറങ്ങുന്നവരുമൊക്കെ വിശ്രമജീവിതം നയിക്കുന്ന ഈ ആവൃതിക്കുള്ളില്‍ ഇതെങ്ങനെ സംഭവ്യമായി എന്ന ചോദ്യത്തിനുത്തരം തരാന്‍ അപ്പോളവിടെ ആരുമുണ്ടായില്ല.

മണ്ണിലുറച്ചുചവുട്ടിയാല്‍ ദുര്‍ബലരായ പുഴുക്കളെ നോവിച്ചേയ്ക്കുമെന്നോര്‍ത്തു മനംനൊന്ത ഒരു വിശുദ്ധന്റെ അനുയായികള്‍ക്ക് ജാലകപ്പാളിയില്‍ തലതല്ലിയും അഴികളില്‍ നഖമുടക്കിയും രണ്ടരിപ്രാണികള്‍ ഇഞ്ചിഞ്ചായി നിത്യേന മൃതപ്പെട്ടുകൊണ്ടിരിക്കുന്നത് എങ്ങനെ കണ്ടിരിക്കാനാവുന്നു? സ്വാതന്ത്ര്യത്തിന്റെ മൂര്‍ത്തിമത്ഭാവങ്ങളായ ഒരണ്ണാര്‍ക്കണ്ണനെയും ആകാശപ്പറവയെയും വെറും രണ്ടുമൂന്നു ചതുരശ്രച്ചാണുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ നിങ്ങള്‍ താപസന്മാര്‍ക്ക് മനസ്സുവന്നതെങ്ങനെ? തങ്ങളുടെ ജന്മാവകാശമായ ആകാശം അവര്‍ക്ക് തിരിയെക്കൊടുക്കാന്‍ കേണുകൊണ്ടിരിക്കുന്ന ഈ മിണ്ടാപ്രാണികളുടെ രോദനങ്ങള്‍ ഒരു കഷായവസ്ത്രധാരിപോലും ശ്രദ്ധിക്കുന്നില്ലെന്നോ!

എകാകിതയുടെ ദുഃഖത്തില്‍നിന്നുള്ള രക്ഷക്കായി, എല്ലാറ്റിനും ദൈവം ഇണകളെ നല്‍കി. തൊട്ടുതാഴെ പൂന്തോപ്പില്‍ കൂട്ടുകൂടി തത്തിക്കളിച്ച് ഇരതേടുന്ന സ്വന്തം കൂട്ടരെ കാണുമ്പോള്‍ ഈ ബന്ധിതരുടെ ചങ്ക് വേദനയില്‍ തകരുന്നത്, സ്വന്തയിഷ്ടത്തിന്  ഒറ്റത്തടിയായി കഴിയുന്ന നിങ്ങള്‍ക്ക് കേള്‍ക്കാനാവില്ലായിരിക്കാം. ഇണയെ തൊട്ടുരുമ്മിയും കൂടെരമിച്ചും ഓടിപ്പറക്കേണ്ട ഈ പാവങ്ങളെ ഏകാന്തത്തുറുങ്കിലടക്കാന്‍ നിങ്ങള്‍ക്കധികാരം തന്നതാര്? പ്രകൃതി നിങ്ങള്‍ക്കൊരിക്കലും ഗുരുവായിരുന്നിട്ടില്ലെന്നോ? എങ്ങനെയാണ് നിങ്ങളുടെ മനസ്സുകള്‍ ഹിംസയുടെ ഹിമശൈലങ്ങളായിത്തീര്‍ന്നത്? ക്രിസ്തീയതയുടെ കാമ്പെന്തെന്നു തുടരെ പ്രസംഗിക്കുന്ന നിങ്ങളില്‍ ജനം പ്രതീക്ഷിക്കുന്നത് കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കതയും യോഗിയുടെ ജ്ഞാനവുമാണെന്ന് നിങ്ങള്‍ക്കറിയില്ലെന്നാണോ?

ഇരുട്ടിലായിപ്പോയ സസ്യത്തിന് ഒറ്റയാഗ്രഹമേ കാണൂ: അതിന്റെ കൈകള്‍ പ്രകാശത്തിലേയ്ക്കും കാലുകള്‍ ഭൂമിയുടെ നനവിലേയ്ക്കും നീട്ടാനാവുക. അഴികള്‍ക്കുള്ളിലെയണ്ണാനും കിളിക്കും പ്രകൃതിയുടെ വിശാലത മാത്രമാണ് സ്വപ്നം. അതു മറന്ന്, ഇവരെ അഴികളുടെയേകാന്തതക്കുള്ളില്‍ പൂട്ടിയിട്ടവരെ ഒരൊറ്റ ദിവസം ഒരു തൂണില്‍ കെട്ടിയിട്ടു നോക്കൂ. പ്രകൃതിയുടെ ആര്ദ്രതയെ വഞ്ചിക്കാതിരിക്കാന്‍, ജൈവതേജസിനെ ബഹുമാനിക്കാന്‍, അവര്‍ പഠിച്ചേയ്ക്കും!"

ഈ കത്തിന് ഒരു പ്രതികരണവുമുണ്ടായില്ല. അതുകൊണ്ട്, വീണ്ടും ഞാനൊരു ശ്രമം നടത്തി. ആശ്രമവാസികള്‍ക്കു വായിക്കാന്‍ താഴെ കാണുന്ന കഥയെഴുതി അയയച്ചുകൊടുത്തു.

മൈനാമോള്‍
പണ്ടുപണ്ടൊരു ആശ്രമമുണ്ടായിരുന്നു. ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും സൌമ്യനായ പ്രകൃതിസ്നേഹിയായിരുന്ന അസ്സീസിയിലെ ഫ്രാന്‍സീസിന്റെ അനുയായികളാണ് അവിടത്തെ അന്തേവാസികള്‍. അവരിലൊരാളൊരിക്കല്‍ ഒരു മൈനയെ കൂട്ടിലാക്കി വളര്‍ത്തി. മൈനാമോള്‍ എന്നവളെ ഓമനിച്ചുവിളിച്ചുപോന്നു. നന്യാസികള്‍ ദിവസവും സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥന ചെല്ലുന്നത് കേട്ടുകേട്ട് മൈനാമോളും അതു മന:പാഠമാക്കി. പക്ഷേ, ഒരു സവിശേഷതയുണ്ടായിരുന്നു. അവള്‍ അതാവര്‍ത്തിക്കുമ്പോള്‍, അന്നന്ന് വേണ്ടുന്നയാഹാരം എന്നതിന് പകരം, അന്നന്ന് വേണ്ടുന്നയാകാശം ഞങ്ങള്‍ക്ക് തരേണമേ  എന്നാണവള്‍ പറഞ്ഞുശീലിച്ചത്. അതു തിരുത്തിക്കൊടുക്കാന്‍ സന്യാസികള്‍ ആവതു ശ്രമിച്ചിട്ടും നടന്നില്ല.

അങ്ങനെയിരിക്കേ, ഒരിക്കല്‍ ശുദ്ധമനസ്ക്കനായ ബ്രദര്‍ സൂര്യപ്രിയന്‍ മൈനാമോളുടെ ഈ ആവര്‍ത്തനം കേട്ടപ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന് ഒരു വെളിപാടുണ്ടായി. ഞാനെന്താണീ കേള്‍ക്കുന്നത്? ഈ പറവ യഥാര്‍ത്ഥത്തില്‍ പ്രാര്‍ഥിക്കുകയാണല്ലോ. ആഹാരത്തെക്കാള്‍പോലും ഏത്‌ പറവക്കും ഇഷ്ടമായ ആകാശത്തിനുവേണ്ടിയല്ലേ അവള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്! ആകാശമെന്നാല്‍, സ്വതന്ത്രമായി വിഹരിക്കാനുള്ളയിടം എന്നാണല്ലോ. അതല്ലേ ഞങ്ങള്‍ അവള്‍ക്കു നഷ്ടപ്പെടുത്തിയത്! കഷ്ടം, ഇതിലും വലിയ ക്രൂരത ഒരു കിളിയോട് ചെയ്യാനില്ല. വിശുദ്ധ ഫ്രാന്‍സിസ് ഇതൊരിക്കലും അനുവദിക്കുമായിരുന്നില്ല.

സൂര്യപ്രിയന്‍ പിന്നെയൊന്നുമാലോചിച്ചില്ല, ചെന്ന് മൈനാമോളെ തുറന്നുവിട്ടു. ഒറ്റ കുതിപ്പിന്, അവള്‍ ആകാശത്തേയ്ക്ക് പറന്നുപോയി.

0 comments: