എന്റെയെഴുത്തിന്റെ ഉറവ

വീടിനോട് ചേര്‍ന്ന് ഒരു കിണറുണ്ടായിരിക്കുക കേരളീയര്‍ സര്‍വ്വസാധാരണമായി അനുഭവിക്കുന്ന ഒരനുഗ്രഹമാണ്‌. എന്നാല്‍ വീടിനടുത്ത് ഒരു പുഴയോ അരുവിയോ ഉണ്ടെങ്കില്‍ അതെത്ര വലിയ ഒരു ദാനമാണെന്നു പറഞ്ഞറിയിക്കാന്‍ വയ്യാ. 
"ഒഴുക്കുള്ള അരുവിയാല്‍ നനക്കപ്പെടുന്ന ഒരുദ്യാനം" എന്ന മനംകവരുന്ന ഭാവന മുപ്പത്താറു തവണയാണ് വിശുദ്ധ ഖുറാനില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഈ ഭൂമിയെ മൊത്തത്തില്‍ എടുത്താല്‍, അത്തരമൊരു പറുദീസയായിട്ടാണ് ദൈവം അതിനെ മനുഷ്യന് കൊടുത്തത്. നമുക്ക് വസിക്കാന്‍ കിട്ടുന്ന പ്രദേശവും - ഉദാഹരണത്തിന്, നാല് വശങ്ങളും ഉയര്‍ന്ന മലകളാല്‍ ചുറ്റപ്പെട്ട, എന്റെ ജന്മനാടായ, അടിവാരം (വാഗമണ്‍ മലയുടെ) - അങ്ങനെ വിളിക്കപ്പെടാന്‍ അര്‍ഹമെങ്കില്‍, അതിന്റെ വിശുദ്ധ കുളിര്‍മ്മ ജീവിതത്തിലേയ്ക്കും വ്യാപിക്കുക സ്വാഭാവികമാണ്. 

മീനച്ചിലാറിന്റെ ഒരു കൈവഴിയുടെ തീരത്ത്‌ താമസിക്കുന്ന ഞാന്‍, ചെറുപ്പകാലങ്ങളിലെന്നപോലെ ഇന്നും, ഇടയ്ക്കിടയ്ക്ക് പുഴയുടെ ഒഴുക്കിനെതിരേ മുകളിലേയ്ക്ക് നടന്നുകയറാറുണ്ട്, അവിടവിടെയായി ഉയര്‍ന്നുനില്ലുന്ന കരിംശിലകളില്‍ തത്തിക്കളിക്കാന്‍ പാദങ്ങളെ അനുവദിച്ചുകൊണ്ട്. ചിരപരിചിതരെപ്പോലെ വളഞ്ഞ്പുളഞ്ഞു നൃത്തമാടിയും ചാടിമുറിഞ്ഞും ജലധാരകള്‍ മന്ദമന്ദം ഒഴുകിക്കൊണ്ടിരിക്കും. ഒഴുക്കിനെതിരേ നീന്തിത്തുടിക്കുന്ന മത്സ്യത്തെപ്പോലെയായിരുന്നു എന്നുമെന്റെ രീതികള്‍. ജലത്തിന്റെ അദൃശ്യശക്തികളെപ്പറ്റി ഞാന്‍ ബോധവാനായിത്തീര്‍ന്നതും അങ്ങനെയാവാം. ഒഴുക്കിനെതിരേ പോയാലേ, സ്വന്തം ശക്തി പ്രകടിപ്പിക്കാനാവൂ എന്നതിനാലാകാം മത്സ്യത്തിനും ഈ സ്വഭാവമുള്ളത്.

അങ്ങനെയൊരവസരത്തിലാണ് അവളെന്റെ കണ്ണില്‍പെട്ടത്. കാലുകള്‍ പതയുന്ന വെള്ളത്തിലിട്ടാട്ടിക്കൊണ്ട്, ഒരു പാറപ്പുറത്തിരിക്കുകയായിരുന്നു അവള്‍, ഏകാന്തതയില്‍, എന്തോ
ചിന്തിച്ചുകൊണ്ട്‌. ഭയപ്പെടാതെ, ഞാന്‍ നീട്ടിയ കൈവിരലുകളില്‍ കോര്‍ത്തുപിടിച്ചുകൊണ്ടവള്‍ എഴുന്നേറ്റു. നടക്കൂ, ഞാനുമുണ്ട്, അവള്‍ മൊഴിഞ്ഞു. ഇടക്കെല്ലാം കാലുകള്‍ നനച്ചും കല്ലുകളില്‍ കൂടി ചാടിയും ഞങ്ങള്‍ പോയ ദൂരം അറിഞ്ഞതേയില്ല. ഇരുട്ടിയപ്പോള്‍, 'വീണ്ടുമൊരിക്കല്‍‍' എന്ന് മാത്രം പറഞ്ഞ്, മൂടല്‍മഞ്ഞുപോലെ അവള്‍ നടന്നകന്നു. അവശേഷിച്ചത് പറഞ്ഞറിയിക്കാനാവാത്ത ഒരു കുളിര്‍മ്മ.

ആരായിരുന്നവള്‍‍? ഹവ്വയെ സമ്മാനമായി കിട്ടിയപ്പോള്‍ ആദാമനുഭവിച്ചതും ഈ വിധമൊരു വിസ്മയ സാന്നിദ്ധ്യമായിരുന്നിരിക്കണം. ഈ അനുഭൂതിക്കല്ലേ ദൈവം സ്ത്രീയെന്നു പേരിട്ടത്? പുരുഷനില്‍ നിന്നുത്ഭവിച്ച്, അവനില്‍ത്തന്നെ അലിഞ്ഞില്ലാതാകാന്‍ കൊതിക്കുന്ന ഒരു നീരുറവയുടെ നിറവ്! ജീവനെ നിലനിര്‍ത്തുന്ന രക്തധമനികള്‍ ഹൃദയത്തെയെന്നപോലെ, ജീവപുഷ്ടിക്കുവേണ്ടി മനുഷ്യസമൂഹങ്ങള്‍ ജലസ്രോതസ്സുകളെ ആശ്രയിക്കുന്നു. സമുദ്രത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന പര്‍വ്വതനിരകള്‍ അമ്മയെ തൊടുവാനായി മെല്ലെ മെല്ലെ നീട്ടുന്ന കൈകളാണ് പുഴകളും നദികളുമെന്ന് ഭാരതത്തിന്റെ കവി ഭാവന ചെയ്തിട്ടുണ്ടല്ലോ. നീരുറവകളും അവയുടെ ഒഴുക്കും എന്നും മനുഷ്യമനസ്സുകളെ ആനന്ദിപ്പിക്കുക മാത്രമല്ല, അവന് സര്‍ഗ്ഗശക്തിയായി പരിണമിക്കുകയും ചെയ്യുന്നു. അത്തരമൊരു സര്‍ഗ്ഗസാന്നിദ്ധ്യമാണ് ഭാഷയോടും എഴുത്തിനോടുമുള്ള എന്റെയഭിവാഞ്ചയെ വളര്‍ത്തിയെടുത്തത്.

യാത്രചെയ്ത് ക്ഷീണിതനായ യാക്കോബ്, വഴിവക്കിലൊരു കിണര്‍ കണ്ടപ്പോള്‍, അതിനടുത്തു ചെന്നിരുന്നു, വിശ്രമിക്കുവാന്‍. അതിസുന്ദരിയായ
റാഹേല്‍ അവളുടെ ആട്ടിന്‍പറ്റത്തെയുംകൊണ്ട് ആ വഴിക്ക് വന്നതപ്പോഴാണ്. മൂടുകല്ല് ഉന്തിമാറ്റി ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ യാക്കോബ് അവളെ സഹായിച്ചു. താന്‍ അന്വേഷിച്ചു വന്ന അമ്മാവന്റെ ഇളയ മകളാണ്‌ നിറഞ്ഞയഴകായി തന്റെയടുത്ത് നില്‍ക്കുന്ന റാഹേല്‍ എന്നറിഞ്ഞതേ, സന്തോഷാതിരേകത്താല്‍ അവളെ ചുംബിച്ച് അയാള്‍ പൊട്ടിക്കരഞ്ഞു‍. അവളെ ജീവിതപങ്കാളിയായി നേടുവാന്‍, പതിന്നാലു നീണ്ട വര്‍ഷം അയാള്‍ അമ്മാവന് ദാസ്യവേല ചെയ്തു. ഹൃദയസ്പര്‍ശിയായ ഈ പ്രണയകഥ ബൈബിളിലെ ഉല്പത്തിപുസ്തകം, അദ്ധ്യായം 29 -ല്‍ വായിക്കാം. അതവസാനിക്കുന്നത്, ഈ മനോഹര വാക്യത്തോടെയാണ്. "അവളോടുള്ള പ്രേമം നിമിത്തം ആ നീണ്ട കാലം ഏതാനും നിമിഷങ്ങള്‍ പോലെ അയാള്‍ക്ക്‌ തോന്നി."

സമയം ബലഹീനവും, യുഗങ്ങള്‍ പോലും അര്‍ത്ഥരഹിതവുമാകുന്നത് യാക്കോബിന്റെ മാത്രം അനുഭവമല്ല. മനുഷ്യചരിത്രത്തില്‍ ഇതാവര്‍ത്തിക്കപ്പെടുന്നുണ്ട്, ഓരോ തവണയും സ്ത്രീ അവളുടെ സ്നേഹസാന്നിദ്ധ്യപ്രഭാവം പ്രകടിതമാക്കുമ്പോള്‍. അതിന് സമാനമായിട്ടെന്തുണ്ട്? അരുവികളും പുഴകളുമുണ്ട്. കാരണം, സ്ത്രീയുടേതെന്നപോലെ, ഭൂമിയുടെ ഗന്ധവും ചുംബനങ്ങളും ചോര്‍ന്നിറങ്ങുന്നത് ഉറവരൂപത്തിലാണ്. എല്ലാം കനിഞ്ഞിറങ്ങുന്ന ജലമര്‍ദ്ദശക്തിയുടെ ഉറവിടങ്ങളാണ് ഇവ രണ്ടും - സ്ത്രീയും ഭൂമിയും. ജീവിതം തന്നെ ഒരുറവയാണ്. ചലനമാണതിന്റെ സത്ത. അതിന്റെ തേജസ്സാണ് വിജ്ഞാനം. കിണഞ്ഞുതിരയുന്നവര്‍ അതിനെ കണ്ടെത്താതിരിക്കില്ല. ഓരോ സ്ത്രീയും നദിപോലെയാണ്; പുഞ്ചിരിയും കണ്ണീരും കലര്‍ന്ന ഒരു പുഴപോലെ. നിറഞ്ഞു തുളുമ്പി, പ്രകാശപൂരിതയായി അങ്ങനെയൊരുവള്‍ അടുത്തു നിന്നപ്പോള്‍, എനിക്കെഴുതാതെ പറ്റില്ലെന്നായി.

ഒരിക്കല്‍ ഞാനവളോട് പറഞ്ഞു: "എന്നില്‍ നിന്ന് നിന്റെ കണ്ണുകളെ പിന്‍വലിക്കൂ, അവയെന്നെ അസ്വസ്ഥനാക്കുന്നു. ഹെശ്ബോനിലെ ബാത്രബീം കവാടത്തിനടുത്തുള്ള ജലാശയങ്ങള്‍ പോലെയാണ് നിന്റെ കണ്ണുകള്‍." (ഉത്തമഗീതം, 6:6 / 7:4) ഒരുദ്യാനധാര, ജീവനുള്ള ഒരു കിണര്‍, വാഗമണ്‍-പീരുമേട് മലകളില്‍ നിന്നൊഴുകുന്നയരുവികള്‍, ഇവയുടെ ഹൃദയഹാരിത എത്രയോ തവണയാണ് എന്റെയുമനുഭവമായിത്തീര്‍ന്നത്‌! സമുദ്രത്തില്‍നിന്നുത്ഭവിച്ച്, വീണ്ടുമൊരിക്കല്‍ അതിലേയ്ക്ക് ചെന്നെത്താനായി‍, കുണുങ്ങിക്കുണുങ്ങി ഓടിയടുത്തുക്കൊണ്ടിരിക്കുന്ന ഈ പുഴയുടെ തീരത്ത്‌, എത്രയോ പ്രാവശ്യം ഞാനവളെ വീണ്ടും തിരഞ്ഞുനടന്നു, കണ്ടെത്തുംവരെ. അപ്പോഴെല്ലാം, മഴ കിട്ടാത്ത മരുഭൂമിയെപ്പോലെ, മൃദുലമായി അവള്‍ കേഴും, "എന്നോട് സംസാരിക്കൂ, എന്തെങ്കിലും പറയൂ." മൌനപ്രിയനായ ഞാന്‍ നിശബ്ദതയുടെ വിരിമാറ്റി അവളെയുറ്റുനോക്കും, എന്തെങ്കിലും പറഞ്ഞു തുടങ്ങും. എന്നെയ
ധൈര്യപ്പെടുത്താതിരിക്കാന്‍, അവള്‍ ഒരു വശത്തേയ്ക്ക് കണ്ണുകളെ ചലിപ്പിക്കും. പക്ഷേ, കാതും മനസ്സും എപ്പോഴും തുറന്നുവച്ചിരുന്ന അവളുടെ സാമീപ്യം എന്നെ ചഞ്ചലനാക്കിയിരുന്നു. അവളുടെ കൂര്‍മ്മക്ക് സ്വീകാര്യമാകുംവിധം വ്യക്തമോ വടിവൊത്തതോ ആയിരുന്നില്ല എന്റെ ചിന്താസരണികള്‍. "പറയൂ, ഞാന്‍ കേള്‍ക്കുന്നു, നിന്റെ മനഫലകത്തില്‍ കുറിച്ചിട്ടതൊക്കെ എന്നെയും കാണിക്കൂ", അവളെന്നെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. 

ആദ്യമായുപയോഗിക്കുന്ന ഒപ്പുകടലാസ്സിന്റെ ആര്‍ദ്രതയോടെ, അനുകമ്പകൊണ്ടവള്‍ എന്റെ വാക്കുകളെ ഒപ്പിയെടുത്തു. മഷിയുടെ അധികനനവ്‌ സ്വയം പതിച്ചെടുത്ത്, എന്റെ ചിന്തകള്‍ക്കവള്‍ രൂപവും തെളിവും സമ്മാനിച്ചു. നിറങ്ങളുടെയും മഷികളുടെയും പടര്‍പ്പില്‍നിന്നവള്‍ എനിക്കായി ആശയകുസുമങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു, അവളുടെ ആത്മാവില്‍.

എന്നിട്ട്, ഉറച്ചുനില്‍ക്കുന്ന താങ്ങിലേയ്ക്ക് കൈച്ചുരുളുകളുടക്കി പടര്‍ന്നുകയറുന്ന ഹരിതലതയെന്നപോലെ, സ്നേഹവായ്പ്പിന്റെ നറുമണവുമായി എന്നോടവള്‍ ചേര്‍ന്നുനിന്നു. ആ സാമീപ്യമാണ്, നിശബ്ദതയില്‍നിന്നു വാക്കുകളെ നെയ്തെടുക്കാന്‍ എനിക്ക് ധൈര്യമേകിയത്. "ഉണ്മയിലേയ്ക്കുള്ള ദാഹം ശമിപ്പിക്കാനല്ലേ, നിന്നെ ഞാന്‍ തിരഞ്ഞുനടന്നത്; ഏകാന്തത ഏകാന്തതയെ തേടുമോ?" എന്നവള്‍ ചോദിച്ചത് എനിക്കിന്നും മനസ്സിലായിട്ടില്ല. എനിക്ക് മനസ്സിലായതത്രയും ഇവിടെ പകര്‍ത്തിയെഴുതാന്‍വേണ്ടി, Liebesbriefe berühmter Musiker (പ്രഖ്യാതരായ സംഗീതജ്ഞരുടെ പ്രണയക്കുറിപ്പുകള്‍) ‍എന്ന സമാഹാരത്തില്‍ നിന്ന് ഏതാനും വരികള്‍ കടമെടുത്ത് ഞാന്‍ സ്വതന്ത്രതര്‍ജ്ജമ ചെയ്യട്ടെ. സംഗീതജ്ഞനായിരുന്ന പീറ്റര്‍ കൊര്‍ണെലിയൂസ് 6.6.1865ല്‍ കൂട്ടുകാരി ബെര്‍ത്തായ്ക്കെഴുതിയ വരികളാണവ.

ഒന്നു നിന്‍ കണ്ണുകളെന്നില്‍പ്പതിയുകില്‍

വിണ്ണുമീലോകവുമെന്റേതായ്ത്തീരുന്നു;

നിന്നിളം കൈകളിലൊന്നമര്‍ന്നീടുകില്‍
എന്നില്‍ നിറയുന്നു ദൈവികസ്നേഹവും;

നിന്‍ ചുടുചുംബനമെന്നെപ്പൊതിയുകില്‍
വിസ്മൃതമീശനും സ്വര്‍ഗ്ഗവും ഭൂമിയും! 

സൂര്യന്‍ മറഞ്ഞിട്ടില്ലായിരുന്നു. പുഴയുടെയുന്മേഷം എന്റെ ശരീരത്തെ തഴുകി. ഇരുവശത്തും പച്ചപ്പടര്‍പ്പുകള്‍ തഴച്ചുവളര്‍ന്നു നിന്നിരുന്നു. ഇലിപ്പയും മണിമരുതും, കാട്ടുചെറിയുമൊക്കെ. ഞാനൊരു പാറയില്‍ മലര്‍ന്നു കിടന്നു. "ഒരിക്കല്‍" (എന്‍. മോഹനന്‍) എന്ന കഥയിലെ ഒരു ഭാഗമാണ് അപ്പോള്‍ ഓര്‍ത്തുപോയത്. "ഞാനവളെ വെയില്‍വെളിച്ചത്തിന്റെ ഉടുപുടവയണിയിച്ചു. പൂക്കളുടെ സുഗന്ധവും സൌന്ദര്യവും അവള്‍ക്ക് കൊടുത്തു. ആകാശനീലിമയിലൂടെയും വനാന്തരഹരിതലതമര്‍മ്മരങ്ങളിലൂടെയും അവളുമായി സംവദിച്ചു. കിളികള്‍ എന്റെ പ്രണയഗാനമേറ്റുപാടി." ഇന്നും  ഞാനെന്തെങ്കിലും എഴുതുമ്പോള്‍, ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നത്‌.

യോജനവും വിയോജനവും

പരീസ്, 30.09.2010
പ്രിയ സക്കറിയാസ്,
'അറിവ്', 'മായ' തുടങ്ങിയ 'കെണി'പിടിച്ച ധാരണകളെപ്പറ്റി താങ്കളുടെ ബ്ലോഗില്‍ വായിച്ചപ്പോള്‍ കൌതുകം തോന്നി. അതോടൊപ്പം സന്ദേഹങ്ങളും. താങ്കള്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ശരിക്കും കട്ടിയുള്ളവയും ഉള്ളില്‍ തട്ടേണ്ടവയുമാണ്. ഭാഷയും ശൈലിയും വിഷയത്തെ പരമാവധി സുതാര്യവും സുഗ്രാഹ്യവുമാക്കാന്‍ ഉതകുന്ന രീതിയിലുള്ളതാണ്‌. ഇത്തരം ചിന്താബന്ധുരമായ എഴുത്ത് മലയാളത്തില്‍ വിരളമാണ്. മലയാള വായനക്കാര്‍ക്ക് താങ്കളുടെ discourseന്റെ രീതി സുപരിചിതമല്ല. നമ്മുടെയാളുകള്‍ വായിച്ചുവിടുന്നത് കൂടുതലും കേവലം വിവരങ്ങള്‍ (information) മാത്രമാണ്. മലയാളത്തിലെ സംവാദങ്ങളും ചര്‍ച്ചകളും ഏറെക്കുറെ കാമ്പും കഴമ്പുമില്ലാത്ത സാഹിത്യവിചാരങ്ങളും വാഗ്വിലാസങ്ങളുമാണ്. സംസ്കൃതത്തിലൂടെ നമുക്ക് കൈമുതലായി കിട്ടിയ ദാര്‍ശനിക സങ്കല്പങ്ങളെ, തത്ത്വവിചാരസംബന്ധിയായ ഉള്ക്കാഴ്ച്ചകളെ, തെളിഞ്ഞ മലയാളത്തില്‍ അവതരിപ്പിക്കാന്‍ അധികമാരും ഇല്ല. കവിത, ഭാഷ, സാഹിത്യം തുടങ്ങിയ മേഖലകളില്‍ പോലും നാട്യശാസ്ത്രവും അഭിനയദര്‍പ്പണവും ധ്വനിസിദ്ധാന്തവുമൊക്കെ പരാമാര്ശിക്കപ്പെടുമെന്നല്ലാതെ, സുവ്യക്തമായ വിചിന്തനങ്ങള്‍ തുലോം കുറവാണ്. ജര്‍മന്‍ഭാഷ ഒരുവിധം വായിക്കാന്‍ കഴിയുന്ന എന്‍.ആര്‍.ഐ.കള്‍ പോലും വായിച്ചുതള്ളുന്നത് എന്തെന്നറിയാമല്ലോ?

അതുകൊണ്ട്, തുടര്‍ന്നെഴുതുക. എഴുത്തിലെ വ്യക്തിപരതയുടെ ആ തലം നിലനിര്‍ത്തുക. അങ്ങനെ, ജീവിച്ചതിന്റെ, ജീവിക്കുന്നതിന്റെ ഒരുണര്‍വും authenticityയും വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും വന്നുചേരും. ഭാഷ കുറിക്കുകൊള്ളുന്നതും ലക്ഷ്യവേധിയുമാകുന്നതും അങ്ങനെയാണല്ലോ. താങ്കളുടെ മനനത്തിനു വിഷയമാകുന്ന കാര്യങ്ങളുടെ സ്വഭാവവും അതാവശ്യപ്പെടുന്നു.

ഇനി സന്ദേഹങ്ങള്‍: ഞാന്‍ കാണുന്ന മരം എന്റെ സൃഷ്ടിയാണെന്നുള്ളത് ശരിയാണെങ്കിലും, മരം അതില്‍ത്തന്നെ എന്തായിരിക്കുന്നു? മരവും ഞാനും ഈ പ്രപഞ്ചം മുഴുവനും ബൃഹത്തായൊരു ഊര്‍ജ്ജമഥനത്തിന്റെ ഭാഗമായി കണക്കാക്കാം. അപ്പോള്‍ പിന്നെ, ഞാനില്ല, നീയില്ല. കാര്യമതാണെങ്കിലും, കേവലം ഊര്‍ജ്ജപ്രവാഹമായി മാത്രം എന്തെങ്കിലും നിലനില്‍ക്കുന്നുണ്ടോ? മറ്റ് വാക്കുകളില്‍, കോസ്മിക് എനര്‍ജി ബ്രഹ്മകടാഹത്തില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇന്ദ്രിയവേദിയല്ലാത്ത ഒരു കോസ്മിക് പ്രഭാവമുണ്ടോ? അത് ആറാം ഇന്ദ്രിയമാകാം, ആകാശമാകാം. പക്ഷേ, ആകാശം മാത്രമായിട്ട്, 'ഓം' മാത്രമായിട്ട്‌, അത് സ്ഥിതിചെയ്യുന്നുണ്ടോ? ഒന്നുകൂടി വിശദീകരിക്കാം. 'മനുഷ്യന്‍' എന്നത് abstract ആയി നാം സങ്കല്പ്പിക്കുന്നതാണല്ലോ? ശരിക്കുമുള്ളത്, സ്ഥലകാല- ദേശ- സംസ്കാര- ഭാഷാബദ്ധമായ ഒരു concreteness മാത്രമല്ലേ? അതുപോലെ, ശുദ്ധബോധമായിട്ട് പ്രാപഞ്ചികത്വം, പദാര്‍ത്ഥത്തിന്റെ അഭാവത്തില്‍, നിലനില്‍ക്കുന്നുണ്ടോ എന്നാണ് ആശാനോടുള്ള ചോദ്യം. ഈ പദാര്‍ത്ഥമിപ്പോള്‍ ഫോട്ടോണിന്റെ സൂക്ഷ്മകണികവരെ എത്തിനില്‍ക്കുന്നു, ശാസ്ത്രീയാപഗ്രഥനത്തില്‍. അവബോധം പ്രകാശധാരയോ ധോരണിയോ വീശിയെറിഞ്ഞ വലയോ എന്തുമാകട്ടെ, അതിന്റെ 'കൂട്ട്' (ingredients) എന്താണ്? പഞ്ചഭൂതങ്ങളുടെ ഒരു പ്രത്യക ചേരുവയിലൂടെയാണോ പ്രപഞ്ചചൈതന്യം 'രൂപ'മെടുക്കുന്നത്? അഹം നിര്‍വികാരാനിരാകാരരൂപി എന്നുണ്ടല്ലോ? ഞാന്‍ ഊഹിച്ചെടുക്കുന്നത്, പ്രപഞ്ചശക്തി ഒരു centrifugal താണ്ഡവത്തിലേര്‍പ്പെട്ടിരിക്കുന്നു (നടരാജനടനം) എന്നാണ്. പാല്‍ കടയുമ്പോള്‍ വെണ്ണ ഉരുവപ്പെടുന്നതുപോലെ ചില സന്ദര്‍ഭങ്ങളില്‍ ഈ ശക്തി ചില പോയ്ന്റുകളില്‍ ആഘാതത്തോടെ നിപതിക്കുന്നു. അതാകാം അവതാരങ്ങള്‍. നിര്‍ഗുണബ്രഹ്മത്തെ സഗുണമാക്കാന്‍ പദാര്‍ത്ഥത്തിന്റെ (matter) സാന്നിദ്ധ്യം ആവശ്യമുണ്ട് എന്ന് വരുമോ? ഇങ്ങനെ പല ചോദ്യങ്ങളും ചിന്തകളും എന്നിലുണ്ടായി. താങ്കളുടെ വിചാരധാര എന്നിലൊരിളക്കം സൃഷ്ടിച്ചു എന്നതിന് പക്ഷാന്തരമില്ല.

യേശുവിനേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ജര്‍മനോ ഫ്രഞ്ചോ ഇംഗ്ലീഷൊ അറിയാവുന്നവര്‍ക്ക് പുത്തരിയല്ല. എന്റെ ന്യായമായ അനുമാനം, അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു, ഇന്ത്യയിലെ മുനി/ഗുരുക്കന്മാരെ കണ്ടുമുട്ടി എന്നൊക്കെയാണ്. യേശുവിന്റെ പല ആശയങ്ങളിലും ജീവിതരീതികളിലും ബുദ്ധമതസ്വാധീനം ഉള്ളതായി ഇന്ന് അംഗീകരിക്കുന്നുണ്ടല്ലോ. ലളിതമാനസ്സനായ ഒരു വായനക്കാരന്, താങ്കളുടെ ലേഖനം വായിച്ചാല്‍, തീര്‍ച്ചയായും ഉതപ്പുണ്ടാകും. "ഇങ്ങനെയൊക്കെ എഴുതിയിട്ട്, ഇന്ന് രാത്രി നീ മരിച്ചാല്‍, നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും?" എന്ന് ചോദിച്ച വിശ്വാസിയോട്, "യേശുവിനോടോത്ത് പറുദീസയില്‍" എന്ന താങ്കളുടെ മറുപടി ഉരുളക്കുപ്പേരിയായി. അയാളുടെ ചോദ്യത്തിലെ 'നിത്യതയും' താങ്കളുടെ ഉത്തരത്തിലെ 'പറുദീസയും' സാങ്കല്പികങ്ങളാണെങ്കിലും.

ക്രിസ്ത്യാനികളുടെയിടയില്‍ മാത്രമല്ല മൂഢവിശ്വാസങ്ങളുള്ളത്. നമ്മുടെ പ്രാചീനകാലത്ത് ഇന്ത്യയിലുണ്ടായ ദര്‍ശനവിശേഷങ്ങളെ മുഴുവന്‍ മനുഷ്യവത്ക്കരിക്കുകയും മൃഗവല്ക്കരിക്കുകയും ആണല്ലൊ പില്‍ക്കാല ഹൈന്ദവപൌരോഹിത്യം ചെയ്തത്. ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ യേശുവിനെപ്പോലെ, അവര്‍ ജീവിച്ച ചരിത്രഘട്ടത്തിന്റെ സന്താനങ്ങളാണ്. അല്ലെങ്കില്‍, കര്‍ണ്ണനെ ചതിയമ്പെയ്യാന്‍ കൃഷ്ണന്‍ പറയുമോ? സീത‌യുടെ ചാരിത്ര്യം അഗ്നിപരീക്ഷയിലൂടെ ശ്രീരാമന്‍ തിട്ടപ്പെടുത്തുമോ? ഉദാത്തമായ ഉപനിഷദ് ദര്‍ശനങ്ങളെവിടെ, പ്രതിലോമബുദ്ധികളായ ഇന്നത്തെ ഹിന്ദുക്കളെവിടെ? 99% ആളുകളും മാനസികമായ സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരല്ല. ചിന്തയുടെയും പ്രവൃത്തിയുടെയും സമഞ്ജസമായ സ്വാതന്ത്ര്യലഹരി ശരാശരി മനുഷ്യന് താങ്ങാനാവുകയില്ലായിരിക്കാം! അതുകൊണ്ടാണല്ലോ ഭക്തി എന്ന പ്രതിഭാസം വിവിധ രൂപത്തിലും ഭാവത്തിലും തഴച്ചുവളര്‍ന്നു നിലക്കുന്നത്. സര്‍വ്വാശ്ലേഷിയായ സ്വാതന്ത്ര്യമാണ് ഒരന്വേഷകനെ നയിക്കേണ്ടത്. പക്ഷേ, എത്ര പേര്‍ക്ക് അതിനുള്ള വിളിയുണ്ട്; വിളിയുണ്ടെങ്കില്‍ തന്നെ അതേറ്റെടുക്കാനുള്ള ധൈര്യം? ജ്ഞാനത്തിലൂടെയുള്ള വെളിച്ചവും വെളിപാടും യുഗസംക്രമണങ്ങളിലാകാം ഉണ്ടാകുന്നത്?

അതുകൊണ്ട്, താങ്കളുടെ വിചിന്തനങ്ങളില്‍ പക്ഷപാതമരുത്. ക്രൈസ്തവസമൂഹത്തില്‍ മാത്രമേ കാപട്യവും കൂട്ടിക്കൊടുപ്പും കൂടുതലുള്ളൂ എന്ന രീതിയില്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍, 'പ്രബുദ്ധരായ' ക്രിസ്ത്യാനികളെ അത് ചൊടിപ്പിച്ചേക്കാം. എന്നിരുന്നാലും, സംഘടിതമതത്തിനുള്ളില്‍ നടക്കുന്ന 'ബ്രെയിന്‍ വ്വാഷിംഗ്' നാം കാണാതിരുന്നുകൂടാ. എല്ലാ പ്രസ്ഥാനങ്ങളിലും വന്നുഭവിച്ച പരിതാപകരമായ ഈ പരിണതി, അധികാരത്തിന്റെ പ്രയോഗത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഒന്നായിട്ടു കാണാന്‍ കഴിയണം.

സത്യത്തില്‍, ഈ ജനുസ്സില്‍പെട്ട ഒരെഴുത്തുകാരനായിരുന്നു ഒ.വി.വിജയന്‍. അദ്ദേഹത്തിന്‍റെ രണ്ട് പുസ്തകങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ തൊട്ടിട്ടുള്ളത്. ധര്‍മപുരാണവും മധുരം ഗായതിയും. രണ്ടിലും, കഥാരൂപേണ, ചരിത്രത്തില്‍ പ്രപഞ്ചചൈതന്യം എങ്ങനെ ഇടപെടുന്നുവെന്നു സൂചിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വിജയനെപ്പറ്റി പറയുമ്പോള്‍, താന്‍ ആവിഷ്ക്കരിക്കാനുദ്ദേശിച്ച താത്ത്വിക/ദാര്‍ശനിക ഉള്‍ക്കാഴ്ചകള്‍ക്ക്, അതിനുചേര്‍ന്ന ഒരു പുത്തന്‍ ഭാഷാശൈലിയും പദസമുച്ചയവും അദ്ദേഹം സൃഷ്ടിച്ചു എന്നെടുത്തുപറയേണ്ടതുണ്ട്. താങ്കള്‍ എം.റ്റി.യെപ്പറ്റി പരാമര്‍ശിച്ചിരുന്നല്ലോ? ഭാഷയെ നവീകരിക്കുന്നതില്‍, ഭാവുകത്വത്തെ നവീകരിക്കുന്നതില്‍, അദ്ദേഹത്തിന്‍റെ സംഭാവന എന്താണ് എന്നന്വേഷിച്ചാല്‍, ഫലം കൂടുതലും ഏതാണ്ട് നിരാശതാജനകമായിരിക്കും. വിജയന് കടുമ്പിടുത്തമുണ്ടായിരുന്ന ധാരണകളായിരുന്നു അവതാരസകല്പം, യുദ്ധമെന്ന പ്രതിഭാസം, ചരിത്രത്തിന്റെ ആത്യന്തികമായ ആപേക്ഷികതാപ്രസക്തി, തുടങ്ങിയവ. എന്തുകൊണ്ടാണ് മനുഷ്യര്‍ യുദ്ധം ചെയ്യുന്നത്, പരസ്പരം തലതല്ലിച്ചാകുന്നത്? യുദ്ധത്തെപ്പറ്റി, ഹിംസയെപ്പറ്റി, മനുഷ്യന്റെ വിധിയെപ്പറ്റി വേപഥുവാര്‍ന്ന് എഴുതിയ ഒരാളായിരുന്നു വിജയന്‍. അദ്ദേഹം കൂടുതലും എഴുതിയത്, fiction എന്നയിനത്തിലാണെങ്കിലും, എല്ലാറ്റിന്റെയും 'why' തിരഞ്ഞു പോയ ഒരാളായിരുന്നു അദ്ദേഹം. "അതിരുകളും ആസ്പദങ്ങളുമില്ലാത്ത തിരച്ചില്‍" എന്നാണ് അദ്ദേഹംതന്നെ തന്റെ ചോദ്യാസക്തിയെ വിശേഷിപ്പിച്ചത്‌. മുഴവന്‍-സമയ-ഫിക്ഷനില്‍ മുഴുകുന്നതിനു മുമ്പ്, അദ്ദേഹം കലാകൌമുദിയില്‍ കുറേ ലേഖനങ്ങള്‍ എഴുതിയിരുന്നു. നമ്മുടെ ദ്രാവിഡസ്വത്വമായിരുന്നു അവയിലെ മുഖ്യ പ്രതിപാദ്യവിഷയങ്ങളിലൊന്ന്. കാരണം, വിജയന്‍ ദില്ലിയിലായിരുന്നല്ലോ 'പ്രവാസം'. ഇന്ത്യയുടെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രം എന്ന നിലക്ക്, ദില്ലിയിലെ അധികാരകേളികളും കയ്യാങ്കളികളും അദ്ദേഹത്തിനു നേരിട്ടറിയാമായിരുന്നു. പത്രപ്രവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ അധികാരപ്രയോഗത്തിന്റെ എല്ലാ ഇടനാഴികളിലൂടെയും അദ്ദേഹം സഞ്ചരിക്കാനിടവന്നു. അവിടെയൊക്കെ കണ്ടതും കേട്ടതും അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മലയാളത്തില്‍ 'ആധുനികത'ക്ക് തുടക്കം കുറിച്ചയാള്‍ എന്ന പരിഗണനയൊക്കെ അദ്ദേഹത്തിന് സാഹിത്യചരിത്രത്തില്‍ കൊടുത്തുകണ്ടിട്ടുണ്ട്. പക്ഷേ, അതിനേക്കാളൊക്കെ പ്രധാനമായിട്ടെനിക്ക് തോന്നുന്നത്, മനുഷ്യനെപ്പറ്റി, പ്രപഞ്ചത്തെപ്പറ്റി, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെപ്പറ്റി, ചരിത്രത്തില്‍ ഉരുവംകൊള്ളുന്ന അദൃശ്യ സര്‍ഗ്ഗപ്രവാഹത്തെപ്പറ്റിയൊക്കെ ചിന്തിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടു എന്നുള്ളതാണ്. കേരളത്തെ, ഇന്ത്യയെ, ലോകത്തെ മുഴുവനും ഗ്രസിച്ചിരിക്കുന്ന ആത്മഹത്യാപരമായ ഉപഭോഗജ്വരത്തെപ്പറ്റിയും, പ്രകൃതിയോട് ഇന്ന് മനുഷ്യന്‍ കാണിക്കുന്ന നിഷ്ഠൂരനീതികളെപ്പറ്റിയും, അതൊക്കെ ഫാഷനാകുന്നതിന് എത്രയോ മുമ്പ് അദ്ദേഹം ആലോചിച്ചിരുന്നു. സൈലന്റ് വാലി സംരക്ഷിതമേഘലയാക്കി നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും അതിനായി പ്രചാരണം നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയുമൊക്കെ ചെയ്തവരുടെ മുന്‍പന്തിയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു. കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും ഒരേ സമയം തള്ളിപ്പറഞ്ഞ എഴുത്തുകാരന്‍, ഇന്ത്യയുടെ സനാതന പ്രപഞ്ചസങ്കല്പത്തെപ്പറ്റി സാഹിത്യത്തിലൂടെ വിചിന്തനം ചെയ്ത ഒരാള്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇടതുപക്ഷവും, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, ഹിന്ദുക്കളില്‍ തന്നെ ഉല്‍പതിഷ്ണുക്കള്‍ എന്നഭിമാനിക്കുന്നവരും അദ്ദേഹത്തെ ഹിന്ദുത്വത്തിന്റെ പിണിയാളായി മുദ്രകുത്തി. എന്നാല്‍ സത്യം അതായിരുന്നില്ല. ഭാരതത്തില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന, ഇന്നും നടക്കുന്ന, ആര്യന്‍ മേധാവിത്വത്തെപ്പറ്റി ഉറക്കെ ചിന്തിച്ചതും അദ്ദേഹം തന്നെ!
Inasu Thalak, Paris - poetinasu@gmail.com - ഫോണ്‍: 0175575721 / 0623461254           

ഈനാശു അറിയുന്ന യേശു

പ്രിയ സക്കറിയാസ്,
"അറിയുമോ, ഈ യേശുവിനെ?" എന്ന താങ്കളുടെ ലേഖനത്തിനൊരു ചുരുങ്ങിയ മറുപടിയിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണിത്. വിശ്വാസം ഒരു ദാനവും വരവുമല്ലേ? ചോദ്യങ്ങളുയര്‍ത്താത്ത മനസ്സിനും ആശങ്കകള്‍ ആകുലപ്പെടുത്താത്തയാത്മാവിനും സിദ്ധിക്കുന്ന ഒരു ഗുണമല്ലേ അത്? അമ്മൂമ്മക്കും അമ്മയ്ക്കും മകള്‍ക്കും - സ്ത്രീകള്‍ക്കെല്ലാവര്‍ക്കും - കിട്ടിയിട്ടുള്ള സഹജാവസ്ഥയല്ലേ അത്? വരവണ്ണം തെറ്റാത്ത വിശ്വാസത്തിന്റെ അവതാരമായി പഴയ നിയമത്തില്‍ നിന്ന് അബ്രാഹാമിനെ പൊക്കിക്കാണിക്കാറുണ്ട്. എന്നാല്‍ അങ്ങേരുടേതിനെക്കാള്‍ ശുദ്ധമായ (positive) വിശ്വാസമല്ലേ ഹവ്വയുടെ, മറിയത്തിന്റെ, മഗ്നലെനയുടേത്? ചരിത്രത്തില്‍ അവര്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ബൈബിള്‍കഥകളില്‍ നാമവരെ കാണുന്നത് ചോദ്യങ്ങളുയര്‍ത്താത്ത, ആശങ്കകള്‍ തീണ്ടാത്ത, വിശ്വാസത്തിന്റെ പ്രതിനിധികളായിട്ടാണ്. അറിവിന്റെ കനി പറിച്ചുതിന്നാല്‍ നിങ്ങള്‍ക്ക് ഗുണമേ വരൂ എന്ന് പാമ്പ് പറഞ്ഞപ്പോള്‍, ഹവ്വ അതേപടി അതങ്ങ് വിഴുങ്ങി. മറിയത്തിന്റെ "fiat" (നടക്കട്ടെ, അവിടുത്തെ ഇഷ്ടം!) അതിനേക്കാള്‍ ശക്തിയേറിയതായിട്ടല്ലേ വരച്ചുവച്ചിരിക്കുന്നത്? മഗ്ദലേന ഒട്ടുമേ മോശക്കാരിയായിരുന്നില്ല. അവളുടെ 'റബ്ബൂണി' ഉയര്‍ത്തെഴുന്നേറ്റു എന്ന ന്യൂസ്‌ പുള്ളിക്കാരി കമാന്നൊരക്ഷരം മിണ്ടാതെ ശരിവച്ചില്ലേ? വിശ്വാസം ദൈവത്തിന്റെ ദാനമാണെന്നാല്ലോ പോള്‍ എഴുതിയത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, മലയോടു മാറിപ്പോകാന്‍ പറഞ്ഞാല്‍, അത് മാറിപ്പോകും എന്നല്ലേ യേശുവും പറഞ്ഞത്? സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്ന ഒരാള്‍ക്ക്‌ ആരാണ് ഉത്തരം തരിക?

സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ഘടനയില്‍നിന്നും അതിന്റെ ഉദ്യോഗസ്ഥരില്‍നിന്നും വിശ്വാസത്തില്‍ ഒരാളെ ഉറപ്പിക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ പ്രതീക്ഷിക്കാന്‍ വയ്യ. സ്വയം ശ്രമിക്കുക, ശ്രദ്ധ ചെലുത്തുക, സ്രഷ്ടാവുമായി, ഒരിടനിലക്കാരന്റെ സഹായമില്ലാതെ, നേരിട്ട് ബന്ധപ്പെടാന്‍ കഴിയും, കഴിയണം, എന്നതാണല്ലോ യേശു നടപ്പിലാക്കിയ വിപ്ലവം. ബുദ്ധനും, മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റൊരു സമൂഹത്തില്‍, ഇതേ വിപ്ലവം കൊണ്ടുവന്നു. Ernest Renanന്റെ ഒരു ഗ്രന്ഥമുണ്ട്‌. The Life of Jesus. അന്നും ഇന്നും അത് ക്രിസ്തുവിനെപ്പറ്റി പഠിക്കുന്നവരുടെ സൂചികാഗ്രന്ഥങ്ങളിലൊന്നാണ്. റെനാന്റെ വാദമുഖങ്ങളിലൊന്ന്, സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ സൃഷ്ടിക്ക് ഒരിടനിലക്കാരന്റെയും ആവശ്യമില്ല്ലാ എന്നാണ്. ഇത് ഊന്നിപ്പറയുകയും സ്വന്തം ജീവിതത്തില്‍ നടപ്പാക്കി കാണിക്കുകയും ചെയ്ത യേശുവിനെത്തന്നെ ഇപ്പോള്‍ ക്രിസ്തുസഭകളെല്ലാം ഏറ്റവും വലിയ ഇടനിലക്കാരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്‌!
 
യേശു, പാശ്ചാത്യബുദ്ധന്‍ (Jesus, la Boudha d'Occident) എന്നൊരു ഗവേഷണഗ്രന്ഥം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രെഞ്ചില്‍ ഇറങ്ങുകയുണ്ടായി. Institute of political and religious Studies, Marseille -ല്‍ അദ്ധ്യാപകനായ Rafaël Liogier (റഫായേല്‍ ലിയോഷിയെ) ആണ് ഗ്രന്ഥകര്‍ത്താവ്. യേശുവിന്റെ ജനനത്തിനു മുമ്പുതന്നെ അഞ്ചാറു നൂറ്റാണ്ടുകള്‍ ഗ്രീസ് തൊട്ട്‌ ഗാന്ധാരം വരെയും, ഈജിപ്ത് തൊട്ട്‌ പാടലീപുത്രം വരെയും ബുദ്ധപ്രബോധനങ്ങളുടെ പ്രഭാവകാലമായിരുന്നു. മഹായാനബുദ്ധിസവും ക്രിസ്ത്യന്‍പ്രബോധനങ്ങളും തമ്മിലുള്ള അടുപ്പവും സാമ്യവും ഗ്രന്ഥകാരന്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഈജിപ്തും ഇസ്രയെലും ഗ്രീസും കിടക്കുന്ന മെഡിറ്ററേയ്നിയന്‍ പ്രദേശങ്ങളും, പേര്‍ഷ്യയും ഇറാക്കും മുതല്‍ ഗാന്ധാരവും മഗധയും  സിന്ധുനദീതടവും ഗംഗാതടത്തിന്റെ വലിയൊരു ഭാഗവുടങ്ങുന്ന ഭൂപ്രദേശങ്ങളും തമ്മില്‍ അന്ന് നിലവിലിരുന്ന വിനിമയങ്ങളും ആദാനപ്രദാനങ്ങളും വെട്ടിപ്പിടുത്തങ്ങളും കണക്കിലെടുക്കുമ്പോള്‍, യഹൂദ- യവനചിന്താസരണികളും ഹൈന്ദവ- ബൌദ്ധദര്‍ശനങ്ങളുമായി ഗാഢമായ വേഴ്ചയുണ്ടായിരുന്നു എന്നനുമാനിക്കാം. അതിന്റെ ഫലമാകാം, യേശുവിന്റെ പ്രബോധനങ്ങളും സമീപനങ്ങളും വീക്ഷണങ്ങളും ബുദ്ധന്റേതിനോട് സാമ്യമുള്ളവയായത്‌ - രണ്ടുപേരും വിഭാവനം ചെയ്ത മനുഷ്യസമൂഹം വിവേചനങ്ങളില്ലാത്ത, ജാതിയോ വര്‍ണ്ണമോ ഇല്ലാത്ത ഒന്നായിരുന്നു താനും. ആനന്ദം, രക്ഷ, മോക്ഷം എന്നിവ നമ്മുടെ ഉള്ളില്‍ തന്നെയാണ് എന്നതാണതിന്റെ സാരം. പാശ്ചാത്യക്രൈസ്തവരില്‍ മഹായാനബുദ്ധിസത്തോട് പ്രതിപത്തിയും ആകര്‍ഷണവും ഉണ്ടാകുന്നതിനു കാരണവും ഇതായിരിക്കാം എന്നു ഗ്രന്ഥകാരന്‍.


കുറേ മുന്‍പ് തന്നെ ഇക്കാര്യം ഞാന്‍ കുറേക്കൂടി മുന്നോട്ടു കൊണ്ടുപോയി ചിന്തിച്ചിട്ടുണ്ട്. പുതിയ നിയമം പൊതുവെയും, ഔദ്യോഗിക സുവിശേഷങ്ങള്‍ വിശേഷിച്ചും, കാഴ്ചവയ്ക്കുന്ന ലോകവീക്ഷണവും ദൈവ- മനുഷ്യസങ്കല്പങ്ങളും പഴയ നിയമത്തിന്റേതില്‍നിന്ന് ഭിന്നമാണ്‌. ഇതൊക്കെ ഒന്നുകൂടി വ്യക്തമാണ്, അംഗീകൃതമല്ലാത്ത അപോക്രിഫകളില്‍. അന്ന് പ്രാബല്യത്തിലിരുന്ന യഹൂദധാരണകളോട് ഒട്ടുംതന്നെ പൊരുത്തമുള്ളതായിരുന്നില്ല യേശു പഠിപ്പിച്ചത്. കല്ലുപോലെ ഉറച്ചുപോയിരുന്ന യഹൂദപൌരോഹിത്യ മൂരാച്ചിത്തത്തെയും ജാതിമേല്‍ക്കോയ്മയെയും, അനുഷ്ഠാനവിദഗ്ദ്ധരുടെയും നിയമപ്രഭുക്കളുടെയും കടുമ്പിടുത്തങ്ങളെയും സത്യസന്ധതയുടെ (integrity) കണ്ണാടിക്കു മുമ്പിലേയ്ക്കാനയിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു? എവിടെ നിന്നാണ് ആ പ്രചോദനം?

എന്റെ നോട്ടത്തില്‍, യേശു ഇന്ത്യയിളോളം വന്നു. പന്ത്രണ്ടു വയസു മുതല്‍ ഒരു പതിനെട്ടു കൊല്ലം ഒരവധൂതനെപ്പോലെ അദ്ദേഹം ജ്ഞാനം തേടി യാത്രചെയ്തു, തപസ്സിരുന്നു, ശിഷ്യപ്പെട്ടു. എന്നിട്ട് തിരിച്ചെത്തി ഒരു പുതിയ ചൈതന്യത്തില്‍, പുതിയ ഭാഷയില്‍, പുതിയ രീതിയില്‍, സംസാരിച്ചു തുടങ്ങി. ജ്ഞാനികളും ഗുരുക്കന്മാരും ആശ്രമങ്ങളും വിഹാരങ്ങളും ധാരാളമുണ്ടായിരുന്ന ഒരിടമായിരുന്നല്ലോ അന്ന് സിന്ധു-ഗംഗാതടം. വാദത്തില്‍ പണ്ഡിതന്മാരെ കൊമ്പുകുത്തിക്കാന്‍ കഴിയുന്ന കുശാഗ്രബുദ്ധിയും ജ്ഞാനോത്സുകതയും കൌമാരപ്രായത്തില്‍ തന്നെ യേശുവിനുണ്ടായിരുന്നു എന്ന് നാം വായിക്കുന്നു. An extremely sensitive, intelligent and precocious adolescent genius ആയിരുന്ന അദ്ദേഹം അങ്ങനെയൊരു യാത്ര നടത്തിയില്ലെന്ന് എങ്ങനെ പറയാനാകും? കാരണം, മൂന്നു കൊല്ലത്തെ പരസ്യജീവിതത്തില്‍ നാം കാണുന്ന യേശു ജിജ്ഞാസയും ജ്ഞാനതൃഷ്ണയും ദൈവോന്മുഖതയും മഥിക്കുന്ന ഒരാളാണ്. അങ്ങനെയൊരു വ്യക്തിത്വം അത്രയും നാള്‍ അടങ്ങിയൊതുങ്ങി ഒരു ഗ്രാമത്തില്‍ കഴിഞ്ഞിരിക്കാനിടയില്ല. 

ജീവാത്മാവിന് പ്രാപിക്കാവുന്ന ഏറ്റവും ഉദാത്തവും ഉത്തുംഗവുമായ രൂപം യേശു തന്നില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചു. ജന്മംകൊണ്ടല്ല, മറിച്ച്, ആ ജീവിതത്തിന്റെ ആകെത്തുകകൊണ്ടാണ് യേശുവില്‍ ദൈവത്വം ആരോപിക്കേണ്ടിവരുന്നത്. ഈജിപ്ത്, ഇസ്രയേല്‍, ഗ്രീസ്, ഇന്ത്യ എന്നിവിടങ്ങളില്‍ അന്നോളം നിലവിലുണ്ടായിരുന്ന ദൈവ- മനുഷ്യസങ്കല്പങ്ങളെ സമീകരിച്ച്, സ്ഫുടം ചെയ്ത്, എല്ലാ മനുഷ്യര്‍ക്കുമെന്നല്ല, പ്രപഞ്ചത്തിലെ ഓരോ തരിക്കും സ്വീകാര്യമായ ഒരു ദൈവസങ്കല്പത്തെ സമ്മാനിച്ചു എന്നതാണ് യേശുവിന്റെ നേട്ടം.


ഇനി, യേശു-ഇന്ത്യാ ബന്ധം കെട്ടുകഥയായി തള്ളിക്കളഞ്ഞാലും, അന്നത്തെ മെഡിറ്ററേയ്നിയന്‍ തീരദേശ ഭൂവിഭാഗങ്ങള്‍ ബൌദ്ധദര്‍ശനങ്ങളുടെ സ്പര്‍ശം അറിഞ്ഞിരുന്നുവെന്നതാണ് ചരിത്രസത്യം. ഈജിപ്തിലെ അലെക്സാണ്ട്റിയ പട്ടണം അന്ന് വലിയ ജ്ഞാനകേന്ദ്രമായിരുന്നു. ബുദ്ധഭിക്ഷുക്കളും -വിഹാരങ്ങളും അവിടെയുമുണ്ടായിരുന്നു. അശോകന്റെ കാലം തൊട്ടേ, ഏഷ്യ മുഴുവന്‍ നടന്നു ധര്‍മ്മപ്രചാരണം നടത്തിയിരുന്ന ബുദ്ധസന്യാസികള്‍ പലസ്തീനിലും എത്തിയിരുന്നിരിക്കാം. അങ്ങനെയും യേശുവിന് ബുദ്ധപ്രബോധനത്തിന്റെ കാമ്പും കരുണയും ഉള്‍ക്കൊള്ളാനായി എന്നും വരാം. ഏതായാലും, ഇന്ത്യയില്‍ വന്നോ അല്ലാതെയോ, അദ്ദേഹം ഹൈന്ദവ അല്ലെങ്കില്‍ ബൌദ്ധജ്ഞാനികള്‍ക്കു ശിഷ്യപ്പെട്ടിട്ടുണ്ട് എന്നു സമ്മതിച്ചാല്‍, യേശുക്രിസ്തു ഗ്രെകോ-റോമന്‍ ചട്ടക്കൂട് പൊട്ടിച്ച് ഒരു പൌരസ്ത്യനായിത്തീരും. മാത്രമല്ല, ആദിപാപം, മനുഷ്യാവതാരം, ഉത്ഥാനം തുടങ്ങിയ വിശ്വാസ ''സത്യങ്ങളെ''ക്കുറിച്ച് ഔദ്യോഗിക സഭ പുറത്തിറക്കിയ ചാക്രികലേഖനങ്ങളിലെ വക്രബുദ്ധിയും വികൃതികളും പുറത്ത് ചാടും. ക്രൈസ്തവതക്ക് കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളിലൂടെ വന്നുപെട്ടിട്ടുള്ള യൂറോപ്യതയുടെ പടം താനേ പൊഴിഞ്ഞുപോകും. 

Inasu Thalak, Paris - poetinasu@gmail.com - ഫോണ്‍: 0175575721 / 0623461254
ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ വായിക്കേണ്ട ഒരു നല്ല പുസ്തകമുണ്ട്.  Jesus lived in India (His unknown life before and after the crucifixion) by Holger Kersten, Penguinn Books. ithu DCBook ല്‍ കിട്ടും. സക്കറിയാസ് നെടുങ്കനാല്‍ 

വിപസനയുടെ പാഠങ്ങള്‍

സവിശേഷമായ നിരീക്ഷണമല്ലാതെ മറ്റൊന്നുമല്ല, വിപസന അല്ലെങ്കില്‍ വിപശ്യന. എന്താണ് നിരീക്ഷിക്കുക? നമുക്കുള്ളിലെ യാഥാര്‍ഥ്യത്തെ. അത് ചെയ്യേണ്ടത്, ഏതെങ്കിലും വിശ്വാസത്തിന്റെയോ കല്പനയുടെയോ തത്ത്വചിന്തയുടെയോ നിറത്തിലൂടെയായിരിക്കരുത്. സ്വയം നിരീക്ഷിക്കുകയെന്നത് ഏവരും ചിലപ്പോഴെല്ലാം അറിയാതെതന്നെ ചെയ്തുപോരുന്ന ഒരു പ്രവൃത്തിയാണ്‌. പക്ഷേ, അപ്പോള്‍ കണ്ടെത്തുന്നവയില്‍, വല്ലാത്ത പക്ഷപാതം കലര്‍ന്നിരിക്കും. അഹത്തിനു അസ്വീകാര്യമായതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ് സാധാരണ സംഭവിക്കുക. നിരീക്ഷണത്തെ അങ്ങേയറ്റം വസ്തുനിഷ്ഠമാക്കുക, സത്യസന്ധമാക്കുക എന്നതാണ് വിപസനയുടെ പ്രത്യേകത. ഉദാഹരണത്തിന്, അരിശമോ വെറുപ്പോ അഹങ്കാരമോ അഭിമാനമോ തോന്നുമ്പോള്‍, ആ വികാരത്തെപ്പറ്റി ബോധമുണര്‍ത്തുകയല്ലാതെ മറ്റൊന്നുമരുത്; ഒരു വിശകലനവും പ്രതിക്രിയയും നടത്താതെ, സംഭവിക്കുന്നത്‌ നിരീക്ഷിക്കുക മാത്രം ചെയ്യുക.

പുരാതന ഭാരതത്തില്‍ പ്രചാരമുണ്ടായിരുന്ന വിധിയനുസരിച്ച്, ഏതനുഭവത്തിലും രണ്ടു കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അരിശം വരുമ്പോള്‍, ഉദാഹരണത്തിന്, ശരീരത്തിന്റെ സ്ഥൂലതലത്തില്‍, ശ്വാസോഛ്വാസത്തിനു അതിന്റെ സ്വാഭാവിക ഗതി നഷ്ടപ്പെടുന്നു. അതിനല്പം വേഗവും കടുപ്പവുമേറും.  അതോടൊപ്പം, ശരീരവും മനസ്സും പരസ്പരം സ്വാധീനിക്കുന്നതുകൊണ്ട്, സൂക്ഷ്മതലത്തിലും ഒരു ജീവരസായന- വിദ്യുതകാന്തപ്രതിക്രിയ നടന്നിരിക്കും. രക്തസംക്രമണം കൂടി, ശരീരം ചൂടാകുന്നത് അതിന്റെ ഫലമായാണ്. ഇതൊക്കെയാണ് നിരീക്ഷണത്തില്‍ വരേണ്ടത്. അല്ലാതെ, അരിശത്തിനു കാരണമെന്ന് നാം കരുതുന്ന വേറൊരാളുടെ പെരുമാറ്റമോ, ചുറ്റുപാടുകളുടെ പ്രതികൂലസ്ഥിതികളോ, ഇവകളെ തിരുത്താനുള്ള മാര്‍ഗങ്ങളോ ഒന്നുമാകരുത്.            

നമ്മില്‍ സംഭവിക്കുന്നതിനെ അഭിമുഖീകരിക്കുകയാണ് നാം ചെയ്യേണ്ടഅത്, അവഗണിക്കുകയല്ല. മറ്റെന്തെങ്കിലും ചെയ്യുക, കീര്‍ത്തനമോ പ്രാര്‍ത്ഥനയോ നടത്തുക തുടങ്ങിയവ, നിഷേധ വികാരങ്ങളില്‍  നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയുള്ള സൂത്രങ്ങളാണ്, താല്‍ക്കാലികമായ പാലായനമാണ്. അപ്പോള്‍ സംഭവിക്കുന്നത്‌  തിന്മ അകത്തേയ്ക്ക്, അബോധതലത്തിലേയ്ക്ക്, വലിയുക മാത്രമാണ്. വീണ്ടുമത് പുറത്തുവരുമെന്നത് തീര്‍ച്ചയുള്ള കാര്യമാണ്. കാരണം, എല്ലാ അഹന്തയില്‍ നിന്ന് കുരുക്കുന്ന എല്ലാ മാന്യവിചാരങ്ങളും നമ്മെ അലട്ടുന്ന വികാരങ്ങളും മാലിന്യങ്ങള്‍ തന്നെയാണ്, അവയില്‍ നിമ്മും മനസ്സ് ശുദ്ധമായിട്ടില്ല.       

മനസ്സിന്റെ ആഴതലങ്ങള്‍ ശുദ്ധിചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുക, ധര്‍മ്മം ചെയ്യാനുള്ള വിധി പഠിച്ചെടുക്കുക, എന്നതാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിലൂടെ S.N. Goenkaയുടെ ശ്രമഫലമായി ഒട്ടു മിക്ക രാജ്യങ്ങളിലും രൂപംകൊണ്ടിട്ടുള്ള വിപസന സെന്ററുകളില്‍ ചെയ്യുന്നത്. 21.09 മുതല്‍ 02.10. 2005 വരെ, സ്വിറ്റ്സര്‍ലന്റിലെ Mont Soleil എന്ന മലമുകളില്‍ ഒരു courseല്‍ സംബന്ധിച്ചതിന്റെ ഓര്‍മ്മയില്‍ നിന്നും തുടര്‍ന്നുള്ള ശീലനത്തില്‍ നിന്നുമാണ് ഈ കുറിപ്പ് രൂപപ്പെട്ടത്.


ഉള്ളിലേയ്ക്ക് നോക്കാന്‍ ശീലിക്കുക എന്ന ലക്ഷ്യത്തോടെ വിപസനാര്‍ത്ഥികള്‍ ഒരദ്ധ്യാപന്റെ അല്ലെങ്കില്‍ അദ്ധ്യാപികയുടെ സമക്ഷത്തില്‍ നിലത്തിരിക്കുന്നു; അതിനാകുന്നവര്‍, പത്മാസനത്തില്‍. ഓരോ ധ്യാനാദ്ധ്യയനവും ഒന്നര മണിക്കൂര്‍ എങ്കിലും നീണ്ടുനില്‍ക്കുന്നതിനാല്‍, സ്വസ്ഥമായി ഇരിക്കാന്‍ തലയണയൊ പുതപ്പോ ഒക്കെ ഉപയോഗിക്കാം. അങ്ങനെയിരുന്ന്, ഒരേയൊരു കാര്യമേ ചെയ്യേണ്ടതുള്ളൂ - ശ്വാസത്തെ ശ്രദ്ധിക്കുക. പ്രാണവായു അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുന്നത് കഴിവത് സൂക്ഷ്മതയോടെ ശ്രദ്ധിക്കുക, നാസാരന്ധ്രങ്ങളിലും, മേല്‍ച്ചുണ്ടിന്റെ ഉപരിതലത്തിലും വായുവിന്റെ നേരിയ സ്പര്‍ശത്തെ അറിയാനാകുക വരെയെത്തിയാല്‍ അത് മുന്തിയ നേട്ടമാണ്. ഈ ശ്വാസ പ്രിക്രിയയൊഴിച്ച് ബാക്കിയൊക്കെ മറക്കണം. നമ്മുടെ സത്തയുടെ സൃഷ്ടിയില്‍ കരുക്കളായിട്ടുള്ള പഞ്ചഭൂതങ്ങളെ സ്വരുമിപ്പിക്കുന്നത് ഈ പ്രാണവായുവാണെന്നോര്‍ക്കുക. 


ശ്രദ്ധ മുഴുവന്‍ ശ്വാസോഛ്വാസത്തില്‍ കേന്ദ്രീകരിക്കുന്നതിന്റെ പിന്നില്‍ നില്‍ക്കുന്ന കാരണങ്ങള്‍ ഇവയാണ്.
ശ്വസിക്കുക എന്നത്, ജീവന്റെ തന്നെ ഭാഗമായി, എപ്പോഴും നമ്മോടൊത്തുണ്ട്. ശ്വസനം അങ്ങേയറ്റം വര്‍ത്തമാനകാലത്തില്‍ സംഭവിക്കുന്നു. ബോധതലത്തെയും അബോധതലത്തെയും ബന്ധിപ്പിക്കാനുതകുന്ന ഒരു പാലമാണ് ശ്വസനം. നാമറിയാതെയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവൃത്തിയെ നമ്മള്‍ ബോധപൂര്‍വം നടത്തുന്ന ഒന്നാക്കി മാറ്റാം.
ശരീരത്തിന്റെ മറ്റ് ശീലങ്ങളില്‍ സാദ്ധ്യമായതുപോലെ പക്ഷേ, ഇതിലേയ്ക്ക് ഒട്ടും പ്രതിപത്തി അടിഞ്ഞുകൂടാനിടയില്ല. ആഗ്രഹം, ഇഷ്ടം, സുഖം, കോപം, ഭയം, വിരോധം എന്നിവയെല്ലാം ശ്വാസത്തിന്റെ രീതിയെ ബാധിക്കുന്നതിനാല്‍, മനസ്സിന്റെ ഓരോ സമയത്തുമുള്ള സ്ഥിതിയെപ്പറ്റി കൃത്യമായ അറിവുതരുന്ന ഒരു മാപിനിയാണ് ശ്വസനം.


 വിപസന എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശ്രദ്ധയോടെയുള്ള നോട്ടം എന്നാണെന്ന് പറഞ്ഞുവല്ലോ. അടുത്തതായി, അകത്തും പുറത്തുമുള്ള യാഥാര്‍ത്ഥ്യത്തെ (ശരീരത്തിലെവിടെയെങ്കിലും അനുഭവപ്പെടുന്ന സ്പര്‍ശനാനുഭവത്തെ (sensation) അതായിരിക്കുന്നതുപോലെ നിരീക്ഷിക്കാന്‍ പഠിക്കുകയാണ്; - to observe the reality as it is. ഈ അന്വേഷണത്തിനുള്ളയൊരു ശീലം കിട്ടാന്‍, തുടക്കക്കാര്‍ക്കുള്ള ഒരു പരിശീലനം നിര്‍ദ്ദേശിക്കുന്നുണ്ട്‌. അതിങ്ങനെയാണ്. മനസ്സുകൊണ്ട്, തലയുടെ ഉച്ചിമുതല്‍ ശരീരത്തിന്റെ ഓരോ ഭാഗവും 'സ്കാന്‍' ചെയ്യുക. പഞ്ചേന്ദ്രിയങ്ങളുടെ ഏതിന്റെയെങ്കിലും ഏറ്റവും നേരിയ അനുഭവം എവിടെയെങ്കിലും കണ്ടെത്തിയാല്‍ അത് നിരീക്ഷിക്കുക മാത്രം ചെയ്യുക. അത് ചൂടോ തണുപ്പോ സുഖമുള്ള ഒരു തരിപ്പോ, വേദനയോ മരവിപ്പോ വസ്ത്രത്തിന്റെ ഇറുക്കമോ ഉരസലോ ഒക്കെയാവാം. അതെന്തായാലും അതിനോട് താല്പര്യമോ വിപ്രതിപത്തിയോ അനുവദിക്കാതെ അവിടെത്തന്നെ വിട്ടുകളയുക. ഇപ്രകാരം, ശരീരത്തെ മൊത്തത്തില്‍ മുകള്‍തൊട്ട്‌ താഴെവരെയോ, ഓരോ അവയവത്തെ പ്രത്യേകമായി എടുത്തോ‌, ആവര്‍ത്തിച്ചു 'സ്കാന്‍' ചെയ്യണം. അവയില്‍ എവിടെയെങ്കിലും അനുഭവപ്പെടുന്ന ഭൌതികമായ, ഐന്ദ്രികമായ, മാറ്റങ്ങളെല്ലാം തുലോം സാന്ദര്‍ഭികവും താല്ക്കാലികവും ആണെന്ന്‌ തിരിച്ചറിയുക എന്നതാണിതിന്റെ പിന്നിലെ ഉദ്ദേശ്യം. അതേത്തുടര്‍ന്ന്, ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഇതേ സ്വഭാവമുള്ളവയാണെന്നുള്ള ബോദ്ധ്യത്തിലേയ്ക്കാണ് വിപസന ആത്യന്തികമായി നമ്മെ എത്തിക്കേണ്ടത്‌. മുകളില്‍ സൂചിപ്പിച്ച അഭ്യാസം അതിനുള്ള പരിശീലനമായി കാണണം. ഈ കണ്ടെത്തല്‍ ആത്മാവബോധത്തിലേയ്ക്കുള്ള ബുദ്ധന്റെ വലിയ സംഭാവനയാണ്. എല്ലാം മാറിമറയുന്നു, ഒന്നും സ്ഥിരമല്ല എന്ന പ്രത്യക്ഷമായ നിത്യാനുഭവത്തില്‍ തുടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതവിശകലനം. ചലനമെന്നത് അസ്തിത്വത്തിന്റെ നിരന്തര സ്വഭാവമാണെന്ന് ഇന്ന് നമുക്ക് quantum physicsല്‍ നിന്ന്, അന്ന് ശ്രീബുദ്ധന്‍ കണ്ടെത്തിയതിലും വളരെ വ്യക്തമായി, അറിയാം. ക്വാണ്ടം തലത്തില്‍, ഊര്‍ജ്ജപ്രതിഭാസങ്ങളല്ലാതെ മറ്റൊന്നുമില്ല, നക്ഷത്രങ്ങളോ ഗാലക്സികളോ ഒന്നും. ഇന്ദ്രിയങ്ങളാലെന്നല്ല, അതിസങ്കീര്‍ണ്ണമായ കംപ്യൂട്ടര്‍ ഉപയോഗിച്ച് പോലും രേഖപ്പെടുത്താനാവാത്തത്ര വേഗത്തില്‍ പ്രകാശവും വൈദ്യുതിയും ചലിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജമണ്ഡലങ്ങള്‍ മാത്രമാണുള്ളത്. സ്ഥലകാലങ്ങളില്‍ തുടര്‍ച്ചയുള്ള 'ഖര'വസ്തുക്കളെ 'കാണുക' എന്നത് മനസ്സിനെ കബളിപ്പിക്കാന്‍ മസ്തിഷ്കം ചെയ്യുന്ന ഒരു വികൃതിയാണെന്ന് ഈ പുസ്തകത്തിലെ പല ലേഖനങ്ങളിലും ആവര്‍ത്തിക്കേണ്ടിവരുന്നുണ്ട്. അത്ര പ്രധാനമായ ഒരു വസ്തുതയാണത്.


ബുദ്ധന്റെ അടുത്ത കണ്ടുപിടുത്തമാണ്, ഏത്‌ ശാരീരികാനുഭവവും മനസ്സുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നത്. മനസ്സിന്റെ ഭാവങ്ങള്‍, വിചാരങ്ങള്‍, ചിന്തകള്‍, പ്രതീക്ഷകള്‍, ഭയങ്ങള്‍, എന്നിവയെല്ലാം ഒന്നുകില്‍ കഴിഞ്ഞവയുമായോ (ഓര്‍മ്മകള്‍), അല്ലെങ്കില്‍ ഭാവിയുമായോ (പ്രതീക്ഷകള്‍) ബന്ധപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അവയൊന്നും വര്‍ത്തമാനത്തിന്റെ ഈ നിമിഷവുമായി പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവ നമുക്ക് ഉപകാരപ്രദവുമല്ല. എന്നാല്‍, കഷ്ടം തന്നെ, മനുഷ്യന്റെ കഴിവിന്റെയും സമയത്തിന്റെയും 99%വും ഈ രണ്ടിടത്തുമായി നഷ്ടപ്പെടുകയാണ്.


മനസ്സും ശരീരവും തമ്മില്‍ ബന്ധപ്പെടുന്നത് ഐന്ദ്രികാനുഭവങ്ങളിലൂടെയാണ്. ഇവയോടൊപ്പം, നാം ശ്രദ്ധിക്കാത്ത വിവിധാനുഭവങ്ങളും ഉള്ളില്‍ ശേഖരിക്കപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി ബോധമണ്ഡലത്തിലെത്തിയോ അബോധതലത്തില്‍ നിന്ന് തന്നെയോ അവ മനസ്സിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇവയെ പുറത്ത് വരാനനുവദിക്കുകയും അപ്പോള്‍ത്തന്നെ നിര്‍മ്മമതയോടെ ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ നാം സ്വയം ശുദ്ധീകരിക്കുകയാണ്. ദിവസവും കുറേ നേരത്തേയ്ക്ക് ഇങ്ങനെ 'ധ്യാനിക്കുക' എന്നതല്ല ബുദ്ധന്റെ ആശയം. നേരേ മറിച്ച്, ശ്വസനംപോലെ നിരന്തരമാകണത്. നിരന്തരമായ അവബോധത്തിലെത്തുക എന്നതിലേയ്ക്കാണ് വിപസന വഴിയൊരുക്കുന്നത്. അവബോധം വര്‍ത്തമാനകാലത്തിലെ ഓരോ നിമിഷത്തിലും മാത്രമാണ് സാദ്ധ്യമാകുന്നത്. അതുകൊണ്ട്, അതേ വര്‍ത്തമാനഗുണമുള്ള ശ്വസനത്തിലൂന്നി അവബോധത്തിലെത്തുക എളുപ്പമായിത്തീരുന്നു. ശ്വസനപ്രക്രിയയെ നിരീക്ഷിക്കുക വഴി ചിന്തയെ നിരീക്ഷിക്കാനുള്ള ശീലം വളര്‍ന്നുവരണം. ഇവ രണ്ടും തമ്മിലുള്ള ബന്ധമാണ് ശ്രീബുദ്ധന്റെ വലിയ കണ്ടെത്തല്‍. അതുവരെ വ്യത്യസ്തമായി കണ്ടിരുന്ന ശാരീരികവും മാനസികവുമായ തലങ്ങളെ ബന്ധിപ്പിക്കയാണ് അദ്ദേഹം ചെയ്തത്. ഭൌതികശാസ്ത്രത്തില്‍ time-space-continuum എന്ന Einsteinന്റെ കണ്ടെത്തല്‍പോലെയാണ് ബുദ്ധന്റെ body-mind concept.


അവബോധം എന്നത് സംശുദ്ധമായ ഒരനുഭവമാണ്. വിശ്വാസങ്ങളും നേടിയെടുത്തയറിവുകളും അതിനെ കീഴ്പ്പെടുത്തുകയോ, അശുദ്ധമാക്കുകയോ ആണ് ചെയ്യുക. പുറത്തുനിന്നു കിട്ടിയ ഒരറിവും ഒരാളെയും അവബോധത്തിലേയ്ക്ക് നയിക്കുകയില്ല. ബുദ്ധനോ ലാവോത്സുവോ യേശുവോ മറ്റേതെങ്കിലും ഗുരുവോ ഇതില്‍ സഹായിയാകില്ല. Be yourself എന്ന ഒരേയൊരു സൂത്രമേ അവബോധത്തിലേയ്ക്കുള്ളൂ‍. ഉള്ളിലുള്ള സത്യത്തെ അംഗീകരിക്കുക എന്നത് മാത്രമാണത്. 'സത്യം നിന്നെ മോചിപ്പിക്കും' - ഗുരുക്കളെല്ലാം ഇത്രമാത്രമേ പറഞ്ഞിട്ടുള്ളൂ. ഉള്ളില്‍ വെളിച്ചമുണ്ട്, സത്യമുണ്ട്. അത് കാണാനുള്ള കണ്ണു തെളിയിക്കുക എന്നതാണ് ആത്മീയത അല്ലെങ്കില്‍ അവബോധത്തില്‍ ജീവിക്കുക എന്ന കല. അതാകട്ടെ ഒട്ടുംതന്നെ എളുപ്പമല്ല താനും. ഏത്‌ തുറയിലും നല്ല പ്രതിഛായക്ക്‌ വേണ്ടി അഹത്തെയും അതിന്റെ സൃഷ്ടികളേയും 'മോടിപിടിപ്പിക്കുന്ന'താണ്‌ പരിഷ്ക്കാരമെന്നു കരുതുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. നമ്മുടേതായി അംഗീകരിക്കപ്പെടണമെന്ന് കൊതിച്ച്, ഏതെല്ലാം പ്രതിഛായകളെ നാം അന്യര്‍ക്ക് മുമ്പില്‍ സൃഷ്ടിക്കുന്നുവോ, അവയൊക്കെ യഥാര്‍ത്ഥത്തില്‍ നമ്മെ നാം അല്ലാതാക്കുകയാണ്. നാമെന്താണോ, അതായിരിക്കാനോ അതംഗീകരിക്കാനോ ആര്‍ക്കുമിഷ്ടമില്ല. അതുകൊണ്ട്, നാം മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ലോകവും സങ്കല്പത്തില്‍ മാത്രമുള്ള ഒരു വലിയ അസത്യക്കൂമ്പാരമായി തരം താഴുന്നു.             


കപടമായ ഈ സ്ഥിതിവിശേഷത്തെ തിരിച്ചറിഞ്ഞ്, അതില്‍നിന്നു മുക്തി നേടുക എന്ന അസാമാന്യ പ്രയത്നമാണ് വിപസനയെന്ന ശിക്ഷണം സാദ്ധ്യമാക്കുന്നത്. മറ്റ് വാക്കുകളില്‍, അഹന്തയെയും അതിന്റെ ചേഷ്ടകളെയും വകവരുത്തുക. അത് ചെയ്യാന്‍ കരുത്തുള്ളവര്‍ തുലോം വിരളമാണ്. കാരണം, അഹന്തയോളം ശക്തിയുള്ള വേറൊരെതിരാളി മനുഷ്യനില്ല. എല്ലാറ്റിനോടും 'പ്രതികരിക്കാന്‍' നമ്മെ ഉത്തേജിപ്പിക്കുന്നത് മനസ്സാണ്. അനുഭവങ്ങളിലും അറിവിലും സ്ഥിരതയുണ്ട് എന്ന അസത്യത്തിലാണ് മനസ്സിന്റെ ബലം. അതുതന്നെയാണ് ദു:ഖത്തിന് കാരണമായിത്തീരുന്നതും. ഒന്നും സ്ഥിരമല്ലെന്നും ശരീരത്തിലൂടെയും അല്ലാതെയും നാമറിയുന്ന, അല്ലെങ്കില്‍ അറിയിക്കുന്നയനുഭവങ്ങള്‍ നമ്മുടേതായി കാണേണ്ടതില്ലെന്നും സ്വയം പഠിപ്പിക്കുവാനാണ് വിപസനയുടെ ആദ്യകാലശീലുകള്‍ വഴിയൊരുക്കുന്നത്. ഒന്നോ രണ്ടോ മണിക്കൂര്‍ ഒരേ നിലയില്‍ ഇരിക്കുമ്പോള്‍ അസ്വസ്തതയുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍, സാവധാനം, ഇവയൊന്നും സ്ഥിരമല്ല, ഇവയൊന്നും എന്റേതല്ല എന്ന നിര്‍മ്മമതയിലൂടെ കൈവരുന്നത് ഒരു വലിയ സ്വാതന്ത്ര്യമാണ്. നിരന്തര പരിശീലനംവഴി, ചുറ്റുപാടുകള്‍ നമ്മെ ഒട്ടും അലട്ടുന്നില്ലാത്ത ഒരവസ്ഥയില്‍ നാം എത്തിച്ചേരുന്നു. കൂട്ടിക്കിഴിക്കലുകള്‍ ആവശ്യമില്ലാത്ത, മുഖംമൂടിയാവശ്യമില്ലാത്ത, ഒരു 'ഞാന്‍' ജന്മം കൊള്ളുന്നു.

അല്പംകൂടി വിശകലനത്തിനായി, ഒന്നുരണ്ടുദാഹരണങ്ങള്‍ കുറിക്കട്ടെ: ആള്‍ക്കാര്‍ ഒത്തുകൂടുന്ന ഒരു ചടങ്ങില്‍ സംബന്ധിച്ചിട്ടു തിരിച്ചെത്തിയപ്പോള്‍, ജീവിതപങ്കാളി പറഞ്ഞു: 'ഇട്ടിരുന്ന ഷെര്‍ട്ടിന്റെ പുറത്ത് രണ്ടിടത്തു കറയുണ്ടായിരുന്നു; പാന്റ്സില്‍ മഷി വീണ കറയും. നാണക്കേട്‌ തോന്നി!' മറ്റതിഥികള്‍ കാണാനിടയായിരിക്കാം എന്ന് അവള്‍ കരുതിയ കറകള്‍ എന്റെ മാത്രമല്ല, അവളുടെയും അഭിമാനത്തിനു ക്ഷതമായി എന്ന കണക്കുകൂട്ടല്‍ അവള്‍ക്ക് ഏതാണ്ടൊരതൃപ്തിക്കും ദു:ഖത്തിനും കാരണമായിത്തീരുന്നു. എന്തെന്നാല്‍, മോടിയോടെ നടക്കേണ്ടവര്‍, നടക്കാന്‍ കഴിയുന്നവര്‍, എന്ന എന്റെയും അവളുടെയും പ്രതിഛായയെ അലസമായ അത്തരം വസ്ത്രധാരണം തകര്‍ത്തുകളഞ്ഞുപോലും. വാസ്തവത്തില്‍, അങ്ങനെ ചിന്തിച്ച് ശീലിച്ചുപോയി എന്നത് മാത്രമേ ഇക്കാര്യത്തില്‍ സംഭവിച്ചുള്ളൂ. മറ്റൊന്നും സംഭവിച്ചില്ല. കളങ്കമില്ലാത്ത, വില കൂടിയ വസ്ത്രം ധരിച്ചാലും, അല്പം കറയുള്ളവ ധരിച്ചാലും, അനിനുള്ളിലെ വ്യക്തി ഒന്നുതന്നെയാണെന്ന വളരെ ലളിതമായ സത്യമുള്‍കൊള്ളാന്‍ ശീലം ഒരാളെ അനുവദിക്കുന്നില്ല എന്നാണതിനര്‍ത്ഥം. നമ്മളല്ല, നമ്മെ അന്യര്‍ എങ്ങനെ കാണുന്നു എന്നതായിത്തീര്‍ന്നിരിക്കുന്നു  നമ്മുടെ സത്ത! ജീവിതത്തില്‍ എന്തിലേയ്ക്കും ഏതു സന്ദര്‍ഭത്തി ലേയ്ക്കും ഈ അനുഭവത്തെ വ്യാപിപ്പിക്കാം. നമ്മുടെ ഉണ്മയെപ്പറ്റി ബോധമില്ലാതെ ജീവിക്കുമ്പോള്‍, നാം അസത്യങ്ങളുടെ കൂമ്പാരത്തിനു മുകളിലാണ് 'സുഖമായി' കഴിയുന്നത്‌. അങ്ങനെ നാമും നമ്മെ ബാധിക്കുന്നതെന്തോക്കെയോ അതെല്ലാം വ്യാജമായിത്തീരുന്നു.


മറ്റൊരുദാഹരണം. പള്ളിയില്‍ പിരിവിനായി ജനത്തിനിടയിലൂടെ ഒരു കുട്ട കൈമാറപ്പെടുന്നു. അടുത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുമല്ലോ എന്നതുകൊണ്ട്‌ മാത്രം ഞാന്‍, ഏറ്റം കുറഞ്ഞത്‌ ഒരു പത്തുരൂപാനോട്ട് അതിലിടുന്നു. നേര്‍ച്ചയിടുന്നതിനോട് ഒട്ടും താല്പര്യമില്ലാത്തൊരാള്‍ ഇങ്ങനെ ചെയ്യുന്നത് സത്യസന്ധതയില്ലായ്മയാണ്. അന്യര്‍ക്ക് മുമ്പില്‍ ഞാന്‍ 'ധാരാളി'യാകുകയാണ്. ഇത് അശുദ്ധമായ പ്രവൃത്തിയാണെന്ന് എന്റെയുള്ളില്‍ സാക്ഷ്യപ്പെടുത്തപ്പെടുന്നുണ്ട്. പക്ഷേ, അത് ശ്രവിക്കാനുള്ള ധൈര്യമെനിക്കില്ല. എന്റെ ഭീരുത്വത്തിലൂടെ, കള്ളത്തരത്തിലൂടെ, എനിക്കുണ്ടാകുന്ന പ്രതിഛായയാണ് എനിക്കപ്പോള്‍ വലുത്. 'ഒറിജിനല്‍' ഉടഞ്ഞു പോകുന്നു. 'ഡ്യൂപ്ലിക്കേയ്റ്റ്‌' കാത്തുസൂക്ഷിക്കപ്പെടുന്നു!


ശരീരത്തിന്റെയും മനസ്സിന്റെയും പ്രതികരണങ്ങളുടെ അനിശ്ചിതത്വവും അസ്ഥിരതയും ഉള്‍ക്കൊള്ളാനായാല്‍, വ്യര്‍ത്ഥവും നിരാകരണവുമായ ഏത്‌ ലജ്ജയെയും മറികടക്കാനാവും. എന്തുകൊണ്ടാണ് നമ്മുടെ മുനികള്‍ നഗ്നരായി നടക്കാന്‍ ധൈര്യപ്പെട്ടത് എന്ന് ചിന്തിച്ചുനോക്കുക. 'ഒളിച്ചുവയ്ക്കാനെന്തിരിക്കുന്നു' എന്ന സത്യവും ധൈര്യവുമാണതിനു പിന്നില്‍. തന്നെപ്പറ്റി പൊലിപ്പിച്ച ധാരണകളില്ലാത്ത ഏതൊരാള്‍ക്കും പറയാനാകും, ഞാന്‍ വസ്ത്രം ധരിക്കുന്നത്, നാണംകൊണ്ടല്ല, മറിച്ച്, എന്റെ നഗ്നത അന്യര്‍ക്ക് നാണമുണ്ടാക്കരുത് അല്ലെങ്കില്‍ ഉതപ്പുണ്ടാക്കരുത് എന്നതുകൊണ്ട്‌ മാത്രമാണ് എന്ന്. പരിഷ്ക്കാരവും 'ഫാഷനും' ഉണ്ടെന്നഭിമാനിക്കുന്നവരുടെ നാടുകളിലൊക്കെ textile, cosmetic industry മൊത്തത്തില്‍ മനുഷ്യശരീരത്തിന്റെ വ്യാജമായ പ്രദര്‍ശനത്തിനുള്ള വഴികളൊരുക്കാനായി മാത്രമുള്ളതായിത്തീര്‍ന്നിരിക്കുന്നു. ഇതിനൊന്നും പ്രതിവിധികള്‍ തേടേണ്ടതില്ല. നമ്മെ സംബന്ധിച്ചിടത്തോളം, കാപട്യം കാപട്യമാണെന്ന് കാണാനുള്ള കണ്ണുണ്ടായാല്‍ ധാരാളം മതി.

വിസനയുടെ ശീലുകള്‍ സ്വായത്തമായ ഒരാള്‍ക്ക്  എപ്പോഴും മനസ്സില്‍ ഉറച്ചുനില്‍ക്കുന്നതിതാണ്: 'എന്നെ സംബധിക്കുന്ന സത്യം ഒന്നുമാത്രമാണ്. അത് പൊലിപ്പിക്കാനോ പൂഴ്ത്തിവയ്ക്കാനോ ശ്രമിക്കുന്നത് കാപട്യമാണ്.        


വിപസനാശിക്ഷണത്തിലൂടെ കൈവരുന്നയറിവുകള്‍:

കഴിഞ്ഞുപോയ സംഭവങ്ങളുടെ ബലത്തില്‍ തീരുമാനങ്ങളെടുക്കരുത്‌. കാരണം, അവ വര്‍ത്തമാനത്തെ ബാധിക്കുമെന്നത് വെറും തെറ്റുധാരണയാണ്. ഭൂതമായവയെല്ലാം അപ്രത്യക്ഷമായതായി കണക്കാക്കുക. മിക്കവാറും ദു:ഖങ്ങള്‍ക്ക് കാരണം കഴിഞ്ഞവയെപ്പറ്റിയുള്ള ഓര്‍മ്മകളാണ്. ഒരാളുടെ മാതാപിതാക്കള്‍, കുടുംബപശ്ചാത്തലം, വിദ്യാര്‍ജ്ജനം, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയവയൊക്കെ തീര്‍ത്തും യാദൃശ്ചികങ്ങളായ അടയാളങ്ങള്‍ മാത്രമാണ്. നമ്മുടെ സ്വന്തം ശരീരകോശങ്ങള്‍ പോലും വര്‍ഷാവര്‍ഷം മൊത്തത്തില്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പഴയതില്‍നിന്ന് ഒന്നും തന്നെ ബാക്കിയിരിക്കുന്നില്ല. നിത്യമെന്നോ സ്ഥിരമെന്നോ ഉള്ള ബലത്തോടെ പിടിച്ചുതൂങ്ങിക്കിടക്കാന്‍ ആര്‍ക്കും ഒന്നുമില്ല എന്ന സത്യം നേര്‍ക്കുനേര്‍ കാണാനായാല്‍, അതിരില്ലാത്തൊരു സ്വാതന്ത്ര്യാനുഭവം തന്നെയായിരിക്കുമത്. ഈ ചിന്താധാരയുടെ ഫലമെന്നോണം, ഭാവിയെപ്പറ്റിയും ഒന്നും കെട്ടിച്ചമയ്ക്കാനില്ലെന്നറിയുമ്പോള്‍, നമ്മുടെ വര്‍ത്തമാനത്തിന്, അനുനിമിഷത്തെ ജീവിതത്തിന്, സാദ്ധ്യതയും ബലവും തന്മയത്വവും ഏറും.


തെറ്റായ അളവുകോലുകളാണ് മിക്കവാറും എല്ലാ വ്യത്യസ്തതക്കും പിന്നിലുള്ളത്. ഉദാഹരണത്തിന്, കൃഷിക്കാര്‍ കളകളെപ്പറ്റി വ്യാകുലപ്പെടുന്നു. മനുഷ്യനെ പ്രകൃതിയില്‍ നിന്ന് മാറ്റുക, കളകള്‍ എന്നൊന്നില്ലാതാവും എന്നാണ് മാസനോബു ഫുക്കുവോക്ക പറഞ്ഞത്. കാരണം, അപ്പോള്‍ ഓരോ സസ്യവും അതിന്റെ ഗുണം കൊണ്ടുതന്നെ തനതായ വിലയുള്ളതായിരിക്കും. മറ്റുള്ളവരെയും മറ്റുള്ള വസ്തുക്കളെയും അളക്കാനുള്ള കോലും മാപിനിയുമായി നമ്മെത്തന്നെ നാം കരുതുമ്പോള്‍, നീക്കുപോക്കില്ലാത്ത പ്രശ്നങ്ങളുമുദിക്കുന്നു. നിയന്താവൊഴിച്ച്, ആര്‍ക്കാണ് എന്തിനെയെങ്കിലും അളക്കാനധികാരമുള്ളത്?


എന്റെ ദു:ഖങ്ങള്‍ക്ക്, വേറാരുമല്ല, ഞാന്‍ തെന്നെയാണ് കാരണം എന്നംഗീകരിക്കാനാകുക ചില്ലറക്കാര്യമല്ല. നമ്മുടെ മനസ്സിനെ രൂപപ്പെടുത്തുന്നത് നാം തന്നെയാണല്ലോ. അന്യരുടെ മുമ്പില്‍ സ്വയമാഗ്രഹിക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന ഒരു പ്രതിഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും അത് വിജയിക്കാതെവരുകയും ചെയ്യുമ്പോള്‍, അത് അസ്വസ്ഥതക്ക് കാരണമാകുന്നു. നിങ്ങളെത്തന്നെ നിങ്ങളുടെ p.r.o. ആയി നിയമിക്കാതിരിക്കുക. രാജ്യങ്ങളും കുത്തകകളും മാത്രമല്ല, വ്യക്തികളും ഏറെ സമയം കളയുന്നത്, ഇല്ലാത്ത, തിളങ്ങുന്ന ഒരു 'image' സൃഷ്ടിക്കാനും അങ്ങനെയുണ്ടാക്കിയെ ഒന്നിനെ വച്ചുപുലര്‍ത്താനുമാണ്. ഇന്നെവിടെയും അരങ്ങേറുന്ന നടനപ്രക്രിയകള്‍ അതിരില്ലാത്തതാണ്, ആത്മീയതയുടെ പരിവേഷം അണിയുന്നവരുടെയിടയില്‍ പോലും. കാപട്യം ഏറ്റവും മ്ലേശ്ചമാകുന്നത് മറ്റൊരിടത്തുമല്ല.     


 നര്‍മ്മബോധം അഹന്തയെ നശിപ്പിക്കുന്നു. എല്ലാം ദുരിതമയവും ഗൌരവവുമായിടത്ത് ആയിരിക്കാന്‍ ദൈവം പോലും  ഇഷ്ടപ്പെടില്ല. ഉദാഹരണത്തിന്, നമ്മുടെ പള്ളികളിലും അമ്പലങ്ങളിലും മോസ്ക്കുകളിലുമൊക്കെ ഒരു വിധികര്‍ത്താവിന്റെ സാന്നിദ്ധ്യമല്ലാതെ, മറ്റെന്താണുള്ളത്? മനുഷ്യന്റെ അത്യധികമായ ഭയവും ദൈന്യതയും പേറുന്ന സ്വത്വബോധം മതങ്ങളില്‍ നിന്ന് ദൈവത്തെ അകറ്റിക്കളഞ്ഞുവെന്ന് പറയാം. സന്തോഷം പകരാത്ത ദൈവത്തെക്കൊണ്ട് ആര്‍ക്കെന്തു നേട്ടം? ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമൊക്കെ പള്ളികളില്‍ ചിരിയും കൈകൊട്ടും ഡാന്‍സ്‌ പോലും അനുവദനീയമാണ്. അതുപോലെ, ചുരുക്കമെങ്കിലും, നമ്മുടെ പല അമ്പലങ്ങളിലും. വിപസന ഏറ്റവും ആവശ്യമുള്ളത് ഇന്ന് ക്രിസ്ത്യാനികള്‍ക്കാണ്. എന്നുവച്ചാല്‍‍, എല്ലാ തീവ്രവാദികള്‍ക്കും.


അവബോധത്തിലാകുക എന്നാല്‍, നിരീക്ഷിക്കുന്നവയില്‍ നിന്ന് അകലം കാക്കുക എന്നുകൂടിയാണ്. കാണപ്പെടുന്നതിന്റെ ഗുണദോഷങ്ങള്‍ നിരീക്ഷകനെ ബാധിക്കരുത് എന്ന് ചുരുക്കം. Vipassana is the art of making yourself detached. It is becoming equanimous towards what you observe and becoming aware of it without being affected by its qualities.
   
കൂടുതല്‍ വായിച്ചറിയാന്‍ താല്പര്യമുള്ളവര്‍ക്ക്: www.dhammagranth.com
Dhammapada: The Way of the Budha, vol. 11


The Art of Living (as taught by S.N. Goenka), William Hart. Available at Vipassana Research Institute, Dhammagiri, Igatpuri, Maharashtra, India)

ദാമ്പത്യനേട്ടം

മൂന്നര ദശാബ്ദദാമ്പത്യശേഷം
കെട്ട്യോള്‍ പറഞ്ഞു: കാന്താ,
ഒന്നു നില്‍ക്കൂ, എന്നിട്ട് ചൊല്ലൂ
എന്നെ കെട്ടിയതില്‍ നിന്റെ നേട്ടം?

വലിയ ഭാരമിറക്കിവയ്ക്കുമ്പോലെ 
അയാള്‍ പറഞ്ഞു: നേട്ടം മാത്രം -
നീ ചൊല്ലുമോരോ വാക്കും ഏറ്റം
വലിയ വിരക്തിയിലേയ്ക്കുള്ള
വഴി തുറക്കുന്നു, എനിക്കെപ്പോഴും.
അതെങ്ങനെ? ഏറിയ താല്പര്യത്തോടെ
അവള്‍ ചോദിച്ചു.

ചിന്തയില്‍ മുഴുകി അയാള്‍ പറഞ്ഞു:
നാമെല്ലാം വെറും കീടങ്ങളാണെന്നും
വിഡ്ഢിത്തമല്ലേ ഒരു കീടം മറ്റൊന്നിനോട്
തിമിര്‍ക്കുവതെന്നുമാണ് നിന്റെ-
യോരോ വാക്കുമെന്നെ പഠിപ്പിക്കുക.

എന്ത് കേട്ടാലും കാര്യമില്ലാത്ത പടാച്ചായി
തഴഞ്ഞുകളയാന്‍ ഇന്നെനിക്കാകുന്നു.
ഇതില്‍പ്പരം നേട്ടമെന്തുള്ളൂ, മനുഷ്യന്?
ഇതാണ് പ്രിയേ എന്റെ നിര്‍വൃതി.  ‌

ഇനി നിന്റെ നേട്ടം പറയൂ.
"ലക്ഷക്കണക്കിന്‌ പുരുഷപ്രജകളുണ്ടായിട്ടും
എന്റെ തലയില്‍ വന്നു കയറിയത്
ഈ ദുഷ്കീടമാണല്ലൊ' കടവുളേ!"

സ്വര്‍ഗം കിട്ടിയ വാശിയോടെ ഞാന്‍:

"മഹത്തായ സത്യം ചൊല്ലി നീ.
എന്റെ സര്‍വ്വഗ്രാഹ്യത്തിനു-
മപ്പുറത്തൊരു വെള്ളിവെളിച്ചം!
നന്ദി, നന്ദിയെന്നല്ലാതെ-
യോതുവതെന്തു ഞാന്‍, വേദാന്തീ!"

വിഹഗവീക്ഷണം

മേഘക്കീറുപോല്‍ മാരുതന്‍ചിറകില്‍ ‍
ലാഘവമായ് മെല്ലെ പറന്നും
താണുമുയര്‍ന്നും
കാണുക താഴത്തെ വിക്രിയകള്‍

മാനുഷമക്കടെ കോപ്രായങ്ങള്‍
മാറി മാറിയവര്‍ കെട്ടും
മാറാപ്പുകള്‍, മുഖംമൂടികള്‍
വാരിവാരിക്കൂട്ടുമുരുപ്പടികള്‍!

താഴേക്കിറങ്ങേണ്ടിവന്നാല്‍
താനേ, യരങ്ങില്‍നിന്നൊട്ടു മാറി
പിന്‍സീറ്റിലെങ്ങാനുമിരു-
ന്നീക്കളി കണ്ടൂറിച്ചിരിച്ചിടൂ

അതിലും രസമെന്തിരിപ്പൂ
മാലോകരേ, ജീവിതത്തില്‍?

വജ്രധൂളി


താപസമ്മര്‍ദ്ദങ്ങളേറെനാളേല്‍ക്കുകില്‍
മാറിടുമംഗതം പോലുമേ വൈരമായ്

കത്തിയെരിയുന്ന താരത്തിനുള്ളിലും
മിച്ചംവരുവതു വജ്രാര്‍ക്കമത്രേ
അഗ്നിശൈലങ്ങളാല്‍ ഭൂമിതന്നുള്‍ത്തടം
വജ്രഖനികളായ്ത്തീര്‍ന്നിടുന്നൂ ചിരാല്‍

വിരഹത്തിന്നത്ത്യുഗ്രതാപവും തീരാത്ത
മരണഭയത്തിന്റെയാമര്‍ദ്ദനങ്ങളും
നിശ്ചയം നിര്‍മ്മിക്കുമൊരു വജ്രധൂളിയെ-
യചിരേണയെന്‍ ലോല മാംസളഹൃത്തിലും.

E = mc² ജീവിതത്തില്‍


1969ല്‍ കേരളത്തില്‍ അത്ര പ്രചാരമില്ലായിരുന്ന ഒരു മാസികയില്‍ 'ചിന്തയും ജീവിതവും' എന്നൊരു കോളം 'സഞ്ജീവ്' എന്ന തൂലികാനാമത്തില്‍ ഞാനെഴുതിത്തുടങ്ങിയെങ്കിലും ഏതാനും പ്രതികള്‍ക്കുശേഷം അത് മുടങ്ങിപ്പോയെന്നാണ് ഓര്‍മ്മ. അന്നത്തെയെന്നെപ്പോലെ, യുവത്വത്തിലേയ്ക്ക് കാല്‍വയ്ക്കുകയും‍, അല്പമൊക്കെ ചിന്തിക്കാന്‍ കഴിയുമെന്ന് തോന്നിത്തുടങ്ങുകയും ചെയ്യുമ്പോള്‍, കാതലായ പലതും കണ്ടെത്തിയെന്നു ധരിച്ചുവശാകുന്നവര്‍ വിരളമല്ല. അവരെപ്പറ്റിയാകാം, ജീവിതത്തിന്റെ അര്‍ത്ഥം തിരയുന്നതോടെ ഒരാള്‍ മനോരോഗിയായിത്തീരുന്നു എന്ന് കീര്‍കെഗോര്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ വാക്കുകളെ ഇങ്ങനെ പൂര്‍ത്തീകരിക്കാന്‍ തോന്നുന്നു: ജീവിതത്തിന് അതിന്റേതായ ഒരര്‍ത്ഥവുമില്ലെന്നു കണ്ടെത്തുന്നതോടെ, ഈ മനോരോഗം മാറുന്നു.

ആകാശഗോളങ്ങളുമായി എനിക്കും നിങ്ങള്‍ക്കും അഭേദ്യമായ ബന്ധമുണ്ട്.
കാരണം, സകലതിന്റെയും തുടക്കം ഒരൊറ്റ ബിന്ദുവില്‍ നിന്നാണ്. സമയം, ദൂരം, വേഗം എന്നൊക്കെയുള്ള പ്രതിഭാസങ്ങള്‍ തുടങ്ങിയത്  900 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നാണ് ശാസ്ത്രമതം. കടലിന്റെയും മലയിടുക്കുകളുടെയും വിദൂരതയിലേയ്ക്കു നോക്കിയിരിക്കുമ്പോള്‍, എങ്ങനെയോ, നമ്മുടെയാദിയിലേയ്ക്ക് സഞ്ചരിക്കുന്ന ഒരനുഭൂതി കിട്ടും. ജീവിതത്തില്‍ ഒരു വിശാലവീക്ഷണം തരപ്പെടുത്താന്‍ ഈ ശീലം സഹായിക്കുമെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സത്യത്തിന്റെ വ്യാഖ്യാനമാകാം, മണ്ണുതിന്ന ശ്രീകൃഷ്ണന്റെ വായ്‌ തുറന്നു നോക്കിയപ്പോള്‍, യശോദ ഈരേഴുപതിന്നാല് ലോകങ്ങളും കണ്ടുവെന്ന് പറയുന്നത്. അവനവന്റെ ഉള്ളിലേയ്ക്ക് നോക്കാന്‍ പഠിക്കുന്നവന്‍ കാണുന്നത് തന്നെത്തന്നെയും അസ്തിത്വത്തെ മുഴുവനുമാണ് എന്ന നമ്മുടെ ജ്ഞാനികളുടെ കണ്ടെത്തലും ഈ അറുതിയില്ലാത്ത പൊരുളാണ് ഉള്‍ക്കൊള്ളുന്നത്.

900 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് വിവരണാതീതമായ സാന്ദ്രതയുള്ള ഒരു ബിന്ദുവിലായിരുന്നു, സര്‍വ്വ ഭൌതികാസ്തിത്വവും. അതില്‍നിന്നാണ് ഇന്ന് നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ വിസ്ഫോടനം തുടങ്ങിയതെന്നാണ് കണക്കുകൂട്ടല്‍. ഈ വികാസം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെ
ന്നും വാനശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ നിരീക്ഷണമണ്ഡലത്തിനുള്ളില്‍ തുടക്കംപോലെ തന്നെ ഒടുക്കവും അസ്തിത്വത്തിന്റെ ഭാഗമാണ്. എല്ലാം ആദ്യബിന്ദുവിലേയ്ക്ക് തിരിച്ചുള്ള യാത്രയിലാണ് എന്നും പറയാം. ഇതിനെ ജീര്‍ണ്ണതയായി അനുഭവപ്പെടുന്നത് സ്ഥൂലപ്രപഞ്ചത്തിന്റെ സമയപരിധിക്കുള്ളില്‍ നില്‍ക്കുന്നവയുടെ മാത്രം നിയമമാണ്. നമുക്ക് സഹജമായ ഹൃസ്വദൃഷ്ടിയുടെ ഫലമാണത്. പ്രപഞ്ചത്തിലുള്ളതെന്തും, പുറപ്പെടുന്നിടത്തു തിരിച്ചെത്തുമെന്നതാണ് അസ്തിത്വത്തിന്റെ നിശ്ചിത നിയമമെങ്കിലും, അത് മനസ്സിലാക്കേണ്ടത്, ജീര്‍ണ്ണതയായിട്ടല്ല, മറിച്ച്, പരിണാമമായിട്ടാണ്; ഊര്‍ജ്ജം ദ്രവ്യമായും, ദ്രവ്യം ഊര്‍ജ്ജമായും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകസംഹാരിയായ കാലം ഞാന്‍ തന്നെയാണെന്ന് കൃഷ്ണന്‍ പറയുന്നത് ഈ ആശയത്തെ സ്ഥിരീകരിക്കുന്നതായി കാണാം. സമയത്തിനു 'a short history' മാത്രമേയുള്ളൂ. അതിനപ്പുറത്ത് timelessness ആണ്. കാണുന്നതും അനുഭവിക്കുന്നതുമെല്ലാം സമയത്തിനുള്ളില്‍ ഒതുക്കുക എന്നതു നമ്മുടെ സമയ-മണ്ഡലീയത്തിന്റെ പരിമിതികളിലൊന്നാണ്.  
 
ഒരു പ്രകാശരശ്മിയെ തൊടുത്തുവിട്ടാല്‍, അതെവിടെയവസാനിക്കും എന്ന് ചോദിക്കാം. അനന്ത വിഹായസില്‍, അനന്ത കാലത്തേയ്ക്ക് അതിനു സഞ്ചരിക്കാമോ? ഇല്ല, കാരണം, പ്രകാശത്തെ നിര്‍വിഘ്നം ഋജ്ജുരേഖയില്‍ പോകാന്‍ അനുവദിക്കാത്തത്ര ഗുരുത്വാകര്‍ഷണശക്തിയുള്ള തമോഗര്‍ത്തങ്ങള്‍ (dark matter) ഉള്‍ക്കൊള്ളുന്നതാണ് ബഹിരാകാശം. General Relativity Theory അനുസരിച്ച്, ഭീമാകാരമുള്ള ആകാശഗോളങ്ങളുടെ ഗുരുത്വാകര്‍ഷണം മൂലം പ്രകാശം വളയ്ക്കപ്പെടും. ഇങ്ങനെ വളഞ്ഞു വളഞ്ഞ്, അത് തിരിച്ചിടത്തുതന്നെ എത്തും.

 
മനുഷ്യനുള്‍പ്പെടെ ദ്രവ്യമാനമുള്ളയെ എന്തിനും ഇതുതന്നെ സംഭവിക്കുന്നു എന്ന് പറയാം. ജനനത്തോടെ നമ്മില്‍ അങ്കുരിക്കുന്ന അല്‍പബോധം, ചുറ്റുപാടുകളില്‍ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്നു. ഈ ബോധമാണ് മനുഷ്യനെ സ്ഥൂലതയിലൂടെ കൊണ്ടുപോയി സൂക്ഷ്മതയിലേയ്ക്ക് നയിക്കുന്നത്. സാമാന്യബുദ്ധിക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം, സ്ഥൂലതയെ നിയന്ത്രിക്കുന്നത്‌ ത്രിമാനങ്ങളാണ്. നമ്മുടെ ഭൌതികമായ എല്ലാ അറിവിന്റെയും നിലവാരം നിര്‍ണ്ണയിക്കുന്നത് ഇവയാണ് (Newton). ചുരുക്കം ചിലര്‍, മേധയുടെ ശക്തിപ്രഭാവത്തിലൂടെ, ത്രിമാനങ്ങള്‍ക്കപ്പുറത്തു കടന്ന്, ത്രിമാനങ്ങളോട് കാലത്തെയും കൂടി ചേര്‍ത്തു ചിന്തിച്ച്, (Einstein) മനുഷ്യന്റെ അടിസ്ഥാനപരമായ അങ്കലാപ്പിനെപ്പറ്റി മനസ്സിലാക്കുന്നു. എന്നാല്‍, ഈ കാലബോധത്തെ മറികടന്ന്, ദ്രവ്യമയമായ വസ്തുബോധത്തില്‍ നിന്നുയരാനാകുന്നവര്‍, മനസ്സിന്റെ പരിമിതികളെ തോല്‍പ്പിച്ച്, (മുക്തി നേടി) ജ്ഞാനികളാകുന്നു. ഐന്‍ഷ്‌റ്റൈന്‍ (പൊതുവേ, ഐന്‍ സ്റ്റൈന്‍ എന്നാണെഴുതാറുള്ളതെങ്കിലും, ഐന്‍ഷ്‌റ്റൈന്‍ ആണ് ശരി, അതായത്, ജര്‍മന്‍ ഉച്ചാരണം.) കണ്ടെത്തിയ ആപേക്ഷികതാസിദ്ധാന്തങ്ങളിലൂടെ തെളിഞ്ഞുവന്നപ്പോഴാണ്, അതുവരെയുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകള്‍ക്ക് ആകാശത്തിന്റെ പരിസീമകളില്‍ യാതൊരു പ്രസക്തിയും ഇല്ലെന്നു വ്യക്തമായത്. അതായത്, ദെകാര്‍ത്തിന്റെയും ന്യൂട്ടന്റെയും കണ്ടെത്തലുകള്‍ പ്രപഞ്ചവിജ്ഞാനീയത്തിന്റെ ആദ്യപടികള്‍ മാത്രമായിരുന്നുവെന്നും, സൂക്ഷ്മപ്രപഞ്ചത്തെ ഭരിക്കുന്ന നിയമങ്ങള്‍ അനിശ്ചിതത്വത്തിന്റേതാണെന്നും ഉരുത്തിരിഞ്ഞു വന്നത്. പക്ഷേ, അത് അനിശ്ചിതമാണെന്നു തോന്നുന്നത്, സ്ഥൂലത്തില്‍ നിന്ന് കാലും മനസ്സും പറിക്കാനാകാത്തവര്‍ക്കാണ്. നമ്മുടെയൊക്കെ സ്ഥിതി അതാണല്ലോ. 

പൊതു ആപേക്ഷികതാസിദ്ധാന്തമെന്നു പറഞ്ഞാല്‍ എന്താണ്? അത് ചെയ്യുന്നത്, ഏത്‌ സംഭവത്തെയും അതിന്റെ തനതായ സ്ഥല-കാലബന്ധത്തില്‍ തളച്ചിടുകയാണ്. അതായത്, ഒരു സംഭവം അതില്‍ പങ്കുപറ്റുന്നവയുടെ സ്ഥലകാലാനുഭവത്തെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. പുറത്ത് നിന്നുകൊണ്ട് അതിനെ നിരീക്ഷിക്കുന്നയാള്‍ക്ക് അതിന്റെ കൃത്യമായ സ്ഥലവും കാലവും നിര്‍ണ്ണയിക്കാനാവില്ല. ഉദാ: ഒരു സിനിമയുടെ റീല്‍ തക്കതായ വേഗത്തിലും അതിന്റെ ഇരട്ടി വേഗത്തിലും ഓടിച്ചാല്‍ സ്ക്രീനില്‍ കാണുന്ന വ്യത്യാസം നമുക്കറിയാം. രണ്ടാമത്തേത് നമുക്ക് ഒരര്‍ത്ഥവും നല്‍കുന്നില്ല. സ്ഥൂല- സൂക്ഷ്മപ്രപഞ്ചങ്ങളില്‍ ഇതേപോലെ വ്യത്യസ്തമായാണ് സ്ഥലകാലങ്ങള്‍ പെരുമാറുന്നത് എന്ന് വേണമെങ്കില്‍ പറയാം. അതുപോലെ, ഭൂമിയിലെ സ്ഥലകാലമല്ല ഭൂമിക്കു വെളിയില്‍. പ്രകാശവേഗത്തെ വെല്ലുന്നതൊന്നും നമ്മുടെറിവിന്റെ പരിധിയില്‍ ഇല്ലെന്നാണ് ഐന്‍ഷ്‌റ്റൈന്റെ വാദം. ആ വേഗത്തെ മറികടന്നാല്‍, നിശ്ചലതയാണ് - അതായത്, വേഗമെന്നത് അപ്രസക്തമാകുന്ന അവസ്ഥ. അതോടേ, തുടക്കം, ഒടുക്കം എന്നിവ അര്‍ത്ഥമില്ലാത്ത സങ്കല്പങ്ങളായിത്തീരുന്നു. ഈ വിഷയം സാധാണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ എഴുതിയിട്ടുള്ള ഒരാള്‍ ആര്‍. ഗോപിമണിയാണ്. (പ്രപഞ്ചവും മനുഷ്യനും, ആകാശത്തിനുമപ്പുറം എന്നും മറ്റുമുള്ള അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്.) വസ്തുവെന്നത് ആത്യന്തിക വിശകലനത്തില്‍ അതിസൂക്ഷ്മമായ ഊര്‍ജ്ജമാണ്. ഇതെന്തെന്നുള്ള തിരച്ചിലാണ് ശാസ്ത്രത്തെ ക്വാണ്ടം ബലതന്ത്രത്തിലെത്തിച്ചത്. അതിന്റെ അങ്ങേയറ്റമാണ് തന്ത്രി-സിദ്ധാന്തം. String Theoryയെപ്പറ്റി താഴെയും അനന്തതയുടെ ചുരുളുകള്‍ എന്ന ലേഖനത്തിലും കൂടുതല്‍ പറയേണ്ടിവരും.


ന്യൂട്ടന്റെ 'സ്ഥിരപ്രപഞ്ചം' അത്രയൊന്നും സ്ഥിരമല്ലെന്ന് തെളിയിച്ചത്, വികിരണങ്ങളുടെ കണികസിദ്ധാന്തം അവതരിപ്പിച്ച മാക്സ് പ്ലാങ്കാണ്. വസ്തുവിന്റെ സൂക്ഷ്മതലത്തിലുള്ള ഊര്‍ജ്ജരൂപം എപ്പോഴും ക്വാണ്ടങ്ങളായിട്ടാണ് വികിരണം ചെയ്യപ്പെടുന്നത് എന്നദ്ദേഹം തെളിയിച്ചു. Quantum ലത്തീന്‍ വാക്കാണ്‌. ഉള്ളത്, അളവ്, പൊതി എന്നൊക്കെയാണ് വിവക്ഷ. Quantum mechanics explains the behaviour of matter and its interactions with energy on the scale of atoms and subatomic particles. വസ്തുവിന്റെ സൂക്ഷ്മരൂപം, അണുവിന്റെ തലത്തിലും അതിനപ്പുറത്തും, ഉള്ളിലെന്തെന്ന് വെളിപ്പെടുത്താത്ത 'പൊതി'കളാണ്. ഊര്‍ജ്ജത്തിന്റെ സൂക്ഷ്മഭാവം ഈ പൊതികളാണ് എന്നറിയാമെങ്കിലും, അതിന്റെ രൂപമെന്തെന്ന് ഇനിയും അത്ര വ്യക്തമായിട്ടില്ല. ഇവിടെ വ്യക്തതക്കു ശ്രമിച്ചവരില്‍ പ്രധാനി വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ് ആണ്. ഊര്‍ജത്തിന്റെ ഒരു രൂപമാണ് പ്രകാശം. ഈ പ്രതിഭാസത്തിനു കാരണം ഫോട്ടോണ്‍ ആണെന്നുമറിയാം. സൂര്യന്‍ എന്ന നക്ഷത്രത്തിലെ ഹൈഡ്രജന്‍ കത്തി ഹീലിയമായി മാറുമ്പോളാണ് ഫോട്ടോണ്‍ വിഗിരണം ചെയ്യപ്പെടുന്നത്. ഫോട്ടോണ്‍ ഒരേ സമയം കണമായും തരംഗമായും ചരിക്കുന്നു എന്ന കണ്ടെത്തലില്‍നിന്നാണ് ഹൈസെന്‍ബെര്‍ഗിന്റെ Uncertainty Principle (അനിശ്ചിതത്വ തത്ത്വം) ഉടലെടുത്തത്. ഇലെക്ട്രോന്‍ പോലുള്ള സബ്-അറ്റോമിക് കണങ്ങള്‍ പെരുമാറുന്നതും ഇങ്ങനെയാണ്. കണം എന്നത് ക്വാണ്ടംലോകത്തിന്റെ വസ്തുസ്വഭാവമാണെങ്കില്‍, തരംഗം എന്നത് അതിന്റെ ചലനസ്വഭാവമാണ്. എന്നാല്‍ എല്ലാ ഭാവനയെയും ശിഥിലമാക്കുന്നത്, ഈ തരംഗങ്ങള്‍ ശുദ്ധ ശൂന്യതയിലാണ് എന്നതാണ്. അപ്പോള്‍, ഈ പ്രപഞ്ചം ഒരേ സമയം ഉള്ളതും ഇല്ലാത്തതുമാണ്. കാരണം, quanta (quantum എന്ന വാക്കിന്റെ ബഹുവചനം) ഭൌതികമായ യാതൊരു വസ്തുസ്വഭാവവും ഉള്ളവയല്ല. അവ വസ്തുക്കള്‍ക്ക് ദ്രവ്യത്തിന്റെ തോന്നലുളവാക്കുന്ന വെറും സ്ഥല-കാലപ്രതിഭാസങ്ങള്‍ മാത്രമാണ്. ഭൌതികശാസ്ത്രത്തിന്റെ കണ്ടെത്തലാണ്, എല്ലാവും തന്മാത്രകളാല്‍ (molecules) നിര്‍മ്മിതമാണെന്നത്. തന്മാത്രകള്‍ അണുക്കളെ (atoms) ഉള്‍ക്കൊള്ളുന്നു. വലുപ്പമോ തൂക്കമോ ഇല്ലെന്നു തന്നെ പറയാവുന്ന അണുക്കള്‍ക്കുള്ളില്‍ ചീറിപ്പായുന്നതോ ക്വാണ്ട. അതുകൊണ്ടാണ് നേരത്തേ സൂചിപ്പിച്ചത്, വസ്തുക്കളെന്നത് ആത്യന്തികമായി സ്ഥല-കാലപ്രതിഭാസങ്ങളുടെ പ്രതിഫലനം മാത്രമാകുന്നു എന്ന്. 



തങ്ങളുടെ സാമാന്യബുദ്ധിക്കു ദഹിക്കാത്തവയാണെന്ന കാരണത്താല്‍ ഈ വിവരങ്ങള്‍ അസ്വീകാര്യമാണെന്ന് പറയുന്നവരാകാം ബഹുഭൂരിപക്ഷവും. എന്നാല്‍, ഇത്തരം ശാസ്ത്രീയ വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് അല്പം കൂടി വിശദീകരണം ലഭിക്കാന്‍ ആഗ്രഹം കാണും. അവര്‍ക്കായി സ്ട്രിംഗ് തീയറിയുടെ അന്തരാളങ്ങള്‍ ചുരുക്കിപ്പറയാം. പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങള്‍ (ഊര്‍ജ്ജങ്ങള്‍‍) ഇവയാണ്: ഗുരുത്വാകര്‍ഷണബലം - (gravitational force), വിദ്യുദ്കാന്തികബലം - (electro-magnetic force), പ്രോട്ടോണും ന്യൂട്രോനും തമ്മില്‍ ബന്ധിതമാക്കുന്ന ആണവബലം - (the strong atomic force), ഉറപ്പേറിയ ചില മൂലകങ്ങളിലെ പ്രോട്ടോണുകള്‍ വിഘടിച്ചുണ്ടാകുന്ന ശക്തികുറഞ്ഞ ആണവബലം - (the weak atomic force). ഇവയില്‍ അവസാനത്തെ മൂന്നും ചേര്‍ന്ന് atomic force എന്നറിയപ്പെടുന്നു. ഇതിന് തുല്യവും, എന്നാല്‍ നേര്‍ വിപരീതവുമാണ് ഗുരുത്വാകര്‍ഷണബലം. ഗുരുത്വാകര്‍ഷണബലം negative ആണെങ്കില്‍, ആറ്റത്തിന്റെ ശക്തി positive ആണ്. അകലുംതോറും കുറയുന്നു എന്നയര്‍ത്ഥത്തിലാണ് negative എന്ന് പറയുന്നത്. അങ്ങനെയായതിനാല്‍, ഇവ രണ്ടും പരസ്പരം നിരാകരിക്കുന്നതിനാല്‍, പ്രപഞ്ചത്തിലെ മൊത്തയൂര്‍ജ്ജം പൂജ്യമാണ്. സ്ട്രിംഗ് തീയറിയനുസരിച്ച്, സ്ഥല-കാല-വസ്തു-പ്രതിഭാസമെന്ന നിലക്ക് ഈ പ്രപഞ്ചം ശൂന്യമാണ്.

String theory യുമായി ബന്ധിപ്പിച്ച്, അല്പം കൂടി വെളിച്ചം വീശാന്‍ രണ്ടുപമകള്‍കൂടി കൊണ്ടുവരട്ടെ. അതില്‍ ആദ്യത്തേത്, പ്രപഞ്ചത്തെ ഒരു വയലിനോടുപമിക്കുകയാണ്. നാല് തന്ത്രികളാണ് വയലിനുള്ളത്. ഇവയിലോരോന്നും നമ്മള്‍ കണ്ട നാല് ബലങ്ങളാണെന്നു സങ്കല്‍പ്പിക്കുക. അവയില്‍ സര്‍ഗപ്രഭാവനായ ഒരു സംഗീതജ്ഞന്‍ വിരലോടിക്കുമ്പോള്‍, ഒരു സിംഫണിയിലെന്നപോലെ തരംഗങ്ങള്‍ ഉണ്ടാവുകയും അതില്‍നിന്ന് വസ്തുപ്രപഞ്ചം ഉദ്ഭൂതമാകുകയും ചെയ്യുന്നു. ശൂന്യത തന്നെയായ quanta എന്തെന്ന് മനസ്സിലാക്കാന്‍, അതിനെ നമുക്ക്  ഈ പറഞ്ഞ നാദപ്രപഞ്ചത്തിന്റെ സ്വ
രാഗമായി കണക്കാക്കാം. രാഗമില്ലാതെ സംഗീതമില്ല, പക്ഷേ, സംഗീതത്തില്‍ രാഗം അതിന്റെ സ്വഭാവഗുണം അറിയിക്കുന്നതല്ലാതെ, അതെന്തെന്നു വെളിപ്പെടുത്തുന്ന മറ്റൊന്നും അതിലില്ല. അതുപോലെയാണ് quantum mechanics എന്ന നിയമസംഹിതയും അവയുടെ അനുസാരവും.
        
E = mc²
എന്നത്  ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും പ്രഖ്യാതമായ ശാസ്ത്രസമവാക്യമാണ്. ശാസ്ത്രപുരോഗതിക്കു മാത്രമല്ല, ഒരു ഭൂഖണ്ഡത്തിലെ ലക്ഷക്കണക്കിനുള്ള ജീവജാലങ്ങളെ നിമിഷനേരം കൊണ്ട് ചുട്ടുകരിച്ചുകളയാന്‍ പോരുന്ന ന്യൂ ക്ലിയര്‍ ബോംബുകള്‍ക്കു വഴിതെളിച്ചതും ഈ സമവാക്യമാണ്. എന്താണ് ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢജ്ഞാനം എന്ന് അറിയുന്നവര്‍ ശാസ്ത്രജ്ഞരല്ലാത്തവരില്‍ വിരളമാണ്. മലയാളത്തില്‍ അത് വിശദീകരിക്കാന്‍ ഒരുമ്പെടുക എത്ര വിജയിക്കുമെന്ന് പറയാനാവില്ലെങ്കിലും, ഒന്നു ശ്രമിക്കുന്നത് ഈ വിഷയങ്ങളില്‍ കൂടുതല്‍ വിവരമുള്ളവര്‍ ക്ഷമിക്കുമെന്ന് കരുതാം. E = mc² ന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കിയാല്‍, നാമറിയുന്ന പ്രപഞ്ചത്തിന്റെയെങ്കിലും സൃഷ്ടിയുടെ അഗാധതയിലേയ്ക്കുള്ള ഒരെളിയ എത്തിനോട്ടമായിരിക്കും ഫലം എന്നത് തീര്‍ത്തുപറയാവുന്ന കാര്യമാണ്. ഐന്‍ഷ്‌റ്റൈന്‍ ആണ് ഇതിന്റെ ഉപജ്ഞാതാവെങ്കിലും, ഈ സമവാക്യത്തിലുള്കൊണ്ടിരിക്കുന്ന രഹസ്യത്തിന്റെ കണ്ടെത്തലിനു വളരെപ്പേരുടെ സംഭാവനയുണ്ട്. എന്താണ് ഈ അക്ഷരങ്ങളും അക്കവും ദ്യോതിപ്പിക്കുന്നത് എന്ന് ആദ്യം നോക്കാം.

ഏവരും എല്ലായിടത്തും ഉപയോഗിക്കുന്ന വാക്കാണ് ഊര്‍ജ്ജം. പക്ഷേ, എന്താണത്? ജോലി ചെയ്യാനുള്ള കഴിവ് എന്ന് പറയാം. എല്ലാ ചലനത്തിലും ഊര്‍ജ്ജോപയോഗമുണ്ട്. എല്ലാ ചലനവും ഊര്‍ജ്ജത്തെ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. 2 kg തൂക്കമുള്ള ഒരു പന്ത് 50 km വേഗത്തില്‍ എറിഞ്ഞാല്‍,
mass x velocity = 100 യൂണിറ്റ് ഊര്‍ജ്ജം സൃഷ്ടിക്കപ്പെടും എന്ന് ഐസക് ന്യൂട്ടന്‍ പറയുമ്പോള്‍, ലൈബ്നിറ്റ്സ് അത് m x v² = 5000 യൂണിറ്റ് ആണെന്ന്‌ വാദിക്കും. ആരാണ് ശരിയെന്നു എങ്ങനെ കണ്ടെത്താം? ഇവിടെയാണ്‌ Emilie du Châtelet എന്ന ഫ്രഞ്ച് ഫിസിസിസ്റ്റിന്റെ സേവനം ഐന്‍ഷ്‌റ്റൈന്‍ ഉപയോഗപ്പെടുത്തിയത്. അവരാകട്ടെ സഹപ്രവര്‍ത്തകനായിരുന്ന Willem 'sGravesande ന്റെ പരീക്ഷണങ്ങളെയാണ് ആശ്രയിച്ചത്. പരീക്ഷണം ഇങ്ങനെ: ആഴമുള്ള, അയഞ്ഞ കളിമണ്ണിലേയ്ക്കു ഒരമ്പെയ്യുക. അതെത്രമാത്രം താഴ്ന്നുപോയി എന്ന് തിട്ടപ്പെടുത്തുക. ഇരട്ടി സ്പീഡില്‍ വീണ്ടും എയ്യുക. E = mv ആണ് ശരിയെങ്കില്‍, രണ്ടാം തവണത്തേ ദൂരം ആദ്യത്തെതിന്റെ ഇരട്ടിയായിരിക്കണം. മൂന്നിരട്ടി വേഗത്തില്‍ തറയ്ക്കുന്ന അമ്പ്‌ മൂന്നിരട്ടി താഴേയ്ക്കിറങ്ങണം. എന്നാല്‍, അതല്ല സംഭവിച്ചത്. ഇരട്ടി വേഗത്തില്‍ അയക്കപ്പെട്ട അമ്പ്‌ നാലിരട്ടിയും, മൂന്നിരട്ടി വേഗത്തില്‍ വിട്ടയമ്പ്‌ ഒമ്പതിരട്ടിയും കളിമണ്ണിലേയ്ക്കിറങ്ങി! അങ്ങനെയെങ്കില്‍, E = mv² ആണ് ശരിയായ സമവാക്യം. പ്രകൃതിയിലെ അടിസ്ഥാനപരമായ ഒരു നിയമമാണിത്. അതാണ്‌ ഐന്‍ഷ്‌റ്റൈന്‍ തന്റെ സമവാക്യത്തിലും ഉപയോഗിച്ചത്.  ഇത്ര പ്രധാനമായ ഒരു കണ്ടെത്തലിനുടമയായ ആ സ്ത്രീരത്നത്തെ ശാസ്ത്രചരിത്രം, പക്ഷേ, വിസ്മരിക്കുകയാണ് ചെയ്തത്. ശാസ്ത്രജ്ഞരായി പേരെടുത്ത പുരുഷകേസരികള്‍ അവരുടെ കൂടെയും തനിച്ചും പ്രവര്‍ത്തിച്ച്, വലിയ കണ്ടെത്തലുകള്‍ നടത്തിയ സ്ത്രീകളോട് ഇങ്ങനെ പലപ്പോഴും അനീതി കാണിച്ചിട്ടുണ്ട്.

ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ വെറും
E = mv അല്ലാ, മറിച്ച്, E = mv² ആണ് പ്രകൃതിനിയമം എന്നതിന് നിത്യജീവിതത്തില്‍ നിന്നൊരു നല്ലയുദാഹരണമുണ്ട്. 20 km സ്പീഡില്‍ പോകുന്ന ഒരു കാറിന്റെ നേരേയിരട്ടി ഊര്‍ജ്ജമല്ല 40 km വേഗത്തിലോടുന്ന മറ്റൊരു കാര്‍ വഹിക്കുന്നത്. നാലിരട്ടിയാണ് അതിന്റെ ഊര്‍ജ്ജം. അതുകൊണ്ടാണ്, ആദ്യത്തെ വണ്ടി നിറുത്താന്‍ വേണ്ടിവരുന്ന ബ്രെയ്ക്കിന്റെയും ദൂരത്തിന്റെയും നാലിരട്ടി രണ്ടാമത്തെ വണ്ടി നിറുത്താന്‍ ആവശ്യമായി വരുന്നത്. ഈ അറിവില്ലാതെ പോകുന്നതോ അതിനനുസരിച്ച് പെരുമാറാത്തതോ ആണ് വളരെയേറെ അപകടങ്ങള്‍ക്ക് കാരണമായിത്തീരുന്നത്. ഈ തത്ത്വവും ഐന്‍ഷ്‌റ്റൈന്‍ പ്രകാശവേഗത്തെ (c) തന്റെ സമവാക്യത്തില്‍ ഉപയോഗിക്കാനുണ്ടായ വഴിക്കണക്കുകളും വിശദമായി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് www.davidbodanis.com എന്ന ലിങ്ക് വളരെ പ്രയോജനപ്പെടും. ആധാരം: E = mc² - A Biography of the World's most famous Equation, David Bodanis, 2000, Macmillan.
 

ഐന്‍ഷ്‌റ്റൈന്റെ സമവാക്യത്തില്‍ v ക്കു പകരം c ആണ് ഉപയോഗിച്ചിരിക്കുന്നത്. velocity ക്കു പകരം അദ്ദേഹം അതിന്റെ ലത്തീന്‍, celeritas ആണ് തിരഞ്ഞെടുത്തത്. അങ്ങനെ ശാസ്ത്രത്തിലെ ഏറ്റവും പ്രധാന സമവാക്യം E = mc² ആയിത്തീര്‍ന്നു. E = ഊര്‍ജ്ജം, M = ദ്രവ്യമാനം, C = പ്രകാശവേഗം. ഊര്‍ജ്ജവും ദ്രവ്യവും തമ്മിലുള്ള സമാനതമൂലം, ചലനംകൊണ്ട് ഒരു വസ്തുവിന് കിട്ടുന്ന ഊര്‍ജ്ജം അതിന്റെ ദ്രവ്യമാനത്തെ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് അതിഭീമമായി വര്‍ദ്ധിക്കുന്നത്, ദ്രവ്യം പ്രകാശവേഗത്തോടടുത്ത വേഗത്തില്‍ ചലിക്കുമ്പോളാണ്. ഒരു യൂണിറ്റ് ദ്രവ്യം സെക്കന്റില്‍ 3'00'000 km വേഗത്തില്‍ തോടുത്തുവിട്ടാല്‍, പുറത്ത് വരുന്നത്, E =  mc² സമാവാക്യമനുസരിച്ച്, 900'000'000 യൂണിററ് ഊര്‍ജ്ജമാണ്! എന്നാല്‍, ഭൌതികപ്രപഞ്ചത്തില്‍ ഒന്നിനും ഈ വേഗം സാദ്ധ്യമല്ല എന്ന് ഐന്‍ഷ്‌റ്റൈന്‍ പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ സ്റ്റീവന്‍ ഹോക്കിങ്ങിന്റെ വിശദീകരണം നമുക്ക് കടമെടുക്കാം. "പ്രകാശവേഗത്തിന്റെ 10% വേഗത്തില്‍ ഒരു വസ്തുവിന്റെ ദ്രവ്യമാനം 0.5% മാത്രമേ കൂടുന്നുള്ളൂ. സ്പീട് 90%  ആയാല്‍, ദ്രവ്യമാനം ഇരട്ടിക്കും. അതിലും വേഗം കൂടിയാല്‍, ദ്രവ്യവര്‍ദ്ധനവ്‌ അതിഭീമമാകും. അപ്പോള്‍ പിന്നെയതിന്റെ വേഗം കൂട്ടാന്‍, അതിഭീമമായ ഊര്‍ജ്ജം വേണ്ടിവരും. പ്രകാശത്തിന്റെ വേഗത്തില്‍ എന്തിനെയെങ്കിലും ചലിപ്പിക്കുക എന്നത് അസാദ്ധ്യമാണ്, കാരണം, അപ്പോഴേയ്ക്കും ദ്രവ്യമാനം അനന്തമാകുമെന്നത് മാത്രമല്ല, അനന്തമായ ഊജ്ജവ്യയം വേണ്ടിവരുമെന്നുമാണ് അതിനര്‍ത്ഥം. അതുകൊണ്ട്, പ്രകാശത്തിനോ, അതുപോലെ ദ്രവ്യമാനം ഒട്ടുംതന്നെയില്ലാത്ത തരംഗങ്ങള്‍ക്കൊ മാത്രമേ ആ വേഗത്തില്‍ സഞ്ചരിക്കാനാവൂ." (A brief History of Time, chapter 2)           


ഏത്‌ ദ്രവ്യവും ഘനീഭവിച്ച ഊര്‍ജ്ജമാണ്. തക്കതായ സാഹചര്യത്തില്‍ ഊര്‍ജ്ജം ദ്രവ്യമായി മാറും. അതാണ്‌ പ്രപഞ്ചസൃഷ്ടിയുടെ രഹസ്യം. ദ്രവ്യവും ഊര്‍ജ്ജവും രണ്ടായി മനസ്സിലാക്കപ്പെട്ടിരുന്ന ഒരാശയലോകത്തില്‍, ഒന്നു മറ്റൊന്നിലേയ്ക്ക് മാറുമെന്നും, മൊത്തമൂര്‍ജ്ജം എപ്പോഴും സ്ഥിരമാണെന്നുമുള്ള ഉള്‍ക്കാഴ്ച നവീനമായിരുന്നു. ത്രസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാ ഊര്‍ജ്ജസംവിധാനമാണ് പ്രപഞ്ചമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ടു. ദ്രവ്യവും ഊര്‍ജ്ജവും ഒന്നുതന്നെയാണെന്ന് ശാസ്ത്രലോകത്തെക്കൊണ്ട് അംഗീകരിപ്പിച്ചത് E = mc² എന്ന സമവാക്യവും അതിന്റെ സ്ഥിരീകരണത്തിനായി നടത്തിയ പരീക്ഷണങ്ങളുമാണ്.

ഊര്‍ജ്ജം പ്രകമ്പിതമാണ്. ഓരോ തന്മാത്രയും ഒരൂര്‍ജ്ജപ്രവാഹമാണ്. ഓം (ഓങ്കാരം) അല്ലെങ്കില്‍ വചനം ആണ് സൃഷ്ടിയുടെ മൂലകാരണം എന്ന് പണ്ടു മുതലേ ജ്ഞാനികള്‍ പറഞ്ഞുവച്ചതിന്റെ പൊരുളും ദൃശ്യവുമദൃശ്യവുമായതിന്റെയെല്ലാം ഉത്ഭവം ബ്രഹ്മത്തില്‍നിന്നാണെന്നു പറയുന്നതും ഒന്നുതന്നെയാണ്. പ്രകാശമായി നാമറിയുന്ന പ്രതിഭാസം പ്രപഞ്ചോര്‍ജ്ജത്തിന്റെ ഒരു ഭാഗം മാത്രമാണ്. മനുഷ്യചൈതന്യത്തെ സ്പര്‍ശിക്കുന്നതെല്ലാം പ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു, ബാഹ്യതലത്തിലും ആന്തരികതലത്തിലും. ബാഹ്യതലത്തില്‍ ജീവനുത്തരവാദി സൌരോര്‍ജ്ജമാണ്. ആന്തരിക ചൈതന്യമെന്നത് അവബോധമാണ്. അതിനുത്തരവാദി ആത്മപ്രകാശമാണ്. അതാണ്‌ അറിവ് എന്ന പദം കൊണ്ട് മനസ്സിലാക്കേണ്ടത്. ആദ്യ നോട്ടത്തില്‍ നാം കാണുന്ന ലോകം ദ്രവ്യാത്മകമാണ്. ഇതാണ് അറിവിന്റെ ഒന്നാമത്തെ തലം. അവിടെ (യഥാ) ഇന്ദ്രിയം 'കാണുന്നതിന്' അതിന്റെ ഉടമസ്ഥന്‍ 'കൊടുക്കുന്ന' അര്‍ത്ഥം - യാഥാര്‍ഥ്യം - താല്‍ക്കാലികമായ വ്യവഹാരത്തിനായി മാത്രമുള്ളതാണ്. അതില്‍ മൌലികതയൊട്ടുമില്ല. രണ്ടാമത്തെ തലത്തിലേയ്ക്ക് കടക്കുകയെന്നാല്‍‍, ദ്രവ്യമായതൊക്കെയും (ഖരം, ദ്രവം, പ്ലവം, വാതകം) സ്ഥായിയായ പ്രപഞ്ചോര്‍ജ്ജമാണെന്ന കണ്ടെത്തലാണ്. ദൃശ്യപ്രപഞ്ചത്തിന്റെ വിസ്തൃതി സ്ഥിരമാണെന്ന് ആദ്യം കരുതിയ ഐന്‍ഷ്‌റ്റൈന്‍ പോലും ‌പിന്നീട് സമ്മതിക്കേണ്ടി വന്നു, അതു നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്. പക്ഷേ, അതിലെ ഊര്‍ജ്ജത്തിന്റെ അളവ് എപ്പോഴും ഒന്നുതന്നെ; അതിന്റെ പ്രതിഭാസങ്ങള്‍ മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്. അറിവിന്റെ മൂന്നാമത്തെ തലത്തില്‍, ഊര്‍ജ്ജലോകത്തെയും മറികടന്ന്, ഉള്ളതെല്ലാം, ആത്യന്തികമായി, ബോധവും അതിന്റെ പ്രതിഭാസങ്ങളുമാണെന്ന തിരിച്ചറിവുണ്ടാകുന്നു. ഈ പറഞ്ഞവ മൂന്ന് വ്യത്യസ്ത പ്രപഞ്ചങ്ങളാണെന്നു വേണമെങ്കില്‍ കരുതാം. ഇവയില്‍‍, താഴത്തെ രണ്ട് തലങ്ങളില്‍ ഉറച്ചുപോകുന്നവര്‍ക്ക് അതിനപ്പുറത്തേയ്ക്ക് കടക്കുക അത്രയൊന്നും എളുപ്പമല്ല. അതിലും ഉയര്‍ന്ന വേറൊരു തലം ഉണ്ടെന്നു ചിന്തിക്കുകതന്നെ അവര്‍ക്കു പ്രയാസമാണ്. നാമോരോരുത്തരുമറിയുന്ന ലോകം അവരവരുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനമാണ്.

ഇനിയൊരു നിമിഷം നമുക്ക് അനുദിനജീവിതത്തിലേയ്ക്ക് വരാം. വസ്തുക്കളോടുള്ള അമിതമായ ഭോഗവാസന മനുഷ്യനെ ക്രൂരനും പിശാചുമാക്കി മാറ്റുന്നത് നിത്യവും നാം കാണുന്നു. മറുവശത്ത്‌, ഈ ലോകവും അതിലെ ഭൌതികാകര്‍ഷണങ്ങളും യഥാര്‍ത്ഥത്തില്‍ ശൂന്യതയുടെ ഭാവങ്ങളാണെന്നും ജനി-മൃതികള്‍ ജീവനെന്ന രഹസ്യത്തിന്റെ എതോ നിഴലുകള്‍ മാത്രമാണെന്നുമുള്ള ഉള്ളറിവ് നേടി, അവയോട് അകലം കാത്തുസൂക്ഷിക്കാനുള്ള വിവേകം ആര്ജ്ജിക്കുന്നവരെയും നാം കണ്ടുമുട്ടുന്നു. ധനത്തിനു നല്‍കുന്ന മുന്തൂക്കവും, അസൂയ, വെറുപ്പ്‌, ഭയം എന്നിവയിലേയ്ക്ക് നയിക്കുന്ന ലാഭക്കൊതിയും അങ്ങേയറ്റത്തെ അജ്ഞതയുടെ ഫലമാണെന്നു മനസ്സിലാക്കാന്‍, വേണമെങ്കില്‍, ഇതുവരെ നാം പഠിച്ച ശാസ്ത്രതത്ത്വങ്ങള്‍ സഹായകരമാകും.

എഡിറ്റിംഗ് - എഴുത്തിന്റെ ശോധനം

ശ്രീ എന്‍.പി. മുഹമ്മദിന്റെ ഉള്‍വെളിച്ചം എന്ന ലേഖനസമാഹാരത്തിന്റെ അവസാനത്തെയദ്ധ്യായം 'എഡിറ്റിംഗ്' എന്ന കലയെപ്പറ്റിയാണ്‌. പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍, എനിക്ക് തോന്നിയത്, കഷ്ടം, ഈ പുസ്തകത്തിനും പ്രസിദ്ധീകരണത്തിനു മുമ്പ് എഡിററിംഗ് എന്ന ഭാഗ്യം സിദ്ധിച്ചില്ലല്ലോ എന്നാണ്.

തന്റെ രചന കഴിവുള്ള ഒരെഡിറ്റര്‍ക്ക് കൈമാറുംമുമ്പ്, എഴുത്തുകാരന്‍ തന്നെ ആശയങ്ങളുടെ ഒഴുക്ക്, ഭാഷാശുദ്ധി, വിനിമയത്തിലെ ലാളിത്യം എന്നിവയൊക്കെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതൊക്കെ കഴിഞ്ഞും ബാക്കിയിരിക്കുന്ന കുറവുകളെ കണ്ടെത്തുകയാണ് എഡിറ്ററുടെ ജോലി. പലപ്പോഴും എഴുത്തിനേക്കാള്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നത് എഡിറ്റിംഗ് ആയിരിക്കും. ഏതു കൃതിയും അമൂല്യമാകുന്നത് എഡിറ്റിംഗിലൂടെയാണ്.

അച്ചടിക്കുമുമ്പ് എത്രയാവര്‍ത്തി വായിച്ചാലും, ഒരെഴുത്തുകാരനും സ്വന്തം ഭാഷാവൈകല്യങ്ങളിലേയ്ക്ക് കൃത്യമായ ഉള്‍ക്കാഴ്ച കിട്ടുകയില്ല. അവിടെയാണ് ഒരെഡിറ്റര്‍ അനിവാര്യമാകുന്നത്. എഡിറ്റര്‍ക്ക് പുസ്തകമെഴുതിയ ആളെക്കാള്‍ നല്ല ഭാഷ വേണം; നിരൂപണശക്തിയും നയവും വേണം. അഹംഭാവിയായ എഴുത്തുകാരന്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി അയാളെ ബോദ്ധ്യപ്പെടുത്താനുള്ള തന്റേടം വേണം. അതിനായി അവരുടെ ആദരവും വിശ്വാസവും നേടാന്‍ കഴിയുന്നയാളായിരിക്കണം, എഡിറ്റര്‍. ഒരു കൊല്ലം മുഴുവനൊരുമിച്ചിരുന്ന് ഒരെഡിറ്ററും ഗ്രന്ഥകര്‍ത്താവും കൂടി ഒരു പുസ്തകത്തെ പ്രസിദ്ധീകരണയോഗ്യവും സുന്ദരവുമാക്കിയെടുത്ത കഥ പോലും വിദേശത്തുണ്ട്‌. പുസ്തകത്തെ സംശോധന ചെയ്യുന്നതിലൂടെ, അതിനായി, എഡിറ്റര്‍ക്ക് ഗ്രന്ഥകര്‍ത്താക്കളുമായി ഇടപെടേണ്ടി വരും. പുസ്തകത്തിന്റെ ഉള്ളടക്കത്തിന് ശക്തരൂപം നല്‍കുക എന്നതാണല്ലോ ലക്ഷ്യം.

ഇവിടെ എഴുത്തുകാരന്‍, കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നപോലെ ഓരോന്നിറക്കുന്നു. സ്വന്തമായിരിക്കാം, തര്‍ജ്ജമയായിരിക്കാം; മുടക്കുന്ന പണം നഷ്ടമായ തോന്നല്‍ മാത്രമാണ് മിക്കപ്പോഴും വായനക്കാരന് ബാക്കി. ഉദാഹരണങ്ങള്‍ എത്ര വേണം? ദൈവത്തെ എങ്ങനെ അറിയാം (How to know God, Deepak Chopra, വിവ. പ്രമീളാ ദേവി, പ്രസാ. റോയി ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍) എന്ന കൃതി ഇംഗ്ലീഷില്‍ best seller ആണ്. അതിന്റെ മലയാളവിവര്‍ത്തനം വായിച്ചുതുടങ്ങുമ്പോള്‍ കാണാം എഡിറ്റിംഗിന്റെ പോരായ്മ. ഭാഷ മോശം, പ്രൂഫ്‌ റീടിംഗ് നടത്തിയതിന്റെ ഒരു മട്ടുമില്ല. ഡോ. ചെറിയാന്‍ ഈപ്പന്റെ പ്രസാധകക്കുറിപ്പിന്റെ ഒരു താളില്‍ തന്നെ ഒരു ഡസനില്‍ കൂടുതല്‍ ഭാഷാവൈകൃതങ്ങള്‍‍! അച്ചടിപ്പിശകുകള്‍ക്ക് എണ്ണമില്ല. ഇത്തരമനുഭവമുണ്ടായാലും, ഒരു നിരൂപകനും ഉള്ളതു പറയാനുള്ള ആര്‍ജജവം കാണിക്കാറില്ല. അന്യോന്യം പുകഴ്ത്തലാണ് ഏവരുടെയും പരിപാടി. എറിയ കൂറും തനതുപക്ഷീയമായിരുന്നെങ്കിലും, എഴുത്തുകാരോട് വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന ഒരാളുണ്ടായിരുന്നു - എം. കൃഷ്ണന്‍നായര്‍. അദ്ദേഹത്തിന്‍റെ വേര്‍പാടിന് ശേഷം, പൂച്ചയില്ലാത്ത വീട്ടിലെ എലികളെപ്പോലെ, ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഇന്നാരെയും ഭയമില്ല! പ്രസാധകര്‍ക്കാകട്ടെ, വിറ്റഴിക്കാന്‍ കൊള്ളാവുന്ന കൃതികളുടെ എണ്ണം കഴിവത് കൂട്ടണമെന്നല്ലാതെ, മുദ്രണത്തില്‍ മേന്മ പുലര്‍ത്തണമെന്ന് അല്പമെങ്കിലും നിര്‍ബന്ധമുഉള്ളതായി തോന്നുന്നില്ല. ഉള്ളടക്കത്തിലും ഭാഷയിലും മുദ്രണത്തിലും മേന്മ്മ പുലര്‍ത്തുന്ന ഒരു കൃതി കൈയില്‍ കിട്ടിയിട്ടു നാളുകളായി. ആശയവിനിമയത്തേയും വായനയേയും സഹായിക്കുന്ന വിധത്തില്‍ വിരാമചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലും പ്രഗത്ഭരല്ല, മിക്ക മലയാളി രചയിതാക്കളും. എങ്ങനെ തട്ടിക്കൂട്ടിയതായാലും, എത്ര ബുദ്ധിമുട്ടി വാക്യങ്ങളുടെ ഉള്ളടക്കം കണ്ടെത്തേണ്ടി വന്നാലും, ഒരു പ്രതികരണവും അനുവാചകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല എന്നതുകൊണ്ട്, ആര്‍ക്കും എന്തും ആകാമെന്ന രീതിയാണ് ഇന്ന് ഈ നാട്ടിലെ സാഹിത്യരചനയില്‍ പരക്കെ കാണുന്നത്. നല്ലയാശയങ്ങള്‍ പങ്കുവയ്ക്കാനുള്ളവര്‍ പോലും, ഇത്തരം അപാകതകള്‍ മൂലം, അവരുടെ കൃതികളെ വെറും രണ്ടാംതരത്തെക്കാള്‍ താഴ്ന്ന സൃഷ്ടിയാക്കിത്തീര്‍ക്കുന്നത് പരിതാപകരമാണ്. പലപ്പോഴും നമ്മുടെ പ്രഖ്യാതരായ എഴുത്തുകാരുടെ കൃതികള്‍ക്കുപോലും തനതായ സുകൃതം ഇല്ലാതെപോകുന്ന ദുരവസ്ഥ ശരിയായ എഡിറ്റിംഗില്ലാതെ അവ വെളിച്ചംകാണുന്നു എന്നതുകൊണ്ടാണ്.

വായനയില്‍ എന്നെ സ്ഥിരം അലട്ടുന്ന ചില കുറവുകള്‍ ഇവിടെ എടുത്തെഴുതുകയാണ്. ഇതിലൂടെ ഒന്നു കണ്ണോടിക്കുന്നത് ചിലര്‍ക്കെങ്കിലും ഉപകരിക്കാനിടയുണ്ട് എന്ന വിശ്വാസമാണതിനെന്നെ പ്രേരിപ്പിക്കുന്നത്. ഇവയില്‍ ഏറിയ ഭാഗവും പലപ്പോഴായി മുതിര്‍ന്നതും അല്ലാത്തവരുമായ എഴുത്തുകാര്‍ക്ക് നേരിട്ട് ഞാന്‍ കൈമാറിയിട്ടുള്ള കാര്യങ്ങളാണ്. ചിലരൊക്കെ നിര്‍ദോഷമായ എന്റെ കുറിപ്പുകള്‍ കണ്ടതായേ നടിച്ചില്ല. ഏതാനുംപേര്‍ നന്ദിയോടെ അവ സ്വീകരിച്ചു. രണ്ടും അപ്രസക്തമാണ്; ഭാഷ മേന്മയുള്ളതാകണം എന്നതാണ് പ്രധാനം. തങ്ങള്‍ക്കിഷ്ടമുള്ള ഗ്രന്ഥകര്‍ത്താക്കളും കോള (column)മെഴുത്തുകാരും ഒരു വാക്ക് അല്ലെങ്കില്‍ പ്രയോഗം തെറ്റിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, സാധാരണക്കാര്‍ അവയെ അനുകരിക്കുന്നു; തെറ്റായ ഭാഷാരീതികള്‍ അങ്ങനെ സ്ഥിരീകരിക്കപ്പെടുന്നു. ഇത് ഭാഷക്ക് വല്ലാത്ത ക്ഷീണമാണുണ്ടാക്കുന്നത്. തീരെ ബാലിശവും ദയനീയവുമായ ഭാഷാവികലതകള്‍ സൃഷ്ടിച്ചുവിടുന്നത് ഇന്നത്തെ സിനിമാ- റ്റി.വി.വ്യവസായങ്ങളിലെ അവതാരകരും അഭിനേതാക്കളുമാണ്. ബഹുജനവും വിവരമില്ലാത്ത എഴുത്തുകാരും അവരെ കോപ്പിയടിക്കുന്നു. അങ്ങനെ ശുദ്ധമായ ഭാഷ അന്യംനിന്നുപോകുമെന്നത് ഒരു സത്യമാണ്.

ഉദാഹരണങ്ങള്‍: ഭാഷാപ്രയോഗങ്ങളിലെ തെറ്റുകളെക്കാള്‍ തിരുത്താന്‍ പ്രയാസം അനുകരണഭ്രമത്തിലൂടെ ഉടലെടുക്കുന്ന ഭാഷാസങ്കരങ്ങളില്‍ വന്നുഭവിക്കുന്ന വൃത്തികേടുകളാണ്.

1. എങ്ങനെ വന്നുഭവിക്കുന്നു എന്നറിയില്ല, fees, buttons, drinks എന്നിങ്ങനെ കടമെടുത്ത ചില പദങ്ങള്‍ക്കുള്ള സാധാരണ ഉപയോഗം ഏകവചനത്തില്‍ മതിയാകുന്നിടത്തും ബഹുവചനം പറഞ്ഞാലേ ശരിയാകൂ എന്നൊരു ധാരണ പൊതുവേയുണ്ട്. പല 'fees' ഉദ്ദേശിക്കുന്നില്ലെങ്കില്‍, 'ഫീ' എന്ന ഏകവചനംകൊണ്ട് നിറുത്താം. ഒരൊറ്റ ബട്ടന്‍ തുന്നണമെങ്കിലും, 'ഈ ബട്ടന്‍സ് ഒന്നു പിടിപ്പിച്ചു തരാമോ എന്നേ ചിലര്‍ ചോദിക്കൂ!

2. column കോളം ആണ്. എന്ന് വച്ച്‌ , columnist കോളമിസ്റ്റ് ആകില്ല, കോളമ്നിസ്റ്റ് ആണ് ശരി. വളരെ വലിയ എഴുത്തുകാരെല്ലാം തന്നെ ഈ തെറ്റു വരുത്താറുണ്ട്. തിരുത്തിക്കൊടുത്തിട്ടും തെറ്റാവര്‍ത്തിക്കുന്നു. ശ്രീ ചാക്കോ കളരിക്കൽ മാത്രം കോളമ്നിസ്റ്റ് എന്ന് ശരിയായി എഴുതിയത് കണ്ടപ്പോൾ സന്തോഷം തോന്നി.

3. ഇംഗ്ലീഷ് ഭാഷയിലെ വിവേചക ഭേദകമായ 'the' ഭാഷാന്തരത്തിലും ഉച്ചാരണത്തിലും ദ, ദ്, ദി എന്നൊക്കെ തോന്നുംപോലെ ആക്കുന്നവര്‍ ഈ നിയമം ഓര്‍ത്തിരിക്കുന്നത് നന്ന്: സ്വരത്തിനും (vowel) h ക്കും പിന്നില്‍ 'the' നില്‍ക്കുമ്പോള്‍ ഉച്ചാരണം ദി. അല്ലാത്തിടത്തൊക്കെ ദ. 'ഫോര്‍ ദി പീപ്ള്‍', ബൈ ദി പീപ്ള്‍' എന്നൊക്കെ സിനിമയ്ക്ക് പേരിടുന്നവരെപ്പറ്റി ഒന്നും മിണ്ടാതിരിക്കുകയാണ് മെച്ചം. ഇംഗ്ലീഷ് 'th' ന്റെ ഉച്ചാരണം കേട്ടു പഠിക്കാതെ വശമാകില്ല. ഏതായാലും, ദയ, ദിക്ക് എന്നീ വാക്കുകളിലെ സ്വരമല്ലത്.

4. കോളമ്നിസ്റ്റ് പലര്‍ക്കും കോളമിസ്റ്റ് ആകുന്നതുപോലെ, ഫിസിസിസ്റ്റ് എന്ന വാക്ക് ഫിസിസ്റ്റ് എന്ന് ചുരുക്കുന്നവരും വിരളമല്ല.

5. saint സെയ്ന്‍റ് ആണെങ്കിലും, ഒരു പേരിനു പിന്നില്‍ നില്‍ക്കുമ്പോള്‍ സെന്‍റ് എന്നാണ് ഉച്ചാരണം. സെയ്ന്‍റ് പീറ്റര്‍ അല്ലാ, സെന്‍റ് പീറ്റര്‍, സെന്‍റ് ഫ്രാന്‍സിസ്, സെന്‍റ് മേരിസ് ചര്ച്ച് എന്നൊക്കെയാണ് ശരി.

6. അമച്വര്‍, അമച്ച്വറിഷ് ശൈലി എന്നൊക്കെ നിരൂപകരും അല്ലാത്തവരും കുറിക്കുന്നത് സാധാരണമാണ്. amateur എങ്ങനെ മലയാളിക്ക് എപ്പോഴും അമച്വര്‍ ആയിപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ട്. എന്റെ നിഗമനമിങ്ങനെയാണ്. mature എന്ന വാക്കിന്റെ വിപരീതമാണിതെന്ന തെറ്റുധാരണയില്‍ നിന്നാകാം അമച്വറിന്റെ ഉദയം. പ്രൊഫെഷണല്‍ എന്നതിന്റെ വിപരീതമൊ അല്ലെങ്കില്‍ non professional എന്ന് സൂചിപ്പിക്കുന്നതോ ആണ് amateur. മലയാളത്തില്‍ അമറ്റ്ര്‍ എന്നെഴുതുന്നതാകാം ഏതാണ്ട് ശരി. തീര്‍ത്തും ശരിയായ ഉച്ചാരണം മലയാളത്തില്‍ എഴുതിപ്പിടിപ്പിക്കാനാവില്ലെങ്കില്‍‍‍, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷാപദങ്ങളെ മലയാളലിപിയിലാക്കാന്‍ ഒരുമ്പെടാതിരിക്കുകയല്ലേ മെച്ചം? ആശയവിനിമയത്തിനുതകുന്ന പദം ഭാഷയിലില്ലെങ്കില്‍, കടമെടുക്കുന്ന അന്യഭാഷാപദം ലത്തീന്‍ ലിപിയില്‍ തന്നെ എഴുതിയാല്‍ എന്താ ചേതം?

7. മിക്കവാറും വിദേശപദങ്ങളും നാമങ്ങളും മലയാളലിപിയില്‍ എഴുതിപ്പിടിപ്പിക്കുക ആയാസമുള്ള കാര്യമാണ്. എന്നാലും ചില എഴുത്തുകാര്‍ക്ക് അത് വലിയ ഹരമാണ്. ഹരം കൊള്ളാം, പക്ഷേ, എഴുതു‌ന്നത് മൂലഭാഷയിലെ ഉച്ചാരണവുമായി ഒരു സാമ്യവുമില്ലാത്തതായിപ്പോയാല്‍ വൃത്തികേടാണെന്നു തോന്നാത്തതാണ് കഷ്ടം. സംസാരത്തിലും എഴുത്തിലും മലയാളത്തിനിടക്ക് സര്‍വ്വസാധാരണമായി തിരുകിക്കയറ്റുന്ന പല ആംഗലപദങ്ങളും തീര്‍ത്തും വികലമായിട്ടാണ് ലിപിമാറ്റം ചെയ്യപ്പെടുന്നത് അല്ലെങ്കില്‍ ഉച്ചരിക്കപ്പെടുന്നത്. ഈ തെറ്റുകള്‍ ആരുമറിയാതെ ഇംഗ്ലീഷ്ഭാഷയുടെ ഉപയോഗത്തിലും ശരിയുടെ സ്ഥാനം പിടിക്കുന്നു എന്നത് ഒരു വലിയ ഭവിഷ്യത്താണ്. അക്ഷരമാലയില്‍ 'ട'യ്ക്ക് നാല് വ്യത്യസ്ത വ്യജ്ഞനരൂപങ്ങള്‍ ഉണ്ടായിട്ടും, മലയാളിക്ക്/ഇന്ത്യാക്കാരന്, ഇംഗ്ലിഷിലെ 't' യും 'd' യും വേണ്ടിടത്ത് വേണ്ടതുപോലെ ഉച്ചരിക്കാന്‍ സാധിക്കുന്നില്ല. 't' കൊണ്ടും 'w' / 'wh' കൊണ്ടും തുടങ്ങുന്ന ഒരു വാക്കും മലയാളി ശരിക്കല്ല ഉച്ചരിക്കാറ്. ഇതൊക്കെ ഒന്നുകൂടി വഷളാകുകയാണ് ലിപിമാറ്റത്തിലൂടെ. അതുകൊണ്ട്, താഴെ കൊടുക്കുന്ന ഉദാഹരണങ്ങളില്‍ വലയത്തിനുള്ളിലുള്ളത് ശരിയായതിന്റെ ഏതാണ്ട് അടുത്തുവരുന്നു എന്നു പറയാമെന്നേയുള്ളൂ.

ഐഡിയ (ഐഡീയ), ട്രേഡ് യൂണിയന്‍ (റ്റ്റെയ്ഡ് യൂണിയന്‍), സ്റ്റേറ്റ് (സ്റ്റേയ്റ്റ്), സേവ് (സേയ് വ്), കരിക്കുലം (ക്യരിക്യുലം), വാക്വം (വാക്യുഅം), ജ്യൂസ് - Jews, juice - രണ്ടും ജൂസ് ആണ്, കയോസ് (കെയ് യോസ്), മെമ്മയെര്‍ (മെമ്വാര്‍), ടേസ്റ്റ് (റ്റെയ്സ്റ്റ്), സ്പേസ് (സ്പേയ്സ്), ഷേവ് (ഷെയ് വ്), കാല്ക്കുലേറ്റര്‍ (കാല്ക്യുലേയ്റ്റര്‍), ഡോക്കുമെന്ററി (ഡോക്യുമെന്ററി), നയാഗ്രാ (നയാഗര), ജോമട്രി (ജിയൊമെട്രി), ജോഗ്രഫി (ജിയൊഗ്രഫി), അട്വക്കേറ്റ് (അഡ് വൊകെയ്റ്റ്), നാച്ചുറല്‍ (നാച്ചറല്‍), ഫെല്ലോ (ഫെലൊ), - രണ്ട് 'll' കാണുന്നിടത്തൊക്കെ 'ല്ല' ആവശ്യമില്ല! - buffello ബഫെലോ ആണ്, fellowship ഫെലൊഷിപ്‌. ഇവല്യൂഷന്‍ (ഇവലൂഷന്‍), സൊല്യൂഷന്‍ (സൊലൂഷന്‍), യേല്‍ യൂണിവേര്സിറ്റി (യെയ് ല്‍‍...), ഫോര്‍മുല (ഫോര്‍മ്യുല), ഗ്രേസ് മാര്‍ക്ക് (ഗ്രേയ്സ് മാര്‍ക്ക്), ഗ്രേറ്റ് (ഗ്രെയ്റ്റ്), വേസ്റ്റ് (വ്വേയ്സ്റ്റ്), പ്ലേറ്റ് (പ്ലേയ്റ്റ്), ക്ലാസ്മേറ്റ് (ക്ലാസ്മെയ്റ്റ്), ടീം മേറ്റ് (റ്റീംമെയ്റ്റ്), age ഏജ് (എയ്ജ്), ലൌ-ഹേറ്റ് (ലവ്-ഹെയ്റ്റ്), ഫ്രേം ചെയ്ത (ഫ്രെഇം), സ്റ്റാറ്റിസ്റ്റിക്സ്‌ (സ്റ്ററ്റീസ്റ്റിക്സ്), സെഞ്ചുറി (സെഞ്ച്വറി), ട്വിന്‍ ടവേര്‍സ് (റ്റ്വിൻ റ്റവേര്‍സ്), പേ വാര്‍ഡ്‌ (പേയ് വ്വാര്‍ഡ്‌), സര്‍ക്കുലേഷന്‍ (സെര്‍ക്യുലേയ്ഷന്‍), പോപ്പുലേഷന്‍ (പോഉപ്യുലെയ്ഷന്‍), ടൂത്ത് പേസ്റ്റ് (റ്റൂത്ത് പെയ്സ്റ്റ്), റീജിയണല്‍ (റീജണല്‍), റിലിജ്യന്‍ (റിലിജന്‍), റിലിജ്യസ് (റിലിജസ്‍), ഫോര്‍മുല (ഫോര്‍മ്യുല), ലേബര്‍ റൂം (ലെയ്ബര്‍ റൂം), friend ഫ്രെണ്ട് - ഫ്രണ്ട് (front) / itinerary ഇറ്റിനെററി (ഇറ്റിനറി അല്ല) / veterinary വെറ്റെറിനറി എന്നെഴുതണം (വെറ്റിനറി അല്ല). ഇങ്ങനെ പോയാല്‍ താളുകള്‍ നിറക്കാം.

ഇതിനകം തിരുത്തിയോ എന്നറിയില്ല, വയനാട്ടിലെ ഗവ. മൃഗചികിത്സാകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ മുന്‍വശത്ത് ആനമുഴുപ്പില്‍ എഴുതിയിരുന്നു: "Vetinary College". അതിന് താഴെ, മലയാളത്തില്‍, "വെറ്റിനറി കോളേജ്" എന്നും! എന്താ പറയേണ്ടത്?

8. തെറ്റായ തഴക്കങ്ങള്‍: മുഖദാവില്‍ (ശരി: മുഖതാവില്‍), പൊടുന്നനവേ (ശരി: പൊടുന്നനെ), നിരാശ = ആശയില്ലാത്തവള്‍ / നിരാശത = ആശയില്ലാത്ത അവസ്ഥ / ഒഴിവുകഴിവ് (ശരി: ഒഴികഴിവ്). എത്തിച്ചേരുക എന്നയര്‍ത്ഥത്തില്‍ എത്തിപ്പെടുക, എത്തപ്പെടുക എന്നൊക്കെ എഴുതിക്കാണുന്നു. എത്തുപെടുകയാണ് ശരിയെന്നു ശബ്ദസാഗരം. പൊതുവെയും പ്രത്യേകിച്ചും എന്നെടുത്ത് പറയേണ്ടതില്ലെങ്കില്‍, പ്രത്യേകിച്ച് എന്നെഴുതിയാല്‍ ധാരാളം മതി. അതുപോലെ നിന്ന് എന്ന് മതിയാകുന്നിടത്ത് നിന്നും അരോചകരമാണ്. മറ്റൊന്നാണ്, ഒരാവശ്യവുമില്ലാതെ 'ഒരു'വിന്റെ തിരുകിക്കയറ്റല്‍. Why I'm not a Hindu എന്നതിന് മലയാളത്തില്‍ ഞാനെന്തുകൊണ്ട് ഹിന്ദുവല്ല എന്ന് മതി. ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല എന്നതു ചീത്ത ശൈലിയാണ്. ഇംഗ്ലീഷില്‍ I'm a teacher എന്ന് പറയാം. പക്ഷേ, ഭാഷയില്‍ 'ഞാന്‍ റ്റീച്ചറാണ്' എന്ന് മതിയാവും. Food ലോകത്തെവിടെയും 'ഫൂഡ്' ആണ്. എന്നാല്‍, ഇന്ത്യയില്‍ അത് ഫുഡ് ആണ്, നീണ്ട Dr.-കൊമ്പുള്ളവര്‍ക്കുപോലും!

9. സര്‍വ്വസാധാരണമായിത്തീര്‍ന്നിട്ടുള്ള ഒരു തെറ്റാണ്, ഏകവചനശബ്ദമായ 'ഓരോ' കഴിഞ്ഞ് ബഹുവചനത്തിലുള്ള നാമപദം ഉപയോഗിക്കുക; ഓരോ കുട്ടികള്‍ക്കും, ഓരോ മന്ത്രിമാര്‍ക്കും എന്നിങ്ങനെ. ഒന്നുകില്‍ ഓരോ കുട്ടിക്കും അല്ലെങ്കില്‍ ഓരോരോ കുട്ടികള്‍ക്കും എന്നാകണം പ്രയോഗം.

10. വളരെ ആരോചകമാണ്, ഇതരഭാഷകളിലെ വ്യക്തി- സ്ഥലനാമങ്ങള്‍ ഓരോരുത്തരും തോന്നുമ്പോലെ എഴുതിവിടുന്നത്. ഇന്റെര്‍നെറ്റിന്റെ സഹായത്താല്‍ ആര്‍ക്കും മനസ്സുവച്ചാല്‍ ഇക്കാര്യത്തില്‍ വലിയ പോഴത്തങ്ങള്‍ ഒഴിവാക്കാം. എന്നിട്ടും, ഇരുത്തം വന്ന രചയിതാക്കള്‍ പോലും ഇക്കാര്യത്തില്‍ എന്തുകൊണ്ട് വളരെ അശ്രദ്ധരാണെന്നത് മനസ്സിലാകാത്ത സംഗതിയാണ്. വാക്കുകളും പേരുകളും ശരിയായി എഴുതേണ്ട വിധം (phonetic signs ഉള്‍പ്പെടെ) മാത്രമല്ല, ശരിയായ ഉച്ചാരണവും merriam-webster.com പോലുള്ള സൈറ്റുകളില്‍ ലഭ്യമാണ്. ഇക്കാര്യത്തില്‍ സഹായികളായി ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള ഒരു കൃതിയും വിശ്വാസയോഗ്യമല്ല. ബന്ധപ്പെട്ട ഭാഷയില്‍ പ്രാവീണ്യമുള്ളവരെ സമീപിക്കുന്നതാണ് ഏറ്റം സുരക്ഷിതം. എന്നിരുന്നാലും, മിക്കവാറും തെറ്റായി മുദ്രണം ചെയ്യപ്പെട്ടുകാണുന്ന ഏതാനും ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. കണ്ടുവരാറുള്ള മോശമായ രീതികള്‍ക്ക് അറുതിയില്ലാത്തതിനാല്‍, അവയെ വിട്ടുകളഞ്ഞിട്ട്‌, മെച്ചപ്പെട്ട ഉച്ചാരണത്തോട്‌ കുറെയെങ്കിലും അടുത്തുവരുന്ന ലിപിമാറ്റം മാത്രം കുറിക്കുന്നു. ഇതിനൊന്നും പോകാതെ, മൂലഭാഷയില്‍ തന്നെ ഇവയെഴുതിയാല്‍, ആര്‍ക്കുമൊരു നഷ്ടവും വരില്ല.

ജര്‍മന്‍
Baach ബാഹ് Einstein ഐന്‍ ഷ്റ്റൈന്‍ Heisenberg ഹൈസെന്‍ബെര്‍ഗ് Fassbinder ഫാസ്ബിന്‍ഡര്‍ Nazi നാററ്സി Nietzsche നീററ്ഷെ Naomi Klein ക്ലൈന്‍ Weinberg വൈന്‍ബര്‍ഗ് Brecht ബ്രെഹ്ററ് Gugenheim ഗൂഗന്‍ഹൈം Gottfried Herder ഗോട്ട്ഫ്രീഡ് ഹെര്‍ഡര്‍ Goethe ഗ്എതെ Auschwitz ഔഷ്വിററ്സ് Thomas Mann റ്റോമസ് മന്‍ Günther Grass ഗ്യുന്തെര്‍ ഗ്രസ് Otto Frisch ഓട്ടോ ഫ്രിഷ്. ഭൂചലനം അളക്കുന്ന Richter Scale റിക്റ്റര്‍ അല്ല, റിഹ്ഷ്റ്റര്‍ സ്കെയ്ല്‍ ആണ്. അതുപോലെ, ഓര്‍മ്മശക്തി നഷ്ടപ്പെടുത്തുന്ന രോഗം ആല്‍ഷിമേഴ്സ് അല്ല, ആല്‍ററ്സ്ഹൈമെര്‍ (Alzheimer) ആണ്.

ഇംഗ്ലീഷ്

Thomas റ്റോമസ് Stephen സ്റ്റീവ്ന്‍ Rachel റെയ്ചെല്‍ Shakespear ഷെയ്ക്സ്‌സ്പിയര്‍

ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ടുഗീസ്
etc.

Giordano Bruno ജൊര്‍ദാനൊ ബ്രുണോ Garcia Marquez ഗര്‍സീയ മാര്‍കേ Juan Pablo ഹുആന്‍ പാബ്ലോ Jose Saramagu ഹൊസെ സരമാഗു. ഒക്റ്റാവിയൊ പാസിനെ ഒക്റ്റാവിയ (feminine name!) ആക്കുന്നവര്‍ വളരെയുണ്ട്.

ഫ്രഞ്ച്

ഇന്‍ഡോ-യൂറോപ്യന്‍ ഗോത്രത്തില്‍ പെട്ട ഭാഷകളില്‍ വച്ച്, വാക്കുകളോ പേരുകളോ മലയാളലിപിക്ക് ഒട്ടും തന്നെ വഴങ്ങാത്തത് ഫ്രഞ്ചാണ്. ഒരു നാണവുമില്ലാതെ നമ്മുടെ ചേട്ടന്മാര്‍ മലയാളത്തിലാക്കി കൊന്നുകളയുന്ന പ്രസിദ്ധമായ ഏതാനും നാമങ്ങളുടെ ശരിയായ ഉച്ചാരണം കുറിച്ചുതരാമോ എന്ന് ചോദിച്ചപ്പോള്‍, വളരെക്കാലമായി പരീസില്‍ താമസിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത് അതിനൊരുമ്പെടെണ്ടാ എന്നാണ്. സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ഏതാണ്ട് ഗര്‍വ്വോടെ കുത്തിക്കുറിച്ച ചില തിരുത്തലുകള്‍ കണ്ടിട്ട് സഹികെട്ട്, എം കൃഷന്‍ നായരുടെ പരന്ത്രീസ് കയ്യാങ്കളി എന്നൊരു നീണ്ട ലേഖനം ശ്രീ നാരാ(യണന്‍) കൊല്ലേരി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. താല്പര്യമുള്ളവര്‍ കാണുക: മാതൃഭൂമി, ഏപ്രില്‍ 17 - 23, 2005. അര നൂറ്റാണ്ടോളം ഫ്രാന്‍സില്‍ ജീവിച്ച ശ്രീ കൊല്ലേരി ഫ്രഞ്ച് സാഹിത്യത്തിലും കലകളിലും പ്രവീണനാണ്. ഫ്രഞ്ച് സിനിമയില്‍ sound engineer ആയിരുന്നു. ആ വിഭാഗത്തില്‍ ആദ്യത്തെ Caesar നേടി.

ആര്‍ടിസ്റ്റ്‌ നമ്പൂതിരിയുടെ വേരുകള്‍ എന്ന ആത്മകഥാക്കുറിപ്പില്‍ ഒരദ്ധ്യായം മാതൃഭൂമിയുടെ പ്രൌഢകാലത്തെപ്പറ്റിയാണ്. മഹത്തുക്കള്‍ ഒരേ കാലത്ത് ഒരുമിച്ച് വരുക അപൂര്‍വമാണല്ലോ. അന്നതായിരുന്നു നില - എന്‍.വി.കൃഷ്ണവാര്യര്‍, എം.റ്റി. വാസുദേവന്‍നായര്‍, വി.എം. നായര്‍, കെ.പി. കേശവമേനോന്‍... അവരില്‍ എം.വി. കൃഷ്ണവാര്യരെപ്പറ്റി അദ്ഭുതസംഗതിയായി പറഞ്ഞിരിക്കുന്നത്, ആവശ്യമെന്ന് തോന്നിയാല്‍, അദ്ദേഹം ഏവരുടെയും ഏത്‌ കുറിപ്പും മുദ്രണത്തിനു മുമ്പ് തിരുത്തുമായിരുന്നു എന്നാണ്. ജി. ശങ്കരക്കുറിപ്പിനെപ്പോലും! ഇന്നത്തെ ഒരു പത്രാധിപരും എഡിറ്ററും അത് ചെയ്യില്ല. ഫലമോ, സഹൃദയര്‍ക്കു തനി വിഡ്ഢിത്തങ്ങള്‍ വായിക്കേണ്ടിവരുന്നു. ഭാഷ മോശമെങ്കില്‍, ആളും മുഴുപ്പും നോക്കാതെ തിരുത്തണം. പൊതു നന്മക്കുവേണ്ടിയുള്ള കൈകടത്തലാണത്. പത്രാധിപര്‍ക്കും എഡിറ്റര്‍ക്കും അതിനുള്ള ചങ്കൂറ്റമില്ലെന്നാല്‍, ഭാഷ മുടിയും. എന്തും സഹിക്കേണ്ട മഹാമനസ്കത വായനക്കാര്‍ക്കുണ്ടാവരുത്. സുകൃതത്തിനു വേണ്ടിയുള്ള തിരുത്തലും ഒരു സുകൃതമാണ്, അമിത തന്റേടമല്ല. 'ഇതിനു വേണ്ട തിരുത്തല്‍ ചെയ്തിട്ടു പ്രസിദ്ധീകരിക്കുമല്ലോ' എന്ന് മഹാകവി ജി., കൃഷ്ണവാര്യര്‍ക്ക് അടിക്കുറിപ്പ് എഴുതുമായിരുന്നു പോലും. അതാണ്‌ മഹത്ത്വം. മഹത്തുക്കളുടെ കാലം കഴിഞ്ഞതുപോലെയുണ്ട്.

മാധവിക്കുട്ടി - കൂട്ടില്‍ കിടന്ന് ചത്ത കിളി

കേരളസമൂഹത്തിന്റെ ധാര്‍മ്മിക കപടതകളെ തുറന്നുകാട്ടുന്ന രീതിയിലുള്ള രചനയായിരുന്നു മാധവിക്കുട്ടിയുടേത്. ലൈംഗികതയെപ്പറ്റി ശരിയായ ധാരണയുള്ളവര്‍ വളരെ വിരളമാണെന്നും, അതുള്ളവരില്‍ ഏറിയ പങ്കും സ്ത്രീകളാണെന്നും, പുരുഷമേധാവിത്തവും, അതിന്റെ സ്വാര്‍ത്ഥതയും ഈ അറിവിന്റെ ഒരംശം പോലും സാര്‍ത്ഥകമാക്കാന്‍ സ്ത്രീയെ (ഭാര്യയെ, വിശ്വാസിയെ, സന്യാസിനിയെ) അനുവദിക്കുന്നില്ലെന്നുമുള്ള സമകാലിക യാഥാര്‍ത്ഥ്യത്തെ തന്റെ കഥകളിലൂടെയും ആത്മകഥാസ്പര്‍ശിയായ രചനകളിലൂടെയുമവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിന്നു. ഒരു റോസി തമ്പിയോ, എസ്. ശാരദക്കുട്ടിയോ, കെ.ആര്‍. മീറയോ ഇന്ന് മനസ്സിലാക്കുകയും കൊച്ചു കൊച്ചു കുറിപ്പുകളിലൂടെ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ തന്നെ അല്പം പരുക്കന്‍ ഭാഷ്യങ്ങളായിരുന്നു 1960നോടടുത്ത നാളുകള്‍ മുതല്‍ മാധവിക്കുട്ടിയില്‍ നിന്ന് കേരളം കേട്ടുകൊണ്ടിരുന്നത്‌. എന്നാല്‍ ഈ വക കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ബോധമോ മേധയോ ഇന്നും കേരളപുരുഷാരത്തിനും ഒട്ടു മുക്കാലും സ്ത്രീജനത്തിനുപോലും ഇല്ലെന്നത് വെറും നഗ്നയാഥാര്‍ത്ഥ്യമാണ്. ഇങ്ങനെയുള്ളയൊരു സമുദായത്തിന് ഇങ്ങനെയൊരെഴുത്തുകാരിയെ വിലയിരുത്താനാവില്ലെന്നതും നാമംഗീകരിക്കേണ്ടിയിരിക്കുന്നു.

അവരുടെ കൃതികള്‍ വായിച്ചിട്ട് ഒരു 'ഞെട്ടല്‍' അഭിനയിക്കുക മാത്രമാണ് മലയാളികള്‍ ചെയ്തുകൊണ്ടിരുന്നത്. ദശാബ്ദങ്ങളോളം ഈ ഞെട്ടല്‍ തുടരുമ്പോള്‍, അതൊരു ഞെട്ടലേയല്ലായിരുന്നു, ഒന്നും തിരിയാത്തതിന്റെ ഒരു ഗോഷ്ടി മാത്രമായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ലൈംഗികതയെ മാധവിക്കുട്ടി കണ്ടത് ശരീരമര്‍ഹിക്കുന്ന ആനന്ദത്തിനുള്ള വഴിയായിട്ടാണ്. ദാമ്പത്യത്തില്‍ പോലും ഈ വഴി അജ്ഞതയുടെയും ഭയത്തിന്റെയും പുരുഷസ്വാര്‍ത്ഥതയുടെയും കീറാമുട്ടികള്‍ തടഞ്ഞുകളയുന്ന സ്ഥിവിവിശേഷമാണ് ഇന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നത്.     

ഉച്ഛിഷ്ടം കഴിക്കുംപോലെ ഭാര്യാധര്‍മം നിര്‍വഹിക്കേണ്ടി വരുന്ന സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ക്ക് സ്നേഹമെന്തെന്നറിയില്ല; എന്റെ സ്നേഹത്തിനര്‍ഹനായ ഒരു പുരുഷനും ഭൂമിമലയാളത്തിലില്ല എന്നൊക്കെ അവര്‍ പറയുമ്പോള്‍, സ്ത്രീപുരുഷ ലൈംഗികതയുടെ വ്യത്യാസങ്ങളെയും അവയെ സ്വരുമിപ്പിക്കാനറിയുന്നവക്ക് അനുഭവേദ്യമായ ആനന്ദത്തെയും പറ്റിയാണ് മാധവിക്കുട്ടി സൂചിപ്പിക്കുന്നത്. ഈ ജീവിതം കൊണ്ടിത്രമാത്രം എന്ന കുറിപ്പില്‍, മാധവിക്കുട്ടി എഴുതി: "സ്നേഹമൊരു നദിയാണ്‌. ഇത്ര ഭാഗം വാത്സല്യം, ഇത്ര ഭാഗം പ്രണയം, ഇത്ര ഭാഗം സൗഹൃദം എന്ന് അതില്‍ വേര്‍തിരിക്കാനാവില്ല. ബന്ധങ്ങളില്‍ വച്ചേറ്റം തീവ്രമായതാണ് പ്രണയം, ഏറ്റവും ഭംഗിയുള്ളതും." അവരുടെ പ്രണയകഥകള്‍ വായിച്ചുരസിച്ച മലയാളികള്‍തന്നെ സ്വന്തം കുടുംബവട്ടത്തൊരു പ്രണയബന്ധമുണ്ടായാല്‍, ഇന്നും പരിഭ്രാന്തരാകുന്നു, കൊല നടത്തിപ്പോലും 'കുടുംബാഭിമാനം' കാത്തുസൂക്ഷിക്കാന്‍ ഒരുമ്പെടുന്നു. പ്രണയത്തെ വിലമതിക്കാനറിയാത്ത ഒരു സമൂഹവും നിലനില്‍ക്കില്ല.

ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ, പഴയ നിയമത്തിലാണ് പാട്ടുകളുടെ പാട്ട് എന്നപരനാമമുള്ള ഉത്തമഗീതം ഉള്‍പ്പെടുന്നത്. പുതിയ നിയമത്തില്‍ അത്തരമൊന്നില്ലാഞ്ഞാണ്‌, മിറിയം മഗ്ദലേനയുടെയും യേശുവിന്റെയും പേരില്‍ ചിലര്‍ കഥകളും മറ്റ് കലാസൃഷ്ടികളും ഉണ്ടാക്കിയത്. എന്നാല്‍, സഭക്ക് അതൊന്നും ഒട്ടും ഇഷ്ടമല്ല. സഭയും അതിലെ മനം കടുത്ത വിശ്വാസികളും, ശരീരത്തെപ്പോലെ, പ്രണയത്തെയും വെറുക്കുന്നവരാണ്.  

മാധവിക്കുട്ടിയുടെ മരണത്തോടനുബന്ധിച്ചുള്ള ഒരു കുറിപ്പില്‍, സക്കറിയ പറഞ്ഞതിങ്ങനെ: "കേരളത്തിലെ യാഥാസ്ഥിതിക സ്ത്രീവിഭാഗങ്ങള്‍ മാധവിക്കുട്ടിയുടെ പെണ്‍കാഴ്ചകളോട് അനഭിമതരായിരുന്നു. സ്ത്രീകളുടെ ശരീരത്തെപ്പറ്റിയും അതിന്റെ ലൈംഗികസാദ്ധ്യതകളെപ്പറ്റിയും അതുള്‍ക്കൊള്ളുന്ന സ്വാതന്ത്ര്യത്തെപ്പറ്റിയും മാധവിക്കുട്ടി സ്വീകരിച്ച നിലപാടുകള്‍  കേരളത്തിലെ ഇടതും വലതുമായ യാഥാസ്ഥിതികര്‍ക്ക് മനസ്സിലാക്കാവുന്നതിലപ്പുറമായിരുന്നു. കേരളത്തിലെ കപടപുരുഷത്വത്തിനു തന്നെ അവരുടെ ജീവിതം ഒരു സ്ഥിരം വെല്ലുവിളിയായിരുന്നു." സ്ത്രൈണലൈംഗികതയെക്കുറിച്ച് ആഴമായ അറിവുണ്ടായിരുന്ന നിത്യചൈതന്യയതി മാധവിക്കുട്ടിയെപ്പറ്റി പറഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്: "നിത്യപ്രണയത്തിന്റെ രാജകുമാരിയായിരുന്നു അവര്‍. തന്റെ ഭഗ്നപ്രണയത്തിന്റെയും തീവ്രകാമാനകളുടെയും വിഫലമോഹങ്ങളെ അവര്‍ നിരന്തരം വെളിവാക്കികൊണ്ടിരുന്നു. 'എന്റെ കഥ' അങ്ങനെയൊന്നാണ്‌. എന്നാല്‍, അവര്‍ ചുരത്തിയ ഭാവനകള്‍ വേണ്ടപ്പെട്ടവരുടെ പോലും നൊമ്പരങ്ങള്‍ക്ക്‌ കാരണമാകുകയാണുണ്ടായത്. സ്വന്തമച്ഛന്‍ ശക്തമായ പ്രതിഷേധകൊടുങ്കാറ്റായും അമ്മ മൌനമായ പ്രാര്‍ത്ഥനയായും അവരെ തിരുത്താനാണ് ശ്രമിച്ചത്. ആമിക്ക് എഴുത്തിനപ്പുറമുള്ള ബാഹ്യലോകം പ്രശ്നമായിരുന്നില്ല. എഴുത്തിനകത്തവര്‍ തന്റേടിയുടെ രാജ്യത്തായിരുന്നു. പ്രണയിനികള്‍ക്ക് ഇങ്ങനെ ചില പദ്ധതികളുണ്ട്, എന്തിനെയും ഏതിനെയും നേരിടാമെന്ന തോന്നല്‍."

മരണശേഷം കമലാ സുറയ്യയെപ്പറ്റി ഇതിനോടകം വളരെയധികം പൊങ്ങച്ചങ്ങള്‍ രചിക്കപ്പെട്ടുകഴിഞ്ഞു. വളരെ യഥാതഥമായ ഒരു വിലയിരുത്തല്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും വായിക്കേണ്ട ഒരു നിരൂപണം എസ്. ശാരദക്കുട്ടി പെണ്‍വിനിമയങ്ങള്‍ എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്. 'വിശ്വസാഹിത്യകാരിയായ മാധവിക്കുട്ടി വെറുമൊരു കൌതുകവസ്തുവായി തരംതാഴ്ന്നുപോയതിന്റെ പിന്നിലെ പരിചിന്തനങ്ങള്‍' എന്ന് ഈ അദ്ധ്യായത്തെ വിലയിരുത്താന്‍ ഞാനാഗ്രഹിക്കുന്നു. ഈ രചന അവസാനിക്കുന്നതിങ്ങനെ: "സന്ദേഹങ്ങളോ അസ്വസ്ഥതകളോയില്ലാത്ത, ചോദ്യങ്ങളോ ഉത്തരങ്ങളോയില്ലാത്ത മാന്യരും സമര്‍ത്ഥരുമാണ് മലയാളികള്‍. അവര്‍ മാധവിക്കുട്ടിയേയും ഒരു മലയാളിയാക്കി." ഇത് വായിക്കുന്ന ഓരോ പുരുഷനും തലകുലുക്കി ഇതിന് 'ആമേന്‍' എന്ന് പ്രതിവചിക്കും. എന്നിട്ട് താനൊഴികെയുള്ള പുരുഷാരത്തെക്കുറിച്ച് അല്പം നിന്ദയോടെ ഒന്നിരുത്തി മൂളും.


അവരുടെ വലിയ ബോധം മലയാളികളുടെ ചെറിയ ബോധത്തില്‍ അദ്ഭുതങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നു എന്ന് പറയാം. "പോയപ്പോള്‍ അവര്‍ ചിരിച്ചിരിക്കണം. നിങ്ങള്‍ക്ക് മനസ്സിലാവൂല്ലാ, കുട്ടികളേ, എന്നായിരിക്കണം ആ ചിരി", അവരുടെ ഒരു കുടുംബസുഹൃത്തായിരുന്ന എന്‍.എല്‍. ബാലകൃഷ്ണന്‍ പറയുന്നു.
Comments by Inasu Thalak, Paris, France. poetinasu@gmail.com
15.11.2010
Hallo Zacharias,
your comments about Madahavikkutty's writings..........Well, during my Bombay days I used to visit her, she had a sahithyasadas in her home in which many Bombay writers/poets/journalists etc. participated. She was an artist in the true sense, somebody who believed that love was a many splendoured thing and to love, to be in love, etc. can be enriching to every human being. It was she who convinced me that loving (just being in love, feeling love for) a colleague's wife was not forbidden nor 'sin'. In fact, for love to be all encompassing, it should be innocent, devoid of all notion of the forbidden - that is freedom from all imposed notions about good and bad. She ventilated her true feelings in her writings. (Her English poems are better than her Malayalam prose. Her MY STORY's English original is a delight while its Malayalam version I found not so poignant.) Kamala was the one who published a few of my English poems of that period.


I am not so sure that most of the Kerala men are pure 'sex creatures' as some insinuate. Nor our women in general. According to me it all comes from our life style and the archetypes after which we are all fashioned. Who are the model spouses for Indians? Seeta and Rama. The couple Radha/Krishna is not portrayed as husband and wife, so not the ideal of a conjugal life. For the christians thirukkudumbam is pointed out as the model. (life together with null sex?)


The physical body is considered in common parlance as a source of trouble, vexation and wall-breaking. All religions are alike in this matter at least in practice. The smugness of the bourgeois classes, the caste bindings, the communitarian, segregationist feelings and belongings - all these hinder the common man from relishing his neighbour's charming looks/muscular beauty. At the same time we publish novels like FRANCIS ITTIKKORA and RATHIRADHYA. But talking about body and its functions, is still a hush-hush affair. Look into our periodicals which publish articles on conjugal life/sexual problems, etc. The photos that illustrate these writings are almost always those of the white men and women! When Sacharia was manhandled at Payyannur for having opined for a more liberal man-woman relationship in Kerala, you should have read all the outbursts from Azhikkode, DYFI Rajesh and the like, saying that it is in the West that such "moral depravity and laxism" exist. Not a single feminist voice was heard on the matter.


We still remain in tribes and clans, that is, each community/caste selfcentered and endogamous. Eg. Kottyam area being a dominant region where Charistians and Hindus live side by side, they do not really mix, I mean intermarry. Between the Knanaya, the Latins, the Orthodox, the Syromalabar and what have I, it is the same. There is no common malayalee culture based on our language, based on our lifestyle (food habits, dress, hairstyle, habitation, etc.) - rather we tend to look at the differences, differences of religious / communitarian belongings! Our politics, culture, litterature, all reflect this. It may be a pan-Indian phenomenon. That is why perhaps Nehru proposed notions like UNITY IN DIVERSITY and PEACEFUL COEXISTENCE. അതുകൊണ്ട് നമുക്ക് പ്രണയത്തെപ്പറ്റി എഴുതാനേ ആകുന്നുള്ളൂ, പ്രണയിക്കനാകുന്നില്ല. പെണ്ണിനും ആണിനുല്ല, ധൈര്യവും ഭാവനയും.


Madhavikkutty had herself admitted, Ente Katha contained more imagination than facts. She wrote beautifully about pranayam, but did not dare a break-out from the secure entourage in the name of  it! In any case, this is to be seriously investigated by social scientists. Why don't you take it up?

നീതിബോധമില്ലാതായാല്‍

വിശന്നു മരിക്കുന്ന ഒരു കുഞ്ഞിനു മുന്നില്‍ പുസ്തകത്തിനൊരു വിലയുമില്ല. (സാര്‍ത്ര്)
ദാഹിച്ചു മരിക്കുന്ന ഒരു മരത്തിനു മുന്നില്‍ ഒരു സംസ്കാരത്തിനും ഒരു മതത്തിനും വിലയില്ല. (പി.എന്‍.ദാസ്)
മനുഷ്യരുടെ ബഹളികള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ കുഴഞ്ഞുവീണു മരിക്കുന്ന ഒരാനയുടെ മുന്നില്‍ അഹിംസാ പാരമ്പര്യത്തിന്റെ സര്‍വ്വപുണ്യവും അഹന്തയും കപടമായിത്തീരുന്നു.
ചൂഷണം പതുക്കെപ്പതുക്കെയുള്ള കൊലയാണെന്ന്‌ പൂജ്യം എന്ന നോവലില്‍ സി. രാധാകൃഷ്ണന്റെ തുളച്ചുകയറുന്ന ഒരു നിരീക്ഷണമുണ്ട്. അന്ധവിശ്വാസങ്ങളിലൂടെയുള്ള അടിമത്തം, കോഴ, അയിത്തം, അഴിമതി എന്നതെല്ലാം മതത്തിന്റെ മറവിലും ഇന്ന് ധാരാളമായി നടത്തപ്പെടുന്ന കൊലകളാണ്. കൊല്ലുകയാണെന്ന് അറിയാതിരിക്കാന്‍, കൊലയാളികള്‍ രാമനാമവും യേശുനാമവും ജപിക്കുന്നു. വെട്ടിയോ കുത്തിയോ കൊല്ലുന്നവന് മരണശിക്ഷ കൊടുക്കാറുണ്ട്. പതുക്കെ കൊല്ലുന്നവര്‍ രക്ഷപ്പെടുന്നു. അടിമത്തത്തിന്റെ സുഖവും മതാന്ധതയും മൂലം, കൊലചെയ്യപ്പെടുന്നവര്‍ പോലും അതറിയുന്നില്ല.

തെറ്റുകാരനാണെങ്കില്‍ പോലും, നീതിപീത്തെ സമീപിക്കാന്‍ ഏത്‌ പൌരനും അവകാശമുണ്ട്‌. അതിനനുവദിക്കാതെ, എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ട, കിരാതരായ പോലീസ് സാഡിസ്റ്റുകര്‍ക്ക് ഒരു സഹജീവിയെ കൊല്ലാന്‍ കഴിയുന്ന ഈ നാട്ടില്‍ ഒരു മാനുഷികമൂല്യവും ബാക്കിയിരിപ്പില്ല എന്നാണര്‍ത്ഥം. സ്വന്തം കുഞ്ഞുങ്ങളേയും ഭാര്യയേയും വെറുക്കാതെ അവര്‍ക്കതിനാവുന്നതെങ്ങനെ? സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളേയും വെറുക്കുന്നവരുടെ സംസ്കാരം എന്തു സംസ്കാരമാണ്?

ഇതിന്റെയൊക്കെ തുടര്‍ക്കഥയാണ്‌ കാശ്മീരിലും ച്ഛത്തീസ്ഘട്ടിലും ച്ഛര്‍ഘണ്ടിലും മറ്റും കേന്ദ്രഗവര്‍ണ്മെന്റിന്റെ പട്ടാളം നടത്തുന്ന കൊലകള്‍. മന്ദബുദ്ധികളാണ് നമ്മുടെ നാട്ടില്‍ ഭരണമെന്ന നാടകം കളിക്കുന്നത്. തങ്ങളെ രക്ഷകരായി കണ്ട് ജനം അധികാരത്തിലേറ്റിയവര്‍തന്നെ അവരെ ചൂഷണം ചെയ്യുകയും അവരുടെ നാടിന്റെ സമ്പത്തെല്ലാം വിദേശ കുത്തകകള്‍ക്ക് വിറ്റഴിക്കുകയും ചെയ്യുന്നവരാണ് മരണശിക്ഷയര്‍ഹിക്കുന്ന രാജ്യദ്രോഹം ചെയ്യുന്നത്, അല്ലാതെ, കാഷ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നിട്ടില്ലെന്നു തെളിവ് സഹിതം പറയുന്നവര്‍ അല്ല. അരുന്ധതി റോയിയെപ്പോലുള്ളവര്‍ അങ്ങനെ ചെയ്യേണ്ടിവരുന്നത്, അവിടെ നടമാടുന്ന മനുഷ്യക്കുരുതികള്‍ക്ക് അറുതിവരുത്താന്‍ ആരും അകമറിഞ്ഞ് ശ്രമിക്കുന്നില്ല എന്നതുകൊണ്ടാണ്. ഉള്ള വിസ്തീര്‍ണ്ണം തന്നെ കൈകാര്യം ചെയ്യാനോ അവിടുത്തെ ജനത്തിനു നീതിനല്‍കാനോ കഴിയാത്ത അധികാരികളാണോ, കാശ്മീരുംകൂടി കൂട്ടിവച്ചുള്ള ഇന്ത്യയെ തിളക്കമുള്ളതാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പോകുന്നത്? അവനവന്റെ ശുഷ്ക്കാഭിമാനത്തിനായി അന്യന്റെ ജീവനിട്ടു കളിക്കുന്നവര്‍ എന്നും എല്ലായിടത്തുമുണ്ട്. അവരൊക്കെ രാജ്യദ്രോഹികളുമാണ്. അവരെ കഴുവിലേറ്റാന്‍ ആരുമില്ലെന്നതാണ് മനുഷ്യകുലത്തിന്റെ എന്നും തുടരുന്ന ശാപം.


കോമണ്‍വെല്‍ത് ഗെയിംസ് നടത്തി ഞെളിയുന്നതിനേക്കാള്‍ അത്യാവശ്യമായ ഏതെല്ലാം അടിയന്തിരാവശ്യങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് പറഞ്ഞുകൊടുത്താലേ ബൌദ്ധികതലത്തില്‍ പടുവൃദ്ധരായ നമ്മുടെ 'നേതാക്കള്‍ക്ക്' തിരിയുകയുള്ളോ? എന്താണിവരുടെ വളര്‍ച്ചാനിരക്കിന്റെ മാനദണ്ഡം? ഉള്ളവന്‍ വീണ്ടും ഉണ്ടാക്കുന്നതും, ഇല്ലാത്തവര്‍ വഴിയില്‍ തളര്‍ന്നുവീണു മരിക്കുന്നതുമാണോ? വിശപ്പ്‌ ഇവിടെ ചര്‍ച്ചാവിഷയമാകുന്നില്ല; കാരണം, വിശപ്പില്ലാത്തവരാണിവിടെ അധികാരത്തിന്റെ കസേരകളി നടത്തുന്നത്.       


അരുന്ധതി റോയിയും രാജ്യദ്രോഹവും എന്നൊരു എഡിറ്റോറിയല്‍ എസ്. ജയചന്ദ്രന്‍ നായര്‍ എഴുതിയിരിക്കുന്നത് ഇന്ത്യയെ സ്നേഹിക്കന്നവരെല്ലാം ഒന്നു വായിക്കണം. (മലയാളം വാരിക, നവ. 12, 2010 - malayalamvarikha.com).  "ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാനും മാനഭംഗം ചെയ്യപ്പെടാതിരിക്കാനും തടവിലാക്കപ്പെടുകയോ കൈനഖങ്ങള്‍ പിച്ചിച്ചീന്തപ്പെടുകയോ ചെയ്യാതിരിക്കാനും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു സംസാരിക്കുന്ന എഴുത്തുകാരെ നിശബ്ദരാക്കുന്ന രാജ്യം കരുണയര്‍ഹിക്കുന്നുവെന്നും" അവര്‍ പറയുന്നു. മലയാളം വാരികയുടെ അതേ ലക്കത്തില്‍ എസ്. ഗോപാലകൃഷ്ണന്റെ ആഴ്ച്ചപ്പാടുകള്‍ എന്ന കോളത്തിലും വിഷയം ഇത് തന്നെ. അരുന്ധതി പറഞ്ഞതില്‍ ഹൃദയം മുറിഞ്ഞ 'രാജ്യസ്നേഹികളോട്' കൊളമ്നിസ്റ്റ് ചോദിക്കുന്നു, "അരുന്ധതി റോയിയുടെ 'ദേശവിരുദ്ധ' പ്രസ്താവനയെയാണോ നിങ്ങള്‍ എത്തിര്‍ക്കുന്നത്, അതോ, അരുന്ധതിയെ ക്രൂശിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കീശകളില്‍ ഒളിച്ചിരിക്കുന്ന ആകാശചുംബികളായ രാജ്യദ്രോഹങ്ങളെയാണോ?  


പ്രതികരണങ്ങള്‍ 
1. അരുന്ധതി റോയിയുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെ. ഇന്ത്യ വിഭജിച്ചപ്പോള്‍ പാകിസ്ഥാന്‍ കാശ്മീരിനെ ആക്രമിച്ചു. അപ്പോള്‍ കാശ്മീര്‍ രാജാവ്‌ ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കി, മറ്റു നാട്ടുരജ്യങ്ങളെപ്പോലെ ഇന്ത്യയില്‍ ലയിച്ചു. ഇത് ചരിത്രസത്യമാണ്. കേരളത്തിന്റെ അത്ര വിസ്തീര്‍ണം പോലുമില്ലാത്ത കാശ്മീരിന് സ്വാതന്ത്ര്യം നല്‍കിയാല്‍ അത് നമ്മുടെ രാജ്യത്തിന്‌ എല്ലാക്കാലവും ഭിഷണിയായിരിക്കും. പാകിസ്ഥാന്‍ കാശ്മീരില്‍ ഇടപെടാതിരുന്നാല്‍ എല്ലാ പ്രശ്നങ്ങളും തീരും. ഇപ്പോള്‍ ചീനക്കും, പാകിസ്ഥാനും കാശ്മീര്‍ സ്വന്തമാക്കണം. അതിനുവേണ്ടിയുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ പറ്റില്ല. 
കാശ്മീരില്‍ പട്ടാളം നടത്തുന്ന ക്രൂരതകളെ ഞാന്‍ നീതീകരിക്കുന്നില്ല. പക്ഷേ, ഒരു ന്യുനപക്ഷം കശ്മീരികള്‍ പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നു. ഇവരെ കൈകാര്യം ചെയ്യാന്‍ അല്പം ബലപ്രയോഗം അല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഈ നാട്ടിലെ പോലീസിന്റെ ക്രൂരതകള്‍ കാണാന്‍ അന്യസംസ്ഥാനങ്ങളില്‍ പോകേണ്ട, നമ്മുടെ സാക്ഷരകേരളത്തില്‍ തന്നെ ഇത് ധാരാളം നടക്കുന്നുണ്ട്. നക്സല്‍ വര്‍ഗീസ്‌, രാജന്‍, ഉദയകുമാര്‍ കൊലക്കേസുകള്‍ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. അടുത്ത ദിവസം കോയമ്പത്തൂരില്‍ നടന്നതും പോലീസിന്റെ കയ്യാങ്കളി തന്നെ. അടുത്ത നാള്‍വരെ മുംബൈയില്‍ ഇത് സര്‍വസാധാരണമായിരുന്നു. md joseph, mumbai


2. എങ്കില്‍, 62 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം നാടിന്റെ ഒരു ചെറുഭാഗത്ത് സമാധാനം ഉണ്ടാക്കാന്‍ കഴിയാത്ത അര്‍ദ്ധനേതാക്കള്‍ കാഷ്മീര്‍ ഇന്ത്യയുടെ ഭാഗം, ഇന്ത്യയുടെ ഭാഗം എന്നുരുവിട്ടു നടക്കുന്നതെന്തുകൊണ്ട്? വേണ്ട ശക്തി പ്രയോഗിച്ചു കാര്യം നടത്തണം. എത്ര നാളാണ് ഒരു ജനത ഇങ്ങനെ ദുരിതം തന്നെ അനുഭവിക്കുന്നത്? സ്വന്തം ഭൂഭാഗം പ്രതിരോധിക്കാന്‍ ഒരു യു.എന്‍. സെക്യൂരിറ്റി കൌണ്‍സിലിന്റെയും ഒത്താശ വേണ്ടാ എന്ന് പറയാന്‍ ഇവിടെ അധികാരം കൈയ്യാളുന്നവര്‍ ധൈര്യം കാണിക്കണം. അവിടെ ഭൂരിപക്ഷം മുസ്ലിംങ്ങള്‍ ആണ്. പാക്കിസ്ഥാന്‍ ഉണ്ടായത് മതത്തിന്റെ പേരിലാണ്. എങ്കില്‍, ഈ മുസ്ലിങ്ങള്‍ക്കും സ്വയം തീരുമാനമെടുക്കാന്‍ അവസരം കൊടുക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അത് ചെയ്യണം. ഞാന്‍ അരുന്ധതിയോടൊപ്പം തന്നെ. z.nedunkanal

3. അങ്ങനെയെങ്കില്‍ മലപ്പുറത്തും ഒരു പുതിയ രാജ്യം അനുവദിക്കേണ്ടി വരും. കാശ്മീരിലെ ഭൂരിപക്ഷം മുസ്ലിംങ്ങള്‍ക്കും പാക്കിസ്ഥാനില്‍ ലയിക്കാന്‍ താത്പര്യമില്ല. ഇന്ത്യ വിഭജിച്ചത് ജിഹ്നയുടെ അഹന്തകൊണ്ടും, അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പിടിപ്പുകേടുകൊണ്ടും മാത്രമാണ്. മൌണ്ട്ബാറ്റന് ബ്രിട്ടന്റെ താല്പര്യം സംരക്ഷിക്കേണ്ടിയുമിരുന്നു. Dominic P.Germany

4. ഹാ.. ഹാ.. ഹാ!
ഞാന്‍ എന്റെ ബിരുദത്തിനു Political Science ആയിരുന്നു എടുത്തത്‌. കാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതിനെപ്പറ്റിയും പഠിക്കേണ്ടിയിരുന്നു. അതുകൊണ്ടാണ് അരുന്ധതിയുടെ തീയറിയോട് യോജിപ്പില്ലായെന്നെഴുതിയത് . ബുക്കര്‍ പ്രൈസ് കിട്ടിയതിന്റെ അഹന്ത അവര്ക്കുണ്ട്. ക്രിസ്ത്യന്‍ പിന്തുടതുടര്‍ച്ചാവകാശക്കാര്യം വാദിച്ചു ജയിച്ച Mary Roy യുടെ മകളല്ലേ? അപ്പോള്‍ അഹന്ത കുറച്ചു കൂടുതല്‍ കാണും. j.mannancheri, mumbai

അരുന്ധതി അഹന്തയ്ക്ക് കീഴ്പ്പെടുന്നു എന്നെനിക്കു തോന്നുന്നില്ല. ചരിത്രത്തില്‍ ഇടപെടാന്‍ ധൈര്യമവര്‍ക്കുണ്ട്. വെറും വാചാടോപമല്ല അവര്‍ എഴുത്‌ന്നത്. എഴുതപ്പെടുന്ന ചരിത്രം എപ്പോഴും വിജയികളുടെതാണ് എന്നത് മറക്കരുത്. ഇത് ഏത്‌ രാജ്യത്തും കാണുന്ന വസ്തുതയാണ്. തോല്‍ക്കുന്നവര്‍ക്ക് ചരിത്രമില്ല; ഉണ്ടോ എന്ന് തെരയാന്‍ അരുന്ധതിയെപ്പോലുള്ളവരേ ഉള്ളൂ.  ZN