യോജനവും വിയോജനവും

പരീസ്, 30.09.2010
പ്രിയ സക്കറിയാസ്,
'അറിവ്', 'മായ' തുടങ്ങിയ 'കെണി'പിടിച്ച ധാരണകളെപ്പറ്റി താങ്കളുടെ ബ്ലോഗില്‍ വായിച്ചപ്പോള്‍ കൌതുകം തോന്നി. അതോടൊപ്പം സന്ദേഹങ്ങളും. താങ്കള്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ശരിക്കും കട്ടിയുള്ളവയും ഉള്ളില്‍ തട്ടേണ്ടവയുമാണ്. ഭാഷയും ശൈലിയും വിഷയത്തെ പരമാവധി സുതാര്യവും സുഗ്രാഹ്യവുമാക്കാന്‍ ഉതകുന്ന രീതിയിലുള്ളതാണ്‌. ഇത്തരം ചിന്താബന്ധുരമായ എഴുത്ത് മലയാളത്തില്‍ വിരളമാണ്. മലയാള വായനക്കാര്‍ക്ക് താങ്കളുടെ discourseന്റെ രീതി സുപരിചിതമല്ല. നമ്മുടെയാളുകള്‍ വായിച്ചുവിടുന്നത് കൂടുതലും കേവലം വിവരങ്ങള്‍ (information) മാത്രമാണ്. മലയാളത്തിലെ സംവാദങ്ങളും ചര്‍ച്ചകളും ഏറെക്കുറെ കാമ്പും കഴമ്പുമില്ലാത്ത സാഹിത്യവിചാരങ്ങളും വാഗ്വിലാസങ്ങളുമാണ്. സംസ്കൃതത്തിലൂടെ നമുക്ക് കൈമുതലായി കിട്ടിയ ദാര്‍ശനിക സങ്കല്പങ്ങളെ, തത്ത്വവിചാരസംബന്ധിയായ ഉള്ക്കാഴ്ച്ചകളെ, തെളിഞ്ഞ മലയാളത്തില്‍ അവതരിപ്പിക്കാന്‍ അധികമാരും ഇല്ല. കവിത, ഭാഷ, സാഹിത്യം തുടങ്ങിയ മേഖലകളില്‍ പോലും നാട്യശാസ്ത്രവും അഭിനയദര്‍പ്പണവും ധ്വനിസിദ്ധാന്തവുമൊക്കെ പരാമാര്ശിക്കപ്പെടുമെന്നല്ലാതെ, സുവ്യക്തമായ വിചിന്തനങ്ങള്‍ തുലോം കുറവാണ്. ജര്‍മന്‍ഭാഷ ഒരുവിധം വായിക്കാന്‍ കഴിയുന്ന എന്‍.ആര്‍.ഐ.കള്‍ പോലും വായിച്ചുതള്ളുന്നത് എന്തെന്നറിയാമല്ലോ?

അതുകൊണ്ട്, തുടര്‍ന്നെഴുതുക. എഴുത്തിലെ വ്യക്തിപരതയുടെ ആ തലം നിലനിര്‍ത്തുക. അങ്ങനെ, ജീവിച്ചതിന്റെ, ജീവിക്കുന്നതിന്റെ ഒരുണര്‍വും authenticityയും വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും വന്നുചേരും. ഭാഷ കുറിക്കുകൊള്ളുന്നതും ലക്ഷ്യവേധിയുമാകുന്നതും അങ്ങനെയാണല്ലോ. താങ്കളുടെ മനനത്തിനു വിഷയമാകുന്ന കാര്യങ്ങളുടെ സ്വഭാവവും അതാവശ്യപ്പെടുന്നു.

ഇനി സന്ദേഹങ്ങള്‍: ഞാന്‍ കാണുന്ന മരം എന്റെ സൃഷ്ടിയാണെന്നുള്ളത് ശരിയാണെങ്കിലും, മരം അതില്‍ത്തന്നെ എന്തായിരിക്കുന്നു? മരവും ഞാനും ഈ പ്രപഞ്ചം മുഴുവനും ബൃഹത്തായൊരു ഊര്‍ജ്ജമഥനത്തിന്റെ ഭാഗമായി കണക്കാക്കാം. അപ്പോള്‍ പിന്നെ, ഞാനില്ല, നീയില്ല. കാര്യമതാണെങ്കിലും, കേവലം ഊര്‍ജ്ജപ്രവാഹമായി മാത്രം എന്തെങ്കിലും നിലനില്‍ക്കുന്നുണ്ടോ? മറ്റ് വാക്കുകളില്‍, കോസ്മിക് എനര്‍ജി ബ്രഹ്മകടാഹത്തില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇന്ദ്രിയവേദിയല്ലാത്ത ഒരു കോസ്മിക് പ്രഭാവമുണ്ടോ? അത് ആറാം ഇന്ദ്രിയമാകാം, ആകാശമാകാം. പക്ഷേ, ആകാശം മാത്രമായിട്ട്, 'ഓം' മാത്രമായിട്ട്‌, അത് സ്ഥിതിചെയ്യുന്നുണ്ടോ? ഒന്നുകൂടി വിശദീകരിക്കാം. 'മനുഷ്യന്‍' എന്നത് abstract ആയി നാം സങ്കല്പ്പിക്കുന്നതാണല്ലോ? ശരിക്കുമുള്ളത്, സ്ഥലകാല- ദേശ- സംസ്കാര- ഭാഷാബദ്ധമായ ഒരു concreteness മാത്രമല്ലേ? അതുപോലെ, ശുദ്ധബോധമായിട്ട് പ്രാപഞ്ചികത്വം, പദാര്‍ത്ഥത്തിന്റെ അഭാവത്തില്‍, നിലനില്‍ക്കുന്നുണ്ടോ എന്നാണ് ആശാനോടുള്ള ചോദ്യം. ഈ പദാര്‍ത്ഥമിപ്പോള്‍ ഫോട്ടോണിന്റെ സൂക്ഷ്മകണികവരെ എത്തിനില്‍ക്കുന്നു, ശാസ്ത്രീയാപഗ്രഥനത്തില്‍. അവബോധം പ്രകാശധാരയോ ധോരണിയോ വീശിയെറിഞ്ഞ വലയോ എന്തുമാകട്ടെ, അതിന്റെ 'കൂട്ട്' (ingredients) എന്താണ്? പഞ്ചഭൂതങ്ങളുടെ ഒരു പ്രത്യക ചേരുവയിലൂടെയാണോ പ്രപഞ്ചചൈതന്യം 'രൂപ'മെടുക്കുന്നത്? അഹം നിര്‍വികാരാനിരാകാരരൂപി എന്നുണ്ടല്ലോ? ഞാന്‍ ഊഹിച്ചെടുക്കുന്നത്, പ്രപഞ്ചശക്തി ഒരു centrifugal താണ്ഡവത്തിലേര്‍പ്പെട്ടിരിക്കുന്നു (നടരാജനടനം) എന്നാണ്. പാല്‍ കടയുമ്പോള്‍ വെണ്ണ ഉരുവപ്പെടുന്നതുപോലെ ചില സന്ദര്‍ഭങ്ങളില്‍ ഈ ശക്തി ചില പോയ്ന്റുകളില്‍ ആഘാതത്തോടെ നിപതിക്കുന്നു. അതാകാം അവതാരങ്ങള്‍. നിര്‍ഗുണബ്രഹ്മത്തെ സഗുണമാക്കാന്‍ പദാര്‍ത്ഥത്തിന്റെ (matter) സാന്നിദ്ധ്യം ആവശ്യമുണ്ട് എന്ന് വരുമോ? ഇങ്ങനെ പല ചോദ്യങ്ങളും ചിന്തകളും എന്നിലുണ്ടായി. താങ്കളുടെ വിചാരധാര എന്നിലൊരിളക്കം സൃഷ്ടിച്ചു എന്നതിന് പക്ഷാന്തരമില്ല.

യേശുവിനേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ജര്‍മനോ ഫ്രഞ്ചോ ഇംഗ്ലീഷൊ അറിയാവുന്നവര്‍ക്ക് പുത്തരിയല്ല. എന്റെ ന്യായമായ അനുമാനം, അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു, ഇന്ത്യയിലെ മുനി/ഗുരുക്കന്മാരെ കണ്ടുമുട്ടി എന്നൊക്കെയാണ്. യേശുവിന്റെ പല ആശയങ്ങളിലും ജീവിതരീതികളിലും ബുദ്ധമതസ്വാധീനം ഉള്ളതായി ഇന്ന് അംഗീകരിക്കുന്നുണ്ടല്ലോ. ലളിതമാനസ്സനായ ഒരു വായനക്കാരന്, താങ്കളുടെ ലേഖനം വായിച്ചാല്‍, തീര്‍ച്ചയായും ഉതപ്പുണ്ടാകും. "ഇങ്ങനെയൊക്കെ എഴുതിയിട്ട്, ഇന്ന് രാത്രി നീ മരിച്ചാല്‍, നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും?" എന്ന് ചോദിച്ച വിശ്വാസിയോട്, "യേശുവിനോടോത്ത് പറുദീസയില്‍" എന്ന താങ്കളുടെ മറുപടി ഉരുളക്കുപ്പേരിയായി. അയാളുടെ ചോദ്യത്തിലെ 'നിത്യതയും' താങ്കളുടെ ഉത്തരത്തിലെ 'പറുദീസയും' സാങ്കല്പികങ്ങളാണെങ്കിലും.

ക്രിസ്ത്യാനികളുടെയിടയില്‍ മാത്രമല്ല മൂഢവിശ്വാസങ്ങളുള്ളത്. നമ്മുടെ പ്രാചീനകാലത്ത് ഇന്ത്യയിലുണ്ടായ ദര്‍ശനവിശേഷങ്ങളെ മുഴുവന്‍ മനുഷ്യവത്ക്കരിക്കുകയും മൃഗവല്ക്കരിക്കുകയും ആണല്ലൊ പില്‍ക്കാല ഹൈന്ദവപൌരോഹിത്യം ചെയ്തത്. ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ യേശുവിനെപ്പോലെ, അവര്‍ ജീവിച്ച ചരിത്രഘട്ടത്തിന്റെ സന്താനങ്ങളാണ്. അല്ലെങ്കില്‍, കര്‍ണ്ണനെ ചതിയമ്പെയ്യാന്‍ കൃഷ്ണന്‍ പറയുമോ? സീത‌യുടെ ചാരിത്ര്യം അഗ്നിപരീക്ഷയിലൂടെ ശ്രീരാമന്‍ തിട്ടപ്പെടുത്തുമോ? ഉദാത്തമായ ഉപനിഷദ് ദര്‍ശനങ്ങളെവിടെ, പ്രതിലോമബുദ്ധികളായ ഇന്നത്തെ ഹിന്ദുക്കളെവിടെ? 99% ആളുകളും മാനസികമായ സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരല്ല. ചിന്തയുടെയും പ്രവൃത്തിയുടെയും സമഞ്ജസമായ സ്വാതന്ത്ര്യലഹരി ശരാശരി മനുഷ്യന് താങ്ങാനാവുകയില്ലായിരിക്കാം! അതുകൊണ്ടാണല്ലോ ഭക്തി എന്ന പ്രതിഭാസം വിവിധ രൂപത്തിലും ഭാവത്തിലും തഴച്ചുവളര്‍ന്നു നിലക്കുന്നത്. സര്‍വ്വാശ്ലേഷിയായ സ്വാതന്ത്ര്യമാണ് ഒരന്വേഷകനെ നയിക്കേണ്ടത്. പക്ഷേ, എത്ര പേര്‍ക്ക് അതിനുള്ള വിളിയുണ്ട്; വിളിയുണ്ടെങ്കില്‍ തന്നെ അതേറ്റെടുക്കാനുള്ള ധൈര്യം? ജ്ഞാനത്തിലൂടെയുള്ള വെളിച്ചവും വെളിപാടും യുഗസംക്രമണങ്ങളിലാകാം ഉണ്ടാകുന്നത്?

അതുകൊണ്ട്, താങ്കളുടെ വിചിന്തനങ്ങളില്‍ പക്ഷപാതമരുത്. ക്രൈസ്തവസമൂഹത്തില്‍ മാത്രമേ കാപട്യവും കൂട്ടിക്കൊടുപ്പും കൂടുതലുള്ളൂ എന്ന രീതിയില്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍, 'പ്രബുദ്ധരായ' ക്രിസ്ത്യാനികളെ അത് ചൊടിപ്പിച്ചേക്കാം. എന്നിരുന്നാലും, സംഘടിതമതത്തിനുള്ളില്‍ നടക്കുന്ന 'ബ്രെയിന്‍ വ്വാഷിംഗ്' നാം കാണാതിരുന്നുകൂടാ. എല്ലാ പ്രസ്ഥാനങ്ങളിലും വന്നുഭവിച്ച പരിതാപകരമായ ഈ പരിണതി, അധികാരത്തിന്റെ പ്രയോഗത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഒന്നായിട്ടു കാണാന്‍ കഴിയണം.

സത്യത്തില്‍, ഈ ജനുസ്സില്‍പെട്ട ഒരെഴുത്തുകാരനായിരുന്നു ഒ.വി.വിജയന്‍. അദ്ദേഹത്തിന്‍റെ രണ്ട് പുസ്തകങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ തൊട്ടിട്ടുള്ളത്. ധര്‍മപുരാണവും മധുരം ഗായതിയും. രണ്ടിലും, കഥാരൂപേണ, ചരിത്രത്തില്‍ പ്രപഞ്ചചൈതന്യം എങ്ങനെ ഇടപെടുന്നുവെന്നു സൂചിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വിജയനെപ്പറ്റി പറയുമ്പോള്‍, താന്‍ ആവിഷ്ക്കരിക്കാനുദ്ദേശിച്ച താത്ത്വിക/ദാര്‍ശനിക ഉള്‍ക്കാഴ്ചകള്‍ക്ക്, അതിനുചേര്‍ന്ന ഒരു പുത്തന്‍ ഭാഷാശൈലിയും പദസമുച്ചയവും അദ്ദേഹം സൃഷ്ടിച്ചു എന്നെടുത്തുപറയേണ്ടതുണ്ട്. താങ്കള്‍ എം.റ്റി.യെപ്പറ്റി പരാമര്‍ശിച്ചിരുന്നല്ലോ? ഭാഷയെ നവീകരിക്കുന്നതില്‍, ഭാവുകത്വത്തെ നവീകരിക്കുന്നതില്‍, അദ്ദേഹത്തിന്‍റെ സംഭാവന എന്താണ് എന്നന്വേഷിച്ചാല്‍, ഫലം കൂടുതലും ഏതാണ്ട് നിരാശതാജനകമായിരിക്കും. വിജയന് കടുമ്പിടുത്തമുണ്ടായിരുന്ന ധാരണകളായിരുന്നു അവതാരസകല്പം, യുദ്ധമെന്ന പ്രതിഭാസം, ചരിത്രത്തിന്റെ ആത്യന്തികമായ ആപേക്ഷികതാപ്രസക്തി, തുടങ്ങിയവ. എന്തുകൊണ്ടാണ് മനുഷ്യര്‍ യുദ്ധം ചെയ്യുന്നത്, പരസ്പരം തലതല്ലിച്ചാകുന്നത്? യുദ്ധത്തെപ്പറ്റി, ഹിംസയെപ്പറ്റി, മനുഷ്യന്റെ വിധിയെപ്പറ്റി വേപഥുവാര്‍ന്ന് എഴുതിയ ഒരാളായിരുന്നു വിജയന്‍. അദ്ദേഹം കൂടുതലും എഴുതിയത്, fiction എന്നയിനത്തിലാണെങ്കിലും, എല്ലാറ്റിന്റെയും 'why' തിരഞ്ഞു പോയ ഒരാളായിരുന്നു അദ്ദേഹം. "അതിരുകളും ആസ്പദങ്ങളുമില്ലാത്ത തിരച്ചില്‍" എന്നാണ് അദ്ദേഹംതന്നെ തന്റെ ചോദ്യാസക്തിയെ വിശേഷിപ്പിച്ചത്‌. മുഴവന്‍-സമയ-ഫിക്ഷനില്‍ മുഴുകുന്നതിനു മുമ്പ്, അദ്ദേഹം കലാകൌമുദിയില്‍ കുറേ ലേഖനങ്ങള്‍ എഴുതിയിരുന്നു. നമ്മുടെ ദ്രാവിഡസ്വത്വമായിരുന്നു അവയിലെ മുഖ്യ പ്രതിപാദ്യവിഷയങ്ങളിലൊന്ന്. കാരണം, വിജയന്‍ ദില്ലിയിലായിരുന്നല്ലോ 'പ്രവാസം'. ഇന്ത്യയുടെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രം എന്ന നിലക്ക്, ദില്ലിയിലെ അധികാരകേളികളും കയ്യാങ്കളികളും അദ്ദേഹത്തിനു നേരിട്ടറിയാമായിരുന്നു. പത്രപ്രവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ അധികാരപ്രയോഗത്തിന്റെ എല്ലാ ഇടനാഴികളിലൂടെയും അദ്ദേഹം സഞ്ചരിക്കാനിടവന്നു. അവിടെയൊക്കെ കണ്ടതും കേട്ടതും അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മലയാളത്തില്‍ 'ആധുനികത'ക്ക് തുടക്കം കുറിച്ചയാള്‍ എന്ന പരിഗണനയൊക്കെ അദ്ദേഹത്തിന് സാഹിത്യചരിത്രത്തില്‍ കൊടുത്തുകണ്ടിട്ടുണ്ട്. പക്ഷേ, അതിനേക്കാളൊക്കെ പ്രധാനമായിട്ടെനിക്ക് തോന്നുന്നത്, മനുഷ്യനെപ്പറ്റി, പ്രപഞ്ചത്തെപ്പറ്റി, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെപ്പറ്റി, ചരിത്രത്തില്‍ ഉരുവംകൊള്ളുന്ന അദൃശ്യ സര്‍ഗ്ഗപ്രവാഹത്തെപ്പറ്റിയൊക്കെ ചിന്തിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടു എന്നുള്ളതാണ്. കേരളത്തെ, ഇന്ത്യയെ, ലോകത്തെ മുഴുവനും ഗ്രസിച്ചിരിക്കുന്ന ആത്മഹത്യാപരമായ ഉപഭോഗജ്വരത്തെപ്പറ്റിയും, പ്രകൃതിയോട് ഇന്ന് മനുഷ്യന്‍ കാണിക്കുന്ന നിഷ്ഠൂരനീതികളെപ്പറ്റിയും, അതൊക്കെ ഫാഷനാകുന്നതിന് എത്രയോ മുമ്പ് അദ്ദേഹം ആലോചിച്ചിരുന്നു. സൈലന്റ് വാലി സംരക്ഷിതമേഘലയാക്കി നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും അതിനായി പ്രചാരണം നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയുമൊക്കെ ചെയ്തവരുടെ മുന്‍പന്തിയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു. കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും ഒരേ സമയം തള്ളിപ്പറഞ്ഞ എഴുത്തുകാരന്‍, ഇന്ത്യയുടെ സനാതന പ്രപഞ്ചസങ്കല്പത്തെപ്പറ്റി സാഹിത്യത്തിലൂടെ വിചിന്തനം ചെയ്ത ഒരാള്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇടതുപക്ഷവും, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, ഹിന്ദുക്കളില്‍ തന്നെ ഉല്‍പതിഷ്ണുക്കള്‍ എന്നഭിമാനിക്കുന്നവരും അദ്ദേഹത്തെ ഹിന്ദുത്വത്തിന്റെ പിണിയാളായി മുദ്രകുത്തി. എന്നാല്‍ സത്യം അതായിരുന്നില്ല. ഭാരതത്തില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന, ഇന്നും നടക്കുന്ന, ആര്യന്‍ മേധാവിത്വത്തെപ്പറ്റി ഉറക്കെ ചിന്തിച്ചതും അദ്ദേഹം തന്നെ!
Inasu Thalak, Paris - poetinasu@gmail.com - ഫോണ്‍: 0175575721 / 0623461254           

0 comments: