1969ല്‍ കേരളത്തില്‍ അത്ര പ്രചാരമില്ലായിരുന്ന ഒരു മാസികയില്‍ 'ചിന്തയും ജീവിതവും' എന്നൊരു കോളം 'സഞ്ജീവ്' എന്ന തൂലികാനാമത്തില്‍ ഞാനെഴുതിത്തുടങ്ങിയെങ്കിലും ഏതാനും പ്രതികള്‍ക്കുശേഷം അത് മുടങ്ങിപ്പോയെന്നാണ് ഓര്‍മ്മ. അന്നത്തെയെന്നെപ്പോലെ, യുവത്വത്തിലേയ്ക്ക് കാല്‍വയ്ക്കുകയും, അല്പമൊക്കെ ചിന്തിക്കാന്‍ കഴിയുമെന്ന് തോന്നിത്തുടങ്ങുകയും ചെയ്യുമ്പോള്‍, കാതലായ പലതും കണ്ടെത്തിയെന്നു ധരിച്ചുവശാകുന്നവര്‍ വിരളമല്ല. അവരെപ്പറ്റിയാകാം, ജീവിതത്തിന്റെ അര്‍ത്ഥം തിരയുന്നതോടെ ഒരാള്‍ മനോരോഗിയായിത്തീരുന്നു എന്ന് കീര്‍കെഗോര്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ വാക്കുകളെ ഇങ്ങനെ പൂര്‍ത്തീകരിക്കാന്‍ തോന്നുന്നു: ജീവിതത്തിന് അതിന്റേതായ ഒരര്‍ത്ഥവുമില്ലെന്നു കണ്ടെത്തുന്നതോടെ, ഈ മനോരോഗം മാറുന്നു.
ആകാശഗോളങ്ങളുമായി എനിക്കും നിങ്ങള്‍ക്കും അഭേദ്യമായ ബന്ധമുണ്ട്. കാരണം, സകലതിന്റെയും തുടക്കം ഒരൊറ്റ ബിന്ദുവില്‍ നിന്നാണ്. സമയം, ദൂരം, വേഗം എന്നൊക്കെയുള്ള പ്രതിഭാസങ്ങള്‍ തുടങ്ങിയത് 900 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നാണ് ശാസ്ത്രമതം. കടലിന്റെയും മലയിടുക്കുകളുടെയും വിദൂരതയിലേയ്ക്കു നോക്കിയിരിക്കുമ്പോള്‍, എങ്ങനെയോ, നമ്മുടെയാദിയിലേയ്ക്ക് സഞ്ചരിക്കുന്ന ഒരനുഭൂതി കിട്ടും. ജീവിതത്തില്‍ ഒരു വിശാലവീക്ഷണം തരപ്പെടുത്താന്‍ ഈ ശീലം സഹായിക്കുമെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സത്യത്തിന്റെ വ്യാഖ്യാനമാകാം, മണ്ണുതിന്ന ശ്രീകൃഷ്ണന്റെ വായ് തുറന്നു നോക്കിയപ്പോള്‍, യശോദ ഈരേഴുപതിന്നാല് ലോകങ്ങളും കണ്ടുവെന്ന് പറയുന്നത്. അവനവന്റെ ഉള്ളിലേയ്ക്ക് നോക്കാന്‍ പഠിക്കുന്നവന്‍ കാണുന്നത് തന്നെത്തന്നെയും അസ്തിത്വത്തെ മുഴുവനുമാണ് എന്ന നമ്മുടെ ജ്ഞാനികളുടെ കണ്ടെത്തലും ഈ അറുതിയില്ലാത്ത പൊരുളാണ് ഉള്‍ക്കൊള്ളുന്നത്.
900 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് വിവരണാതീതമായ സാന്ദ്രതയുള്ള ഒരു ബിന്ദുവിലായിരുന്നു, സര്‍വ്വ ഭൌതികാസ്തിത്വവും. അതില്‍നിന്നാണ് ഇന്ന് നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ വിസ്ഫോടനം തുടങ്ങിയതെന്നാണ് കണക്കുകൂട്ടല്‍. ഈ വികാസം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും വാനശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ നിരീക്ഷണമണ്ഡലത്തിനുള്ളില്‍ തുടക്കംപോലെ തന്നെ ഒടുക്കവും അസ്തിത്വത്തിന്റെ ഭാഗമാണ്. എല്ലാം ആദ്യബിന്ദുവിലേയ്ക്ക് തിരിച്ചുള്ള യാത്രയിലാണ് എന്നും പറയാം. ഇതിനെ ജീര്‍ണ്ണതയായി അനുഭവപ്പെടുന്നത് സ്ഥൂലപ്രപഞ്ചത്തിന്റെ സമയപരിധിക്കുള്ളില്‍ നില്‍ക്കുന്നവയുടെ മാത്രം നിയമമാണ്. നമുക്ക് സഹജമായ ഹൃസ്വദൃഷ്ടിയുടെ ഫലമാണത്. പ്രപഞ്ചത്തിലുള്ളതെന്തും, പുറപ്പെടുന്നിടത്തു തിരിച്ചെത്തുമെന്നതാണ് അസ്തിത്വത്തിന്റെ നിശ്ചിത നിയമമെങ്കിലും, അത് മനസ്സിലാക്കേണ്ടത്, ജീര്‍ണ്ണതയായിട്ടല്ല, മറിച്ച്, പരിണാമമായിട്ടാണ്; ഊര്‍ജ്ജം ദ്രവ്യമായും, ദ്രവ്യം ഊര്‍ജ്ജമായും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകസംഹാരിയായ കാലം ഞാന്‍ തന്നെയാണെന്ന് കൃഷ്ണന്‍ പറയുന്നത് ഈ ആശയത്തെ സ്ഥിരീകരിക്കുന്നതായി കാണാം. സമയത്തിനു 'a short history' മാത്രമേയുള്ളൂ. അതിനപ്പുറത്ത് timelessness ആണ്. കാണുന്നതും അനുഭവിക്കുന്നതുമെല്ലാം സമയത്തിനുള്ളില്‍ ഒതുക്കുക എന്നതു നമ്മുടെ സമയ-മണ്ഡലീയത്തിന്റെ പരിമിതികളിലൊന്നാണ്.
ഒരു പ്രകാശരശ്മിയെ തൊടുത്തുവിട്ടാല്‍, അതെവിടെയവസാനിക്കും എന്ന് ചോദിക്കാം. അനന്ത വിഹായസില്‍, അനന്ത കാലത്തേയ്ക്ക് അതിനു സഞ്ചരിക്കാമോ? ഇല്ല, കാരണം, പ്രകാശത്തെ നിര്‍വിഘ്നം ഋജ്ജുരേഖയില്‍ പോകാന്‍ അനുവദിക്കാത്തത്ര ഗുരുത്വാകര്‍ഷണശക്തിയുള്ള തമോഗര്‍ത്തങ്ങള്‍ (dark matter) ഉള്‍ക്കൊള്ളുന്നതാണ് ബഹിരാകാശം. General Relativity Theory അനുസരിച്ച്, ഭീമാകാരമുള്ള ആകാശഗോളങ്ങളുടെ ഗുരുത്വാകര്‍ഷണം മൂലം പ്രകാശം വളയ്ക്കപ്പെടും. ഇങ്ങനെ വളഞ്ഞു വളഞ്ഞ്, അത് തിരിച്ചിടത്തുതന്നെ എത്തും.
മനുഷ്യനുള്‍പ്പെടെ ദ്രവ്യമാനമുള്ളയെ എന്തിനും ഇതുതന്നെ സംഭവിക്കുന്നു എന്ന് പറയാം. ജനനത്തോടെ നമ്മില്‍ അങ്കുരിക്കുന്ന അല്‍പബോധം, ചുറ്റുപാടുകളില്‍ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്നു. ഈ ബോധമാണ് മനുഷ്യനെ സ്ഥൂലതയിലൂടെ കൊണ്ടുപോയി സൂക്ഷ്മതയിലേയ്ക്ക് നയിക്കുന്നത്. സാമാന്യബുദ്ധിക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം, സ്ഥൂലതയെ നിയന്ത്രിക്കുന്നത് ത്രിമാനങ്ങളാണ്. നമ്മുടെ ഭൌതികമായ എല്ലാ അറിവിന്റെയും നിലവാരം നിര്‍ണ്ണയിക്കുന്നത് ഇവയാണ് (Newton). ചുരുക്കം ചിലര്‍, മേധയുടെ ശക്തിപ്രഭാവത്തിലൂടെ, ത്രിമാനങ്ങള്‍ക്കപ്പുറത്തു കടന്ന്, ത്രിമാനങ്ങളോട് കാലത്തെയും കൂടി ചേര്‍ത്തു ചിന്തിച്ച്, (Einstein) മനുഷ്യന്റെ അടിസ്ഥാനപരമായ അങ്കലാപ്പിനെപ്പറ്റി മനസ്സിലാക്കുന്നു. എന്നാല്‍, ഈ കാലബോധത്തെ മറികടന്ന്, ദ്രവ്യമയമായ വസ്തുബോധത്തില്‍ നിന്നുയരാനാകുന്നവര്‍, മനസ്സിന്റെ പരിമിതികളെ തോല്‍പ്പിച്ച്, (മുക്തി നേടി) ജ്ഞാനികളാകുന്നു. ഐന്‍ഷ്‌റ്റൈന്‍ (പൊതുവേ, ഐന്‍ സ്റ്റൈന്‍ എന്നാണെഴുതാറുള്ളതെങ്കിലും, ഐന്‍ഷ്‌റ്റൈന്‍ ആണ് ശരി, അതായത്, ജര്‍മന്‍ ഉച്ചാരണം.) കണ്ടെത്തിയ ആപേക്ഷികതാസിദ്ധാന്തങ്ങളിലൂടെ തെളിഞ്ഞുവന്നപ്പോഴാണ്, അതുവരെയുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകള്‍ക്ക് ആകാശത്തിന്റെ പരിസീമകളില്‍ യാതൊരു പ്രസക്തിയും ഇല്ലെന്നു വ്യക്തമായത്. അതായത്, ദെകാര്‍ത്തിന്റെയും ന്യൂട്ടന്റെയും കണ്ടെത്തലുകള്‍ പ്രപഞ്ചവിജ്ഞാനീയത്തിന്റെ ആദ്യപടികള്‍ മാത്രമായിരുന്നുവെന്നും, സൂക്ഷ്മപ്രപഞ്ചത്തെ ഭരിക്കുന്ന നിയമങ്ങള്‍ അനിശ്ചിതത്വത്തിന്റേതാണെന്നും ഉരുത്തിരിഞ്ഞു വന്നത്. പക്ഷേ, അത് അനിശ്ചിതമാണെന്നു തോന്നുന്നത്, സ്ഥൂലത്തില്‍ നിന്ന് കാലും മനസ്സും പറിക്കാനാകാത്തവര്‍ക്കാണ്. നമ്മുടെയൊക്കെ സ്ഥിതി അതാണല്ലോ.
പൊതു ആപേക്ഷികതാസിദ്ധാന്തമെന്നു പറഞ്ഞാല്‍ എന്താണ്? അത് ചെയ്യുന്നത്, ഏത് സംഭവത്തെയും അതിന്റെ തനതായ സ്ഥല-കാലബന്ധത്തില്‍ തളച്ചിടുകയാണ്. അതായത്, ഒരു സംഭവം അതില്‍ പങ്കുപറ്റുന്നവയുടെ സ്ഥലകാലാനുഭവത്തെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. പുറത്ത് നിന്നുകൊണ്ട് അതിനെ നിരീക്ഷിക്കുന്നയാള്‍ക്ക് അതിന്റെ കൃത്യമായ സ്ഥലവും കാലവും നിര്‍ണ്ണയിക്കാനാവില്ല. ഉദാ: ഒരു സിനിമയുടെ റീല്‍ തക്കതായ വേഗത്തിലും അതിന്റെ ഇരട്ടി വേഗത്തിലും ഓടിച്ചാല്‍ സ്ക്രീനില്‍ കാണുന്ന വ്യത്യാസം നമുക്കറിയാം. രണ്ടാമത്തേത് നമുക്ക് ഒരര്‍ത്ഥവും നല്‍കുന്നില്ല. സ്ഥൂല- സൂക്ഷ്മപ്രപഞ്ചങ്ങളില്‍ ഇതേപോലെ വ്യത്യസ്തമായാണ് സ്ഥലകാലങ്ങള്‍ പെരുമാറുന്നത് എന്ന് വേണമെങ്കില്‍ പറയാം. അതുപോലെ, ഭൂമിയിലെ സ്ഥലകാലമല്ല ഭൂമിക്കു വെളിയില്‍. പ്രകാശവേഗത്തെ വെല്ലുന്നതൊന്നും നമ്മുടെയറിവിന്റെ പരിധിയില്‍ ഇല്ലെന്നാണ് ഐന്‍ഷ്‌റ്റൈന്റെ വാദം. ആ വേഗത്തെ മറികടന്നാല്‍, നിശ്ചലതയാണ് - അതായത്, വേഗമെന്നത് അപ്രസക്തമാകുന്ന അവസ്ഥ. അതോടേ, തുടക്കം, ഒടുക്കം എന്നിവ അര്‍ത്ഥമില്ലാത്ത സങ്കല്പങ്ങളായിത്തീരുന്നു. ഈ വിഷയം സാധാണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ എഴുതിയിട്ടുള്ള ഒരാള്‍ ആര്‍. ഗോപിമണിയാണ്. (പ്രപഞ്ചവും മനുഷ്യനും, ആകാശത്തിനുമപ്പുറം എന്നും മറ്റുമുള്ള അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്.) വസ്തുവെന്നത് ആത്യന്തിക വിശകലനത്തില്‍ അതിസൂക്ഷ്മമായ ഊര്‍ജ്ജമാണ്. ഇതെന്തെന്നുള്ള തിരച്ചിലാണ് ശാസ്ത്രത്തെ ക്വാണ്ടം ബലതന്ത്രത്തിലെത്തിച്ചത്. അതിന്റെ അങ്ങേയറ്റമാണ് തന്ത്രി-സിദ്ധാന്തം. String Theoryയെപ്പറ്റി താഴെയും അനന്തതയുടെ ചുരുളുകള്‍ എന്ന ലേഖനത്തിലും കൂടുതല്‍ പറയേണ്ടിവരും.
ന്യൂട്ടന്റെ 'സ്ഥിരപ്രപഞ്ചം' അത്രയൊന്നും സ്ഥിരമല്ലെന്ന് തെളിയിച്ചത്, വികിരണങ്ങളുടെ കണികസിദ്ധാന്തം അവതരിപ്പിച്ച മാക്സ് പ്ലാങ്കാണ്. വസ്തുവിന്റെ സൂക്ഷ്മതലത്തിലുള്ള ഊര്‍ജ്ജരൂപം എപ്പോഴും ക്വാണ്ടങ്ങളായിട്ടാണ് വികിരണം ചെയ്യപ്പെടുന്നത് എന്നദ്ദേഹം തെളിയിച്ചു. Quantum ലത്തീന്‍ വാക്കാണ്. ഉള്ളത്, അളവ്, പൊതി എന്നൊക്കെയാണ് വിവക്ഷ. Quantum mechanics explains the behaviour of matter and its interactions with energy on the scale of atoms and subatomic particles. വസ്തുവിന്റെ സൂക്ഷ്മരൂപം, അണുവിന്റെ തലത്തിലും അതിനപ്പുറത്തും, ഉള്ളിലെന്തെന്ന് വെളിപ്പെടുത്താത്ത 'പൊതി'കളാണ്. ഊര്‍ജ്ജത്തിന്റെ സൂക്ഷ്മഭാവം ഈ പൊതികളാണ് എന്നറിയാമെങ്കിലും, അതിന്റെ രൂപമെന്തെന്ന് ഇനിയും അത്ര വ്യക്തമായിട്ടില്ല. ഇവിടെ വ്യക്തതക്കു ശ്രമിച്ചവരില്‍ പ്രധാനി വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ് ആണ്. ഊര്‍ജത്തിന്റെ ഒരു രൂപമാണ് പ്രകാശം. ഈ പ്രതിഭാസത്തിനു കാരണം ഫോട്ടോണ്‍ ആണെന്നുമറിയാം. സൂര്യന്‍ എന്ന നക്ഷത്രത്തിലെ ഹൈഡ്രജന്‍ കത്തി ഹീലിയമായി മാറുമ്പോളാണ് ഫോട്ടോണ്‍ വിഗിരണം ചെയ്യപ്പെടുന്നത്. ഫോട്ടോണ്‍ ഒരേ സമയം കണമായും തരംഗമായും ചരിക്കുന്നു എന്ന കണ്ടെത്തലില്‍നിന്നാണ് ഹൈസെന്‍ബെര്‍ഗിന്റെ Uncertainty Principle (അനിശ്ചിതത്വ തത്ത്വം) ഉടലെടുത്തത്. ഇലെക്ട്രോന്‍ പോലുള്ള സബ്-അറ്റോമിക് കണങ്ങള്‍ പെരുമാറുന്നതും ഇങ്ങനെയാണ്. കണം എന്നത് ക്വാണ്ടംലോകത്തിന്റെ വസ്തുസ്വഭാവമാണെങ്കില്‍, തരംഗം എന്നത് അതിന്റെ ചലനസ്വഭാവമാണ്. എന്നാല്‍ എല്ലാ ഭാവനയെയും ശിഥിലമാക്കുന്നത്, ഈ തരംഗങ്ങള്‍ ശുദ്ധ ശൂന്യതയിലാണ് എന്നതാണ്. അപ്പോള്‍, ഈ പ്രപഞ്ചം ഒരേ സമയം ഉള്ളതും ഇല്ലാത്തതുമാണ്. കാരണം, quanta (quantum എന്ന വാക്കിന്റെ ബഹുവചനം) ഭൌതികമായ യാതൊരു വസ്തുസ്വഭാവവും ഉള്ളവയല്ല. അവ വസ്തുക്കള്‍ക്ക് ദ്രവ്യത്തിന്റെ തോന്നലുളവാക്കുന്ന വെറും സ്ഥല-കാലപ്രതിഭാസങ്ങള്‍ മാത്രമാണ്. ഭൌതികശാസ്ത്രത്തിന്റെ കണ്ടെത്തലാണ്, എല്ലാവും തന്മാത്രകളാല്‍ (molecules) നിര്‍മ്മിതമാണെന്നത്. തന്മാത്രകള്‍ അണുക്കളെ (atoms) ഉള്‍ക്കൊള്ളുന്നു. വലുപ്പമോ തൂക്കമോ ഇല്ലെന്നു തന്നെ പറയാവുന്ന അണുക്കള്‍ക്കുള്ളില്‍ ചീറിപ്പായുന്നതോ ക്വാണ്ട. അതുകൊണ്ടാണ് നേരത്തേ സൂചിപ്പിച്ചത്, വസ്തുക്കളെന്നത് ആത്യന്തികമായി സ്ഥല-കാലപ്രതിഭാസങ്ങളുടെ പ്രതിഫലനം മാത്രമാകുന്നു എന്ന്.
തങ്ങളുടെ സാമാന്യബുദ്ധിക്കു ദഹിക്കാത്തവയാണെന്ന കാരണത്താല്‍ ഈ വിവരങ്ങള്‍ അസ്വീകാര്യമാണെന്ന് പറയുന്നവരാകാം ബഹുഭൂരിപക്ഷവും. എന്നാല്‍, ഇത്തരം ശാസ്ത്രീയ വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് അല്പം കൂടി വിശദീകരണം ലഭിക്കാന്‍ ആഗ്രഹം കാണും. അവര്‍ക്കായി സ്ട്രിംഗ് തീയറിയുടെ അന്തരാളങ്ങള്‍ ചുരുക്കിപ്പറയാം. പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങള്‍ (ഊര്‍ജ്ജങ്ങള്‍) ഇവയാണ്: ഗുരുത്വാകര്‍ഷണബലം - (gravitational force), വിദ്യുദ്കാന്തികബലം - (electro-magnetic force), പ്രോട്ടോണും ന്യൂട്രോനും തമ്മില്‍ ബന്ധിതമാക്കുന്ന ആണവബലം - (the strong atomic force), ഉറപ്പേറിയ ചില മൂലകങ്ങളിലെ പ്രോട്ടോണുകള്‍ വിഘടിച്ചുണ്ടാകുന്ന ശക്തികുറഞ്ഞ ആണവബലം - (the weak atomic force). ഇവയില്‍ അവസാനത്തെ മൂന്നും ചേര്‍ന്ന് atomic force എന്നറിയപ്പെടുന്നു. ഇതിന് തുല്യവും, എന്നാല്‍ നേര്‍ വിപരീതവുമാണ് ഗുരുത്വാകര്‍ഷണബലം. ഗുരുത്വാകര്‍ഷണബലം negative ആണെങ്കില്‍, ആറ്റത്തിന്റെ ശക്തി positive ആണ്. അകലുംതോറും കുറയുന്നു എന്നയര്‍ത്ഥത്തിലാണ് negative എന്ന് പറയുന്നത്. അങ്ങനെയായതിനാല്‍, ഇവ രണ്ടും പരസ്പരം നിരാകരിക്കുന്നതിനാല്‍, പ്രപഞ്ചത്തിലെ മൊത്തയൂര്‍ജ്ജം പൂജ്യമാണ്. സ്ട്രിംഗ് തീയറിയനുസരിച്ച്, സ്ഥല-കാല-വസ്തു-പ്രതിഭാസമെന്ന നിലക്ക് ഈ പ്രപഞ്ചം ശൂന്യമാണ്.
String theory യുമായി ബന്ധിപ്പിച്ച്, അല്പം കൂടി വെളിച്ചം വീശാന്‍ രണ്ടുപമകള്‍കൂടി കൊണ്ടുവരട്ടെ. അതില്‍ ആദ്യത്തേത്, പ്രപഞ്ചത്തെ ഒരു വയലിനോടുപമിക്കുകയാണ്. നാല് തന്ത്രികളാണ് വയലിനുള്ളത്. ഇവയിലോരോന്നും നമ്മള്‍ കണ്ട നാല് ബലങ്ങളാണെന്നു സങ്കല്‍പ്പിക്കുക. അവയില്‍ സര്‍ഗപ്രഭാവനായ ഒരു സംഗീതജ്ഞന്‍ വിരലോടിക്കുമ്പോള്‍, ഒരു സിംഫണിയിലെന്നപോലെ തരംഗങ്ങള്‍ ഉണ്ടാവുകയും അതില്‍നിന്ന് വസ്തുപ്രപഞ്ചം ഉദ്ഭൂതമാകുകയും ചെയ്യുന്നു. ശൂന്യത തന്നെയായ quanta എന്തെന്ന് മനസ്സിലാക്കാന്‍, അതിനെ നമുക്ക് ഈ പറഞ്ഞ നാദപ്രപഞ്ചത്തിന്റെ സ്വരരാഗമായി കണക്കാക്കാം. രാഗമില്ലാതെ സംഗീതമില്ല, പക്ഷേ, സംഗീതത്തില്‍ രാഗം അതിന്റെ സ്വഭാവഗുണം അറിയിക്കുന്നതല്ലാതെ, അതെന്തെന്നു വെളിപ്പെടുത്തുന്ന മറ്റൊന്നും അതിലില്ല. അതുപോലെയാണ് quantum mechanics എന്ന നിയമസംഹിതയും അവയുടെ അനുസാരവും.
E = mc² എന്നത് ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും പ്രഖ്യാതമായ ശാസ്ത്രസമവാക്യമാണ്. ശാസ്ത്രപുരോഗതിക്കു മാത്രമല്ല, ഒരു ഭൂഖണ്ഡത്തിലെ ലക്ഷക്കണക്കിനുള്ള ജീവജാലങ്ങളെ നിമിഷനേരം കൊണ്ട് ചുട്ടുകരിച്ചുകളയാന്‍ പോരുന്ന ന്യൂ ക്ലിയര്‍ ബോംബുകള്‍ക്കു വഴിതെളിച്ചതും ഈ സമവാക്യമാണ്. എന്താണ് ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢജ്ഞാനം എന്ന് അറിയുന്നവര്‍ ശാസ്ത്രജ്ഞരല്ലാത്തവരില്‍ വിരളമാണ്. മലയാളത്തില്‍ അത് വിശദീകരിക്കാന്‍ ഒരുമ്പെടുക എത്ര വിജയിക്കുമെന്ന് പറയാനാവില്ലെങ്കിലും, ഒന്നു ശ്രമിക്കുന്നത് ഈ വിഷയങ്ങളില്‍ കൂടുതല്‍ വിവരമുള്ളവര്‍ ക്ഷമിക്കുമെന്ന് കരുതാം. E = mc² ന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കിയാല്‍, നാമറിയുന്ന പ്രപഞ്ചത്തിന്റെയെങ്കിലും സൃഷ്ടിയുടെ അഗാധതയിലേയ്ക്കുള്ള ഒരെളിയ എത്തിനോട്ടമായിരിക്കും ഫലം എന്നത് തീര്‍ത്തുപറയാവുന്ന കാര്യമാണ്. ഐന്‍ഷ്‌റ്റൈന്‍ ആണ് ഇതിന്റെ ഉപജ്ഞാതാവെങ്കിലും, ഈ സമവാക്യത്തിലുള്കൊണ്ടിരിക്കുന്ന രഹസ്യത്തിന്റെ കണ്ടെത്തലിനു വളരെപ്പേരുടെ സംഭാവനയുണ്ട്. എന്താണ് ഈ അക്ഷരങ്ങളും അക്കവും ദ്യോതിപ്പിക്കുന്നത് എന്ന് ആദ്യം നോക്കാം.
ഏവരും എല്ലായിടത്തും ഉപയോഗിക്കുന്ന വാക്കാണ് ഊര്‍ജ്ജം. പക്ഷേ, എന്താണത്? ജോലി ചെയ്യാനുള്ള കഴിവ് എന്ന് പറയാം. എല്ലാ ചലനത്തിലും ഊര്‍ജ്ജോപയോഗമുണ്ട്. എല്ലാ ചലനവും ഊര്‍ജ്ജത്തെ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. 2 kg തൂക്കമുള്ള ഒരു പന്ത് 50 km വേഗത്തില്‍ എറിഞ്ഞാല്‍, mass x velocity = 100 യൂണിറ്റ് ഊര്‍ജ്ജം സൃഷ്ടിക്കപ്പെടും എന്ന് ഐസക് ന്യൂട്ടന്‍ പറയുമ്പോള്‍, ലൈബ്നിറ്റ്സ് അത് m x v² = 5000 യൂണിറ്റ് ആണെന്ന് വാദിക്കും. ആരാണ് ശരിയെന്നു എങ്ങനെ കണ്ടെത്താം? ഇവിടെയാണ് Emilie du Châtelet എന്ന ഫ്രഞ്ച് ഫിസിസിസ്റ്റിന്റെ സേവനം ഐന്‍ഷ്‌റ്റൈന്‍ ഉപയോഗപ്പെടുത്തിയത്. അവരാകട്ടെ സഹപ്രവര്‍ത്തകനായിരുന്ന Willem 'sGravesande ന്റെ പരീക്ഷണങ്ങളെയാണ് ആശ്രയിച്ചത്. പരീക്ഷണം ഇങ്ങനെ: ആഴമുള്ള, അയഞ്ഞ കളിമണ്ണിലേയ്ക്കു ഒരമ്പെയ്യുക. അതെത്രമാത്രം താഴ്ന്നുപോയി എന്ന് തിട്ടപ്പെടുത്തുക. ഇരട്ടി സ്പീഡില്‍ വീണ്ടും എയ്യുക. E = mv ആണ് ശരിയെങ്കില്‍, രണ്ടാം തവണത്തേ ദൂരം ആദ്യത്തെതിന്റെ ഇരട്ടിയായിരിക്കണം. മൂന്നിരട്ടി വേഗത്തില്‍ തറയ്ക്കുന്ന അമ്പ് മൂന്നിരട്ടി താഴേയ്ക്കിറങ്ങണം. എന്നാല്‍, അതല്ല സംഭവിച്ചത്. ഇരട്ടി വേഗത്തില്‍ അയക്കപ്പെട്ട അമ്പ് നാലിരട്ടിയും, മൂന്നിരട്ടി വേഗത്തില്‍ വിട്ടയമ്പ് ഒമ്പതിരട്ടിയും കളിമണ്ണിലേയ്ക്കിറങ്ങി! അങ്ങനെയെങ്കില്‍, E = mv² ആണ് ശരിയായ സമവാക്യം. പ്രകൃതിയിലെ അടിസ്ഥാനപരമായ ഒരു നിയമമാണിത്. അതാണ് ഐന്‍ഷ്‌റ്റൈന്‍ തന്റെ സമവാക്യത്തിലും ഉപയോഗിച്ചത്. ഇത്ര പ്രധാനമായ ഒരു കണ്ടെത്തലിനുടമയായ ആ സ്ത്രീരത്നത്തെ ശാസ്ത്രചരിത്രം, പക്ഷേ, വിസ്മരിക്കുകയാണ് ചെയ്തത്. ശാസ്ത്രജ്ഞരായി പേരെടുത്ത പുരുഷകേസരികള്‍ അവരുടെ കൂടെയും തനിച്ചും പ്രവര്‍ത്തിച്ച്, വലിയ കണ്ടെത്തലുകള്‍ നടത്തിയ സ്ത്രീകളോട് ഇങ്ങനെ പലപ്പോഴും അനീതി കാണിച്ചിട്ടുണ്ട്.
ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ വെറും E = mv അല്ലാ, മറിച്ച്, E = mv² ആണ് പ്രകൃതിനിയമം എന്നതിന് നിത്യജീവിതത്തില്‍ നിന്നൊരു നല്ലയുദാഹരണമുണ്ട്. 20 km സ്പീഡില്‍ പോകുന്ന ഒരു കാറിന്റെ നേരേയിരട്ടി ഊര്‍ജ്ജമല്ല 40 km വേഗത്തിലോടുന്ന മറ്റൊരു കാര്‍ വഹിക്കുന്നത്. നാലിരട്ടിയാണ് അതിന്റെ ഊര്‍ജ്ജം. അതുകൊണ്ടാണ്, ആദ്യത്തെ വണ്ടി നിറുത്താന്‍ വേണ്ടിവരുന്ന ബ്രെയ്ക്കിന്റെയും ദൂരത്തിന്റെയും നാലിരട്ടി രണ്ടാമത്തെ വണ്ടി നിറുത്താന്‍ ആവശ്യമായി വരുന്നത്. ഈ അറിവില്ലാതെ പോകുന്നതോ അതിനനുസരിച്ച് പെരുമാറാത്തതോ ആണ് വളരെയേറെ അപകടങ്ങള്‍ക്ക് കാരണമായിത്തീരുന്നത്. ഈ തത്ത്വവും ഐന്‍ഷ്‌റ്റൈന്‍ പ്രകാശവേഗത്തെ (c) തന്റെ സമവാക്യത്തില്‍ ഉപയോഗിക്കാനുണ്ടായ വഴിക്കണക്കുകളും വിശദമായി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് www.davidbodanis.com എന്ന ലിങ്ക് വളരെ പ്രയോജനപ്പെടും. ആധാരം: E = mc² - A Biography of the World's most famous Equation, David Bodanis, 2000, Macmillan.
ഐന്‍ഷ്‌റ്റൈന്റെ സമവാക്യത്തില്‍ v ക്കു പകരം c ആണ് ഉപയോഗിച്ചിരിക്കുന്നത്. velocity ക്കു പകരം അദ്ദേഹം അതിന്റെ ലത്തീന്‍, celeritas ആണ് തിരഞ്ഞെടുത്തത്. അങ്ങനെ ശാസ്ത്രത്തിലെ ഏറ്റവും പ്രധാന സമവാക്യം E = mc² ആയിത്തീര്‍ന്നു. E = ഊര്‍ജ്ജം, M = ദ്രവ്യമാനം, C = പ്രകാശവേഗം. ഊര്‍ജ്ജവും ദ്രവ്യവും തമ്മിലുള്ള സമാനതമൂലം, ചലനംകൊണ്ട് ഒരു വസ്തുവിന് കിട്ടുന്ന ഊര്‍ജ്ജം അതിന്റെ ദ്രവ്യമാനത്തെ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് അതിഭീമമായി വര്‍ദ്ധിക്കുന്നത്, ദ്രവ്യം പ്രകാശവേഗത്തോടടുത്ത വേഗത്തില്‍ ചലിക്കുമ്പോളാണ്. ഒരു യൂണിറ്റ് ദ്രവ്യം സെക്കന്റില്‍ 3'00'000 km വേഗത്തില്‍ തോടുത്തുവിട്ടാല്‍, പുറത്ത് വരുന്നത്, E = mc² സമാവാക്യമനുസരിച്ച്, 900'000'000 യൂണിററ് ഊര്‍ജ്ജമാണ്! എന്നാല്‍, ഭൌതികപ്രപഞ്ചത്തില്‍ ഒന്നിനും ഈ വേഗം സാദ്ധ്യമല്ല എന്ന് ഐന്‍ഷ്‌റ്റൈന്‍ പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ സ്റ്റീവന്‍ ഹോക്കിങ്ങിന്റെ വിശദീകരണം നമുക്ക് കടമെടുക്കാം. "പ്രകാശവേഗത്തിന്റെ 10% വേഗത്തില്‍ ഒരു വസ്തുവിന്റെ ദ്രവ്യമാനം 0.5% മാത്രമേ കൂടുന്നുള്ളൂ. സ്പീട് 90% ആയാല്‍, ദ്രവ്യമാനം ഇരട്ടിക്കും. അതിലും വേഗം കൂടിയാല്‍, ദ്രവ്യവര്‍ദ്ധനവ് അതിഭീമമാകും. അപ്പോള്‍ പിന്നെയതിന്റെ വേഗം കൂട്ടാന്‍, അതിഭീമമായ ഊര്‍ജ്ജം വേണ്ടിവരും. പ്രകാശത്തിന്റെ വേഗത്തില്‍ എന്തിനെയെങ്കിലും ചലിപ്പിക്കുക എന്നത് അസാദ്ധ്യമാണ്, കാരണം, അപ്പോഴേയ്ക്കും ദ്രവ്യമാനം അനന്തമാകുമെന്നത് മാത്രമല്ല, അനന്തമായ ഊജ്ജവ്യയം വേണ്ടിവരുമെന്നുമാണ് അതിനര്‍ത്ഥം. അതുകൊണ്ട്, പ്രകാശത്തിനോ, അതുപോലെ ദ്രവ്യമാനം ഒട്ടുംതന്നെയില്ലാത്ത തരംഗങ്ങള്‍ക്കൊ മാത്രമേ ആ വേഗത്തില്‍ സഞ്ചരിക്കാനാവൂ." (A brief History of Time, chapter 2)
ഏത് ദ്രവ്യവും ഘനീഭവിച്ച ഊര്‍ജ്ജമാണ്. തക്കതായ സാഹചര്യത്തില്‍ ഊര്‍ജ്ജം ദ്രവ്യമായി മാറും. അതാണ് പ്രപഞ്ചസൃഷ്ടിയുടെ രഹസ്യം. ദ്രവ്യവും ഊര്‍ജ്ജവും രണ്ടായി മനസ്സിലാക്കപ്പെട്ടിരുന്ന ഒരാശയലോകത്തില്‍, ഒന്നു മറ്റൊന്നിലേയ്ക്ക് മാറുമെന്നും, മൊത്തമൂര്‍ജ്ജം എപ്പോഴും സ്ഥിരമാണെന്നുമുള്ള ഉള്‍ക്കാഴ്ച നവീനമായിരുന്നു. ത്രസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാ ഊര്‍ജ്ജസംവിധാനമാണ് പ്രപഞ്ചമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ടു. ദ്രവ്യവും ഊര്‍ജ്ജവും ഒന്നുതന്നെയാണെന്ന് ശാസ്ത്രലോകത്തെക്കൊണ്ട് അംഗീകരിപ്പിച്ചത് E = mc² എന്ന സമവാക്യവും അതിന്റെ സ്ഥിരീകരണത്തിനായി നടത്തിയ പരീക്ഷണങ്ങളുമാണ്.
ഊര്‍ജ്ജം പ്രകമ്പിതമാണ്. ഓരോ തന്മാത്രയും ഒരൂര്‍ജ്ജപ്രവാഹമാണ്. ഓം (ഓങ്കാരം) അല്ലെങ്കില്‍ വചനം ആണ് സൃഷ്ടിയുടെ മൂലകാരണം എന്ന് പണ്ടു മുതലേ ജ്ഞാനികള്‍ പറഞ്ഞുവച്ചതിന്റെ പൊരുളും ദൃശ്യവുമദൃശ്യവുമായതിന്റെയെല്ലാ
ഇനിയൊരു നിമിഷം നമുക്ക് അനുദിനജീവിതത്തിലേയ്ക്ക് വരാം. വസ്തുക്കളോടുള്ള അമിതമായ ഭോഗവാസന മനുഷ്യനെ ക്രൂരനും പിശാചുമാക്കി മാറ്റുന്നത് നിത്യവും നാം കാണുന്നു. മറുവശത്ത്, ഈ ലോകവും അതിലെ ഭൌതികാകര്‍ഷണങ്ങളും യഥാര്‍ത്ഥത്തില്‍ ശൂന്യതയുടെ ഭാവങ്ങളാണെന്നും ജനി-മൃതികള്‍ ജീവനെന്ന രഹസ്യത്തിന്റെ എതോ നിഴലുകള്‍ മാത്രമാണെന്നുമുള്ള ഉള്ളറിവ് നേടി, അവയോട് അകലം കാത്തുസൂക്ഷിക്കാനുള്ള വിവേകം ആര്ജ്ജിക്കുന്നവരെയും നാം കണ്ടുമുട്ടുന്നു. ധനത്തിനു നല്‍കുന്ന മുന്തൂക്കവും, അസൂയ, വെറുപ്പ്, ഭയം എന്നിവയിലേയ്ക്ക് നയിക്കുന്ന ലാഭക്കൊതിയും അങ്ങേയറ്റത്തെ അജ്ഞതയുടെ ഫലമാണെന്നു മനസ്സിലാക്കാന്‍, വേണമെങ്കില്‍, ഇതുവരെ നാം പഠിച്ച ശാസ്ത്രതത്ത്വങ്ങള്‍ സഹായകരമാകും.
3 comments:
തമോഗര്‍ത്തങ്ങള്‍ (dark matter)NOT "DARK MATTER" BUT "BLACK HOLES"
തമോഗര്‍ത്തങ്ങള്‍ (dark matter)NOT "DARK MATTER" BUT "BLACK HOLES"
E = mc² ആയിത്തീര്‍ന്നു. E = ഊര്‍ജ്ജം, M = ദ്രവ്യമാനം, C = പ്രകാശവേഗം. ഊര്‍ജ്ജവും ദ്രവ്യവും തമ്മിലുള്ള സമാനതമൂലം, ചലനംകൊണ്ട് ഒരു വസ്തുവിന് കിട്ടുന്ന ഊര്‍ജ്ജം അതിന്റെ ദ്രവ്യമാനത്തെ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് അതിഭീമമായി വര്‍ദ്ധിക്കുന്നത്, ദ്രവ്യം പ്രകാശവേഗത്തോടടുത്ത വേഗത്തില്‍ ചലിക്കുമ്പോളാണ്. ഒരു യൂണിറ്റ് ദ്രവ്യം സെക്കന്റില്‍ 3'00'000 km വേഗത്തില്‍ തോടുത്തുവിട്ടാല്‍, പുറത്ത് വരുന്നത്, E = mc² സമാവാക്യമനുസരിച്ച്, 900'000'000 യൂണിററ് ഊര്‍ജ്ജമാണ്! എന്നാല്‍, ഭൌതികപ്രപഞ്ചത്തില്‍ ഒന്നിനും ഈ വേഗം സാദ്ധ്യമല്ല എന്ന് ഐന്‍ഷ്‌റ്റൈന്‍ പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കേണ്ടതുണ്ട്"
This is a wrong scientific explanation.E=mc2 does not mean that they should travel in the speed of light to release the energy but if the matter converted into energy it will be equivalent.If 1 gram energy converted it will be * speed of light multiplied by that number. And you said it is impossible. Fission and fusion achieved by science to release the energy conserved in matter.Energy released from matter by fission or fusion by atomic reaction in the speed of light and that is called plutonium and nuclear bomb.The mass no need to travel in the speed of light to release the energy but either fuse or fission should happens. You are confused with e =mc2 and other theory that establishes that mass increases with velocity. There is another formula for that. please do more research and study.Better you go to Wikipedia and read more.
Post a Comment