എന്റെയെഴുത്തിന്റെ ഉറവ

വീടിനോട് ചേര്‍ന്ന് ഒരു കിണറുണ്ടായിരിക്കുക കേരളീയര്‍ സര്‍വ്വസാധാരണമായി അനുഭവിക്കുന്ന ഒരനുഗ്രഹമാണ്‌. എന്നാല്‍ വീടിനടുത്ത് ഒരു പുഴയോ അരുവിയോ ഉണ്ടെങ്കില്‍ അതെത്ര വലിയ ഒരു ദാനമാണെന്നു പറഞ്ഞറിയിക്കാന്‍ വയ്യാ. 
"ഒഴുക്കുള്ള അരുവിയാല്‍ നനക്കപ്പെടുന്ന ഒരുദ്യാനം" എന്ന മനംകവരുന്ന ഭാവന മുപ്പത്താറു തവണയാണ് വിശുദ്ധ ഖുറാനില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഈ ഭൂമിയെ മൊത്തത്തില്‍ എടുത്താല്‍, അത്തരമൊരു പറുദീസയായിട്ടാണ് ദൈവം അതിനെ മനുഷ്യന് കൊടുത്തത്. നമുക്ക് വസിക്കാന്‍ കിട്ടുന്ന പ്രദേശവും - ഉദാഹരണത്തിന്, നാല് വശങ്ങളും ഉയര്‍ന്ന മലകളാല്‍ ചുറ്റപ്പെട്ട, എന്റെ ജന്മനാടായ, അടിവാരം (വാഗമണ്‍ മലയുടെ) - അങ്ങനെ വിളിക്കപ്പെടാന്‍ അര്‍ഹമെങ്കില്‍, അതിന്റെ വിശുദ്ധ കുളിര്‍മ്മ ജീവിതത്തിലേയ്ക്കും വ്യാപിക്കുക സ്വാഭാവികമാണ്. 

മീനച്ചിലാറിന്റെ ഒരു കൈവഴിയുടെ തീരത്ത്‌ താമസിക്കുന്ന ഞാന്‍, ചെറുപ്പകാലങ്ങളിലെന്നപോലെ ഇന്നും, ഇടയ്ക്കിടയ്ക്ക് പുഴയുടെ ഒഴുക്കിനെതിരേ മുകളിലേയ്ക്ക് നടന്നുകയറാറുണ്ട്, അവിടവിടെയായി ഉയര്‍ന്നുനില്ലുന്ന കരിംശിലകളില്‍ തത്തിക്കളിക്കാന്‍ പാദങ്ങളെ അനുവദിച്ചുകൊണ്ട്. ചിരപരിചിതരെപ്പോലെ വളഞ്ഞ്പുളഞ്ഞു നൃത്തമാടിയും ചാടിമുറിഞ്ഞും ജലധാരകള്‍ മന്ദമന്ദം ഒഴുകിക്കൊണ്ടിരിക്കും. ഒഴുക്കിനെതിരേ നീന്തിത്തുടിക്കുന്ന മത്സ്യത്തെപ്പോലെയായിരുന്നു എന്നുമെന്റെ രീതികള്‍. ജലത്തിന്റെ അദൃശ്യശക്തികളെപ്പറ്റി ഞാന്‍ ബോധവാനായിത്തീര്‍ന്നതും അങ്ങനെയാവാം. ഒഴുക്കിനെതിരേ പോയാലേ, സ്വന്തം ശക്തി പ്രകടിപ്പിക്കാനാവൂ എന്നതിനാലാകാം മത്സ്യത്തിനും ഈ സ്വഭാവമുള്ളത്.

അങ്ങനെയൊരവസരത്തിലാണ് അവളെന്റെ കണ്ണില്‍പെട്ടത്. കാലുകള്‍ പതയുന്ന വെള്ളത്തിലിട്ടാട്ടിക്കൊണ്ട്, ഒരു പാറപ്പുറത്തിരിക്കുകയായിരുന്നു അവള്‍, ഏകാന്തതയില്‍, എന്തോ
ചിന്തിച്ചുകൊണ്ട്‌. ഭയപ്പെടാതെ, ഞാന്‍ നീട്ടിയ കൈവിരലുകളില്‍ കോര്‍ത്തുപിടിച്ചുകൊണ്ടവള്‍ എഴുന്നേറ്റു. നടക്കൂ, ഞാനുമുണ്ട്, അവള്‍ മൊഴിഞ്ഞു. ഇടക്കെല്ലാം കാലുകള്‍ നനച്ചും കല്ലുകളില്‍ കൂടി ചാടിയും ഞങ്ങള്‍ പോയ ദൂരം അറിഞ്ഞതേയില്ല. ഇരുട്ടിയപ്പോള്‍, 'വീണ്ടുമൊരിക്കല്‍‍' എന്ന് മാത്രം പറഞ്ഞ്, മൂടല്‍മഞ്ഞുപോലെ അവള്‍ നടന്നകന്നു. അവശേഷിച്ചത് പറഞ്ഞറിയിക്കാനാവാത്ത ഒരു കുളിര്‍മ്മ.

ആരായിരുന്നവള്‍‍? ഹവ്വയെ സമ്മാനമായി കിട്ടിയപ്പോള്‍ ആദാമനുഭവിച്ചതും ഈ വിധമൊരു വിസ്മയ സാന്നിദ്ധ്യമായിരുന്നിരിക്കണം. ഈ അനുഭൂതിക്കല്ലേ ദൈവം സ്ത്രീയെന്നു പേരിട്ടത്? പുരുഷനില്‍ നിന്നുത്ഭവിച്ച്, അവനില്‍ത്തന്നെ അലിഞ്ഞില്ലാതാകാന്‍ കൊതിക്കുന്ന ഒരു നീരുറവയുടെ നിറവ്! ജീവനെ നിലനിര്‍ത്തുന്ന രക്തധമനികള്‍ ഹൃദയത്തെയെന്നപോലെ, ജീവപുഷ്ടിക്കുവേണ്ടി മനുഷ്യസമൂഹങ്ങള്‍ ജലസ്രോതസ്സുകളെ ആശ്രയിക്കുന്നു. സമുദ്രത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന പര്‍വ്വതനിരകള്‍ അമ്മയെ തൊടുവാനായി മെല്ലെ മെല്ലെ നീട്ടുന്ന കൈകളാണ് പുഴകളും നദികളുമെന്ന് ഭാരതത്തിന്റെ കവി ഭാവന ചെയ്തിട്ടുണ്ടല്ലോ. നീരുറവകളും അവയുടെ ഒഴുക്കും എന്നും മനുഷ്യമനസ്സുകളെ ആനന്ദിപ്പിക്കുക മാത്രമല്ല, അവന് സര്‍ഗ്ഗശക്തിയായി പരിണമിക്കുകയും ചെയ്യുന്നു. അത്തരമൊരു സര്‍ഗ്ഗസാന്നിദ്ധ്യമാണ് ഭാഷയോടും എഴുത്തിനോടുമുള്ള എന്റെയഭിവാഞ്ചയെ വളര്‍ത്തിയെടുത്തത്.

യാത്രചെയ്ത് ക്ഷീണിതനായ യാക്കോബ്, വഴിവക്കിലൊരു കിണര്‍ കണ്ടപ്പോള്‍, അതിനടുത്തു ചെന്നിരുന്നു, വിശ്രമിക്കുവാന്‍. അതിസുന്ദരിയായ
റാഹേല്‍ അവളുടെ ആട്ടിന്‍പറ്റത്തെയുംകൊണ്ട് ആ വഴിക്ക് വന്നതപ്പോഴാണ്. മൂടുകല്ല് ഉന്തിമാറ്റി ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ യാക്കോബ് അവളെ സഹായിച്ചു. താന്‍ അന്വേഷിച്ചു വന്ന അമ്മാവന്റെ ഇളയ മകളാണ്‌ നിറഞ്ഞയഴകായി തന്റെയടുത്ത് നില്‍ക്കുന്ന റാഹേല്‍ എന്നറിഞ്ഞതേ, സന്തോഷാതിരേകത്താല്‍ അവളെ ചുംബിച്ച് അയാള്‍ പൊട്ടിക്കരഞ്ഞു‍. അവളെ ജീവിതപങ്കാളിയായി നേടുവാന്‍, പതിന്നാലു നീണ്ട വര്‍ഷം അയാള്‍ അമ്മാവന് ദാസ്യവേല ചെയ്തു. ഹൃദയസ്പര്‍ശിയായ ഈ പ്രണയകഥ ബൈബിളിലെ ഉല്പത്തിപുസ്തകം, അദ്ധ്യായം 29 -ല്‍ വായിക്കാം. അതവസാനിക്കുന്നത്, ഈ മനോഹര വാക്യത്തോടെയാണ്. "അവളോടുള്ള പ്രേമം നിമിത്തം ആ നീണ്ട കാലം ഏതാനും നിമിഷങ്ങള്‍ പോലെ അയാള്‍ക്ക്‌ തോന്നി."

സമയം ബലഹീനവും, യുഗങ്ങള്‍ പോലും അര്‍ത്ഥരഹിതവുമാകുന്നത് യാക്കോബിന്റെ മാത്രം അനുഭവമല്ല. മനുഷ്യചരിത്രത്തില്‍ ഇതാവര്‍ത്തിക്കപ്പെടുന്നുണ്ട്, ഓരോ തവണയും സ്ത്രീ അവളുടെ സ്നേഹസാന്നിദ്ധ്യപ്രഭാവം പ്രകടിതമാക്കുമ്പോള്‍. അതിന് സമാനമായിട്ടെന്തുണ്ട്? അരുവികളും പുഴകളുമുണ്ട്. കാരണം, സ്ത്രീയുടേതെന്നപോലെ, ഭൂമിയുടെ ഗന്ധവും ചുംബനങ്ങളും ചോര്‍ന്നിറങ്ങുന്നത് ഉറവരൂപത്തിലാണ്. എല്ലാം കനിഞ്ഞിറങ്ങുന്ന ജലമര്‍ദ്ദശക്തിയുടെ ഉറവിടങ്ങളാണ് ഇവ രണ്ടും - സ്ത്രീയും ഭൂമിയും. ജീവിതം തന്നെ ഒരുറവയാണ്. ചലനമാണതിന്റെ സത്ത. അതിന്റെ തേജസ്സാണ് വിജ്ഞാനം. കിണഞ്ഞുതിരയുന്നവര്‍ അതിനെ കണ്ടെത്താതിരിക്കില്ല. ഓരോ സ്ത്രീയും നദിപോലെയാണ്; പുഞ്ചിരിയും കണ്ണീരും കലര്‍ന്ന ഒരു പുഴപോലെ. നിറഞ്ഞു തുളുമ്പി, പ്രകാശപൂരിതയായി അങ്ങനെയൊരുവള്‍ അടുത്തു നിന്നപ്പോള്‍, എനിക്കെഴുതാതെ പറ്റില്ലെന്നായി.

ഒരിക്കല്‍ ഞാനവളോട് പറഞ്ഞു: "എന്നില്‍ നിന്ന് നിന്റെ കണ്ണുകളെ പിന്‍വലിക്കൂ, അവയെന്നെ അസ്വസ്ഥനാക്കുന്നു. ഹെശ്ബോനിലെ ബാത്രബീം കവാടത്തിനടുത്തുള്ള ജലാശയങ്ങള്‍ പോലെയാണ് നിന്റെ കണ്ണുകള്‍." (ഉത്തമഗീതം, 6:6 / 7:4) ഒരുദ്യാനധാര, ജീവനുള്ള ഒരു കിണര്‍, വാഗമണ്‍-പീരുമേട് മലകളില്‍ നിന്നൊഴുകുന്നയരുവികള്‍, ഇവയുടെ ഹൃദയഹാരിത എത്രയോ തവണയാണ് എന്റെയുമനുഭവമായിത്തീര്‍ന്നത്‌! സമുദ്രത്തില്‍നിന്നുത്ഭവിച്ച്, വീണ്ടുമൊരിക്കല്‍ അതിലേയ്ക്ക് ചെന്നെത്താനായി‍, കുണുങ്ങിക്കുണുങ്ങി ഓടിയടുത്തുക്കൊണ്ടിരിക്കുന്ന ഈ പുഴയുടെ തീരത്ത്‌, എത്രയോ പ്രാവശ്യം ഞാനവളെ വീണ്ടും തിരഞ്ഞുനടന്നു, കണ്ടെത്തുംവരെ. അപ്പോഴെല്ലാം, മഴ കിട്ടാത്ത മരുഭൂമിയെപ്പോലെ, മൃദുലമായി അവള്‍ കേഴും, "എന്നോട് സംസാരിക്കൂ, എന്തെങ്കിലും പറയൂ." മൌനപ്രിയനായ ഞാന്‍ നിശബ്ദതയുടെ വിരിമാറ്റി അവളെയുറ്റുനോക്കും, എന്തെങ്കിലും പറഞ്ഞു തുടങ്ങും. എന്നെയ
ധൈര്യപ്പെടുത്താതിരിക്കാന്‍, അവള്‍ ഒരു വശത്തേയ്ക്ക് കണ്ണുകളെ ചലിപ്പിക്കും. പക്ഷേ, കാതും മനസ്സും എപ്പോഴും തുറന്നുവച്ചിരുന്ന അവളുടെ സാമീപ്യം എന്നെ ചഞ്ചലനാക്കിയിരുന്നു. അവളുടെ കൂര്‍മ്മക്ക് സ്വീകാര്യമാകുംവിധം വ്യക്തമോ വടിവൊത്തതോ ആയിരുന്നില്ല എന്റെ ചിന്താസരണികള്‍. "പറയൂ, ഞാന്‍ കേള്‍ക്കുന്നു, നിന്റെ മനഫലകത്തില്‍ കുറിച്ചിട്ടതൊക്കെ എന്നെയും കാണിക്കൂ", അവളെന്നെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. 

ആദ്യമായുപയോഗിക്കുന്ന ഒപ്പുകടലാസ്സിന്റെ ആര്‍ദ്രതയോടെ, അനുകമ്പകൊണ്ടവള്‍ എന്റെ വാക്കുകളെ ഒപ്പിയെടുത്തു. മഷിയുടെ അധികനനവ്‌ സ്വയം പതിച്ചെടുത്ത്, എന്റെ ചിന്തകള്‍ക്കവള്‍ രൂപവും തെളിവും സമ്മാനിച്ചു. നിറങ്ങളുടെയും മഷികളുടെയും പടര്‍പ്പില്‍നിന്നവള്‍ എനിക്കായി ആശയകുസുമങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു, അവളുടെ ആത്മാവില്‍.

എന്നിട്ട്, ഉറച്ചുനില്‍ക്കുന്ന താങ്ങിലേയ്ക്ക് കൈച്ചുരുളുകളുടക്കി പടര്‍ന്നുകയറുന്ന ഹരിതലതയെന്നപോലെ, സ്നേഹവായ്പ്പിന്റെ നറുമണവുമായി എന്നോടവള്‍ ചേര്‍ന്നുനിന്നു. ആ സാമീപ്യമാണ്, നിശബ്ദതയില്‍നിന്നു വാക്കുകളെ നെയ്തെടുക്കാന്‍ എനിക്ക് ധൈര്യമേകിയത്. "ഉണ്മയിലേയ്ക്കുള്ള ദാഹം ശമിപ്പിക്കാനല്ലേ, നിന്നെ ഞാന്‍ തിരഞ്ഞുനടന്നത്; ഏകാന്തത ഏകാന്തതയെ തേടുമോ?" എന്നവള്‍ ചോദിച്ചത് എനിക്കിന്നും മനസ്സിലായിട്ടില്ല. എനിക്ക് മനസ്സിലായതത്രയും ഇവിടെ പകര്‍ത്തിയെഴുതാന്‍വേണ്ടി, Liebesbriefe berühmter Musiker (പ്രഖ്യാതരായ സംഗീതജ്ഞരുടെ പ്രണയക്കുറിപ്പുകള്‍) ‍എന്ന സമാഹാരത്തില്‍ നിന്ന് ഏതാനും വരികള്‍ കടമെടുത്ത് ഞാന്‍ സ്വതന്ത്രതര്‍ജ്ജമ ചെയ്യട്ടെ. സംഗീതജ്ഞനായിരുന്ന പീറ്റര്‍ കൊര്‍ണെലിയൂസ് 6.6.1865ല്‍ കൂട്ടുകാരി ബെര്‍ത്തായ്ക്കെഴുതിയ വരികളാണവ.

ഒന്നു നിന്‍ കണ്ണുകളെന്നില്‍പ്പതിയുകില്‍

വിണ്ണുമീലോകവുമെന്റേതായ്ത്തീരുന്നു;

നിന്നിളം കൈകളിലൊന്നമര്‍ന്നീടുകില്‍
എന്നില്‍ നിറയുന്നു ദൈവികസ്നേഹവും;

നിന്‍ ചുടുചുംബനമെന്നെപ്പൊതിയുകില്‍
വിസ്മൃതമീശനും സ്വര്‍ഗ്ഗവും ഭൂമിയും! 

സൂര്യന്‍ മറഞ്ഞിട്ടില്ലായിരുന്നു. പുഴയുടെയുന്മേഷം എന്റെ ശരീരത്തെ തഴുകി. ഇരുവശത്തും പച്ചപ്പടര്‍പ്പുകള്‍ തഴച്ചുവളര്‍ന്നു നിന്നിരുന്നു. ഇലിപ്പയും മണിമരുതും, കാട്ടുചെറിയുമൊക്കെ. ഞാനൊരു പാറയില്‍ മലര്‍ന്നു കിടന്നു. "ഒരിക്കല്‍" (എന്‍. മോഹനന്‍) എന്ന കഥയിലെ ഒരു ഭാഗമാണ് അപ്പോള്‍ ഓര്‍ത്തുപോയത്. "ഞാനവളെ വെയില്‍വെളിച്ചത്തിന്റെ ഉടുപുടവയണിയിച്ചു. പൂക്കളുടെ സുഗന്ധവും സൌന്ദര്യവും അവള്‍ക്ക് കൊടുത്തു. ആകാശനീലിമയിലൂടെയും വനാന്തരഹരിതലതമര്‍മ്മരങ്ങളിലൂടെയും അവളുമായി സംവദിച്ചു. കിളികള്‍ എന്റെ പ്രണയഗാനമേറ്റുപാടി." ഇന്നും  ഞാനെന്തെങ്കിലും എഴുതുമ്പോള്‍, ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നത്‌.

0 comments: