സവിശേഷമായ നിരീക്ഷണമല്ലാതെ മറ്റൊന്നുമല്ല, വിപസന അല്ലെങ്കില്‍ വിപശ്യന. എന്താണ് നിരീക്ഷിക്കുക? നമുക്കുള്ളിലെ യാഥാര്‍ഥ്യത്തെ. അത് ചെയ്യേണ്ടത്, ഏതെങ്കിലും വിശ്വാസത്തിന്റെയോ കല്പനയുടെയോ തത്ത്വചിന്തയുടെയോ നിറത്തിലൂടെയായിരിക്കരുത്. സ്വയം നിരീക്ഷിക്കുകയെന്നത് ഏവരും ചിലപ്പോഴെല്ലാം അറിയാതെതന്നെ ചെയ്തുപോരുന്ന ഒരു പ്രവൃത്തിയാണ്. പക്ഷേ, അപ്പോള്‍ കണ്ടെത്തുന്നവയില്‍, വല്ലാത്ത പക്ഷപാതം കലര്‍ന്നിരിക്കും. അഹത്തിനു അസ്വീകാര്യമായതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ് സാധാരണ സംഭവിക്കുക. നിരീക്ഷണത്തെ അങ്ങേയറ്റം വസ്തുനിഷ്ഠമാക്കുക, സത്യസന്ധമാക്കുക എന്നതാണ് വിപസനയുടെ പ്രത്യേകത. ഉദാഹരണത്തിന്, അരിശമോ വെറുപ്പോ അഹങ്കാരമോ അഭിമാനമോ തോന്നുമ്പോള്‍, ആ വികാരത്തെപ്പറ്റി ബോധമുണര്‍ത്തുകയല്ലാതെ മറ്റൊന്നുമരുത്; ഒരു വിശകലനവും പ്രതിക്രിയയും നടത്താതെ, സംഭവിക്കുന്നത് നിരീക്ഷിക്കുക മാത്രം ചെയ്യുക.
പുരാതന ഭാരതത്തില്‍ പ്രചാരമുണ്ടായിരുന്ന വിധിയനുസരിച്ച്, ഏതനുഭവത്തിലും രണ്ടു കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അരിശം വരുമ്പോള്‍, ഉദാഹരണത്തിന്, ശരീരത്തിന്റെ സ്ഥൂലതലത്തില്‍, ശ്വാസോഛ്വാസത്തിനു അതിന്റെ സ്വാഭാവിക ഗതി നഷ്ടപ്പെടുന്നു. അതിനല്പം വേഗവും കടുപ്പവുമേറും. അതോടൊപ്പം, ശരീരവും മനസ്സും പരസ്പരം സ്വാധീനിക്കുന്നതുകൊണ്ട്, സൂക്ഷ്മതലത്തിലും ഒരു ജീവരസായന- വിദ്യുതകാന്തപ്രതിക്രിയ നടന്നിരിക്കും. രക്തസംക്രമണം കൂടി, ശരീരം ചൂടാകുന്നത് അതിന്റെ ഫലമായാണ്. ഇതൊക്കെയാണ് നിരീക്ഷണത്തില്‍ വരേണ്ടത്. അല്ലാതെ, അരിശത്തിനു കാരണമെന്ന് നാം കരുതുന്ന വേറൊരാളുടെ പെരുമാറ്റമോ, ചുറ്റുപാടുകളുടെ പ്രതികൂലസ്ഥിതികളോ, ഇവകളെ തിരുത്താനുള്ള മാര്‍ഗങ്ങളോ ഒന്നുമാകരുത്.
നമ്മില്‍ സംഭവിക്കുന്നതിനെ അഭിമുഖീകരിക്കുകയാണ് നാം ചെയ്യേണ്ടഅത്, അവഗണിക്കുകയല്ല. മറ്റെന്തെങ്കിലും ചെയ്യുക, കീര്‍ത്തനമോ പ്രാര്‍ത്ഥനയോ നടത്തുക തുടങ്ങിയവ, നിഷേധ വികാരങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയുള്ള സൂത്രങ്ങളാണ്, താല്‍ക്കാലികമായ പാലായനമാണ്. അപ്പോള്‍ സംഭവിക്കുന്നത് തിന്മ അകത്തേയ്ക്ക്, അബോധതലത്തിലേയ്ക്ക്, വലിയുക മാത്രമാണ്. വീണ്ടുമത് പുറത്തുവരുമെന്നത് തീര്‍ച്ചയുള്ള കാര്യമാണ്. കാരണം, എല്ലാ അഹന്തയില്‍ നിന്ന് കുരുക്കുന്ന എല്ലാ മാന്യവിചാരങ്ങളും നമ്മെ അലട്ടുന്ന വികാരങ്ങളും മാലിന്യങ്ങള്‍ തന്നെയാണ്, അവയില്‍ നിമ്മും മനസ്സ് ശുദ്ധമായിട്ടില്ല.
മനസ്സിന്റെ ആഴതലങ്ങള്‍ ശുദ്ധിചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുക, ധര്‍മ്മം ചെയ്യാനുള്ള വിധി പഠിച്ചെടുക്കുക, എന്നതാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിലൂടെ S.N. Goenkaയുടെ ശ്രമഫലമായി ഒട്ടു മിക്ക രാജ്യങ്ങളിലും രൂപംകൊണ്ടിട്ടുള്ള വിപസന സെന്ററുകളില്‍ ചെയ്യുന്നത്. 21.09 മുതല്‍ 02.10. 2005 വരെ, സ്വിറ്റ്സര്‍ലന്റിലെ Mont Soleil എന്ന മലമുകളില്‍ ഒരു courseല്‍ സംബന്ധിച്ചതിന്റെ ഓര്‍മ്മയില്‍ നിന്നും തുടര്‍ന്നുള്ള ശീലനത്തില്‍ നിന്നുമാണ് ഈ കുറിപ്പ് രൂപപ്പെട്ടത്.
ഉള്ളിലേയ്ക്ക് നോക്കാന്‍ ശീലിക്കുക എന്ന ലക്ഷ്യത്തോടെ വിപസനാര്‍ത്ഥികള്‍ ഒരദ്ധ്യാപന്റെ അല്ലെങ്കില്‍ അദ്ധ്യാപികയുടെ സമക്ഷത്തില്‍ നിലത്തിരിക്കുന്നു; അതിനാകുന്നവര്‍, പത്മാസനത്തില്‍. ഓരോ ധ്യാനാദ്ധ്യയനവും ഒന്നര മണിക്കൂര്‍ എങ്കിലും നീണ്ടുനില്‍ക്കുന്നതിനാല്‍, സ്വസ്ഥമായി ഇരിക്കാന്‍ തലയണയൊ പുതപ്പോ ഒക്കെ ഉപയോഗിക്കാം. അങ്ങനെയിരുന്ന്, ഒരേയൊരു കാര്യമേ ചെയ്യേണ്ടതുള്ളൂ - ശ്വാസത്തെ ശ്രദ്ധിക്കുക. പ്രാണവായു അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുന്നത് കഴിവത് സൂക്ഷ്മതയോടെ ശ്രദ്ധിക്കുക, നാസാരന്ധ്രങ്ങളിലും, മേല്‍ച്ചുണ്ടിന്റെ ഉപരിതലത്തിലും വായുവിന്റെ നേരിയ സ്പര്‍ശത്തെ അറിയാനാകുക വരെയെത്തിയാല്‍ അത് മുന്തിയ നേട്ടമാണ്. ഈ ശ്വാസ പ്രിക്രിയയൊഴിച്ച് ബാക്കിയൊക്കെ മറക്കണം. നമ്മുടെ സത്തയുടെ സൃഷ്ടിയില്‍ കരുക്കളായിട്ടുള്ള പഞ്ചഭൂതങ്ങളെ സ്വരുമിപ്പിക്കുന്നത് ഈ പ്രാണവായുവാണെന്നോര്‍ക്കുക.
ശ്രദ്ധ മുഴുവന്‍ ശ്വാസോഛ്വാസത്തില്‍ കേന്ദ്രീകരിക്കുന്നതിന്റെ പിന്നില്‍ നില്‍ക്കുന്ന കാരണങ്ങള്‍ ഇവയാണ്.
ശ്വസിക്കുക എന്നത്, ജീവന്റെ തന്നെ ഭാഗമായി, എപ്പോഴും നമ്മോടൊത്തുണ്ട്. ശ്വസനം അങ്ങേയറ്റം വര്‍ത്തമാനകാലത്തില്‍ സംഭവിക്കുന്നു. ബോധതലത്തെയും അബോധതലത്തെയും ബന്ധിപ്പിക്കാനുതകുന്ന ഒരു പാലമാണ് ശ്വസനം. നാമറിയാതെയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവൃത്തിയെ നമ്മള്‍ ബോധപൂര്‍വം നടത്തുന്ന ഒന്നാക്കി മാറ്റാം.
ശരീരത്തിന്റെ മറ്റ് ശീലങ്ങളില്‍ സാദ്ധ്യമായതുപോലെ പക്ഷേ, ഇതിലേയ്ക്ക് ഒട്ടും പ്രതിപത്തി അടിഞ്ഞുകൂടാനിടയില്ല. ആഗ്രഹം, ഇഷ്ടം, സുഖം, കോപം, ഭയം, വിരോധം എന്നിവയെല്ലാം ശ്വാസത്തിന്റെ രീതിയെ ബാധിക്കുന്നതിനാല്‍, മനസ്സിന്റെ ഓരോ സമയത്തുമുള്ള സ്ഥിതിയെപ്പറ്റി കൃത്യമായ അറിവുതരുന്ന ഒരു മാപിനിയാണ് ശ്വസനം.
വിപസന എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശ്രദ്ധയോടെയുള്ള നോട്ടം എന്നാണെന്ന് പറഞ്ഞുവല്ലോ. അടുത്തതായി, അകത്തും പുറത്തുമുള്ള യാഥാര്‍ത്ഥ്യത്തെ (ശരീരത്തിലെവിടെയെങ്കിലും അനുഭവപ്പെടുന്ന സ്പര്‍ശനാനുഭവത്തെ (sensation) അതായിരിക്കുന്നതുപോലെ നിരീക്ഷിക്കാന്‍ പഠിക്കുകയാണ്; - to observe the reality as it is. ഈ അന്വേഷണത്തിനുള്ളയൊരു ശീലം കിട്ടാന്‍, തുടക്കക്കാര്‍ക്കുള്ള ഒരു പരിശീലനം നിര്‍ദ്ദേശിക്കുന്നുണ്ട്. അതിങ്ങനെയാണ്. മനസ്സുകൊണ്ട്, തലയുടെ ഉച്ചിമുതല്‍ ശരീരത്തിന്റെ ഓരോ ഭാഗവും 'സ്കാന്‍' ചെയ്യുക. പഞ്ചേന്ദ്രിയങ്ങളുടെ ഏതിന്റെയെങ്കിലും ഏറ്റവും നേരിയ അനുഭവം എവിടെയെങ്കിലും കണ്ടെത്തിയാല്‍ അത് നിരീക്ഷിക്കുക മാത്രം ചെയ്യുക. അത് ചൂടോ തണുപ്പോ സുഖമുള്ള ഒരു തരിപ്പോ, വേദനയോ മരവിപ്പോ വസ്ത്രത്തിന്റെ ഇറുക്കമോ ഉരസലോ ഒക്കെയാവാം. അതെന്തായാലും അതിനോട് താല്പര്യമോ വിപ്രതിപത്തിയോ അനുവദിക്കാതെ അവിടെത്തന്നെ വിട്ടുകളയുക. ഇപ്രകാരം, ശരീരത്തെ മൊത്തത്തില്‍ മുകള്‍തൊട്ട് താഴെവരെയോ, ഓരോ അവയവത്തെ പ്രത്യേകമായി എടുത്തോ, ആവര്‍ത്തിച്ചു 'സ്കാന്‍' ചെയ്യണം. അവയില്‍ എവിടെയെങ്കിലും അനുഭവപ്പെടുന്ന ഭൌതികമായ, ഐന്ദ്രികമായ, മാറ്റങ്ങളെല്ലാം തുലോം സാന്ദര്‍ഭികവും താല്ക്കാലികവും ആണെന്ന് തിരിച്ചറിയുക എന്നതാണിതിന്റെ പിന്നിലെ ഉദ്ദേശ്യം. അതേത്തുടര്‍ന്ന്, ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഇതേ സ്വഭാവമുള്ളവയാണെന്നുള്ള ബോദ്ധ്യത്തിലേയ്ക്കാണ് വിപസന ആത്യന്തികമായി നമ്മെ എത്തിക്കേണ്ടത്. മുകളില്‍ സൂചിപ്പിച്ച അഭ്യാസം അതിനുള്ള പരിശീലനമായി കാണണം. ഈ കണ്ടെത്തല്‍ ആത്മാവബോധത്തിലേയ്ക്കുള്ള ബുദ്ധന്റെ വലിയ സംഭാവനയാണ്. എല്ലാം മാറിമറയുന്നു, ഒന്നും സ്ഥിരമല്ല എന്ന പ്രത്യക്ഷമായ നിത്യാനുഭവത്തില്‍ തുടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതവിശകലനം. ചലനമെന്നത് അസ്തിത്വത്തിന്റെ നിരന്തര സ്വഭാവമാണെന്ന് ഇന്ന് നമുക്ക് quantum physicsല്‍ നിന്ന്, അന്ന് ശ്രീബുദ്ധന്‍ കണ്ടെത്തിയതിലും വളരെ വ്യക്തമായി, അറിയാം. ക്വാണ്ടം തലത്തില്‍, ഊര്‍ജ്ജപ്രതിഭാസങ്ങളല്ലാതെ മറ്റൊന്നുമില്ല, നക്ഷത്രങ്ങളോ ഗാലക്സികളോ ഒന്നും. ഇന്ദ്രിയങ്ങളാലെന്നല്ല, അതിസങ്കീര്‍ണ്ണമായ കംപ്യൂട്ടര്‍ ഉപയോഗിച്ച് പോലും രേഖപ്പെടുത്താനാവാത്തത്ര വേഗത്തില്‍ പ്രകാശവും വൈദ്യുതിയും ചലിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജമണ്ഡലങ്ങള്‍ മാത്രമാണുള്ളത്. സ്ഥലകാലങ്ങളില്‍ തുടര്‍ച്ചയുള്ള 'ഖര'വസ്തുക്കളെ 'കാണുക' എന്നത് മനസ്സിനെ കബളിപ്പിക്കാന്‍ മസ്തിഷ്കം ചെയ്യുന്ന ഒരു വികൃതിയാണെന്ന് ഈ പുസ്തകത്തിലെ പല ലേഖനങ്ങളിലും ആവര്‍ത്തിക്കേണ്ടിവരുന്നുണ്ട്. അത്ര പ്രധാനമായ ഒരു വസ്തുതയാണത്.
ബുദ്ധന്റെ അടുത്ത കണ്ടുപിടുത്തമാണ്, ഏത് ശാരീരികാനുഭവവും മനസ്സുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നത്. മനസ്സിന്റെ ഭാവങ്ങള്‍, വിചാരങ്ങള്‍, ചിന്തകള്‍, പ്രതീക്ഷകള്‍, ഭയങ്ങള്‍, എന്നിവയെല്ലാം ഒന്നുകില്‍ കഴിഞ്ഞവയുമായോ (ഓര്‍മ്മകള്‍), അല്ലെങ്കില്‍ ഭാവിയുമായോ (പ്രതീക്ഷകള്‍) ബന്ധപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അവയൊന്നും വര്‍ത്തമാനത്തിന്റെ ഈ നിമിഷവുമായി പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവ നമുക്ക് ഉപകാരപ്രദവുമല്ല. എന്നാല്‍, കഷ്ടം തന്നെ, മനുഷ്യന്റെ കഴിവിന്റെയും സമയത്തിന്റെയും 99%വും ഈ രണ്ടിടത്തുമായി നഷ്ടപ്പെടുകയാണ്.
മനസ്സും ശരീരവും തമ്മില്‍ ബന്ധപ്പെടുന്നത് ഐന്ദ്രികാനുഭവങ്ങളിലൂടെയാണ്. ഇവയോടൊപ്പം, നാം ശ്രദ്ധിക്കാത്ത വിവിധാനുഭവങ്ങളും ഉള്ളില്‍ ശേഖരിക്കപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി ബോധമണ്ഡലത്തിലെത്തിയോ അബോധതലത്തില്‍ നിന്ന് തന്നെയോ അവ മനസ്സിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇവയെ പുറത്ത് വരാനനുവദിക്കുകയും അപ്പോള്‍ത്തന്നെ നിര്‍മ്മമതയോടെ ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ നാം സ്വയം ശുദ്ധീകരിക്കുകയാണ്. ദിവസവും കുറേ നേരത്തേയ്ക്ക് ഇങ്ങനെ 'ധ്യാനിക്കുക' എന്നതല്ല ബുദ്ധന്റെ ആശയം. നേരേ മറിച്ച്, ശ്വസനംപോലെ നിരന്തരമാകണമത്. നിരന്തരമായ അവബോധത്തിലെത്തുക എന്നതിലേയ്ക്കാണ് വിപസന വഴിയൊരുക്കുന്നത്. അവബോധം വര്‍ത്തമാനകാലത്തിലെ ഓരോ നിമിഷത്തിലും മാത്രമാണ് സാദ്ധ്യമാകുന്നത്. അതുകൊണ്ട്, അതേ വര്‍ത്തമാനഗുണമുള്ള ശ്വസനത്തിലൂന്നി അവബോധത്തിലെത്തുക എളുപ്പമായിത്തീരുന്നു. ശ്വസനപ്രക്രിയയെ നിരീക്ഷിക്കുക വഴി ചിന്തയെ നിരീക്ഷിക്കാനുള്ള ശീലം വളര്‍ന്നുവരണം. ഇവ രണ്ടും തമ്മിലുള്ള ബന്ധമാണ് ശ്രീബുദ്ധന്റെ വലിയ കണ്ടെത്തല്‍. അതുവരെ വ്യത്യസ്തമായി കണ്ടിരുന്ന ശാരീരികവും മാനസികവുമായ തലങ്ങളെ ബന്ധിപ്പിക്കയാണ് അദ്ദേഹം ചെയ്തത്. ഭൌതികശാസ്ത്രത്തില്‍ time-space-continuum എന്ന Einsteinന്റെ കണ്ടെത്തല്‍പോലെയാണ് ബുദ്ധന്റെ body-mind concept.
അവബോധം എന്നത് സംശുദ്ധമായ ഒരനുഭവമാണ്. വിശ്വാസങ്ങളും നേടിയെടുത്തയറിവുകളും അതിനെ കീഴ്പ്പെടുത്തുകയോ, അശുദ്ധമാക്കുകയോ ആണ് ചെയ്യുക. പുറത്തുനിന്നു കിട്ടിയ ഒരറിവും ഒരാളെയും അവബോധത്തിലേയ്ക്ക് നയിക്കുകയില്ല. ബുദ്ധനോ ലാവോത്സുവോ യേശുവോ മറ്റേതെങ്കിലും ഗുരുവോ ഇതില്‍ സഹായിയാകില്ല. Be yourself എന്ന ഒരേയൊരു സൂത്രമേ അവബോധത്തിലേയ്ക്കുള്ളൂ. ഉള്ളിലുള്ള സത്യത്തെ അംഗീകരിക്കുക എന്നത് മാത്രമാണത്. 'സത്യം നിന്നെ മോചിപ്പിക്കും' - ഗുരുക്കളെല്ലാം ഇത്രമാത്രമേ പറഞ്ഞിട്ടുള്ളൂ. ഉള്ളില്‍ വെളിച്ചമുണ്ട്, സത്യമുണ്ട്. അത് കാണാനുള്ള കണ്ണു തെളിയിക്കുക എന്നതാണ് ആത്മീയത അല്ലെങ്കില്‍ അവബോധത്തില്‍ ജീവിക്കുക എന്ന കല. അതാകട്ടെ ഒട്ടുംതന്നെ എളുപ്പമല്ല താനും. ഏത് തുറയിലും നല്ല പ്രതിഛായക്ക് വേണ്ടി അഹത്തെയും അതിന്റെ സൃഷ്ടികളേയും 'മോടിപിടിപ്പിക്കുന്ന'താണ് പരിഷ്ക്കാരമെന്നു കരുതുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. നമ്മുടേതായി അംഗീകരിക്കപ്പെടണമെന്ന് കൊതിച്ച്, ഏതെല്ലാം പ്രതിഛായകളെ നാം അന്യര്‍ക്ക് മുമ്പില്‍ സൃഷ്ടിക്കുന്നുവോ, അവയൊക്കെ യഥാര്‍ത്ഥത്തില്‍ നമ്മെ നാം അല്ലാതാക്കുകയാണ്. നാമെന്താണോ, അതായിരിക്കാനോ അതംഗീകരിക്കാനോ ആര്‍ക്കുമിഷ്ടമില്ല. അതുകൊണ്ട്, നാം മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ലോകവും സങ്കല്പത്തില്‍ മാത്രമുള്ള ഒരു വലിയ അസത്യക്കൂമ്പാരമായി തരം താഴുന്നു.
കപടമായ ഈ സ്ഥിതിവിശേഷത്തെ തിരിച്ചറിഞ്ഞ്, അതില്‍നിന്നു മുക്തി നേടുക എന്ന അസാമാന്യ പ്രയത്നമാണ് വിപസനയെന്ന ശിക്ഷണം സാദ്ധ്യമാക്കുന്നത്. മറ്റ് വാക്കുകളില്‍, അഹന്തയെയും അതിന്റെ ചേഷ്ടകളെയും വകവരുത്തുക. അത് ചെയ്യാന്‍ കരുത്തുള്ളവര്‍ തുലോം വിരളമാണ്. കാരണം, അഹന്തയോളം ശക്തിയുള്ള വേറൊരെതിരാളി മനുഷ്യനില്ല. എല്ലാറ്റിനോടും 'പ്രതികരിക്കാന്‍' നമ്മെ ഉത്തേജിപ്പിക്കുന്നത് മനസ്സാണ്. അനുഭവങ്ങളിലും അറിവിലും സ്ഥിരതയുണ്ട് എന്ന അസത്യത്തിലാണ് മനസ്സിന്റെ ബലം. അതുതന്നെയാണ് ദു:ഖത്തിന് കാരണമായിത്തീരുന്നതും. ഒന്നും സ്ഥിരമല്ലെന്നും ശരീരത്തിലൂടെയും അല്ലാതെയും നാമറിയുന്ന, അല്ലെങ്കില്‍ അറിയിക്കുന്നയനുഭവങ്ങള്‍ നമ്മുടേതായി കാണേണ്ടതില്ലെന്നും സ്വയം പഠിപ്പിക്കുവാനാണ് വിപസനയുടെ ആദ്യകാലശീലുകള്‍ വഴിയൊരുക്കുന്നത്. ഒന്നോ രണ്ടോ മണിക്കൂര്‍ ഒരേ നിലയില്‍ ഇരിക്കുമ്പോള്‍ അസ്വസ്തതയുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍, സാവധാനം, ഇവയൊന്നും സ്ഥിരമല്ല, ഇവയൊന്നും എന്റേതല്ല എന്ന നിര്‍മ്മമതയിലൂടെ കൈവരുന്നത് ഒരു വലിയ സ്വാതന്ത്ര്യമാണ്. നിരന്തര പരിശീലനംവഴി, ചുറ്റുപാടുകള്‍ നമ്മെ ഒട്ടും അലട്ടുന്നില്ലാത്ത ഒരവസ്ഥയില്‍ നാം എത്തിച്ചേരുന്നു. കൂട്ടിക്കിഴിക്കലുകള്‍ ആവശ്യമില്ലാത്ത, മുഖംമൂടിയാവശ്യമില്ലാത്ത, ഒരു 'ഞാന്‍' ജന്മം കൊള്ളുന്നു.
അല്പംകൂടി വിശകലനത്തിനായി, ഒന്നുരണ്ടുദാഹരണങ്ങള്‍ കുറിക്കട്ടെ: ആള്‍ക്കാര്‍ ഒത്തുകൂടുന്ന ഒരു ചടങ്ങില്‍ സംബന്ധിച്ചിട്ടു തിരിച്ചെത്തിയപ്പോള്‍, ജീവിതപങ്കാളി പറഞ്ഞു: 'ഇട്ടിരുന്ന ഷെര്‍ട്ടിന്റെ പുറത്ത് രണ്ടിടത്തു കറയുണ്ടായിരുന്നു; പാന്റ്സില്‍ മഷി വീണ കറയും. നാണക്കേട് തോന്നി!' മറ്റതിഥികള്‍ കാണാനിടയായിരിക്കാം എന്ന് അവള്‍ കരുതിയ കറകള്‍ എന്റെ മാത്രമല്ല, അവളുടെയും അഭിമാനത്തിനു ക്ഷതമായി എന്ന കണക്കുകൂട്ടല്‍ അവള്‍ക്ക് ഏതാണ്ടൊരതൃപ്തിക്കും ദു:ഖത്തിനും കാരണമായിത്തീരുന്നു. എന്തെന്നാല്‍, മോടിയോടെ നടക്കേണ്ടവര്‍, നടക്കാന്‍ കഴിയുന്നവര്‍, എന്ന എന്റെയും അവളുടെയും പ്രതിഛായയെ അലസമായ അത്തരം വസ്ത്രധാരണം തകര്‍ത്തുകളഞ്ഞുപോലും. വാസ്തവത്തില്‍, അങ്ങനെ ചിന്തിച്ച് ശീലിച്ചുപോയി എന്നത് മാത്രമേ ഇക്കാര്യത്തില്‍ സംഭവിച്ചുള്ളൂ. മറ്റൊന്നും സംഭവിച്ചില്ല. കളങ്കമില്ലാത്ത, വില കൂടിയ വസ്ത്രം ധരിച്ചാലും, അല്പം കറയുള്ളവ ധരിച്ചാലും, അനിനുള്ളിലെ വ്യക്തി ഒന്നുതന്നെയാണെന്ന വളരെ ലളിതമായ സത്യമുള്‍കൊള്ളാന്‍ ശീലം ഒരാളെ അനുവദിക്കുന്നില്ല എന്നാണതിനര്‍ത്ഥം. നമ്മളല്ല, നമ്മെ അന്യര്‍ എങ്ങനെ കാണുന്നു എന്നതായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ സത്ത! ജീവിതത്തില്‍ എന്തിലേയ്ക്കും ഏതു സന്ദര്‍ഭത്തി ലേയ്ക്കും ഈ അനുഭവത്തെ വ്യാപിപ്പിക്കാം. നമ്മുടെ ഉണ്മയെപ്പറ്റി ബോധമില്ലാതെ ജീവിക്കുമ്പോള്‍, നാം അസത്യങ്ങളുടെ കൂമ്പാരത്തിനു മുകളിലാണ് 'സുഖമായി' കഴിയുന്നത്. അങ്ങനെ നാമും നമ്മെ ബാധിക്കുന്നതെന്തോക്കെയോ അതെല്ലാം വ്യാജമായിത്തീരുന്നു.
അല്പംകൂടി വിശകലനത്തിനായി, ഒന്നുരണ്ടുദാഹരണങ്ങള്‍ കുറിക്കട്ടെ: ആള്‍ക്കാര്‍ ഒത്തുകൂടുന്ന ഒരു ചടങ്ങില്‍ സംബന്ധിച്ചിട്ടു തിരിച്ചെത്തിയപ്പോള്‍, ജീവിതപങ്കാളി പറഞ്ഞു: 'ഇട്ടിരുന്ന ഷെര്‍ട്ടിന്റെ പുറത്ത് രണ്ടിടത്തു കറയുണ്ടായിരുന്നു; പാന്റ്സില്‍ മഷി വീണ കറയും. നാണക്കേട് തോന്നി!' മറ്റതിഥികള്‍ കാണാനിടയായിരിക്കാം എന്ന് അവള്‍ കരുതിയ കറകള്‍ എന്റെ മാത്രമല്ല, അവളുടെയും അഭിമാനത്തിനു ക്ഷതമായി എന്ന കണക്കുകൂട്ടല്‍ അവള്‍ക്ക് ഏതാണ്ടൊരതൃപ്തിക്കും ദു:ഖത്തിനും കാരണമായിത്തീരുന്നു. എന്തെന്നാല്‍, മോടിയോടെ നടക്കേണ്ടവര്‍, നടക്കാന്‍ കഴിയുന്നവര്‍, എന്ന എന്റെയും അവളുടെയും പ്രതിഛായയെ അലസമായ അത്തരം വസ്ത്രധാരണം തകര്‍ത്തുകളഞ്ഞുപോലും. വാസ്തവത്തില്‍, അങ്ങനെ ചിന്തിച്ച് ശീലിച്ചുപോയി എന്നത് മാത്രമേ ഇക്കാര്യത്തില്‍ സംഭവിച്ചുള്ളൂ. മറ്റൊന്നും സംഭവിച്ചില്ല. കളങ്കമില്ലാത്ത, വില കൂടിയ വസ്ത്രം ധരിച്ചാലും, അല്പം കറയുള്ളവ ധരിച്ചാലും, അനിനുള്ളിലെ വ്യക്തി ഒന്നുതന്നെയാണെന്ന വളരെ ലളിതമായ സത്യമുള്‍കൊള്ളാന്‍ ശീലം ഒരാളെ അനുവദിക്കുന്നില്ല എന്നാണതിനര്‍ത്ഥം. നമ്മളല്ല, നമ്മെ അന്യര്‍ എങ്ങനെ കാണുന്നു എന്നതായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ സത്ത! ജീവിതത്തില്‍ എന്തിലേയ്ക്കും ഏതു സന്ദര്‍ഭത്തി ലേയ്ക്കും ഈ അനുഭവത്തെ വ്യാപിപ്പിക്കാം. നമ്മുടെ ഉണ്മയെപ്പറ്റി ബോധമില്ലാതെ ജീവിക്കുമ്പോള്‍, നാം അസത്യങ്ങളുടെ കൂമ്പാരത്തിനു മുകളിലാണ് 'സുഖമായി' കഴിയുന്നത്. അങ്ങനെ നാമും നമ്മെ ബാധിക്കുന്നതെന്തോക്കെയോ അതെല്ലാം വ്യാജമായിത്തീരുന്നു.
മറ്റൊരുദാഹരണം. പള്ളിയില്‍ പിരിവിനായി ജനത്തിനിടയിലൂടെ ഒരു കുട്ട കൈമാറപ്പെടുന്നു. അടുത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുമല്ലോ എന്നതുകൊണ്ട് മാത്രം ഞാന്‍, ഏറ്റം കുറഞ്ഞത് ഒരു പത്തുരൂപാനോട്ട് അതിലിടുന്നു. നേര്‍ച്ചയിടുന്നതിനോട് ഒട്ടും താല്പര്യമില്ലാത്തൊരാള്‍ ഇങ്ങനെ ചെയ്യുന്നത് സത്യസന്ധതയില്ലായ്മയാണ്. അന്യര്‍ക്ക് മുമ്പില്‍ ഞാന്‍ 'ധാരാളി'യാകുകയാണ്. ഇത് അശുദ്ധമായ പ്രവൃത്തിയാണെന്ന് എന്റെയുള്ളില്‍ സാക്ഷ്യപ്പെടുത്തപ്പെടുന്നുണ്ട്
ശരീരത്തിന്റെയും മനസ്സിന്റെയും പ്രതികരണങ്ങളുടെ അനിശ്ചിതത്വവും അസ്ഥിരതയും ഉള്‍ക്കൊള്ളാനായാല്‍, വ്യര്‍ത്ഥവും നിരാകരണവുമായ ഏത് ലജ്ജയെയും മറികടക്കാനാവും. എന്തുകൊണ്ടാണ് നമ്മുടെ മുനികള്‍ നഗ്നരായി നടക്കാന്‍ ധൈര്യപ്പെട്ടത് എന്ന് ചിന്തിച്ചുനോക്കുക. 'ഒളിച്ചുവയ്ക്കാനെന്തിരിക്കുന്നു' എന്ന സത്യവും ധൈര്യവുമാണതിനു പിന്നില്‍. തന്നെപ്പറ്റി പൊലിപ്പിച്ച ധാരണകളില്ലാത്ത ഏതൊരാള്‍ക്കും പറയാനാകും, ഞാന്‍ വസ്ത്രം ധരിക്കുന്നത്, നാണംകൊണ്ടല്ല, മറിച്ച്, എന്റെ നഗ്നത അന്യര്‍ക്ക് നാണമുണ്ടാക്കരുത് അല്ലെങ്കില്‍ ഉതപ്പുണ്ടാക്കരുത് എന്നതുകൊണ്ട് മാത്രമാണ് എന്ന്. പരിഷ്ക്കാരവും 'ഫാഷനും' ഉണ്ടെന്നഭിമാനിക്കുന്നവരുടെ നാടുകളിലൊക്കെ textile, cosmetic industry മൊത്തത്തില്‍ മനുഷ്യശരീരത്തിന്റെ വ്യാജമായ പ്രദര്‍ശനത്തിനുള്ള വഴികളൊരുക്കാനായി മാത്രമുള്ളതായിത്തീര്‍ന്നിരിക്കുന്നു. ഇതിനൊന്നും പ്രതിവിധികള്‍ തേടേണ്ടതില്ല. നമ്മെ സംബന്ധിച്ചിടത്തോളം, കാപട്യം കാപട്യമാണെന്ന് കാണാനുള്ള കണ്ണുണ്ടായാല്‍ ധാരാളം മതി.
വിപസനയുടെ ശീലുകള്‍ സ്വായത്തമായ ഒരാള്‍ക്ക് എപ്പോഴും മനസ്സില്‍ ഉറച്ചുനില്‍ക്കുന്നതിതാണ്: 'എന്നെ സംബധിക്കുന്ന സത്യം ഒന്നുമാത്രമാണ്. അത് പൊലിപ്പിക്കാനോ പൂഴ്ത്തിവയ്ക്കാനോ ശ്രമിക്കുന്നത് കാപട്യമാണ്.
വിപസനാശിക്ഷണത്തിലൂടെ കൈവരുന്നയറിവുകള്‍:
കഴിഞ്ഞുപോയ സംഭവങ്ങളുടെ ബലത്തില്‍ തീരുമാനങ്ങളെടുക്കരുത്. കാരണം, അവ വര്‍ത്തമാനത്തെ ബാധിക്കുമെന്നത് വെറും തെറ്റുധാരണയാണ്. ഭൂതമായവയെല്ലാം അപ്രത്യക്ഷമായതായി കണക്കാക്കുക. മിക്കവാറും ദു:ഖങ്ങള്‍ക്ക് കാരണം കഴിഞ്ഞവയെപ്പറ്റിയുള്ള ഓര്‍മ്മകളാണ്. ഒരാളുടെ മാതാപിതാക്കള്‍, കുടുംബപശ്ചാത്തലം, വിദ്യാര്‍ജ്ജനം, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയവയൊക്കെ തീര്‍ത്തും യാദൃശ്ചികങ്ങളായ അടയാളങ്ങള്‍ മാത്രമാണ്. നമ്മുടെ സ്വന്തം ശരീരകോശങ്ങള്‍ പോലും വര്‍ഷാവര്‍ഷം മൊത്തത്തില്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കു
തെറ്റായ അളവുകോലുകളാണ് മിക്കവാറും എല്ലാ വ്യത്യസ്തതക്കും പിന്നിലുള്ളത്. ഉദാഹരണത്തിന്, കൃഷിക്കാര്‍ കളകളെപ്പറ്റി വ്യാകുലപ്പെടുന്നു. മനുഷ്യനെ പ്രകൃതിയില്‍ നിന്ന് മാറ്റുക, കളകള്‍ എന്നൊന്നില്ലാതാവും എന്നാണ് മാസനോബു ഫുക്കുവോക്ക പറഞ്ഞത്. കാരണം, അപ്പോള്‍ ഓരോ സസ്യവും അതിന്റെ ഗുണം കൊണ്ടുതന്നെ തനതായ വിലയുള്ളതായിരിക്കും. മറ്റുള്ളവരെയും മറ്റുള്ള വസ്തുക്കളെയും അളക്കാനുള്ള കോലും മാപിനിയുമായി നമ്മെത്തന്നെ നാം കരുതുമ്പോള്‍, നീക്കുപോക്കില്ലാത്ത പ്രശ്നങ്ങളുമുദിക്കുന്നു. നിയന്താവൊഴിച്ച്, ആര്‍ക്കാണ് എന്തിനെയെങ്കിലും അളക്കാനധികാരമുള്ളത്?
എന്റെ ദു:ഖങ്ങള്‍ക്ക്, വേറാരുമല്ല, ഞാന്‍ തെന്നെയാണ് കാരണം എന്നംഗീകരിക്കാനാകുക ചില്ലറക്കാര്യമല്ല. നമ്മുടെ മനസ്സിനെ രൂപപ്പെടുത്തുന്നത് നാം തന്നെയാണല്ലോ. അന്യരുടെ മുമ്പില്‍ സ്വയമാഗ്രഹിക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന ഒരു പ്രതിഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും അത് വിജയിക്കാതെവരുകയും ചെയ്യുമ്പോള്‍, അത് അസ്വസ്ഥതക്ക് കാരണമാകുന്നു. നിങ്ങളെത്തന്നെ നിങ്ങളുടെ p.r.o. ആയി നിയമിക്കാതിരിക്കുക. രാജ്യങ്ങളും കുത്തകകളും മാത്രമല്ല, വ്യക്തികളും ഏറെ സമയം കളയുന്നത്, ഇല്ലാത്ത, തിളങ്ങുന്ന ഒരു 'image' സൃഷ്ടിക്കാനും അങ്ങനെയുണ്ടാക്കിയെ ഒന്നിനെ വച്ചുപുലര്‍ത്താനുമാണ്. ഇന്നെവിടെയും അരങ്ങേറുന്ന നടനപ്രക്രിയകള്‍ അതിരില്ലാത്തതാണ്, ആത്മീയതയുടെ പരിവേഷം അണിയുന്നവരുടെയിടയില്‍ പോലും. കാപട്യം ഏറ്റവും മ്ലേശ്ചമാകുന്നത് മറ്റൊരിടത്തുമല്ല.
നര്‍മ്മബോധം അഹന്തയെ നശിപ്പിക്കുന്നു. എല്ലാം ദുരിതമയവും ഗൌരവവുമായിടത്ത് ആയിരിക്കാന്‍ ദൈവം പോലും ഇഷ്ടപ്പെടില്ല. ഉദാഹരണത്തിന്, നമ്മുടെ പള്ളികളിലും അമ്പലങ്ങളിലും മോസ്ക്കുകളിലുമൊക്കെ ഒരു വിധികര്‍ത്താവിന്റെ സാന്നിദ്ധ്യമല്ലാതെ, മറ്റെന്താണുള്ളത്? മനുഷ്യന്റെ അത്യധികമായ ഭയവും ദൈന്യതയും പേറുന്ന സ്വത്വബോധം മതങ്ങളില്‍ നിന്ന് ദൈവത്തെ അകറ്റിക്കളഞ്ഞുവെന്ന് പറയാം. സന്തോഷം പകരാത്ത ദൈവത്തെക്കൊണ്ട് ആര്‍ക്കെന്തു നേട്ടം? ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമൊക്കെ പള്ളികളില്‍ ചിരിയും കൈകൊട്ടും ഡാന്‍സ് പോലും അനുവദനീയമാണ്. അതുപോലെ, ചുരുക്കമെങ്കിലും, നമ്മുടെ പല അമ്പലങ്ങളിലും. വിപസന ഏറ്റവും ആവശ്യമുള്ളത് ഇന്ന് ക്രിസ്ത്യാനികള്‍ക്കാണ്. എന്നുവച്ചാല്‍, എല്ലാ തീവ്രവാദികള്‍ക്കും.
അവബോധത്തിലാകുക എന്നാല്‍, നിരീക്ഷിക്കുന്നവയില്‍ നിന്ന് അകലം കാക്കുക എന്നുകൂടിയാണ്. കാണപ്പെടുന്നതിന്റെ ഗുണദോഷങ്ങള്‍ നിരീക്ഷകനെ ബാധിക്കരുത് എന്ന് ചുരുക്കം. Vipassana is the art of making yourself detached. It is becoming equanimous towards what you observe and becoming aware of it without being affected by its qualities.
കൂടുതല്‍ വായിച്ചറിയാന്‍ താല്പര്യമുള്ളവര്‍ക്ക്: www.dhammagranth.com
Dhammapada: The Way of the Budha, vol. 11
The Art of Living (as taught by S.N. Goenka), William Hart. Available at Vipassana Research Institute, Dhammagiri, Igatpuri, Maharashtra, India)
0 comments:
Post a Comment