സന്തോഷത്തിന്റെ പാഠഭേദങ്ങള്‍

രണ്ട് ദശാബ്ദത്തോളം കണ്ടും വായിച്ചും മനസ്സില്‍ പതിഞ്ഞ ഒരു വാക്യം: സന്തോഷം തഴക്കത്തിന്റെ പരിണതിയല്ല, മറിച്ച്, ഈ നിമിഷത്തിന്റേതാണ് * (ഗ്വേതെ). സ്വിറ്റ്സര്‍ലന്റിലെ ഹേഗന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ഒരു നടപ്പുവഴിയില്‍ സ്ഥാപിച്ചിരിക്കുന്ന കല്പ്പലകയില്‍ കൊത്തിയിരിക്കുന്നതാണിത്. അതിന്റെയൊരു വിശദീകരണംപോലെ തോന്നി ലുഡ്വിഗ് മാര്‍ക്യുസേയുടെ സന്തോഷത്തിന്റെ തത്ത്വശാസ്ത്രം (Philosophie des Glücks - Ludwig Marcuse) എന്ന തടിച്ച കൃതിയുടെ ഉള്ളടക്കം. ഇതുമായി ബന്ധപ്പെടുത്തി ഏതാനും പരിചിന്തനങ്ങള്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.

മാനസികസംതൃപ്തി തേടിയുള്ള മനുഷ്യന്റെ പ്രയാണചരിത്രത്തില്‍ പടിഞ്ഞാറുദിച്ച പ്രധാന ചിന്തകരുടെയെല്ലാം ശ്രമഫലങ്ങള്‍ കുറുക്കിവച്ചിരിക്കുന്നു, ഈ പുസ്തകത്തില്‍‍. പഴയനിയമത്തിലെ ഇയോബും എക്ലെസ്യാസ്റ്റെസും (സഭാപ്രസംഗകന്‍) മുതല്‍ , എപിക്യുരസ്, സെനെക്ക, അഗസ്റ്റിന്‍, സ്പിനോസ, മാര്‍ക്സ്, നീറ്റ്ഷെവരെയുള്ളവരുണ്ട് അക്കൂടെ. ഇവരില്‍ അഗസ്റ്റിന്‍ ആധ്യാത്മികതയിലൂടെയും, സ്പിനോസ തത്ത്വചിന്തയിലൂടെയും ഏതാണ്ടൊരു ഹൃദയാഹ്ലാദം കണ്ടെത്തിയെന്നു കരുതാം. കിഴക്കുനിന്നുള്ള ദാര്‍ശനികരെയോ ജ്ഞാനികളെയോ, നമ്മുടെ ഉപനിഷത്തുകളെയോ മാര്‍ക്യുസേ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അത് ഈ കൃതിയുടെയൊരു വലിയ പോരായ്മയാണ്.

വലിയ ചിന്തകരെല്ലാംതന്നെ, ഉപസംഹാരത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നതനുസരിച്ച്, നിലനില്‍ക്കുന്ന സന്തോഷം ഈ ജീവിതത്തിലില്ല എന്ന മതത്തിലെത്തിച്ചേരുന്നു. മനുഷ്യന് താല്‍ക്കാലികയാനന്ദമേ കണ്ടെത്താന്‍ സാധിക്കൂ എന്നാണോ അതിനര്‍ത്ഥം? ജീവിതത്തിനര്‍ത്ഥമില്ലെന്ന്  അനുഭവിച്ചറിയുന്നതോടെ അതവസാനിപ്പിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ എന്നുമുണ്ട്. ഈ അര്‍ത്ഥമില്ലായ്മയുടെയുറവിടം അവനവന്റെ കാഴ്ച്ചപ്പാടിലോ അന്യരുടെ കാഴ്ച്ചപ്പാടിലോ ആകാം. അന്യരുടെമുമ്പില്‍ വിലയിടിയുന്നത് ആത്മാഹൂതിക്ക് വരെ മതിയായ കാരണമാക്കുന്നവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ വളരെയുണ്ട്. മനുഷ്യനിര്‍മ്മിതമായ ധാര്‍മ്മികചട്ടക്കൂടിനെ ഭേദിക്കാനുള്ള വഴിയോ തന്റേടമോ ഉണ്ടായിരുന്നെങ്കില്‍ ഇക്കൂട്ടരില്‍ ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കാന്‍ തീരുമാനിക്കുമായിന്നു.

ഈ ജീവിതത്തില്‍ സന്തോഷത്തിലേക്കുള്ള വഴികള്‍ തടയപ്പെടുന്നവര്‍ക്കായി മിക്ക മതങ്ങളും ചൂണ്ടിക്കാണിക്കുന്നത് പരലോകത്തെയാണ്. ഹൈന്ദവചിന്തയില്‍ അതിന്റെ സ്ഥാനത്ത് പുനര്‍ജന്മങ്ങളുടെ പരിസമാപ്തിയില്‍ കൈവരേണ്ട ബ്രഹ്മസാക്ഷാത്ക്കാരമാണുള്ളത്. മനുഷ്യരാശിയില്‍ ഭൂരിഭാഗവും ഈലോകജീവിതത്തിലുള്ള പരിമിതമായ ഏതാനും സന്തോഷസാദ്ധ്യതകളിലേക്ക് ജീവിതസാഹചര്യങ്ങള്‍ ചുരുങ്ങി നിരാശതക്ക് വിധിക്കപ്പെട്ടവരാണ്. അത്തരക്കാരെ വലയില്‍ കുരുക്കാനാണ് ലോകമതങ്ങള്‍ പരസ്പരം മത്സരിക്കുന്നത്. കഷ്ടപ്പാടുകളെ ആത്മശുദ്ധീകരണത്തിനായി ദൈവമയയ്ക്കുന്ന ഉപാധികളായി  സ്വീകരിക്കണമെന്ന ഭക്തിശാസ്ത്രമാണവ നിരന്തരമോതിക്കൊണ്ടിരിക്കുന്നത്. ഫലമോ, എല്ലാമുക്കിലും കവലയിലും വഴിതടയാനെന്നോണം കുരിശുപള്ളികളും, അവയെയനുകരിച്ചു പെരുകുന്ന മണ്ഡപങ്ങളും, മിനറെറ്റുകളും. ഒരു ധാര്‍മികോത്തരവാദിത്തവും പേറാതെ ഏക്കറുകള്‍ വ്യാപിച്ചുനില്‍ക്കുന്ന തീര്‍ഥാടനസൌധങ്ങളും കേരളത്തില്‍ തഴച്ചുപൊങ്ങിക്കൊണ്ടിരിക്കുന്നു. അക്കൂടെ, തല്‍പ്പരകക്ഷികളുടെ ചാനലുകളും ശബ്ദമലിനീകരണം പെരുപ്പിക്കുന്നു. അങ്ങേയറ്റം അന്ധമായ വിശ്വാസങ്ങള്‍ കുത്തിനിറച്ച മാസികകള്‍ കേരളത്തിലെ ക്രിസ്തീയഭവനങ്ങളിലും മങ്ങളിലും പള്ളിമുറികളിലും നിരന്നുകിടക്കുന്നു! ഇതെല്ലാമായിട്ടും പക്ഷേ, പാവം വിശ്വാസികള്‍ സ്വര്‍ണത്തിന്റെയും ലോട്ടറിഭാഗ്യത്തിന്റെയും ഉപഭോഗാര്‍ത്തിയുടെയും പിന്നാലെയാണുതാനും!
 
പരാമൃഷ്ടകൃതിയില്‍, തന്റെ തിരച്ചില്‍ ശുഭപര്യാപ്തിയിലെത്തിക്കുന്നത് സെന്റഗസ്റ്റിന്‍ മാത്രമാണ്. യുവത്വാവസാനംവരെ ആഗ്രഹിച്ചതെല്ലാം - സമ്പത്ത്, പാണ്ഡിത്യം, ഉന്നതസ്ഥാനം, സ്ത്രീകള്‍, സമുദായത്തിന്റെ തുംഗശ്രേണിയിലുള്ളവരുമായി സൗഹൃദം എന്നതൊക്കെ - നേടി സംതൃപ്തിയനുഭവിച്ചിരുന്നയദ്ദേഹത്തെ തന്റെ സന്തോഷം ക്ഷണികമാണെന്ന വിചാരം വിടാതെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. ആഗ്രഹിക്കുന്നവയെല്ലാം കൈവന്നാല്‍ ഒരുവന്‍ സന്തുഷ്ടനാകുമോ എന്നദ്ദേഹം സ്വയം ചോദിച്ചു. ഇല്ലെന്നുള്ള ഉത്തരവും പറഞ്ഞു. കാരണമോ, വെറും ക്ഷണനിമിഷംകൊണ്ട് എല്ലാം നഷ്ടപ്പെടാം. സ്വന്തമമ്മയോട് അദ്ദേഹം ഈ ചോദ്യം ചോദിച്ചു. വെറും സാധാരണക്കാരിയായിരുന്ന മോനിക്ക പറഞ്ഞു, നീ ആഗ്രഹിക്കുന്നതും കിട്ടുന്നതും നന്മയാണെങ്കില്‍, നിന്റെ സന്തോഷം സ്ഥിരമായിരിക്കും. അത് അഗസ്റ്റിന്റെ മനസ്സില്‍ തറച്ചു. അദ്ദേഹത്തിന്റെ ശിഷ്ടജീവിതം സ്ഥിരമായവയ്ക്കുവേണ്ടിയുള്ള അന്വേഷണമായിരുന്നു.
അറിഞ്ഞോ അറിയാതെയോ, ധാരാളംപേര്‍ എന്നും ഈ അന്വേഷണത്തിലാണ്. പക്ഷേ, നശ്വരമായ ജീവിതത്തില്‍ ശാശ്വതമായതു കണ്ടെത്തുക അസാദ്ധ്യമാണ്. ശാശ്വതമായ ഒന്നുമില്ലെന്ന കണ്ടെത്തല്‍തന്നെ ശാശ്വതമായ ഒരറിവായി പരിണമിക്കാം. കാരണം, ഈയറിവ് ബുദ്ധിക്കു സ്ഥിരതനല്‍കുന്നു. അതൊരു തുടക്കമാണ്. നശ്വരതയെ ജീവിതത്തിന്റെ സ്വഭാവമായി അംഗീകരിക്കാനാവുന്നതോടെ അല്‍പസുഖങ്ങള്‍ പോലും നമുക്ക് തൃപ്തിയേകാന്‍ കെല്പുള്ളവയായി മാറുന്നു. സംതൃപ്തിയെന്നത് ഈ നിമിഷത്തിന്റെ പൂര്‍ത്തീകരണമാണെന്നയുള്‍കാഴ്ച കൈവരുന്നു. ഗ്വേതെയും അതാണല്ലോ പറഞ്ഞത്, സംതൃപ്തി അല്ലെങ്കില്‍ ആഹ്ലാദം എന്നാല്‍ അത് സമയബന്ധിതമല്ല, അത് ഈ നിമിഷത്തിന്റേതാണ് എന്ന്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അവയില്‍ തന്നെ മഹത്തരമെന്നും ഓരോ നിമിഷവും ആസ്വദിക്കാനാകുകയെന്നതാണ് കലയേയും ബുദ്ധിയേയും തമ്മില്‍  ബന്ധിപ്പിക്കുന്നതെന്നും അനുഭവത്തിലൂടെയറിയുന്നവര്‍ യാതൊരുവിധത്തിലുള്ള ആര്‍ത്തിക്കും അടിമകളാകുന്നില്ല. ഏത്‌ സുഖത്തെയും കെടുത്തുന്ന ഇരുട്ടാണ്‌ ആര്‍ത്തി. ദരിദ്രര്‍ ധനികരേക്കാള്‍ ശുദ്ധഹൃദയരും ശുഭാപ്തിയുള്ളവരും സന്തുഷ്ടരുമാണെന്നയനുഭവത്തിനു പിന്നിലെ സത്യമിതായിരിക്കാം. അമിതമായ വില (ആഗ്രഹം) ഒന്നിനും കല്പിക്കാത്തവന് എത്രചെറുതും അത്യധികം വിലയുള്ളതാണെന്ന ഉള്‍ബോധമുണ്ടാകുന്നു. ഓരോ നിമിഷവും സുഖദായകമാക്കാം എന്നവന്‍ അനുഭവിച്ചറിയുന്നു.


അതോടെ, ഭാവിഭൂതങ്ങള്‍ക്ക് പ്രാധാന്യമില്ലാതാകുന്നു. മനുഷ്യന്‍ പ്രപഞ്ചത്തിന്റെ മദ്ധ്യമോ ലക്ഷ്യമോ ആണെന്ന മതത്തിന്റെ പിടിവാശികള്‍ ജല്പനങ്ങളായി തരംതാഴുന്നു. ഇതെഴുതുന്നയാളിന്റെ കൈക്കുറിപ്പുകള്‍ അയാളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കോ, മുറ്റത്തെ ചെടികള്‍ക്കോ യാതൊരര്‍ത്ഥവും ഉണ്ടാക്കുന്നില്ലെന്നതുപോലെ, ദൈവത്തിന്റെ ഡയറിക്കുറിപ്പുകളായ പ്രാപഞ്ചികഗതിവിഗതികള്‍ മനസ്സിലാക്കാന്‍ മനുഷ്യനും കെല്‍പ്പില്ല എന്ന എളിമയിലാണ് ഈ വീണ്ടുവിചാരം നമ്മെ കൊണ്ടെത്തിക്കുന്നത്. ഈയൊരൊറ്റ നിമിഷത്തിനുള്ളില്‍ എന്നില്‍ സംഭവിക്കുന്നതെന്തെല്ലാമെന്ന് പോലും ഞാനറിയുന്നില്ല. മനുഷ്യബുദ്ധി മനസ്സിലാക്കുന്നതോ അതിതുഛം. ഏതു മേഖലയിലാണെങ്കിലും അറിവിലുള്ള മനുഷ്യന്റെ പിടിവാശികളൊക്കെ വെറും മിഥ്യയാണ്‌.

ബൈബിളിലെ ഏറ്റവും ബൌദ്ധികപരിവേഷമുള്ള മനോഹരകൃതിയാണ് സഭാപ്രസംഗകന്‍ (Ecclesiastes). ഗ്രീക് തത്ത്വചിന്തയുടെ സ്വാധീനം ഇതിലുണ്ട്. ഈ ലോകത്തിലെ വ്യാപാരങ്ങളെല്ലാം, സുഖവും ദു:ഖവും, മിഥ്യ മാത്രമാണെന്ന നിഗമനമാണ് അതിന്റെ ഗ്രന്ഥകാരന്റേത്. പക്ഷേ, ബൈബ്ലിന്റെ ഭാഗമായാലും, ഈ കാഴ്ചപ്പാട് വികലമാണെന്ന്, കെ.സി.ബി.സി. ബൈബിളില്‍ മെത്രാന്മാര്‍ വായനക്കാരെ താക്കീതുചെയ്തിട്ടുണ്ട്. (അപ്പോള്‍, അവരുടെ മുന്‍‌കൂര്‍വീക്ഷണങ്ങളോട് ഒത്തുപോകാത്ത ഭാഗത്ത്, തിരുവാക്യമായാലും അവര്‍ അംഗീകരിക്കില്ലെന്ന് സാരം.) ഏതായാലും, നാമെന്തൊക്കെ ചെയ്താലും ശരി, സംഭവിക്കാനുള്ളതു അതാതിന്റെ സമയത്ത് സംഭവിച്ചിരിക്കും എന്നത് മനോഹരമായിട്ടാണ് ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. അതിലെ "A time to be born, a time to die; a time to plant, a time to pluck...a time to weep, a time to laugh;...a time for every purpose under the heaven." എന്ന ഭാഗം ഒരു സുന്ദരഗാനത്തില്‍ The Byrds എന്ന ഗ്രൂപ് 1965 -ല്‍ അനശ്വരമാക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് രസകരമായ ചിത്രീകരണങ്ങളോടെ അതാസ്വദിക്കാന്‍ ഇതാ ഒരു ലിങ്ക്: 
http://www.youtube.com/watch?v=fHvf20Y6eoM&feature=player_embedded#at=102

അസ്തിത്വത്തെപ്പറ്റി ചുഴിഞ്ഞാലോചിച്ച അല്‍ബേര്‍ കമ്യുവിനെപ്പോലുള്ളവര്‍, അത് ഭയാനകമാണെന്നും ആത്മഹത്യയാണ് മനുഷ്യന് ചെയ്യാവുന്ന ഉത്തമകൃത്യമെന്നുമൊക്കെ എഴുതിപ്പിടിപ്പിചിട്ടുണ്ട്. അത് കേട്ടുമടുത്താണ്, തലനാരിഴകീറുന്ന താത്ത്വികവിശകലനങ്ങളേക്കാള്‍ ഗുണകരം കാവ്യാത്മകമായ ധ്യാനമാണെന്ന് സാര്‍ത്രിനെപ്പോലുള്ളവര്‍ വാദിച്ചത്.

* "Glück ist keine Sache der Gewöhnheit, sondern des Augenblicks." J. W. von Göthe

0 comments: