സ്നേഹത്തിന്റെ അദ്വൈതം

ഉണ്ണിക്കാരോടാ കൂടുതലിഷ്ടം, അച്ഛനോടോ അമ്മയോടോ? ഉത്തരംപറയാന്‍ കുഞ്ഞ് ബുദ്ധിമുട്ടുമെന്നുപോലും അറിയില്ലാത്തവര്‍ വാത്സല്യംനടിച്ച് പിഞ്ചോമനകളോട് ഇങ്ങനെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. കുഞ്ഞിന് ഏറ്റവുമിഷ്ടം അച്ഛനോടോ അമ്മയോടോ അല്ല, അവനോടു/അവളോടുതന്നെയാണ്. ഏത്‌ കുഞ്ഞിനും അതിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ളതാണ് അച്ഛനുമമ്മയും. കുഞ്ഞ് വളര്‍ന്ന് മുത്തച്ഛനായാലും, അവനവനോടുള്ള ഈ അതുല്യപ്രതിപത്തി അവസാനിക്കുന്നില്ല. എതു ജീവിയുടെ കാര്യത്തിലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. ആത്യന്തികമായി എല്ലാ ബന്ധങ്ങളും സ്വന്തം സുഖത്തെ തേടുന്നതിനുള്ള വഴികളാണ്. 


സ്വയംപര്യാപ്തിയും സന്തോഷവും തടവില്ലാതെ തുടരാനാകുമായിരുന്നെങ്കില്‍ ഏകനായി/ഏകയായി കഴിയാന്‍ ആര്‍ക്കും വൈമനസ്യം തോന്നുകയില്ലായിരുന്നു. എന്നാല്‍ അതല്ല സ്ഥിതി. അഹത്തിന്റെ അഴിക്കൂടിനുള്ളില്‍ അടയ്ക്കപ്പെട്ടവനായി എത്ര വലിയ സ്വാഅര്‍ത്ഥതയിലും ഒരാള്‍ക്ക് തുടരാനാവില്ല. അവന്‍/അവള്‍ ഒരു കൂട്ടിനായി, ദ്വൈതത്തിനായി, മോഹിച്ചുതുടങ്ങും. അതു വേറൊരു വ്യക്തിയാകണമെന്നില്ല. സംതൃപ്തി തരുന്ന ഒരു വീടാകാം, പറമ്പാകാം, ജോലിയാകാം; പെട്ടിനിറയെ പണമോ അലമാര നിറയെ പുസ്തകങ്ങളോ ആകാം; ഒരു വണ്ടിയോ ആഡംബരവിഷയങ്ങളെന്തെങ്കിലുമോ ആകാം; അധികാരമോ അംഗീകാരമോ ആകാം.  ഇവയിലേതായാലും, അത്, തന്റെ എകാകിതയില്‍ നിന്ന്, തനിച്ചായിപ്പോകുന്നതില്‍ നിന്ന്, ഒരാളെ മോചിപ്പിക്കാനുള്ള ഉപാധിയായി വര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തനിക്കു വെളിയിലുള്ള എന്തോ ഒന്ന് തന്റേതാണെന്ന വിശ്വാസം സൃഷ്ടിക്കണം. അതായത്, എകനായിരിക്കുന്നത്, മനുഷ്യരാരും ഇഷ്ടപ്പെടുന്നയവസ്ഥയല്ലായെന്നു ചുരുക്കം.


വര്‍ഷങ്ങളോളം തനിയെ നടന്നയനുഭവം എനിക്കുണ്ട്. കൂട്ടെന്നൊ സൌഹൃദമെന്നോ പറയാന്‍ ആരുമില്ലാതെ, ബോംബെയിലെ ഒരു കുടുസുമുറിക്കുള്ളിലെ എകാകിതയെ മറികടക്കാന്‍ ഞാന്‍ പുസ്തകങ്ങളെ കൂട്ടുപിടിച്ചു. ഭാഗ്യത്തിന്, നല്ല പുസ്തകങ്ങളുള്ള ഒരു വായനശാല അടുത്തുണ്ടായിരുന്നു. ഓരോ വിഷയമെടുത്ത് പഠിച്ചുതുടങ്ങി. വൈകുന്നേരങ്ങളില്‍ തനിയെ മറൈന്‍ഡ്രൈവിലൂടെ അസ്തനമസൂര്യനെതിരെ നടന്നു, തനിച്ചല്ല, പ്രകൃതി എന്നോടൊത്താണെന്ന് അല്പനെരത്തേയ്ക്കെങ്കിലും തോന്നാന്‍. ഇന്നും തനിച്ചാണെന്നു തോന്നുമ്പോള്‍‍, ഇതുപോലൊക്കെ ഞാന്‍ ചെയ്യുന്നു. ചുറ്റിക്കറങ്ങാന്‍ സ്ഥലവും സൗകര്യങ്ങളുമുണ്ടാകാം, ഇഷ്ടമുള്ളയാള്‍ക്കാര്‍ അടുത്തുണ്ടാകാം. എന്നാലും ചില മനസ്സുകള്‍ നിബന്ധബുദ്ധ്യാ എകാകിതയെ തേടുന്നതായി മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. അവിടെയും ഏകാന്തത അതിനുവേണ്ടിയല്ല, മറിച്ച്, ഇഷ്ടവ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കാന്‍വേണ്ടിയാണ്. അത് വായനയാകാം, സംഗീതമോ സാഹിത്യമോ പോലൊരു കലാവൃത്തിയാകാം, മൌനധന്യമായ സാധനയാകാം. സൂക്ഷ്മനിരീക്ഷണത്തില്‍, പരോക്ഷമായ ഒരു ദ്വൈതാനുഭവം ഇതിലെല്ലാം അന്തര്‍ലീനമായി അന്വേഷിക്കപ്പെടുന്നുണ്ട്. എഴുത്തുകാരന്റെ പുസ്തകവും പാട്ടുകാരന്റെ ഗാനവും, കൃഷിക്കാരന്റെ അദ്ധ്വാനഫലവും, സാധകന്റെ ധ്യാനവുമെല്ലാം എകാകിതയെ മറികടക്കാന്‍ വേണ്ടി അദ്വൈതത്തിലേയ്ക്കുള്ള കൈനീട്ടലാണ്. ലാഘവബുദ്ധികളായ പെണ്ണുങ്ങള്‍ പകലന്തിയോളം റ്റി.വി. വച്ചുനീട്ടുന്ന വിഴുപ്പെല്ലാം അകത്താക്കുന്നതും ലാളന കൂടിപ്പോയ യുവജനം കമ്പ്യുട്ടറിന്റെ മുമ്പിലിരുന്നു കണ്ണ് കളയുന്നതും അവരുടെ എകാകിതയെ കൂടുതല്‍ മെച്ചമായതൊന്നും ആകര്‍ഷിക്കാനില്ലാതെ വരുമ്പോളാണ്.  
 
എന്റെയസ്തിത്വത്തെ, ജീവനപ്രക്രിയയെ, ഏതെങ്കിലും വിധത്തില്‍ ധന്യമാക്കുന്ന, എനിക്കുപുറത്തുള്ള ഈ രണ്ടാമതൊന്ന് മറ്റൊരു വ്യക്തിയായിരിക്കുകയും അയാള്‍ എന്റെ നാണംകെട്ടയഹന്തയുടെ സര്‍വാധിപത്യത്തെ കീഴ്പ്പെടുത്താന്‍ പോരുന്നതുമായാല്‍, അവിടെ സ്നേഹം തളിരിടുന്നുവെന്നുപറയാം. വേറൊരാള്‍ക്ക് ഞാന്‍ എന്നോടൊപ്പം തുല്യതയനുവദിക്കുമ്പോള്‍, സ്വാര്‍ത്ഥതയുടെ സ്ഥാനത്ത് സ്നേഹം ശക്തിയാര്‍ജ്ജിക്കുന്നു. രണ്ടായിരുന്നവര്‍, ഏകത്വത്തിന്റെ വിരസതയില്‍നിന്ന് മോചനം തേടി, പരസ്പരധാരണയില്‍ ഒന്നുപോലെ ആയിത്തീരുന്നു. ഈ അവസ്ഥയെ അദ്വൈതമെന്ന് വിളിക്കാം. അതായത്, രണ്ടില്‍ നിന്ന് രണ്ടല്ലാത്ത ഒരവസ്ഥയിലേക്കുള്ള മാറ്റം. പക്ഷേ, ഉപയോഗമല്ല, അംഗീകാരമാണ് ഇവിടെ പ്രഥമം - വിധേയപ്പെടുത്താനുള്ള വ്യഗ്രതക്കുപകരം, വിധേയപ്പെടാനുള്ള തയ്യാര്‍, അതാണ്‌ സ്നേഹത്തില്‍ സംഭവിക്കുന്നത്. ഈ മികവു പുലര്‍ത്താത്ത ഏതുബന്ധവും സ്വാര്‍ത്ഥതയുടെ പര്യായം മാത്രമായിരിക്കും. സ്വന്തം അപര്യാപ്തതയുടെ വിടവ് അപരനുമായുള്ള പാരസ്പര്യത്തിലൂടെ നികത്തിയെടുക്കുന്ന ഈ പ്രക്രിയയാണ് സ്നേഹമെന്നു മനസിലാക്കാം. പക്ഷേ, സൂക്ഷിക്കേണ്ടതുണ്ട്. നിത്യോപയോഗത്തില്‍, എനിക്കവളോട്/അവനോടു സ്നേഹംതോന്നുന്നു എന്നു പറയുന്നതും ഒരു സ്വാര്‍ത്ഥലാഭത്തിനുള്ളയവസരം തെളിഞ്ഞുവരുന്നുവെന്നു കരുതുന്നതും തമ്മില്‍ വലിയ അന്തരം ഉണ്ടാകണണമെന്നില്ല.

സ്നേഹത്തിന്റെ കാതലെന്തെന്ന് ഏറ്റവും ലളിതമായ ഭാഷയില്‍ പറഞ്ഞത് യേശുവാണ്. സ്നേഹത്തിന്റെ മന:ശാസ്ത്രം ഏറ്റവും കൃത്യമായി കുറിച്ചത്, അക്ഷരാര്‍ഥത്തില്‍ ആദ്യത്തെ ക്രിസ്ത്യാനിയായ പൌലോസാണ്‌. കൊറീന്ത്യര്‍ക്കു പൌലോസെഴുതിയ കത്തിന്റെ പതിമൂന്നാമദ്ധ്യായം ക്രിസ്തുപ്രബോധനത്തിന്റെ കാതലാണ്. പുതിയനിയമത്തിന്റെ മാത്രമല്ല, മനുഷ്യചൈതന്യത്തിന്റെതന്നെ പൊരുളെന്തെന്നു മാറ്റാര്‍ക്കും സാധിക്കാത്ത ഭാഷയിലദ്ദേഹം സംക്ഷിപ്തമായി അതില്‍ കുറിച്ചുവച്ചു. അതിഹൃദ്യമായ ഈ വേദഭാഗം പൌലോസിന്റെ തെന്നെ വാക്കുകളില്‍ പകര്‍ത്തട്ടെ: "ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും, എനിക്ക് സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്ക്  പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും, സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്ക വിശ്വാസവും എനിക്കുണ്ടായാലും, സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്നേഹം സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു, സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല."




എവിടെനിന്നായിരിക്കാം ഈയറിവ് പൌലോസിനു കിട്ടിയത്? യേശുവിനെ അദ്ദേഹം നേരിട്ടറിഞ്ഞിട്ടില്ലെന്നു വേണം കരുതാന്‍ . എന്നാല്‍ തീര്‍ച്ചയായും ആ ഗുരുവിന്‍റെ കൂട്ടുകാരോട് ആവര്‍ത്തിച്ചു തിരക്കിയുമഅന്വേഷിച്ചും പോള്‍ യേശുവിനെ അഗാധമായി മനസിലാക്കിയിട്ടുണ്ടാവണം. സ്നേഹമെന്തെന്ന് ഇത്രനന്നായി യേശുവില്‍നിന്ന് പഠിച്ച മറ്റൊരു ക്രിസ്ത്യാനി ഇല്ലതന്നെ. ആ സ്നേഹത്തിന്റെ ലക്ഷണങ്ങള്‍ പോള്‍ വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍തന്നെ, അവാച്യമായ ഒരു ചൈതന്യത്തിന്റെ പ്രഭ നമ്മെ വലയംചെയ്യും. അഹങ്കാരം, ആത്മപ്രശംസ, അസൂയ, കോപം, വിദ്വേഷം എന്നിവയൊന്നും തീണ്ടാത്ത വികാരമേതോ അതാണ്‌ സ്നേഹം. അത് ദയയും ദീര്‍ഘക്ഷമയുമാകുന്നു. ഭാഷ, ജ്ഞാനം, യുക്തിവിചാരം തുടങ്ങിയ കഴിവുകളെയെല്ലാം അതിശയിക്കുന്നതും, പരിപൂര്‍ണതയിലേയ്ക്കുള്ള കുതിച്ചുചാട്ടവുമാണത്. തന്നെപ്പോലെ മറ്റൊരാളെ കാണാനാവുക, സ്വയം അളക്കാനുപയോഗിക്കുന്ന കോലുകൊണ്ടുതന്നെ മറ്റൊരാളെയും അളക്കാന്‍ തയ്യാറാകുക  - ഒത്തുതീര്‍പ്പില്ലാത്ത ഈ മാനദണ്ഡമാണ് മനുഷ്യശ്രേഷ്ഠതയുടെ മാറ്റുരച്ചുനോക്കാന്‍ യേശു ഉപയോഗിച്ചത്.



എന്നാല്‍ ആരും ചോദിച്ചുപോകും: അനുദിന ജീവിതപ്രക്രിയകളില്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള സ്നേഹം എത്രമാത്രം പ്രായോഗികമാണ്? യേശുവിനോ പോളിനോ, അല്ലെങ്കില്‍ ബുദ്ധനെയോ മഹാവീരനെയോ പോലെ മറ്റേതെങ്കിലും വിശ്വപ്രേമിക്കോ എത്രമാത്രം വിപുലമായി സ്നേഹവ്യാപാരങ്ങള്‍ സാധ്യമായിട്ടുണ്ടാവണം? തൊട്ടടുത്തവരോടോ തിരഞ്ഞെടുത്ത ചിലരോടോ, പരിധികളില്ലാത്ത തുറവ് പരിപോഷിപ്പിക്കാനായാലും, സമൂഹത്തിലേവരോടും അങ്ങനെയിടപെടാന്‍ ആര്‍ക്കെങ്കിലുമാകുമോ? ഇല്ലെന്നു പറയേണ്ടിവരും. കള്ളപ്പരിഷകളെന്നും കുറുക്കനെന്നും വെള്ളപൂശിയ കുഴിമാടമെന്നുമൊക്കെ താന്‍ കളിയാക്കിവിളിച്ചവരെയും യേശു തന്റെ അനുയായികളെയെന്നപോലെതന്നെ സ്നേഹിച്ചിരുന്നുവെന്നു പറയുക വിഡ്ഢിത്തമാണ്. അങ്ങനെയെങ്കില്‍, ഉപരിപ്ലവമല്ലാത്ത സ്നേഹത്തിനു പാത്രമായിത്തീരാന്‍ ചില നിബന്ധനകളൊക്കെയുണ്ടെന്നു സമ്മതിക്കേണ്ടിവരും. അഗാധമായ സ്നേഹം ഒരു വ്യക്തിയിലേയ്ക്ക് ചുരുങ്ങുമ്പോള്‍ അതിനെ നാം പ്രണയമെന്നു വിളിക്കുന്നു. ഏകത്തില്‍ നിന്ന് ദ്വൈതത്തിലേയ്ക്കും, അവിടെ നിന്ന് അദ്വൈതത്തിലേയ്ക്കുമുള്ള പരിണാമത്തിന്റെ ഉച്ചസ്ഥായിയാണ് പ്രണയം. അനന്യമായ ഈ അനുഭവത്തിന്റെ അന്തരാര്‍ത്ഥങ്ങളിലേയ്ക്ക് ഒന്നെത്തിനോക്കാം.
             

എത്രയെഴുതിയാലും വീണ്ടും ബാക്കികിടക്കുന്ന വിഷയമാണിത്. കലയുടെയും സാഹിത്യത്തിന്റെയും എല്ലാ വിതാനങ്ങളിലും സ്നേഹവും പ്രണയവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. മിക്ക മതങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളില്‍ പ്രണയത്തെ അങ്ങേയറ്റം പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങളുണ്ട്. ബൌദ്ധികവും ആത്മീയവും വൈകാരികവും ശാരീരികവുമായ മനുഷ്യാനുഭവങ്ങളെ കീഴടക്കാനുള്ള ശക്തിയതിനുണ്ട്. രണ്ടുപേര്‍ പ്രണയബദ്ധരാവുമ്പോള്‍ ബൌദ്ധികതലത്തില്‍ എന്ത് സംഭവിക്കുന്നു എന്നുമാത്രമേ ഈ ലേഖനത്തില്‍ അന്വേഷിക്കുന്നുള്ളൂ.
  
1. ഞാനാര് എന്ന ചോദ്യത്തിനുത്തരം കിട്ടിയതിലുള്ള ചാരിതാര്‍ത്ഥ്യം - അതാണ്‌ യഥാര്‍ത്ഥ പ്രണയത്തിന്റെ ആദ്യഫലം.  എന്നാലതിന് മുമ്പുതന്നെ നീയാര് എന്ന തിരച്ചിലിനുള്ള ഫലവും കൈവന്നിരിക്കും. എന്തെന്നാല്‍, നീതന്നെ ഞാന്‍, ഞാന്‍തന്നെ നീ എന്നാണല്ലോ, മൌനഭാഷയിലെങ്കിലും, പ്രണയിക്കുന്നവര്‍ അന്യോന്യം പറയുന്നത്. അവര്‍ അര്‍ത്ഥമാക്കുന്നത് മറ്റൊന്നുമല്ല - നിന്നെപ്പറ്റിയുള്ള എന്റെ അറിവിനുള്ളില്‍ എന്നെപ്പറ്റി എനിക്കുള്ള ബോധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ എനിക്കാകുന്നുണ്ട്. ഞാന്‍ ചെറുതും, നീ എന്നെയുംകൂടി ഉള്‍ക്കൊള്ളാനാവുംവിധം വലുതുമാണെന്ന കണ്ടെത്തലില്‍ ഞാന്‍ സന്തുഷ്ടിയനുഭവിക്കുന്നു.



2. നീ എന്റെതാണോ എന്നാവര്‍ത്തിച്ചു ചോദിച്ച് കൊതിയൂറുമ്പോഴും ഞാന്‍ നിന്റേതാണല്ലോ എന്ന നിര്‍വൃതിയില്‍ ആ കൊതിക്ക് അടക്കംവരുന്നു. അതായത്, ചോദ്യത്തോടൊപ്പംതന്നെ അതിനുള്ളയുത്തരവും ഉണ്ടായിരിക്കുന്ന സുകൃതം. ആനന്ദമാണതിന്റെ ഫലം. ശക്തിപ്രകടനങ്ങളൊന്നുമില്ലാതെ മനസ്സാഗ്രഹിക്കുന്നത് തനിയെയെന്നോണം സംഭവിക്കുന്നുവെന്ന അറിവില്‍ക്കവിഞ്ഞ സന്തോഷമെന്ത്?

 
3. നീതന്നെ ഞാന്‍ എന്ന പ്രഖ്യാപനത്തില്‍ നീയാരെന്നും, എന്നെ സംബധിച്ചിടത്തോളം എന്തെന്നും ഗ്രഹിക്കാനായതിലുള്ളയാഹ്ലാദം ഉള്‍കൊള്ളുന്നുവെന്നു സൂചിപ്പിച്ചല്ലോ. എത്ര തുച്ഛമായാലും, ഈ അറിവില്‍ ആരാധനയുടെ അംശമുണ്ട്. കാരണം, എന്നെയുംകൂടി ഉള്‍ക്കൊകൊള്ളാനാവുന്ന ഒരു സത്തയാണ് നീ എന്ന ഗ്രാഹ്യമതിലുണ്ട്. ഞാന്‍ നിന്നിലലിഞ്ഞ് ഇല്ലാതാകുന്ന ശൂന്യതയില്‍ നീ നിറഞ്ഞുകൊള്ളുമെന്ന വിശ്വാസം എന്നിലുറച്ചിരിക്കുന്നു എന്നാണതിനര്‍ത്ഥം. നീ എന്റെയുംകൂടി അസ്തിത്വത്തെ സംവഹിക്കുന്നു എന്ന ഈ ബോദ്ധ്യമാണ് പ്രണയത്തിലെ ആത്മനിര്‍വൃതിക്ക് കാരണം.


 4. മറിച്ച്, ഞാന്‍തന്നെ നീ എന്ന്‌ പ്രണയപാരമ്യത്തില്‍ ഒരാള്‍ ഉരുവിടുന്നത് സങ്കല്‍പ്പിക്കുക. ഉടനേ, അയുക്തവും കപടവുമായ എന്തോ അതില്‍ അടങ്ങിയിട്ടില്ലേയെന്ന സംശയമുദിച്ചേയ്ക്കാം. കാരണം, ഞാനെന്നില്‍ത്തന്നെ ഒരിക്കലും പൂര്‍ണമല്ലെന്നുള്ള ഒരാല്ത്മബോധം ഏവരിലും കുടികൊള്ളുന്നുണ്ടാവണം. അതുതന്നെയാണ് എനിക്കുവെളിയില്‍ എന്റെ പൂര്‍ത്തീകരണത്തെ തേടാന്‍ പ്രേരകമായിത്തീരുന്ന ഘടകം. ന്യൂനവും അപൂര്‍ണവുമായതിലേയ്ക്ക് മറ്റൊന്നിനെ യോജിപ്പിക്കുക സ്നേഹമാവില്ല, സ്വാര്‍ത്ഥതയാണ്. എന്തെന്നാല്‍, സ്നേഹം കൊടുക്കലാണ്, എടുക്കലല്ല. മറ്റൊന്നിനെ എനിക്ക് മാത്രമായി ആഗ്രഹിക്കുക സ്നേഹത്തിനു വിപരീതമാണ്. സ്നേഹമാകട്ടെ വിപുലീകരണമാകേണ്ടതുണ്ട്. 


ചുരുക്കത്തില്‍, നിസ്വാര്‍ത്ഥമായ എല്ലാ സ്നേഹബന്ധത്തിന്റെയുമടിസ്ഥാനം അദ്വൈതത്തിലേയ്ക്കുള്ള അഭിവാഞ്ചയാണ്. വ്യതിരിക്തമായ രണ്ടസ്തിത്വഘടകങ്ങള്‍ ഉണ്മയുടെ തലത്തില്‍ ഒന്നായിത്തീരുന്നതിനെയാണ് അദ്വൈതം കൊണ്ടര്‍ത്ഥമാക്കുന്നത്. മറ്റൊരാളുമായി ചേര്‍ന്നുവളരുക, അങ്ങനെ ഇരുവരുടെയും പൂര്‍ത്തീകരണം സാദ്ധ്യമാക്കുക എന്നയത്ഭുതമാണത്. സ്വായത്തമായ ഹൃദയനൈര്‍മല്യത്തിന്റെ തോതനുസരിച്ചും, സ്വയമില്ലാതാകാനുള്ള കഴിവനുസരിച്ചും മാത്രമേ ഈയദ്ഭുതം സംഭവിക്കൂ. ആദ്യാകര്‍ഷണത്തിന്റെ മഞ്ഞളിപ്പ് മാറുമ്പോള്‍, 'പ്രണയബദ്ധര്‍' എന്ന് സ്വയം സങ്കല്‍പ്പിച്ചു കഴിഞ്ഞിരുന്നവര്‍ വഴിപിരിയുന്നതിനു കാരണം വ്യക്തമാണ്. അഹന്തയെന്ന കട്ടുറുമ്പ് അവരുടെ സ്വര്‍ഗത്തിലേയ്ക്ക്‌ നുഴഞ്ഞുകയറിയിരിക്കുന്നു. അല്പസ്വല്പ പിടിവാശികള്‍ പ്രബലപ്പെട്ടുതുടങ്ങുന്നു. താന്‍പോരിമകാരണം വിട്ടുവീഴ്ചകള്‍ അസാദ്ധ്യമായിത്തീരുന്നു. അതോടെ, സമ്പന്നമായ അദ്വൈതത്തില്‍ നിന്ന് അവര്‍ പൊരുളില്ലാത്ത ദ്വൈതത്തിലേയ്ക്ക് പിന്നാക്കം തളര്‍ന്നുവീഴുന്നു!



യൌവനകാലം മുതല്‍ എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു എറിക് ഫ്രൊം (Eric Fromm). സാമൂഹിക- മന:ശാസ്ത്രവിഷയങ്ങളില്‍ ആഴമായ പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. സ്നേഹിക്കുക എന്ന കല (Die Kunst des Liebens) എന്നൊരു വിഭാഗത്തില്‍ പ്രേമത്തെപ്പറ്റി അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. അദ്ദേഹമെഴുതുന്നു: "പ്രേമത്തില്‍ നിന്നുണ്ടാകുന്ന താല്പര്യത്തിന് അല്പായുസേ ഉണ്ടാകൂ. പരിചിതരായിക്കഴിഞ്ഞാല്‍ വേര്‍പാട് അനിവാര്യമാകുന്നു. ശരീരങ്ങളുടെ സംഗമത്തിലൂടെ വേര്‍പാടിന്റെയനുഭവത്തെ കുറേ നാളേയ്ക്കു മറികടക്കാനായേക്കും. ശിശുസഹജമായ ഒരാശ്രിതബന്ധവും ഉണ്ടായേക്കാം. ഒരു ഭാഗത്തുനിന്നെങ്കിലും എകാകിതയെ മറികടക്കാന്‍, വെറുപ്പ്‌, അജ്ഞത, ദേഷ്യം തുടങ്ങിയ വികാരങ്ങളും പങ്കുവഹിച്ചേക്കാം. കാമാതുരമായി തുടങ്ങിയ സ്നേഹത്തിന്റെ വ്യതിയാനമാണിത്. ഇത്തരം ബന്ധങ്ങള്‍ ക്രമേണ ശിഥിലമാകും. ലൈംഗികത ഏകാന്തതയുടെ ഭയത്തില്‍ നിന്നുളവാകാം. ലൈഗികതയുത്തേജിപ്പിക്കുന്ന പല വികാരങ്ങളില്‍ ഒന്നുമാത്രമാണ് സ്നേഹം. പലരിലും ഇവ രണ്ടും കെട്ടുപിഞ്ഞാണ് കിടക്കുന്നത്. മറ്റു ചില സവിശേഷതകള്‍കൂടി കാമാതുരമായ സ്നേഹത്തിനുണ്ട്. സ്നേഹിക്കുന്ന രണ്ടു വ്യക്തികള്‍ അവരുടെ വ്യക്തിത്വത്തില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ബാഹ്യലോകത്തോട്‌ സ്നേഹമില്ലാതവരായിത്തീരാം. ഇതൊട്ടും ആരോഗ്യകരമല്ല. അപ്പോള്‍, സ്നേഹിക്കല്‍ വേര്‍പാടിനെ അതിജീവിക്കാനുള്ള ഒരു വിദ്യയായി തരംതാഴുന്നു. അവരുടെ ഐക്യം തീര്‍ത്തും ഭ്രമാത്മകമാണ്‌. ഒരാളുമായി മാത്രമേ തനിക്ക്‌  സ്നേഹം സ്ഥാപിക്കാന്‍ കഴിയൂ എന്ന് വരുമ്പോള്‍ അത് ഉപരിപ്ലവമായിത്തീരുന്നു."


കാമാതുരമായ സ്നേഹം സത്യസന്ധമെങ്കില്‍ അതിന് ഒരു ലക്ഷ്യമേയുള്ളൂ - അവന്റെയും അവളുടെയും സത്ത പരസ്പരം ലയിച്ചുചേരുക എന്നതാണത്. സര്‍വ്വ മനുഷ്യര്‍ക്കും ആത്യന്തികമായി ഒരേയൊരു സത്തയാണുള്ളത്, അതിന്റെ വിഭിന്നതകള്‍മാത്രമാണ് നമ്മളെല്ലാം എന്നംഗീകരിച്ചാല്‍, ഒരാളിലേയ്ക്ക് മാത്രം സ്നേഹമെല്ലാം അടിഞ്ഞുകൂടാനാവില്ല. അതേ സമയം‍, വൈയെക്തികമായി സവിശേഷ രീതിയില്‍ ഇഷ്ടപ്പെടുന്നയാളോട് പ്രതിബദ്ധതയോടെ സ്വയം സമര്‍പ്പിക്കുക, സര്‍വാശ്ലേഷിയായ സ്നേഹത്തില്‍ നിന്നുള്ള പിന്മാറ്റമാകില്ല എന്നും കരുതാം.


പ്രഗത്ഭരായ ചിന്തകരെല്ലാം പ്രണയത്തെപ്പറ്റി അഗാധമായവ പറഞ്ഞിട്ടുണ്ട്.
"നിങ്ങളെന്താണോ അതല്ല, നിങ്ങളെന്തായിത്തീരുന്നുവോ, അതാണ്‌ പ്രണയം." (Servantes)
"നിങ്ങള്‍ എന്തിനെയെങ്കിലും സ്നേഹിക്കുന്നെങ്കില്‍, അതിനെ സ്വതന്ത്രമാക്കുക. അത് തിരികെവരുന്നില്ലെങ്കില്‍, അത് നിങ്ങള്‍ക്കുള്ളതല്ല. മറിച്ചായാലോ, അതിനെ അനന്തകാലത്തേയ്ക്കും പ്രണയിക്കുക." (Gaude Hurten)

"മനുഷ്യനെ ദയാവാനാക്കുവാനും അവനു ആത്മോത്കര്‍ഷം നല്‍കാനും അനുരാഗത്തിനാകണം. പ്രണയത്തിലകപ്പെട്ടവര്‍ ആദ്യം സ്വന്തം ജീവിതത്തെ രൂപപ്പെടുത്തിയെടുക്കാന്‍ യത്നിക്കണം. എന്നിട്ടുവേണം കാമിനിയുടെ/കമിതാവിന്റെ സ്വഭാവത്തെ രൂപപ്പെടുത്താന്‍." (Alexei Arbuzov)

"നന്മക്കും തിന്മക്കുമപ്പുറത്തുള്ള എന്തോ ആണ് പ്രണയത്തില്‍ സംഭവിക്കുന്നത്‌." (Friedrich Nietzsche) 
          
ഇത്ര മനോഹരമായ പ്രണയാനുഭവം എന്തുകൊണ്ടാണ് ഒട്ടു മിക്കപ്പോഴും ഹ്രസ്വായുസായി പൊലിഞ്ഞുപോകുന്നത്? ഒരു യുക്തിയെ എനിക്കു തോന്നുന്നുള്ളൂ. സ്നേഹമെന്നയനുഭവം ദ്വൈതങ്ങള്‍ക്ക് അദ്വൈതത്തിലേയ്ക്കുള്ള തേങ്ങലാണ്. എന്നാല്‍ അതൊരു ഉഭയപ്രക്രിയായിരിക്കണം. കൊടുക്കാനുള്ളിടത്തും വാങ്ങാനാളില്ലാതെ വന്നാല്‍ കൊടുക്കല്‍ അര്‍ത്ഥനിരാസനമായി കലാശിക്കും. ദ്വൈതത്തിന്റെ ഇരു വശങ്ങളിലും സ്നേഹാഭിവാഞ്ചയുണ്ടാകാതെ സ്നേഹിക്കല്‍ പൂര്‍ണതയിലെത്തുകയില്ല. പ്രണയത്തിന്റെ സാധ്യതകളെ സംഭവ്യമാക്കുക അനിവാര്യമായും ഒരു സഹകരണപ്രസ്ഥാനമാണ്. പ്രണയിതാവും പ്രണയിനിയുമില്ലാതെ, അല്ലെങ്കില്‍, രണ്ടു പ്രണേതാക്കളില്ലാതെ പ്രണയിക്കല്‍ സംഭവ്യമല്ല. ഇരുഭാഗത്തും അതിസൂക്ഷ്മമായ ജാഗ്രതയില്ലെങ്കില്‍ വെറും നിസാരകാരണങ്ങളാല്‍ ആദ്യത്തെ ആര്‍ദ്രത ക്രമേണ മങ്ങുകയും നഷ്ടബോധം മാത്രം ബാക്കിയാവുകയും ചെയ്യും.
 

ഈ പരിചിന്തനങ്ങള്‍ നമ്മെ ഒരു വലിയ സത്യത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നു. അശിക്ഷണത്തിന്റെയും തന്‍കാര്യപ്രസക്തിയുടെ അല്പത്വത്തിന്റെയും കുറവുകളെ മറികടക്കാനാകുന്നവര്‍ക്ക്, നിഷ്ക്കളങ്കതയുടെ ശൈശവാവസ്ഥയിലേയ്ക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ എപ്പോഴുമുണ്ട്. ഓരോ ബോധാങ്കുരവും ഈ മഹത്വത്തിലേയ്ക്കാണ് വളര്‍ന്നു വികസിക്കേണ്ടത്. ആത്മാവിന്റെ അന്ത്യാര്‍ത്ഥം തേടുന്നവരോട്‌ ഉപനിഷത്ത്-ഗുരുക്കന്മാരുടെ അവസാന വാക്കാണ്‌ "തത്ത്വമസി", (പിരിച്ചെഴുതുമ്പോള്‍ 'തത് ത്വം അസി'. 'അത് നീയാകുന്നു' എന്നാണു മലയാളത്തില്‍ എപ്പോഴും എഴുതി കാണാറുള്ളതെങ്കിലും, 'നീ അതാകുന്നു' എന്ന് ഭാഷാന്തരം ചെയ്യുകയാണ് കൂടുതല്‍ യുക്തിഭദ്രമെന്നു ഞാന്‍ കരുതുന്നു.) തത് എന്നാല്‍ അതാ അവിടെയുള്ളത്, അതായത്, പരമാത്മാവ്‌ - ഉണ്മ അതിന്റെ പരിപൂര്‍ണതയില്‍. ത്വം വേദഭാഷയില്‍ ജീവാത്മാവാണ്. നിന്നെത്തന്നെ അറിയൂ, പരിപൂര്‍ണതയിലേയ്ക്കുള്ളതെല്ലാം നിന്നിലുണ്ട്, വേണമെങ്കില്‍ നിനക്ക് 'അത്' ആയിത്തീരാം എന്നാണ് വ്യക്തമായ ഭാഷയില്‍ തത്ത്വമസിയുടെ പൊരുള്‍. നിര്‍മ്മലമായ പ്രണയം വിശ്വസ്നേഹത്തിലേയ്ക്കും സംശുദ്ധമായ അദ്വൈതത്തിലേയ്ക്കുമുള്ള കാല്‍വെപ്പാണ്‌.

0 comments: