ത്രിത്വസങ്കല്പം യുക്തിയിലൂടെ

ബുദ്ധിവികാസത്തിന്റെ പടവുകളിലെവിടെയെങ്കിലുംവച്ച് ഓരോരോത്തരും സ്വയം ഈ ചോദ്യമെറിയേണ്ടിവരും: ഇക്കാണുന്നതൊക്കെയും അതിനിടയില്‍ ഈ ഞാനും വന്നതെവിടെനിന്ന്? ശൂന്യതയില്‍ നിന്നൊന്നുമുണ്ടാവില്ലെന്നത് യുക്തിയുടെ ആദ്യകണ്ടെത്തലുകളിലൊന്നാണ്. എങ്കില്‍, ഇക്കാണുന്നതൊക്കെ എന്നുമുണ്ടായിരുന്നയേതോ ഒന്നില്‍നിന്ന് വന്നതായിരിക്കണം. എന്നുമുണ്ടായിരുന്നത് ഇനിയും തുടര്‍ന്നുമുണ്ടായിരിക്കും. ആ ശക്തിയെന്താണെങ്കിലും അതിനെ അനന്തബോധമായിട്ടേ മനസ്സിലാക്കാനാവൂ.

അപ്പോള്‍ സ്ഥൂലത എവിടെനിന്നുണ്ടായി? അനന്തബോധം പരിപൂര്‍ണമായിരിക്കേണ്ടതുണ്ട്. അതുകൊണ്ട്, നാം കാണുന്ന, അനുഭവിക്കുന്ന, അപൂര്‍ണ്ണതനിറഞ്ഞ ലോകവും അനന്തബോധവും തമ്മിലുള്ള ബന്ധമെന്തെന്നറിയാന്‍ മനുഷ്യബുദ്ധി കിണഞ്ഞുപരിശ്രമിച്ചിട്ടുണ്ട്, ഫലമില്ലാതെ. അതവിടെ നില്‍ക്കട്ടെ.

എത്ര പരമവും പരിപൂര്‍ണവുമായാലും, എകതാനതയില്‍ നിത്യാനന്ദം എങ്ങനെയാണ് സാധ്യമാകുക? എകാകിത മരണതുല്യമായിട്ടനുഭവിക്കുന്ന മനുഷ്യന്റെ ബുദ്ധിക്ക് അത് വിശദീകരിക്കാനാവില്ല. എന്നാലുമൊന്നു ശ്രമിക്കാന്‍ മനുഷ്യര്‍ മടിച്ചിട്ടില്ല. ആ ശ്രമത്തിന്റെ ഫലമാണ് ക്രിസ്തുമതത്തിലെ ത്രിത്വവും ഹിന്ദുവിന്റെ ത്രിമൂര്‍ത്തികളും (ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌). ഇവയിലെയെല്ലാമൊളിഞ്ഞിരിക്കുന്ന യുക്തിയൊന്നുതന്നെ. അതായത്, ദൈവം പരിപൂര്‍ണതയായിരിക്കണം; പരിപൂര്‍ണത ആനന്ദമായിരിക്കണം; സ്നേഹമില്ലാതെ ആനന്ദമില്ല; ഏകമായിരുന്നുകൊണ്ട് സ്നേഹിക്കാനാവില്ല. അങ്ങനെയെങ്കില്‍, പരമസത്തയില്‍ ഏകത്വമല്ല, ബഹുത്വമുണ്ടാവണം.

എങ്കില്‍, ഈ ബഹുത്വത്തിന്റെ ഘടനയെന്തായിരിക്കാം? ദ്വിത്വം? ത്രിത്വം? ഇതെപ്പറ്റി ആലോചിച്ചുനടക്കുമ്പോള്‍ ഇബ്നു അറബിയുടെ ഈ വരികള്‍ കണ്ണില്‍പെട്ടു: ഒന്നില്‍ നിന്ന് യാതൊന്നുമുണ്ടാകുന്നില്ല. അക്കങ്ങളില്‍ ആദിമംതന്നെ രണ്ടാണ് (2). കൂട്ടിയോജിപ്പിക്കുന്ന മൂന്നാമതൊന്നിന്റെയഭാവത്തില്‍ ഒന്നും (1) രണ്ടും (2) നിത്യമായി വേര്‍പെട്ടുതന്നെ നില്‍ക്കും. ഏറ്റവും കുറഞ്ഞ ബഹുത്വം മൂന്നാണ് (3). ബഹുത്വമാണെങ്കിലും അത് ഒറ്റയാകുന്നു.

ഗണിതപരിജ്ഞാനത്തിന്റെ കുറവുകൊണ്ട് എനിക്കിതത്ര മനസ്സിലായില്ല. അപ്പോള്‍ അബ്ദു റഹ്മാന്‍ ബദവി സഹായത്തിനെത്തി. അദ്ദേഹം പറയുന്നു: ഒന്നല്ല (1), മൂന്നാണ് (3) ആദ്യസംഖ്യ. ആദ്യത്തെയക്കം 2 ആണ്. ഒന്ന് (1) അക്കമല്ല, അക്കങ്ങളുടെ മൂലമാണ്. ഗൂഢവിചാരങ്ങളുള്‍ക്കൊകൊള്ളുന്ന ഈ ഗണിതതത്ത്വങ്ങള്‍ അനന്തസത്തയിലേയ്ക്ക് ചെലുത്തിയാല്‍, ആദ്യം തുടങ്ങിയ ബിന്ദുവിലെത്തും. അതായത്, ഒറ്റയായുള്ളയസ്തിത്വം അനന്തസത്തക്കുപോലും സാധ്യമല്ല. അവിടെയും സ്നേഹിക്കാനൊരു വിഷയം (object) വേണം. മറ്റൊന്നില്ലാതെ സര്‍വസ്വവുമായിരിക്കുന്നതേതോ അതിന് അതിന്റെ സ്നേഹഭാജനം അതുതന്നെയല്ലേ ആകാനാകൂ? എങ്കില്‍, നമ്മെക്കാള്‍ വലിയ കുഴപ്പത്തിലായിരുന്നു അനാദിസത്ത. സ്വയം സ്നേഹിച്ച്, അത് രണ്ടാമാതൊന്നിനെ സ്നേഹിക്കുന്നതിനു തുല്യമാക്കണം. പ്രേമി, പ്രേമഭാജനം, പ്രേമം, എല്ലാം വേണം; എല്ലാം അതില്‍ത്തന്നെ ഒന്നായിരിക്കുകയും വേണം. ഒരേസമയം ഏകവും ബഹുത്വവുമായി ഭവിക്കുക. എങ്ങനെ ഭ്രാന്തുപിടിക്കാതിരിക്കും?

പക്ഷേ, ഭ്രാന്ത് മനുഷ്യബുദ്ധിയിലാണ്. എത്ര ചുറ്റിക്കറങ്ങിയാലും കൃത്യമായ ഒന്നിലും അതെത്തുന്നില്ല. നമ്മുടെതന്നെയുള്ളിലെ ഭൂതങ്ങളെ കണ്ട് ഭയക്കുന്ന നാമെങ്ങനെ പരമാത്മാവിന്റെ സത്താസംവിധാനത്തെപ്പറ്റിയെന്തെങ്കിലും ഗ്രഹിക്കും? കടല്‍ത്തീരത്തിരുന്ന് കടലിനെ ഒരു കക്കയ്ക്കുള്ളിലാക്കാന്‍ ശ്രമിച്ച കുട്ടിയെപ്പറ്റി സെന്‍റഗസ്റ്റിന്‍ പറഞ്ഞിട്ടുള്ളതാണ് ഇവിടെയാപ്തമായ വിചാരം.

ഇതൊക്കെയായാലും, ഒരു കാര്യം ധൈര്യംതരുന്നതാണ്. ദൈവതം അതിന്റെ സത്തയില്‍തന്നെ പ്രണയബദ്ധമാണ് - അത് എല്ലാറ്റിനെയുമുള്‍ക്കൊള്ളുന്ന പ്രണയമാകാതെ തരമില്ല. അതിലെയൊരു കണികയുടെയെങ്കിലും രുചിയറിയുക ഈലോകജീവിതത്തെ നമ്മള്‍ അല്പപ്രാണികള്‍ക്കും പരിമളമുള്ളതാക്കും.

എന്നാല്‍ ചിന്തിക്കുന്നവരെ വളരെയലട്ടുന്ന വേറൊന്നുണ്ട്. ദൈവതത്തില്‍ ആരോപിക്കപ്പെടുന്ന വ്യക്തിത്വഭാവം. സാമ്പ്രദായികമതങ്ങളെല്ലാം ഇത് ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകള്‍ അതിനായി പാഴാക്കിയിട്ടുണ്ട്. ക്രിസ്തുമതത്തില്‍ ഏകദൈവമായ ഈശ്വരന്‍ പിതാവും പുത്രനും വിശുദ്ധാരൂപിയുമായി മൂന്നാളുകളാണ്. ഹിന്ദുസങ്കല്പത്തില്‍ അര്‍ദ്ധനാരീത്വംതൊട്ട്‌ എണ്ണിയാലൊടുങ്ങാത്ത മനുഷ്യഭാവങ്ങളാണ് ഈശ്വരനില്‍ ആരോപിക്കപ്പെടുന്നത്. ഇതെല്ലാം ദൈവശാസ്ത്രത്തിന്റെ നിഗൂഢരഹസ്യങ്ങളായി മാറ്റിവച്ചാലും, പ്രായോഗികജീവിതത്തില്‍ എണ്ണമറ്റ ഐശ്വരഭാവങ്ങളുമായാണ് ഏത്‌ വിശ്വാസിയും ഇടപെടുന്നത്. വേദാന്തത്തില്‍ ഈശ്വരന്, പരമമായ സത്തക്ക്, പേരില്ല; എന്നാല്‍, ആശയസംവേദനത്തിനായി എന്തെങ്കിലും പറയുക ആവശ്യമായതുകൊണ്ട് "തത്" (അത്) എന്നുപയോഗിക്കുന്നു. പരമമായ സത്തയുമായി ഒത്തുചേര്‍ക്കാനാവാത്തതെല്ലാം "മായ" എന്ന ശബ്ദംകൊണ്ടുദ്ദേശിക്കപ്പെടുന്നു. സ്ഥൂലപ്രപഞ്ചത്തില്‍ നമ്മുടെയനുഭവത്തിന്റെ വിഷയമായതെല്ലാം, മനുഷ്യഭാവന സൃഷ്ടിക്കുന്ന വിഭ്രാന്തികളുള്‍പ്പെടെ, മായയില്‍പെടുന്നു.

വ്യക്തിത്വവും അല്പചേതനയുടെ, അതായത് പരിധിയുള്ളതിന്റെ, അസ്തിത്വഭാവമാണ്. എങ്ങും ആരംഭമോ അവസാനമോയില്ലാത്തത് വ്യക്തിത്വരഹിതമായിരിക്കണം. ദൈവമതാണെന്ന് പറയുകയും അതേസമയം അത് പിതാവും മാതാവും പുത്രനും അല്ലെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെയാണെന്ന് ധരിക്കുകയും അങ്ങനെ പഠിപ്പിക്കുകയുംചെയ്യുന്നത് അങ്ങേയറ്റത്തെ യുക്തിരാഹിത്യമാണ്. ഒരു നിശ്ചിത മതത്തിലേയ്ക്ക് ജനിച്ചുവീഴേണ്ട ദു:ര്‍വിധിയില്ലാത്തയൊരാള്‍ക്ക്‌, അല്ലെങ്കില്‍ സ്വന്തം പ്രജ്ഞയില്‍നിന്ന് ലളിതവത്ക്കരിച്ച ഇത്തരം സങ്കല്‍പ്പങ്ങള്‍ നിരന്തരസാധനയിലൂടെ മായിച്ചുകളയാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക്, സര്‍വവ്യാപിയായ ഈശ്വരചൈതന്യത്തില്‍ ലയിക്കാന്‍ സാധിക്കുമെന്നതിനുദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. എന്നാലതിന് വ്യക്തിത്വമെന്ന കടമ്പകടക്കേണ്ടിവരും.
പരമമായ സത്തയുടെ കാര്യത്തില്‍മാത്രമല്ല വ്യക്തിത്വം അസ്തിത്വനിഷേധമാകുന്നത്, നമ്മുടെ തന്നെ ആന്തരികജീവിതത്തിലും വ്യക്തിത്വമൊരു തടസ്സമാണ്. അതെന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ വേറൊരു ലേഖനത്തില്‍ (അഹന്തയുടെ അഭാവമാണ് ആത്മീയത) ശ്രമിക്കുന്നുണ്ട്. കാണുക: അവബോധത്തിലേയ്ക്ക്, ഭാഗം രണ്ട്, ഭാവ്യതാപഥം.

2 comments:

വളരെ യാദൃച്ഛികമായാണ് zach's blog കണ്ണില്‍പ്പെട്ടത്. ഞാനുമിപ്പോള്‍ ഒരു ബ്ലോഗറാണ്. നമുക്കിനിയും പരസ്പരം കമന്റാം.
തിത്വസങ്കല്പം എനിക്കങ്ങു ദഹിക്കുന്നില്ല. ദൈവമെന്ന പദത്തിനു പകരം അറിവ് എന്ന പദമുപയോഗിച്ച് സ്വദര്‍ശനം വ്യക്തമാക്കാന്‍ ശ്രമിച്ച നാരായണഗുരുവിനെ സാര്‍ അടുത്തറിയാന്‍ ശ്രമിക്കണം എന്നൊരഭ്യര്‍ഥനയുണ്ട്. വ്യക്തിസത്ത പൊട്ടിയ കണ്ണാടിക്കഷണങ്ങളിലോരോന്നിലും പ്രതിഫലിക്കുന്ന ആകാശംപോലെയാണെന്ന ഉള്‍ക്കാഴ്ചയാണ് അദ്ദേഹത്തിന്റെ കണ്ണാടിപ്രതിഷ്ഠ എനിക്കു പകരുന്നത്.
എന്നെക്കുറിച്ച്
ജോസാന്റണി മൂലേച്ചാലില്‍. 1982 84 കാലത്ത് ഗുരു നിത്യ ചൈതന്യയതിയോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞതിനാല്‍ ലഭിച്ച വിദ്യാഭ്യാസവും വിദ്യാഭ്യാസം ആജീവനാന്ത സംസ്‌കരണമാണെന്ന ബോധ്യവും സൗഹൃദങ്ങളും മൂലധനമാക്കി ജീവിക്കുന്ന ഒരാള്‍. വിവര്‍ത്തകനും എഡിറ്ററും കവിയും ഒക്കെയാണ്. (കവിതാസമാഹാരങ്ങള്‍: ദര്‍ശനഗീതങ്ങള്‍, മൊഴി വഴി മിഴി. പുതിയ പുസ്തകം: ഇന്റര്‍നെറ്റിന്റെ സാധ്യതകളെക്കുറിച്ച് ഇ-സാധ്യതകള്‍ പേജ് 100, വില 10 രൂപാ. അക്ഷയാ പബ്ലിക്കേഷന്‍സ്, ചാലക്കുടി)) തനിക്കു കിട്ടിയിട്ടുള്ള ഗുരുപ്രസാദം navamukhan.blogspot.com മുതലായ ബ്ലോഗുകളിലൂടെയും I I I U U V (Informal Institute for In-formation with Unitary Universal Vision) എന്ന ശാസ്ത്രീയ മാര്‍ഗദര്‍ശകസംരംഭത്തിലൂടെയും ലോകമെങ്ങും പ്രസരിപ്പിക്കുന്നു. ഭാര്യ: തങ്കമ്മ ജെ, മകള്‍: സ്‌നേഹ എം. e-mail: josantonym@gmail.com, mobile: 9447858743

 

ചരിത്രത്തില്‍ പിന്നോക്കം പോയപ്പോള്‍ എനിക്ക് കിട്ടിയ ചില അറിവുകള്‍ എളിമയോടെ പങ്കുവെയ്ക്കട്ടെ:

ആദ്യത്തെ സംസ്കാരം... പുരാതനമായ സുമേരിയന്‍.. ബാബിലോണിയന്‍... പിന്നെ ഈജിപ്റ്റ്‌... ഗ്രീസ്... റോമന്‍... ഒപ്പം ഭാരതവും
അവരുടെ സങ്കല്പങ്ങള്‍ -

ആദ്യത്തെ മനുഷ്യ സംസ്കാരം... സുമേരിയന്‍.
അവരുടെ വിശ്വാസങ്ങള്‍ -

ശരീരത്തിന് ഒരു രൂപം... മനുഷ്യര്‍ മനുഷ്യരെ കാണുന്ന രൂപം.
ആത്മാവിനോ നാലെണ്ണം.
അവയിതൊക്കെ:

ഒന്ന് - അബ് : നന്മതിന്മകളെപ്പറ്റിയുള്ള തിരിച്ചറിവ്
രണ്ട് - കാ : പ്രകൃതിയില്‍ ജീവിച്ചു മരിക്കുന്ന ജീവസ്വരൂപത്തിന്റെ ആത്മാവിലെ ഭാഗം. (സംഗീതത്തിലെ ലയം എന്നാ സങ്കല്പം ഓര്‍ക്കുക)
മൂന്ന് - ബാ - എതാത്മാവിലും അന്തര്‍ലീനമായിരിക്കുന്ന സത്യം എന്ന സങ്കല്പം.

(കാ, അബ്, ബാ... വെറുതെയല്ല ഇസ്ലാം അവര്‍ എന്നും ആരാധിക്കുന്ന കുടീരത്തിനു 'കാബാ' എന്ന് പേരിട്ടത്.)

നാല്: അന്ഖ് : ഈ നിലനില്‍പ്പിനു മേലെയായി - എന്തിലും മേലെയായി - നന്മയുടെ പ്രതീകമായി ഓരോ മനുഷ്യനിലും ഉള്ള ആത്മപ്രകാശത്തിന്റെ അംശം.

എനിക്ക് തോന്നുന്നു ഇങ്ങനെയായിരുന്നു എല്ലാം തുടങ്ങിയതെന്ന്.