ഗീതഗോവിന്ദവും ഉത്തമഗീതവും

ഈ ലേഖനം വായിക്കുന്നതിലും മെച്ചം, മാനസികതടസം തോന്നാത്ത സ്വസ്ഥമായ ഒരു വേളയില്‍  ഉത്തമഗീതവും (ബൈബിളിലെ 'പാട്ടുകളുടെ പാട്ട്' എന്ന പുസ്തകം) ജയദേവനെഴുതിയ ഗീതഗോവിന്ദവും ആദ്യന്തം ഒന്ന് വായിക്കുകയാണ്. ഭാരതത്തിലെ ക്രൈസ്തവയിടയന്മാരുടെ അഭീഷ്ടമനുസരിച്ചാണെങ്കില്‍ നല്ല വിശ്വാസികള്‍ വായിക്കാനോ പരിചയപ്പെടാനോ ശ്രമിക്കരുതാത്ത ഒരു പുസ്തകമാണ് ആദ്യത്തേത്. (രണ്ടാമത്തേതിന്റെ കാര്യം പറയുകയും വേണ്ടാ.) എന്നാല്‍ വിദേശങ്ങളില്‍ അതിന്റെ ധാരാളം പഠനങ്ങള്‍ കണ്ടെത്താം.* ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കുമുമ്പ്, പുതിയ നിയമത്തിന് ഒരു ഉത്തമഗീതം എന്ന എന്റെയൊരു കൊച്ചു രചന, സ്വയം ആവശ്യപ്പെട്ടതനുസരിച്ച്, മുതിര്‍ന്ന ഒരു പെണ്‍കുട്ടിക്ക് വായിക്കാന്‍ കൊടുത്തു. വീട്ടില്‍വച്ച് അതു കാണാനിടയായ അവളുടെയമ്മ, അന്നുതന്നെയെന്നെ വിളിച്ച്‌, മകള്‍ക്ക് ഇനിയെന്തെങ്കിലും വായിക്കാന്‍ കൊടുക്കുന്നത് കര്‍ശനമായി നിരോധിച്ചു. സത്യത്തെ ഭയക്കുന്ന അച്ഛനമ്മമാരും ധാര്‍മ്മികാപ്പോസ്തലരും നമ്മുടെയിടയില്‍ എണ്ണത്തില്‍ ഏറിവരുന്നതേയുള്ളൂ, കുറയുന്നില്ല. അശ്ലീലം ആദ്യം മനസ്സിലാണ് ജനിക്കുന്നതെന്നറിയാത്ത ഇത്തരക്കാര്‍ ഒരിക്കലും തുറക്കാന്‍ ധൈര്യപ്പെടാത്ത താളുകള്‍ ബൈബിളില്‍പോലും ഉണ്ടെന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്!

മേല്‍പ്പറഞ്ഞ കൊച്ചു പുസ്തകത്തില്‍ ആമുഖമായി ചേര്‍ത്തിരുന്നതാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. കാലാകാലങ്ങളില്‍ ദൈവം മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ള സന്ദേശങ്ങളാണ് ബൈബിളിന്റെ വഹിക്കുന്നതെന്ന് വിശ്വസിക്കുന്നവര്‍ക്കും അവയുടെ അന്തരാത്ഥങ്ങള്‍ ഗ്രഹിക്കുവാന്‍, അടുത്ത കാലംവരെ, പുരോഹിതരുടെ വ്യാഖ്യാനങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. എന്നാല്‍, പഴയനിയമത്തിലെ ഈയൊരുപുസ്തകം ഔദ്യോഗിക വ്യാഖ്യാതാക്കള്‍ക്കുപോലും എന്നുമൊരു തലവേദനയായി വേറിട്ടുനിന്നു. കാരണം, സാമാന്യ സാമുദായികചട്ടങ്ങളെ കവിഞ്ഞൊഴുകുന്ന വൈകാരികതയും നഗ്നമായ ശാരീരികയടുപ്പത്തിന്റെ സ്വാതന്ത്ര്യവും ഉത്തമഗീതത്തിന്റെ പൊതുശൈലിയാണ്. അവയെ ലൈംഗികതക്കുനേരെയുള്ള ക്രിസ്തുമതത്തിന്റെ സങ്കുചിതമനോഭാവവുമായി എങ്ങനെ പൊരുത്തപ്പെടുത്തും എന്നയങ്കലാപ്പ് എന്നും വലുതായിരുന്നു. ഈ കൃതിയെ നിര്‍വചിച്ചുനിര്‍വീര്യമാക്കാനുള്ള ശ്രമം തുടരെയുണ്ടായിട്ടുമുണ്ട്. ഉദാഹരണത്തിന്, ഇസ്രയേലും യഹോവയും തമ്മില്‍, അല്ലെങ്കില്‍, ഭാവിയിലെ ക്രിസ്തുവും തന്റെ ആത്മീയമണവാട്ടിയായ സഭയുംതമ്മിലുള്ള അടുപ്പത്തിന്റെ പ്രതീകമായി ഉത്തമഗീതത്തിലെ കാമദ്യോതകമായ പരാമര്‍ശങ്ങളെ മയപ്പെടുത്തിയെടുക്കുന്ന രീതി സഭയിലെ വ്യാഖ്യാതാക്കള്‍ക്ക് ഇന്നും പ്രിയങ്കരമാണ്.
  
എന്നാല്‍, മനുഷ്യപ്രകൃതിയോടും നൈസ്സര്‍ഗികമായ ജീവിതമാനങ്ങളോടും ബൌദ്ധികമായ ആര്‍ജ്ജവം പുലര്‍ത്തുന്ന ചിന്തകരാകട്ടെ, ഈ രചനയെ വിലയിരുത്തുന്നത്, പ്രകൃതിദത്തമായ ലൈംഗികതയുടെയും അനുരാഗത്തിന്റെയും ഉദാത്തമായ ഉത്ഘോഷങ്ങളായിട്ടുതന്നെയാണ്. ഇസ്രയേലില്‍ നിത്യോപയോഗത്തിലിരുന്ന പ്രേമഗീതങ്ങളുടെ സമാഹാരമാണ് പാട്ടുകളുടെ പാട്ട്. പ്രണയമെന്ന വികാരം മനസ്സിനെ ഹരംപിടിപ്പിക്കുന്ന ഒരു ദൈവദാനമാണ്. അതിനെ തടയുകയോ, വ്യാഖ്യാനിച്ചു നശിപ്പിക്കുകയോ അരുത്, അതിലേര്‍പ്പെട്ടു നിര്‍വൃതിയടയുന്നവരെ നിയമച്ചങ്ങലകളിട്ടു ബന്ധിക്കരുത് എന്ന സന്ദേശമാണ് ഉത്തമഗീതത്തിന്റെ പൊരുള്‍ എന്ന് സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനായിരുന്ന പ്രൊഫെസര്‍ ഹെര്‍ബെര്‍ട്ട് ഹാഗ് നിരന്തരം വാദിച്ചിരുന്നു. സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് അടിമയാകാതെ, ആത്മസൌന്ദര്യത്തോട് സമുദ്ഗമനോഭാവമുള്ള മനസ്സുകള്‍ക്ക് മാത്രമേ ഉത്തമഗീതത്തിലെ ഹൃദയരാഗങ്ങളുടെ താളവും ലയവും ആസ്വദിക്കാനാവൂ.

വൈവാഹികജീവിതചര്യകളിലൊതുങ്ങാത്തതും അനുദിന സ്ത്രീപുരുഷബന്ധങ്ങളില്‍ കാംക്ഷിക്കേണ്ട രഹസ്യഭാവചട്ടങ്ങളെ പാലിക്കാന്‍ ഒട്ടും കൂട്ടാക്കാത്തതുമായ പ്രേമ- വാത്സല്യപ്രകടനങ്ങള്‍ ഈ ഗാനങ്ങളില്‍ സമൃദ്ധമായുണ്ട്. ഉദാഹരണത്തിന്,

എന്റെ പ്രിയന്‍ തന്റെ ഉദ്യാനത്തിന്റെ
സുഗന്ധതടങ്ങളിലേക്കിറങ്ങിപ്പോയി.
ഞാന്‍ എന്റെ പ്രിയന്റേതാണ്,
എന്റെ പ്രിയന്‍ എന്റേതും. (6: 2-3)

പ്രേമഭാജനം തന്നെയാണിവിടെ ഉദ്യാനമായി നിനക്കപ്പെടുന്നത്. സുമേറിയരും ഈജിപ്തുകാരും ഇത്തരമുപമകള്‍ ധാരാളം  ഉപയോഗിച്ചിരുന്നു. സ്ഥിരസഹവാസത്തിന്റെ വിരസതയോ, സന്തതിവ്യഗ്രതകളോ അലട്ടാത്ത കലര്‍പ്പില്ലാത്ത പരസ്പരാസ്വാദനത്തിന്റെയനുഭൂതി മാത്രമാണ് ഇവിടെ വിവക്ഷ. ലജ്ജയുടെ വേലിയേറ്റങ്ങളില്ലാത്ത, അടുക്കാനുമകലാനുമനുവദിക്കാത്ത സങ്കല്പമതിലുകളില്ലാത്ത, അനുരാഗത്തിന്റെ ലാവണ്യസീമകളില്‍ സര്‍വസ്വാതന്ത്ര്യമനുഭവിക്കുന്നവരാണ് ഉത്തമഗീതത്തിലെ നായകനും നായികയും. ഉദാഹരണത്തിന്, ഇങ്ങനെ:

ഈ ഭൂവിലലഞ്ഞു തിരിയും ഹിമകണങ്ങളേയും
ഇല്ലായ്മയില്‍ നിന്നൊളിഞ്ഞുനോക്കും പുല്ലോലയേയും
പ്രകാശവര്‍ഷങ്ങള്‍ പിന്നിട്ടുവരും കിരണങ്ങളേയും
സ്വരുമിപ്പിച്ച്, ഇന്ദ്രനീലത്തിന്റെ പ്രതിഭയേകി
എന്മിഴികളിലൂടെയത് നിന്റെയന്തരാത്മാവി-
ലെത്തിച്ച് ആനന്ദതരംഗങ്ങളെയുണര്‍ത്തുന്ന
ഈ അശരീരതേജസ്സേത്‌ ? അതെന്ത്?
അത് നമ്മെയോ, നാമതിനെയോ തെരയുന്നത്,
അന്യോന്യം നാമടുക്കുമ്പോള്‍?

മഴവില്ല് പോലെ വന്നെന്തിനെന്‍
മിഴികളെ നീ കവര്‍ന്നെടുത്തു?
ചുണ്ടുകള്‍ കൂമ്പിച്ചലിപ്പിച്ചെന്തിനെന്‍
ചങ്കിനെ നീ മാടിവിളിച്ചു?
എന്റെ ചുംബനപ്പാടുകള്‍ ഗുഹാമനുഷ്യന്റെ
ശിലാലിഖിതങ്ങള്‍ പോലെ നിന്റെയാത്മാവില്‍
മായാമുദ്രയാകട്ടെ.

ഒരു ഗീതം മാത്രമാണുത്തമഗീതമായത്,
ഒരു പാട്ട് മാത്രമാണ് പാട്ടുകളുടെ പാട്ടായത്‌,
ഒരു നീ മാത്രമാണ് എന്റെ നീയായത്! (പുതിയ നിയമത്തിന് ഒരു ഉത്തമഗീതം, സക്കറിയാസ് നെടുങ്കനാല്‍ )   

മറ്റൊരു കാര്യം ശ്രദ്ധയില്‍പെടുന്നത്, ഉത്തമഗീതത്തിലുടനീളം സ്ത്രീയാണ് ശക്തിയേറിയവള്‍, പ്രണയത്തെ നയിക്കുന്നവള്‍, എന്നതാണ്. 
എന്റെ ആത്മപ്രിയനെ രാത്രിയില്‍
ഞാന്‍ ശയ്യയില്‍ തെരഞ്ഞു, കണ്ടില്ല.
പുറത്തു നിന്ന് അവനെ പിടികൂടി
ഞാന്‍ കിടപ്പറയില്‍ കൊണ്ടുവന്നു. (3:1-4)
അത്യാഹ്ലാദത്തോടെ ഞാനവന്റെ നിഴലിലിരുന്നു.
അവന്റെ ഫലം എനിക്ക് നന്നേ രുചിച്ചു. (2:3)
 
പുരുഷമേധാവിത്തം കര്‍ശനമായി നിലവിലിരുന്നയൊരു യാഥാസ്ഥിതിക സമുദായത്തില്‍ സ്ത്രീക്ക് ഇത്രമാത്രം സ്വാതന്ത്ര്യവും തന്റേടവും അനുവദിച്ചുകൊടുക്കുന്ന മറ്റൊരു കൃതി ബൈബിളില്‍ ഇല്ലതന്നെ. സുദൃഢമായ അനുരാഗത്താല്‍ രണ്ട് വ്യക്തികള്‍ ബന്ധിതാരാകുമ്പോള്‍ ചുറ്റുപാടുകളെയും സാമാന്യ സാമൂഹികമര്യാദകളെയും വിഗണിച്ചുപെരുമാറുക സ്വാഭാവികമാണ്. ഭൂരിപക്ഷസമ്മര്‍ദ്ദങ്ങളെ വകവയ്ക്കാത്ത ശക്തിയും തേജസും അനുരാഗത്തിനുണ്ട് എന്ന് അതിപുരാതനമായ ഒരു സമൂഹം ഉത്തമഗീതത്തിലൂടെ പ്രത്യക്ഷമായി അംഗീകരിക്കുകയാണ്. നിയമങ്ങള്‍ മനുഷ്യനെ സ്വതന്ത്രനാക്കുന്നില്ലെങ്കില്‍, അവയ്ക്ക് സാധുതയില്ല. സമുദായക്കെട്ടുറപ്പിന്റെ മറവില്‍ മനുഷ്യര്‍ വച്ചുപുലര്‍ത്തുന്ന ചട്ടങ്ങളും ശീലങ്ങളും എപ്പോഴും വ്യക്തിഗതമായ ശ്രേയസ്സിന് ഗുണംചെയ്യണമെന്നില്ല. ഉന്നതിയിലേക്കുള്ള ഉത്ഥാനത്തിനു തടസ്സമുണ്ടാകുന്നതെന്തും ശ്രേഷ്ഠമല്ലെന്നുറപ്പിച്ചു പറയാം. ആത്മാവ് മാത്രമല്ല, ശരീരവും ദൈവദാനമാണെന്നും, അതുകൊണ്ടുതന്നെ, അത് പാവനവും, വ്യക്തിയുടെ സമഗ്രവികസനത്തിന് ഉപാധിയാണെന്നുമുള്ള മൌലികതത്ത്വം അംഗീകരിക്കാത്ത ചട്ടങ്ങളും വിലക്കുകളും ദോഷമേ ചെയ്യൂ. തങ്ങളുടെ ചിന്തയിലും എഴുത്തിലും ഇത്തരം കടമ്പകള്‍ ചാടിക്കടന്ന വിശുദ്ധര്‍ ഏറ്റവും തീവ്ര ശരീരവിരോധിയായ കത്തോലിക്കാസഭയിലുമുണ്ടായിരുന്നു. മെതില്‍ഡെ മാഗ്ദെബുര്‍ഗ് (Methilde Magdeburg) തന്റെ ആത്മീയമണവാളന്‍ യേശുവിനോടു പറയുന്നു:
നിന്റെ ഹൃദയാഭിലാഷങ്ങള്‍ നീയെന്തിനു വെടിയണം?
എന്റെയാത്മാവിന്റെയാവൃതിയിലും
എന്റെ മാംസളഹൃത്തിലും വിരുന്നൂട്ടി
ഉമ്മവച്ച് നിന്നെ ഞാന്‍ സന്തോഷിപ്പിക്കാം.


സ്വയം ഒരു സ്ത്രീയായി സങ്കല്‍പ്പിച്ചുകൊണ്ട്, കുരിശിന്റെ യോഹന്നാന്‍ (St. John of the Cross) ദൈവവുമായുള്ളയടുപ്പത്തെ ഇങ്ങനെ ചിത്രീകരിക്കുന്നു:
പൂത്തുലഞ്ഞുനിന്ന എന്റെ ഹൃദയനന്ദനത്തില്‍ കിടത്തി
മയില്‍‌പ്പീലികൊണ്ട് വീശി ഞാനവനെ ഉറക്കി.
അവന്റെ മുടിയിലൂടെ ഞാന്‍ വിരലോടിച്ചു.
അവന്റെ വലതുകരമെന്നെ തടവി.
ഞാന്‍ ആനന്ദലഹരിയിലാണ്ടു.
ലോകത്തെ മറന്ന്, ധവളലില്ലിപ്പൂക്കളുടെ 
മെത്തയില്‍ ഞങ്ങള്‍ ആശ്ലേഷിച്ചുകിടന്നു. 

മനുഷ്യന്റെ അത്യഗാധവും അതിസുന്ദരവുമായ അന്തരംഗങ്ങളെ ഭാവാത്മകമായി ചിത്രീകരിക്കുന്ന ഉത്തമഗീതമാണ് അവരുടെ ഈ ഭാവനകള്‍ക്ക് സ്രോതസ്സായിത്തീര്‍ന്നത്. എന്നാല്‍, ഇത്തരം ആധ്യാത്മികസായൂജ്യമല്ല ഗീതഗോവിന്ദത്തിലെ രാധയുടെ ഭജനലക്ഷ്യം. യഥാര്‍ത്ഥ കാമുകിയാണവള്‍. അതിനുചേരുന്ന തികച്ചും വാസ്തവികമായ സ്ഥൂലസങ്കല്പങ്ങളാണ് അവളുടേത്‌. പൂര്‍ണ്ണമായി തന്റെയിംഗിതത്തിനു വിധേയനാകുന്ന കൃഷ്ണനെയാണവള്‍ തേടുന്നത്. അതില്‍ വിട്ടുവീഴ്ചയില്ല. സ്നേഹത്തിന്റെ സ്നിഗ്ദ്ധവികാരങ്ങള്‍ക്ക് സ്ത്രീ ഒരു കൂസലുമില്ലാതെ  വിധേയയാകുന്നതിന്റെ ഏറ്റവും മനോഹരമായ ദര്‍പ്പണമായി രാധയെ കണക്കാക്കാം. ഒരു രാധയെ കണ്ടെത്തിയിട്ടില്ലാത്ത പുരുഷജീവിതവും, ഒരു കൃഷ്ണനെയറിഞ്ഞിട്ടില്ലാത്ത സ്ത്രീജീവിതവും ഒരിക്കലും പൂര്‍ണ്ണമല്ല.


ബ്രഹ്മചാരിയും സന്യാസിയുമായിരുന്ന നിത്യചൈതന്യയതി ഗീതഗോവിന്ദത്തിനൊരു സുന്ദരവ്യാഖ്യാനം (പ്രേമവും ഭക്തിയും) എഴുതിയിട്ടുണ്ട്. മനുഷ്യചേതനയുടെ വ്യത്യസ്തഭാവങ്ങളെപ്പറ്റി ആഴമുള്ളയറിവും അംഗീകാരവുമുള്ള ജ്ഞാനിയായിരുന്നു അദ്ദേഹം. കാമികള്‍ വിരഹാവസ്ഥയിലായിരിക്കുമ്പോഴും ശൃംഗാരത്തെയുപേക്ഷിക്കാതെ, അതിനെ വിപ്രലംഭമായി അനുഭവിക്കുന്നു. അതും പ്രേമാസ്വാദനത്തിന്റെ വകഭേദമാണ്. ഭരതനാട്യത്തില്‍ വിപ്രലംഭശൃംഗാരമെന്നൊരു വിഭാഗംതന്നെയുണ്ട്‌.

മേല്‍പ്പറഞ്ഞതിന് ഗീതഗോവിന്ദത്തില്‍നിന്നൊരുദ്ധാരണവും യതിയുടെ വ്യാഖ്യാനവും ഇതാ:
"പണ്ട് രാധയുമായി ക്രീഡിച്ചിരുന്നത് കൃഷ്ണനോര്‍ക്കുന്നു. അവളുടെ അംഗസ്പര്‍ശത്തിലൂടെയനുഭവിച്ചിട്ടുള്ള ശൃംഗാരരസം തുടരുന്നതായി അയാള്‍ സങ്കല്‍പ്പിക്കുന്നു. അവളുടെ മുഖസരോജത്തിന്റെ സൌരഭ്യം ഉള്ളിലനുഭവിക്കുന്നു. അടുത്തെന്നപോലെ അവളെ മനസ്സില്‍ കാണുകയും ശൃംഗാരോദ്വീപകമായ വാക്കുകള്‍ കേള്‍ക്കുകയുംകൂടി ചെയ്യുന്നു."

ബോധവുമബോധവും പിണഞ്ഞു നില്‍ക്കുന്നിടത്ത് ബുദ്ധിയുടെ പ്രതിരോധശക്തി കരുത്തുള്ള ന്യായങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ പൂര്‍വസ്മരണതന്നെ രസിപ്പിക്കുന്നുണ്ടെന്ന് കൃഷ്ണന്‍ നുണപറഞ്ഞിട്ടും അയാളുടെ വിരഹവ്യഥ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കവിയും കാമുകനും ഭ്രാന്തനും തമ്മില്‍ വ്യത്യാസമില്ലെന്ന് വിജ്ഞന്മാര്‍.

യേശുവിനോടുള്ള സ്നേഹത്താല്‍ കിറുക്കുപിടിച്ച പൌലൂസ് പറഞ്ഞു:
"ഞാന്‍ വിചാരിച്ചു, ഞാനാണ് ആദ്യം നിന്നെ സ്നേഹിച്ചതെന്ന്‍. പിന്നീടാണെനിക്ക് മനസ്സിലായത്‌, അതിലുമെത്രയോ മുമ്പ്തന്നെ നീയെന്നെ സ്നേഹിക്കയാലാണ് നിന്നിലേക്ക്‌ ഞാനിത്രയേറെ ആകൃഷ്ടനായിപ്പോയതെന്ന്."  

ഇതേ വാത്സല്യം രാധയും പ്രകടിപ്പിക്കുന്നു.
പതതി പതത്രേ വിചലതി പതേ
ശങ്കിത ഭവതു പയാനം
രചയതി ശയനം സചകിത നയനം
പശ്യതി നവ പന്ഥാനം.
വിവ: പക്ഷികളുടെ ചിറകുകളിളകുമ്പോഴും മരങ്ങളുടെയിലകള്‍ ചലിക്കുമ്പോഴും നിന്റെ വരവാണെന്ന് വിചാരിച്ച് ഞാന്‍ ശയ്യ തയ്യാറാക്കുകയും വഴിയിലേക്ക് ചഞ്ചലനയനങ്ങളോടെ നോക്കിയിരിക്കയും ചെയ്യുന്നു. - ഗീതഗോ. അഞ്ചാം സര്‍ഗം.
          
ഈ രണ്ട് ഗീതങ്ങളിലും ശൃംഗാരരസമാണ് മുന്തിനില്‍ക്കുന്നത്. മറ്റെല്ലാ രസങ്ങളും അതിന്റെ രൂപാന്തരങ്ങളാണ്. രസനിരൂപണം (ലാവണ്യശാസ്ത്രം) അടിസ്ഥാനമാക്കി ഇതത്രയും വ്യാഖ്യാനിച്ച യതി സ്നേഹകാമാദികള്‍ക്കു ജീവിതത്തിലുള്ള അതിപ്രാധാന്യത്തെപ്പറ്റി ഊന്നിപ്പറയാന്‍ മടിക്കുന്നില്ല.  ഇത് ഹിന്ദുസംസ്കാരത്തിന്റെ മാത്രം വിചാരധാരയല്ല. ആത്മീയതയുടെ തുംഗഗോപുരങ്ങള്‍ കയറിയിറങ്ങിയ ക്രിസ്തീയ വിശുദ്ധരില്‍ പലരും ഗീതഗോവിന്ദശൈലിയില്‍ ദൈവവുമായുള്ള ബന്ധത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ദൈവാനുരാഗത്തിലോ മനുഷ്യാനുരാഗത്തിലോ സ്വാനുഭവമില്ലാത്തവര്‍ക്ക് ഈ ഭാവങ്ങള്‍ മനസിലാവില്ല. ദൈവത്തിന്റെ ചെറുപുഷ്പം എന്നറിയപ്പെടാനാഗ്രഹിച്ച ലിസ്സ്യൂവിലെ തെരേസയും കുരിശിന്റെ യോഹന്നാനും മറ്റും കുറിച്ചിട്ടിട്ടുള്ള വിരഹരോദനങ്ങളും ഈശ്വരനിലെ മാതൃത്വത്തോട് രാമകൃഷ്ണപരമഹംസര്‍ നടത്തുന്ന തേങ്ങലുകളും രാധയുടെ വിഭ്രാന്തികളുമെല്ലാം നിഷ്കളങ്കസ്നേഹത്തിന്റെയും വിരഹവേദനയുടെയും മനുഷ്യഭാവങ്ങള്‍ തന്നെ. 

ആത്മക്ഷതമറിഞ്ഞിട്ടില്ലാത്തവരോട്, ഹൃദയത്തിന്റെ നൊമ്പരം മനസ്സിലാകാത്തവരോട്, സഹാനുഭൂതിയുടെയുറവിടം തുറന്നിട്ടില്ലാത്തവരോട്, ഞാനെങ്ങനെ പറയും, എന്റെ ഹൃദയത്തിലൊരു തീമലയുണ്ടെന്ന് ? (ജലാലുദ്ദീന്‍ റൂമി).

സ്നേഹിക്കുന്നതുമായി ഒന്നാകുക - അതുതന്നെയാണ് ഏറ്റം പരിശുദ്ധമായ അവബോധം.
ത്വമസി മമ ഭൂഷണം
ത്വമസി മമ ജീവനം
ത്വമസി മമ ഭാവജലധി രത്നം. (ഗീതഗോ.)

ചുറ്റും പൂങ്കാവുകള്‍ തളിര്‍ക്കുന്നതും, കളകണ്ഡഗീതം പുളകോത്മകാരിയാവുന്നതും, ആകാശനീലിമ കമനീയമായ മേല്ക്കട്ടിയായി സുവര്‍ണ്ണതാരങ്ങളെക്കൊണ്ടു തിളങ്ങുന്നതും ഉള്ളിന്റെയുള്ളില്‍ എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന പ്രേമഹര്‍ഷമുണ്ടായിരിക്കുമ്പോള്‍‍‍ മാത്രമാണ്. മറ്റെന്തെല്ലാമുണ്ടായിരുന്നാലും സ്നേഹരഹിതമായിരിക്കുന്നിടം ശൂന്യമത്രേ.

ദൈവത്തോടുള്ളതോ സഹജീവിയോടുള്ളതോ ആകട്ടെ, എല്ലാ സ്നേഹഗീതങ്ങളുടെയും പൊരുളൊന്നുതന്നെ: എനിക്ക് മറ്റൊന്നും വേണ്ടാ, നിന്നെമാത്രം സമൃദ്ധമായി സമ്മാനിക്കുക.

Das Hohenlied, 1986,
 Zur Liebe befreit, 1998
 Bensingerverlag, Zürich

0 comments: