ചവറ്റുകുട്ട ചുമക്കുന്നവര്‍

കേരളനാട്ടിലെ രാഷ്ട്രീയക്കളിക്കാരും മാദ്ധ്യമങ്ങളും മതത്തിന്റെ പിണിയാളുകളും വിളിച്ചുകൂവുന്നതൊക്കെ ദിവസം മുഴുവന്‍ "വാര്‍ത്തയായും" പരസ്യമായും ഒന്നുംവിടാതെ അകത്താക്കുന്നവര്‍ വിഴുപ്പല്ലാതെ മറ്റെന്താണ് അവരുടെ തലക്കുള്ളില്‍ ചുമക്കുന്നത്? നിത്യവും, വളിച്ചുനാറുന്ന, ഒരു കഴമ്പുമില്ലാത്ത വാചാടോപങ്ങള്‍ മൊത്തമായും ചില്ലറയായും ഏറ്റുവാങ്ങുക എന്തോ വലിയ വിജ്ഞാനപ്പണിയായി കരുതുന്നവരെയാണ് നാട്ടിലെവിടെയും കാണുക. ഇവിടുത്തെ ജനത്തിന്റെ 'ജനറല്‍ നോളിജ്' ഭയങ്കരം!

കാണാനോ കേള്‍ക്കാനോ കൊള്ളാവുന്നതെന്തെങ്കിലും ഇവിടുത്തെ റ്റി.വി.യില്‍ ഉണ്ടെങ്കില്‍തന്നെ, അതിനിടയിലെ ആവര്‍ത്തിതവും ഓക്കാനിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ വരുമ്പോള്‍, ആരെങ്കിലും റ്റി.വി.യുടെ സ്വരമെങ്കിലുമൊന്ന് നിറുത്തുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. റിമോട്ടിന്റെ ബട്ടനില്‍ ഒന്നമര്‍ത്തുന്ന മുടക്കേയുള്ളൂ.  എന്നാലും, ഒരു മണിക്കൂറിനുള്ളില്‍ ഇരുപതു തവണയെങ്കില്‍ ഇരുപതു തവണയും ഒരേ വളിപ്പുതന്നെ കാണാനും കേള്‍ക്കാനും ഒരുമടുപ്പും ആര്‍ക്കുമില്ല. അവരുടെയും മക്കളുടെയും തലമണ്ടയില്‍ വെറും ചവറ് കുമിഞ്ഞുകൂടുന്നത് അവരെ ശല്യപ്പെടുത്തുന്നേയില്ല! ധിഷണയും ഓക്കത്തരവും തമ്മില്‍ തിരിച്ചറിയാന്‍ കഴിവില്ലാത്തവരായി മാറിയിരിക്കുന്നു, മലയാളികള്‍.

വയറ്റിലേയ്ക്ക് ഭക്ഷണം ചെല്ലുമ്പോലെയാണ് തലയിലേയ്ക്ക് പുറംലോകവ്യാപാരങ്ങളെത്തുമ്പോള്‍ സംഭവിക്കുന്നതും. ആരോഗ്യം നിലനില്‍ക്കണമെങ്കില്‍, അകത്തുചെല്ലുന്നത് ദഹിപ്പിക്കാന്‍ കഴിവുവേണം. പരിധിവിട്ടും സമയംതെറ്റിയുമുള്ള തീറ്റ ജീവഹാനിവരെ വരുത്തിവയ്ക്കും. ബോധവും ദഹനേന്ദ്രിയംപോലെയാണ്. ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്നതെല്ലാം സംഗ്രഹിച്ചും ജാരണംചെയ്തുമല്ലാതെ ബോധവര്‍ദ്ധനം സാധ്യമല്ല. അപ്പോള്‍, അകത്തേയ്ക്ക് ചെന്നെത്തുന്നതുതന്നെ ചീഞ്ഞതാണെങ്കിലോ? ഈ നാട്ടില്‍ ശരീരത്തില്‍ മാത്രമല്ല, മനസ്സിലും രോഗഗ്രസ്തരായവര്‍ എറിവരുന്നുവെന്നത് എടുത്തുപറയേണ്ടതില്ല. കാരണവും വ്യക്തമാണ്. രണ്ടിടത്തും അടിഞ്ഞുകൂടുന്നത് വിഷലിപ്തമായ വിഭവങ്ങളാണ്. തല്‍ഫലമായി, എല്ലാം കൂടുതല്‍ ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്നുവെന്നത് സ്വാഭാവികം.
എന്തുകൊണ്ട് കേരളമിങ്ങനെ എന്ന് ദയനീയ നിസഹായതയോടെ ചിലരെങ്കിലും ചോദിച്ചുതുടങ്ങിയിരിക്കുന്നു.


വഴിവക്കില്‍ നിന്ന് കിട്ടുന്നതൊക്കെ കൈകഴുകാതെ കഴിച്ചിരുന്ന ശിഷ്യന്മാരെപ്പറ്റി യേശുവിനോട് സന്ദേഹം പ്രകടിപ്പിച്ച പാരമ്പര്യവാദികള്‍ക്ക് അദ്ദേഹം കൊടുത്ത മറുപടി അത്രയൊന്നും വ്യക്തമല്ല. എഴുതിപ്പിടിപ്പിച്ചതിലെ പിശകായിരിക്കണം. എന്നാലതൊന്നു ശരിയായി തിരുത്തിക്കുറിക്കാനോ, സാധുതയുള്ളയര്‍ത്ഥം വ്യാഖ്യാനത്തില്‍ ചൂണ്ടിക്കാണിക്കാനോ ഒരു സുവിശേഷപ്രഭാഷകനും ശ്രമിച്ചതായി ഞാന്‍ കേട്ടിട്ടില്ല. "ഉള്ളിലേയ്ക്ക് പോകുന്നതല്ലാ, ഉള്ളില്‍നിന്ന് പുറത്തേയ്ക്ക് വരുന്നതാണ് മനുഷ്യനെ ദുഷിപ്പിക്കുന്നത്" എന്നാണു യേശുവിന്റെ ചൊല്ലായി എഴുതിക്കാണുന്നത്. ജീവിതാനുഭവങ്ങള്‍ ഒരുതരത്തിലും സ്ഥിരീകരിക്കില്ലാത്ത ഒരു പ്രസ്താവനയാണിത്. മനസ്സ് (അകം) വിഷലിപ്തമായാല്‍ ഒരാളുടെ സംസാരവും പ്രവൃത്തിയും (പുറത്തേയ്ക്ക് വരുന്നത്) സ്വാഭാവികമായും വിഷമയവും അസഹ്യവുമായിരിക്കുമെന്നുതന്നെയാകണം യേശു തദവസരത്തില്‍ കൊടുത്ത മറുപടിയുടെ സാരാംശം. അല്ലാതെ, അത്, വീണ്ടുവിചാരമില്ലാതെ എന്തും അകത്തേയ്ക്കിടാം എന്നാകാന്‍ ഒരിക്കലുമിടയില്ലതന്നെ. കൈകഴുകാതെ അവര്‍ ഏതാണ്ട് പറിച്ചുതിന്നുവെന്നതിലും, ആ സന്ദര്‍ഭത്തില്‍, നിയമപാലകര്‍ക്ക് അക്ഷന്തവ്യമായി തോന്നിയത്  സാബത്തുദിനത്തില്‍ യേശുവും ശിഷ്യരും അരുതാത്തതോരോന്ന് ചെയ്തുകൂട്ടുന്നു എന്നതായിരുന്നു. മനുഷ്യനുവേണ്ടിയുണ്ടാക്കിയ നിയമങ്ങളുടെ നടത്തിപ്പില്‍ മനുഷ്യനെ പാടേ മറക്കുന്നതിനെയാണ് യേശു ഉടനടിയപലപിച്ചത്. പരമപ്രധാനമായ ആ പാഠത്തിന് പ്രാധാന്യം നല്‍കാതെ, മാംസാദികളുള്‍പ്പെടെ എന്തും കഴിക്കാമെന്നയര്‍ത്ഥത്തിലാണ്  വേദവ്യാഖ്യാതാക്കള്‍ വചനപ്രഘോഷണം നടത്തുന്നത്. അവര്‍ ചെയ്യുന്നത് ന്യായീകരിക്കേണ്ടയാവശ്യം അവര്‍ക്കുണ്ടെന്നത് വ്യക്തം. പക്ഷെ, അനിവാര്യമായ പാഠം വിട്ടുകളയുന്നത് വലിയ നഷ്ടം തന്നെ.


ഇടതുപക്ഷക്കാര്‍ പാഠപുസ്തകങ്ങളിലൂടെ ചെലുത്താന്‍ ശ്രമിക്കുന്ന സാമൂഹികസ്വാധീനങ്ങളെക്കാള്‍ (അതില്‍ ആവശ്യവും ശരിയുമായത് കാണാനാവാത്തത് മതാന്ധതയുടെ വിവരക്കേടുകൊണ്ടാണ്.) എത്രയോ വിനാശകരമായ സംസ്കാരമൂല്യച്യുതിയാണ് റ്റി.വി.യിലൂടെ സംഭവിക്കുന്നതെന്ന് അവിവേകിയായ ജനമറിയുന്നില്ല. മാന്യതയുള്ള മനുഷ്യര്‍ പെരുമാറുന്ന രീതിയിലല്ല മിക്കപടങ്ങളിലും സീരിയലുകളിലും തലക്കനം പെരുകിയ സംവിധായകര്‍ അഭിനേതാക്കളെക്കൊണ്ട് ചെയ്യിക്കുന്നതും പറയിപ്പിക്കുന്നതും. അല്പം പണവും പ്രസിദ്ധിയും കാമിച്ച് ഏത്‌ കോമാളിത്തത്തിനും മന്ദബുദ്ധിപ്രകടനത്തിനും തയ്യാറാകുന്ന വേഷംകെട്ടുകാരെ താരങ്ങളെന്നു വിളിച്ച്‌ പൊക്കികൊണ്ടുനടക്കാന്‍മാത്രം വിവരംകെട്ട 'ഫാന്‍സ്‌' എവിടെയുമുണ്ടുതാനും. പക്വതയും ഉത്തരവാദിത്തവുമുള്ള ഏത്‌ രക്ഷകര്‍ത്താവും ചെയ്യേണ്ടത്, റ്റി.വി.യെന്ന കുന്ത്രാണ്ടം വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ്.

മതതീവ്രവാദം അക്രമാസക്തമാകുമ്പോള്‍മാത്രം മതേതരത്വം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരുടെ കാപട്യംതന്നെ മാധ്യമങ്ങളും പ്രകടിപ്പിക്കുന്നു. മതാനുയായികള്‍ തങ്ങളുടെ ആള്‍ദൈവങ്ങളെ പൊക്കിപ്പിടിച്ചും "പിതാവേ, പിതാവേ" എന്നുവിളിച്ചും സമയം കളയുന്നു. അന്ധവിശ്വാസങ്ങള്‍ കെട്ടിട്ടുറപ്പിക്കുന്ന വകകളാണ്, പ്രാര്‍ത്ഥനയായും പ്രഭാഷണങ്ങളായും കെട്ടുകഥകളായും ചോദ്യോത്തരങ്ങളായും പവര്‍വിഷനും ശാലോം/ജീവന്‍ റ്റിവി.യുമൊക്കെ രാത്രിയും പകലുമെന്നില്ലാതെ പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസികളെ അതിവേഗം മതാന്ധരും (അപക്വമതികള്‍) മനോരോഗികളുമാക്കിമാറ്റുന്ന സംവിധാനമാണിത്. എന്തിനധികം പറയുന്നു, വളരെ താണ മനോനിലവാരമുള്ളവരുടെ മതമായി മാറിയിരിക്കുന്നു കേരളത്തിലെ ക്രിസ്തുമതം. അതില്‍ ധ്യാനവും ആദ്ധ്യാത്മീകതയും വിരളമായിത്തീര്‍ന്നിരിക്കുന്നു. എവിടെയും കാണാനുള്ളതാകട്ടെ, വാരിക്കോരി കിട്ടേണ്ടയദ്ഭുതങ്ങള്‍ക്കും വരദാനങ്ങള്‍ക്കും വേണ്ടിയുള്ള നിലക്കാത്ത ദാഹവും കാണിക്കകളും വികാരപ്രകടനങ്ങളും മാത്രമാണ്. ധ്യാനിക്കുന്നവര്‍ സമീപസ്ഥരെയും അതിലേക്കാകര്‍ഷിക്കുമെന്നതുപോലെ, വിഴുപ്പു ചുമക്കുന്നവരോടും വില്‍ക്കുന്നവരോടുമുള്ള സമ്പര്‍ക്കം കൂടുതല്‍ രോഗങ്ങളും മാലിന്യദുര്‍ഗന്ധവും വ്യാപിപ്പിക്കാനെയുതകൂ.

0 comments: