സ്മൃതിയും വിസ്മൃതിയും

ജീവിതാനുഷ്ഠാനമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഒരു ബുദ്ധഗുരു നിര്‍ദേശിച്ചത്‌, നിനക്ക് മുമ്പും പിമ്പുമുള്ള പതിനായിരം വര്‍ഷത്തിന്റെ കാഴ്ചവട്ടത്തിനപ്പുറത്തുള്ള പ്രപഞ്ചത്തെ നിത്യവും സങ്കല്‍പ്പിക്കുക എന്നാണ്. അങ്ങനെ ചെയ്യാന്‍ശ്രമിച്ചുകൊണ്ട് സമ്പൂര്‍ണവിസ്മൃതിയില്‍ അലിയുകയാണ് തന്റെ ലക്ഷ്യമെന്നു അല്പം വേദാന്തിഭാവത്തില്‍ ചുള്ളിക്കാട് കുറിച്ചിരുന്നത്‌ വായിച്ചു.

ഈ മാനസികവ്യായാമം സാധ്യമാണോ, ആവോ? അത്രയും മുമ്പോട്ടോ പിമ്പോട്ടോ കല്പനാശക്തിയെ ധനാത്മകമായി ചലിപ്പിക്കാന്‍ ഒരാള്‍ക്ക്‌ കഴിയുമോ? തന്നെയല്ല, അതിന്റെ ആവശ്യമെന്താണ്? വെറും അമ്പത് വര്‍ഷത്തെ കാഴ്ചവട്ടം മതി, മനുഷ്യര്‍ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നത് കാണാന്‍. ജീവിച്ചിരിക്കുമ്പോളെന്നപോലെ മരണശേഷവും സ്വന്തം പേരും നേട്ടങ്ങളും ഓര്‍മ്മിക്കപ്പെടാനായി, ഏറ്റവും ജാഗ്രതയോടെ, അറിയാവുന്ന മാര്‍ഗങ്ങളൊക്കെ താണ്ടുന്നവര്‍പോലും ഏതാനും കൊല്ലങ്ങള്‍ക്കപ്പുറം ഓര്‍മ്മിക്കപ്പെടുന്നില്ലായെന്നതാണ് അനുദിനസത്യം. അതിനപ്പുറത്തേക്ക് ഉണ്ടെങ്കില്‍തന്നെ, അത് ഏറ്റവുമടുത്ത കുറേപേരാല്‍ മാത്രം. തന്നെയല്ല, അന്യ മനസ്സുകളില്‍ തന്നെപ്പറ്റിയുള്ളയോര്‍മ്മ കുറേനാളേക്ക് തുടരുന്നതുകൊണ്ട് മരിച്ചയാള്‍ക്കെന്തുണ്ട് നേട്ടം? ഓര്‍ക്കുന്നവര്‍ക്ക് അതു വൈകാരികമായ ഒരു തുടര്‍ച്ചയാകാം എന്നത് ശരിതന്നെ. അതിന്റെ ഗുണവും അവര്‍ക്ക് തന്നെ, ഓര്‍ക്കപ്പെടുന്നവര്‍ക്കല്ല. മരണം ഏവര്‍ക്കും നിത്യവിസ്മൃതിയിലേക്കുള്ള യാത്ര തന്നെയാണ്, ആരൊക്കെ എന്തെല്ലാം ചെയ്താലും. അനുഭവവും യുക്തിയും അതാണ്‌ സ്ഥിരീകരിക്കുന്നത്.


ഇഹലോകജീവന്റെ പുസ്തകത്തില്‍ സുഖദു:ഖങ്ങളുടെ താളുകളാണ് ഓര്‍മ്മകള്‍. ആസ്വാദ്യകരമായ ഓര്‍മ്മകളുള്ളവര്‍ ഭാഗ്യവാന്മാര്‍/-വതികള്‍. അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ ഗുഹകളില്‍, പ്രകാശവുമാകാരവും സംയോജിപ്പിച്ച്, പഴമക്കാര്‍ കോറിയിട്ട ചുവര്‍ചിത്രങ്ങള്‍പോലെ ഹൃദ്യമായ അനുഭൂതികളെ ഹൃദയഭിത്തികളില്‍ ചാലിച്ച്ചേര്‍ക്കാനാകുന്നവര്‍  ഭാഗ്യവാന്മാര്‍/-വതികള്‍.


ഉദാഹരണത്തിന്:
നിഷ്ക്കളങ്ക ശിശുത്വങ്ങള്‍ കതിരിടാനും വളര്‍ന്നു വലുതാകാനുമുള്ള വിസ്താരമില്ലെങ്കില്‍  ഈ പ്രപഞ്ചം ശൂന്യവും നിര്‍ജീവവുമായിരുന്നേനേ. എന്നാല്‍, ഭാഗ്യത്തിന് അത് സജീവവും സമ്പന്നവുമാണ്. സ്നേഹം കണ്ടെത്തിയ ആത്മപ്പിറാവുകളായി എണ്ണമറ്റ അരിയബാല്യങ്ങള്‍ അതിന്റെ പ്രാന്തങ്ങളിലെവിടെയൊക്കെയോ പറന്നുനടക്കുകയും കുസൃതിക്കൌമാരങ്ങള്‍ പിന്നിട്ട്, യുവമിഥുനങ്ങളായി കൈ കോര്‍ത്തുപിടിച്ച അവരുടെയുള്ളില്‍ രാഗലയമുയരുകയും, അത് ചുറ്റുവട്ടത്തെ പ്രകമ്പിതമാക്കുകയും ചെയ്യുന്നു.
സ്നേഹസമ്പന്നതയുടെ രക്ഷാവലയത്തിലമര്‍ന്ന് അവര്‍ എണ്ണമില്ലാത്ത പുനര്‍ജന്മങ്ങളെ കൊതിക്കുന്നു.

അവയിലൊന്ന്, എനിക്ക് പ്രവേശനമരുളിയ ഒരു ഹൃദയകവാടം, അകലത്തായിരിക്കുമ്പോഴും, വാതിലില്ലാത്ത സക്രാരിയായി, എനിക്കായി തുറന്നിരിക്കുന്നു, അതിന്റെയകത്തും പുറത്തും അഷ്ടബന്ധമിട്ട്, എന്റെ നാമം മുദ്രിതമായിരിക്കുന്നു എന്ന വിശ്വാസം എനിക്ക് അനശ്വരതയുടെ ഒരു നുറുങ്ങാണ്.


ഇങ്ങനെയൊക്കെ ഉള്ളിലറിഞ്ഞും അനുഭവിച്ചും ജീവിക്കുക. ബാക്കിയൊക്കെയും വിസ്മരിക്കപ്പെടും.

0 comments: