കാഴ്ചയുള്ളയന്ധന്‍

കൃഷ്ണന്‍കുട്ടി ഇന്നെവിടെയാണോ! 2007 ഏപ്രിലില്‍ അത്മാവിലലിവുനിറഞ്ഞ ഈയന്ധനെ പരിചയപ്പെടുമ്പോള്‍ അദ്ദേഹം ഉപജീവനത്തിനായി റെയില്‍വേ ബോഗികളില്‍ പാട്ട് പാടി നടക്കുകയായിരുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ താഹ മാടായി).


കൃഷ്ണന്‍കുട്ടി അമ്മയെ കണ്ടിട്ടില്ല, കേട്ടിട്ടേയുള്ളൂ. അമ്മയെനിക്കു ശബ്ദമാണ് എന്നദ്ദേഹം. അമ്മ പാടിക്കൊടുത്ത പാട്ടുകളാണ് അയാള്‍ക്ക് കാഴ്ചയായത്, ജീവന്റെ അപ്പമായത്. ആത്മാവിന്റെ ഭാവനയാണെനിക്ക്‌ കാഴ്ച എന്ന് പറയുന്നയദ്ദേഹം ഭാവനക്കുള്ള അസംസ്കൃതവസ്തുക്കള്‍ കണ്ണുള്ളവരുടെ ഭാഷയില്‍ നിന്നെടുക്കുന്നതാവാം. വെളുപ്പെന്തെന്നറിയാതെതന്നെ അതിനെ പരിശുദ്ധിയുമായി കൃഷ്ണന്‍കുട്ടി ബന്ധപ്പെടുത്തുന്നു. പരിശുദ്ധിയും അതിന്റെ തീവ്രതയും ഒരന്ധനെങ്ങനെയാണ് വേര്‍തിരിച്ചറിയുക, സ്പര്‍ശനത്തിലൂടെയല്ലാതെ?


പകലും രാത്രിയുമോ? പകലാകുമ്പോള്‍ ഹൃദയത്തിലൊരു പ്രകാശമനുഭവപ്പെടും എന്നദ്ദേഹം പറയുന്നു. പ്രകാശത്തിനായുള്ള തേങ്ങല്‍ ഏതൊരു ജീവിക്കുമുണ്ട്. കണ്ണിന്റെയുത്ഭവംതന്നെ പരിണാമശ്രേണിയില്‍ ഒരു വലിയ വിസ്ഫോടനമായിരുന്നിരിക്കാം. വെളിയില്‍ പ്രകാശമുണ്ടായിരുന്നതുകൊണ്ടാണ് കാഴ്ചക്കുള്ള ഇന്ദ്രിയമായി കണ്ണ് വികസിച്ചുവന്നത്. കാഴ്ചയില്ലാത്തയൊരു ജന്തുലോകത്തെ സങ്കല്‍പ്പിച്ചു നോക്കൂ. പ്രകാശത്തെ എങ്ങനെയെങ്കിലും ആഗിരണംചെയ്യാന്‍ കഴിയാതെവന്നിരുന്നെങ്കില്‍ ജീവപരിണാമം വഴിമുട്ടിപ്പോയേനെ. സസ്യങ്ങള്‍ക്ക് photosynthesis പോലെതന്നെ ജീവദായകമാണ്, പൊതുവേ പറഞ്ഞാല്‍, ജീവികള്‍ക്കെല്ലാം കാഴ്ചക്കുള്ള കഴിവ്.


അന്ധന്റെ മാനസികാവസ്ഥയിലെ പ്രധാനഭാവം ശോകമാണ്, ശബ്ദമെനിക്ക് രൂപമാണെങ്കില്‍, സ്പര്‍ശമാണെനിക്ക്‌ വികാരം. ആത്മാവിന്റെ നന്മകളും തിന്മകളും ഇവ രണ്ടിലൂടെയും തിരിച്ചറിയാന്‍ എനിക്കാകും എന്നൊക്കെ കൃഷ്ണന്‍കുട്ടി പറയുമ്പോള്‍ കണ്ണുള്ള നാം എളിമയോടെ ശ്രദ്ധിച്ചുപോകും. ഇതിലൊക്കെയഗാധമാണ് ഇനി പറയുന്നത്. ആത്മാവില്‍ ദുഃഖമനുഭവപ്പെടാന്‍ കഴിയുന്നവര്‍ക്ക് കാഴ്ചയുമൊരു ദുഃഖമാണ്.' അനുതാപവുമുള്ളവര്‍ നിത്യേനയെന്തെല്ലാം കണ്ട് കരയേണ്ടിവരുന്നുവെന്നത് ഈ അന്ധനെങ്ങനെയറിഞ്ഞു! ഇദ്ദേഹത്തേക്കാള്‍ എത്രയോ സമൂലമായ കുരുടത്തം ബാധിച്ചവരാണ് അദ്ദേഹത്തിനുചുറ്റും തുറന്ന കണ്ണുകളുമായി വട്ടംകറങ്ങുന്നത്‌! എത്ര കണിശമാണ് ആത്മാവില്‍ പ്രകാശമുള്ള ഈയന്ധന്റെ കണ്ടെത്തലുകള്‍!

അന്ധന്റെ ലോകത്തെപ്പറ്റി ഞാന്‍ പലപ്പോഴും ആലോചിച്ചിരുന്നിട്ടുണ്ട്. അതെന്ത് കഴിവാണെന്ന് ധരിച്ചാണ്, ജന്മനാ അന്ധരായവര്‍ കാഴ്ച്ചയെയാഗ്രഹിക്കുന്നത്? മറ്റുള്ളവര്‍ക്ക് കാണാമെന്നും, അതെങ്ങനെയുള്ളയനുഭവമാണെന്നും അവര്‍ എങ്ങനെ മനസിലാക്കും? ഒരു വിചാരം ഇങ്ങനെ. മനുഷ്യന്‍ പഞ്ചഭൂതനിര്‍മ്മിതിയാണ്‌. ഇവയിലോരോന്നിനെയും തൊട്ടറിയാനുള്ള 'വിരലുകളായി' ഇന്ദ്രിയങ്ങളെ കരുതാം. ഇന്ദ്രിയത്തിന്റെ നിര്‍വചനം തന്നെ ആത്മാവിന്റെയടയാളം എന്നാണ്. ഇന്ദ്രിയമിന്ദ്രലിംഗം എന്നുണ്ട് ഭാരതീയ മനശാസ്ത്രത്തില്‍. (ഇന്ദ്രന്‍ = ജീവാത്മാവ്, ലിംഗം = അടയാളം).  ജീവാത്മാവ് എന്നത് ശരീരത്തില്‍നിന്നകന്നയെന്തോ ആണെന്ന് കരുതേണ്ടതില്ല. ആ തരംതിരിവ് ക്രിസ്തുമതപാരമ്പര്യവും പാശ്ചാത്യസംസ്കാരവുംകൂടി ഉണ്ടാക്കിയതാണ്. ദേഹത്തിലിരിക്കുന്നതും ദേഹസൃഷ്ടിയില്‍ ഘടകങ്ങളായതുമെല്ലാം ജീവാത്മാവുതന്നെ. ഇവയിലോരോ ഘടകത്തെയും വേര്‍തിരിച്ചറിയാന്‍ ഇന്ദ്രിയങ്ങള്‍ ഉപകരണങ്ങളായിത്തീരുന്നു. അതുകൊണ്ടവ തനതായും പൊതുവായും വര്‍ത്തിക്കുന്നു. ഓരോയിന്ദ്രിയവും ഓരോ വിഷയത്തെ തേടുന്നു. ചെവി സ്വരത്തെ, മൂക്ക് ഗന്ധത്തെ, നാവ്  രസത്തെ, സ്പര്‍ശം സുഖത്തെ എന്നപോലെ കണ്ണ് രൂപത്തെ എന്നാണ് ഭാരതീയപഠനത്തില്‍. ഇവിടെയല്പം വിയോജിക്കേണ്ടി വരുന്നു. രൂപം സ്പര്‍ശത്തിലൂടെയുമാകാം. കണ്ണ് തേടുന്നത്, വ്യക്തമായും വെളിച്ചത്തെയാണ് - തേജസിനെ, ആകാശത്തെ, ദ്യോവിനെ, ദിവ്യതയെ, ദൈവത്തെ. കാരണം, വെളിച്ചമെന്നാല്‍ ഇതെല്ലാമാണ്. ഇശ്വരന്‍ തന്നെയാണ് പ്രകാശം. മാംസളമായ കണ്ണില്ലാതെയും ഈ തേടല്‍ ഫലപ്രദമാകാമെന്ന് മനുഷ്യചരിത്രം സാക്ഷ്യംനല്‍കുന്നുണ്ട്. ഏറ്റവും പ്രശസ്തിനേടിയ ഉദാഹരണം ഹെലന്‍ കെല്ലറാണ്‌. കൃഷ്ണന്കുട്ടിയെന്ന റെയില്‍വെഗായകനും അതുതന്നെ സാക്ഷ്യപ്പെടുത്തുന്നു, അതായത്, ആത്മാവിലാണ് തേജസ്സിന്റെയുറവിടമെന്ന്. കാഴ്ച വെറും ഭൌതികമായവയില്‍ തളയ്ക്കപ്പെടുമ്പോള്‍, അത് അന്ധതയ്ക്കു തുല്യമാണ്. വിദൂരങ്ങളെ കീഴടക്കുന്ന കാഴ്ചയാണ് ജ്ഞാനം.


ആകാശത്തിനെന്നപോലെ, കാഴ്ചയുടെ വിഷയത്തിനതിരുകളില്ല. ആത്മാവിന്റെ ഭവനയാണെനിക്ക്‌ കാഴ്ച എന്ന് ജ്ഞാനിയായ ഈ അസാധാരണ സഹോദരന്‍ പറയുന്നതില്‍ ഈയര്‍ത്ഥം ഒളിഞ്ഞിരിപ്പുണ്ട്. അതുകേട്ട്, കണ്ണുള്ള നമ്മള്‍ അന്ധാളിച്ചുപോകുന്നു (അന്ധാളിക്കുക = അന്ധതയില്‍ എരിഞ്ഞടിയുക).


പഞ്ചഭൂതങ്ങളിലൊന്നായി ആകാശത്തെയുള്‍പ്പെടുത്തിയ നമ്മുടെ പൂര്‍വികരുടെ ഉള്‍ക്കണ്ണിന്റെ ശോഭയെത്ര പ്രശംസനീയം! ആകാശം സൂക്ഷ്മമാണ്‌, മറ്റേതൊക്കെ സ്ഥൂലവും. വ്യക്തിയിലെ ലാളിത്യം, നൈര്‍മ്മല്യം, കരുണ എന്നിവയൊക്കെ അകാശത്തിന്റെ അര്‍ത്ഥവിതാനത്തില്‍ പെടുന്നു. 

ഞങ്ങള്‍ക്ക് അറിവ് പകര്‍ന്നുതരൂ എന്നപേക്ഷിച്ചുചെന്ന നാട്ടുകാരോട് മണ്ണൂരിലെ കടച്ചികൊല്ലന്‍ പറഞ്ഞു: നിങ്ങളുടെ കണ്ണുകള്‍ കളഞ്ഞിട്ടു വരൂ എന്ന്! കാരണം, ആത്മപ്രകാശത്തിന്റെ ഒരു തരിയെങ്കിലും ഉള്ളില്‍വന്നു തട്ടിയിട്ടുള്ളവര്‍ പിന്നെയൊരിക്കലും സ്വന്തം കണ്ണുകളെ വിശ്വസിക്കുകയില്ല. എല്ലാ വിജ്ഞാനശാഖകളിലെയും ഗുരുക്കന്മാര്‍ പ്രഘോഷിക്കുന്ന സത്യമാണിത്. അറിവാരാഞ്ഞവന്റെ വ്യര്‍ത്ഥത, അതാണ് ജീവിതം.

അന്ധനായ്‌ പിറന്നതില്‍ ഖേദിച്ചിരുന്നു ഞാ-
നിന്ന് നീയെന്റെയും സ്വന്തമാകും വരെ.
നിന്‍ചാരേ തങ്ങവേ മാറുന്നെന്നിന്ദ്രിയ-
മോരോന്നുമേകാഗ്രനേത്രങ്ങളായ്.
നിന്റെയിന്ദ്രിയങ്ങളെന്റേതാകുമ്പോ-
ളായിരം കണ്ണുള്ള വിഷ്ണുവാകുന്ന ഞാന്‍.

(അന്ധന്റെയാവൃതികള്‍, സ.നെടുങ്കനാല്‍ - മള്‍ബറി 2000)

0 comments: