ബുദ്ധന്റെ ചിരി

സംഗീതത്തിലെ മൌനം എന്ന കുറിപ്പില്‍ (ഭാഗം 2) മൌനത്തിന്റെയിടവേളകള്‍ എന്നൊരു പ്രയോഗമുണ്ട്. ഗാനം സ്വരബദ്ധമാണെങ്കിലും അതിന് സാക്ഷാത്കരിക്കപ്പെടാന്‍ മൌനമാവശ്യമാണ്. അതുതന്നെയാണ് ഒരു ബുദ്ധന്റെയും ഒരു യേശുവിന്റെയും കാതല്‍. ബുദ്ധനാകുക എന്നതൊരു വഴിയല്ല, അതൊരു ലക്ഷ്യവുമല്ല, മറിച്ച്, ഒരു യോഗമാണ്. അതു സംഭവിച്ചുകൊണ്ടിരിക്കുന്നയൊന്നാണ്. സംഭവിച്ചു കഴിഞ്ഞതുമാണ്. അതനുഭവിക്കുകയെന്നത് അങ്ങേയറ്റം ധൈര്യമാവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. അതനുഭവിച്ചുകൊണ്ടിരിക്കുന്നയാള്‍ക്ക് ഒരു പുസ്തകത്തിന്റെയും കുറിപ്പിന്റെയുമാവശ്യമില്ല. അതെപ്പറ്റിയൊന്നും പറയാനുമുണ്ടാവില്ല. പറയാനോങ്ങുന്തോറും അതു ക്ളിഷ്ടമായിത്തീരുകയേയുള്ളൂ. കാരണം, അതു തീര്‍ത്തും വ്യക്തിപരമായ ഒരനുഭവമാണ്. ബുദ്ധത്വത്തിലേയ്ക്ക് ഒരു സ്വാഭാവിക ചായ്വില്ലാത്തവരോട് അതെപ്പറ്റി പറഞ്ഞിട്ടും ഫലമൊന്നുമില്ല.


ബുദ്ധാനുഭവം സംതൃപ്തിയുടേതാണ്. ചുറ്റും എന്ത് കേള്‍ക്കുന്നു, എന്ത് സംഭവിക്കുന്നു എന്നത് അവിടെ ബാധകമാകുന്നില്ല. കാരണം, സ്വന്തമായ അളവുകോലുകള്‍ എറിഞ്ഞുകളഞ്ഞവനാണ് ബുദ്ധന്‍. വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നതിനാല്‍, തിന്മയെന്നയിരുട്ട് അയാളെ ബാധിക്കുന്നില്ല. താനെന്താണോ, അതായിരിക്കുന്നതില്‍ ഭയമില്ലാത്തവനാണ് ബുദ്ധന്‍. അയാള്‍ക്ക്‌ മുടികറുപ്പിച്ച് ചെറുപ്പമാകേണ്ടതില്ല; മുഖംമൂടിധരിച്ച്  മാന്യനാകേണ്ടതില്ല. അയാളുടെ മൂല്യം അന്യരുടെ വിലയിരുത്തലിലും വിധിയിലുമല്ല.


ആചാരങ്ങളോ അനാചാരങ്ങളോ, പദവിയോ അംഗീകാരങ്ങളോ വേണ്ടാത്ത സര്‍വസ്വതന്ത്രനാണ് ബുദ്ധന്‍. ഒരുവനെ ഇതെല്ലാമാക്കുന്ന, ഈ നിലയിലെത്തിക്കുന്ന, മൌനം എന്നാലെന്താണ്? അവബോധത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ മൌനം ധനാത്മകമാകുന്നുള്ളൂ. അല്ലെങ്കില്‍, അതു മനുഷ്യനെ ശിഥിലീകരിച്ചുകളയും. ശവശരീരത്തിന്റെ മൌനം നിങ്ങളെ ശവമാക്കുന്നു. എന്നാലൊരു പൂവിന്റെ മൌനം നിങ്ങളെ ഒരു പൂവാക്കും എന്ന് ഓഷോ പറയുന്നു. അതു സൌന്ദര്യത്തിന്റെ സവിശേഷതയാണ്. സമയബോധമുദിപ്പിക്കാതെ സുഗന്ധം പരത്തുക എന്നതാണത്.


ബുദ്ധന് മരിച്ചിടത്തും അടക്കിനും പോകാനാവില്ല. മരിച്ചവര്‍ മരിച്ചവരെ അടക്കട്ടെ എന്നാണു യേശുവും പറഞ്ഞത്! അയാള്‍ കല്യാണത്തിന്റെ കവടിയാട്ടങ്ങളെയവഗണിക്കുന്നു, മാമ്മോദീസ, ആദ്യകുര്‍ബാന തുടങ്ങിയ പൊറാട്ട്നാടകങ്ങളെപ്പറ്റിയോര്‍ത്തു ചിരിക്കുന്നു.


നമുക്കേവര്‍ക്കും പറ്റുന്ന തെറ്റെന്താണ്, ഏറ്റം വലിയ തെറ്റ്? നമ്മള്‍ സ്നേഹത്തെപ്പറ്റി ധാരാളം പഠിക്കുന്നു, സ്നേഹിക്കുന്നില്ല; പ്രേമത്തെപ്പറ്റി വാദിക്കുന്നു, പ്രേമിക്കുന്നില്ല; മൌനത്തെപ്പറ്റി വായിക്കുന്നു, മുനി (മൌനമുള്ളവന്‍‍) യാകുന്നില്ല; ദൈവശാസ്ത്രചര്‍ച്ചകള്‍ കേട്ടിരിക്കുന്നു, ദൈവികതയോടടുക്കുന്നില്ല; ജീവിതത്തെപ്പറ്റി നിറുത്താതെ  വിശകലനം ചെയ്യുന്നു, ജീവിക്കാന്‍ മറക്കുന്നു! അറിവല്ലാ ആവശ്യം, അവബോധമാണ്. അവബോധമെന്നാല്‍, വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുക എന്നാണ്. നിഷ്ക്കളങ്കത അതിന്റെ പാരമ്യത്തില്‍, കളങ്കമില്ലാത്തയവസ്ഥ മാത്രമല്ല,  കളങ്കമറിയാത്തയവസ്ഥയുമാണ്. അതാണ്‌ ശിശുവിന്റെത് - നന്മതിന്മകളെ വേര്‍തിരിക്കേണ്ടാത്ത സ്ഥിതിവിശേഷം. ഉടനെ നാം യേശുവിനെയോര്‍ക്കുന്നു. അവബോധത്തിലെത്തിയവര്‍ എന്നയര്‍ത്ഥത്തില്‍, ബുദ്ധനെന്നും യേശുവെന്നും പറഞ്ഞാല്‍ ഒന്നുതന്നെയാണ്.



തെരഞ്ഞെടുപ്പില്ലാത്ത അവസ്ഥയാണ് ശൈശവം. ഭൌതിക ജീവിതത്തില്‍ ശൈശവം ക്ഷണികമാണ്. എന്നാല്‍ ആ സ്ഥിതിവിശേഷം അന്ത്യംവരെ നീട്ടിക്കൊണ്ടുപോകുകയാണ് ബുദ്ധന്‍ ചെയ്യുന്നത്. ഇന്ന് നമ്മുടെയിടയില്‍ ഏത്‌ കുഞ്ഞും കഴിവതും വേഗം നന്മതിന്മകളുടെ മരത്തില്‍ കയറാന്‍ പഠിച്ചെടുക്കും. കാരണം, അങ്ങനെയാണ് നാമവരെ വളര്‍ത്തുക. എന്നാല്‍, ശൈശവത്തെ ശീലമാക്കിയവനാണ് ബുദ്ധന്‍. അവന് ഇഹലോകപരലോകവ്യത്യാസമില്ല. 

മതങ്ങളെല്ലാം മത്സരിച്ച് മനുഷ്യരില്‍ പരലോകചിന്തകള്‍ കുത്തിനിറയ്ക്കുകയാണ്. അതു മ്ലേശ്ചവും മനംമടുപ്പിക്കുന്നതുമാണ്. ഈ ലോകം വിലയില്ലാത്തതോ കഷ്ടതരമോ ആകുമ്പോഴാണ് പരലോകത്തെ സൃഷ്ടിക്കേണ്ടിവരുന്നത്. പരലോകമെന്ന കാമന ഭയചികിതരുടെയും തെണ്ടികളുടെയും പോരുളില്ലാത്ത സ്വപ്നമാണ്. നാളെയ്ക്കുവേണ്ടി വിശ്വാസിയെക്കൊണ്ട് ഇന്ന് സഹിപ്പിക്കുക എല്ലാ മതത്തിലേയും രഹസ്യരസതന്ത്രമാണ്.


ജീവിതത്തെ സഹനത്തിലൂടെ തള്ളിനീക്കിയവരാണ് വിശുദ്ധര്‍ എന്ന് പള്ളിയും ഭക്തിക്കാരും പഠിപ്പിക്കുന്നത് ശുദ്ധ ഭോഷ്ക്കാണ്. ആത്മവിശുദ്ധി അത്തരം വിഡ്ഢിത്തമല്ല. അവബോധത്തില്‍ കാമനകളില്ല, സങ്കല്പങ്ങളില്ല എന്നതുപോലെ സഹനത്തിനായുള്ളയഭിലാഷങ്ങളുമില്ല.

മിക്ക മതത്തിലും വിശ്വാസിക്ക് ദൈവമൊരു വ്യക്തിയാണ്, എന്നാല്‍, ജ്ഞാനിക്ക് അതൊരു സാന്നിധ്യമാണ്. വ്യക്തിയെന്ന വാക്ക് തന്നെ ഒന്നുചേരല്‍ അനുവദിക്കുന്നില്ല. individuum - indivisible - ഒറ്റക്കുള്ള നില്പിനെ കുറിക്കാനുള്ളതാണ്. ജ്ഞാനം, നേരേ മറിച്ച്, അറിയുന്നയാളും അറിയപ്പെടുന്നതും ഒന്നാകലാണ്.


അവബോധത്തിലെത്താമോ, ബുദ്ധനാകുക സാധ്യമാണോ  എന്നറിയാന്‍ ഒരു വഴിയുണ്ട്. ഈ നിമിഷം എനിക്ക് സുഖം തരുന്നുണ്ടോ എന്നന്വേഷിക്കുക. റ്റി.ജെ.എസ്. ജോര്‍ജ് എഴുതിയ "ഘോഷയാത്ര "യില്‍ അവസാനമൊരു ചോദ്യമുണ്ട്. ആകുന്നതെല്ലാം വെട്ടിപ്പിടിച്ചയാള്‍ക്കും സ്വന്തമെന്നുപറയാന്‍ എന്താണുള്ളത്? പ്രവാസികളോടുള്ള ഈ ചോദ്യത്തിന് അദ്ദേഹം തന്നെ നിര്‍ദേശിക്കുന്ന ഉത്തരമിങ്ങനെ: ഒരു നാട്, ഒരു ഭാഷ, ഒരു മനസ്സാക്ഷി. പക്ഷേ, ഭൂരിപക്ഷത്തിനും ഇവയൊക്കെ കൈവന്നിരുന്നെങ്കില്‍ എന്ന ഒരു തേങ്ങല്‍മാത്രം ബാക്കിയാവുന്നു എന്നതാണ് സത്യം. കാരണം, കുറേക്കാലം തങ്ങിയ പുറംനാട്ടില്‍നിന്നു തിരെകെപ്പോരാന്‍ മനസ്സുറക്കുന്നവര്‍തന്നെ വിരളം. തിരിചെത്തുന്നവരിലധികവും ഇവ മൂന്നും നഷ്ടപ്പെട്ടവരോ, ഇവയൊന്നും ആവശ്യമില്ലെന്ന് തീരുമാനിച്ചവരോ ആണ്. അത് പോകട്ടെ, നാട്ടില്‍തന്നെ ജീവിതമല്‍പ്പിടുത്തം നടത്തി ലാഭം കൊയ്യുന്നവരില്‍ എത്രപേര്‍ക്ക് ശാശ്വതസുഖമെന്തെന്നറിയാം? നശ്വരമായ ഈ ജീവിതത്തില്‍ ശാശ്വതമായത്‌ കണ്ടെത്താനാവില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാലും  നശ്വരമായത് നശ്വരമാണെന്ന തിരിച്ചറിവ് എപ്പോഴുമെന്നോണം മനുഷ്യരില്‍ നിന്ന് മറഞ്ഞിരിക്കുന്ന ഒരു സത്യമാണ്.  ബുദ്ധിസ്ഥിരതയിലേക്കുള്ള തുടക്കം പക്ഷേ, അതിലാണ്. നശ്വരതയെ അംഗീകരിക്കാനാവുമ്പോള്‍ അല്പസുഖങ്ങള്‍ നമുക്ക് തൃപ്തിയേകാന്‍ കെല്പുള്ളവയായിത്തീരുന്നു. എത്ര നിസ്സാരമാണെന്നു തോന്നിപ്പിക്കുന്നതും മഹത്തരമാണെന്നും ഓരോ നിമിഷവും ആസ്വദിക്കുകയെന്നത് മാത്രമാണ് കലയേയും ബുദ്ധിയേയും ബന്ധിപ്പിക്കുന്നതെന്നും കണ്ടെത്തുന്നവര്‍ ആര്‍ത്തികള്‍ക്കടിമയാവില്ല. ഏത്‌ സുഖത്തെയും കൊല്ലുന്ന ദുര്‍ഗുണമാണ് ആര്‍ത്തി. ദരിദ്രര്‍ ധനികരെക്കാള്‍ ശുദ്ധഹൃദയരും ശുഭാപ്തിയുള്ളവരും സന്തുഷ്ടരുമായിരിക്കുന്നത് അവരിലെ ബുദ്ധഗുണം മൂലമാണ്. ‌


താന്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ചെന്നെത്തിയ അവസ്ഥ, സുഖദായകമാണോ എന്ന് സ്വയം ചോദിക്കാന്‍തന്നെ മിക്കവരും ഭയപ്പെടുന്നു. കവിതാരചന സുഖംതരുന്നോ എന്ന ചോദ്യത്തിനു കവി കുഞ്ഞിരാമന്‍നായര്‍ അക്കിത്തത്തിന് കൊടുത്തയുത്തരം അതീവസുന്ദരമായിരുന്നു. ഈ കഥയും റ്റി.ജെ.എസ്. ജോര്‍ജ് പറയുന്നുണ്ട്. "ഈ ചോദ്യം പലവട്ടം ഞാന്‍ പനിനീര്‍ പൂവിനോട് ചോദിച്ചതാണ്, ധനുമാസത്തിലെ കുയിലിനോട് ചോദിച്ചതാണ്, ചന്ദ്രോത്സവത്തിലെ കടലിനോടു ചോദിച്ചതാണ്: ഈ വിരിയല്‍ സുഖമാണോ? ഈ രാഗലഹരി സുഖമാണോ? ഈ വേലിയേറ്റം സുഖമാണോ? എപ്പോഴും ഒരേ ഉത്തരം: അതേ, ഇത് സുഖമാണ്, ഇത് മാത്രമാണ് സുഖം!" കവി കുഞ്ഞിരാമന്‍നായരോട് പനിനീര്‍മൊട്ടു പറഞ്ഞതുതന്നെയാണ് വയലിലെ ലില്ലിപ്പൂവ് യേശുവിനോടു പറഞ്ഞത്. അതു ശ്രവിക്കാന്‍ കഴിയുകയെന്നതാണ് ബുദ്ധത്വം. അതുകൊണ്ട് ബുദ്ധന്മാര്‍ എപ്പോഴും ഉള്ളില്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. 

0 comments: