അല്പം പാല്‍ അല്ലെങ്കില്‍ ഒരു തുള്ളി മഷി വെള്ളത്തിലൊഴിച്ചാല്‍, ഒന്ന് മറ്റൊന്നില്‍ ലയിക്കുന്നു. സ്ഥൂലമായ അര്‍ത്ഥത്തില്‍ അതാണ് ലയനം. എന്നാല്‍, സൂക്ഷ്മാര്‍ത്ഥത്തില്‍ ലയനത്തിന് പല വിതാനങ്ങളുണ്ടാകാം. വയൊലിന്‍ റ്റ്യൂണ്‍ ചെയ്യുമ്പോള്‍ അതിന്റെ തന്ത്രികള്‍ തമ്മില്‍ സ്വരൈക്യം വരുന്നത് ശ്രവണേന്ദ്രിയത്തില്‍ മാത്രമല്ല, ശരീരം മൊത്തത്തിലും വ്യാപിക്കുന്ന ഒരനുഭവമാണ്. അപ്പോള്‍ രൂപംകൊള്ളുന്ന സ്വരമാധുരി നമ്മില്‍ വിട്ടുകിടക്കുന്ന പലതിനെയും വലിച്ചടുപ്പിക്കുമ്പോലെ തോന്നും. സംഗീതം പഠിച്ചിട്ടുള്ളവര്‍ക്കും അത് നന്നായി ആസ്വദിക്കാന്‍ കഴിവുള്ളവര്‍ക്കും ഇത് പെട്ടെന്ന് മനസ്സിലാകും. രണ്ടോ അതിലധികമോ സംഗീതോപകരണങ്ങളോ ഗായകരോ തമ്മില്‍ പൂര്‍ണമായി ശ്രുതിചേരുമ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. ഏത് സംഗീതവും മധുരമാകുന്നത് അതിലെ വ്യത്യസ്ത സ്വരവര്‍ണങ്ങളില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു (അവയില്‍ പ്രധാനം ചെവിയാണെങ്കിലും) ലയിക്കാനാകുമ്പോഴാണ്. സ്വരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പ്രകൃതിയിലുള്ള ഏത് നിസ്സാര വസ്തുവുമായും, ഒരാള്‍ താദാത്മ്യം നേടുമ്പോളുണ്ടാകുന്ന അനുഭവത്തിനാണ് ലയം എന്ന് പറയുന്നത്. ഒരു പൂവിന്റെ, അല്ലെങ്കില്‍ പ്രിയമുള്ള ഒരു വ്യക്തിയുടെ, സാന്നിദ്ധ്യത്തില്‍ നാമനുഭവിക്കുന്ന സുഖവും ആന്തരികമായ ഒരു ലയത്തിന്റെ ഫലമാണ്. തല്ക്കാലത്തേക്കാണെങ്കില്‍ പോലും രണ്ടസ്തിത്വങ്ങളുടെ ലയമാണവിടെ സംഭവിക്കുന്നത്. ഇത് എവിടെ എപ്പോള്‍ നടന്നാലും, അതോടോത്ത് ഐശ്വരസ്പര്‍ശം (ഈശ്വരസാന്നിധ്യം) അനുഭവിക്കുന്നതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. അടിസ്ഥാനപരമായി ഏത് ലയവും ആനന്ദദായകമാണ്, കാരണം, അത് പ്രപഞ്ചതാളവുമായുള്ള ഒരു തരത്തിലുള്ള ഐക്യംപ്രാപിക്കലാണ്.
ത്രസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാ ഊര്‍ജ്ജസാന്ദ്രതയാണ് പ്രപഞ്ചം. ദ്രവ്യവും ഊര്‍ജ്ജവും ഒന്നുതന്നെയാണെന്ന് ഐന്‍ഷ്‌റ്റൈന്‍ കണ്ടുപിടിച്ച E = mc² എന്ന സമവാക്യം മുതല്‍ ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ളതാണ്. ഊര്‍ജ്ജം പ്രകമ്പിതമാണ്. ഓരോ തന്മാത്രയും ഒരൂര്‍ജ്ജപ്രവാഹമാണ്. ഓം (ഓങ്കാരം) അല്ലെങ്കില്‍ വചനം ആണ് സൃഷ്ടിയുടെ മൂലകാരണം എന്ന് പണ്ടുമുതലേ ജ്ഞാനികള്‍ പറഞ്ഞുവച്ചതിന്റെ പൊരുളും ദൃശ്യവുമദൃശ്യവുമായതിന്റെയെല്ലാം ഉത്ഭവം ബ്രഹ്മത്തില്‍നിന്നാണെന്നു പറയുന്നതും ഒന്നുതന്നെയാണ്.
ശിവതാണ്ഡവം എന്ന ഹൈന്ദവസങ്കല്‍പം ഒന്നുകൂടി അര്‍ത്ഥസമ്പുഷ്ടമാണ്. എല്ലാ അസ്തിത്വവും പരാശക്തിയുടെ തുടര്‍നൃത്തമാണ്. അത് സര്‍വാശ്ലേഷിയായ പ്രപഞ്ചതാളത്തിലേക്ക് വിരല്‍ചൂണ്ടുന്നു. പ്രപഞ്ചോര്‍ജ്ജത്തിന്റെ സൃഷ്ട്യുമ്ന്മുഖതക്കാണ് ഇതില്‍ ഊന്നല്‍. ഈ നൃത്തത്തില്‍ പങ്കുചേരാനാകാത്തതെന്തോ, അത് ഊര്‍ജ്ജശോഷണംമൂലം നശിക്കുന്നു. അര്‍ത്ഥവത്തായി ജീവിക്കുക എന്നുവച്ചാല്‍ പ്രകൃതിയുടെ നിരന്തര നൃത്തത്തില്‍ പങ്കുചേരുകയെന്നാണ്. ആദ്യം സൂചിപ്പിച്ചയര്‍ത്ഥത്തില്‍ ഏതു തരം ലയത്തിന്റെയും മുന്നോടിയാണ് ലാസ്യം. അക്ഷരാര്‍ത്ഥത്തില്‍ ലാസ്യമെന്നാല്‍ ശൃംഗാരപ്രധാനമായ നൃത്തമാണ്; അതായത്, പ്രണയത്തെയും സ്ത്രൈണതയെയും ദ്യോതിപ്പിക്കുന്ന ആനന്ദനൃത്തത്തിന്റെ നടനാവിഷ്കാരം. അത് പുരുഷന്റേതാകുമ്പോള്‍ താണ്ഡവമെന്നറിയപ്പെടുന്നു. താളമെന്ന ശബ്ദം രൂപംകൊള്ളുന്നതുതന്നെ താണ്ഡവം, ലാസ്യം എന്ന രണ്ട് വാക്കുകളുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ്. വ്യക്തിപരമായി നമുക്കോരോരുത്തര്‍ക്കും അനുഭവേദ്യമാണെങ്കിലും അല്ലെങ്കിലും, സമസ്തചരാചരങ്ങളിലും പ്രപഞ്ചോര്‍ജ്ജത്തിന്റെ നാദതരംഗങ്ങള്‍ ലയിച്ചിരിക്കുന്നു എന്നതൊരു സത്യമാണ്. കാരണം, ഓരോ തന്മാത്രയും ദൈവികമായ പ്രപഞ്ചനൃത്തത്തിന്റെ ഭാഗമാണ്. ലോലവും സാന്ദ്രവുമായ എല്ലാറ്റിലുമുണ്ട് അതിന്റേതായ നാദവും താളവും. അത് കണ്ടെത്തുക, അതില്‍ ലയിക്കാനാവുക എന്നതാണ് ജീവിതത്തെ ധന്യവും ആനന്ദകരവുമാക്കുന്നത്. കലയും സാഹിത്യവും ധ്യാനവുമെല്ലാം ഇതിലേക്കുള്ള വഴികളാകാം.
ആഹതനാദവും അനാഹതനാദവുമുണ്ട്. ആഹതമെന്നാല്‍ ഉണ്ടാക്കപ്പെടുന്നത്. അനാഹതനാദം നാദബ്രഹ്മമാണ്. പ്രപഞ്ചതാളക്രമത്തിന്റെ സൌന്ദര്യത്തെ പ്രത്യക്ഷീകരിക്കുന്ന അനാദിയായ സംഗീതത്തിന് കൊടുത്തിരിക്കുന്ന പേരാണിത്. അതിന്റെ തലം ആത്മാവിന്റെ ശ്രവണപഥമാണ്. ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സംഗീതാസ്വാദനം അസ്സാധ്യമായതുകൊണ്ട്, നിശബ്ദമായ ഇടവേളകളെങ്കിലും ഇല്ലാത്തിടത്ത് പ്രപഞ്ചസംഗീതവുമായുള്ള ഉള്‍ച്ചേരല്‍ നടക്കുകയില്ല. അതുകൊണ്ടാണ് സംഗീതദാമോദരത്തില്‍ ഇങ്ങനെ കാണുന്നത്‍: "ജപകോടി ഗുണം ധ്യാനം; ധ്യാനകോടി ഗുണോലയ." അതായത്, ഒരു കോടി മന്ത്രങ്ങള്‍ ജപിക്കുന്നതിന് സമമാണ് കേവലം ഒരു മാത്ര നിര്‍മ്മലമനസ്സാ ധ്യാനിക്കുന്നത്. ഒരു കോടി തവണയിങ്ങനെ ധ്യാനിക്കുന്നതിനു തുല്യമത്രേ, ഒരൊറ്റ തവണ ദൈവമനസ്സുമായി ലയിക്കാനാവുമെങ്കില്‍!
0 comments:
Post a Comment